ആഘോഷങ്ങള്‍ക്ക് നിറം ചാര്‍ത്താന്‍ കഴിയാത്തവര്‍ക്കിടയില്‍ നിന്ന്...

നജീബ് കുറ്റിപ്പുറം No image

ജീവിതമിങ്ങനെയാണ്; ചിലരോട് കളിചിരിപറഞ്ഞ് സുഹൃത്തിനോടെന്നപോലെ ചുമലില്‍ കൈയിട്ട് നടക്കും. കാലിടറുന്ന പാതകളില്‍ നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിക്കും. എന്നാല്‍ ചിലരെ യാഥാര്‍ഥ്യങ്ങളുടെ ചില്ലുപാളികൊണ്ട് മുറിപ്പെടുത്തി ഒറ്റപ്പെടുത്തും. ഇനിയും ചിലരെ നിര്‍ഭാഗ്യങ്ങളുടെ കയത്തില്‍ മുക്കിക്കൊല്ലും ജീവിതത്തിന്റെ ഈ മായക്കാഴ്ചകളില്‍ പലപ്പോഴും പെട്ടുപോകുകയും അതിലുമേറെ കണ്ടു നില്‍ക്കുകയും ചെയ്തതിനാല്‍  ഓരോ യാത്രയിലും മാതാപിതാക്കളുടെ സുരക്ഷിത്വത്തിന്റെ  ചെറുവിരല്‍തുമ്പില്‍തൂങ്ങി നടക്കുന്ന കൊച്ചുകുട്ടിയെപ്പോലെ ഞാന്‍ എന്നെ ജീവിതത്തിന് വിട്ടുകൊടുക്കാറാണ് പതിവ്. അതിനാല്‍ വഴിയില്‍ കണ്ടുമുട്ടുന്ന മനുഷ്യരും മൃഗങ്ങളും ചെടികളും കാറ്റും വെളിച്ചവും മണ്ണുമെല്ലാം എന്നെ ഓരോന്നു പഠിപ്പിക്കുന്ന ഗുരുക്കന്മാരാണ്.

ഓരോ മുക്കിലും പെട്ടിക്കടകളും വായനശാലയും ചായകുടിച്ചുകൊണ്ട് നന്മകള്‍ പങ്കുവെക്കുന്ന മനുഷ്യരെയും കണ്ടുപരിചയിച്ച കേരളീയര്‍ക്ക് വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളുടെ വറുതിയും ദയനീയമായ അവസ്ഥകളും സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നന്മയുടെ കൈത്തിരികള്‍ പടര്‍ത്താന്‍ ആരംഭിച്ച വിഷന്‍ 2016 എന്ന പദ്ധതിയുമായി സഹകരിച്ച് ബംഗാളിലെയും ആസ്സാമിലെയും ഒറീസയിലെയും ഗ്രാമങ്ങളിലൂടെ നടത്തിയ നിരവധി യാത്രക്കിടെ ജീവിതം അതിന്റെ സൗമ്യവും രൗദ്രവുമായ ഭാവങ്ങളില്‍ മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ എനിക്ക് മുന്നോട്ട് പോകുവാനുള്ള ശക്തി തന്നത് വഴിയിലെല്ലാം കണ്ടുമുട്ടുന്നവരുടെ കണ്ണിലെ കെടാതെ നിന്ന പ്രതീക്ഷകള്‍ മാത്രമാണ്. അത്തരം പ്രതീക്ഷകളുടെ തുരുത്താണ് അവിടുത്തെ ഓരോ ഗ്രാമങ്ങളും. അവ കെടാതെ സൂക്ഷിക്കേണ്ടത്, ദുരിതക്കയങ്ങളില്‍  മുഖങ്ങള്‍ തന്നെ നഷ്ടപ്പെട്ട ആ ജീവിതങ്ങളില്‍ ഒരു പുഞ്ചിരിയെങ്കിലും വരിയിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഈ യാത്രക്കിടയില്‍ ജീവിതത്തെ കലക്കിമറിച്ച സംഭവങ്ങള്‍ നിരവധിയാണ്. അവയോരോന്നും ഓരോ പാഠങ്ങള്‍ തന്ന് എന്നെ കരുത്തനാക്കുകയല്ല ചെയ്തത്. അവയിലോരോന്നിലൂടെയും കടന്നുപോകുമ്പോള്‍ ഞാന്‍ കുറ്റിപ്പുറത്തുകാരന്‍ നജീബല്ല; ചാപ്രയിലെ അക്ബറാണ്  മാല്‍സയിലെ ലൈലയാണ് എന്നെല്ലാം തിരിച്ചറിയുകയാണ്.

രാത്രി ഏറെ വൈകിയാണ് അന്ന് ബംഗാളിലെ ആ ഗ്രാമത്തില്‍ എത്തിച്ചേരുന്നത്. വഴിയില്‍ വലിയ ആള്‍ക്കൂട്ടത്തെ കണ്ടതോടെ, സഞ്ചരിച്ചിരുന്ന വാഹനം നിര്‍ത്തി പുറത്തേക്ക് എത്തി നോക്കി. ഗ്രാമത്തില്‍ പലപ്പോഴായി കണ്ട മനുഷ്യരുടെ പരിചയമുള്ള മുഖങ്ങള്‍ക്ക് വിളറിയ ഭാവം. എപ്പോഴെങ്കിലുമൊക്കെ  അവരുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ചെല്ലുന്നവര്‍ എന്ന നിലക്ക് ആവശ്യത്തില്‍ കൂടുതലായുള്ള പരിഗണനയും, അമിതമായ ബഹുമാനവുമൊക്കെ കാണിക്കാറുള്ള ഗ്രാമീണര്‍ ഞങ്ങളെ കണ്ടതും അന്തംവിട്ട് മുഖത്തോടുമുഖം നോക്കുകയാണ്. ആരും ഒന്നും പറയുന്നില്ല. എന്ത് പറയണമെന്നറിയാതെ ചുറ്റുവട്ടമൊന്ന് നോക്കി. വഴിയരികില്‍ ഒരു മരത്തിന് ചുവട്ടില്‍ കത്തിച്ചുവെച്ച വിളക്കിനരികില്‍ വച്ച വെല്‍വെറ്റ് തുണികൊണ്ട്  മൂടിക്കിടത്തിയിരിക്കുന്ന ഒരു മയ്യിത്ത്. മയ്യിത്ത് നിസ്‌കാരത്തിനുള്ള ഒരുക്കത്തിലാണിവര്‍. കൂട്ടത്തില്‍ നിന്നൊരാള്‍ ഒരു ബക്കറ്റ് വെള്ളം കൊണ്ടുവന്നുതന്നു. വുളു എടുത്ത് മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കുമ്പോഴും ഒന്നും സംസാരിച്ചില്ല. ആരാണ് എന്താണ് എന്നൊന്നും ചോദിക്കാന്‍ നിന്നില്ല. അസാധാരണമായ മരണമാണ്. സ്ഥിരമായി കാണാറുള്ള ഒരാള്‍ ഓടി വന്ന് കൈപിടിച്ച് വിതുമ്പി നിന്നു. ഒന്നു ചേര്‍ത്ത് പിടിച്ച്, നെഞ്ചോട് ചേര്‍ത്തു. വല്ലാത്തൊരു നിസ്സഹായതയാണനുഭവപ്പെട്ടത്.  പിന്നില്‍ നിന്നൊരാള്‍  ചെവിയില്‍ പറഞ്ഞു. കൊന്നതാണ്. 

മയ്യിത്ത് മറവ് ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടയില്‍ ഖബര്‍സ്ഥാനിലേക്ക് കാലെടുത്ത് വെക്കുമ്പോള്‍ ചെരിപ്പിടാന്‍ പാടില്ലെന്ന കാര്യം മറന്നുപോയി. ഇവിടെ അങ്ങനെയാണ്. ഖബര്‍സ്ഥാനിലേക്ക് കടക്കുമ്പോള്‍ ചെരിപ്പഴിച്ചു വെക്കണം. അല്ലെങ്കില്‍ വലിയ കുറ്റമാണ്. ഇങ്ങനെയുള്ള നൂറുകണക്കിന് വിശ്വാസങ്ങള്‍ ഇവര്‍ക്കിടയിലുള്ളത് പറഞ്ഞാല്‍ തീരില്ല. അല്‍പം മാറിനിന്ന് വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ്  അറിയുന്നത് കല്യാണം കഴിച്ചിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ. വരന്റെ വീട്ടുകാര്‍ക്ക്  അത്യാവശ്യം തരക്കേടില്ലാത്ത ഭക്ഷണം കൊടുത്ത് കൈയിലുള്ളതെല്ലാം കൂട്ടിച്ചേര്‍ത്ത് വെച്ചാല്‍ കിട്ടുന്ന പണം ഉപയോഗിച്ച് രണ്ട് പവന്റെ സ്വര്‍ണ്ണാഭരണം വാങ്ങി. വരന് ഉപജീവനമാര്‍ഗമായിട്ടുള്ള സമ്മാനങ്ങളും നല്‍കി പറഞ്ഞയച്ചതാണ്.  ഇങ്ങനെ നെടുവീര്‍പ്പോടെ പറഞ്ഞുവിട്ട മോളാണ്. അവള്‍ക്കാണ് ഈ ഗതി വന്നിരിക്കുന്നത്. ആരും അറിയാതിരിക്കാന്‍ ഇലക്ട്രിക് ഷോക്കടിച്ച് കൊന്നതാണത്രെ.  കൂടുതലായി ചോദിച്ച ഒരു പവന്‍ സ്വര്‍ണ്ണം കിട്ടാതെ വന്നപ്പോഴുണ്ടായ ഭീകരത.

ഈ സംഭവം ഓര്‍മ്മവന്നത് ഒരു കല്ല്യാണപന്തലില്‍ വെച്ചാണ്. അതേ ബംഗാളില്‍ ഒരു ഗ്രാമത്തില്‍ വിഷന്‍ സംഘടിപ്പിച്ച സമൂഹവിവാഹം നടക്കുകയാണ്. ഏതാണ്ട് 60 പേരാണ് വിവാഹത്തിന് വേണ്ടി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരുന്നത്. വിവാഹദിവസം അടുത്ത് വന്നതോടെ  വധൂവരന്മാരുടെ എണ്ണം വര്‍ദ്ധിച്ചു. വിവാഹങ്ങള്‍ നടത്തുകയല്ലാതെ വേറെ വഴിയില്ല. 

പെരുന്നാള്‍ ദിവസം പോലും വയര്‍ നിറച്ച് എന്തെങ്കിലും കഴിക്കാന്‍ കഴിയാത്തവരാണ് മിക്കവരും. ഇവര്‍ക്ക് വിവാഹ സമ്മാനമായി ഒരു തയ്യല്‍ മെഷീന്‍ ഒരു സൈക്കിള്‍ റിക്ഷ, അതുമല്ലെങ്കില്‍ ഒരാടിനെയോ, പശുവിനെയോ വാങ്ങിക്കൊടുത്താല്‍ അതുകൊണ്ട് തൃപ്തിയോടെ ജീവിക്കാന്‍ ശ്രമിക്കുന്നവര്‍. ഒരു ഉത്സവം പോലെ നടത്തിയ ആ സമൂഹവിവാഹത്തിനിടെ എതോ ഒരു നിമിഷം ഒരു തരിപൊന്നില്ലാത്തതിനാല്‍ ജീവിതം നഷ്ടപ്പെട്ട ആ പാവം കുട്ടിയെ ഓര്‍ത്തുപോയി.

വടക്കേ ഇന്ത്യന്‍ അനുഭവങ്ങള്‍ പറയുമ്പോള്‍ ആദ്യം ഓര്‍മ വരിക സിദ്ദീഖ് ഹസ്സന്‍ സാഹിബ് എന്ന മഹാമനസ്‌കനെയാണ്. എന്റെ ജീവിതത്തിലെ പത്തുവര്‍ഷക്കാലമുള്ള അദ്ദേഹത്തോടൊപ്പമുള്ള സഹവാസം ഒരു പക്ഷേ ഏതെങ്കിലും സര്‍വകലാശാലകളില്‍ നിന്ന് കിട്ടുന്നതിലും മികച്ച പഠനങ്ങളാണ് എനിക്ക് നല്‍കിയത്. 

ഇന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ പട്ടിണിപ്പാവങ്ങള്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ മനസ്സില്‍ നിന്നുടലെടുത്ത വിഷന്‍ പദ്ധതികള്‍ ഇന്ന്  ഒരുപാട് സംഘടനകളും വ്യക്തികളും ഏറ്റെടുത്ത് തുടങ്ങിയിട്ടുണ്ടെന്നത് ഏറെ ശ്ലാഘനീയമാണ്.  

ഒരിക്കല്‍ കേരളത്തില്‍ നിന്നുള്ള പ്രധാനപ്പെട്ട ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാക്കള്‍ സിദ്ദീഖ് ഹസ്സന്‍ സാഹിബുമായി ബന്ധപ്പെട്ടു. ഞങ്ങള്‍ക്ക് വടക്കേ ഇന്ത്യയില്‍ ഒരു പ്രൊജക്ട് ചെയ്യണമെന്നാഗ്രഹമുണ്ട്, നിങ്ങള്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തു തന്ന് സംരംഭം വിജയിപ്പിക്കണം. രണ്ടാമതൊന്ന് ആലോചിക്കാതെ മറുപടി വന്നു. 'അതിനെന്താ നമുക്ക് വേണ്ടത് ചെയ്യാലോ' വന്നവരുടെ അടുത്ത ആവശ്യം ഇങ്ങനെയായിരുന്നു.

''എല്ലാം ഞങ്ങളുടെ പേരിലായിരിക്കണം അറിയേണ്ടത്.'' ചിരിച്ചുകൊണ്ടദ്ദേഹം പറഞ്ഞു. ''മനുഷ്യരുടെ നന്മക്ക് വേണ്ടി ചെയ്യുന്നതിനൊന്നും ഞങ്ങളുടെ ബാനര്‍ വേണ്ടതില്ല.'' വന്നവര്‍ക്ക് സന്തോഷമായി. അല്‍പം ജാള്യതയും. 

ഇപ്പോള്‍ ഇതു പറയാന്‍ കാരണമുണ്ട്. മേല്‍പറഞ്ഞ വിവാഹാഘോഷ ങ്ങള്‍ക്കിടയില്‍ ഒരു സംഭവമുണ്ടായി. സംഘാടകരില്‍ ഒരാള്‍ സ്വകാര്യമായി വന്ന് പറഞ്ഞു. വിവാഹത്തിന്  വേണ്ടി രജിസ്റ്റര്‍ ചെയ്തവരില്‍ കുറച്ച് പേര്‍ വ്യാജന്മാരാണ്. ഇപ്പോഴാണ് മനസ്സിലായത്. എന്തു ചെയ്യും. നമ്മള്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നു. അസ്വസ്ഥതയോടെ സിദ്ദീഖ് ഹസ്സന്‍ സാഹിബിന്റെ അടുത്തേക്ക് ഓടിച്ചെന്നു. എങ്ങനെയൊക്കെയോ പറ്റിപ്പോയ അശ്രദ്ധയെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞൊപ്പിച്ചു. 

കുറച്ചു നേരം മൗനത്തിലാണ്ട് പോയ അദ്ദേഹവും ചിരിച്ചുകൊണ്ട് പറഞ്ഞു. സാരമില്ലെടോ! അവരുടെ ദാരിദ്ര്യമാണ് അവരെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചത്. അല്‍പനേരം തലതാഴ് ത്തി നിന്ന് ഞാന്‍ ആലോചിച്ചു.  എങ്ങനെയാണ് ഇത്രയും വിശാലമായി ചിന്തിക്കാന്‍ കഴിയുന്നത്. അവരുടെ അഭിമാനത്തിന് ക്ഷതം വരാത്തവിധം വിവാഹകര്‍മങ്ങള്‍ക്ക് വിരാമമിട്ട ശേഷം അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്. മുന്‍പ് വിവാഹം കഴിച്ച് ജീവിക്കുന്നവരാണ് സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന സഹായം ലഭിക്കുന്നതിന് വേണ്ടി വീണ്ടും വിവാഹതിരാകുവാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നതില്‍ ചിലര്‍. ഇതില്‍ തന്നെ ഒന്നൊ രണ്ടൊ കുട്ടികള്‍ ഉള്ളവരും കൂടി ഉണ്ടത്രെ. ദാരിദ്ര്യം എത്രമാത്രം മനുഷ്യരെ ഈ അവസ്ഥയിലേക്ക് എത്തിക്കുന്നു എന്ന് മനസ്സിലാക്കാതെ നാം അവരോട് പ്രതികരിച്ചിരുന്നുവെങ്കില്‍  എന്താകുമായിരുന്നു അവസ്ഥ.

ഒരുപാട്  ആലോചിച്ചു. സങ്കടങ്ങളുടെ അനുഭവക്കുറിപ്പുകള്‍ എഴുതി ഈ പെരുന്നാള്‍ എന്തിനാണ് നിറം കെടുത്തുന്നത് എന്ന്. 

കുറിപ്പുകള്‍ എഴുതിത്തീര്‍ത്ത് ഒന്നു പകര്‍ത്തി എഴുതാനുള്ള ശ്രമത്തിനിടക്ക് മനസ്സ് വീണ്ടും ഉണര്‍ന്നു, ഈ വായന അല്‍പമെങ്കിലും നമ്മെ കൂടുതല്‍ ശ്രദ്ധയോടെ ജീവിക്കാനും ഉള്ളതില്‍ തൃപ്തരാവാനും സഹായിക്കുന്നുണ്ടാകുമോ?

എല്ലാ യാത്രകളിലും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വീട്ടുകാരുടെ നോട്ടവും ഭാവവും എങ്ങനെ നിര്‍വ്വചിക്കാനാവും എന്നറിയാറില്ല. അവര്‍ ക്കെപ്പോഴും മുഖത്ത് ആശങ്കയുണ്ടാകും. കുടുംബവും ഇതൊക്കെ അനുഭവിച്ചറിയണം എന്ന ഉദ്ദേശത്തോടെയാണ് ഒരിക്കല്‍ മക്കള്‍ ഫാത്തിമ നസ്‌റിനും അയിഷ നര്‍ഗീസും യാത്രക്കൊരുങ്ങിയത്. പുറപ്പെടുമ്പോഴേ ചില സൂചനകള്‍ നല്‍കിയിരുന്നു. നിങ്ങളുടുക്കുന്ന  വസ്ത്രങ്ങളുടെ ഭംഗി ഗ്രാമത്തിലെ  പെണ്‍കുട്ടികളെ മോഹിപ്പിക്കുന്ന വിധത്തിലാവാതിരിക്കാന്‍ ശ്രദ്ധിക്കണം. കിട്ടിയ ഭക്ഷണം, താമസം, കക്കൂസ് എല്ലാം തൃപ്തിയോടെ അനുഭവിക്കണം. നമ്മുടെ സന്ദര്‍ശനം അവരുടെ ആഗ്രഹങ്ങള്‍ക്ക് വലിയ ചിറകുകള്‍ മുളപൊട്ടാന്‍ ആക്കം കൂട്ടരുതല്ലോ. 

ഒരു വെള്ളിയാഴ്ച ദിവസമാണ്. ജുമഅക്ക് വേണ്ടി പള്ളിയന്വേഷിച്ചു നോക്കി. കുറച്ചപ്പുറത്ത് ഒരു ചേരിപ്രദേശമുണ്ട്. അതിനടുത്ത് ചെറിയ ജുമാഅത്ത് പള്ളിയുണ്ട്. സ്ത്രീകള്‍ക്ക് സൗകര്യമുണ്ടാവില്ല. ഞങ്ങള്‍ അങ്ങോ ട്ടു നടന്നു. ചേരിയിലെ ദാരിദ്ര്യത്തിന്റെ മങ്ങിയ നിറം പള്ളിയേയും ബാധിച്ചിരിക്കുന്നു. പള്ളിയുടെ പിന്‍വശത്തായി വലിച്ചു കെട്ടിയ ഷീറ്റുകളാല്‍  നിര്‍മിച്ച കുടിലുകളോട് ചേര്‍ന്ന് നില്‍ക്കുന്ന മരത്തിനു ചുവട്ടില്‍  കുട്ടികളെ നിര്‍ത്തി. നമസ്‌കാരത്തിന് വേണ്ടി പുറത്ത് വിരിച്ച പിഞ്ഞിക്കീറിയ പായയിലേക്ക് കയറി സുന്നത്ത് നമസ്‌കരിച്ചു. കുട്ടികള്‍ നില്‍ക്കുന്ന മരത്തിനു ചുവട്ടിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി. കണ്ടിട്ടത്ര പന്തിയല്ലാത്ത സ്ഥലമായതു കൊണ്ട് ഒരു ശ്രദ്ധ നല്ലതല്ലേ എന്നാലോചിച്ചിരുന്നു. മരത്തിന് ചുവട്ടില്‍ കുട്ടികളെ കാണുന്നില്ല. അന്ധാളിപ്പോടെ ചുറ്റുപാടും നീട്ടി നോക്കി. 

ചാക്ക് കൊണ്ട് തുന്നിക്കെട്ടിയ ഒരു കുടിലിനു മുന്നില്‍ ചേരിയില്‍ വസിക്കുന്ന കുറേ സ്ത്രീകളോടൊപ്പം നില്‍ക്കുകയാണവര്‍. മുഖത്ത് ഭാവമാറ്റം ഒന്നും ഇല്ല. ചുറ്റും നില്‍ക്കുന്നവര്‍  ചിരിക്കുന്നുണ്ട്. ആശ്വാസമായി. നമസ്‌കാരം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ വീണ്ടും അവര്‍ സ്ഥലം മാറിയാണ് നില്‍ക്കുന്നത്. ചേരിയിലെ ഏറ്റവും വൃത്തിയുള്ള ഒരു കുടിലിലേക്ക്  ഇവരെ കൂട്ടിക്കൊണ്ടുപോയി സ്‌നേഹാന്വേഷണം നടത്തുകയാണിവര്‍. ഏതു നിമിഷവും കൊഴിഞ്ഞുവീഴാവുന്ന ഒരു കുടിലില്‍ അതിഥികളായി എന്റെ മക്കള്‍ സ്‌നേഹമനുഭവിക്കുകയാണ്. ഹൃദയം തുറന്ന സ്‌നേഹം.  

നാഥാ! എവിടെയാണ് നിന്റെ സംതൃപ്തി. എങ്ങനെയാണ് മനുഷ്യര്‍ക്ക് നീ തൃപ്തി നല്‍കുന്നത്. സമ്പത്തിലോ അധികാരത്തിലോ പ്രശസ്തിയിലോ. ഏത് ഇല്ലായ്മയിലും ഇവര്‍ ഹൃദയത്തിന് വെളിച്ചമുള്ളവരായത് കൊണ്ടല്ലെ കരുതിവെച്ച ചെറിയ വിരുന്ന് വിളമ്പാന്‍ സാധിച്ചത്. അവര്‍ക്കതില്‍ തൃപ്തി ലഭിച്ചത്. നിറകണ്ണുകളോടെ അവിടെ കൂടിയ ഓരോരുത്തരുടേയും മുഖത്തേക്ക്  മാറി മാറി നോക്കി. പട്ടിണിയും പരിവട്ടവും അവരുടെ കണ്‍തടങ്ങളില്‍ കറുപ്പ് പരത്തിയിട്ടുണ്ടെങ്കിലും മനസ്സിന്റെ വെളിച്ചം ആ കണ്ണുകളില്‍ കാണാമായിരുന്നു. ഓരോ ദിവസത്തെയും അന്നത്തിനു വേണ്ടി പാടുപെടുന്ന ഇവര്‍ക്ക് നല്ല ഭക്ഷണം കിട്ടുന്ന എന്നും പെരുന്നാളാണ്. 

അവസാനമായി ചെയ്ത യാത്ര ആസാമിലേയും ബംഗാളിലേയും ജാര്‍ഖണ്ഡിലേയും ഗ്രാമങ്ങളിലേക്കായിരുന്നു. ബൂട്ടാനിലെ അണക്കെട്ടില്‍ നിന്ന് അമിതമായി ഒഴുകിവന്ന വെള്ളം ആസാമിലെ ധൂബ്രി ജില്ലയെയാകെ മൂടിയിരിക്കുന്നു. എല്ലാം നഷ്ടപ്പെട്ട് കഴിയുന്ന ഇവര്‍ക്ക് പ്രകൃതി ദുരന്തങ്ങളുടേയും കലാപങ്ങളുടേയും കെടുതികള്‍ തീര്‍ന്ന സമയമില്ല. എന്നും അഭയാര്‍ഥി ക്യാമ്പില്‍ കഴിയാനാണ് ഇവരുടെ യോഗം. 

ഓരോ സ്‌കൂളുകളിലും മുവ്വായിരത്തിന് മുകളില്‍ മനുഷ്യര്‍  തിങ്ങിപ്പാര്‍ക്കുന്നു ണ്ടാവും. തമിഴ്‌നാട്ടില്‍ നിന്ന് ഇറച്ചിക്കോഴികളെ കൂട്ടിലിട്ട് കൊണ്ടുവന്ന് വെച്ചിരിക്കുന്നതുപോലുള്ള അവസ്ഥ

കരുവാളിച്ച മുഖം, കുളിയോ നനയോ ഇല്ല എന്നുറപ്പാണ്. മിക്കവാറും മനുഷ്യരും കൈകൊണ്ട് ശരീരമാസകലം  ചൊറിഞ്ഞുകൊണ്ടിരിക്കുകയാണ്. ദുരുതാശ്വാസക്യാമ്പുകളിലേക്ക് കൊണ്ടുവന്ന ഗോതമ്പും അല്‍പ്പം പരിപ്പും വേവിച്ചെടുത്താണ് വിശപ്പിന് ആശ്വാസം കണ്ടെത്തുന്നത്. എന്തൊരു ജീവിതമാണിത്! പ്രപഞ്ചനാഥന്റെ യുക്തിയില്‍ ആശ്ചര്യപ്പെട്ട് നില്‍ക്കുകയല്ലാതെ വേറെ വഴിയില്ല. 

ഇവര്‍ നമ്മെ കാത്തിരിക്കുന്നുണ്ട്. നമ്മുടെ ഉളൂഹിയ്യത്തിന്റെ ഓഹരിയില്‍ നിന്ന് ലഭിക്കുന്ന ഒരു കഷണം മാംസത്തിന് വേണ്ടി. നാം വീട്ടില്‍  ധരിക്കുന്ന വസ്ത്രം ഇവര്‍ക്ക് പുതിയതാണ്. പുതുവസ്ത്രങ്ങളെക്കുറിച്ചൊന്നും ഇവര്‍ ചിന്തിക്കുന്നില്ല. എന്നാല്‍ സാധ്യമാകും വിധം ഈദ്ഗാഹുകളില്‍ ഇവര്‍ എത്തിച്ചേരും. പക്ഷെ ഇന്ത്യയിലെ ഏതൊരു ചെറിയ ഗ്രാമത്തിലും ഈദ്ഗാഹുകള്‍ക്ക് മാത്രമായി ധാരാളം സ്ഥലങ്ങള്‍ ചുറ്റുമതില്‍ കെട്ടി മാറ്റി വെച്ചിരിക്കുന്നതായി നമുക്ക് കാണാന്‍ കഴിയും. ദാരിദ്ര്യത്തിന്റെയും പ്രതിസന്ധികളുടേയും ഇടയില്‍ നമസ്‌കാരത്തിന് പോലും വേണ്ടത്ര പ്രാധാന്യം  നല്‍കിയില്ലെങ്കിലും ഈദ്ഗാഹുകളില്‍ ഇവര്‍ എത്തിച്ചേരും. ഒരു രൂപയും രണ്ടു രൂപയുമൊക്കെയായി പ്രദേശവാസികള്‍ ശേഖരിച്ചു വെച്ച പണവുമായി തലേന്ന് തന്നെ ഈദ്ഗാഹുകള്‍ വര്‍ണ്ണാഭമാക്കും. പുരുഷന്മാരുടെ വസ്ത്രങ്ങളൊക്കെ കീറിയത് തുന്നിക്കൂട്ടി പെരുന്നാളിനണിയാന്‍ പ്രത്യേകം നീലം മുക്കി നിറം കൂട്ടിയിട്ടുണ്ടാവും. വെള്ളക്കുപ്പായത്തില്‍ അവിടവിടെയായി പറ്റിപ്പിടിച്ച നീലനിറത്തിന്റെ പാടുകള്‍ ഉണ്ടാവും. തൃപ്തിയോടെ ഏത് ദുരിതത്തിനിടയിലും ഇവര്‍ പെരുന്നാള്‍  ആഘോഷിക്കും. 

അവിടെ മണ്ണ് കുഴച്ചുണ്ടാക്കിയ ഒരു വീട്ടിലേക്ക് എന്നെ ഒരാള്‍ കൂട്ടിക്കൊണ്ടുപോയി.  അല്‍പം ചായ തന്നു. രണ്ട് ബിസ്‌ക്കറ്റും. ഒരു കട്ടിലുണ്ട്. വിണ്ടു കീറിയ ചുവരുകള്‍ക്ക് നടുവില്‍. നല്ല ക്ഷീണമുണ്ട്. അവിടെ കയറി കിടന്നു. കിടപ്പുമുറിയും ഭക്ഷണഹാളും, സ്റ്റോര്‍റൂമും എല്ലാം ഇവിടെയാണ്.  മുകള്‍ഭാഗത്ത് മരത്തിന്റെ കൊമ്പുകള്‍ അടുക്കിവെച്ച് കളിമണ്ണ് കൊണ്ട് തേച്ചുപിടിപ്പിച്ചിരിക്കയാണ്. മണ്ണ് പൊഴിഞ്ഞുവീഴാതിരിക്കാന്‍ പഴയ സാരികളും തുണികളും വലിച്ചു കെട്ടിയിട്ടുണ്ട്. 

ഇത്രയും കാലത്തിനിടക്ക് മണ്‍വീടുകള്‍ ഒരുപാട് ഇഷ്ടമായതു കൊണ്ട് സാധ്യമാവുന്നത്ര ഇത്തരം വീടുകളില്‍ ചെലവഴിക്കാനുള്ള അവസരം ഒഴിവാക്കാറില്ല. വളര്‍ത്തുകോഴി കറിവെച്ചതും അല്‍പം ചോറും കൊണ്ടുവന്നു. കൂട്ടത്തില്‍ മഞ്ഞനിറമുള്ള വെള്ളത്തില്‍ അല്‍പം പരിപ്പ് പാത്രത്തിനടിയില്‍ എന്തൊരു സന്തോഷമാണെന്നോ. ഇവരുടെ ദാരിദ്ര്യമാവുമോ ഒരു പക്ഷേ ഈ ഗ്രാമവാസികളെ ഇത്രമാത്രം കരുണാര്‍ദ്രമായ മനസ്സിന് ഉടമകളാക്കിയത്. ശരിയാണ്. ദാരിദ്ര്യം നല്‍കുന്ന ഒരു ജീവിതപാഠമുണ്ടിവിടെ. നമ്മുടെ നിസ്സഹായതയിലും സന്തോഷം കണ്ടെത്താനുള്ള ഒരു പാഠം. തിരിച്ചു പോരാനൊരുങ്ങുമ്പോഴാണ് തൃശ്ശൂരില്‍ നിന്നും സബിത ടീച്ചര്‍ വിളിക്കുന്നത്. 'നജീബ്. എവിടെയാണ്.?' വിവരം പറഞ്ഞു. 'ബാഗാളിലെ ചാപ്രയിലാണ്.' 'രണ്ട് കുട്ടികള്‍ക്ക് അഖീഖ അറുക്കേണ്ട പൈസ ഞാന്‍ അക്കൗണ്ടില്‍ അടക്കാം.' ഉടനെ മാല്‍വക്കാരന്‍ മസ്ഹൂറിനോട് പറഞ്ഞു. 'ചാപ്രയിലുള്ളവര്‍ക്ക് വേണ്ടി രണ്ട് ഉരുക്കളെ വാങ്ങി വിതരണം ചെയ്യണം. അല്ലാഹുവിന് സ്തുതി.'

മുന്‍പൊരിക്കല്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകര്‍ ഒരപേക്ഷയും കൊണ്ടു വന്നത് സാന്ദര്‍ഭികമായി ഓര്‍ത്തു പോവുകയാണ്. അതിങ്ങനെയായിരുന്നു. ഇന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്ക് വേണ്ടി സാധ്യമാവുന്നത്ര കോട്ടണ്‍ തുണികള്‍ ആവശ്യമുണ്ട്. നിങ്ങളുടെ ഭാഗത്തു നിന്ന് അതിനു വേണ്ട സൗകര്യങ്ങള്‍ ചെയ്തു തന്നാല്‍ നന്നായിരുന്നു. വളരെ വിശദമായി കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ ആ പ്രദേശങ്ങളിലെ സ്ത്രീകളുടെ സ്ഥിതി അതിദയനീയമായിരുന്നു.  ഇവര്‍ ആവശ്യപ്പെട്ട കോട്ടണ്‍ തുണികള്‍ ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് മുറിച്ച് കഷണങ്ങളാക്കി സ്റ്റീം ചെയ്ത് വിതരണം ചെയ്യുകയാണിവര്‍. ആര്‍ത്തവകാലത്ത് ഉപയോഗിക്കുന്ന സാനിറ്ററി പാഡ് പോലും ബ്രാന്‍ഡ് നോക്കി വാങ്ങുന്ന ചുറ്റുപാടില്‍ നിന്ന് കൊണ്ടാണ് ഇവരുടെ അപേക്ഷയെ നാം വായിക്കേണ്ടത്.ഒരു എന്‍.ജി.ഒ ഇതിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് കിട്ടിയ ഉത്തരം അതികഠിനമായിരുന്നു. ഇവരില്‍ നിന്ന് കോട്ടണ്‍ തുണികള്‍ ലഭിക്കുന്നത് വരെ ഇവിടുത്തെ സ്ത്രീകള്‍ ഉപയോഗിച്ചിരുന്നത് ഒരു തരത്തിലുള്ള മണ്ണും ഇലകളുമായിരുന്നത്രെ.

ദീര്‍ഘയാത്രകള്‍ക്കിടയില്‍  കുടുംബത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരിക പതിവാണ്. ഇങ്ങനെ ഒരു സാഹചര്യത്തിലാണ് കല്‍ക്കത്തയില്‍ നിന്ന്  മാറി കുറച്ച് ദൂരെ ഹരിംകോല എന്ന ഗ്രാമത്തില്‍, കഴിഞ്ഞുകൂടുമ്പോള്‍, അന്ന്, ഭക്ഷണം ഒന്നും കഴിച്ചിട്ടില്ല. പൊതുവെ മ്ലാനമായ ഒരു ദിവസം. പതിവില്ലാത്തവിധം വീട്ടില്‍ നിന്നും ആ സമയത്ത് ഫോണ്‍ വന്നു. അങ്ങേതലക്കല്‍ മോളാണ്. ''എന്താ മോളെ പതിവില്ലാതെ ഈ സമയത്ത്,'' അവളൊന്നും മിണ്ടിയില്ല!

അല്‍പനേരത്തെ മൗനത്തിന് ശേഷം, ''ഉപ്പയെ ഓര്‍മ്മ വന്നപ്പോള്‍ വെറുതെ വിളിച്ചതാണ്.'' വിഷണ്ണനായിരിക്കുന്ന എനിക്ക് പൊരിവെയിലില്‍ മഴപെയ്ത പ്രതീതി, ഒരു നനവ്, കുളിര്. ''എന്നാലും, പറയ്യ് നീ നല്ല സന്തോഷത്തിലാണല്ലോ?'' ഒന്നൂല്യാ! വെറുതെ.''

നമ്മുടെ മുറ്റത്ത് ഓമക്കമരത്തില്‍ (ജമുമ്യമ) പഴുത്ത് നില്‍ക്കുന്ന പഴം, കൊത്തി തിന്നാന്‍ ധാരാളം പക്ഷികള്‍ വന്നിരിക്കുന്നു. പക്ഷികള്‍ പഴം കൊത്തി തിന്നുന്നത് കാണുമ്പോള്‍ ഉപ്പയെ ഓര്‍ക്കാന്‍ എന്ത് കാരണം എന്നാലോചിച്ചിരുന്നപ്പോഴാണ്, അവള്‍ വീണ്ടും പറഞ്ഞ് തുടങ്ങിയത് വേനലില്‍ പ്രത്യേകിച്ച് മുറ്റത്ത് പാത്രങ്ങളില്‍ പലയിടങ്ങളിലായി നിറച്ചു വെച്ച വെള്ളം കുടിക്കാനും കുളിക്കാനുമായി വരുന്ന പക്ഷികളാണ് പപ്പായ മരത്തിലെ പഴം കൊത്തിത്തിന്നുന്നത്.

പാത്രങ്ങളില്‍ ദിവസേന വെള്ളം മാറ്റി ഒഴിക്കണം എന്ന് സാധാരണ ഒരു വെറുംവാക്ക് കുട്ടികളോട് പറയാറ് പതിവാണ്. ആ ഒരു ചെറിയ നിര്‍ദേശം ഇത്രമാത്രം സന്തോഷകരമായ ഒരവസ്ഥയിലേക്ക് കൊണ്ടെത്തിക്കുമെന്ന് ഒരുക്കലും നിനച്ചിരുന്നില്ല. മനസ്സ് നിറഞ്ഞു, ആര്‍ദ്രമായി എന്റെ പ്രിയപ്പെട്ട മകള്‍ക്ക് ഞാന്‍ വാങ്ങിക്കൊടുക്കുന്ന വസ്ത്രമോ, കളിപ്പാട്ടങ്ങളോ തെരഞ്ഞെടുക്കുന്ന നല്ല സ്‌കൂളോ, ഭക്ഷണ സാധനങ്ങളോ അവളെന്നെ ഓര്‍ക്കാന്‍ ഒരിക്കലും കാരണമായില്ലല്ലോ. 

ബാഹ്യമായ ഒരു യാത്രയോടൊപ്പം തന്നെ ആന്തരികമായ ഒരു യാത്രയും നമ്മുടെ ഉള്ളില്‍ നടക്കുന്നുണ്ട്. അതിന് നാം സ്വയം അനുവദിക്കാതിരുന്നാല്‍ എവിടേക്ക് യാത്രചെയ്തിട്ടും ഒരു കാര്യവുമില്ല. കുറ്റിപ്പുറത്ത് നിളയുടെ തീരത്ത് നില്‍ക്കുമ്പോഴും ആസാമിലെ കലങ്ങിമറിയുന്ന ബ്രഹ്മപുത്രയുടെ തീരത്ത് നില്‍ക്കുമ്പോഴും നമ്മുടെ ഉള്ളിലെ സങ്കടങ്ങളെയെല്ലാം ഒഴുക്കിക്കൊണ്ടുപോകുന്ന കാലത്തിന്റെ പ്രവാഹത്തെയോര്‍ത്ത് നമിക്കാറുണ്ട്. ഒഴുകിക്കൊണ്ടിരിക്കുമ്പോള്‍ ജീവിക്കുന്ന ഓരോ നിമിഷവും പുതിയതായി തോന്നും. ഒരു സൂഫിഗുരു പാടിയ രണ്ടുവരികള്‍ കടമെടുത്തുകൊണ്ട് അവസാനിപ്പിക്കട്ടെ 

''ഈ നൃത്തത്തില്‍ പ്രവേശിക്കുകയാണെങ്കില്‍

ഇരുലോകങ്ങളെയും ഉപേക്ഷിച്ച്

നൃത്തം തുടങ്ങുക 

കാരണം ഈ നൃത്ത പ്രപഞ്ചം

ആകാശഭൂമികള്‍ക്കപ്പുറത്താണ്''


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top