ബരീറയുടെ നൊമ്പരവും ആയിശയുടെ കൈത്താങ്ങും

സഈദ്‌ മുത്തനൂര്‍ No image

``എന്നെ സഹായിക്കൂ! നിങ്ങളുടെ അടിമയാക്കൂ!? ഹസ്രത്ത്‌ ആയിശാ ബീവി(റ)യോട്‌ അടിമസ്‌ത്രീ കരഞ്ഞു പറഞ്ഞു. ഉടനെ പറഞ്ഞ വിലകൊടുത്ത്‌ ബരീറ എന്ന കറുമ്പിയെ മോചിപ്പിക്കാന്‍ അവര്‍ അവളുടെ യജമാനനുമായി കരാറെഴുതി.
വിലകൊടുത്ത്‌ സ്വതന്ത്രയാക്കിയെങ്കിലും ആയിശയെ വിട്ട്‌ പോകാന്‍ അടിമ കൂട്ടാക്കിയില്ല. നേരത്തെ അവരുടെ ഉടമ അഞ്ച്‌ സ്വര്‍ണ്ണനാണയം നല്‍കിയാല്‍ ഒരു വര്‍ഷത്തിനകം മോചിപ്പിക്കാമെന്ന്‌ പറഞ്ഞിരുന്നു. എന്നാല്‍ ഒരു വര്‍ഷം വരെ അയാളുടെ കീഴില്‍ അടിമച്ചങ്ങലയുമായി കഴിയാനാകില്ലെന്ന്‌ തീരുമാനിച്ചാണ്‌ അവര്‍ ആയിശാ ബീവിയെ സമീപിച്ചതും ഫലം കണ്ടെത്തിയതും.
യജമാനന്‍ ആയിശാ ബീവിയുടെ കരാര്‍പത്രിക അംഗീകരിച്ചെങ്കിലും അടിമയുടെ അനന്തരാവകാശം തനിക്കു തന്നെയായിരിക്കുമെന്നയാള്‍ വാശിപിടിച്ചു. ഈ വിഷയം തിരുമേനി (സ) യുടെ അടുക്കലെത്തിയപ്പോള്‍ ``അടിമയെ മോചിപ്പിക്കുന്നതാര്‍ക്കോ അവര്‍ക്കാണ്‌ അനന്തരാവകാശം'' എന്ന്‌ പ്രവാചകന്‍ വിധിച്ചു.
അങ്ങനെ ആയിശാ ബീവിയുടെ കയ്യാല്‍ ബരീറ മോചിതയായി. അതോടെ ബരീറ(റ)ക്ക്‌ സഹാബി വനിതകളില്‍ പെടാന്‍ ഭാഗ്യമുണ്ടായി. ആയിശയുടെ കൂടെ തന്നെ കഴിയാന്‍ ഇഷ്ടപ്പെട്ട അവര്‍ക്ക്‌ നബി (സ)യുമായി ഇടപഴകാനും അവസരമുണ്ടായി. മഹാന്മാരായ സ്വഹാബിമാര്‍ ഇക്കാരണത്താല്‍ അവരെ ഏറെ ബഹുമാനിച്ചു.
ബരീറയുടെ വിവാഹം ഹസ്രത്ത്‌ മുഗൈറയുമായി നടന്നു. അയാളാകട്ടെ അബ്‌സീനിയക്കാരനായ അടിമയായിരുന്നു. എന്നാല്‍ അവരുടെ ദാമ്പത്യം ഏറെ നാള്‍ നീണ്ടുനിന്നില്ല. തിരുമേനി (സ) വിവാഹമോചന തീരുമാനത്തില്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നു. അപ്പോള്‍ ബരീറ ``ഇത്‌ താങ്കളുടെ അന്തിമ തീരുമാനമാണോ'' എന്നാരാഞ്ഞു. ``അപേക്ഷ മാത്രം'' എന്നദ്ദേഹം മറുപടി പറഞ്ഞു. അവര്‍ വിവാഹമോചിതയായി. ബരീറയോട്‌ ഇദ്ദ ഇരിക്കാന്‍ തിരുമേനി കല്‍പിച്ചു.
എന്നാല്‍ മുഗൈസിന്‌ ബരീറയോടുള്ള അനുരാഗത്തിന്‌ കുറവൊന്നുമില്ലായിരുന്നു. ആ വേര്‍പ്പാടില്‍ അദ്ദേഹം വല്ലാതെ വേദനിച്ചു. മദീനാ തെരുവില്‍ പലപ്പോഴും മുഗൈസ്‌ ബരീറയുടെ നിഴല്‍തൊട്ട്‌ നടന്നു. അദ്ദേഹം കരഞ്ഞുകൊണ്ടിരുന്നു. ഒരിക്കല്‍ ഈ കാഴ്‌ച്ച കണ്ട റസൂല്‍ തിരുമേനി (സ) ഹ: അബ്ബാസിനോട്‌ പറഞ്ഞു: ``എളാപ്പാ! മുഗൈസിന്‌ മുഹബ്ബത്ത;്‌ ബരീറക്കാവട്ടെ നഫറത്തും! ഒരു ഭാഗത്ത്‌ അനുരാഗം എന്നാല്‍ മറുപാതിക്ക്‌ അങ്ങേയറ്റം അകല്‍ച്ചയും.''
ഹസ്രത്ത്‌ ബരീറ വളരെ പാവമായിരുന്നു. ആശ്രിതയായിരുന്നു അവര്‍. ദാനധര്‍മം സ്വീകരിക്കാന്‍ അര്‍ഹയായിരുന്നു. എന്നാല്‍ അവര്‍ക്ക്‌ കിട്ടുന്ന ദാനധര്‍മങ്ങളത്രയും അവര്‍ നബിതിരുമേനിയുടെ പത്‌നിമാര്‍ക്ക്‌ ഉപഹാരമായി നല്‍കുമായിരുന്നു.
ഒരിക്കല്‍ അടുക്കളയില്‍ അടുപ്പത്തിരിക്കുന്ന മാംസം തിരുമേനി കണ്ടു. എന്നാല്‍ തീന്‍മേശയില്‍ അങ്ങനെയൊരു അടയാളവുമില്ല. കാര്യം തിരക്കിയപ്പോള്‍ ആയിശ (റ) പറഞ്ഞു: അത്‌ ബരീറക്ക്‌ ആരോ കൊടുത്ത സ്വദഖയാണ്‌. അതവര്‍ നമുക്ക്‌ ഉപഹാരമായി തന്നു. അപ്പോള്‍ തിരുമേനി പ്രതികരിച്ചു. ``ബരീറക്ക്‌ സ്വദഖ; നമുക്ക്‌ ഹദ്‌യയും'' അഥവാ അത്‌ കഴിക്കുന്നതില്‍ തെറ്റില്ലെന്ന്‌.
ഹദീസുല്‍ ഇഫ്‌ക്‌ (കുറ്റാരോപണം) സംഭവമുണ്ടായപ്പോള്‍ ബരീറ(റ) ആയിശയെ എളിമയാര്‍ന്ന ഭാഷയില്‍ സത്യപ്പെടുത്തുകയാണുണ്ടായത്‌. അവര്‍ പറഞ്ഞു. ആയിശ ബീവിയെക്കുറിച്ച്‌ ഒരു ചീത്ത കാര്യവും പറയാനെനിക്കില്ല. ``കുട്ടിക്കാലത്ത്‌ ആട്ട കുഴച്ച്‌ വെച്ച്‌ അവര്‍ ഉറങ്ങിപ്പോയപ്പോള്‍ ആടുകള്‍ വന്ന്‌ അത്‌ തിന്നുപോകുമായിരുന്നു.'' ചിലയാളുകള്‍ അവരോട്‌ മേല്‍ സംഭവത്തെക്കുറിച്ച്‌ കുത്തിക്കുത്തി ചോദിച്ചപ്പോള്‍ ബരീറ: ``സുബ്‌ഹാനല്ലാഹ്‌!'' ഒരു സ്വര്‍ണ്ണപ്പണിക്കാരന്‌ സ്വര്‍ണ്ണത്തെക്കുറിച്ച്‌ അറിയും പ്രകാരം ഞാന്‍ ഉമ്മുല്‍ മുഅ്‌മിനീന്‍ ആയിശയെ അറിയും. അവര്‍ ഏറെ പരിശുദ്ധയും പതിവ്രതയുമാണ്‌. ബരീറയെ ചിലര്‍ നിര്‍ബന്ധിച്ചു. എന്നിട്ടും അവര്‍ ആയിശയുടെ സത്യസന്ധതയില്‍ ഉറച്ചു നിന്നു. ആ സത്യം പിന്നീട്‌ അല്ലാഹു തുറന്നു പ്രഖ്യാപിക്കുകയും ചെയ്‌തു.
ബരീറയുടെ മരണം സംബന്ധിച്ച്‌ വ്യക്തമായ രേഖയില്ല. തിരുമേനിയുടെ മരണ ശേഷവും അവര്‍ ഏറെക്കാലം ജീവിച്ചിരുന്നതായി ചരിത്രം സമ്മതിക്കുന്നു. |

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top