പെട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത്

എ.യു റഹീമ /അനുഭവം No image

      കദേശം അര നൂറ്റാണ്ട് മുമ്പ് നടന്ന സംഭവങ്ങള്‍. അന്നെനിക്ക് പതിമൂന്ന് വയസ്സ് പ്രായം. ഞാന്‍ താമസിക്കുന്നത് എന്റെ മാതാവിന്റെ വീട്ടിലാണ്. അവിടെ വലിയുമ്മയും അമ്മാവന്മാരും അവരുടെ ഭാര്യമാരും ഉണ്ട്. എന്റെ പഠന സൗകര്യാര്‍ഥമാണ് ഞാനവിടെ എത്തിപ്പെട്ടത്. പക്ഷെ, എനിക്കു നഷ്ടപ്പെട്ടത് മാതാപിതാക്കളില്‍ നിന്ന് ലഭിക്കേണ്ട വാത്സല്യവും സ്‌നേഹ സൗഭാഗ്യങ്ങളുടെ കൗമാരവും കരുതലിന്റെ യൗവ്വനവുമായിരുന്നു! പക്ഷെ, ഞാനതൊക്കെ ഒരു പരിധിവരെ അനുഭവിച്ചത് അയല്‍പക്കത്തെ രുഗ്മിണിയമ്മയില്‍ നിന്നായിരുന്നു!
ഇന്ന് നാം പലയിടങ്ങളിലും കണ്ടുവരുന്നതുപോലുള്ള ജാതിപ്പോരോ അസഹിഷ്ണുതകളോ അകല്‍ച്ചയോ ഒന്നുമില്ലാതെ തികച്ചും മതസൗഹാര്‍ദത്തിന്റെയും ആത്മാര്‍ഥതയുടെയും കൊടുക്കല്‍ വാങ്ങലുകളുടെ കാലം! പല ജാതിമതസ്ഥര്‍ ഇടകലര്‍ന്നു ജീവിക്കുന്ന വടക്കന്‍ പറവൂര്‍ എറണാകുളം ജില്ലയിലാണ്. ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാകാതിരിക്കാന്‍ അവര്‍ പരസ്പരം കരുതലോടെയിരിക്കും. ഭക്ഷ്യവസ്തുക്കള്‍ പങ്കുവെക്കും. അവിചാരിതമായി വല്ല വിരുന്നുകാരും വന്നാല്‍ അപ്പുറത്തേയും ഇപ്പുറത്തേയും വീടുകളിലെ അടുക്കളയില്‍ വെന്ത വിഭവങ്ങള്‍ ഒരുമിച്ചു വന്നെത്തും. വിരുന്നുകാരെ വിഭവസമൃദ്ധമായി ഊട്ടും. ഇല്ലായ്മകള്‍ പരസ്പരം ചോദിച്ചറിഞ്ഞു പരിഹരിക്കും. ദുഃഖങ്ങളും വ്യസനങ്ങളും കണ്ടറിഞ്ഞ് അലിയിക്കും. ഓണവും പെരുന്നാളും ക്രിസ്തുമസ്സും എല്ലാവരും ആഘോഷിക്കും. വിഭവങ്ങള്‍ കൈമാറും. ഇതൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കു തോന്നുന്നുണ്ടോ, ഇതൊരു സമ്പന്നമായ പ്രദേശമാണെന്ന്? പരമദരിദ്രരായ ആളുകളാണിവിടെ! സമ്പന്നമായ മനസ്സുകളുടെ ഉടമകള്‍!
രുഗ്മിണിയമ്മ ഞങ്ങളുടെ തൊട്ടടുത്താണ് താമസിക്കുന്നത്. അവര്‍ക്ക് എന്റെ പ്രായത്തില്‍ ഒരു മകളുണ്ട്, രാധ. രാധയും ഞാനും മകം പിറന്ന മങ്കമാരാണെന്നാണ് അമ്മ പറയുന്നത്. രുഗ്മിണിയമ്മയെ ഞാന്‍ 'അമ്മേ' എന്നാണ് വിളിക്കാറ്. ഞാന്‍ ജനിച്ചപ്പോള്‍ അമ്മ എന്റെ നാളും നക്ഷത്രവുമൊക്കെ കുറിച്ചു വെച്ചിട്ടുണ്ടത്രെ! ഞാന്‍ നല്ല നിലയിലെത്തുമെന്നാണ് അതുവഴി അമ്മ പ്രവചിച്ചിരുന്നത്! അതവരുടെ വിശ്വാസം. എന്റെ ജീവിതം നല്ലനിലയിലെത്തിച്ചത് ഞാന്‍ നേരിട്ട പ്രതികൂലതകള്‍ മാത്രമാണ്.
രാധ എന്റെ ഉത്തമ സുഹൃത്താണ്. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും കൂടി ഒരു പൂച്ചയുണ്ട്. ബോബനും മോളിക്കുമുള്ളതുപോലെ ഒരു സന്തത സഹചാരി. ഞങ്ങളതിന് കാതിലും കഴുത്തിലും കാലിലുമൊക്കെ മുത്തുമണികള്‍ കോര്‍ത്തുണ്ടാക്കിയ ആഭരണങ്ങള്‍ അണിയിക്കും. ഞങ്ങളുടെ തലമുടി കെട്ടുന്ന നിറത്തിലുള്ള റിബണ്‍കൊണ്ട് അതിനെ വട്ടത്തില്‍ കെട്ടും. രാധക്ക് ഞാന്‍ പാട്ടുപാടികേള്‍പ്പിക്കുമ്പോള്‍ പൂച്ചയും അതുകേട്ടിരിക്കും. ഞാനെന്റെ അനാഥബാല്യത്തെ സനാഥമാക്കുന്ന നിമിഷങ്ങളാണതൊക്കെ. രുഗ്മിണിയമ്മ ഒഴിവുകിട്ടുമ്പോള്‍ വന്ന് എന്റെ സമൃദ്ധമായ മുടി എണ്ണപുരട്ടി ചീകി രണ്ടായി പിന്നിക്കെട്ടിത്തരും. വിശന്നിരിക്കുമ്പോള്‍ അമ്മ കൊണ്ടുവന്ന് വായില്‍ വെച്ചുതരുന്ന കപ്പക്കിഴങ്ങിന്റെ രുചിയൊന്നുവേറെത്തന്നെയാണ്! അതിനേക്കാള്‍ ആസ്വാദ്യത അവര്‍ എന്റെ കവിളില്‍ തരുന്ന മുത്തത്തിനാണ്. അതുമാത്രം മതി രാധക്ക് കെറുവിക്കാന്‍. അവള്‍ ആ നിമിഷം പൂച്ചയേയും എടുത്തുകൊണ്ടൊരു പോക്കാണ്. അവരെ ഒരു ദിവസം മുഴുവനും കാണാതിരിക്കുക എന്നത് രാധ എനിക്കു തരുന്ന ഏറ്റവും വലിയ ശിക്ഷയായിട്ടാണ് എനിക്ക് അനുഭവപ്പെടാറ്.
അവരുടെ വീടിന്റെ തൊട്ടുമുമ്പില്‍ ഒരു അമ്പലമുണ്ട്. സന്ധ്യയായാല്‍ അമ്പലത്തിനു ചുറ്റും കാണുന്ന നിറദീപച്ചാര്‍ത്ത് മനോഹാരിത പകരുന്ന കാഴ്ചയാണ്. കുറച്ചപ്പുറത്ത് ഒരു പള്ളിയുണ്ട്. പള്ളിയില്‍ മതപ്രസംഗമുണ്ടാകുമ്പോള്‍ പ്രദേശത്തുള്ള എല്ലാവരും അതുകേള്‍ക്കാന്‍ വന്നിരിക്കുന്നതുകാണാം. അമുസ്‌ലിം സ്ത്രീകള്‍ തലയില്‍ അവരുടെ രണ്ടാംമുണ്ടിട്ടിട്ടുണ്ടാകും. അതുപക്ഷേ, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തെ മാനിച്ചുകൊണ്ടുതന്നെയാണ്. ഞാനും രാധയും വല്ലിമ്മാടെ കൈപിടിച്ച് 'വഅ്‌ളു' കേള്‍ക്കാന്‍ പോകും. എനിക്ക് മതപ്രസംഗത്തില്‍ താല്‍പര്യം കുറഞ്ഞുതുടങ്ങി. കാരണം വര്‍ഷങ്ങളായി ഞാന്‍ കേള്‍ക്കുന്നത് യൂസുഫ് നബിയുടെയും സുലൈമാന്‍ നബിയുടെയും ചരിത്രകഥയാണ്. അത് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പ്രണയസാന്ദ്രമാക്കി പറയാന്‍ മുസ്‌ല്യാര്‍ക്കുമൊരു ആവേശമാണ്. കഥകേട്ടുമടുത്തെങ്കിലും കഥാപ്രസംഗരൂപത്തിലുള്ള അവതരണമാണ് എന്നെ ആകര്‍ഷിക്കുന്നത്; പിന്നെ ചുക്കും കുരുമുളകും ചേര്‍ത്ത 'കാവ' എന്നുവിളിക്കുന്ന കട്ടന്‍ ചായയും. ചൂടുള്ള കാവ കുടിക്കുമ്പോള്‍ ഉറക്കം പമ്പകടക്കും.
എല്ലാ വര്‍ഷവും അടുത്തുള്ള അമ്പലത്തില്‍ ഉത്സവമുണ്ടാകാറുണ്ട്. ഉത്സവനാള്‍ എല്ലാവര്‍ക്കും ഉത്സാഹനാളാണ്. നിറയെ തെങ്ങുകളുള്ള മൈതാനം പോലെ പരന്നുകിടക്കുന്ന പ്രദേശമാണ് ഞങ്ങളുടേത്. അമ്പലത്തിലെ നിറദീപങ്ങള്‍ക്കു പുറമെ ഒന്നിടവിട്ട തെങ്ങുകളില്‍ ട്യൂബ്‌ലൈറ്റും പിടിപ്പിച്ചിരിക്കയാല്‍ ഉത്സവരാവുകള്‍ പതിനാലാം രാവുപോലെയാണ്. രാത്രിയില്‍ കോഴികള്‍ പോലും കൂട്ടില്‍ കയറാതെ നടക്കും. ഇരുട്ടില്ലല്ലോ.
അമ്മ തലേന്നു വന്നപ്പോള്‍ ഒരു കഷ്ണം പുട്ടുമായാണ് വന്നത്. അതെനിക്ക് അമ്മ തന്നെ വായില്‍ വെച്ചുതന്നുകൊണ്ടിരുന്നു. അതിനിടയില്‍ രാധയെ നോക്കിപറഞ്ഞു കൊണ്ടിരുന്നു. ''നീ ഇവളെ നോക്കി പഠിക്ക്. പെറ്റതള്ളപോലും അടുത്തില്ലാതെ വളരണ കുട്ടിയാണ്. ആരെങ്കിലും ഇതിന് പറഞ്ഞുകൊടുക്കാനുണ്ടോ? എന്നിട്ടും ഇവള്‍ ഈ വീട്ടിലെ എല്ലാ പണിയും ചെയ്യണ കണ്ടോ? നീയോ...?''
ഇത്രയും ആയപ്പോഴേക്കും രാധക്ക് ദേഷ്യം കലശലായി. അവള്‍ പൂച്ചയെയും എടുത്തുകൊണ്ടൊരു പോക്കുപോയി! ഒരു ദിവസം മുഴുവന്‍ അവള്‍ വരികയോ പൂച്ചയെ വിടുകയോ ചെയ്തില്ല. വീട്ടില്‍ ധാരാളം പണിയുള്ളതിനാല്‍ എന്റെ കൗമാരത്തോട് ഞാന്‍ കളിക്കാന്‍ പറയാറില്ല! വെള്ളം കോരാന്‍ പോയപ്പോള്‍ അവളുടെ വീട്ടില്‍ ചെന്ന് വിളിച്ചതാണ്. കതകടച്ച് ഇരിപ്പാണ്. എന്റെ ശബ്ദം കേട്ട് പൂച്ച കരയാനും കുതറാനും തുടങ്ങിയിട്ടുണ്ട്. പക്ഷെ അവള്‍ വിടുന്നില്ല. എനിക്കാണെങ്കില്‍ അവളെക്കൊണ്ടൊരു കാര്യമുണ്ട്. എന്തുചെയ്യും?
ഞാന്‍ പെട്ടിയില്‍ സൂക്ഷിച്ച പച്ച പട്ടുറിബണ്‍ എടുത്തു കൊണ്ടുപോയി, അടച്ച വാതിലിന്റെ വിടവിലൂടെ തിരുകിക്കയറ്റി. റിബണ്‍ കണ്ടപ്പോള്‍ രാധ വാതില്‍ തുറന്നു. അവളുടെ പിണക്കം മാറി. പൂച്ച ഓടിവന്ന് എന്റെ പാദത്തില്‍ നക്കാന്‍ തുടങ്ങി. ഞങ്ങളുടെ അകല്‍ച്ച അതിനെ വല്ലാതെ മുറിപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഞാന്‍ അതിനെ തോളിലെടുത്തിട്ടു. ഞങ്ങള്‍ രഹസ്യമായി ഒരു കാര്യം ആസൂത്രണം ചെയ്യുകയാണ്...!
അമ്പലത്തിലെ ഉത്സവത്തിന് കെടാമംഗലം സദാനന്ദന്റെ കഥാപ്രസംഗം ഉണ്ട്. ഞാനിതുവരെ കഥാപ്രസംഗം കണ്ടിട്ടില്ല. എനിക്കാണെങ്കില്‍ കഥാപ്രസംഗം ഒരു ഹരമായി പടര്‍ന്നിരുന്നു. അതുവരെ റേഡിയോയില്‍ നിന്നും കേള്‍ക്കുന്ന കഥാപ്രസംഗം എഴുതിയെടുത്തും വിട്ടുപോയത് പൂരിപ്പിച്ചും പഠിച്ചാണ് മത്സരത്തിന് അവതരിപ്പിച്ചിരുന്നത്. ലളിതഗാന പാഠം ആഴ്ചയില്‍ രണ്ടുദിവസം റേഡിയോയില്‍ നിന്നും പഠിക്കുന്നുണ്ട്. മാപ്പിളപ്പാട്ടിന്റെ ഗുരു എന്റെ മജീദ്മാമന്‍ തന്നെയാണ്.
എത്രയൊക്കെ സ്വാതന്ത്ര്യവും പരസ്പര വിശ്വാസവും ഉണ്ടെങ്കിലും ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് രാത്രിയിലെ സഞ്ചാരത്തിന് നിയന്ത്രണമുണ്ട്. മതപ്രസംഗത്തിന് പോകാന്‍ വല്ലിമ്മ കൂട്ടുണ്ട്. എന്നാല്‍ കഥാപ്രസംഗമോ? വല്ലിമ്മയെ സംബന്ധിച്ചിടത്തോളം മാപ്പിളപ്പാട്ട് മാത്രമാണ് ഹലാലായിട്ടുള്ളത്.
ഉത്ക്കടമായ ആഗ്രഹം കൊണ്ട് എന്റെ മനസ്സ് പിടിവിട്ടു പോകുകയാണ്! നിയന്ത്രിക്കാന്‍ പറ്റുന്നില്ല. ഇത്രയടുത്ത് ഒരു പ്രശസ്ത കാഥികന്‍ വന്ന് കഥാപ്രസംഗം പറഞ്ഞിട്ട് അത് ഒന്നു കാണാന്‍ പറ്റാതെ വരിക എന്നതില്‍ കവിഞ്ഞ ഭാഗ്യദോഷം എന്തുണ്ട്? പോകുന്ന കാര്യം വീട്ടില്‍ ഒന്ന് അവതരിപ്പിക്കാന്‍ പോലും ധൈര്യമില്ല! എല്ലാ നമസ്‌കാരാനന്തരവും പടച്ചവനോട് കേഴുകയാണ്. തെറ്റാണോ ശരിയാണോ എന്നു നിശ്ചയമില്ലാത്ത ഒരു കാര്യം നടത്തിത്തരാന്‍ പടച്ചവനോട് കണിശമായി ചോദിക്കാന്‍ കഴിയുന്നില്ല. 'പടച്ചോനെ, തെറ്റുണ്ടോ?' പലപ്രാവശ്യം ചോദിച്ചു നോക്കി. ഉത്തരം എന്താണെന്നൊരു പിടിയുമില്ല. അവസാനം ഒരു പണിചെയ്തു. ഒരു പച്ചില പറിച്ചെടുത്ത് അതിന്റെ ഓരോ വശത്തും ഓരോ ഉത്തരം രേഖപ്പെടുത്തി. കാറ്റില്‍ ഊതിപ്പറത്തി വീഴുന്നതും ഉറ്റുനോക്കി നിന്നു! ഹൊ! 'പോകുന്നതില്‍ തെറ്റില്ല.' അങ്ങനെയാണ് പച്ചില വീണ് ഉത്തരം നല്‍കിയത്. മനസ്സ് ശാന്തമായി. തെറ്റില്ലാത്തൊരു കാര്യമാണല്ലോ ചെയ്യാന്‍ പോകുന്നത്. അങ്ങനെ ഞങ്ങള്‍ പ്ലാന്‍ പൂര്‍ത്തിയാക്കി. രാത്രി രാധ എന്റെ വീട്ടില്‍ ആരും കാണാതെ വരിക. വീട്ടില്‍ എല്ലാവരും ഉറക്കമായാല്‍ ഞാന്‍ അവളോടൊപ്പം രാധയുടെ വീട്ടില്‍ എത്തുക. അമ്മയോടിതൊക്കെ നേരത്തെ പറഞ്ഞിട്ടുണ്ട്. വല്ലിമ്മ അറിഞ്ഞാല്‍ കൊന്നുകളയും. അമ്മാവന്മാരുടെ പ്രതികരണം എന്താവുമെന്നറിയില്ല. അമ്മായിമാരാണെങ്കില്‍ ഒരു കാരണം കിട്ടാന്‍ കാത്തിരിക്കുകയാണ്. പത്തുപതിമൂന്നു വയസ്സായ പെണ്‍കുട്ടി. ആരും കാണാതെ രാത്രി വീടുവിട്ടിറങ്ങുക. ഇന്ന് കഥാപ്രസംഗം, നാളെ ഇനി മറ്റുവല്ലതിനും ധൈര്യം കാട്ടില്ല എന്ന് എങ്ങനെ ഉറപ്പിക്കും. ഇതൊക്കെയും അവരുടെ വായില്‍ നിന്നും വീഴുമെന്നുറപ്പാണ്. അതിന്റെ ഭവിഷ്യത്ത് ഭയാനകവും ദൂരവ്യാപകവുമായിരിക്കും. എന്റെ പഠിത്തം തന്നെ അവസാനിപ്പിക്കും. അതെനിക്ക് ഓര്‍ക്കാന്‍ കൂടി കഴിയില്ല. ഇങ്ങനെയുള്ള പ്രതികൂലാവസ്ഥകളെ മറികടക്കാന്‍ മാത്രം കഴിവുണ്ട് എന്റെ കഥാപ്രസംഗമോഹത്തിന്!! രുഗ്മിണിയമ്മ അടുത്തിരിക്കണമെന്നും അവരുടെ ഇറയത്ത് അതിനുള്ള സ്ഥലം കാണണമെന്നും ഞാന്‍ ശട്ടം കെട്ടിയിട്ടുണ്ട്. കാരണം പ്രായപൂര്‍ത്തിയാകാന്‍ പോന്ന രണ്ട് പെങ്കുട്ട്യോളല്ലേ?
എല്ലാവരും ഉറക്കമായപ്പോള്‍ ഞങ്ങള്‍ ഇറങ്ങി. നെഞ്ചിടിപ്പ് ശക്തിയായി എന്നെ പിടിച്ചുലച്ചുകൊണ്ടിരുന്നു. ആരെങ്കിലും കണ്ടാലോ...? കെടാമംഗലം സദാനന്ദന്‍ അറിയുന്നുണ്ടോ അദ്ദേഹത്തിന്റെ കഥാപ്രസംഗം നേരില്‍ ആസ്വദിക്കാന്‍ ഒരു പ്രേക്ഷക പെടുന്ന പാട്! ഏകലവ്യനെ പോലെ തള്ളവിരല്‍ മാത്രമല്ല, ഹൃദയം മുഴുവനും ഗുരുദക്ഷിണ നല്‍കി, ഭാവിയില്‍ വരാന്‍ പോകുന്ന വിപത്തുകളെ തൃണവല്‍ഗണിച്ച്, ഒരു ഉമ്മക്കുട്ടി ചെയ്യുന്ന സാഹസം! അങ്ങനെ രുഗ്മിണിയമ്മയുടെ അടുത്തെത്തി. ഹൃദയം ശാന്തമായി, മാതാവിന്റെ മടിത്തട്ടിലെത്തിപ്പെട്ടതുപോലെ!
കഥാപ്രസംഗം ആരംഭിക്കുകയായി. ഉപകരണ സംഗീതധ്വനി തന്നെ ദാഹാര്‍ത്തനെ ഒരു തേനരുവിയുടെ അരികത്തെ ത്തിച്ചതിനു തുല്യമായിരുന്നു. ഒരിക്കലെങ്കിലും കണ്ണിമ പൂട്ടാന്‍ ഇഷ്ടപ്പെടാതെ ഞാനിരുന്നു. ആസ്വാദ്യതയുടെ ഉത്തുംഗ ശ്രേണിയിലേറിയിരുന്ന് ഞാനദ്ദേഹത്തിന്റെ അവതരണ ചാരുതയും അക്ഷരസ്ഫുടതയും സംഗീതതേനരുവിയും ആവോളമാസ്വദിച്ചു. കഥാപ്രസംഗം കഴിഞ്ഞിട്ടും അവിടെനിന്നെഴുന്നേല്‍ക്കാന്‍ മടിച്ച് ഞാനിരുന്നു. എങ്കിലും അമ്മ എന്നെയും കൊണ്ടുപോന്നു. രാധ കഥാപ്രസംഗം തുടങ്ങുമ്പോഴേക്കും ഉറങ്ങിയിരുന്നു. എന്റെയൊപ്പം പൂച്ചയും പോന്നു. വീട്ടിലെത്തിയപ്പോള്‍ പൂച്ച വളരെ കരുതലോടെ നടന്നു, 'മ്യാവോ' എന്നൊരക്ഷരം പോലും മിണ്ടാതെ. ഞാനും ഒരു പൂച്ചയെപ്പോലെ അകത്തു കയറി. അന്നെനിക്കുറക്കം വന്നില്ല. എഴുന്നേറ്റിരുന്നു, കഥാപ്രസംഗം വള്ളിപുള്ളി വിടാതെ എഴുതിവെച്ചു. സുബ്ഹിബാങ്ക് വിളിക്കുന്നു. അംഗശുദ്ധിവരുത്തി നമസ്‌കരിച്ചു. പടച്ചവനോട് അകൈതവമായ നന്ദിയുരുവിട്ടു.
രാവിലെ മജീദ് മാമക്ക് കട്ടന്‍ചായയുമായി ചെന്നു. ചായ വാങ്ങുന്നതിനുമുമ്പ് മാമ എന്നെ ഉറ്റുനോക്കുന്നതുകണ്ടു. കൈയില്‍ നിന്നും ചായപ്പാത്രം താഴെ വീഴുമോ? കൈകാലുകള്‍ കുഴയുന്നതുപോലെ! തല താനെ താണുപോയി. യാന്ത്രികമായി ചായ മാമക്കു നേരെ നീട്ടി. ചായ വാങ്ങുന്നതിനിടയില്‍ മാമ ചോദിച്ചു. ''കഥാപ്രസംഗം മുഴുവനും പഠിച്ചോ?'' തീര്‍ന്നു!! എല്ലാം തകര്‍ന്നു!! എന്റെ പഠനവും നിന്നുപോയി!! അതോര്‍ത്തപ്പോള്‍ എന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ ധാരധാരയായി ഒഴുകി. പഠനത്തിനു വേണ്ടിയായിരുന്നു, സനാഥയായ ഞാന്‍ ഒമ്പതു വയസ്സുമുതല്‍ അനാഥയെപ്പോലെ വളര്‍ന്നത്. അമ്മായിമാരുടെ ദയാദാക്ഷിണ്യമില്ലാത്ത പീഡനങ്ങള്‍ അനുഭവിച്ചത്, ഭാര്യമാരുടെ ഏഷണികള്‍ വിശ്വസിക്കുന്ന അമ്മാവന്മാരുടെ ശകാരങ്ങള്‍ ഏറ്റുവാങ്ങി സഹിച്ചത്. നിറഞ്ഞ ഒരു വീട്ടില്‍, അര്‍ദ്ധ പട്ടിണിയും അരവയറുമായി ജീവിച്ചത്. വെളുപ്പിനു നാലുമണിമുതല്‍ രാത്രി പന്ത്രണ്ടു മണിവരെ വീട്ടുപണി ചെയ്തു തളര്‍ന്നത്. ഒക്കെ വെറുതെയായി.
മണിക്കൂറുകള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കാന്‍ പോകുന്ന ഒരഗ്നിപര്‍വതത്തിന്റെ ലാവയാണപ്പോള്‍ ഒഴുകിയെത്തിയത്. അതിന്റെ തീക്ഷ്ണമായ ഉരുക്കത്തില്‍ ഞാന്‍ വെന്തുനീറി. കണ്ണീരിനൊപ്പം ഞാനാകെ ഉരുകിയൊലിക്കുന്നതുപോലെ...!
''എന്തിനാ നീ കരയുന്നേ...? മാമ ഒന്നും പറഞ്ഞിട്ടില്ലല്ലോ. ഇനി ഇവിടെ ആരും ഇതറിയുകയും വേണ്ട. ആ കഥാപ്രസംഗം മോള് മാമക്ക് കേള്‍പ്പിച്ചു തരണം കേട്ടോ...!!''
എന്റെ താടിപിടിച്ചുയര്‍ത്തി മാമ പറഞ്ഞ ആ വാക്കുകള്‍ മനസ്സില്‍ ആളിപ്പടര്‍ന്ന വ്യഥകളുടെ തീച്ചൂളയില്‍ ചിതറിവീണ ഹിമകണങ്ങളായിരുന്നു. അതുപോലെയൊരു സ്വര്‍ഗീയ വചനം ഞാനിതുവരെ കേട്ടിട്ടില്ല. താഴ്‌വാരങ്ങളില്‍ അരുവികളൊഴുകുന്ന ഒരു ആരാമം എന്റെ മനസ്സില്‍ പൂത്തുലഞ്ഞു!!
തലേന്ന് രാത്രി ഞാനും രാധയും പമ്മിപ്പമ്മി വന്നിരിക്കുന്നതുകണ്ട് മജീദ് മാമ നിശ്ശബ്ദനായി ഞങ്ങളുടെ തൊട്ടുപിന്നില്‍ വന്നിരുന്നു. ഒരനക്കം കൊണ്ടുപോലും എന്റെ കലാ സ്വാദനത്തെ ഭംഗപ്പെടുത്തിയില്ല. മാമയും ഒരു കലാകാരനാണ്. നന്നായി പാട്ടുപാടും. പറവൂരുള്ള മിക്ക പരിപാടികളിലും മാമനെ പാട്ടുപാടാന്‍ ക്ഷണിക്കാറുണ്ട്. മുഹമ്മദ് റാഫിയുടെ പാട്ടുകള്‍ വളരെ തനിമയോടെ മാമ പാടും. നാടക ഗാനങ്ങള്‍, സിനിമാ പാട്ടുകള്‍ എല്ലാം മാമനെക്കൊണ്ട് ആളുകള്‍ പാടിക്കാറുണ്ട്. 'പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത്...' എന്ന പാട്ട് മാമ പാടുമ്പോള്‍ ഞാന്‍ കരഞ്ഞുപോയിട്ടുണ്ട്. സ്വപ്നങ്ങളുടെ തകര്‍ന്ന താഴ്‌വരയില്‍ പച്ചപ്പു തേടുന്ന എനിക്ക് ആ ഗാനം ഒരു ഗൃഹാതുരത്വമാണ് പകര്‍ന്നുതരിക.
മാമ കുടുംബസമേതം താമസിക്കുന്നത് തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറയിലാണ്. ഇടക്കിടക്ക് വീട്ടില്‍ വരാറുണ്ട്. അങ്ങനെ വന്ന ഒരു ദിവസം, വീട്ടിലെ കുളത്തില്‍ പായലും ചളിയും നിറഞ്ഞതുകണ്ട് പണിക്കാരെകൊണ്ട് കുളം തോണ്ടി വൃത്തിയാക്കി. വീട്ടില്‍ കീറിപ്പഴകിയിരുന്ന ഖുര്‍ആന്‍ ഏടുകള്‍, മറ്റു ഗ്രന്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ എല്ലാം പെറുക്കിക്കെട്ടി കുളത്തില്‍ തെളിഞ്ഞുകിടക്കുന്ന വെള്ളത്തില്‍ നിക്ഷേപിച്ചു. അന്നത്തെ പുസ്തകത്താളുകള്‍ വളരെ പെട്ടെന്ന് കേടുവരുന്ന ഈടുകുറഞ്ഞവയാണ്. പിന്നീട് മാമ പുറത്തെവിടെയോ പോയി.
പള്ളിയിലെത്തിയാല്‍ ബാങ്കു വിളിക്കുന്നത് മജീദ് മാമയാണ്. അന്ന് മഗ്‌രിബിനും ഇശാക്കും മാമാടെ ശ്രുതിമധുരമായ ബാങ്കൊലി ഞങ്ങള്‍ വീട്ടിലിരുന്ന് കേട്ടു. പുറത്തു പോയിവരുമ്പോള്‍ തക്കാളി വാങ്ങണമെന്നും ഉറക്കമിളക്കത്തക്കവിധം എവിടെയെങ്കിലും പോയി ഇരിക്കരുതെന്നും വല്ലിമ്മ പ്രത്യേകം ശട്ടം കെട്ടിയിരുന്നു. കാരണം മാമ ഒരു അപസ്മാര രോഗിയാണ്. ഉറക്കമിളച്ചാല്‍ അപസ്മാരമിളകും. രാത്രി ഏറെ വൈകിയിട്ടും മാമ വന്നില്ല. ഞാനല്‍പം ഉറങ്ങിപ്പോയി. പെട്ടെന്നുണര്‍ന്നപ്പോള്‍ വല്ലിമ്മ മാമ വരുന്നതും കാത്ത് വരാന്തയില്‍ നില്‍ക്കുന്നതുകണ്ടു.
സുബ്ഹി നമസ്‌കരിക്കാന്‍, ഞാനും വല്ലിമ്മയും കുളക്കരയില്‍ ചെന്ന് അംഗശുദ്ധി വരുത്താനൊരുങ്ങി. അതാ! മജീദ്മാമ കുളത്തില്‍ തെളിഞ്ഞ വെള്ളത്തില്‍ നീണ്ടുനിവര്‍ന്നങ്ങനെ കിടക്കുന്നു. തലേന്നു നിക്ഷേപിച്ച ഗ്രന്ഥക്കെട്ടില്‍ തലയും വെച്ച്! ചുറ്റും തക്കാളികള്‍ പരന്നൊഴുകിക്കിടക്കുന്നു. വല്ലിമ്മ ഉറക്കെ നിലവിളിച്ചുകൊണ്ട് പറയുന്നതുകേട്ടു. ''ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍.''
ഞങ്ങള്‍ ചാടിയിറങ്ങി. വെള്ളത്തിലൂടെ മാമനെ വലിച്ചിഴച്ചു, പാതികരയിലേക്കടുപ്പിച്ചു. അപ്പോഴേക്കും ഞാന്‍ തളര്‍ന്നിരുന്നു പോയി. എന്റെ മടിയില്‍ മാമാടെ തല പൊക്കിവെച്ചുകൊണ്ട് ഞാന്‍ ആര്‍ത്തലച്ചുകരഞ്ഞു. കണ്ണീരലകള്‍ വകഞ്ഞു മാറ്റി ആ മുഖത്തേക്കു ഞാന്‍ സൂക്ഷിച്ചു നോക്കി. ഒരു ചെറു ചിരി തത്തിക്കളിക്കുന്ന ആ ചുണ്ടില്‍ നിന്നും ആ ഗാനം ഉതിര്‍ന്നുവോ?
''പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത്
കെട്ടിപ്പിടിച്ചു കരയുന്ന പെണ്ണേ
കെട്ടുകഴിഞ്ഞ വിളക്കില്‍ കരിന്തിരി
കെട്ടിപ്പിടിച്ചു കരയുന്നതെന്തോ...?''

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top