കള്ളിമുള്‍ക്കാട്ടിലെ ശലഭച്ചിറകുകള്‍ -5

നൂറുദ്ദീന്‍ ചേന്നര /ചരിത്രം കഥപറയുന്നു No image

        വിചാരണക്കോടതിയോടു ചേര്‍ന്നുള്ള മുറിയിലിരിക്കുകയാണ് സൈനബുല്‍ ഗസ്സാലിയും അമീനാ ഖുതുബും, പുറത്തു നടക്കുന്നതെന്താണെന്നറിയാതെ അടച്ചുപൂട്ടിയ മുറിക്കകത്ത് ഇരിക്കേണ്ടി വന്നതില്‍ വലിയ വിഷമം തോന്നി ഹമീദാ ഖുതുബിന്.
''നാം രണ്ടു സ്ത്രീകളെ മാത്രം പ്രത്യേകം വിചാരണ ചെയ്തിട്ട് എന്താണവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്?'' ഹമീദാ ഖുതുബ് ആകാംക്ഷയോടെ സൈനബുല്‍ ഗസ്സാലിയോട് ചോദിച്ചു.
''എന്തു നടക്കാനാണ്! നിനക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ. നീയൊരു കഥാകാരിയല്ലേ. നിനക്ക് ഭാവനയില്‍ കാണാവുന്നതല്ലേയുള്ളൂ ആ പ്രഹസനനാടകത്തിലെ സംഭാഷണങ്ങള്‍! ആദ്യമേ എഴുതിത്തയ്യാറാക്കിയ സ്‌ക്രിപ്റ്റിനൊത്ത് നടത്തുന്ന പ്രഹസനങ്ങള്‍. ഇഖ്‌വാനികള്‍ ഒരിക്കലും ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ അവരുടെ തലയില്‍ കെട്ടിവെക്കാന്‍ നമ്മെ കരുവാക്കുന്നു. സ്ത്രീകളെന്ന നിലക്ക് നമ്മെ എളുപ്പം കീഴടക്കാനാവുമെന്ന് അവര്‍ കരുതുന്നു. മുഖ്യമായും ഒരു വ്യക്തിയിലേക്കാണ് ഈ നാടകം കേന്ദ്രീകരിക്കുക. അത് നിനക്കറിയാവുന്നതുപോലെ നിന്റെ പിതൃസന്നിഭനായി നീ കരുതുന്ന പ്രിയ ജ്യേഷ്ഠന്‍ സയ്യിദ് ഖുതുബാണ്. ആ ചിന്തകനെ ഇല്ലാതാക്കിയാല്‍ ഈ പ്രസ്ഥാനത്തെ നശിപ്പിക്കാമെന്ന് ഇസ്‌ലാമിന്റെ ചരിത്രമറിയാത്ത ആ വിഡ്ഢികള്‍ കരുതുന്നു. തടവറകളിലെ കഠിനപീഡനങ്ങള്‍ക്കിടയില്‍ ഓരോ ഇഖ്‌വാനിയോടും അവര്‍ ചോദിച്ചുകൊണ്ടിരിക്കുന്നത് സയ്യിദ് ഖുതുബി നെപ്പറ്റിയാണ്. അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും പറയണം. രാജ്യദ്രോഹത്തിന്റെയും അട്ടിമറിയുടെയും വിദേശബന്ധങ്ങളുടെയും അതീവ ദുര്‍ബലമെങ്കിലുമായ ഒരു കച്ചിത്തുരുമ്പ്,.'' സൈനബുല്‍ ഗസ്സാലി പറഞ്ഞുനിര്‍ത്തി.
''ശരിയാണ്, അദ്ദേഹത്തിന്റെ ചിന്തകളെ ഇവര്‍ വല്ലാതെ ഭയപ്പെടുന്നു. ഈ കാലഘട്ടത്തിലെ ഫറോവമാര്‍ക്കുമുമ്പില്‍ ചിന്തിക്കുകയെന്നത് മാപ്പര്‍ഹിക്കാത്ത പാപമാണല്ലോ. എല്ലാവര്‍ക്കും വേണ്ടി ഫറോവ തന്നെ ചിന്തിക്കുന്നുണ്ടല്ലോ. അതുമതിയെന്നാണ് വെപ്പ്. ആ ജല്‍പനങ്ങള്‍ക്ക് തലയാട്ടാതിരുന്നതാണല്ലോ നാം ചെയ്ത തെറ്റ്. എങ്കിലും നമ്മള്‍ സ്ത്രീകളെ അവരിങ്ങനെ കഷ്ടപ്പെടുത്തേണ്ടതില്ലായിരുന്നു.'' ഹമീദ അത് പറഞ്ഞപ്പോള്‍ അവളെ ആശ്വസിപ്പിച്ചുകൊണ്ട് സൈനബുല്‍ ഗസ്സാലി പറഞ്ഞു.
''മോളേ, നീപോലും ഇങ്ങനെയൊക്കെ പറഞ്ഞുതുടങ്ങിയോ? അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പ്രയാസങ്ങളനുഭവിക്കാനും രക്തസാക്ഷ്യം വരിക്കാനും അവസരം കിട്ടുന്നതിന് നാം അല്ലാഹുവിനെ സ്തുതിക്കുക. ഞാനൊരിക്കല്‍ നിന്നോട് പറഞ്ഞില്ലേ? വില കുറഞ്ഞ നമ്മുടെ ഈ ശരീരങ്ങള്‍ അക്രമികള്‍ക്കെറിഞ്ഞുകൊടുത്ത് പരലോകം നേടിയെടുക്കുകയാണ് നാം. അതില്‍ അഭിമാനിക്കുക.''
ഹമീദാ ഖുതുബ് ഒരു ദീര്‍ഘനിശ്വാസത്തോടെ നിശ്ശബ്ദതയിലേക്ക് ഇറങ്ങിപ്പോയി. അവളുടെ കണ്ണുകള്‍ സൈനബി ന്റെ കാലുകളിലായിരുന്നു. വസ്ത്രങ്ങള്‍ വെളിപ്പെട്ട കാല്‍പാദങ്ങളിലെ മുറപ്പാടുകളില്‍നിന്ന് വ്രണജലമൊഴുകുന്നു. സ്വര്‍ഗം സ്വപ്നം കണ്ടു ജീവിക്കുന്ന ആധുനികകാല വിശ്വാസിക്ക് മാതൃതുല്യയാണവര്‍.
സൈനബുല്‍ ഗസ്സാലി ഇന്നലെ കണ്ട സ്വപ്നം സാക്ഷ്യപ്പെടുത്തുന്നതെന്താണ്? അവര്‍ രക്തസാക്ഷിയാകുമെന്നോ? സ്വര്‍ഗത്തിന്റെ അത്യുന്നതങ്ങളില്‍ ഇഖ്‌വാന്റെ സമുന്നത നേതാക്കളോടൊപ്പം അവരുമുണ്ടാകുമെന്നോ? ആ സ്വപ്നത്തില്‍ അവര്‍ റസൂലുള്ളയെ കണ്ടു. റസൂല്‍ അവരെ ആശ്വസിപ്പിച്ചു.''സത്യത്തിന്റെ ശബ്ദം നീ കേള്‍ക്കുന്നുേണ്ടാ സൈനബ്?'' ആ ചോദ്യത്തെത്തുടര്‍ന്ന് ഒരു അശരീരിയും. ''കള്ളക്കോടതികള്‍ അതിന്റെ പണി തുടങ്ങാന്‍ പോകുന്നു. ദൈവധിക്കാരികളുടെ നിയമങ്ങള്‍ നിങ്ങളെ വേട്ടയാടാന്‍ പോകുന്നു. അതിനാല്‍ സഹിക്കുക, ഉറച്ചുനില്‍ക്കുക. അല്ലാഹുവിനെ മാത്രം പേടിക്കുക. നിങ്ങള്‍ക്കു തന്നെയാണ് ഒടുവില്‍ വിജയമുണ്ടാവുക''
റസൂലിനെ സ്വപ്നത്തില്‍ കാണാന്‍ കഴിയുക. റസൂലിന്റെ ആശ്വാസവചനങ്ങള്‍ കേള്‍ക്കാന്‍ കഴിയുക. ഈ മഹാഭാഗ്യം എല്ലാവര്‍ക്കും ലഭിക്കില്ലല്ലോ. അതിനാല്‍ സൈനബുല്‍ ഗസ്സാലി മഹത്വത്തിന്റെ ഉയരങ്ങളിലാണ്. ഇത്രയും മഹത്വമുള്ള ഒരു ഉമ്മയുടെ കൂടെയാവുമ്പോള്‍ ഏതു വിഷമഘട്ടവും കടന്നുപോകാന്‍ പ്രയാസമില്ല. ഇരുപതാം നൂറ്റാണ്ടിന്റെ വിപ്ലവകാരികളുടെ മാതാവിനെ തന്റെ കൂടെ പാര്‍പ്പിച്ചതിന് ഹമീദാ ഖുതുബ് അല്ലാഹുവിനോട് നന്ദി പറഞ്ഞു.
''ഇന്നത്തെ വിചാരണയില്‍ കുറ്റപത്രത്തിലുള്ളതെല്ലാം അംഗീകരിക്കണമെന്നാണ് ശംസ് ബദ്‌റാന്റെ നിര്‍ദ്ദേശം, അതു പറയാനാ യിരുന്നു ഇന്നലെ എന്നെ വിളിപ്പിച്ചിരുന്നത്.'' സൈനബ് പറഞ്ഞു.
''ഗമാല്‍ അബ്ദുന്നാസിറിന്റെ വധത്തില്‍ നിങ്ങള്‍ക്കും സയ്യിദ് ഖുതുബിനും പങ്കുണ്ടെന്നതല്ലേ അത്.''
''അതേ, അങ്ങനെയുള്ള ഗൂഢാലോചനയില്‍ ഞാന്‍ പങ്കെടുത്തത് ഇഖ്‌വാന്‍കാരുടെ ചതിയില്‍പ്പെട്ടാണെന്ന് പറഞ്ഞാല്‍ മതി. എനിക്ക് രക്ഷപ്പെടാം. ഞാനതു വരുന്നിടത്തുവെച്ച് കണ്ടുകൊള്ളാമെന്ന് മറുപടിയും കൊടുത്തു.''
അതിനിടെ അഡ്വക്കറ്റ് ഹുസൈന്‍ അബൂ സൈദ് അങ്ങോട്ട് കടന്നുവന്നു.
''വിചാരണക്ക് പോകാന്‍ നേരമായിത്തുടങ്ങി. തയ്യാറായിക്കോളൂ.''അഡ്വക്കറ്റ് ഹുസൈന്‍ സൈദ്. സൈനബുല്‍ ഗസ്സാലിയുടെ വിചാരണക്കായി അവരുടെ വീട്ടുകാര്‍ ആയിരം ജുനൈഹ് എണ്ണിക്കൊടുത്ത് ഏര്‍പ്പെടുത്തിയ ക്രിസ്ത്യാനിയായ വക്കീല്‍. അങ്ങനെയൊരു വഴിപാട് തനിക്ക് െേവണ്ടന്ന് പലതവണ പറഞ്ഞുനോക്കിയതാണ്. അതുകൊണ്ട് പ്രത്യേകിച്ചൊരു ഗുണവുമില്ല. കുറ്റവും ശിക്ഷയുമെല്ലാം ആദ്യമേ നിശ്ചയിച്ചുവെച്ചിട്ടുള്ള ഈ നാടകത്തില്‍ അതിന്റെയൊന്നും ആവശ്യമില്ല. പക്ഷേ, വീട്ടുകാര്‍ സമ്മതിച്ചില്ല.
സൈനിക ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ സൈനബുല്‍ ഗസ്സാലിയും ഹമീദാ ഖുതുബും പട്ടാളക്കോടതിയിലേക്ക് നടന്നു.
ഇത് രണ്ടാമത്തെ വിചാരണയാണ്. ഒന്നാമത്തേത് നാല്‍പത്തിരണ്ട് ഇഖ്‌വാന്‍ പ്രവര്‍ത്തകരുടെ വിചാരണയായിരുന്നു. സയ്യിദ് ഖുതുബ്, അബ്ദുല്‍ ഫത്താഹ് ഇസ്മാഈല്‍ തുടങ്ങിയ നാല്‍പതുപേരുടെ വിചാരണ. എല്ലാം കഴിഞ്ഞപ്പോള്‍ വിധി പറയാതെ ജഡ്ജി ഇപ്രകാരം പ്രഖ്യാപിക്കുകയാണ് ചെയ്തത്.''സൈനബുല്‍ ഗസ്സാലി അല്‍ ജുബൈലിയെയും ഹമീദാ ഖുതുബ് ഇബ്‌റാഹീമിനെയും പ്രത്യേകം വിചാരണ ചെയ്യാന്‍ കോടതി ഉത്തരവിടുന്നു.''
അന്ന് ഞങ്ങളെ തിരിച്ച് പട്ടാളജയിലിലേക്കു തന്നെ കൊണ്ടുപോയി. പതിനേഴുദിവസം കഴിഞ്ഞു. പ്രലോഭനങ്ങളുടെയും പീഡനങ്ങളുടെയും കെട്ടിച്ചമച്ച കുറ്റങ്ങള്‍ അടിച്ചേല്‍പിക്കുന്നതിന്റെയും സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞ പതിനേഴു ദിവസങ്ങള്‍. വീണ്ടും കോടതിയിലെത്തുകയാണ്.
ആ വിചാരണ ഇന്ന് നടക്കാന്‍ പോകുന്നു. സത്രീകളെ ഭയപ്പെടുന്ന ഭീരുക്കളായ ഭരണാധിപന്മാരുടെ വിചാരണ.
(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top