ചോദ്യങ്ങളും ഉത്തരങ്ങളും

മുഹമ്മദ് ശമീം /ലേഖനം No image

      പ്രവാചകന്മാര്‍ ഏറ്റെടുത്തതും നിറവേറ്റിയതുമായ സാമൂഹിക ദൗത്യത്തെപ്പറ്റി നാം ചിന്തിക്കേണ്ടതാണ്. ഏതുതരം സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നതിന് വേണ്ടിയാണ് അവര്‍ യത്‌നിച്ചിരുന്നത്? അവരില്‍ നിന്നെന്താണ് സമൂഹത്തിന് ലഭിച്ചിരുന്നത്?
പ്രവാചകന്‍ എന്ന അസ്തിത്വത്തിലേക്ക് മുഹമ്മദ് നബി ഉണരുന്നത് ഹിറാഗുഹയില്‍ വെച്ചാണ്. അവിടെ നബി തിരുമേനി അല്ലാഹുവിന്റെ മലക്കിനെ ദര്‍ശിച്ചു. അവിടെ വെച്ചദ്ദേഹത്തിന് ലഭിച്ച ഉല്‍ബോധനം 'വായിക്കുവിന്‍' (ഇഖ്‌റഅ്) എന്നായിരുന്നുവെന്നത് സുവിദിതമാണ്. നിശ്ചയമായും 'നീ നിന്റെ ഈശ്വരന്റെ നാമത്തില്‍ വായിക്കുവിന്‍' എന്നത് മഹത്തരമായൊരു കല്‍പനയായിരുന്നു. എക്കാലത്തെയും എല്ലാ മനുഷ്യര്‍ക്കും നല്‍കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കല്‍പന; മുഹമ്മദ് നബിക്കു ലഭിച്ച ഏറ്റവും പ്രഥമമായ കല്‍പനയും. ആദ്യമായി അവതരിച്ചിട്ടുള്ള കല്‍പനയെന്ന നിലക്ക് ആത്മീയ ജീവിതത്തിന്റെ അസ്തിവാരമായിത്തന്നെ അത് പരിഗണിക്കപ്പെടേണ്ടതാണ്. അതേയവസരം അങ്ങനെയൊരു പ്രാധാന്യം ആ കല്‍പനക്ക് ആരെങ്കിലും നല്‍കുന്നുണ്ടോ? വായിക്കുക. അതായത്, കൂടുതലായി അന്വേഷിച്ചുകൊണ്ടിരിക്കുക. നന്നായി വിശകലനം ചെയ്യുക. ശരിയായി ചിന്തിക്കുക. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുകയും ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുക.
ചോദ്യങ്ങള്‍ പരിവര്‍ത്തനശേഷിയുള്ള ആയുധങ്ങളാണ്. പ്രമുഖനായൊരു ഗ്രീക്ക് ദാര്‍ശനികന്‍ പഠിപ്പിച്ചതു പോലെ, ഉത്തരങ്ങള്‍ അത്ര പ്രധാനമല്ല, ചോദ്യങ്ങള്‍ക്കാണ് പരിവര്‍ത്തനശേഷിയുള്ളത്. ചോദ്യം ചോദിക്കുക എന്നത് പ്രധാനം തന്നെയാണ്. ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കാനാണ് സോക്രട്ടീസ് യുവാക്കളെ പ്രേരിപ്പിച്ചത്. അദ്ദേഹത്തിനെതിരെ അഥീനിയന്‍ ഭരണകൂടം ചുമത്തിയ കുറ്റങ്ങളിലൊന്നുമതായിരുന്നല്ലോ. സമൂഹവും വ്യക്തിയും തമ്മില്‍ സ്ഥിരവും ഉത്തമവുമായ ബന്ധമുണ്ടായെങ്കില്‍ മാത്രമേ ഉത്തമനായ മനുഷ്യനും ഭദ്രമായ സമൂഹവുമുണ്ടായിത്തീരുകയുള്ളൂ എന്നു വിശ്വസിച്ച കങ് ഫ്യു ചിസ് അത്തരത്തിലൊരു ബന്ധം വളരുന്നതിന് നിര്‍ദേശിച്ചുകൊടുത്ത എട്ടു പടികളുള്ള മാര്‍ഗത്തില്‍ ഒന്നാമത്തേത് വസ്തുതകളെക്കുറിച്ച അന്വേഷണം എന്നതാണ്. ചോദ്യങ്ങള്‍ വിജ്ഞാനത്തിന്റെയും വിപ്ലവത്തിന്റെയും താക്കോലുകളാണെന്ന് നബി തിരുമേനി പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചോദ്യങ്ങളധികരിപ്പിക്കരുതെന്ന് ഖുര്‍ആന്‍ കല്‍പിക്കുന്നുമുണ്ട്. അതേസമയം അവിടെ ഖുര്‍ആന്‍ ഉദ്ദേശിക്കുന്നത് പുരോഹിതന്മാരും അധികാരികളും അവരോട് മാനസികമായടിമപ്പെട്ടുപോയ മനുഷ്യരും പ്രവാചകന്മാരെ ആക്ഷേപിച്ചു ചോദിച്ച തരം ചോദ്യങ്ങളെയാകുന്നു. എന്നുതന്നെയല്ല, പരിഹാസത്തിന്റെയും പ്രതിലോമപരതയുടെയും ശബ്ദമാണ് ആ ചോദ്യങ്ങള്‍. ചോദ്യങ്ങളുന്നയിച്ച പുരോഹിതന്മാരെയും അനുയായികളെയും അണലി സന്തതികളേ' എന്നു വിളിച്ചാക്ഷേപിച്ചുവല്ലോ സ്‌നാപകയോഹന്നാന്‍. യഹൂദ പുരോഹിതന്മാര്‍ യേശുവിനോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. സീസറിനു നികുതി കൊടുക്കുന്നതിനെ സംബന്ധിച്ചും 'പിഴച്ച' സ്ത്രീയെ ശിക്ഷിക്കുന്നതിനെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ ഇതിനുദാഹരണമാണ്. അടിമത്തം മാനസികാവസ്ഥയായിപ്പോയ സമുദായം മോശയോടു ചോദിച്ച ചോദ്യങ്ങളെ ഖുര്‍ആന്‍ ഇതിനുള്ള തെളിവായുദ്ധരിച്ചിട്ടുണ്ട്. 'ഞങ്ങളിതിനു മുമ്പും കച്ചവടം നടത്തിയിട്ടുണ്ട്, നീ പറയുന്ന നൈതികതയൊന്നും സാമ്പത്തിക കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് ബാധകമായിരുന്നില്ലെന്നിരിക്കേ ഇപ്പോള്‍ നീയിപ്പറയുന്ന വര്‍ത്തമാനങ്ങള്‍ നിനക്കെവിടുന്നു കിട്ടിയെടോ' എന്ന് ശുഐബ് നബിയോട് സമൂഹത്തിലെ സമ്പന്നന്മാര്‍ ചോദിച്ചതും വേദഗ്രന്ഥത്തില്‍ വായിക്കാം. ദൈവത്തിന്റെ ദാസന്മാരായ മനുഷ്യരെ അടിമകളാക്കി വെക്കരുതെന്ന് ഫറോവയോടു പറഞ്ഞ മോശയോട് അയാള്‍ ചോദിച്ച ചോദ്യവുമിക്കൂട്ടത്തില്‍പ്പെടും. മുമ്പു മുതലേ അവര്‍ അടിമകളായിരുന്നല്ലോ. എന്നിരിക്കെ, അതിനെതിരാണു ദൈവകല്‍പനയെങ്കില്‍ തങ്ങളുടെ മുന്‍ഗാമികളൊക്കെ പിഴച്ചുപോയവരാണെന്നാണോ നമ്മള്‍ മനസ്സിലാക്കേണ്ടതെന്നാണ് ഫറോവ ചോദിച്ചത്. ഇപ്രകാരം വ്യവസ്ഥിതിയോടുള്ള പ്രവാചകന്മാരുടെ കലഹത്തില്‍ നിന്ന് ജനശ്രദ്ധയെ തിരിച്ചുവിടാനുള്ള ചോദ്യങ്ങളാണ് അധികാരികള്‍ ചോദിച്ചതെങ്കില്‍ സാധാരണക്കാരായ മറ്റു ചിലരാകട്ടെ, ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനാണ് ചോദ്യങ്ങള്‍ ചോദിച്ചത്.
അതായത് പരിവര്‍ത്തനോന്മുഖമായ ചോദ്യങ്ങളുള്ളതു പോലെത്തന്നെ പ്രതിലോമപരമായ ചോദ്യങ്ങളുമുണ്ട്. അതില്‍ത്തന്നെ സമ്പ്രദായങ്ങളെ താങ്ങിനിര്‍ത്തുന്ന ചോദ്യങ്ങളും ഉത്തരവാദിത്തങ്ങളോടുള്ള വിമുഖതയുടെ ഉല്‍പന്നങ്ങളായ ചോദ്യങ്ങളുമുണ്ട്.
വായിക്കുക അല്ലെങ്കില്‍ അന്വേഷിക്കുക എന്ന ആഹ്വാനത്തിനു ശേഷം മുഹമ്മദ് നബിക്ക് ലഭിച്ച കല്‍പനയെന്തായിരുന്നു? 'പുതപ്പിട്ടു മൂടിക്കിടക്കുന്നവനേ, ഉടനെ എഴുന്നേല്‍ക്കുവിന്‍, നിന്റെ ജനതക്ക് മുന്നറിയിപ്പു കൊടുക്കുവിന്‍, നിന്റെ നാഥന്റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍, നിന്റെ ഉടുമുണ്ടുകള്‍ വൃത്തിയാക്കിയിടുവിന്‍, സകല മാലിന്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കുവിന്‍, കൂടുതല്‍ പ്രതീക്ഷിച്ചു കൊണ്ടാവരുത് ആര്‍ക്കെങ്കിലും സഹായം ചെയ്യുന്നത്, നിന്റെ ഈശ്വരനു വേണ്ടി ക്ഷമ കൈക്കൊള്ളുവിന്‍' എന്നീ കല്‍പനകളായിരുന്നു അവ.
പുതച്ചുമൂടിക്കിടക്കുക എന്നത് അതീവ സുഖകരമായൊരവസ്ഥയാണ്. പുറത്തു നടക്കുന്നതൊന്നും തന്നെ നമ്മളറിയേണ്ടതില്ല. കാണേണ്ടതും കേള്‍ക്കേണ്ടതുമില്ല. നിലനില്‍ക്കുന്ന ഒരു സൗകര്യത്തിനകത്ത് സുഖനിദ്രകൊള്ളുകയും വിസ്മൃതിയിലകപ്പെടുകയും ചെയ്യുക. പുതപ്പിനടിയില്‍ കഴിയുന്ന മുഹമ്മദിനെ ദൈവം തട്ടി വിളിക്കുകയാണ്, എഴുന്നേല്‍ക്ക്. പുതപ്പങ്ങോട്ടു തട്ടി മാറ്റുക. എണീറ്റിട്ടാളുകളോട് ചില വര്‍ത്തമാനങ്ങള്‍ പറയണം. അവരെ ഉല്‍ബുദ്ധരാക്കുമാറ്. ഈ കട്ടിക്കരിമ്പടം അന്നത്തെ സാമൂഹികാവസ്ഥകളെയും മതസമ്പ്രദായങ്ങളെയും സൂചിപ്പിക്കുന്നു. അന്നാട്ടില്‍ നിലനിന്നിരുന്ന മതപരമോ സാമൂഹികമോ ആയ ഒരത്യാചാരത്തിലും മുഹമ്മദ് പങ്കാളിയായിരുന്നില്ല. എന്നു തന്നെയല്ല, സമൂഹത്തിന്റെ നിലപാടുകളും ജീവിതരീതിയും അന്നത്തെ അധീശസമ്പ്രദായവുമൊന്നും ശരിയല്ലെന്നുള്ള തിരിച്ചറിവിലാണവിടുന്ന് കുറഞ്ഞ കാലത്തേക്ക് ഒരൊളിച്ചോട്ടം നടത്തുകയും ഏകനായി ഗുഹയില്‍ ധ്യാനിക്കുകയും ചെയ്തത്. എന്നാല്‍പ്പോലും സ്വയം വിശുദ്ധനായിരിക്കെത്തന്നെ, അവിശുദ്ധമായ അധീശവ്യവസ്ഥയുടെ തണലിലും ചൂടിലും കഴിഞ്ഞുകൂടാന്‍ നിനക്കനുവാദമില്ലെന്നും ജഡപാരമ്പര്യങ്ങളാലുള്ള കട്ടിപ്പുതപ്പിനെ തട്ടിമാറ്റാന്‍ നീ ബാധ്യസ്ഥനാണെന്നുമാണ് അല്ലാഹു നബിയോട് പറയുന്നത്. ജനതയെ ഉല്‍ബുദ്ധരാക്കാന്‍, അവര്‍ക്ക് മുന്നറിയിപ്പു നല്‍കാന്‍ ദൈവം നബിയോടു കല്‍പിക്കുന്നു.
അപ്പോള്‍ ഒന്നാമതായി നബിയോടു കല്‍പിച്ചത് അറിയാനും അവബോധമാര്‍ജിക്കാനുമാണെങ്കില്‍ തുടര്‍ന്നു പറഞ്ഞത് സമൂഹത്തെ ഉല്‍ബുദ്ധരാക്കാനും പരിവര്‍ത്തിപ്പിക്കാനും. ഒന്നാമത്തേത് ജ്ഞാനമാണ് രണ്ടാമത്തേത് വിപ്ലവമാണ്. നിലവിലുള്ള വ്യവസ്ഥയെ ചോദ്യംചെയ്തുകൊണ്ടല്ലാതെ പരിവര്‍ത്തനോന്മുഖമായ ഉല്‍ബുദ്ധത വളര്‍ത്തിയെടുക്കാന്‍ സാധിക്കില്ലെന്നു സ്പഷ്ടം. സ്വാഭാവികമായും ചോദ്യങ്ങളുന്നയിക്കാനാണ് നബിതിരുമേനി സമൂഹത്തെ പ്രാപ്തരാക്കിയതെന്നു മനസ്സിലാക്കാം. റോമാ സാമ്രാജ്യത്തിന്റെ രാഷ്ട്രീയാധീശത്വത്തെയും അവര്‍ക്ക് പിന്തുണ നല്‍കിയിരുന്ന ജൂത പൗരോഹിത്യത്തെയും ചോദ്യം ചെയ്യാനാണ് യേശു ജനതയെ പഠിപ്പിച്ചിരുന്നത്. സീസറിന്റെ സാമന്തനായി അധികാരം വാണിരുന്ന അന്തിപ്പാസ് രാജാവിന്റെ ചെയ്തികളെയും അധികാരിയായിരിക്കുവാനുള്ള അയാളുടെ അര്‍ഹതയെയും ചോദ്യം ചെയ്തതിന്റെ പേരില്‍ യോഹന്നാന്‍ പ്രവാചകന്റെ തലയറുത്ത കഥ പറയുന്നുണ്ടല്ലോ ബൈബിളില്‍.
തന്റെ ഉത്തരവാദിത്തത്തെ ഓര്‍മിപ്പിക്കുന്ന അന്വേഷണങ്ങളെയാണ് വേദഗ്രന്ഥം പരിശീലിപ്പിക്കുന്നത്. താന്‍ ആരാണ്, എന്തിനാണ്? ഇതു മനസ്സിലാക്കിക്കഴിഞ്ഞാല്‍പ്പിന്നെ, സമൂഹത്തിലും ചരിത്രത്തിലും തനിക്കുള്ള ഉത്തരവാദിത്തത്തെസ്സംബന്ധിച്ച അറിവുകള്‍ അയാളില്‍ നിറയും. സ്വാഭാവികമായും അയാള്‍ തന്റെ ചുറ്റുപാടില്‍ കണ്ടെത്തുന്ന അനീതിയെ ചോദ്യം ചെയ്തു തുടങ്ങും. അങ്ങനെ അയാളില്‍ നിന്നു പുറപ്പെടുന്നു ചോദ്യങ്ങള്‍. സോക്രട്ടീസിന്റെ ശിഷ്യന്മാര്‍ ചോദിച്ചതിത്തരം ചോദ്യങ്ങളാകുന്നു. നീതിയുടെ ചോദ്യങ്ങള്‍. ഇത്തരം ചോദ്യങ്ങള്‍ക്ക് മനുഷ്യരെ പ്രാപ്തരാക്കാനാണ് 'അവരെ ഉല്‍ബോധിപ്പിക്കുവിന്‍' എന്നതിലൂടെ ഖുര്‍ആന്‍ നബിയോട് കല്‍പിക്കുന്നത്. സമൂഹത്തിനു മേല്‍ വിരിക്കപ്പെട്ടിട്ടുള്ള യാഥാസ്ഥിതികത്വത്തിന്റെ കട്ടിപ്പുതപ്പ് തട്ടിമാറ്റുന്നതിന് ഇത്തരം ചോദ്യങ്ങള്‍ ആവശ്യവുമാണ്. അതായത്, സ്വാതന്ത്ര്യത്തിലേക്കും നീതിയിലേക്കും നന്മയിലേക്കും ധാര്‍മികതയിലേക്കുമുള്ള ചോദ്യങ്ങള്‍.
ഖീേെലശി ഏമമൃറലൃ ന്റെ ടീുവശല' െണീൃഹറ എന്ന നോവലില്‍ ജീവിതത്തിന്റെ സങ്കീര്‍ണതകളെസ്സംബന്ധിച്ച് പറയുന്നൊരുപമയുണ്ട്. ജഹമ്യശിഴ ഇമൃറകളെയാണ് അദ്ദേഹം ഉപമാനമായവതരിപ്പിക്കുന്നത്. കറുപ്പും ചുവപ്പുമായ കാര്‍ഡുകള്‍. ഇടയില്‍ വന്നുപോകുന്നൊരു ജോക്കറും. ചുവപ്പും കറുപ്പും നിറമുള്ള കളിച്ചീട്ടുകള്‍ രണ്ടു മനോഭാവങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. സങ്കീര്‍ണമായ ഒരു പാട് ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നുണ്ട് മനുഷ്യലോകം. തൃപ്തികരമായ മറുപടി നല്‍കാനാവുന്നില്ല അവയ്ക്ക്. അപ്പോള്‍പ്പിന്നെ രണ്ടു സാധ്യതകളാണുള്ളത്. എല്ലാമറിയാമെന്നു നടിച്ച് ഈ ലോകത്തെയും അവനവനെത്തന്നെയും വിഡ്ഢികളാക്കുകയെന്നതാണൊന്ന്. രണ്ടാമത്തേത് ചോദ്യങ്ങള്‍ക്കു നേരെ കണ്ണടച്ച് മനുഷ്യപുരോഗതിയെത്തന്നെ തടയലുമാണ്. അങ്ങനെ ആളുകള്‍ രണ്ടായിത്തിരിയുന്നു; ഉറച്ചതെങ്കിലും തെറ്റാവാനിടയുള്ള ധാരണകള്‍ പുലര്‍ത്തുന്നവരും പുരോഗതിയോട് വിമുഖരായിരിക്കുന്നവരും.
തമ്മില്‍ ഇടഞ്ഞും പിണഞ്ഞും അവസാനം നിരയൊത്തും വീണ്ടും കുഴഞ്ഞുമറിഞ്ഞും നില്‍ക്കുന്ന, കറുത്തതും ചുവന്നതുമായ ഈ ചീട്ടുകള്‍ തന്നെയാണ് ജീവിതം. ചിലപ്പോള്‍ മാത്രം ഇടയിലൊരു ജോക്കര്‍ പ്രത്യക്ഷപ്പെടും. ക്ലബ്‌സിലോ ഹാര്‍ട്‌സിലോ സ്‌പേഡ്‌സിലോ ഡയമണ്ട്‌സിലോ പെടാത്ത ഒന്നാണത്. ഒന്നു മുതല്‍ പൂജ്യം വരെയുള്ള അക്കങ്ങളൊന്നുകൊണ്ടും അവന്റെ മൂല്യം അളക്കാനൊക്കില്ല. രാജാവും റാണിയും ഗുലാനും അവന്റെ മുമ്പില്‍ നിഷ്പ്രഭം. ഒരു ചീട്ടു കെട്ടില്‍ ക്ലബ്ബും ഹാര്‍ട്ടും ഡയമണ്ടും സ്‌പേഡും ഒരു പാടുണ്ടാവും. എന്നാല്‍ ജോക്കര്‍ ഒന്നു മാത്രം.
അവന്‍ ചോദ്യം ചോദിക്കുന്നവനാണ്. ശരിയായ അറിവിലേക്ക് മറ്റുള്ളവരെ നയിക്കുന്നവനുമാണ്. വ്യവസ്ഥയെ അഴിച്ചു പണിയുന്നവനും ആധിപത്യത്തെ ചോദ്യം ചെയ്യുന്നവനുമാണ്. അവന്‍ ചിരിക്കുകയും ചിരിപ്പിക്കുകയും ചിരിയെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി വികസിപ്പിക്കുകയും ചെയ്യുന്നു.
ഓരോ ജോക്കറും ഓരോ വിപ്ലവകാരിയാണ്.
മാന്ത്രികന്‍ തൊപ്പിയില്‍ നിന്നു പുറത്തേക്കെടുത്ത ഒരു മുയലിനെക്കൂടി ഉപമയാക്കുന്നുണ്ട് ജസ്റ്റിന്‍ ഗാര്‍ഡര്‍ അതേ പുസ്തകത്തില്‍ത്തന്നെ. മാന്ത്രികന്‍ ഈ വിദ്യ കാണിക്കുമ്പോള്‍ നമ്മള്‍ പെട്ടെന്നു വളരെ വിസ്മയിക്കും. തൊപ്പിയില്‍ നിന്നു പുറത്തെടുക്കപ്പെട്ട മുയലാണ് ലോകം എന്നു കരുതുക. അപ്പോള്‍ മുയല്‍ ലോകം അഥവാ കാര്യവും മാന്ത്രികന്‍ കാരണവും. മുയലിന്റെ ശരീരത്തില്‍ ധാരാളം ചെള്ളുകളുണ്ട്. മുയലിന്റെ തൊലിയോടു ചേര്‍ന്നാണ് ചെള്ളുകള്‍ നിലകൊള്ളുന്നത്. അവയില്‍ ഭൂരിഭാഗവും മുയലിന്റെ തൊലിയും രോമങ്ങളും നല്‍കുന്ന ചൂടിന്റെ സുഖത്തില്‍ മയങ്ങുന്നു. ഒരന്വേഷണ ബുദ്ധിയുമില്ലാത്തതു കൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട അസ്വാസ്ഥ്യങ്ങളൊന്നും തന്നെ അവയെ ബാധിക്കുന്നില്ല. എന്നാല്‍ സാഹസികബുദ്ധിയുള്ള ചില ചെള്ളുകള്‍ മുയല്‍ രോമത്തിലൂടെ മുകളിലേക്കു സഞ്ചരിക്കുകയും മുയലിന്റെ ഉറവിടമായ തൊപ്പിയെയും കാരണമായ മാന്ത്രികനെയും കണ്ടെത്തുകയും ചെയ്യുന്നു. അത് യഥാര്‍ത്ഥത്തില്‍ തങ്ങളെക്കുറിച്ചു തന്നെയുള്ള തിരിച്ചറിവായിത്തീരുന്നു. രോമങ്ങളിലൂടെയുള്ള അവയുടെ സഞ്ചാരം അന്വേഷണയാത്രയാണ്. അതിന് പ്രേരകമായിത്തീരുന്നതാകട്ടെ, ഉള്ളിലുണരുന്ന ചോദ്യങ്ങളും.
ഇനി മറ്റൊന്നു ചിന്തിക്കുക. തൊലിയുടെ ചൂടും പറ്റി ഭൗതികാസക്തിക്കടിപ്പെട്ടു ജീവിക്കുന്ന ചെള്ളുകള്‍ തമ്മില്‍ മല്‍സരമുണ്ടാവുന്നു. ഈ മല്‍സരത്തില്‍ അര്‍ഹതയുള്ളതിന്റെ അതിജീവനമുണ്ടാകുന്നു. അതായത്, കൈയൂക്കുള്ളവന്‍ കാര്യക്കാരനാകുന്നു. ഒരധീശ വ്യവസ്ഥ സൃഷ്ടിക്കപ്പെടുന്നുവെന്നര്‍ത്ഥം. ബഹുഭൂരിഭാഗം ചെള്ളുകളും സമൂഹ ഘടനയില്‍ അടിമകളോ അടിയാന്മാരോ ആയിത്തീരുകയാണ്. മുയലിന്റെ പ്രതലമായ തൊപ്പിയും തൊപ്പിയുടെ ഉടമസ്ഥനായ മാന്ത്രികനെയും കണ്ടെത്തുകയും തുടര്‍ന്നിങ്ങോട്ടുള്ള കാര്യകാരണബന്ധങ്ങളെപ്പറ്റി യാഥാര്‍ത്ഥ്യാധിഷ്ഠിതമായ അവബോധം നേടുകയും ചെയ്തവര്‍ താഴോട്ടിറങ്ങി വരികയും കൂടുതല്‍ ചെള്ളുകളെ ചോദ്യങ്ങളുന്നയിക്കാനും അന്വേഷണത്തിന്റെ വഴിയിലൂടെ യാത്ര ചെയ്യാനും പ്രേരിപ്പിക്കുകയും ചെയ്യുന്നു. അവര്‍ ആധിപത്യങ്ങളെ ചോദ്യംചെയ്യുന്നു, അവയുടെ ശ്രേണീബദ്ധതയെ നിരാകരിക്കുന്നു, മാമൂലുകളെ ധിക്കരിക്കുന്നു. അങ്ങനെ ചോദ്യങ്ങളും അന്വേഷണങ്ങളും കലാപമായിത്തീരുന്നു.
ചോദ്യങ്ങള്‍ ആദിമഹേതുവിനെക്കുറിച്ച അന്വേഷണമായിത്തീരുന്നതോടെയാണ് കൃത്രിമമായ അധികാര ഘടനകളെ നിരാകരിക്കാന്‍ സാധിക്കുന്നത്. പിതുരാധിപത്യത്തിന്റെ ദൈവങ്ങളെയാണ് ഇബ്‌റാഹീം തകര്‍ത്തതെന്നാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. പുരോഹിതനും സ്വന്തം പിതാവുമായ ആസറിനെ ഇബ്‌റാഹീം ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറിപ്പോയ ആസര്‍ വീട്ടില്‍നിന്നദ്ദേഹത്തെ പുറത്താക്കുകയാണ് ചെയ്തത്. രാജാവിനെയും ചോദ്യം ചെയ്തു പ്രവാചകനായ ഇബ്രാഹീം. രാജാവും പിതാവും പുരോഹിതനും പിതൃസ്ഥാനീയരാണ്. എന്നാല്‍ പിതുരാധിപത്യഘടനയില്‍ അവര്‍ പിതൃബിംബങ്ങളായി മാറുന്നു. ഈ ബിംബങ്ങളുടെ തകര്‍ച്ചയെയാണ് ഇബ്‌റാഹീമിന്റെ വിഗ്രഹഭഞ്ജനത്തിലൂടെ നാമറിയുന്നത്. ഏഥന്‍സിലെ പ്രമാണിമാരുടെ ദൈവങ്ങളെ സോക്രട്ടീസും ചോദ്യംചെയ്തു. മനുഷ്യവിരുദ്ധവും വരേണ്യവുമായ മാമൂലുകളെ തകര്‍ത്ത എല്ലാ മഹാന്മാരും ചോദ്യം ചെയ്യാനാണ് പ്രേരിപ്പിച്ചതെന്നു കാണാം. തൊപ്പിയെയും മാന്ത്രികനെയും കണ്ടറിഞ്ഞിട്ടുള്ളവരായിരുന്നു അവര്‍. ഇബ്‌റാഹീം പ്രപഞ്ച വ്യവസ്ഥയെ അറിഞ്ഞുവെന്ന് വേദഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ.
ചോദ്യങ്ങള്‍ക്കുത്തരം തങ്ങളുടെ പക്കലാണുള്ളതെന്ന് ശഠിക്കുന്നവര്‍ സമൂഹത്തിലെ അധികാരികളാണ്. അധികാരികളും പ്രമാണികളും പറയുന്നത് പലപ്പോഴും പലര്‍ക്കും ശരിയും ആകര്‍ഷകവുമായിത്തോന്നിയേക്കും. അവരുടെ വര്‍ത്തമാനങ്ങള്‍ ഭൂമിയില്‍ നിങ്ങളെ വളരെയേറെ ആകര്‍ഷിച്ചേക്കാമെന്നു തന്നെയാണല്ലോ ഖുര്‍ആന്‍ പ്രസ്താവിക്കുന്നത് (അല്‍ ബഖറഃ). എന്നാല്‍ ഭൂമിയില്‍ അക്രമം വ്യാപിപ്പിക്കുകയും മനുഷ്യനെയും വിളവുകളെയും നശിപ്പിക്കുകയുമാവും അധികാരം ലഭിച്ചാല്‍ അവര്‍ ചെയ്യുക. ചോദ്യങ്ങളില്‍ നിന്ന് മുഖംതിരിക്കുന്നവര്‍ ഘടനയോടു പൊരുത്തപ്പെടുന്ന സാധാരണക്കാരും. ചോദ്യങ്ങളുന്നയിക്കുകയും ചോദിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നവരത്രേ വിപ്ലവകാരികള്‍.
ഇപ്രകാരം ചോദ്യങ്ങളുടെ രാഷ്ട്രീയ പ്രസക്തിയെ തിരിച്ചറിയണമെന്നാണ് ഖുര്‍ആന്റെ ആഹ്വാനം. ചോദ്യങ്ങളുടെ ആധാരം അന്വേഷണവുമാവണം. അതിനാല്‍ത്തന്നെയാണ് വേദഗ്രന്ഥം അതിന്റെ ഉല്‍ബോധനം 'വായിക്കുക' (ഇഖ്‌റഅ്) എന്ന കല്‍പനയിലാരംഭിച്ചത്.
'വായിക്കുക.., നിന്റെ ഈശ്വരന്റെ നാമത്തില്‍, അവനല്ലോ നിന്നെ സൃഷ്ടിച്ചത്. മനുഷ്യനെ ഒട്ടിപ്പിടിക്കുന്ന പിണ്ഡത്തില്‍ നിന്ന് രൂപപ്പെടുത്തിയതവന്‍ തന്നെ. ആകയാല്‍ നീ വായിക്കുക. നിന്റെ ഈശ്വരന്‍ അത്യധികം ഔദാര്യവാനത്രേ. എന്തെന്നാല്‍ അവന്‍ തൂലികയാല്‍ നിനക്കറിവു നല്‍കി. അവന്‍ മനുഷ്യനെ അവനറിയില്ലായിരുന്നത് പഠിപ്പിച്ചു.' (ഖുര്‍ആന്‍ സൂറഃ അല്‍ അലഖ്:15)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top