'തര്‍ത്തീല്‍' <br>വേറിട്ടൊരു സ്‌റ്റേജ് ഷോ

നിദ ലുലു കെ.ജി No image


      കണ്ണൂരിലെ ചേംബര്‍ ഹാള്‍ ഓഡിറ്റോറിയം, നൂറുകണക്കിന് ജനങ്ങള്‍ തിങ്ങി നിറഞ്ഞ സദസ്സ്, ശബ്ദമയമായ അന്തരീക്ഷം. ആളുകള്‍ പരസ്പരം സംസാരിക്കുന്നതിന്റെ അസ്വസ്ഥത, കുട്ടികളുടെ ഉറക്കെയുള്ള നിലവിളികള്‍,  മത്സരം തുടങ്ങാറായെന്ന അനൗണ്‍സ്‌മെന്റുകളൊന്നും ആരും ഗൗനിക്കുന്നേയില്ല. ഫൈനലിലെ മുപ്പത്തിനാല് മത്സരാര്‍ഥികളില്‍ നിന്നും ആദ്യത്തെ ആളുകളുടെ ഊഴം. വിശുദ്ധ ഖുര്‍ആനില്‍ നിന്നും നിര്‍ണിത സൂക്തം പാരായണം തുടങ്ങിയതും ഞൊടിയിടെ സദസ്സ് നിശബ്ദതയിലാണ്ടു. എല്ലാ ചലനങ്ങളും നിലച്ചു. ഗാംഭീര്യത്തില്‍ ചാലിച്ച, അനിര്‍വചനീയമായ ശാന്തത. സദസ്സ്യരുടെ മുഴുവന്‍ ശ്വാസവും നിലച്ചതുപോലെ. തുടര്‍ച്ചയായ 34 ഖിറാഅത്തുകള്‍, മനോഹരമായൊഴുകുന്ന നദിപോലെ പതിയെയുള്ള നീരൊഴുക്ക്. ചിലപ്പോള്‍ ശൂരതയുടെ കൂലംകുത്തിയൊഴുക്ക്. വൈവിധ്യമാര്‍ന്ന ഭാവപ്രപഞ്ചങ്ങള്‍ ലയിച്ചു ചേരുന്ന സ്വരമാധുരി. അവാച്യമായ അനുഭവം. 'അല്ലാഹുവിനെ പറയപ്പെടുന്നതുകേട്ടാല്‍ ഹൃദയം പ്രകമ്പിതരാകുന്നവരത്രെ സത്യവിശ്വാസികള്‍,' 'അതു കേള്‍ക്കുമ്പോള്‍ റബ്ബിനെ ഭയപ്പെടുന്ന ജനത്തിന് രോമാഞ്ചമുണ്ടാകുന്നു. അനന്തരം അവരുടെ ശരീരങ്ങളും മനസ്സുകളും തരളിതരായി ദൈവസ്മരണയിലേക്ക് ഉന്മുഖമാകുന്നു.' എന്നീ ഖുര്‍ആന്‍ ആയത്തുകള്‍ അക്ഷരാര്‍ഥത്തില്‍ പുലര്‍ന്നുപോയ നിമിഷങ്ങള്‍. എല്ലാവരും ഒന്നിനൊന്ന് മുന്നില്‍. ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍വെച്ച് നടക്കുന്ന മെഗാ ഫൈനലില്‍ മാറ്റുരക്കാന്‍ പത്തു പേര്‍ക്കു മാത്രം അവസരം. സദസ്സ് നിര്‍ണ്ണായകമായ ഫലപ്രഖ്യാപനത്തിലേക്ക് ഉറ്റുനോക്കുന്ന സന്ദര്‍ഭം. സംസ്ഥാന വ്യാപകമായി നടന്ന പ്രൈമറി മത്സരത്തില്‍ ഏകദേശം ആയിരത്തി അഞ്ഞൂറിലധികം കുട്ടികള്‍ പങ്കെടുത്തിരുന്നു. ഓരോ ജില്ലകളില്‍ നിന്നും സെക്കന്ററി തലവും പിന്നിട്ട് ഫൈനലിലെത്തിയവരാണിവര്‍.
വെറും പാരായണം മാത്രമായിരുന്നില്ല മത്സരം. 'തര്‍ത്തീല്‍' എന്ന പേരിനോടുള്ള നീതീകരണം കൂടിയായിരുന്നു. 'സൂറത്തുന്നൂര്‍' വിശദീകരണ സഹിതം പഠിച്ച് എഴുതുന്ന പ്രശ്‌നോത്തരിയില്‍ ലഭിക്കുന്ന മാര്‍ക്കും പരിഗണിച്ചായിരിക്കും ഫലം. തജ്‌വീദ് നിയമങ്ങള്‍ കൃത്യമായി പാലിച്ച് സ്വരമാധുരിയോടെ പാരായണം ചെയ്താലും ഹൃദയത്തില്‍ സ്പര്‍ശിക്കാത്ത, കേവല അധര വ്യായാമമായാല്‍ പ്രയോജനമില്ലല്ലോ. പര്‍വ്വതങ്ങളെപ്പോലും പ്രകമ്പനം കൊള്ളിക്കാന്‍പോന്ന മഹത്വവും ഗാംഭീര്യവുമുള്ള, ഊഷര മനസ്സുകളിലും മരുഭൂമികളിലും വസന്തങ്ങള്‍ വിരിയിച്ച, ഒന്നുമില്ലാതിരുന്ന പരുക്കന്‍ ഗ്രാമീണ അറബികളെ നാഗരികതകളുടെയും സംസ്‌കാരത്തിന്റെയും ലോകാവസാനം വരെയുള്ള നായകന്മാരാക്കിയ അല്ലാഹുവിന്റെ അക്ഷര ദൃഷ്ടാന്തത്തെ ഉള്ളിലേക്കാവാഹിച്ചുകൊണ്ടുള്ള പാരായണം. നയനങ്ങളില്‍നിന്ന് ബാഷ്പം വഴിഞ്ഞൊഴുകണം. മുഖം കുത്തി വീണ് ദൈവ സമക്ഷം സാഷ്ടാംഗം പ്രണമിക്കാന്‍ കഴിയണം.
അവിടെ വെച്ച് 'ദശരത്‌നങ്ങള്‍' തെരഞ്ഞെടുക്കപ്പെട്ടു. മറിയം റൈഹാന്‍ (മലപ്പുറം), ഹനാന്‍ സഈദ് (കാസര്‍ഗോഡ്), മുഹ്‌സിന അബ്ദുല്‍ ഗഫൂര്‍ (കോഴിക്കോട്), ഷംസിയ (പാലക്കാട്), റുമൈല (മലപ്പുറം), ഹിബ ലിയ (കാസര്‍ഗോഡ്), റഫ റാസിഖ് (കണ്ണൂര്‍), ബാസില മൈസൂന്‍, ഹുദ ഫാത്വിമ, അമീന ഖാലിദ് എന്നിവര്‍.
ദ്വിവര്‍ഷ പദ്ധതിയായി ജി.ഐ.ഒ നടത്തിവരുന്ന തര്‍ത്തീലിന് ചില ലക്ഷ്യങ്ങളുണ്ട്. ആത്മാവിനെ അലങ്കരിക്കുന്ന, സ്വജീവിതത്തിന് വഴിയേകുന്ന ഖുര്‍ആന്‍ പാരായണം പ്രോത്സാഹിപ്പിക്കപ്പെടണം. ഖുര്‍ആനിന്റെ യഥാര്‍ഥ സൗന്ദര്യാവിഷ്‌കാരമായി അത് മാറണം. അതില്‍നിന്നുള്ള സദ്ഫലങ്ങള്‍ സമൂഹത്തിന് ലഭിക്കണം. ഖുര്‍ആന്‍ ഹൃദയത്തില്‍നിന്ന് ദൈവത്തോടൊപ്പം വരുന്നതാണ്. അതായത് ദൈവം നമ്മോട് സംസാരിക്കുകയാണ്. അതിന്റെ പാരായണത്തില്‍ നൈപുണ്യം നേടിയവരുടെ സ്ഥാനം വെളിപാട് കൊണ്ടുവന്ന ആദരണീയരും സൂക്ഷ്മാലുക്കളുമായ മാലാഖമാര്‍ക്കൊപ്പമാണ്. ഖുര്‍ആനെ ശബ്ദത്താല്‍ സുന്ദരമാക്കണമെന്ന് നബി (സ) പറയുകയുണ്ടായി. അര്‍ഥം ഗ്രഹിക്കുന്നവര്‍ക്കു മാത്രമല്ല ഗ്രഹിക്കാത്തവരുടെ മനസ്സില്‍ കൂടി അതുണ്ടാക്കുന്ന പ്രകമ്പനം വലുതാണ്. പ്രസിദ്ധ സൗദി പണ്ഡിതന്‍ അഹ്മദ് ഖാലിദ് അദ്ദേഹത്തിന്റെ അനുഭവം വിവരിക്കുന്നുണ്ട്. ജിദ്ദയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷ്യനിസ്റ്റായി ജോലിനോക്കുന്ന അടുത്ത ബന്ധു, ഓഫീസിലിരിക്കുന്ന സമയത്ത് ഖാരിഅ് ശൈഖ് സുല്‍ത്വാനുല്‍ ഉംരിയുടെ സൂറത്തു ഖാഫ് പാരായണം അല്‍പം ഉച്ചത്തില്‍ 'പ്ലേ' ചെയ്ത് അതില്‍ ലയിച്ചിരിക്കുന്ന സമയം. വാതിലില്‍ ആരോ തട്ടിവിളിക്കുന്ന ശബ്ദംകേട്ട് തുറന്നുനോക്കുമ്പോള്‍ ഒരു യൂറോപ്യന്‍ ലേഡീ ഡോക്ടര്‍ ഇരു കവിളിലൂടെയും കണ്ണുനീര്‍ വാര്‍ത്തു പുറത്തു നില്‍ക്കുന്നു. ഖുര്‍ആന്‍ പാരായണം കേട്ട് മുകളില്‍നിന്ന് ഇറങ്ങിവന്നതായിരുന്നു അവര്‍. ആ സ്ത്രീ പിന്നീട് ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചതിനു ശേഷം മുസ്‌ലിമാവുകയുണ്ടായി. പ്രസിദ്ധ ഈജിപ്ഷ്യന്‍ ഖാരിഅ് അബ്ദുല്‍ ബാസിത്വ് റഷ്യയില്‍ കമ്യൂണിസ്റ്റ് ഈജിപ്ഷ്യന്‍ രാഷ്ട്രീയ പ്രതിനിധികള്‍ പങ്കെടുത്ത കോണ്‍ഫറന്‍സില്‍ തന്റെ ഖിറാഅത്തു കേട്ട് നിരീശ്വരവാദികളായ നാല് കമ്യൂണിസ്റ്റ് നേതാക്കള്‍ കണ്ണീര്‍ വാര്‍ത്തതായി സ്മരിക്കുകയുണ്ടായി. അവര്‍ പറഞ്ഞത്രേ. ''എന്തൊരു വചനങ്ങളാണ് നിങ്ങള്‍ പാരായണം ചെയ്തത്! അതെന്താണെന്ന് ഞങ്ങള്‍ക്കറിയില്ല. പക്ഷേ തീര്‍ച്ചയായും അവ ഞങ്ങളുടെ ഹൃദയത്തെ തൊടുന്നവയായിരുന്നു.'' ഖുര്‍ആനിക വചനങ്ങളുടെ ആശയം മനസ്സിലാക്കുന്നവര്‍ക്കു മാത്രമല്ല, ആശയം മനസ്സിലാക്കാത്തവരുടെ മനസ്സിലും അവ അലയൊലികള്‍ സൃഷ്ടിക്കുന്നുണ്ട്. അറബികള്‍ക്കോ അനറബികള്‍ക്കോ കീഴ്‌പെടുത്താന്‍ കഴിയാത്ത സാഹിത്യശക്തി പിന്നിട്ട നൂറ്റാണ്ടുകളിന്നോളം ഖുര്‍ആന്‍ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നു. അക്ഷരവ്യത്യാസങ്ങളില്ലാതെ തലമുറകളുടെ ഹൃദയങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഖുര്‍ആന്റെ മാസ്മരികത ലോകത്തിന് പരിചയപ്പെടുത്തുകയാണ് തര്‍ത്തീലിലൂടെ ജി.ഐ.ഒ.
സമാപന സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് അമേരിക്കയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിത റാനിയ അവാദ് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയുണ്ടായി. വലിയൊരു പെണ്‍കൂട്ടം ഖുര്‍ആന്‍ പാരായണം ചെയ്യുവാനും പഠിക്കുവാനും മുന്നിട്ടിറങ്ങുന്നു എന്നതില്‍ വലിയ സന്തോഷം രേഖപ്പെടുത്തി. പ്രൊഫഷണല്‍ വിദ്യാഭ്യാസം ഖുര്‍ആന്‍ പഠനത്തിനും മതവിജ്ഞാനം കരസ്ഥമാക്കുന്നതിനും തടസ്സമാകരുതെന്ന് സ്വന്തം ജീവിതം മുന്നില്‍ വെച്ചുകൊണ്ടവര്‍ ആവശ്യപ്പെട്ടു.
ആയിരത്തി അഞ്ഞൂറില്‍ നിന്ന് മൂന്നിലേക്കും, മൂന്നില്‍നിന്ന് ഒന്നിലേക്കും, തര്‍ത്തീല്‍ അതിന്റെ പരിസമാപ്തിയിലെത്തിയ ആഹ്ലാദത്തിലായിരുന്നു കണ്ണൂരിലെ ജില്ലാബാങ്ക് ഓഡിറ്റോറിയമപ്പോള്‍. ആയിരങ്ങള്‍ക്കുമുന്നില്‍ അല്‍ജാമിഅ ശാന്തപുരം ഏരിയയില്‍ നിന്നുള്ള മത്സരാര്‍ഥി മറിയം റൈഹാന്‍ തര്‍ത്തീല്‍ 14-ന്റെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. തൃക്കരിപ്പൂര്‍ സ്വദേശി ഹനാന്‍ സഈദ്, കോഴിക്കോട്ടുകാരി മുഹ്‌സിന അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ഔപചാരികമായ പാരായണ പഠനത്തിന്റെ വിശേഷങ്ങളില്ലാത്ത ഈ മിടുക്കികള്‍ക്ക് ചിട്ടയായ പഠനത്തിന്റെയും നിരന്തര പരിശീലനത്തിന്റെയും കഥകളായിരുന്നു പറയാനുണ്ടായിരുന്നത്. സാധാരണയില്‍ കവിഞ്ഞ പാണ്ഡിത്യമോ സര്‍ട്ടിഫിക്കറ്റുകളോ അവകാശപ്പെടാനില്ലാത്ത, ഖുര്‍ആനോടുള്ള സ്‌നേഹം കാത്തുസൂക്ഷിക്കുന്ന മാതാപിതാക്കളാണ് അവരുടെ ഭാഗ്യം.
എ.ജി.ഐ സ്‌കൂളില്‍ അഡ്മിനിസ്‌ട്രേറ്ററായ അബ്ദുല്ല- തസ്‌നീം ദമ്പതികളുടെ നാലുമക്കളില്‍ മുതിര്‍ന്നയാളാണ് മറിയം. ആദ്യ സ്ഥാനക്കാരി താനാണെന്നറിഞ്ഞപ്പോള്‍ മൂന്നു വയസ്സുമുതല്‍ ഉപ്പയും ഉമ്മയും കത്തിച്ച തിരി പതിയെ വലിയ പ്രകാശം പരത്തുന്നതിന്റെ നിറകണ്‍ചിരിയായിരുന്നു അവളില്‍. അറിവ് തികഞ്ഞു എന്ന ഭാവത്തില്‍ ഖുര്‍ആന്‍ അടച്ചുവെക്കരുതെന്നും ഇനിയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്ന ഉമ്മയുടെയും പരായണത്തിലേക്കാളുപരി അതനുസരിച്ച് ജീവിക്കുക എന്നതാണ് പ്രധാനമെന്ന ഉപ്പയുടെയും ഉപദേശങ്ങളെ അവള്‍ വിലമതിക്കുന്നു. സംസാരം അവസാനിപ്പിക്കുമ്പോള്‍, 'നിങ്ങളില്‍ ഖുര്‍ആന്‍ പഠിക്കുന്നവനും പഠിപ്പിക്കുന്നവനുമാണ് ഏറ്റവും ഉത്തമരായവര്‍' എന്ന് നബി പറഞ്ഞിട്ടില്ലേ എന്ന ചോദ്യത്തിലായിരുന്നു അവള്‍.
ആദ്യ മൂന്ന് സ്ഥാനത്തെത്തിയവരെല്ലാം പ്രവാസജീവിതത്തിന്റെ സന്തതികളാണ്. തനതായ അറേബ്യന്‍ മൊഴിയുമായുള്ള പരിചയമാകാം. വിജയികളായതോടെ 'നാട്ടുകാരി'യായി അംഗീകരിച്ചുകിട്ടിയെന്ന സന്തോഷത്തിലാണിവര്‍. റിയാദില്‍ ജോലി ചെയ്യുന്ന സഈദ് ഉമറിന്റെയും കൈക്കോട്ട്ക്കടവ് സ്‌കൂള്‍ അധ്യാപിക ജുവൈരിയയുടെയും മകളായ ഹനാന്‍ സഈദിന്റെയും ശക്തി മാതാപിതാക്കളുടെ അധ്യാപനം തന്നെയാണ്. എന്നാല്‍ ടോപ്‌ടെന്നില്‍ കയറാന്‍ സാധിച്ചതിന്റെ സന്തോഷത്തെക്കുറിച്ചായിരുന്നു മുഹ്‌സിനക്കു പറയാനുണ്ടായിരുന്നത്. ജിദ്ദയിലെ അറബ് ന്യൂസ് പത്രത്തിന്റെ എഡിറ്റര്‍ എ.പി അബ്ദുല്‍ ഗഫൂറിന്റെയും റംലയുടെയും മകളാണിവര്‍. പത്താം സ്ഥാനത്തുണ്ടായിരുന്ന ലമീസിന് ചില സാഹചര്യ പ്രശ്‌നങ്ങളാല്‍ മത്സരിക്കാന്‍ കഴിയാതെ വരികയും പതിനൊന്നാം സ്ഥാനത്തുണ്ടായിരുന്നയാള്‍ അന്നുതന്നെ വീട്ടിലേക്കു മടങ്ങുകയും ചെയ്ത അപൂര്‍വ അവസരത്തിലേക്കാണ് പന്ത്രണ്ടാം സ്ഥാനക്കാരിയായ മുഹ്‌സിന കയറിവന്നത്. അക്കാരണംകൊണ്ട് തന്നെ മെഗാഫൈനലില്‍ ഏഴുപേരെയും പിന്തള്ളി മൂന്നാംസ്ഥാനത്തെത്തി നില്‍ക്കുമ്പോള്‍ വിജയത്തിന് തിളക്കമേറെ.
പാരായണം മറന്നു പോകുന്ന തലമുറക്ക് ശക്തമായ പ്രേരണയുമായാണ് തര്‍ത്തീല്‍ കടന്നുവരുന്നത്. നിത്യേന എല്ലാവരും ഖുര്‍ആന്‍ പാരായണം ചെയ്യുന്നുണ്ടെങ്കിലും മത്സരരംഗത്തേക്കു വരുമ്പോള്‍ അതിന് ഗൗരവമേറുന്നു. 'മത്സരിക്കുന്നവര്‍ നന്മയില്‍ മത്സരിക്കട്ടെ' എന്ന ഖുര്‍ആനിക ആയത്തിനുള്ള മറുപടിയാണ് യഥാര്‍ഥത്തില്‍ തര്‍ത്തീല്‍. ഫൈനല്‍ മത്സരത്തിലെ 'സൂറത്തുന്നൂര്‍' പ്രശ്‌നോത്തരി വളരെ ആഴത്തില്‍ പഠിച്ചവര്‍ക്കു മാത്രം ഉത്തരമെഴുതാന്‍ കഴിയുന്ന ഒന്നായിരുന്നു. ഖുര്‍ആന്‍ പാരായണത്തോടൊപ്പം ആശയതലത്തില്‍കൂടി ഉന്നത നിലവാരത്തില്‍കൂടി ചിന്തിക്കുന്ന ഒരു കൂട്ടത്തെ സൃഷ്ടിക്കുകയാണ് തര്‍ത്തീല്‍ ചെയ്യുന്നത്. രാജ്യാന്തര തലത്തില്‍ കൂടിയുള്ള വികാസം ലക്ഷ്യം വെച്ച് ബാംഗ്ലൂര്‍, സൗദി അറേബ്യ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ മത്സരം സംഘടിപ്പിക്കുകയുണ്ടായി. ബാംഗ്ലൂരിലെ പ്രൈമറിതല വിജയികള്‍ കേരളത്തിലെ സെക്കന്ററിതല മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തു. ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ കൂടി സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.
തര്‍ത്തീലിനോടനുബന്ധിച്ച് മൂന്ന് ദിവസം നീണ്ടുനിന്ന 'എക്‌സ്‌പോ' കോര്‍ണര്‍ ആയിരക്കണക്കിന് ആളുകള്‍ സന്ദര്‍ശിക്കുകയും നാലായിരത്തോളം പേര്‍ അഭിപ്രായം രേഖപ്പെടുത്തുകയുമുണ്ടായി. മൈക്രോസ്‌കോപ്പ് വെച്ചോതുന്ന ലോകത്തിലെ ഏറ്റവും ചെറിയ ഖുര്‍ആന്‍ മുതല്‍ രണ്ടാള്‍ നീളമുള്ള വലിയ ഖുര്‍ആനടക്കം വൈവിധ്യമാര്‍ന്ന ഖുര്‍ആനുകള്‍. വിവിധ ഭാവത്തില്‍, പല വലുപ്പത്തിലുള്ളവ. കല്ല്, മാര്‍ബിള്‍, സിങ്ക് തുടങ്ങിയവയില്‍ കൊത്തിവെച്ചവ, വ്യത്യസ്ത ഭാഷകളില്‍ അച്ചടിച്ചു വന്നവ, ക്യാമറ ഫിലിമില്‍ എഴുതപ്പെട്ടവ തുടങ്ങി ഖുര്‍ആന്റെ സുന്ദരമായ രൂപഭേദങ്ങള്‍. നബി(സ)യുടെയും പ്രിയപത്‌നിമാരുടെയും പിന്‍ഗാമികളായി പിന്നീട് ഉയര്‍ന്നു വന്ന അസ്മാ ബല്‍താജി, ഉമ്മു നിദാല്‍, തവക്കുല്‍ കര്‍മാന്‍ തുടങ്ങിയവരെക്കുറിച്ചുള്ള സ്മരണകള്‍, മുസ്‌ലിം വാസ്തുവിദ്യയുടെ ഗരിമ വിളിച്ചോതുന്ന ഫോട്ടോകള്‍, ഇസ്‌ലാമിക ചരിത്രത്തിലെ വിശുദ്ധ അധ്യായമായ ഫാത്വിമ (റ)വിന്റെ വസ്ത്രങ്ങളുടെ ഫോട്ടോകള്‍, ഖുര്‍ആനിലെ ശാസ്ത്രസത്യങ്ങള്‍, ആദ്യത്തെ പള്ളികള്‍, കാലിഗ്രാഫികള്‍, അബ്ബാസിയ കാലഘട്ടത്തിലെ നാണയങ്ങള്‍ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും റാംപൂര്‍ പോലുള്ള മ്യൂസിയങ്ങളില്‍ നിന്നും ശേഖരിക്കപ്പെട്ട അമൂല്യ വസ്തുക്കളുടെ പ്രദര്‍ശനമായിരുന്നു തര്‍ത്തീല്‍ എക്‌സ്‌പോ കോര്‍ണര്‍.
വാണിദാസ് എളയാവൂര് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. വ്യത്യസ്ത സമുദായ സംഘടനകളില്‍നിന്ന് അകമഴിഞ്ഞ പ്രോത്സാഹനവും സഹായ വാഗ്ദാനങ്ങളുമാണ് ഈയൊരു സംരംഭത്തിന് ലഭിച്ചത്. എക്‌സ്‌പോ കോര്‍ണര്‍ ക്വിസ് മത്സരത്തില്‍ ഖാലിദ മുഹമ്മദ് വട്ടക്കുളം, ഹസീന കവിയൂര്‍ എന്നിവര്‍ വിജയികളായി.
തര്‍ത്തീലിന്റെ വിജയം മുസ്‌ലിം സമൂഹത്തിന്റെ അത്ഭുതകരമായ മുന്നേറ്റത്തിന്റെ സൂചനയാണെന്ന് പരിപാടി വിലയിരുത്തിക്കൊണ്ട് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് സംസാരിക്കുകയുണ്ടായി. ലോകത്ത് നവ സാമൂഹിക പോരാട്ടങ്ങള്‍ക്ക് ആശയപരമായി കരുത്ത് പകരുന്ന ഖുര്‍ആന്റെ സൗന്ദര്യാവിഷ്‌കാരത്തിന് കേരളത്തിലെ നേതൃപരമായ പങ്കാണ് തര്‍ത്തീല്‍ വഹിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി ജനറല്‍ സെക്രട്ടറി പി.മുജീബ് റഹ്മാന്‍ അഭിപ്രായപ്പെട്ടു. തര്‍ത്തീല്‍ പോലുള്ള പരിപാടികളുടെ തുടര്‍ച്ച ഇന്ത്യാ രാജ്യത്തിന്റെ തന്നെ സുപ്രധാന മാറ്റങ്ങള്‍ക്ക് കാരണമാകും എന്ന പ്രതീക്ഷയാണ് തമിഴ്‌നാട് ജമാഅത്ത് വനിതാവിംഗ് അസിസ്റ്റന്റ് ഓര്‍ഗനൈസര്‍ ഖദീജ ഖാജക്ക് പങ്കുവെക്കാനുണ്ടായിരുന്നത്. തമിഴ്‌നാട്ടില്‍ ഇതുപോലൊരു പദ്ധതിക്ക് തുടക്കമിടാന്‍ ആലോചനയായിട്ടുണ്ടെന്നും സൗത്തിന്ത്യ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒരു സംരംഭമായി ഇതിനെ വികസിപ്പിക്കാനാവുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലുടനീളം ജി.ഐ.ഒക്ക് കീഴില്‍ വ്യാപിക്കാന്‍ കഴിയുന്ന പ്രോഗ്രാമായി ഇതിനെ വികസിപ്പിക്കണമെന്നായിരുന്നു ജി.ഐ.ഒ തമിഴ്‌നാട് പ്രസിഡണ്ട് തസ്‌നീം മുബീന ആവശ്യപ്പെട്ടത്. പ്രാഥമിക മദ്രസാ വിദ്യാഭ്യാസത്തിനു ശേഷം ഒരു പെണ്‍കൂട്ടായ്മ ഖുര്‍ആന്‍ പഠിക്കാന്‍ മുന്നോട്ട് വരിക, അതില്‍ മത്സരം സംഘടിപ്പിക്കുക, അതിശയിപ്പിക്കും വിധം പാരായണം ചെയ്യുക എന്നത് പ്രോത്സാഹനാജനകമാണെന്നാണ് കണ്ണൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദിന് പറയാനുണ്ടായിരുന്നത്. ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പേ അവതരിച്ച ഖുര്‍ആനിനെ ജീവസ്സുറ്റതാക്കുന്നതിലുള്ള ഇടപെടലുകളാണിതെന്നും മത്സരാര്‍ഥികള്‍ക്കു മാത്രമല്ല, പ്രേക്ഷകര്‍ക്കും കൂടിയുള്ള പ്രചോദനമാണ് തര്‍ത്തീല്‍ എന്നുമവര്‍ കൂട്ടിച്ചേര്‍ത്തു. ഖുര്‍ആനിന്റെ ആസ്വാദന തലമാണ് തര്‍ത്തീല്‍. അതില്‍ നിന്ന് വൈജ്ഞാനിക തലങ്ങളെ സ്പര്‍ശിക്കാന്‍ കഴിയണം. തര്‍ത്തീലില്‍ (പാരായണം) നിന്ന് തഫ്ഹീമിലേക്കും (മനസ്സിലാക്കല്‍) തഫ്ഹീമില്‍ നിന്ന് തഫ്കീറിലേക്കും (ചിന്ത) അതുവഴി തസ്‌കിയത്തി (സംസ്‌കരണം) ലേക്കും എത്താന്‍ കഴിയണം. അതിനൊരു മാര്‍ഗമാകട്ടെ 'തര്‍ത്തീല്‍ 14' എന്ന് എം.ജി.എം ജനറല്‍ സെക്രട്ടറി ഷമീമ ഇസ്‌ലാഹിയ ആശംസിക്കുകയുണ്ടായി. കേരളത്തിലെ പെണ്‍കുട്ടികള്‍ വലിയ കരുത്താര്‍ജ്ജിച്ചിരിക്കുന്നു എന്നതിന്റെ അടയാളമാണ് അവര്‍ സ്വയം തന്നെ രൂപപ്പെടുത്തിയെടുത്ത ഇത്തരമൊരു മത്സരം.
വിധികര്‍ത്താക്കള്‍ കൂടി സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടാവണമെന്നും പാരായണ തലത്തില്‍ മാത്രമല്ല, ഖുര്‍ആനിക ഗവേഷണ രംഗത്തും ശാസ്ത്രസാഹിതീയ രംഗത്തും മുന്നേറ്റം സാധ്യമാകണമെന്നും 'തര്‍ത്തീല്‍14'ന്റെ വിധികര്‍ത്താവായിരുന്ന മുഹമ്മദ് പെരുമയില്‍ അഭിപ്രായപ്പെട്ടു. ഖുര്‍ആന്‍ പഠനചിന്തകള്‍ക്ക് വളമിടുന്ന ഇത്തരം പരിപാടികളുടെ നൈരന്തര്യമാണ് നാം പ്രതീക്ഷിക്കുന്നത് എന്നായിരുന്നു മറ്റൊരു വിധികര്‍ത്താവായികുന്ന അബ്ദുല്ല കരുവമ്പൊയിലിന് പറയാനുണ്ടായിരുന്നത്.
കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ തന്നെ പെണ്‍കുട്ടികളുടെ ഭാഗത്തുനിന്നുള്ള പ്രഥമ ഖുര്‍ആന്‍ പാരായണ മത്സരമാണ് തര്‍ത്തീല്‍. ഇത്തരം സംരംഭങ്ങള്‍ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് തൗഫീഖ് മമ്പാട് സൂചിപ്പിച്ചു. അന്ത്യനാള്‍ വരെ മാറ്റത്തിരുത്തലുകള്‍ക്ക് സാധ്യമല്ലാത്ത ഖുര്‍ആന്റെ ആവിഷ്‌കാര സാധ്യതകളിലൊന്നാണ് തര്‍ത്തീല്‍. ഓരോ സമൂഹവും ചില സെലബ്രിറ്റികളെ സൃഷ്ടിച്ചെടുക്കാറുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ ആഘോഷപാത്രങ്ങള്‍ തര്‍ത്തീല്‍ പോലുള്ള മത്സരങ്ങളില്‍ നിന്നുയര്‍ന്നു വരുന്നവരാകണം. ഒരു ഖുര്‍ആന്‍ ഫെസ്റ്റായി ഇതിനെ വളര്‍ത്തിക്കൊണ്ടുവരണമെന്ന് ടി. മുഹമ്മദ് ആവശ്യപ്പെട്ടു. അത്തരമൊരു ഉയര്‍ച്ച സാധ്യമാകാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.

തര്‍ത്തീല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അമേരിക്കയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിത റാനിയ അവാദ് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ പ്രസംഗം.
എന്റെ പേര് റാനിയ അവാദ്
നിങ്ങളുടെ ഈ വലിയ ഉദ്യമം ആഘോഷിക്കുവാന്‍ സന്നിഹിതയായതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ ഒരു കൂട്ടായ്മ ചേരുകയും അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുവാനും പഠിക്കുവാനും നടത്തിയ ഉദ്യമത്തില്‍ ഒരുപാട് പെണ്‍കുട്ടികള്‍ പങ്കെടുത്തു എന്നറിയുന്നതില്‍ അഭിമാനം കൊള്ളുന്നു.
ഞാന്‍ എന്റെ ചില അധ്യാപകരെ കുറിച്ചും എന്നെകുറിച്ചും പറയാം. മതപഠനവഴിയില്‍ എന്റെ ക്രെഡിറ്റ് അവര്‍ക്കുകൂടിയുള്ളതാണ്.
പണ്ഡിതരല്ലെങ്കിലും ഇസ്‌ലാമിനെയും റസൂല്‍(സ)യെയും ഇഷ്ടത്തോടെ അനുസരിച്ച ഒരു കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. ഡോക്ടറായ ബാപ്പ അദ്ദേഹത്തിന്റെ പഠനകാലത്ത് അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ പോവണമെന്നാഗ്രഹിച്ചിരുന്നു. ഈജിപ്ഷ്യനായ അദ്ദേഹത്തിന് ചില കാരണങ്ങളാല്‍ ആ ഭാഗ്യം ഉണ്ടായില്ല. അന്നദ്ദേഹം എടുത്ത ഒരു പ്രതിജ്ഞയുണ്ട്. എനിക്ക് മക്കളുണ്ടാവുകയാണെങ്കില്‍, അവര്‍ക്കാര്‍ക്കെങ്കിലും ദീനില്‍ ഉന്നത പഠനാവസരം കിട്ടിയാല്‍ ഞാന്‍ ഒരു കാരണശാലും തടയുകയില്ല. പിന്നീട് അമേരിക്കയിലെത്തിയ മാതാപിതാക്കള്‍ കുട്ടികളെ ഇസ്‌ലാമികമായി വളര്‍ത്താന്‍ എല്ലാ പാശ്ചാത്യ സ്വാധീനവുമുള്ള സമൂഹത്തില്‍ വളരെ പ്രയാസപ്പെട്ടു. അവര്‍ കുട്ടികളെ വാരാന്ത്യ മദ്രസകളിലും ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളിലും പങ്കെടുപ്പിച്ചു.
സിറിയയിലേക്കു പോയ ഞാന്‍, അവിടെ പല പണ്ഡിതന്മാരെയും പ്രഗത്ഭ അധ്യാപകരെയും കണ്ടു. അവരില്‍ ചിലരുടെ കീഴില്‍ പഠനം നടത്തുവാന്‍ എനിക്കവസരവും കിട്ടി. വളരെ വ്യത്യസ്തമായിരുന്നു അവിടെ. ഒരുപാട് ഹാഫിളകള്‍, ഹദീസ് പഠിതാക്കളും അധ്യാപികമാരും, എത്ര തഫ്‌സീര്‍, ഫിഖ്ഹ് പണ്ഡിതകള്‍..... ഇതെല്ലാം എന്നെ വളരെ അത്ഭുതപ്പെടുത്തി. ഞാന്‍ എത്തിയ ആദ്യമാസം തന്നെ മറ്റുള്ള മാതാപിതാക്കളെ പോലെ തന്നെ എന്റെ മാതാപിതാക്കളും എന്റെ ഭാവിയെക്കുറിച്ചാശങ്കപ്പെട്ടു. വിദ്യാഭ്യാസ പാരമ്പര്യമുള്ള അവര്‍, കുട്ടികളെ മെഡിസിനോ എഞ്ചിനീയറിംഗിനോ അയക്കണം എന്ന അന്നത്തെ ചടങ്ങുപ്രകാരം മെഡിസിന്‍ പഠിക്കുവാന്‍ എന്നോടാവശ്യപ്പെട്ടു. ആശയകുഴപ്പത്തിലായ ഞാന്‍ എന്റെ ദീനി അധ്യാപകരോട് ചോദിച്ചു. എന്തുകൊണ്ട് രണ്ടും പഠിച്ചുകൂടാ എന്ന അവരുടെ ചോദ്യം എന്നെ ആശ്ചര്യപ്പെടുത്തി. ഇസ്‌ലാമിക ചരിത്രത്തിലെ എല്ലാ പണ്ഡിതന്മാരും ഒന്നിലധികം വിഷയം പഠിച്ചിരുന്നു. തഫ്‌സിര്‍, ഫിഖ്ഹ്, ഹദീസ്, സീറ എന്നിവയില്‍ വിലമതിക്കാത്ത ഗ്രന്ഥങ്ങള്‍ എഴുതിയവര്‍ തന്നെയാണ് തത്വചിന്തയിലും, മെഡിസിനിലും, മറ്റാധുനിക ശാസ്ത്രവിഭാഗങ്ങളിലും ഗ്രന്ഥങ്ങള്‍ രചിച്ചത്. അവരായിരുന്നു യഥാര്‍ഥ പണ്ഡിതന്മാര്‍ എന്നെന്റെ അധ്യാപകര്‍ എന്നെ ഓര്‍മ്മപ്പെടുത്തി.
തുടരെയുള്ള പഠന പരിശ്രമങ്ങളും അമേരിക്കയിലേക്കും സിറിയയിലേക്കുമുള്ള യാത്രകളും എന്നെ ഡോക്ടറും അധ്യാപികയും ഇസ്‌ലാമിക പണ്ഡിതയുമാക്കി. ഇപ്പോള്‍, വലുതാവുന്നതിനനുസരിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു വലിയ സ്ത്രീ സമൂഹത്തെത്തന്നെ ഞാന്‍ കാണുന്നുണ്ട്. ഖുര്‍ആനിലും ഹദീസിലും മറ്റു ഇസ്‌ലാമിക ശാസ്ത്രശാഖകളിലും പ്രാഗത്ഭ്യം തെളിയിച്ചവരാണ് എന്റെ പ്രേരണക്കും പ്രചോദനത്തിനും നിദാനം.
അന്‍സ സമര്‍ അല്‍അശ്ശ എന്ന ഒരു സ്ത്രീ പ്രതിഭാസമുണ്ട്. സ്ത്രീ വിദ്യാഭ്യാസത്തില്‍ പിന്നോക്കമായിരുന്ന ദമാസ്‌ക്കസില്‍ നിന്ന് അവര്‍ ജീവശാസ്ത്രത്തില്‍ ഡിഗ്രി ചെയ്തു. ഖുര്‍ആന്‍ പഠിക്കുവാനും മനപാഠമാക്കുവാനും ഒരുമിച്ചു കൂടിയ സ്ത്രീകളുടെ സംഘത്തില്‍ അവരുമുണ്ടായിരുന്നു. സര്‍ട്ടിഫിക്കേഷനു വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്ത ആദ്യ വനിതയാണവര്‍. ഹാഫിള ആയതിനുശേഷം അവര്‍ പത്ത് ഖുര്‍ആന്‍ പാരായണ രീതികളിലും പാണ്ഡിത്യം നേടുകയും അതേക്കുറിച്ച് വിലമതിക്കുന്ന ഒരു പുസ്തകം രചിക്കുകയും ചെയ്തു. ഇപ്പോഴവര്‍ ഹാഫിള, മുഖാരിഅ, ജാമിഅ എന്നീ പദവികളില്‍ എത്തുകയും പുരുഷന്മാരെ പോലും പിന്നിലാക്കുകയും ചെയ്തിരിക്കുന്നു. ഇവര്‍ ഒരു സംഘത്തില്‍ ഒന്നു മാത്രമാണ്. ദമാസ്‌കസില്‍ ഒരു സംഘം സ്ത്രീ പണ്ഡിതകള്‍ ഇനിയുമുണ്ട്. സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ച് എന്റെ കാഴ്ച്ചപ്പാടുതന്നെ മാറ്റിയത് അവരാണ്. ഒരിക്കല്‍ ഞാന്‍ പണ്ഡിതകള്‍ക്കൊപ്പം ഇരിക്കുകയായിരുന്നു. ഇവരാണ് ഞാന്‍ ശൈഖ് മുഹ്‌യുദ്ദീന്‍ കുര്‍ദിയുടെ അടുക്കലേക്ക് പോകാന്‍ യോഗ്യയാണോ എന്ന് നോക്കുന്നത്. മാസങ്ങളോളമുള്ള പരിശ്രമങ്ങള്‍ക്ക് ശേഷവും അവരുടെ മുന്നില്‍ ഞാന്‍ പ്രയാസപ്പെട്ടു. പാരായണം ചെയ്യാന്‍ കഴിഞ്ഞതുമില്ല. അവര്‍ എനിക്ക് ആശ്വസിക്കാനായി ഇടവേള എടുത്തു.
ആ സമയത്ത് എനിക്കു വേണ്ടി അവരുടെ കഥ വിശദീകരിച്ചു തന്നു. സ്ത്രീപക്ഷ വാദത്തിന്റെ അലകള്‍ ദമസ്‌കസിനെ പൊതിഞ്ഞ കാലത്തായിരുന്നു എന്റെ വളര്‍ച്ച. കോളേജ് വിദ്യാര്‍ഥിയായിരിക്കെ ഫെമിനിസ്റ്റ് ചിന്താഗതിയുമായി സ്ത്രീ അവകാശത്തിനും അവസരത്തിനും വേണ്ടി വാദിച്ചു. പുരുഷന്മാരുമായി സമമാവുന്നതിനുവേണ്ടി പ്രയത്‌നിക്കുമെന്ന് ഉറപ്പിച്ചു. യഥാര്‍ഥത്തില്‍ ഞാന്‍ കോളേജില്‍ പോയിരുന്നതുപോലും അതിന്റെ ഭാഗമായിരുന്നു. അങ്ങനെ ആ സര്‍വകലാശാലയില്‍ ഗണിതവിഭാഗത്തിലെ ഏകവനിതാംഗമായി. അന്ന് ഒരു പെണ്ണും ചെയ്യാത്തതായിരുന്നു അത്. അവര്‍ തുടര്‍ന്ന് ചോദിച്ചു: 'അന്ന് എങ്ങനെയാണ് വസ്ത്രം ധരിച്ചിരുന്നതെന്ന് അറിയുമോ?' മിനി സ്‌കര്‍ട്ട് ആയിരുന്നു എന്റെ വേഷം. ശക്തയായ ഫെമിനിസ്റ്റായി തുടരുന്ന സമയത്ത് ഒരിക്കല്‍ ഒരു യുവവിദ്യാര്‍ഥിനി എന്നെ സമീപിക്കുകയും വനിതാ പ്രാതിനിധ്യ മീറ്റിംഗിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവര്‍ പൂര്‍ണമായും ഹിജാബിലായിരുന്നു. ഞാന്‍ എല്ലാ സ്ത്രീകളെയും വീക്ഷിച്ചു. ഹിജാബിനികളായ സ്ത്രീകള്‍ ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ഞാന്‍ കണ്ടു. ഞാന്‍ കോളേജിനെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും സംസാരിച്ചപ്പോള്‍ മറ്റു സ്ത്രീകള്‍ ഇസ്‌ലാമിനെക്കുറിച്ചും നബി(സ)യെ കുറിച്ചും പറഞ്ഞു. ഇതെനിക്കാദ്യാനുഭവമായിരുന്നു. ഞാന്‍ അവരെ ശ്രവിക്കാന്‍ തുടങ്ങി. ആ ദീനും, ഹിജാബില്ലാത്ത, അവരില്‍ നിന്നു വ്യത്യസ്തയായി മിനി സ്‌കര്‍ട്ട് ധരിച്ച തന്നെ ഒരു തരത്തിലും വിചാരണ ചെയ്യാന്‍ നില്‍ക്കാതെയുള്ള പെരുമാറ്റവും എന്റെ മനസ്സിനെ തൊട്ടു. എന്റെ ഹൃദയം ഇസ്‌ലാമിനുവേണ്ടി തുറക്കപ്പെട്ടു''. എന്നാല്‍, ഇന്ന് ഖുര്‍ആനും ഹദീസും പഠിക്കുന്ന നമ്മില്‍ പലരും നമ്മുടെ സംഘത്തിലെ ഒരു സ്ത്രീ ഇതുപോലെ വസ്ത്രം ധരിച്ചാല്‍ ആ നിമിഷം നാം അവരെ ആക്രോശത്താലും ഉപദേശ നിര്‍ദേശങ്ങളാലും പൊതിയും. പക്ഷേ, ആ സ്ത്രീകള്‍ എന്നെ സ്വീകരിക്കുകയും എന്റെ ഹൃദയം ഇസ്‌ലാമിനെ സ്വീകരിക്കുകയും ചെയ്തു. അവിടെ സന്നിഹിതരായിരുന്ന ഒരു സ്ത്രീക്കും അറിയുകയുണ്ടാവില്ല, ഇവര്‍ ഒരുനാള്‍ ഖുര്‍ആന്‍ പണ്ഡിതയും, ഹാഫിളും മുഖറിഅയും മറ്റുമാവുമെന്ന്.
ഒരു നാള്‍ നമ്മില്‍നിന്നും നമ്മുടെ സംസ്‌കാരത്തില്‍നിന്നും വളരെ അകന്നുനിന്നവര്‍ പിന്നീട് നമ്മെക്കാളും നല്ലവരും നമ്മുടെ അധ്യാപകര്‍ പോലുമാവാം. ഞാന്‍ ഇവിടെ പറഞ്ഞ എല്ലാ അധ്യാപകരും ദുന്‍യവിയായ മേഖലകളില്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും അതേസമയം ഇസ്‌ലാമിക ശാസ്ത്രങ്ങളില്‍ പണ്ഡിതകളുമായിരുന്നു. അവര്‍ വിവാഹം കഴിക്കുകയും, ഭാര്യയായും, മാതാവായും, മുന്നോട്ടു പോവുകയും ചെയ്യുന്നു. ആത്മീയത മാത്രം ലക്ഷ്യമാക്കി സന്യസിക്കുകയും ജനങ്ങള്‍ക്ക് ഉപകാരമില്ലാതെ പോവുകയും ചെയ്യുന്നതും, ദീനിനെ മാറ്റിനിര്‍ത്തി ഈ ലോകത്ത് പഠനനേട്ടങ്ങള്‍ കൊയ്യുന്നതും നല്ലതല്ല. മുസ്‌ലിം സ്ത്രീ അവളുടെ ദീനിനേയും ദുന്‍യാവിനേയും ഒരുമിച്ചുകൊണ്ടുവരുന്നവളാകുന്നു.
എനിക്കു പറയാനുള്ളത് ഈ കാലഘട്ടം എന്നത്, അതിരുകളും പരിമിതികളും ഉയര്‍ത്തപ്പെട്ട കാലഘട്ടമാണ്. അവസരങ്ങള്‍ അനവധിയുണ്ട്; നോക്കുക, ഒരു ഈജിപ്ഷ്യയായ ഞാന്‍ നിങ്ങളോട് അമേരിക്കയില്‍നിന്നും സംസാരിക്കുന്നു. സാങ്കേതികവിദ്യ എല്ലാം എളുപ്പമാക്കിയിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ ഭൗതികപഠനും ദീനി പഠനവും തുടരുക. അതില്‍ മുന്നേറുക. ഈ ചെറിയ ജീവിതത്തില്‍ ചെയ്യാന്‍ ഒരുപാടുണ്ട്. ഞങ്ങളുടെ ഫൗണ്ടേഷനെക്കുറിച്ച് ഞാന്‍ പറയാം. അത് ഒരു പഠന സഹായിയാണ്. വീഡിയോകളും ലേഖനങ്ങളും നിങ്ങള്‍ക്കതില്‍ ലഭിക്കും. ഹാദി റഹ്മ ഫൗണ്ടേഷന്‍. (HadiRahma) www.HadiRahmafoundation.com
അധ്യാപകര്‍ എനിക്ക് പ്രചോദനമായപോലെ നിങ്ങള്‍ക്കും പ്രചോദമാവുമെന്ന് കരുതുന്നു. നിങ്ങള്‍ പരസ്പരവും ഇതര സമൂഹത്തിനുവേണ്ടിയും പ്രാര്‍ഥിക്കുക. എനിക്ക് ഒരു മകളുണ്ട്. അവളുടെ പേര് സുമയ്യ. ഹാഫിളാവാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണവള്‍. നിങ്ങള്‍ക്കെല്ലാവര്‍ക്കും ആ അവസരം ഉണ്ടാവട്ടെ എന്നും ആശംസിക്കുന്നു.
ഹിബ (അല്‍ ജാമിഅ ശാന്തപുരം)


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top