നിര്‍ഭാഗ്യം ആരോഗ്യത്തിന് ഹാനികരം

കെ.വൈ.എ /ചുറ്റുവട്ടം No image

      വെറുതെ പുകയിലയെ പഴിച്ചു. വെറുതെ മലിന വായുവിനെയും മലിന ജലത്തെയും കുറ്റം പറഞ്ഞു. വെറുതെ വിഷാഹാരാത്തിനെതിരെ പ്രസംഗിച്ചു. പാരമ്പര്യത്തെ പോലും വെറുതെ സംശയിച്ചു.
എല്ലാം അന്ധവിശ്വാസമായിരുന്നു. കാന്‍സറിന്റെ കാരണം എന്തെന്ന് ഇപ്പോള്‍ ശാസ്ത്രം പ്രഖ്യാപിച്ചിരിക്കുന്നു. ലണ്ടനിലെ ജോണ്‍ ഹോപ്കിന്‍സ്- കിമല്‍ കാന്‍സര്‍ സെന്റര്‍ കണ്ടെത്തിയ സത്യം നിങ്ങളും പത്രത്തില്‍ വായിച്ചിരിക്കും. അര്‍ബുദത്തിന് കാരണം ഇപ്പറഞ്ഞത് ഒന്നുമല്ലത്രെ. കാന്‍സറിന് കാരണം നിര്‍ഭാഗ്യമാണ്.
ഡി.എന്‍.എയില്‍ ഉണ്ടാകുന്ന ക്രമരഹിതമായ രാസമാറ്റങ്ങളാണത്രെ കാന്‍സര്‍. അതിന് കാരണം നിര്‍ഭാഗ്യം ഒന്നുമാത്രം. പക്ഷേ, നിര്‍ഭാഗ്യം വരാന്‍ ചില കാരണങ്ങളുണ്ടാവാം. പുകവലിയും പാരമ്പര്യവുമൊക്കെ അതില്‍ പെടും. എന്നാലും പുകവലി നേരിട്ട് കാന്‍സര്‍ ഉണ്ടാക്കില്ല എന്നത് ഓര്‍മ വേണം. മറ്റു ദുശ്ശീലങ്ങളും ഇതേ പോലെത്തന്നെ ഉപദ്രവമുണ്ടാക്കാത്ത പാവങ്ങളാണ്. ഉപദ്രവമുണ്ടാക്കുന്നത് ഒരുത്തന്‍ മാത്രം- നിര്‍ഭാഗ്യം.
കാന്‍സറിനും പുകവലിക്കുമിടയില്‍ ഒരു നിര്‍ഭാഗ്യത്തെ കൊണ്ടുവെച്ചതുകൊണ്ട് രോഗിക്കെന്തു കാര്യം. കാരണമെന്തു പറഞ്ഞാലും അര്‍ബുദം അര്‍ബുദം തന്നെയല്ലേ?
രോഗിക്ക് കാര്യമില്ല എന്നത് ശരി. പക്ഷേ, രോഗിയാകാന്‍ ഇനി തടസ്സങ്ങളില്ല എന്നതാണ് പ്രയോജനം. കാന്‍സറിന്റെ കാരണങ്ങളെയോര്‍ത്ത് ബേജാറാകേണ്ട. ദുഃഖമോ ഖേദമോ ആധിയോ ഒട്ടും വേണ്ട. പൊതുസ്ഥലങ്ങളില്‍ പരസ്യ പുകവലിവരെ ആകാം. പരോക്ഷ പുകവലികൊണ്ട് കാന്‍സറുണ്ടാകില്ല. നിര്‍ഭാഗ്യമേ ഉണ്ടാകൂ. കാന്‍സറുണ്ടാക്കുക ആ നിര്‍ഭാഗ്യമായിരിക്കും. അതായത്, കാന്‍സര്‍ പുകയിലജന്യ രോഗമല്ലാതായിക്കഴിഞ്ഞു.
പുകവലി നിര്‍ത്തിയവര്‍ക്ക് വീണ്ടും തുടങ്ങാം. പുതുതായി ഈ ശീലം തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് സധൈര്യം കടന്നുവരാം. മദ്യപാനവും പ്രശ്‌നമാകില്ല. വിഷഭക്ഷണം എത്രയും കഴിക്കാം. ആണവനിലയങ്ങള്‍ എത്രയെണ്ണവും വന്നോട്ടെ. റോഡിയേഷന്‍ വന്നു വര്‍ഷിക്കട്ടെ. അര്‍ബുദമുണ്ടാക്കുന്ന 'കാര്‍സിനോജനു'കളുടെ ആ നീണ്ട പട്ടിക കീറിക്കളഞ്ഞേക്കൂ. ജീവിതശൈലിയിലെ താളപ്പിഴകള്‍ തുടര്‍ന്നോളൂ. ഒന്നും പേടിക്കാനില്ല. ചെറിയ തോതില്‍ നിര്‍ഭാഗ്യം ബാധിച്ചെന്നു വരും, അത്രമാത്രം.
നിര്‍ഭാഗ്യമാണ് രോഗം. കാന്‍സര്‍ രോഗലക്ഷണം മാത്രം.
ഈ കണ്ടെത്തലിന്റെ പ്രയോജനങ്ങള്‍ വേറെയുമുണ്ട്. റീജനല്‍ കാന്‍സര്‍ സെന്ററിലേക്ക് പരിശോധനക്ക് പോകുന്നതുതന്നെ പേടിയാണ്. ഇനി അതുവേണ്ട. പ്രാദേശിക നിര്‍ഭാഗ്യ കേന്ദ്രത്തിലേക്ക് പോയാല്‍ മതി.
സര്‍ക്കാറാശുപത്രിയിലെ കാന്‍സര്‍ വാര്‍ഡ് ഇനി വെറും നിര്‍ഭാഗ്യ വാര്‍ഡ് മാത്രമാകും. വാര്‍ഡില്‍ പത്തോ ഇരുപതോ പേരുണ്ടാവും. അര്‍ബുദ രോഗികളല്ല, നിര്‍ഭാഗ്യ ബാധിതര്‍. രക്തനിര്‍ഭാഗ്യം മുതല്‍ ചര്‍മനിര്‍ഭാഗ്യം വരെയുള്ളവ അനുഭവിക്കുന്നവര്‍ക്ക് പ്രയാസമുണ്ടായാലും കേള്‍ക്കുന്നവര്‍ക്ക് ഇമ്പമാണ്.
നമ്മുടെ അന്ധവിശ്വാസം കാരണം എന്തൊക്കെ അനര്‍ഥങ്ങളാണ് ചെയ്തുകൂട്ടുന്നത്! സിഗരറ്റ് പേക്കറ്റില്‍ എഴുതിവെക്കുന്ന മുന്നറിയിപ്പ് ഉദാഹരണം. പുകവലി അര്‍ബുദത്തിന് കാരണമാകും പോലും. ഇന്ന് ശാസ്ത്രം വികസിച്ചിരിക്കുന്നു. ഇത്തരം അന്ധവിശ്വാസങ്ങള്‍ തുറന്നുകാട്ടപ്പെടുകയാണ്. പുകവലിക്കുന്നവര്‍ക്ക് അര്‍ബുദമുണ്ടാവുന്നത് പുകവലിക്കുന്നതുകൊണ്ടല്ല, അവര്‍ ഭാഗ്യംകെട്ടവരായതുകൊണ്ടാണ്.
സിനിമയില്‍ സിഗരറ്റ് വലിക്കുന്ന രംഗം വന്നാല്‍ അവിടെ മുന്നറിയിപ്പ് എഴുതിക്കാണിക്കണമെന്ന ചട്ടം അന്ധവിശ്വാസത്തില്‍നിന്നും വന്നതാണ്. പുകക്കുന്നതും കുടിക്കുന്നതുമൊക്കെ നിര്‍ഭാഗ്യത്തിന് വഴിവെക്കും എന്നേ പറയാവൂ.
അമിത റേഡിയേഷനോ മദ്യപാനമോ കാന്‍സറുണ്ടാക്കില്ല. അതൊക്കെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുക നിര്‍ഭാഗ്യമെന്ന രോഗം മാത്രമാണ്. പാരമ്പര്യം വഴിയും അതുണ്ടാവാം.
അങ്ങനെയാണ് കരള്‍നിര്‍ഭാഗ്യവും അസ്ഥിനിര്‍ഭാഗ്യവുമൊക്കെ വരുന്നത്. കുടിക്കുന്നവനിലും പുകക്കുന്നവനിലും നിര്‍ഭാഗ്യബാധയുണ്ടാകും. അത് കാന്‍സറിന് കാരണമാകും.
എന്തിനിങ്ങനെ വളഞ്ഞുചുറ്റി പറയണം എന്നാവും നിങ്ങള്‍ക്ക് ചോദിക്കാനുണ്ടാവുക. ശാസ്ത്രം അങ്ങനെയാണ് എന്നാണ് ഉത്തരം. അര്‍ബുദത്തെ സിഗരറ്റ് ജന്യരോഗം എന്ന പദവിയില്‍നിന്ന് മാറ്റി നിര്‍ഭാഗ്യജന്യരോഗമാക്കി മാറ്റുന്നതില്‍ ഒരു ശാസ്ത്രമുണ്ട്.
പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് പറയുന്നതും നിര്‍ഭാഗ്യം ആരോഗ്യത്തിന് ഹാനികരം എന്ന് പറയുന്നതും തമ്മിലുള്ള വ്യത്യാസം സിഗരറ്റ് നിര്‍മ്മാതാക്കള്‍ക്കറിയാം. മദ്യവ്യവസായികള്‍ക്കും ആണവശാലയുടെ വക്താക്കള്‍ക്കും അതറിയാം. അറിയാത്തത് രോഗികള്‍ക്ക് മാത്രം. അവന്‍ അല്ലെങ്കിലും ഒരു ഹതഭാഗ്യനാണല്ലോ.
'നിര്‍ഭാഗ്യം' കൂടുന്നത് കമ്പോളത്തിന്റെ കുതിപ്പിനനുസരിച്ചാവും. അതോടെ നിര്‍ഭാഗ്യം തന്നെ മറ്റൊരു കമ്പോളമാവും.
അര്‍ബുദത്തിന് ഏതാനും ചില ചികിത്സാരീതികളാണ് ഉള്ളതെങ്കില്‍ നിര്‍ഭാഗ്യത്തിന്റെ പരിഹാര സാധ്യതകള്‍ കാന്‍സര്‍ സെല്ലുകള്‍ പോലെ പെരുകിക്കൊണ്ടേയിരിക്കും. കരള്‍നിര്‍ഭാഗ്യത്തിന് കുത്തിവെപ്പ്, ചര്‍മ്മനിര്‍ഭാഗ്യത്തിന് ലേപനം, കുടല്‍നിര്‍ഭാഗ്യത്തിന് കീമോ തെറാപ്പി എന്നിങ്ങനെ വിവിധതരം നിര്‍ഭാഗ്യങ്ങള്‍ക്ക് വ്യത്യസ്ത ചികിത്സകള്‍ തുടങ്ങാം. മാത്രമല്ല, എല്ലാതരം നിര്‍ഭാഗ്യങ്ങള്‍ക്കും ഒറ്റമൂലി, രത്‌നങ്ങള്‍, അറബി മാന്ത്രികം, വലംപിരി ശംഖ്, നിര്‍ഭാഗ്യനിവാരണ യന്ത്രം, ഏലസ്സ് തുടങ്ങി പലതും വിപണിയിലിറക്കാം.
ഇനി ആരോഗ്യ സ്ഥിതിവിവരങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കണം. മൊത്തം ജനസംഖ്യയില്‍ നിര്‍ഭാഗ്യവാന്മാരെത്ര, പുകവലിച്ചു നിര്‍ഭാഗ്യം പിടിച്ചവരെത്ര, വിഷഭക്ഷണം കഴിച്ച് നിര്‍ഭാഗ്യ ബാധയേറ്റവരെത്ര എന്നിങ്ങനെ വേണം കണക്കുകള്‍.
വൈദ്യവിദ്യാഭ്യാസ സിലബസും പരിഷ്‌കരിക്കേണ്ടതുണ്ട്. നിര്‍ഭാഗ്യ ഹേതുക്കള്‍, നിര്‍ഭാഗ്യ ലക്ഷണങ്ങള്‍ തുടങ്ങി നിര്‍ഭാഗ്യ വിജ്ഞാനീയവും നിര്‍ഭാഗ്യ ഗവേഷണവും വരെ ഉള്‍പ്പെടുത്താതെ വയ്യ. നിര്‍ഭാഗ്യ ആശുപത്രികളും യൂനിവേഴ്‌സിറ്റികളും വരെ ആകാം.
നിങ്ങളുടെ നിര്‍ഭാഗ്യം ഞങ്ങളുടെ ഭാഗ്യം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top