അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ അറബ്ചന്തം

ഫൈസല്‍ കൊച്ചി No image

      ഡിസംബര്‍ അവസാനവാരത്തിലെ വെള്ളിയാഴ്ച്ച മുതലാണ് കേരളചലച്ചിത്ര അക്കാദമി നേതൃത്വം നല്‍കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തലസ്ഥാനനഗരിയില്‍ തിരശ്ശീല ഉയര്‍ന്നത്. തുടര്‍ന്നുള്ള എട്ടു ദിവസങ്ങള്‍ ചലച്ചിത്രത്തിന്റെ സാങ്കേതികമികവും മനുഷ്യഭാവനയുടെ തികവും സര്‍ഗപ്രതിഭയുടെ ഗാംഭീര്യവും വരച്ചുകാണിച്ച ദൃശ്യോല്‍സവത്തിന്റേതായിരുന്നു. 38 രാജ്യങ്ങളില്‍ നിന്നായി 140-ലധികം സിനിമകള്‍. പതിനായിരത്തിലധികം പ്രതിനിധികളാണ് മേളയില്‍ പങ്കെടുത്തത്. 1500 ലധികം മാധ്യമപ്രവര്‍ത്തകരും അതിഥികളും സിനിമാവിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ വേറെയും. ഡിസംബര്‍ 12-ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചലച്ചിത്രമേള ഔദ്യോഗികമായി ആരംഭിച്ചതെങ്കിലും രാവിലെ മുതല്‍ തന്നെ പ്രതിനിധികള്‍ നഗരത്തില്‍ അലഞ്ഞുതിരിയുന്നുണ്ടായിരുന്നു. ജൂമൂഅ ദിവസമായതിനാല്‍ പാളയം പള്ളിയില്‍ ബാഡ്ജ് ധരിച്ച ചെറുപ്പക്കാരുടെ ഒരുകൂട്ടം കാണാനിടയായി. വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിലാകട്ടെ ധാരാളം പര്‍ദയും മഫ്തയും ധരിച്ച പെണ്‍കുട്ടികളും. പള്ളിയിലെ മതനേതൃത്വവും മേളയിലെ മതേതരബുജികളും ഈ പ്രവണതയില്‍ 'പൊന്നുരുക്കുന്നിടത്ത് പൂച്ച'ക്കെന്തുകാര്യമെന്ന മട്ടില്‍ പുരികം ചുളിച്ചു. മുസ്‌ലിം ചെറുപ്പത്തിന്റെ അതിര്‍ലംഘിക്കപ്പെട്ട അരാജകവാദമായി ഇതിനേയും ബ്രാന്റ് ചെയ്തു പുറന്തള്ളുന്നത് ചിലപ്പോള്‍ എളുപ്പമുള്ള കാര്യമയേക്കാം. പ്രതിഭയും ചിന്തയും, അതോടൊപ്പം സ്വന്തം ആദര്‍ശത്തോടും വിശ്വാസത്തോടും അഭിവാഞ്ചയുമുള്ള പുതിയ ഈ തലമുറയെ കണ്ടില്ലെന്നു നടിച്ചും കണ്ണടച്ചും, പക്ഷെ മുസ്‌ലിം നേതൃത്വത്തിന് ഇനി അധികദൂരം സഞ്ചരിക്കാന്‍ കഴിയില്ല. സിനിമയും സമൂഹവും ജീവിതവും അത്രമേല്‍ ഇഴചേര്‍ന്നും ഇടകലര്‍ന്നുമാണ് ഇന്ന് ജീവിച്ചുതീര്‍ക്കുന്നത്. 'ഞാനൊരിക്കലും സിനിമ കണ്ടിട്ടില്ലാ'യെന്ന മട്ടില്‍ കണ്ണുപൊത്തിയിരിക്കുന്ന അപൂര്‍വ്വം ചിലരെങ്കിലും ഇതുവായിച്ചു ചിരിക്കുന്നുണ്ടാകണം. അവര്‍ പക്ഷെ തങ്ങള്‍ മാത്രമല്ല ഈ ലോകത്തു ജീവിക്കുന്നതെന്ന 'മിനിമം തിരിച്ചറിവെ'ങ്കിലും കൈമുതലുള്ളവരായിരിക്കണം. വേദഗ്രന്ഥങ്ങള്‍ മുഴുവനും സന്മാര്‍ഗത്തിന്റെ പുതുവെളിച്ചം പകര്‍ന്നുനല്‍കിയിട്ടും ആത്മീയതയുടെ കോട്ടകളില്‍ അരാജകത്വം ഇരച്ചുകയറുന്നതു കണ്ട് പകച്ചു നില്‍ക്കുന്നവരാണ് ഈ വിമര്‍ശകരിലധികവും. സിനിമയിലും ജീവിതത്തിലും ആത്മീയതയുടെ സൗന്ദര്യം പകര്‍ത്താനാഗ്രഹിച്ച യുവതലമുറയായിരുന്നു പള്ളിയിലും മേളയിലും ഒരുപോലെ അണിനിരന്നതെന്നു ചുരുക്കം. സിനിമക്ക് ബദല്‍ സിനിമ തന്നെ എന്ന ഉത്തരവാദിത്തബോധമായിരിക്കണം വിമര്‍ശകരുടെ കുത്തുവാക്കുകള്‍ക്കിടയിലും അവരെ അതിനു പ്രേരിപ്പിച്ചത്.
വെളിപാട്, ധിഷണ, ഭാവന എന്നിവയാണ് മനുഷ്യസമൂഹത്തിന്റെ ചരിത്രഗതിയെ എന്നും മുന്നോട്ടുകൊണ്ടുപോയിട്ടുള്ളത്. മതം, പ്രത്യയശാസ്ത്രം, സംസ്‌കാരം എന്നിവ അവയെ യഥാക്രമം പ്രതിനിധാനം ചെയ്യുന്നു. ഈ ത്രയങ്ങളുടെ സന്തുലിതമായ സമ്മേളനത്തിലൂടെയാണ് മനുഷ്യജീവിതത്തിന് സൗന്ദര്യം കൈവരുന്നത്. ഇവയിലേതെങ്കിലുമൊന്നിനോടുള്ള അമിത അനുരാഗവും/അടങ്ങാത്ത പകയും ഒരുപോലെ അപകടകരമാണ്. പലപ്പോഴും വിരുദ്ധധ്രുവങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടുന്ന രണ്ടു യാഥാര്‍ഥ്യങ്ങളാണ് വെളിപാടും ഭാവനയും. ഇതു മതപുരോഹിതര്‍ക്കും കലാകാരന്മാര്‍ക്കുമിടയില്‍ നിഴല്‍യുദ്ധം അടിച്ചേല്‍പ്പിക്കപ്പെടുന്നതിനു കാരണമാകുന്നു. മതത്തെ പ്രതിനിധാനം ചെയ്യുന്നവര്‍ ദൗര്‍ഭാഗ്യവശാല്‍ യുക്തിരാഹിത്യത്തിലും തര്‍ക്കവിതര്‍ക്കങ്ങളിലും അഭിരമിക്കുന്നതിനാല്‍ ഭാവനാശീലരായ കലാകാരന്മാര്‍ക്ക് മാധ്യമങ്ങളിലും മാര്‍ക്കറ്റിലും എളുപ്പം ജയം ലഭിക്കുന്നു. ഫലത്തില്‍ (പുരോഹിത)മതം പരാജിതരുടെ ഭാവത്തില്‍ പാര്‍ശ്വവല്‍കൃതരായി പൊതുജീവിതത്തില്‍നിന്നും അകറ്റിനിര്‍ത്തപ്പെടുന്നു. ചരിത്രത്തിന്റെ വിവിധ ദശാസന്ധികളില്‍ വെളിപാടുകള്‍ അവതരിപ്പിച്ച പ്രവാചകന്മാര്‍ മനുഷ്യസമൂഹത്തോട് ഇവ്വിധം പുറംതിരിഞ്ഞു നടക്കുന്നവരായിരുന്നില്ല. ഭാവനയേയും ധിഷണയേയും അവര്‍ ആവോളം ആശ്രയിച്ചിരുന്നു. ഈ അടിസ്ഥാനങ്ങളില്‍ നിന്നുകൊണ്ടാണ് വിനോദമാധ്യമങ്ങളെയെല്ലാം, ചോദിക്കുന്നതിന് മുമ്പ് തന്നെ നിഷിദ്ധത്തിന്റെ പട്ടികയില്‍ പെടുത്തി കിതാബ് മടക്കിവെക്കുന്ന പ്രവണതകളെ നോക്കിക്കാണാന്‍. ഓരോ വ്യക്തികളുടെയും അഭിരുചികള്‍ക്കും ശീലങ്ങള്‍ക്കും ഇഷ്ടാനിഷ്ടങ്ങള്‍ക്കും നിര്‍ബന്ധബുദ്ധിക്കുമനുസരിച്ചാണ് ഫത്‌വകള്‍ ചുട്ടെടുക്കപ്പെടുന്നത്. പട്ടാളചിട്ടകള്‍ പോലെ അടിച്ചേല്‍പ്പിക്കപ്പെടേണ്ടതാണ് മതശാസനകള്‍ എന്ന തെറ്റായ നിഗമനം രൂപപ്പെടുന്നതിന് വ്യക്തിഗതമായ ഇത്തരം ഫത്‌വകള്‍ കാരണമാകുന്നുണ്ട്. സിനിമ, സംഗീതം തുടങ്ങിയ ഭാവനയിലധിഷ്ഠിതമായ കലകളോടുള്ള പുരോഹിതന്മാരുടെ വീക്ഷണങ്ങളില്‍ കടുത്ത അഭംഗി പ്രകടമാകുന്നത് ഇതു മൂലമാണ്. സിനിമയും നാടകവും സംഗീതവും സാഹിത്യവുമെല്ലാം മനുഷ്യമനസ്സുകളില്‍ അതിവേഗവും അനായാസവും അനുരണനങ്ങള്‍ സൃഷ്ടിക്കുന്നതാണ്. സിരകളെ അത് ഞൊടിയിടയില്‍ ചൂടുപിടിപ്പിക്കുന്നു. അത്മീയതയുടെ സുഗന്ധം അവക്ക് പകര്‍ന്നുനല്‍കേണ്ടത് നേരിനെ നെഞ്ചിലേറ്റുന്ന കലാകാരന്മാരുടെ ചരിത്രപരമായ ബാധ്യതയാണ്. ഈയിനത്തില്‍ അടുത്തകാലത്തായി ശ്രദ്ധയില്‍പെട്ട പ്രോല്‍സാഹനാര്‍ഹമായ സംരംഭമാണ് ഇസ്‌ലാം മൂവീസ്. നിഷിദ്ധമായ സിനിമകള്‍ക്ക് പകരമായ പ്രതിരോധത്തിനുള്ള എളിയ പരിശ്രമമാണ് പ്രസ്തുതസംരംഭം.
സിനിമയെന്നാല്‍ ഹോളിവുഡ് മാത്രമെന്നു വിശ്വസിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ഹോളീവുഡിന്റെ മസാലക്കൂട്ടുകളും രസച്ചരടുകളും അനുകരിച്ചാല്‍ മാത്രമേ മികച്ച സിനിമയാകൂ എന്ന അന്ധവിശ്വാസവും ചലച്ചിത്രപ്രവര്‍ത്തകര്‍ കൊണ്ടുനടന്നിരുന്നു. ബോളിവുഡ്, കോളീവുഡ് എന്ന പദപ്രയോഗങ്ങളിലൂടെയാണ് ഇന്ത്യന്‍ സിനിമാതലസ്ഥാനങ്ങള്‍ തന്നെ അറിയപ്പെട്ടുപോരുന്നത്. പശ്ചാത്യമേധാവിത്വ മനോഭാവത്തെയാണ് ഹോളീവുഡ് സിനിമകള്‍ ഏറെക്കുറെ പ്രതിനിധാനം ചെയ്യുന്നത്. നീചനായ മൃഗം അല്ലെങ്കില്‍ മികച്ച യന്ത്രം എന്നീ രണ്ടു അവതരണങ്ങളാണ് പ്രസ്തുത സിനിമകള്‍ മനുഷ്യരെക്കുറിച്ച് ചിത്രണം ചെയ്യുന്നത്. ആഅത്മാവിന്റെ യാതൊരു ചോദനകളേയും അതു പ്രചോദിപ്പിക്കുന്നില്ല. വേദങ്ങളുടേയോ പ്രവാചകന്മാരുടെയോ സുഗന്ധമേറ്റ പ്രതലമായിരുന്നില്ല ഹോളിവുഡ് കൈകാര്യം ചെയ്തിരുന്നത്. അത് അവയുടെ പ്രധാനപ്പെട്ട ദൗര്‍ബല്യം കൂടിയായിരുന്നു.
ആദ്യമൊക്കെ ഹോളിവുഡിനെ അനുകരിച്ച സിനിമകള്‍ പിന്നീട് പൗരസ്ത്യ അതിര്‍ത്തികള്‍ കടന്നപ്പോള്‍, അവയുടെ സ്വഭാവത്തിനും ഘടനക്കും അവതരിപ്പിക്കപ്പെടുന്ന വിഷയങ്ങള്‍ക്കും കാതലായ മാറ്റങ്ങള്‍ സംഭവിച്ചു. ആത്മാവ്, വിശ്വാസം, ആരാധനകള്‍ എന്നിവ അല്‍പാല്‍പ്പമായി സിനിമകളില്‍ കടന്നുവന്നു തുടങ്ങി. സൗന്ദര്യമുള്ള മരുഭൂജീവിതവും പൗരസ്ത്യദേശങ്ങളിലെ വിമോചനപോരാട്ടങ്ങളും മനസ്സില്‍ പതിയുന്ന ചിത്രങ്ങളായി. ഇന്നിപ്പോള്‍ ഹോളിവുഡിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള സിനിമകളാണ് മധ്യപൗരസ്ത്യദേശത്തും ലാറ്റിനമേരിക്കയിലും പിറവിയെടുത്തുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ നടക്കുന്ന പത്തൊമ്പതാമതു ചലച്ചിത്രമേളയിലും അതു തെളിഞ്ഞുകണ്ടു. ഇറാന്‍ റിക്‌ലിസ് സംവിധാനം ചെയ്ത, സയ്യിദ് കാഷ്വ തിരക്കഥയെഴുതിയ 'ഡാന്‍സിംഗ് അറബ്‌സ്' ആയിരുന്നു ഉദ്ഘാടനചിത്രം. നിശാഗന്ധി ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ സദസ്സ് ശ്വാസമടക്കിപ്പിടിച്ചാണ് 'ഡാന്‍സിംഗ് അറബ്‌സ്' ആസ്വദിച്ചത്. ഹിശാം ലസ്‌റിയുടെ(മൊറോക്കോ) 'ദേ ആര്‍ ദ ഡോഗ്‌സ്' (ഹും കിലാബ് ), ഹാനി അബൂ ആസാദിന്റെ (പാലസ്തീന്‍), 'പാരഡൈസ് നൗ', 'ഒമര്‍', 'റനാസ് വെഡ്ഡിംഗ്', നാജി അബൂനവാറിന്റെ (യു.എ.ഇ) 'തീബ്', തലാഹദീദിയുടെ (മൊറോക്കോ), 'ദി നാരോ ഫ്രയിം ഓഫ് മിഡ്‌നൈറ്റ്' അബ്ദുറഹ്്മാന്‍ സിസോക്കോ (മൗറിത്താനിയ)യുടെ 'തിംബുക്തു' എന്നീ സിനിമകള്‍ പ്രേക്ഷകരുടെ എല്ലാ മുന്‍വിധികളേയും അപ്രസക്തമാകുംവിധത്തിലാണ് അറബ്ജീവിതവും സംസ്‌കാരവും അവതരിപ്പിച്ചത്. നാടുകടത്തപ്പെട്ടവര്‍, അഭയാര്‍ഥികള്‍, നാടോടികള്‍ തുടങ്ങി ഇവരുടെയൊക്കെ ഇടം അന്വേഷിക്കുന്ന പുതുമയും ചന്തവുമുള്ള പ്രമേയങ്ങളായിരുന്നു ഈ അറബ് സിനിമകളുടേത്. ടര്‍ക്കിഷ് സിനിമകള്‍ നുറുവര്‍ഷം പൂര്‍ത്തിയാക്കുന്ന സന്ദര്‍ഭമായതുകൊണ്ട് ശ്രദ്ധയര്‍ഹിക്കുന്ന രാജ്യമെന്ന നിലയില്‍ 'അയാം നോട്ട് ഹിം', 'യോസ്ജത് ബ്ലൂസ്', 'കം റ്റു മൈ വോയ്‌സ്', 'സിവാസ്', 'വിന്റര്‍ സ്ലീപ്പ്' എന്നീ സിനിമകളിലൂടെ തുര്‍ക്കി ജീവിതവും സംസ്‌കാരവും പരിചയപ്പെടുത്തപ്പെട്ടു. മുഹ്‌സിന്‍ മക്മല്‍ബഫിന്റെ 'ദി പ്രസിഡണ്ട്', ഹുസൈന്‍ ഷഹാബിയുടെ 'ദി ബ്രൈറ്റ് ഡേ', അബ്ബാസ് റാഫിയുടെ 'ഒബ്‌ളിവിയന്‍ സീസണ്‍', നര്‍ഗീസ് അബയാറിന്റെ 'ട്രാക്ക് 143', ഹിമാ ജാവീദിയുടെ 'മെല്‍ബണ്‍ 'എന്നീ ഇറാനിയന്‍ ചിത്രങ്ങള്‍ പതിവുപോലെ പ്രേക്ഷകമനസ്സുകളെ പിടിച്ചുകുലുക്കി.
'ഡാന്‍സിംഗ് അറബ്‌സ്' ഉദ്ഘാടനചിത്രം മാത്രമാവുകയായിരുന്നില്ല മേളയില്‍. ആ സിനിമയില്‍ പാലസ്തീന്‍ അറബ് ചെറുപ്പക്കാരനെ അവതരിപ്പിച്ച തൗഫീഖ് ബോര്‍ഹാം ചലച്ചിത്രമേളയുടെ മുഖ്യ ആകര്‍ഷണം തന്നെയായിമാറി. പ്രോഗ്രാം ഡയറക്ടര്‍ ഇന്ദു ശ്രീകാന്ത് അദ്ദേഹത്തെ പരിചയപ്പെടുത്തിയത് ഇപ്രകാരമാണ്. 'ഇതാ നല്ല ഒരു അറബ് ചെറുപ്പക്കാരന്‍. നിങ്ങള്‍ അദ്ദേഹത്തെ എന്തായാലും ഇഷ്ടപ്പെടും.' അറബ്‌ലോകത്തെ സംബന്ധിച്ച പ്രേക്ഷകരുടെ തെറ്റിദ്ധാരണകളെ തിരുത്തുന്നതായിരുന്നു പ്രസ്തുത പ്രസ്താവന. 'ഡാന്‍സിംഗ് അറബ്‌സും' ധാരാളം മുന്‍വിധികള്‍ക്ക് തിരുത്തിക്കുറിക്കുകയുണ്ടായി. സ്‌കോളര്‍ഷിപ്പോടെ പഠനത്തിന് ഉന്നതജൂതകലാലയത്തില്‍ പ്രവേശനം ലഭിക്കുന്ന ഇയാദ് എന്ന അറബ് വിദ്യാര്‍ഥിയുടെ സ്വത്വപ്രതിസന്ധിയും സങ്കടങ്ങളുമാണ്, 1982 മുതല്‍ 1991 വരെയുള്ള പാലസ്തീന്‍ സ്വാതന്ത്ര്യസമരചരിത്രത്തോടൊപ്പം അവതരിപ്പിക്കപ്പെടുന്നത്. ഇയാദ് എന്ന അറബ് വിദ്യാര്‍ഥിയുടെ സാന്നിധ്യം പോലും ജൂതമേധാവികള്‍ അംഗീകരിച്ചുകൊടുക്കുന്നില്ല. അറബ് ചുവയില്ലാതിരിക്കുന്നതിന് അയാദ് എന്നു പേരു മാറ്റിയാണ് അവര്‍ അവനെ വിളിക്കുന്നത്. അവനുമായി കൂട്ടുചേരാന്‍ തങ്ങളുടെ കുട്ടികളെ ജൂതരക്ഷിതാക്കള്‍ സമ്മതിക്കുന്നില്ല. അറബ് കൂട്ടുകാരനുണ്ടാകുന്നതിനേക്കാള്‍ ഒരു ജൂതന് അഭികാമ്യം, ക്യാന്‍സര്‍ ബാധിച്ചു മരിക്കുന്നതാണെന്നാണ് കുട്ടികളോടുള്ള മുതിര്‍ന്നവരുടെ ഉപദേശം. ഇസ്രായേല്‍ ഇന്റലിജന്‍സില്‍ ജോലി ലഭിക്കുന്നതിന് തന്റെ പ്രണയിനിയായ ജൂതപ്പെണ്‍കുട്ടി പോലും ഇയാദിനെ തള്ളിപ്പറയുന്നിടത്താണ് സിനിമ സമാപിക്കുന്നത്. ഹമാസിന്റെ പ്രവര്‍ത്തനങ്ങളും ദര്‍വേശിന്റെ കവിതയും ബൈത്തുല്‍ മുഖദിസിന്റെ മനോഹരമായ ദൃശ്യങ്ങളും സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഇതിനോട് ചേര്‍ത്തുവെക്കേണ്ട സിനിമകള്‍ തന്നയാണ് പാലസ്തീന്‍ സംവിധായകനായ ഹാനി അബൂ അസദിന്റെ 'ദി പാരഡൈസ് നൗ', 'റണാസ് വെഡ്ഡിംഗ്', 'ഒമര്‍' എന്നിവ. 1961-ല്‍ ഇസ്രായേലിലാണ് അസദ് ജനിച്ചതെങ്കിലും പാലസ്തീന്‍കാരന്‍ എന്ന് അറിയപ്പെടാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. ടെല്‍ അവീവില്‍ മനുഷ്യബോംബായി പൊട്ടിത്തെറിക്കാന്‍ തീരുമാനിച്ച രണ്ടു പാലസ്തീനിയന്‍ സുഹൃത്തുക്കളുടെ (സയിദും ഖാലിദും ) അവസാനരാത്രിയാണ് 'പാരഡൈസ് നൗ' അവതരിപ്പിക്കുന്നത്. ജറുസലേം നഗരത്തിലെ പരുക്കനും സത്യസന്ധവുമായ ജീവിതം വരച്ചുകാണിക്കുന്നു 'റണാസ് വെഡ്ഡിംഗ്'. 'ഒമര്‍' അറബ് ഇസ്രായേല്‍ സംഘര്‍ഷത്തെ പാലസ്തീന്‍ പക്ഷത്തുനിന്നും നോക്കിക്കാണുന്ന മനോഹരമായ ചിത്രമാണ്. അധിനിവേശത്തിനെതിരായ പ്രതിരോധ മാധ്യമമായി സിനിമകള്‍ മാറുന്നത് ഈ പാലസ്തീന്‍ ചിത്രങ്ങളില്‍ കാണാന്‍ കഴിഞ്ഞു. ഇസ്രായേല്‍ നിര്‍മ്മിച്ച മാനംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന വിഭജനത്തിന്റെ വന്‍മതില്‍ ഭീകരതയുടെ അടയാളമായി ആവര്‍ത്തിച്ചു ചിത്രീകരിക്കുന്നുണ്ട്. അറബ് വസന്തത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന 'ദേ ആര്‍ ദ ഡോഗ്‌സും' പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ സിനിമയായിരുന്നു. 1981-ല്‍ നടന്ന മൊറോക്കോയിലെ ജനകീയമുന്നേറ്റത്തില്‍ തടവിലാക്കപ്പെട്ട മജ്ഹൂല്‍ എന്ന വിപ്ലവകാരി 2011-ല്‍ മോചിതനാകുന്നതും, കുടുംബവും നാടുമന്വേഷിച്ച് അയാള്‍ നടത്തുന്ന യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം. മജ്ഹൂല്‍ വിപ്ലവത്തില്‍ കൊല്ലപ്പെട്ടെന്നു കുരുതി അയാളുടേതുപോലുള്ള ഒരു മൃതദേഹം ഭാര്യയും മക്കളും മറവു ചെയ്തിരുന്നു. തന്റെ ഭാര്യയെയും മക്കളെയും ഖബറിടത്തേയും മജ്ഹൂല്‍ സന്ദര്‍ശിക്കുന്നുണ്ട്. അറബ് വസന്തത്തിന്റെ വിപ്ലവാന്തരീക്ഷത്തില്‍ മോചിതനായ മജ്ഹൂലിന്റെ പുറകെ അറബ് ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന പരക്കംപാച്ചിലുകള്‍ ഏറെ രസകരമാണ്. ഏകാധിപതികള്‍ മൊറോക്കോയെ അടക്കിഭരിച്ചതിന്റെ നാള്‍വഴികള്‍ സിനിമ വരച്ചുകാണിക്കുന്നുണ്ട്. ബെദോയിന്‍ ഗോത്രത്തില്‍പെട്ട സഹോദരന്മാരുടെ നിലനില്‍പ്പിനും കുടുംബത്തിന്റെ അഭിമാനം കാക്കാനുമുള്ള സാഹസികയാത്രകളാണ് 'തീബി'ല്‍ ദൃശ്യമാകുന്നത്. ഈ അറബ് സിനിമകളെല്ലാം തന്നെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മനോഹാരിത വിവിധ സന്ദര്‍ഭങ്ങളിലായി പ്രതിനിധാനം ചെയ്തിട്ടുണ്ടെന്നത് സന്തോഷകരമായ കാര്യമാണ്. ഖുര്‍ആന്‍ പാരായണം, ബാങ്കുവിളി, നമസ്‌കാരം, ആതിഥ്യമര്യാദകള്‍, അഭിവാദനരീതികള്‍ എന്നിവയിലൂടെ മുസ്‌ലിം സംസ്‌കാരത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ദുരീകരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാല്‍ അറബ് സിനിമകള്‍ സമ്പന്നമായിരുന്നു. പ്രഭാഷണങ്ങളുടെ പരമ്പരകള്‍ നൂറുകൊല്ലം നടത്തിയാലും സാധ്യമാകാത്ത ആശയസംവാദവും ആദാനപ്രദാനവുമാണ് ഈ സിനിമകളിലൂടെ സാധിച്ചെടുത്തത്.
ആയുധത്തിന്റെ ബലത്തില്‍ ആധിപത്യം അടിച്ചേല്‍പ്പിക്കുന്ന താലിബാന്‍, ഐ.എസ്.എസ് തുടങ്ങിയ സൈനികജിഹാദിനെ കണക്കറ്റു പരിഹസിക്കുന്ന ദൃശ്യാനുഭവമാണ് മൗറിത്താനിയന്‍ സംവിധായകനായ അബ്ദുറഹ്്മാന്‍ സിസാകോവിന്റെ 'തിംബക്തു'. തിംബക്തു എന്ന ഗ്രാമത്തില്‍ തലമുറകളായി ജീവിക്കുന്ന ഗ്രാമീണരുടെ ഭാഷപോലുമറിയാത്ത ഒരുകൂട്ടമാണ് അവിടെ ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കുന്നത്. വീടിന്റെ വരാന്തയില്‍ ഇരിക്കുക, തെരുവില്‍ കൂട്ടമായി നിന്ന് വര്‍ത്തമാനം പറയുക, പാട്ടു കേള്‍ക്കുക, ഫുട്‌ബോള്‍ കളിക്കുക തുടങ്ങി ഗ്രാമീണരുടെ ചെറിയ ചെറിയ സന്തോഷങ്ങള്‍ പോലും നിഷിദ്ധമാക്കുകയാണ് ഭരണകൂടം. തിംബക്തുവിന്റെ ഇടനാഴികളില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന സൈനികരും കഴുതകളും ചിരിയുണര്‍ത്തുന്ന കാഴ്ചയാണ്. ചെറിയ തെറ്റുകള്‍ക്ക് പോലും കടുത്ത ശിക്ഷയാണ് സൈനികര്‍ നടപ്പാക്കുന്നത്. ഇതു ഇസ്‌ലാമിക നടപടിയല്ലെന്ന് ഭരണകൂടത്തോട് വാദിക്കുന്ന ഒരു ഇമാം ചിത്രത്തില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷെ അയാളുടെ ശബ്ദത്തെ അതിജയിക്കുന്നതാണ് സൈനികരുടെ ആയുധബലം. ഇസ്‌ലാമിന്റെ പേരില്‍ അരങ്ങേറുന്ന തെറ്റായ സായുധപ്രവര്‍ത്തനങ്ങളെ സിനിമ വിമര്‍ശിക്കുന്നു.
ഇറാന്‍ സിനിമകളോടുള്ള കാഴ്ച്ചക്കാരുടെ ഭ്രമം തിയേറ്ററുകളില്‍ ദൃശ്യമായി. ഹുസൈന്‍ ഷഹാബി, ഐഷര്‍ നര്‍ഗീസ് എന്നിവരെ കാണാനും സംസാരിക്കാനുമുള്ള അവസരവും യാദൃശ്ചികമായി ലഭിച്ചു. ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്‍ എപ്രകാരമാണ് ലോകോത്തര സിനിമകള്‍ നിര്‍മിക്കുന്നതെന്ന ചോദ്യം ആരും ഉന്നയിച്ചു കണ്ടില്ല. പകരം ഇറാനില്‍ കടുത്ത സെന്‍സറിംഗാണെന്ന് നിലവിളിക്കുകയാണ് ഇന്ത്യയിലുള്ള സിനിമാ പ്രവര്‍ത്തകര്‍ കിട്ടിയ അവസരത്തിലെല്ലാം ചെയ്തത്. അതു ഇറാനില്‍ നിന്നെത്തിയവരെ കൊണ്ട് പറയിപ്പിക്കാനുള്ള ശ്രമവും നടന്നു. മേളയില്‍ പ്രദര്‍ശിപ്പിച്ച എല്ലാ ഇറാന്‍ ചിത്രങ്ങളും ഒരിക്കലും ഇസ്‌ലാമിനെയോ ഇറാനെയോ വിമര്‍ശിക്കുന്ന തരത്തിലുള്ളതായിരുന്നില്ല. രാജ്യസ്‌നേഹവും വിശ്വാസപ്രതിബദ്ധതയും അവ അടിവരയിട്ടിരുന്നു. ഇറാന്‍ വിപ്ലവത്തെ അജയ്യമായി കാത്തുസൂക്ഷിക്കുന്നതില്‍ ഇറാന്‍ സിനിമയും കലയും വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണ്. വിനോദ മാധ്യമങ്ങളെ മുന്‍പിന്‍ നോക്കാതെ തള്ളിപ്പറയുന്നവര്‍ ഈ യാഥാര്‍ഥ്യവും പഠനവിധേയമാക്കേണ്ടതാണെന്ന് വിനീതമായി അപേക്ഷിക്കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top