മാതൃത്വത്തിന്റെ മഹിമ

ശൈഖ് മുഹമ്മദ് കാരകുന്ന്
2015 മാര്‍ച്ച്‌
ഭൂമിയിലെ ഏറ്റം മഹത്തായ കൃത്യം മാതൃത്വമാണ്. മനുഷ്യന്റെ ജനനത്തിലും വളര്‍ച്ചയിലും ഏറ്റവും കൂടുതല്‍ പങ്കുവഹിക്കുന്നത്

ഖുര്‍ആനിലെ സ്ത്രീ: 3 

      ഭൂമിയിലെ ഏറ്റം മഹത്തായ കൃത്യം മാതൃത്വമാണ്. മനുഷ്യന്റെ ജനനത്തിലും വളര്‍ച്ചയിലും ഏറ്റവും കൂടുതല്‍ പങ്കുവഹിക്കുന്നത് മാതാവാണ്. അതുകൊണ്ടു തന്നെ മനസ്സില്‍ ഇത്തിരിയെങ്കിലും കാരുണ്യവും മാനവികതയുമുള്ള ആരും മാതാവിനെക്കുറിച്ച് ഓര്‍ക്കുകയും പറയുകയും ചെയ്യും. മാതാവിന്റെ സ്‌നേഹവാത്സല്യ വികാരത്തെപ്പറ്റിയും സ്വയം സമര്‍പ്പണത്തെ സംബന്ധിച്ചും ത്യാഗത്തെപ്പറ്റിയും ധാരാളമായി എഴുതപ്പെട്ടിട്ടുണ്ട്.
വിദ്യാര്‍ഥി ജീവിതകാലത്ത് വായിച്ച ഒരു കഥയുണ്ട്. ഒരു മാതാവും മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇരുവരും ഒരുമിച്ചാണ് ഉണ്ണുകയും ഉറങ്ങുകയും ചെയ്തിരുന്നത്. ഇത്തിരി നേരംപോലും വേര്‍പിരിഞ്ഞിരിക്കാന്‍ പ്രയാസമായിരുന്നു. മകന്‍ വളര്‍ന്നു വലുതായപ്പോള്‍ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാഗ്രഹിച്ചു. വിവരം അറിയിച്ചപ്പോള്‍ അവള്‍ ഒരു നിബന്ധന വെച്ചു. അവന്റെ മാതാവിന്റെ തുടിക്കുന്ന ഹൃദയം തന്റെ മുമ്പില്‍ കൊണ്ടുവെച്ചു തരണമെന്നായിരുന്നു അത്. അതോടെ അവന്‍ അത്യധികം അസ്വസ്ഥനായി. ഊണും ഉറക്കവും നഷ്ടപ്പെട്ടു. മകന്റെ മാറ്റം ശ്രദ്ധിച്ച മാതാവ് കാരണം തിരക്കി. ആദ്യമൊന്നും കാര്യം തുറന്നുപറഞ്ഞില്ല. അവസാനം നിര്‍ബന്ധിച്ചപ്പോള്‍ എല്ലാം തുറന്നുപറഞ്ഞു. അപ്പോള്‍ ആ മാതാവ് പറഞ്ഞു: 'അതിനു നീ എന്തിനു പ്രയാസപ്പെടണം? ഞാനിവിടെ മലര്‍ന്നു കിടക്കാം. എന്റെ നെഞ്ചുപിളര്‍ത്ത് ഹൃദയമെടുത്ത് കാമുകിക്ക് കൊണ്ടുപോയി കൊടുത്ത് അവളെ വിവാഹം കഴിക്കൂ. നിന്റെ സന്തോഷത്തിലല്ലേ ഈ ഉമ്മയുടെ സംതൃപ്തി. അങ്ങനെ ആ ചെറുപ്പക്കാരന്‍ മാതാവിന്റെ തുടിക്കുന്ന ഹൃദയവുമായി കാമുകിയുടെ അടുത്തേക്ക് ഓടവേ കാല് കല്ലില്‍ വെച്ചുകുത്തി വീഴാന്‍പോയി. അപ്പോള്‍ ആ മാതൃഹൃദയം ചോദിച്ചുപോല്‍ 'മോനേ നിനക്കെന്തെങ്കിലും പറ്റിയോ?'
ഈ കഥ ഓര്‍ക്കുമ്പോഴെല്ലാം മനസ്സിലേക്ക് കടന്നുവരിക സ്വന്തം ജീവിതാനുഭവമാണ്. ഒരു പതിറ്റാണ്ടിലേറെ കാലം വാതരോഗിയായിരുന്ന ഉമ്മ വടികുത്തി കുനിഞ്ഞ് വലിയ വേദന സഹിച്ചാണ് നടന്നിരുന്നത്. പാതിരാവില്‍ വീട്ടിലെത്തുമ്പോള്‍ കാലൊച്ച കേട്ട് വടികുത്തി ഇഴഞ്ഞുവന്ന് വാതില്‍ തുറക്കും. അപ്പോള്‍ ആദ്യം ചോദിക്കുക 'മോനേ നീ വല്ലതും കഴിച്ചോ, ബസ്സ് കിട്ടിയോ, നടക്കാന്‍ വെളിച്ചമുണ്ടായിരുന്നോ' എല്ലാ അന്വേഷണങ്ങള്‍ക്കും ശേഷം അവസാനം സ്‌നേഹപൂര്‍വ്വം പറയും: 'ഇമ്മാന്റെ കുട്ടി കൊയങ്ങീട്ടുണ്ടാവും. വേഗം പോയി കിടന്നോ.'
ചെറുപ്രായത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ നാടുവിട്ടുപോയി. കൊല്ലങ്ങള്‍ക്കു ശേഷം ഒരു രാത്രി തിരിച്ചുവന്നു. കുശലാന്വേഷണങ്ങള്‍ക്കു ശേഷം മാതാവ് പറഞ്ഞു: 'മോനെ, നിന്റെ ഊണ് അവിടെ ആ പാത്രത്തിലുണ്ട്. അത് പോയി കഴിച്ചോ.''
അത്ഭുതസ്തബ്ധനായ ബഷീര്‍ ചോദിച്ചു: 'ഞാനിന്ന് വരുമെന്ന് ആരാണ് ഉമ്മയോട് പറഞ്ഞത്?'' അതിന് മാതാവ് നല്‍കിയ മറുപടി ബഷീറിനെ കടുത്ത ദുഃഖത്തിലും സങ്കടത്തിലുമാഴ്ത്തി. മാതാവ് പറഞ്ഞു: 'നീ പോയ ശേഷം എല്ലാ ദിവസവും ഞാന്‍ നിനക്കു വേണ്ട ഭക്ഷണം വിളമ്പിവെക്കും; നീ വരുമെന്ന പ്രതീക്ഷയോടെ. പിറ്റേന്ന് നിന്നെ കാണാതെ നിരാശയാകുമ്പോള്‍ അതെടുത്ത് കഴിക്കും. എന്നും അതുതന്നെ ചെയ്യും.' ഇതാണ് മാതാവ്.
വിക്ടര്‍ യൂഗോവിന്റെ 'പാവങ്ങളി'ല്‍ ഒരമ്മയുണ്ട്; ഫന്‍ദീന്‍. മകള്‍ കൊസത്തിനെ പോറ്റിവളര്‍ത്താനായി പത്ത് ഫ്രാങ്കിന് സ്വന്തം തലമുടി മുറിച്ചുവില്‍ക്കുന്ന അമ്മ. മതിയാകാതെ വരുമ്പോള്‍ നാല്‍പത് ഫ്രാങ്കിന് സ്വന്തം പല്ലുകള്‍ പറിച്ചുവില്‍ക്കുന്നു.
ഈ കഥയും എന്നിലുണര്‍ത്താറുള്ളത് സ്വന്തം ജീവിതാനുഭവം തന്നെ. കടുത്ത ദാരിദ്ര്യത്തിന്റെയും കൊടിയ പട്ടിണിയുടെയും കാലത്ത് വല്ലപ്പോഴും ഒരിത്തിരി അരി കിട്ടിയാല്‍ അതുകൊണ്ട് കഞ്ഞിവെക്കും. വറ്റ് പിതാവിന് നല്‍കും; വെള്ളം ഞങ്ങള്‍ക്കും. പിന്നെ ഉമ്മയോ, മധുരമില്ലാത്ത കട്ടന്‍ചായ കഴിച്ച് കിടന്നുറങ്ങും. എത്ര രാത്രികളെന്ന് ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല.
ഭൂമിയിലെ അത്ഭുത പ്രതിഭാസമായ ഈ മാതൃത്വത്തിന് വിശുദ്ധ ഖുര്‍ആന്‍ വമ്പിച്ച അംഗീകാരവും ആദരവും നല്‍കി. അല്ലാഹുവിന്റെ തൊട്ടടുത്ത സ്ഥാനമാണ് മാതാക്കള്‍ക്ക് നല്‍കിയത്. അതോടൊപ്പം ഒന്നിലേറെ സ്ഥലങ്ങളില്‍ മാതാപിതാക്കളെപ്പറ്റി പറഞ്ഞ് പിന്നീട് പിതാവിനെ വിട്ടേച്ച് മാതാവിന്റെ പ്രയാസവും ത്യാഗവും വിശദീകരിക്കുന്നു.
അഞ്ചു നേരത്തെ സമയനിര്‍ണിതമായ നമസ്‌കാരവും നോമ്പും സകാത്തും ഹജ്ജുമൊക്കെ നിര്‍ബന്ധമാക്കുന്നതിനു മുമ്പാണ് അല്ലാഹു ഖുര്‍ആനില്‍ മാതാക്കളുടെ കാര്യം പറഞ്ഞത്.
'മാതാപിതാക്കളുടെ കാര്യത്തില്‍ മനുഷ്യനെ നാമുപദേശിച്ചിരിക്കുന്നു. അവന്റെ മാതാവ് മേല്‍ക്കുമേല്‍ ക്ഷീണം സഹിച്ചാണ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുലകുടി നിര്‍ത്തലോ, രണ്ടുകൊല്ലംകൊണ്ടാണ്. അതിനാല്‍ നീ എന്നോട് നന്ദി കാണിക്കുക; നിന്റെ മാതാപിതാക്കളോടും. എന്റെ അടുത്തേക്കാണ് നിന്റെ തിരിച്ചുവരവ്'' (31:14) .
ഇവിടെ ഉമ്മ മക്കള്‍ക്കുവേണ്ടി അനുഭവിക്കുന്ന കഷ്ടപ്പാടുകളാണ് ഖുര്‍ആന്‍ എടുത്തുപറയുന്നത്. തുടര്‍ന്ന് അല്ലാഹുവിനോട് നന്ദികാണിക്കാന്‍ പറഞ്ഞതിനോട് ചേര്‍ത്ത് മാതാപിതാക്കളെയും ഉള്‍പ്പെടുത്തുന്നു.
മറ്റൊരിടത്തും ഖുര്‍ആന്‍ മാതാപിതാക്കളുടെ കാര്യം പറഞ്ഞ് മാതാവിന്റെ പ്രയാസത്തിലേക്ക് ശ്രദ്ധതിരിക്കുന്നു: 'മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോടുപദേശിച്ചിരിക്കുന്നു. ക്ലേശത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. അവനെ പ്രസവിച്ചതും പ്രയാസം സഹിച്ചുതന്നെ. ഗര്‍ഭകാലവും മുലകുടിയും കൂടി മുപ്പതുമാസം' (46:15).
മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് ഖുര്‍ആന്‍ മറ്റു പലയിടങ്ങളിലും ആവശ്യപ്പെടുന്നു (2:83,4:36, 6:151, 29:8).
അതോടൊപ്പം അവരോട് പെരുമാറേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുന്നു; അവര്‍ക്കായി പ്രാര്‍ഥിക്കണമെന്നും.
'നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു. നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് 'ഛെ' എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക. കാരുണ്യത്തോടെ വിനയത്തിന്റെ ചിറക് ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക. അതോടൊപ്പം ഇങ്ങനെ പ്രാര്‍ഥിക്കുക. 'എന്റെ നാഥാ! കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റിവളര്‍ത്തിയപോലെ നീ അവരോട് കരുണ കാണിക്കേണമേ'' (17:23,24).
ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനയിലെ അതിശ്രേഷ്ഠമായ സുജൂദില്‍ പോലും പ്രാര്‍ഥനയില്ലാത്ത ഖുര്‍ആന്‍ ഇവിടെ മാതാപിതാക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥന പഠിപ്പിക്കുന്നു.
ഇബ്രാഹീം നബിയും നൂഹ് നബിയും തങ്ങളുടെ മാതാപിതാക്കള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു (71:28,14:41). ഈസാ നബി തന്നെ തന്റെ മാതാവിന് നന്മചെയ്യുന്നവനാക്കിത്തീര്‍ക്കാന്‍ പ്രാര്‍ഥിക്കുന്നു. സച്ചരിതരായ വ്യക്തികളുടെ പ്രാര്‍ഥന ഖുര്‍ആന്‍ ഇങ്ങനെ ഉദ്ധരിക്കുന്നു.
'അങ്ങനെ അവന്‍ കരുത്തനാവുകയും നാല്‍പത് വയസ്സാവുകയും ചെയ്താല്‍ ഇങ്ങനെ പ്രാര്‍ഥിക്കും. 'എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീയേകിയ അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കാന്‍ നീയെന്നെ തുണക്കേണമേ; നിനക്ക് ഹിതകരമായ സുകൃതം പ്രവര്‍ത്തിക്കാനും' (46:15).
ലോകത്തിലെ ഏറ്റവും ഗുരുതരമായ കുറ്റം ശിര്‍ക്കാണല്ലോ. അത് ചെയ്യുക മാത്രമല്ല, ചെയ്യാന്‍ പ്രേരിപ്പിക്കുകയുമല്ല; നിര്‍ബന്ധിച്ചാല്‍ പോലും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നു. 'നിനക്കൊരറിവുമില്ലാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ അവരിരുവരും നിന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ അക്കാര്യത്തില്‍ അവരെ നീ അനുസരിക്കരുത്. എന്നാലും ഇഹലോകത്ത് അവരോട് നല്ല നിലയില്‍ സഹവസിക്കുക. എന്നിലേക്ക് പശ്ചാത്തപിച്ച് മടങ്ങിയവന്റെ പാത പിന്തുടരുക. അവസാനം നിങ്ങളുടെയൊക്കെ മടക്കം എന്നിലേക്കു തന്നെയാണ്. അപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി നിങ്ങളെ വിവരമറിയിക്കും' (31:15).
ഖുര്‍ആന്‍ ഗര്‍ഭാധാരണത്തിനും പ്രസവത്തിനുമെന്നപോലെ മുലകൊടുക്കുന്നതിനും വമ്പിച്ച പ്രാധാന്യം കല്‍പ്പിക്കുന്നു. അതിനും രക്തബന്ധത്തിന്റെ പ്രാധാന്യം നല്‍കുന്നു. രണ്ടുകൊല്ലമാണ് സാധാരണ രീതിയില്‍ മുലകുടിയുടെ കാലമെന്ന് അത് പഠിപ്പിക്കുന്നു. ''മാതാക്കള്‍ തങ്ങളുടെ മക്കളെ രണ്ടുകൊല്ലം പൂര്‍ണമായും മുലയൂട്ടണം. മുലകുടികാലം പൂര്‍ത്തീകരിക്കണമെന്ന് ഉദ്ദേശിക്കുന്നുവെങ്കിലാണത്'' (2:233).
മുലകുടിച്ച കുഞ്ഞിന് അത് നല്‍കിയ സ്ത്രീ മാതാവിനെപ്പോലെയും അവരുടെ മക്കള്‍ സഹോദരീ സഹോദരന്മാരെപ്പോലെയുമാണ്. ഇക്കാര്യം വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു (4:23).
ഇങ്ങനെ വിശുദ്ധ ഖുര്‍ആന്‍ മാതൃത്വത്തിന്റെ എല്ലാ തലങ്ങളെയും അങ്ങേയറ്റം ആദരിക്കുന്നു, ആദരിക്കാന്‍ മനുഷ്യരാശിയോട് ആവശ്യപ്പെടുന്നു. ഭൂമിയില്‍ പ്രഥമസ്ഥാനം മാതാവിനാണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. മാതാക്കളോടുള്ള പെരുമാറ്റത്തെ ജയാപജയങ്ങളുടെയും സ്വര്‍ഗനരകങ്ങളുടെയും അടിസ്ഥാനമായി പരിഗണിക്കുക കൂടി ചെയ്യുന്നു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media