കുടുംബ ആത്മഹത്യകള്‍

ഡോ: പി.എന്‍ സുരേഷ് കുമാര്‍ /ലേഖനം No image

      കേരളത്തില്‍ അടുത്ത കാലത്ത് കൂടിക്കൊണ്ടിരിക്കുന്ന ഒരു പ്രവണതയാണ് കുടുംബ ആത്മഹത്യകള്‍. ഇതിനെ കൂട്ടക്കൊലപാതകം എന്ന് പറയുന്നതാകാം കൂടുതല്‍ ശരി. കാരണം, ഇതില്‍ ഒരു വ്യക്തിമാത്രമേ ആത്മഹത്യ ചെയ്യുന്നുള്ളൂ. മറ്റു വ്യക്തികളെ ഒന്നുകില്‍ ആത്മഹത്യ ചെയ്യുന്ന ആള്‍ കൊല്ലുകയോ, അല്ലെങ്കില്‍ നിര്‍ബന്ധിച്ച് ആത്മഹത്യയിലേക്ക് വലിച്ചിഴക്കുകയോ ചെയ്യുകയാണ്. ഭാര്യയും ഭര്‍ത്താവും ഒന്നിച്ചും അല്ലെങ്കില്‍ കുട്ടികളും കൂടിയുള്ള കൂട്ടമരണങ്ങള്‍ വാര്‍ത്തയായി മാറിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ജീവിത പങ്കാളികൂടി കൂടെ ചേര്‍ന്നില്ലെങ്കില്‍ ആത്മഹത്യ പൂര്‍ണമാകില്ലെന്ന വിചാരമായിരിക്കണം ഇത്തരം ചെയ്തികള്‍ക്ക് പിന്നില്‍. മരണശേഷം തങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയായിരിക്കണം പിഞ്ചു കുഞ്ഞുങ്ങളെക്കൂടി മരണത്തിലേക്ക് തള്ളിവിടാന്‍ കാരണം. 2011-ല്‍ കേരളത്തില്‍ നടന്നിട്ടുള്ള കുടുംബ ആത്മഹത്യയില്‍ മരണമടഞ്ഞവരില്‍ 55 ശതമാനം സ്ത്രീകളാണെന്നതാണ് ഒരു ദുഃഖസത്യം.
കഠിനമായ വിഷാദാവസ്ഥയില്‍ ചിലപ്പോള്‍ കൊലപാത വാസനകൂടി ഉടലെടുക്കാം. സ്വന്തം പ്രവൃത്തികള്‍ കൊണ്ടോ അല്ലാതെയോ ഉണ്ടാവുന്ന സാമ്പത്തികമോ സാമൂഹികമോ മാനസികമോ ആയ പ്രശ്‌നങ്ങള്‍ക്ക് എളുപ്പത്തില്‍ കിട്ടുന്ന പരിഹാരമായ ആത്മഹത്യയില്‍ ചിലര്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെക്കൂടി ഉള്‍പ്പെടുത്തുന്നു. മറ്റുള്ളവരെക്കൂടി ജീവിതക്ലേശങ്ങളില്‍നിന്നും മോചിപ്പിക്കുന്നത് അവരോടുള്ള കാരുണ്യമാണെന്നുള്ള തോന്നലാകാം ഇതിനുള്ള കാരണം. പലപ്പോഴും ഭാര്യയും കുഞ്ഞുങ്ങളുമാണ് ഇതിനിരയാകുന്നത്. ഇതുമൂലം നിരപരാധികളായ, ഹതഭാഗ്യരായ കുടുംബങ്ങള്‍ക്ക് സ്വന്തം ഇഷ്ടമോ അറിവോ ഇല്ലാതെ ദുര്‍മരണം വരിക്കേണ്ടിവരുന്നു.
ഇതില്‍നിന്നും വ്യത്യസ്തമായി കുടുംബങ്ങളുടെ കൂട്ടായ തീരുമാനമെന്ന നിലക്കുള്ള കൂട്ട ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കുടുംബത്തിലെ പൊതു പ്രശ്‌നങ്ങള്‍, ദാരിദ്ര്യം, അപമാനം തുടങ്ങിയവ ദീഘനാള്‍ തുടരുമ്പോള്‍ തങ്ങളും തീര്‍ത്തും നിരാലംബരായിപ്പോകും എന്ന് കുടുംബിനികള്‍ മനസ്സിലാക്കുന്ന അവസ്ഥയില്‍ അവരെക്കൂടി ആത്മഹത്യയിലേക്ക് സ്വാധീനിക്കുവാന്‍ കഴിയുന്നതാകാം കുടുംബ ആത്മഹത്യയില്‍ സ്ത്രീകളുടെ എണ്ണം കൂടുവാന്‍ കാരണം.
ഇരുപതിനും മുപ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് കുടുംബ ആത്മഹത്യകളില്‍ കൂടുതലും. കേരളത്തില്‍ നടന്ന നാല്പത്തിരണ്ട് ആത്മഹത്യകളില്‍ പത്തോളം ചെറുപ്പക്കാരികളായ അമ്മമാരുടെതാണ്. ആദ്യം കുഞ്ഞിനെ കൊന്നതിനു ശേഷമായിരുന്നു ആത്മഹത്യകളില്‍ അധികവും.
കുട്ടികളുടെ ക്ഷേമത്തിനും സുഖത്തിനും വേണ്ടി ഏതു ത്യാഗവും സഹിക്കാന്‍ തയ്യാറായിരുന്നു മുമ്പ് അമ്മമാര്‍. എന്നാല്‍ ഇന്ന് ആത്മഹത്യക്ക് മുമ്പ് കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത് കേരളീയരില്‍ ഭീതിയുണര്‍ത്തുന്നു. യഥാര്‍ഥത്തില്‍ നമ്മുടെ സമൂഹത്തിന്റെ അപകടകരമായ നിലവാരത്തകര്‍ച്ചയാണ് ഇത് കാണിക്കുന്നത്. ആത്മഹത്യകളുടെ ആവര്‍ത്തനം, മാധ്യമങ്ങള്‍, സ്ത്രീകളിലെ അരക്ഷിത ബോധം ഇവയെല്ലാം അതിനുള്ള കാരണമാണ്.

ആത്മഹത്യ, തീരുമാനം
അമ്മയുടെ മനസ്സിലുള്ള ആത്മഹത്യാ പദ്ധതിയെക്കുറിച്ച് കുട്ടികള്‍ ഒന്നും അറിയുന്നില്ല. കുട്ടികളെ സംബന്ധിച്ചിടത്തോളം മരണം ചായയില്‍ കലര്‍ത്തിയ വിഷത്തിന്റെയോ ഐസ്‌ക്രീമില്‍ ചേര്‍ത്ത ഫ്യൂറഡാന്റെയോ കുതിച്ചു പായുന്ന ട്രെയിനിന്റെയോ മറ്റോ രൂപത്തില്‍ ആകാം. അത്തരം സംഭവങ്ങള്‍ നരഹത്യയില്‍ പെടുമോ എന്നാണ് ഇവിടെ നിശബ്ദമായി ഉയരുന്ന ചോദ്യം. കുട്ടികളെ കൊന്നതിനു ശേഷം നടത്തുന്ന ആത്മഹത്യാശ്രമത്തില്‍നിന്നും രക്ഷപ്പെട്ടവരെ ഇതുവരെ കൊലക്കുറ്റത്തിനു ശിക്ഷിച്ചതായും കാണുന്നില്ല. നട്ടെല്ലില്ലാത്ത നിയമ വ്യവസ്ഥയുടെ മാപ്പര്‍ഹിക്കാത്ത പഴുതുകളാണ് നമുക്ക് ഇതില്‍നിന്നും വ്യക്തമാകുന്നത്. മറ്റുള്ളവരുടെ സഹതാപം പിടിച്ചുപറ്റാന്‍ ആത്മഹത്യക്ക് ശ്രമിക്കുന്നവരുമുണ്ട്.

കുടുംബ ആത്മഹത്യയുടെ പ്രത്യേകതകള്‍
വിവാഹിതരായ യുവതികളുടെ ആത്മഹത്യകള്‍ക്കു പിന്നിലെ പ്രേരകഘടകങ്ങള്‍ തിരിച്ചറിയേണ്ടത് പ്രതിരോധത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്.
* പാരമ്പര്യമായ ആത്മഹത്യയുടെ ചരിത്രം, മാനസിക രോഗങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍, ഭര്‍ത്താക്കന്മാരുടെ അമിത മദ്യപാനവും മയക്കുമരുന്നിന്റെ ഉപയോഗവും.
*വളരെ ആസൂത്രിതമായും രഹസ്യമായും നടപ്പാക്കുന്ന കൂട്ട ആത്മഹത്യകള്‍ പരാജയപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. കുട്ടികള്‍ മരിച്ചെന്ന് ഉറപ്പ് വരുത്തലാണ് ആത്മഹത്യക്ക് മുന്‍കൈ എടുക്കുന്നവരുടെ മുഖ്യ ലക്ഷ്യം.
* കുടുംബങ്ങളുടെ നിരന്തര പീഡനവും നിസ്സഹകരണവും ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുന്നു. ഒറ്റപ്പെട്ട കുടുംബങ്ങളില്‍ ഇതിന് സാധ്യത വളരെ കൂടുതലാണ്. ഭാര്യയേയും കുട്ടികളെയും നിരന്തരം ഉപദ്രവിക്കുന്ന പുരുഷന്മാരുടെ കുടുംബത്തിലെ മറ്റംഗങ്ങളും അയല്‍ക്കാരും പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കുന്നതും ആത്മഹത്യക്ക് കാരണമാകുന്നു.

പരിഹാര മാര്‍ഗങ്ങള്‍
കുടുംബ ആത്മഹത്യകള്‍ തടയാന്‍ എന്തു ചെയ്യാനാകും എന്ന ചോദ്യം കേരളീയരില്‍ ഉയര്‍ന്നുതുടങ്ങിയിട്ട് ഏറെ വര്‍ഷങ്ങളായി. അതിന്റെ ഉത്തരം സങ്കീര്‍ണമാണെങ്കിലും താഴെ പറയുന്ന വിധത്തിലുള്ള മാര്‍ഗങ്ങളുമുണ്ട്.
*കുടുംബശ്രീ, മഹിളാ സമാജം, വനിതാ വേദി തുടങ്ങി നിലവിലുള്ള കൂട്ടായ്മകളിലൂടെ സ്ത്രീകളെ ബോധവല്‍ക്കരിക്കുക.
*സൈക്യാട്രിസ്റ്റ്, സൈകോളജിസ്റ്റ്, സാമൂഹ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സംഘടനകള്‍ വഴിയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
*ആത്മഹത്യാ പശ്ചാത്തലത്തിലുള്ള കുടുംബങ്ങളെയും വ്യക്തികളെയും പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെയും അഭിമുഖത്തിന്റെയും സഹായത്തോടെ തിരിച്ചറിഞ്ഞ് വേണ്ട ഉപദേശവും ചികിത്സയും നല്‍കുക.
*ആത്മഹത്യാ വാര്‍ത്തകള്‍ ശാസ്ത്രീയമായി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുക, കുടുംബ ആത്മഹത്യകള്‍ അമിത പ്രാധാന്യത്തോടെ ചിത്രീകരിക്കുന്നതില്‍നിന്നും മാധ്യമങ്ങള്‍ വിട്ടുനില്‍ക്കുക.
*കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുക.
*മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളെ സഹായിക്കാന്‍ അയല്‍ക്കൂട്ടങ്ങള്‍ ശക്തിപ്പെടുത്തുക.
*മാനസികരോഗ ചികിത്സയെന്ന വ്യാജേനയുള്ള അന്ധവിശ്വാസങ്ങളില്‍ അകപ്പെടാതെ വിദഗ്ധ ചികിത്സയുടെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക.
*ഭര്‍ത്താക്കന്മാരില്‍നിന്നും മറ്റുമുള്ള പീഡനങ്ങള്‍ തടയാന്‍ പോലീസ് സഹായം തേടാനും രോഗികളെ പരിചരിക്കാനും സന്നദ്ധ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങുക.
*ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും പരിഹരിക്കാനാകാത്തവിധം സങ്കീര്‍ണമാണ് പ്രശ്‌നങ്ങളെങ്കില്‍ മടിക്കാതെ അനുയോജ്യമായ മനഃശാസ്ത്ര ചികിത്സക്ക് തയ്യാറാവുക. പേര് വെളിപ്പെടുത്താത്ത ആളുകളെപ്പോലും സാന്ത്വനിപ്പിക്കുന്ന ഒട്ടേറെ ആത്മഹത്യാ പ്രതിരോധ കേന്ദ്രങ്ങള്‍ ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രശ്‌നങ്ങളുള്ള വ്യക്തിക്ക് നേരിട്ടോ ടെലിഫോണ്‍ വഴിയോ, ഇ-മെയില്‍ വഴിയോ, കത്തുവഴിയോ ഇത്തരം കേന്ദ്രങ്ങളുമായി ബന്ധപ്പെടാം.
*കുടുംബ ആത്മഹത്യകളും കൂട്ടക്കൊലപാതകങ്ങളും കുറക്കാനുള്ള ഫലപ്രദമായ മാര്‍ഗം ഭര്‍ത്താക്കന്മാരുടെ അമിത മദ്യപാനം ചികിത്സിക്കുക എന്നതാണ്.
*വീടുകളില്‍ സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനും കടബാധ്യതകള്‍ ഒഴിവാക്കുന്നതിനും വേണ്ടി വരവിനനുസരിച്ചു ചെലവഴിക്കാനുള്ള പ്രത്യേക പരിശീലനം സംഘടനകള്‍ വഴി നല്‍കുക. (ആഗോളവല്‍ക്കരണത്തിന്റെ കെണിയില്‍ വീണ് സാമ്പത്തിക ബോധ്യത ഉണ്ടാകാതിരിക്കാനും മാനസിക സംയമനം പാലിക്കാനുമുള്ള പ്രത്യേക ട്രെയിനിംഗ്).
ചുരുക്കത്തില്‍, കേരള സര്‍ക്കാറും സര്‍ക്കാരിതര സ്ഥാപനങ്ങളും കൈകോര്‍ത്ത് ചെറുക്കേണ്ട പുതിയ പകര്‍ച്ചവ്യാധിയാണ് വര്‍ധിച്ചുവരുന്ന കുടുംബ ആത്മഹത്യകള്‍. അവയുടെ ഇരകളിലധികവും ചെറുപ്പക്കാരികളും കുട്ടികളുമാണെന്ന വസ്തുത നാം ഓര്‍ക്കണം. ഈ അത്യാപത്ത് തടയാന്‍ അടിയന്തരശ്രദ്ധ പതിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കേരളത്തിലെ കുടുംബ ആത്മഹത്യകള്‍
വര്‍ഷം മൊത്തം കുടുംബങ്ങള്‍ മൊത്തം മരിച്ച ആളുകളുടെ എണ്ണം
2001                   62                         161
2002                   33                         90
2003                   22                         64
2004                   17                         46
2005                   22                         63
2006                   29                         80
2007                   39                         155
2008                   21                         45
2009                   13                         38
2010                   22                         56
2011                   19                         42
2012                   12                         28
2013                   16                         34

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top