മനുഷ്യത്വത്തിന്റെ മഹിതമാതൃകകള്‍ സൃഷ്ടിച്ചവര്‍

ത്വാഹിറ.സി /ഖുര്‍ആന്‍ വെളിച്ചം No image

      'നിങ്ങളില്‍ പണവും പ്രതാപവുമുള്ളവര്‍ അടുത്ത ബന്ധുക്കളെയും അഗതികളെയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഹിജ്‌റ പോയവരെയും സഹായിക്കുകയില്ലെന്ന് പ്രതിജ്ഞയെടുക്കരുത്. അവര്‍ മാപ്പ് കൊടുക്കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങളോട് പൊറുക്കുന്നത് നിങ്ങള്‍ക്കിഷ്ടമില്ലേ? അവന്‍ എല്ലാം പൊറുക്കുന്നവനും കരുണാവാരിധിയുമാകുന്നു.' (സൂറത്തുന്നൂര്‍- 22)

അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സുലൂല്‍ എന്ന കപടവിശ്വാസിയുടെ നേതൃത്വത്തില്‍ ആയിശ (റ)ക്ക് നേരെയുണ്ടായ അപവാദ പ്രചരണവും അതിനെതുടര്‍ന്ന് ഇരുവര്‍ക്കുമുണ്ടായ കടുത്ത മന:പ്രയാസവും ഇസ്‌ലാമികസമൂഹത്തിന് മൊത്തത്തിലേറ്റ സ്തംഭനാവസ്ഥയും പ്രശ്‌നത്തിന് പരിഹാരമാവാതെ വന്നപ്പോള്‍ അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ സത്യം വെളിച്ചത്ത് കൊണ്ടുവന്നതുമൊക്കെ നമ്മുടെയെല്ലാം ഓര്‍മയിലുണ്ട്. ഇതുപോലുള്ള പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ ഫോണ്‍കോളുകളും പരിശോധിച്ച് നിജസ്ഥിതി കണ്ടുപിടിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഇന്നുണ്ട്. എന്നാല്‍ ഇതൊന്നുമില്ലാത്ത ഒരു കാലത്ത് ലോകാനുഗ്രഹിയായ പ്രവാചകനും കുടുംബവും ഇരയായ ഒരു സംഭവത്തിന്റെ കള്ളത്തരത്തെ പുറത്ത് കൊണ്ടുവരാന്‍ അല്ലാഹു നേരിട്ട് സംവിധാനമൊരുക്കുക എന്നത് ഒട്ടും അതിശയോക്തിപരമല്ല. നാം ശ്രദ്ധിക്കാതെയും നമ്മെ അത്ഭുതപ്പെടുത്താതെയും പൊയ്‌ക്കൊണ്ടിരിക്കുന്ന അത്യന്തം ഗൗരവമായ ഒരു വിഷയത്തിലേക്കാണ് മുകളിലത്തെ സൂക്തം വിരല്‍ ചൂണ്ടിയത്.
പ്രവാചകന്റെ രണ്ട് മക്കളെ കല്ല്യാണം കഴിക്കാന്‍ ഭാഗ്യം ലഭിച്ചതിനാല്‍ 'ദുന്നൂറൈനി' എന്ന് ഉസ്മാന്‍(റ) വിശേഷിപ്പിക്കപ്പെട്ടതുപോലെ അപവാദത്താല്‍ ഇരട്ട ദുഃഖിതന്‍ എന്ന് സ്വയം വിശേഷിപ്പിക്കാവുന്ന അവസ്ഥയിലായിരുന്നു അബൂബക്കര്‍ സിദ്ദീഖ്. ഒരേസമയം തന്റെ മകളും, പ്രവാചകന്റെ വായില്‍നിന്നും വല്ലതും വീഴുന്നുണ്ടോ എന്ന് ഒളിഞ്ഞുനോക്കി അനുസരിക്കാന്‍ സന്നദ്ധയായി നില്‍ക്കുന്നവളുമായ പ്രവാചകന്റെ പ്രിയപത്‌നിയായ ആയിശ (റ)യാണ് അപവാദ പ്രചരണത്താല്‍ നോവിക്കപ്പെട്ടത്. പ്രചരിപ്പിച്ചവരുടെ ഗണത്തില്‍ അബൂബക്കര്‍(റ)ന്റെ ബന്ധുവും അദ്ദേഹത്തിന്റെ ഔദാര്യത്തില്‍ കഴിയുന്നവനും അഗതിയുമായ മിസ്ത്വഹ്ബ്‌നു ഉസാസ എന്നൊരാളുമുണ്ടായിരുന്നു. സംഭവത്തിന്റെ യാഥാര്‍ഥ്യം വെളിച്ചത്ത് കൊണ്ടുവന്ന് അല്ലാഹു ആയിശയുടെ നിരപരാധിത്വം പ്രഖ്യാപിച്ചപ്പോള്‍ ഉസാസക്ക് താനിനി ഒരു സഹായവും നല്‍കുന്നതല്ല എന്ന് അബൂബക്കര്‍ (റ) ശപഥപ്രഖ്യാപനം നടത്തി. അതിവൈകാരികമായ ഒരു ഘട്ടത്തില്‍ ഏതൊരാളില്‍ നിന്നും ഉണ്ടാകാവുന്ന സ്വാഭാവികമായ പ്രതികരണമായിരുന്നു അത്. പക്ഷേ വിശുദ്ധ ഖുര്‍ആന്‍ നല്‍കി അനുഗ്രഹിക്കപ്പെട്ട തന്റെ അടിയാറുകളില്‍നിന്ന് ഈ രീതിയിലുള്ള ഒരു പ്രതികരണം ഉണ്ടായിക്കൂടായെന്ന് അല്ലാഹു തീരുമാനിക്കുകയായിരുന്നു.
വിശ്വാസപരമായ കാര്യങ്ങളിലും അതിനെത്തുടര്‍ന്നുണ്ടാകേണ്ട സഹജീവികളോടും അപരരോടുമുള്ള സല്‍പെരുമാറ്റത്തിന്റെ കാര്യത്തിലും മനുഷ്യന്‍ ഇളവ് അര്‍ഹിക്കുന്നില്ല എന്നാണ് ഈ സൂക്തത്തിലൂടെ വിശ്വാസി സമൂഹത്തെ അല്ലാഹു ബോധ്യപ്പെടുത്തുന്നത്. വല്ല ഇളവും നല്‍കാന്‍ അവന്‍ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നുവെങ്കില്‍ അത് നല്‍കാന്‍ ഏറ്റവും അര്‍ഹമായ സന്ദര്‍ഭമായിരുന്നു ഇത്. ആരാധനാകാര്യങ്ങളില്‍ ഇളവ് നല്‍കിയത് അതിനാലേല്‍ക്കുന്ന 'പരിക്ക്' താന്‍ സഹിച്ചുകൊള്ളാം എന്നതായിരിക്കാം അല്ലാഹുവിന്റെ നിലപാട്. പക്ഷെ, താന്‍ തന്റെ കാരുണ്യത്താല്‍ പൊതിഞ്ഞ തന്റെ അടിയാറുകള്‍ക്ക് പരിക്കേല്‍പ്പിക്കാന്‍ മനുഷ്യന് അധികാരമില്ല എന്ന ദൈവികമായ മനുഷ്യ സ്‌നേഹത്തിന്റെ അത്യുന്നതമായ സന്ദേശമാണ് ഇതിലൂടെ അല്ലാഹു നമ്മെ പഠിപ്പിച്ചത്.
ഇത്തരം സംഭവങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ ഒറ്റപ്പെട്ടതല്ല. മാഹാനായ പ്രവാചകന് തന്നെ ശാസനയേറ്റ ചില സംഭവങ്ങള്‍ ഇതിന് മുമ്പും പിമ്പുമൊക്കെയുണ്ടായിട്ടുണ്ട്. അന്ധനായ ഉമ്മിമക്തൂം റസൂല്‍ (സ)യുടെ അടുക്കല്‍ ഇസ്്‌ലാം പഠിക്കാന്‍ ആഗ്രഹിച്ച് വന്നപ്പോള്‍ മക്കയിലെ ചില ഗോത്രപ്രമാണികളോട് ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കുന്ന റസൂല്‍ (സ) അദ്ദേഹത്തില്‍ നിന്ന് ശ്രദ്ധതിരിച്ച് അല്‍പം മാറി നിന്നു. ജന്മപരമായ വൈകല്യം കണ്ട് അദ്ദേഹത്തെക്കാള്‍ ഇസ്‌ലാമിന് ഉപകരിക്കുക സ്വയം പര്യാപ്തത നടിച്ചുകൊണ്ടിരിക്കുന്ന ആ അഹങ്കാരികളാണ് എന്ന് താങ്കള്‍ക്ക് പ്രതീക്ഷിക്കാന്‍ ഒരു വകയുമില്ലായെന്ന് ഘോഷിച്ച് കൊണ്ട് മനുഷ്യസമത്വത്തിന്റെ സന്ദേശം അല്ലാഹു പഠിപ്പിച്ചു. (സൂറ: അബസ) ഈ അവസരങ്ങളിലൊക്കെയും അല്ലാഹു ഇളവ് നല്‍കാത്തത് പോലെ തന്നെ ഇളവ് അവര്‍ ആഗ്രഹിച്ചതുമില്ല. അതുകൊണ്ടാണല്ലോ ഖുര്‍ആന്‍ ആയത്ത് അവതരിപ്പിക്കപ്പെട്ടുവെന്നറിഞ്ഞയുടന്‍ തന്നെ അബൂബക്കര്‍ പാശ്ചാത്താപ വിവശനായി പ്രതിജ്ഞ പിന്‍വലിക്കുകയും മുമ്പത്തെക്കാള്‍ കൂടുതല്‍ ഔദാര്യം ഞാനിനി നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. അതുപോലെത്തന്നെ റസൂല്‍ (സ) ഉമ്മിമക്തൂമിന്റെ സംഭവത്തിന് ശേഷം താന്‍ ഇദ്ദേഹം കാരണമായാണ് ആദ്യമായി ശാസിക്കപ്പെട്ടത് എന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹത്തെ കൂടുതല്‍ ആദരിക്കുകയും തന്റെ ഷാള്‍ അദ്ദേഹത്തിന് വിരിച്ച് കൊടുക്കുകയും ചെയ്യുമായിരുന്നുവെന്ന് ചരിത്രത്തില്‍ കാണാന്‍ കഴിയും.
റസൂല്‍(സ)ക്ക് ഖലീഫാ ഉമര്‍ (റ) നല്‍കിയ ചില നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിശുദ്ധ ഖുര്‍ആനില്‍ ആയത്തുകള്‍ അവതരിപ്പിക്കപ്പെടുന്നതിന് കാരണമായിട്ടുണ്ട്. മദ്യ നിരോധം, കപടവിശ്വാസിക്ക് മയ്യത്ത് നമസ്‌കരിക്കുന്നതിനുള്ള വിലക്ക്, ഹിജാബ് തുടങ്ങിയവ പ്രതിപാദിക്കുന്ന ഖുര്‍ആന്‍ ആയത്തുകള്‍ ഉദാഹരണം. ഇതിന് മുമ്പൊക്കെയും ഉമര്‍ (റ) ഈ വിഷയകമായി ഗൗരവത്തില്‍ ഇടപെട്ടിരുന്നു. അതുകൊണ്ടാണ് ഉമറിന്റെ മനസ്സിലൂടെയും നാവിലൂടെയും സത്യം പ്രകാശിപ്പിക്കുന്നുവെന്ന് റസൂല്‍ (സ) പറഞ്ഞത്. ഇത്തരം സംഭവങ്ങളൊക്കെയും ചരിത്രത്തില്‍ പ്രസിദ്ധരായി അറിയപ്പെട്ട ഖലീഫമാരില്‍ നിന്ന് മാത്രമൊന്നും ഉണ്ടായവയല്ല. മറിച്ച്, നിശ്ശബ്ദമായി ഇസ്്‌ലാമിന്റെ അധ്യാപനങ്ങളെ നെഞ്ചിലേറ്റിയ കരുത്തരായ ഇത്തരം നിരവധി വ്യക്തിത്വങ്ങളുള്‍ക്കൊള്ളുന്ന ഒരു സമൂഹമായിരുന്നു അവര്‍. സ്വര്‍ഗ്ഗാവകാശിയാണെന്ന് റസൂല്‍ (സ) സന്തോഷവാര്‍ത്ത നല്‍കിയ സഅദ്ബ്‌നു അബീവഖാസെന്ന സഹാബി ഒരേസമയം വിശ്വാസത്തിന്റെ പേരില്‍ മനുഷ്യരെ ഒഴിവാക്കുകയും സ്വീകരിക്കുകയും ചെയ്തവനായിരുന്നു. 'താാന്‍ ഇസ്‌ലാം സ്വീകരിച്ചതിന്റെ വിദ്വേഷത്താല്‍ തന്റെ മാതാവ് നിരാഹാരമിരുന്ന് മരിക്കാന്‍ പോകുന്നു. ഉമ്മയെങ്ങാനും മരിച്ചാല്‍ ഉമ്മയെ കൊന്നവനെന്ന് ജനങ്ങള്‍ തന്നെ ആക്ഷേപിക്കുകയില്ലേ'യെന്ന് സഅദ് റസൂലിന്റെ അടുക്കല്‍ വന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തെ സംബന്ധിച്ചവതരിച്ച ഖുര്‍ആന്‍ ആയത്തിലൂടെയാണ് സഅദിനെ റസൂല്‍ (സ) ആശ്വസിപ്പിച്ചത്.
'മാതാപിതാക്കളോട് നന്മയോടെ വര്‍ത്തിക്കാന്‍ നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. എന്നാല്‍ നിനക്കറിഞ്ഞ് കൂടാത്തത് വല്ലതിനെയും എന്റെ പങ്കാളികളായി കല്‍പിക്കാന്‍ അവന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ നീ അവനെ അനുസരിക്കരുത്.' (അന്‍കബൂത്ത്) ഇതേ സഅദിനെ തന്നെയാണ് ജനങ്ങളില്‍ ഒരാളോട് പോലും മോശമായ വികാരപ്രകടനങ്ങള്‍ നടത്തുകയോ ദുര്‍വാക്കുകള്‍ പറയുകയോ ചെയ്യാത്തതിന്റെ പേരില്‍ സ്വര്‍ഗാവകാശിയായി റസൂല്‍ (സ) പ്രഖ്യാപിച്ചത്.
മദീനയില്‍ വെച്ച് സുബൈറുബ്‌നുല്‍ അവാമും ഒരു അന്‍സ്വാരിയും തമ്മില്‍ തോട്ടം നനക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായപ്പോള്‍ സുബൈറിനും അന്‍സ്വാരിക്കും ഒരുപോലെ സൗകര്യം കിട്ടുന്ന രൂപത്തില്‍ റസൂല്‍ വിധി നടത്തിയിട്ടും തൃപ്തനാവാത്ത അന്‍സാരിയുടെ സ്വഭാവത്തെ ആക്ഷേപിച്ചുകൊണ്ട് 'അവര്‍ക്കിടയിലുള്ള തര്‍ക്കങ്ങളില്‍ താങ്കളെ വിധികര്‍ത്താവായി സ്വീകരിക്കുകയും എന്നിട്ട് താങ്കള്‍ നല്‍കുന്ന വിധി തീര്‍പ്പുകളില്‍ മനപ്രയാസം തോന്നാതെ പൂര്‍ണ സമ്മതത്തോടെ സ്വീകരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല' എന്ന ഈ ആയത്ത് അല്ലാഹു അവതരിപ്പിച്ചു. സഹാബി സമൂഹം സൃഷ്്ടിച്ച വിശ്വാസത്തിന്റെയും മാനവികതയുടെയും മഹിത മാതൃകകളെ കുറിച്ച പരാമര്‍ശങ്ങള്‍ പുരുഷന്മാരെ സംബന്ധിച്ച് മാത്രമല്ല, സ്ത്രീകളെ സംബന്ധിച്ചും വിശുദ്ധ ഖുര്‍ആനിലും ചരിത്രത്തിലും നമുക്ക് കാണാന്‍ കഴിയും.
പട്ടിണികൊണ്ട് നിര്‍വാഹമില്ലാതെ ഒരു സ്വഹാബി റസൂല്‍ (സ)യുടെ അടുക്കല്‍ പരാതിയുമായി വന്നു. പ്രവാചകന്‍ പലരോടും അദ്ദേഹത്തിന്റെ വിഷപ്പുമാറ്റാനുള്ളത് ഉണ്ടാകുമോയെന്ന് ചോദിച്ച് ഫലമില്ലാതെ വന്നപ്പോള്‍ അബൂത്വല്‍ഹ എന്ന സ്വഹാബി തന്റെ വീട്ടിലേക്ക് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു. ഭാര്യമാരോട് വീട്ടിലെ ഭക്ഷണത്തെക്കുറിച്ച് അന്യേഷിച്ചപ്പോള്‍ പൊന്നോമന മക്കള്‍ക്ക് കരുതിവെച്ചതേ അവിടെയുള്ളൂ, എന്ത്‌ചെയ്യുമെന്ന് വീട്ടുകാരി ചോദിച്ചു. അബൂത്വല്‍ഹ്വ പറഞ്ഞു 'അവരെ നീ വല്ലതും പറഞ്ഞ് ഉറക്കുക. നമുക്ക് ഭക്ഷണ സമയമാകുമ്പോള്‍ വിളക്ക് കെടുത്തി ഭക്ഷണം കഴിച്ചതായി ഭാവിക്കാം. ഉള്ള ഭക്ഷണം അതിഥി കഴിക്കട്ടെ' ഇക്കാര്യത്തില്‍ യാതൊരു അസംതൃപ്തിയുമില്ലാതെ ഭര്‍ത്താവിനെ അനുസരിച്ച ഭാര്യയില്‍ തൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് സൂറത്തുല്‍ ഹശ്‌റിലെ ഒമ്പതാമത്തെ ആയത്ത് അവതരിച്ചത്. 'നിങ്ങള്‍ക്കു തന്നെ ആവശ്യമുണ്ടെങ്കില്‍ പോലും ഇവര്‍ മറ്റുള്ളവര്‍ക്ക് തങ്ങളെക്കാള്‍ മുന്‍ഗണന നല്‍കുന്നു. സ്വമനസ്സിന്റെ സങ്കുചിതത്വത്തില്‍ നിന്ന് ആര് മുക്തരാവുന്നുവോ അവരത്രെ വിജയം വരിക്കുന്നവര്‍' (സൂറത്തുല്‍ ഹശ്ര്‍)
ഏകദൈവ വിശ്വാസത്തില്‍ നിന്ന് ഉറവയെടുക്കുന്ന ആദര്‍ശത്തിന്റെയും മാനവികതയുടെയും ഇത്തരം ഇതിഹാസ മാതൃകകളുടെ ഗുണഫലങ്ങള്‍ അനുഭവിച്ചത് മുസ്‌ലിംകള്‍ മാത്രമായിരുന്നില്ല. വിശ്വാസി അവിശ്വാസി വ്യത്യാസമില്ലാതെ പ്രവാചകനും സഹാബികളുമായി ഇടപഴകിയ എല്ലാ മനുഷ്യരുമായിരുന്നു. പടയങ്കി മോഷണ ആരോപണമുന്നയിക്കപ്പെട്ട ജൂതന്റെ കാര്യത്തില്‍ അവതരിച്ച സൂറത്തുന്നിസാഇലെ പതിനൊന്ന് ആയത്തുകള്‍ ഇതിന്റെ ലോകാവസാനം വരെയുള്ള തെളിവാണ്. ഒരു വിഭാഗം വിശ്വാസികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ജൂതനാണ് മോഷ്ടിച്ചത് എന്ന പ്രവാചകന്റെ ധാരണയെ ശാസിക്കുന്ന രൂപത്തില്‍ ജൂതന്റെ നിരപരാധിത്വം അല്ലാഹു നിരവധി ആയത്തുകളിലൂടെ അവതരിപ്പിച്ചു. മതവ്യത്യാസത്തിന്നതീതമായി നീതിയുടെ കൊടി ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു വിശുദ്ധഖുര്‍ആന്‍ ഇതിലൂടെ. ഇങ്ങനെ വിലക്കുകളും നിര്‍ദേശങ്ങളും ശാസനകളും കല്‍പനകളും നെഞ്ചിലേറ്റുവാങ്ങി സമൂഹത്തില്‍ വിപ്ലവം സൃഷ്ടിച്ച ഒരു സംഘമായിരുന്നു അവര്‍.
ഇത്തരം മാറ്റങ്ങള്‍ സൃഷ്ടിച്ച ഒറ്റപ്പെട്ട വ്യക്തികളുടെ പേരുകള്‍ പിന്നെയും നാം ചരിത്രങ്ങളില്‍ കാണാറുണ്ട്. പക്ഷേ ഇങ്ങനെ മാനവികതയുടെ വിസ്മയങ്ങള്‍ സൃഷ്ടിച്ച ഒരു സംഘത്തെ ചരിത്രത്തില്‍ ഒരുപാടൊന്നും നമുക്ക് കണ്ടെത്താന്‍ കഴിയില്ല. അതിനാല്‍ ഖുര്‍ആന്‍ വിശുദ്ധഗ്രന്ഥമായി സ്വീകരിക്കുകയും അതനുസരിച്ച് ജീവിക്കുവാന്‍ സന്നദ്ധരായി മുമ്പോട്ട് വരികയും ചെയ്ത നമ്മള്‍ ഈയൊരു സംഘത്തിന്റെ മാതൃകയെ ഖുര്‍ആനില്‍ നിന്നും ചരിത്രങ്ങളില്‍ നിന്നും നമ്മുടെ ജീവിതത്തിലേക്ക് കൊളുത്തിയെടുക്കേണ്ടതുണ്ട്. നമ്മളെപ്പോലെ മജ്ജയും മാംസവും വികാരവിചാരവുമുള്ള മനുഷ്യര്‍ സൃഷ്ടിച്ച മഹത്വത്തിന്റെ മഹത്വത്തിന്റെ ഇതിഹാസ വിസ്മയങ്ങളാണിത്. വൈജ്ഞാനിക രംഗത്ത് വിപ്ലവത്തിന്റെ കുതിച്ചുചാട്ടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴും ഇത്തരം അധ്യാപനങ്ങളെ മനസ്സിലാക്കാന്‍ കഴിയാത്ത ആധുനിക സമൂഹത്തിന് മാനവികയുടെ ഈ മഹിത മാതൃകകള്‍ പഠിപ്പിച്ചു കൊടുക്കാന്‍ നാം മുന്നോട്ടുവരണം. ഇങ്ങനെയുള്ള തലമുറയെ വളര്‍ത്തിയെടുക്കുക എന്നതാവണം നമ്മുടെ ലക്ഷ്യം. അഥവാ ആദര്‍ശത്തിന്റെയും മാനവികതയുടെ കാര്യത്തില്‍ അല്‍ഭുതങ്ങള്‍ സൃഷ്ടിച്ച ഒരു സംഘത്തെ പുനസൃഷ്ടിക്കുക. നമ്മുടെ മദ്രസകളും പള്ളികളും മതവിജ്ഞാന സദസ്സുകളുമൊക്കെ ഇത്തരമൊരു കൂട്ടത്തെ വളര്‍ത്താനുള്ള വേദികളാകുവാന്‍ ശ്രദ്ധിക്കുകയും വേണം. മാനവിക ഐക്യ ബോധത്തെ വേണ്ടവിധത്തില്‍ പരിഗണിക്കാതെ സമൂഹത്തിന്റെ പുനസൃഷ്ടി സാധ്യമല്ല. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നീചമായാല്‍ ഖുര്‍ആന്റെ ഈ മഹത്തായ അധ്യാപനങ്ങളെ തെറ്റായി വ്യഖ്യാനിക്കുന്നുവെന്നുള്ള ഗുരുതരമായ കുറ്റത്തിന് നാം ഉത്തരവാദികളാവും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top