ഓര്‍മയില്ലേ, ഇത് ഞാനാ...

കെ.വൈ.എ /ചുറ്റുവട്ടം No image

ആളെ നല്ല പരിചയം. പക്ഷേ, പേരും മറ്റും തീരെ ഓര്‍മയില്ല. ചോദിക്കാമെന്നു വെച്ചാലോ, പരിചയക്കൂടുതല്‍ കാരണം പറ്റില്ലതാനും. ബന്ധുവിനോടും ഉറ്റസുഹൃത്തിനോടും പേര് ചോദിക്കാനാകുമോ?
ഓര്‍മ്മയുണ്ടാകേണ്ടത് ഓര്‍ക്കാന്‍ പറ്റാതെ പോയാലുള്ള പൊല്ലാപ്പുകള്‍ ചെറുതല്ല. അതേസമയം മറക്കണമെന്ന് തീരുമാനിച്ച കാര്യങ്ങള്‍ മറക്കാനൊട്ട് പറ്റുകയുമില്ല. ഞായറാഴ്ച ഒന്ന് വീട്ടിലിരിക്കാമെന്ന് കരുതി ഇരിക്കുമ്പോഴാണ് കല്യാണത്തിന് ക്ഷണം വരുന്നത്. തീര്‍ച്ചയായും വരുമെന്ന് ഉറപ്പുകൊടുക്കുന്നു. തീര്‍ച്ചയായും മറക്കാമെന്ന് ആശ്വസിക്കുന്നു.
എവിടെ മറക്കാന്‍! ഞായറാഴ്ച ഉണരുന്നതേ കല്യാണത്തെപ്പറ്റി ഓര്‍ത്തുകൊണ്ടാണ്. സാരമില്ല, മറക്കാന്‍ ഇനിയുമുണ്ടല്ലോ സമയം. പത്തുമണിക്കും ഓര്‍ക്കുന്നു- അതിനിയും മറന്നില്ലല്ലോ എന്ന്.
പന്ത്രണ്ട്. ഇല്ല, മറന്നിട്ടില്ല. ഒന്ന്, മറവി കാര്യക്ഷമമല്ല. മറവിയെ സഹായിക്കാന്‍ ടി.വി തുറക്കുന്നു. സിനിമയാണ്- കല്യാണം തന്നെ രംഗം. ചാനല്‍ മാറ്റി. റിയാലിറ്റി ഷോ നടക്കുന്നു. കല്യാണപ്പാട്ടാണ് രംഗത്ത്. വീണ്ടും മാറ്റി. ആശ്വാസം, ക്വിസ് പരിപാടിയാണ്.
- നെല്‍സണ്‍ മണ്ടേലയുടെ മുഴുവന്‍ പേര്?
- അറിയില്ല.
- മണ്ടേല മാതൃകയാക്കിയ ഇന്ത്യന്‍ നേതാവ്?
-ഗാന്ധിജി.
- ശരി. ഗാന്ധിജി എത്രാമത്തെ വയസ്സിലാണ് കല്യാണം കഴിച്ചത്?
റിമോട്ട് കോരിയെടുത്ത് ചാനല്‍ മാറ്റി. അതില്‍ കുക്കറി ഷോ ആണ്. കല്യാണ വിഭവങ്ങള്‍!
രക്ഷയില്ല. ടിവി ഓഫാക്കി. ഡ്രസ്സ് മാറി. കല്യാണത്തിനു പോയി.
മറക്കണമെന്നു കരുതിയാല്‍ അങ്ങനെയാണ്. മറവി വരില്ല. അതേ സമയം, നേരത്തെ പറഞ്ഞ പോലെ ഓര്‍മ വരുത്താന്‍ നോക്കിയാലോ? അതും വരില്ല.
നമ്മള്‍ പേരു മറന്നുപോയ പരിചയക്കാരനെ കണ്ടുമുട്ടുമ്പോള്‍ അനുഭവിക്കുന്ന ദുരിതമാണത്.
എനിക്ക് മറക്കാന്‍ കഴിയാതെ പോയ ആ കല്യാണച്ചടങ്ങാണ് രംഗം. പന്തലിലേക്ക് കടന്ന് ഇരുന്നതും ഒരാള്‍ അടുത്ത കസേരയില്‍ വന്നിരുന്ന് കൈപിടിച്ചു. 'എന്തുണ്ട് വിശേഷം?'' അയാള്‍ ചോദിച്ചു.
ആളെ എനിക്ക് ഓര്‍മയില്ല. അയാളുടെ അടുപ്പം കണ്ടാല്‍ അത് പറയാനും തോന്നില്ല. ഞാന്‍ അടവുകളിലേക്ക് തിരിഞ്ഞു.
നീണ്ടകാലത്തെ സുഹൃത്തിനെ തിരിച്ചുകിട്ടിയ ചൂടോടെ ഞാന്‍ അയാളുടെ കൈ മുറുകെപ്പിടിച്ചു.
'പിന്നെ... എന്തൊക്കെയുണ്ട്?'' ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറ്റവും സുരക്ഷിതമായ ചോദ്യം അതാണല്ലോ. ഇമ്മാതിരി സുരക്ഷിത ചോദ്യങ്ങളുടെ ഒരു പട്ടിക മനസ്സിലുണ്ടാകുന്നത് എപ്പോഴും നല്ലതാണ്. 'വിശേഷങ്ങളൊക്കെ എങ്ങനെ?'' 'മഴ കുറവാണല്ലോ അല്ലേ?'' 'സാധനങ്ങള്‍ക്കൊക്കെ എന്താ വില!' തുടങ്ങിയവ അതില്‍ പെടും.
ചോദ്യത്തിന് കിട്ടുന്ന മറുപടിയില്‍നിന്ന് എന്തെങ്കിലും 'ക്ലൂ' കണ്ടെത്തലാണ് അടുത്തപടി.
'സുഖം തന്നെ. അന്നെന്താ അങ്ങോട്ട് വരാഞ്ഞത്?'' അയാള്‍ തിരിച്ചു ചോദിക്കുന്നു. ക്ലൂ ഇല്ല! എന്നാലും ശ്രമിക്കാം.
'എന്നത്തെ കാര്യമാ പറയുന്നത്?'' കരുതലോടെയാണ് എന്റെ ചോദ്യങ്ങള്‍. എന്നിട്ടും അയാള്‍ ചോദിച്ചു: 'എന്നെ മനസ്സിലായില്ലേ?''
'പിന്നില്ലാതെ!'' ഞാന്‍ കൈ കൂടുതല്‍ മുറുക്കി. ഇത്രനേരം അടുപ്പം കാണിച്ചിട്ട് മനസ്സിലായില്ലെന്ന് ഇനി എങ്ങനെ പറയും?
അങ്ങനെയങ്ങനെ, ക്ലൂകള്‍ ഓരോന്നായി അയാളില്‍നിന്ന് ചികഞ്ഞെടുത്ത് ഞങ്ങള്‍ പരസ്പരം തിരിച്ചറിയുന്നു, അയാളെ ഞാനും എന്നെ അയാളും ആദ്യമായി കാണുകയാണെന്ന്. അയാള്‍ക്കും ആളുമാറിയതാണ്.
ഒരിക്കല്‍ ഒരു സദസ്സില്‍വെച്ച് എന്റെ ഒരു സുഹൃത്ത് പാഞ്ഞുവന്ന് പറഞ്ഞു: 'നിങ്ങളെ ഒരാള്‍ കാത്തിരിക്കുന്നു. വാ!'
'ആരാ?' ഞാന്‍ ചോദിച്ചു.
'അതിപ്പോള്‍ പറയില്ല. നേരിട്ടു കണ്ടോളൂ.'
ഞാന്‍ ചെന്നു. ഒരു കണ്ണടക്കാരന്‍ മുഖത്ത് സ്‌മൈലി ഒട്ടിച്ച് നില്‍ക്കുന്നു. 'ഇതാ നിങ്ങളുടെ ആള്‍'' എന്നുപറഞ്ഞ് എന്റെ സുഹൃത്ത് പോയി.
ഞാന്‍ അന്തംവിട്ടു. ഒരു ഓര്‍മയും കിട്ടുന്നില്ല. അയാളാണെങ്കില്‍ കൈ കുലുക്കുകയും ചിരിക്കുകയും ചെയ്യുന്നു.
അടവിന് സമയമായി എന്ന് ഞാന്‍ തീരുമാനിച്ചു. കൈ മുറുക്കിപ്പിടിച്ച് കുലുക്കിയിട്ട് ഉച്ചത്തില്‍ പറഞ്ഞു: 'ഹലോ!''
'ഹേേലോാാ!'
'എന്തുണ്ട്?'
'സുഖം. പിന്നെ എന്തുണ്ട്?'
'സുഖം തന്നെ?'
'തന്നെ.'
'പിന്നെ, വേറെ എന്തൊക്കെയുണ്ട്?'
കാര്യങ്ങള്‍ തുടങ്ങിയേടത്തു തന്നെ നില്‍ക്കുകയാണ്. ഞാന്‍ അവസാന അടവെടുത്തു. 'ഇപ്പോള്‍ വരാം'' എന്നുപറഞ്ഞ്, അയാളുടെ പിടിയില്‍ നിന്ന് കൈ ഊരിയെടുത്ത് എന്തോ അത്യാവശ്യം ഓര്‍മവന്ന മട്ടില്‍ തിരിഞ്ഞുനടന്നു.
അയാളുടെ മുമ്പിലേക്ക് എന്നെ ഇട്ട സുഹൃത്തിനെ കണ്ടെത്തി ചോദിച്ചു: 'ആരാണത്?'
'അതോ, എനിക്കറിയില്ല. എന്നെ അയാള്‍ക്ക് നല്ല പരിചയം. എനിക്കൊട്ട് അറിയുകയുമില്ല. രക്ഷപ്പെടാന്‍ ഈ അടവ് എടുക്കേണ്ടിവന്നതാണ്. നിങ്ങള്‍ പരിചയപ്പെട്ടോ?'
ഞാന്‍ ക്ഷമിച്ചു. കൊടും ദ്രോഹം ചെയ്തവരോടും ക്ഷമിക്കണമെന്നാണല്ലോ.
ഇനി പരിചയമില്ലാത്തവരെ കണ്ടാല്‍ അത് തുറന്നുപറയുക തന്നെ എന്ന് ഞാന്‍ ഉറപ്പിച്ചു.
'ഇതാരാന്ന് നോക്ക്' എന്ന ആമുഖത്തോടെ ഒരിക്കല്‍ എന്റെ ഒരു ചങ്ങാതി വലിയൊരു മനുഷ്യനെ എന്റെ മുമ്പിലേക്കിട്ടു. ഉയരവും കഷണ്ടിയുമുള്ള ഒരു കണ്ണടക്കാരന്‍. ഞാന്‍ എന്റെ പുതിയ നയമനുസരിച്ച് 'ആരാ മനസ്സിലായില്ലല്ലോ' എന്നു പറയാന്‍ തുടങ്ങിയപ്പോഴേക്കും അയാളെ കൊണ്ടുവന്ന ചങ്ങാതി ചോദിച്ചു: ' അറിയില്ലേ? വയസ്സാകുമ്പോള്‍ മറവി കൂടും, അല്ലേ?''
ഞാനെന്റെ തീരുമാനം ആ നിമിഷം മാറ്റി. പരിചയക്കുറവ് പറഞ്ഞാല്‍ മറവിയുണ്ട് എന്നാവും. മറവി ഉണ്ട് എന്ന് സമ്മതിക്കുന്നത് വയസ്സായി എന്ന് അംഗീകരിക്കലാവും. നിവര്‍ന്നു നിന്ന് ഞാന്‍ പറഞ്ഞു: 'മറക്കുകയോ കണക്കായി!''
'എന്നാ പറ! ആരാ?' ചങ്ങാതിയുടെ വക. ഇവന് അപ്പുറത്ത് ജോലിയൊന്നുമില്ലേ എന്നു ചോദിക്കാന്‍ തോന്നി. കലി അകത്തമര്‍ത്തി ഒരു തമാശ കേട്ടമട്ടില്‍ ഞാന്‍ വിഷയം, ' പിന്നെ സുഖം തന്നെയല്ലേ?'' എന്ന സേഫ് മോഡിലേക്ക് മാറ്റി.
എന്റെ ചങ്ങാതി കൂടുതല്‍ മുഷിപ്പിക്കാതെ സ്ഥലംവിട്ടപ്പോള്‍ കഷണ്ടിക്കാരന്‍ തിരിച്ച് ചോദിച്ചു: 'സുഖമല്ലേ?''
അയാള്‍ ഒരു ക്ലൂവും തരുന്നില്ലല്ലോ. ഞാന്‍ വീണ്ടും ശ്രമിച്ചു. 'എവിടന്ന് വരുന്നു ഇപ്പോള്‍?''
സാധാരണ നിലക്ക് മികച്ച തന്ത്രമാണീ ചോദ്യം. ആളെ അറിയില്ലെന്ന സത്യം വെളിപ്പെടുത്തുന്നില്ല. അതേ സമയം, ക്ലൂ വല്ലതുമൊക്കെ മറുപടിയില്‍നിന്ന് തടയും.
'വീട്ടില്‍ നിന്ന്.''
ഞാന്‍ ആദ്യം ഒന്നന്ധാളിച്ചു. പിന്നെ ചോദ്യംകൊണ്ട് വേറൊരു ചൂണ്ടയിട്ടു: 'ഇപ്പോള്‍ എവിടെയാ താമസം?''
വിലാസം പ്രതീക്ഷിച്ച എനിക്ക് കിട്ടിയ മറുപടി: 'അവിടെത്തന്നെ.''
ഞാന്‍ വലഞ്ഞു. പുതിയ സൂത്രച്ചോദ്യങ്ങള്‍ പരതി. ഒടുവില്‍: 'ഓഫീസില്‍ ഇപ്പോഴും പഴയതു തന്നെയല്ലേ?''
സുരക്ഷിതമെന്നു ഞാന്‍ വിചാരിച്ച ചോദ്യം ഡെയ്ഞ്ചര്‍ സോണിലേക്കെത്തിച്ചു. അയാള്‍ അതുവരെ മുറുകെപ്പിടിച്ചിരിക്കുന്ന എന്റെ കൈ വിട്ടിട്ട് പറഞ്ഞു:
'ഓഫീസോ? ഞാന്‍ ഡോക്ടറാണ്. വീട്ടിലാണ് പ്രാക്ടീസ്. നിങ്ങളാരാണ്?''
ഞങ്ങള്‍ അങ്ങനെ പരിചയപ്പെട്ടു. 'സ്വന്തം ആളെ'ന്നു പറഞ്ഞ് ഞങ്ങളെ കൂട്ടിമുട്ടിച്ച ചങ്ങാതിയെ പറ്റിയായി എന്റെ ചിന്ത. ഇത്തരം ചങ്ങാതിമാരെ സൂക്ഷിക്കണം! അവന്റെ പേര് നോട്ട് ചെയ്‌തോളൂ. വരട്ടെ, ഒറ്റ സെക്കന്‍ഡ്. ഓര്‍മയില്‍ വരുന്നില്ല. ഇനി ഞാനെങ്ങനെ അയാളോട് ചോദിക്കും? അത്ര പരിചയക്കാരാണല്ലോ ഞങ്ങള്‍.
കണ്ടാല്‍ ഞാന്‍ ചൂണ്ടിക്കാണിച്ചു തരാം. അവന്റെ പേരൊന്ന് ചോദിച്ചറിഞ്ഞ് എന്നെ അറിയിക്കണേ!

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top