സ്ത്രീകള്‍ക്കു വേണ്ടി എന്നും കവിതയെഴുതിയ യൂസഫലി കേച്ചേരി

പി.ടി കുഞ്ഞാലി No image

     കവിതയും മറ്റു സുകുമാരകലകളും ബുദ്ധിയോടല്ല മറിച്ച്, അനുഭൂതി മണ്ഡലത്തോടും സാന്ദ്ര വികാരങ്ങളോടുമാണ് സംവാദം ചെയ്യുന്നതെന്നും അതുകൊണ്ടുതന്നെ ഇത്തരം ആവിഷ്‌കാരങ്ങളില്‍ ഗാഢമായ സാമൂഹ്യബോധമോ നവോത്ഥാന പരിശ്രമങ്ങളോ അന്വേഷിക്കേണ്ടതില്ലെന്നുമുള്ള ഒരു നിരീക്ഷണം പൊതുവേ ശക്തമാണ്. എന്നാല്‍ ഈയൊരു പൊതുനിരീക്ഷണത്തോട് എന്നും കലഹിക്കുന്നതാണ് യൂസഫലി കേച്ചേരിയുടെ കവിതാലോകം. താന്‍ ജീവിതം നട്ട ഒരു സമൂഹത്തില്‍ പ്രത്യക്ഷമാവുന്ന രൂക്ഷ പ്രതിസന്ധികളെ തീര്‍ത്തും അനാര്‍ഭാടമായി പൊതുമണ്ഡലത്തിലെത്തിക്കുകയും അങ്ങനെ തന്റെ ഇടപെടല്‍ പ്രവേശം കൊണ്ട് ആ സമൂഹത്തിനു നീതിയും ന്യായവും ലഭ്യമാവുകയും ചെയ്യുക. അപ്പോള്‍ ആ പീഡിതസമൂഹം അനുഭവിക്കുന്ന സ്വാസ്ഥ്യം ആത്മനിര്‍വൃതിയോടെ കണ്ടുനില്‍ക്കുക. ഇതു യൂസഫലിയിലെ കവിക്ക് എന്നും ഇഷ്ടമായിരുന്നു. കവിയാകാന്‍ കൂടി ജനിച്ച ഒരാളാണു യൂസഫലി. മാപ്പിളപ്പാട്ടിന്റെ മൊഞ്ചും സീനത്തും അറബന മുട്ടിക്കളിച്ചൊരു തെളിഗ്രാമത്തിലാണദ്ദേഹം ജനിച്ചത്; തൃശൂര്‍ ജില്ലയിലെ കേച്ചേരിയില്‍. ഉമ്മ നജ്മക്കുട്ടിയുടെ പിതാവ് എരംകുളം അഹമ്മദ് വൈദ്യര്‍ ഇശല്‍വഴികളില്‍ കേമസഞ്ചാരം ചെയ്ത ഒരാളാണ്.
പഞ്ചവര്‍ണ്ണ പൈങ്കിളിയെ കൂട്ടിലടച്ചു - പിന്നെ
പത്മരാഗ തീന്‍ കൊടുത്തു പോറ്റിവളര്‍ത്തി
എന്ന് എഴുതാന്‍ കഴിഞ്ഞ കവിയാണ് അഹമ്മദ്കുട്ടി വൈദ്യര്‍. യൂസഫലിയാകട്ടെ, താന്‍ അനന്തരമെടുത്ത ഈ പഞ്ചവര്‍ണ്ണപ്പൈങ്കിളിയോടു കൊഞ്ചിപ്പാടിച്ചത് ഏതോ ഗതകാല സങ്കല്‍പ്പത്തിലെ അല്‍ഭുത കഥകളല്ല. മറിച്ച്, തന്റെ നേര്‍മുമ്പില്‍ ഇരമ്പിനില്‍ക്കുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളാണ്. താന്‍ ജനിച്ചും കണ്ടും വളര്‍ന്ന ഒരു സമൂഹത്തിലെ ജീവിതാവസ്ഥകളോട് എന്നും സംവാദത്തിലേര്‍പ്പെട്ട കവിയാണദ്ദേഹം. സ്വാതന്ത്ര്യ പൂര്‍വത്തിലാണു യൂസഫലി ജനിക്കുന്നത് (1934). അന്നത്തെ ഒരു ജീവിത സാഹചര്യം കൂടിയാണ് യൂസഫലി എന്ന കവിയെ നിര്‍ണയിച്ചത്. കൊളോണിയല്‍ ആധിപത്യത്തോട് വിശ്വാസം കൊണ്ടുതന്നെ എന്നും യുദ്ധിച്ചുനിന്ന ഒരു സമുദായം അതിനാല്‍ത്തന്നെ ഭൗതിക യാത്രയില്‍ ഏറെ പിന്തള്ളപ്പെട്ടുപോയവരായിരുന്നു. അതിന്റെയൊക്കെ ശിഷ്ടമെന്നോണം ഇരമ്പിയാര്‍ത്ത ദാരിദ്ര്യവും നിരക്ഷരതയും ഒപ്പം യാഥാസ്ഥിതികതയുടെ തീക്കാവടിയും. അതിന്റെ ദുരിതവും ദുരന്തങ്ങളും ഏറ്റുവാങ്ങിയിരുന്നത് തീര്‍ച്ചയായും സ്ത്രീകളായിരുന്നു. അന്നിവര്‍ക്കുവേണ്ടി പോര്‍മുഖം തുറക്കാന്‍ ഇന്നത്തെ പോലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്നില്ല. ഉണ്ടെങ്കില്‍ തന്നെ ഇരുട്ടിന്റെ പ്രണേതാക്കള്‍ അത്തരം ഏതു നേര്‍ സംരംഭങ്ങളേയും ഫത്‌വകളുടെ ഉത്തോലകം കൊണ്ട് മറിച്ചിട്ടുകളയുന്ന കാലം. അന്നേ തന്നെ സ്ത്രീ സമൂഹത്തിനായി സര്‍ഗ്ഗരചന കൊണ്ട് പോരാടിയ നിരവധി പേരുണ്ടായിരുന്നു. തന്റെ കാലത്തില്‍ ഈ നിയോഗം ഭംഗിയായി ഏറ്റെടുത്ത കവിയാണ് കേച്ചേരി. സൈനബ, കൗജുക്കുട്ടി, തിത്താച്ചു, കുഞ്ഞിപ്പാത്തുമ്മ, കല്ലു, തള്ളയും കുട്ടിയും തുടങ്ങിയ ഭാവസാന്ദ്രമായ കവിതകള്‍ കവിയുടെ സാമൂഹ്യ ഇടപെടലുകളുടെ നിദര്‍ശനമാണ്.
കേച്ചേരിയുടെ ഇത്തരം രചനകളില്‍ ഏറ്റവും പ്രശസ്തമായ ഒരു കവിതയാണ് 'തിത്താച്ചു'. ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളുടേയും അതില്‍ത്തന്നെ സ്ത്രീശാക്തീകരണത്തിന്റേയുമൊക്കെ രൂപപ്പെടലുകള്‍ സൃഷ്ടിച്ച ജാഗ്രതക്കപ്പുറമുള്ള ഒരു കാലത്താണ് ഈ കവിത സംഭവിക്കുന്നത്. അഥവാ ഇത്തരം കവിതകള്‍ കൂടിയാണ് നമ്മളില്‍ ഈയൊരു നിരന്തര ജാഗ്രതകള്‍ ത്വരിപ്പിച്ചു നിര്‍ത്തിയത് എന്നര്‍ത്ഥം. തിത്താച്ചുവിന്റെ പിതാവ് സൈതലവി ചെറിയൊരു ബീഡിക്കമ്പനിയുടെ നടത്തിപ്പുകാരന്‍. തീര്‍ത്തും യാഥാസ്ഥിതിക പരിസരത്തിലാണ് സൈതലവി ജീവിക്കുന്നത്. മകള്‍ അതുകൊണ്ടുതന്നെ അക്ഷരലോകത്തേക്കു കടന്നിട്ടേയില്ല.
പെണ്ണിനു ഹറാമാണ്
കാഫറിന്‍ പള്ളിക്കൂട
മെന്നുച്ചമുദ്‌ഘോഷിക്കും
സൈതാലിമാരുള്ളപ്പോള്‍
അപരാധമോ പ്രേമ-
ലേഖനം വായിക്കാനു-
മപരാശ്രയം തേടും
മാപ്പിള സ്ത്രീകള്‍ ചെയ്‌വൂ.
സൈതലവിക്ക് തിത്താച്ചുവിന്റെ ഉമ്മയല്ലാത്ത മറ്റൊരു ബീടരും അതില്‍ മക്കളുമുണ്ട്. തിത്താച്ചുവും ഉമ്മയും അവരുടെ സ്വന്തം അധ്വാനം കൊണ്ട് അഷ്ടിതേടുന്നവരാണ്. വര്‍ഷങ്ങളായി സൈതലവി ഭാര്യയേയും മകളേയും കണ്ടിട്ടും വല്ലതും കൊടുത്തിട്ടും. അപ്പോഴും തിത്താച്ചുവിന് വാപ്പയെ പെരുത്ത് ഇഷ്ടം തന്നെയാണ്. യൗവനം പടിയിറങ്ങാനായുന്ന തിത്താച്ചുവിന്റെ നിക്കാഹ് സൈതലവിക്ക് വിഷയമേയല്ല.
വേറെയുണ്ടൊരു ഭാര്യ
മക്കളുമയാള്‍ക്കെങ്ങോ
വേല ചെയ്തുയിര്‍ കൊള്‍വൂ
തായയും തിത്താച്ചുവും
തന്റെ ജീവിത സ്വപ്നങ്ങള്‍ പിതാവില്‍ സുരക്ഷിതമല്ലെന്നവള്‍ തിരിച്ചറിയുന്നു. അതോടെ സ്വന്തം ഗ്രാമത്തിലെ ബീരാനെന്ന യുവാവ് അവളുടെ ജീവിതത്തതിലേക്ക് കടന്നുവരുന്നു. ബീരാന്‍ മാന്യനും കുലീനനുമാണ്. പക്ഷേ, ദരിദ്രനാണ്. അതുകൊണ്ടവന്‍ തിത്താച്ചുവിനു നല്‍കാനുള്ള മഹറും വിവാഹ വസ്ത്രങ്ങളും ഹലാലായി കണ്ടെത്താന്‍ വയനാടന്‍ മലകളിലേക്ക് ജോലിക്കു പോയിരിക്കുന്നു. പൊന്നും പണവുമായി തന്റെ സ്വപ്ന കാന്തന്‍ ചുരമിറങ്ങി വരുന്നതും കാത്തിരിപ്പാണ് തിത്താച്ചു. ഫോണും മൊബൈലുമില്ലാത്ത കാലത്ത് ആശ്രയം കത്തുകള്‍ മാത്രം. നിരക്ഷരയായ തിത്താച്ചു കത്തുകള്‍ എന്തു ചെയ്യും. അപൂര്‍വ്വമായെത്തുന്ന കത്തുകള്‍ തിത്താച്ചുവിനു വായിച്ചു കൊടുക്കുന്നത് അയല്‍വാസി കൂടിയായ കവി യൂസഫലി.
പണവും നേടിത്തന്നെ
നിക്കാഹ് ചെയ്യാന്‍ വീരാ -
നണയും സുദിനവും
കാത്തിരിപ്പാണെന്‍ തോഴി
കത്തു ഞാന്‍ വായിക്കുമ്പോ -
ളായിരം കിനാവുകള്‍
നൃത്തമാടുമാറുണ്ടാ
നീല നീര്‍മിഴികളില്‍
തന്റെ ജീവിതം സ്വപ്നപ്പൂത്തോണിയില്‍ കയറി പ്രതീക്ഷയുടെ കരപറ്റുന്നതും കാത്തു നില്‍ക്കുമ്പോഴാണ് തിത്താച്ചുവിന്റെ ജീവിതം പൊടുന്നനെ തകിടംമറിയുന്നത്. അപൂര്‍വ്വമായി മാത്രമേ തിത്താച്ചുവിനെ തേടി അഞ്ചലോട്ടക്കാരന്‍ കടന്നുവരൂ. അന്നൊരു നാള്‍ അഞ്ചല്‍കാരന്‍ കത്തുമായി തിത്താച്ചുവിനെ കണ്ടു. വായനയറിയാത്ത അവള്‍ കത്തുമായി കവിയുടെ വീട്ടുമുറ്റത്തേക്കോടുന്നു. ഉദ്വേഗപ്പെട്ട് ഓടിവരുന്ന തിത്താച്ചുവിനെ കവി കളിയാക്കുന്നു. അവളുടെ ഖല്‍ബ്ബകം നിറയെ വയനാട്ടിലെ കാട് നാടാക്കാന്‍ പണിയുന്ന വീരാന്റെ രൂപമാണ്. അവള്‍ ധൃതി കൂട്ടി
കത്തു വായിക്കീ: ഞമ്മ -
ക്കുറുമാലിഞ്ഞീം കാണാം
തിത്താച്ചു എന്നെത്തട്ടി
യുണര്‍ത്തി പൊടുന്നനെ
കത്ത് പൊളിച്ചു നിവര്‍ത്തിയപ്പോള്‍ കവി സത്യമായും ഞെട്ടിത്തരിക്കുന്നു. കത്ത് വീരാന്റെയല്ല. മറിച്ച് എന്നോ ഉപേക്ഷിച്ച സ്വന്തം വാപ്പയുടേതാണ്.
കത്തു വായിച്ചേന്‍: റബ്ബിന്‍
വേണ്ടിയാല്‍ പ്രിയ മകള്‍
തിത്താച്ചുവറിയുവാന്‍
സൈതാലിയെഴുതുന്നു.
ഇത്രയും ഭാഗം തിത്താച്ചുവിനായി കവി വായിക്കുന്നു. അപ്പോഴേക്കും തിത്താച്ചുവില്‍ പിതൃസ്‌നേഹം പാല്‍പ്പത പോലെ തൂവിനിറഞ്ഞു. പിതാവില്‍ നിന്നും തനിക്കു ലഭിക്കാതെ പോയ സ്‌നേഹവും ലാളനയും പക്ഷേ അവള്‍ക്ക് തടസ്സമായില്ല. അവള്‍ അറിയാതെ പറഞ്ഞുപോയി.
ബാപ്പാന്റെ കത്താണല്ലേ
ഞാനെന്തോ കിനാക്കണ്ട്
ബായിക്കീ: സൊകമല്ലേ
ബാപ്പാക്കും കൊച്ചുങ്ങക്കും
അവളുടെ അടക്കിപ്പിടിച്ച ഉല്‍ക്കണ്ഠകള്‍ കൊടുങ്കാറ്റാകാന്‍ അടുത്ത വാചകം വായിച്ചാല്‍ മതി.
ക്കാര് മൊതലാളി -
ക്കിവിടെപ്പള്ളീല്‍ വെച്ച്
നിക്കാഹ് കയിച്ചു ഞാന്‍
കൊടുത്തേക്കണ് നിന്നെ
കണ്ണുകള്‍ ധൃതിയില്‍ ഞാ -
നോടിച്ചേന്‍ കത്തില്‍ മക്കാര്‍
വന്നിടുമത്രേ നാട്ടി
ലൊട്ടു നാളുകള്‍ക്കുള്ളില്‍
താന്‍ പുതിയ വീടരും മക്കളുമായി ജീവിക്കുന്നിടത്ത് കടം വാങ്ങിയ പണത്തിനു പകരമായി മക്കാര്‍ മാപ്ലയ്ക്ക് സൈതലവി നല്‍കുന്നത് മകളുടെ ജീവിതമാണ്. അതോ, പിതാവ് എന്ന ഏക അധികാരമുപയോഗിച്ച്. ഇതിനെതിരെ കലാപം തുറക്കാന്‍ പാങ്ങോ പ്രാപ്തിയോ ഇല്ലാതെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നടന്നകലുന്ന തിത്താച്ചു ദൃശ്യപ്പെടുത്തുന്നത് അന്നത്തെ പതിതയായ മുസ്ലിം സ്ത്രീ പ്രത്യക്ഷത്തെ തന്നെയാണ്.
കണ്‍പീലിയൊപ്പിക്കൊണ്ട്
നോക്കിനേന്‍ വിറക്കുന്ന
കാലുകള്‍ നിലത്തൂന്നി
തിത്താച്ചുവകലുന്നു
തീര്‍ച്ചയായും ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ കേരളീയ മുസ്ലിം സ്ത്രീകളുടെ ജീവിതം ഇങ്ങനെയൊക്കെ തന്നെയായിരുന്നു. ഈ പരിതാവസ്ഥ ആഹ്ലാദകരമാംവിധം പരിവര്‍ത്തിതമായത് മത നവീകരണ പ്രസ്ഥാനങ്ങളുടെ സ്ത്രീപക്ഷ ഇടപെടലുകള്‍ കൊണ്ടാണ്. അതിനു ത്വരകമായതില്‍ ഇതുപോലുള്ള സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കും പങ്കുണ്ട്.
യൂസഫലിയുടെ മറ്റൊരു കവിതയാണ് കുഞ്ഞിപ്പാത്തുമ്മ. പിതാവ് കോയക്കുട്ടി പാത്തുവിനെ പഠിപ്പിക്കാനയക്കുകയോ അവളെ സമൂഹത്തില്‍ കുലീനയായി വളര്‍ത്തുകയോ ചെയ്യുന്നതിലല്ല ശ്രദ്ധിച്ചത്. മറിച്ച,് അന്ധവിശ്വാസത്തിലും ദൂഷിതാചാരങ്ങളിലും മകളെ മുക്കി നിര്‍ത്താനാണയാള്‍ക്ക് എന്നും താല്‍പര്യം. അതിന്റെ ഭാഗമായാണയാള്‍ കുഞ്ഞിപ്പാത്തുവിന്റെ കാതുകുത്ത് നിശ്ചയിക്കുന്നത്. അത് സാധാരണ കാതുകുത്തല്ല. കീഴ്ക്കാതിന്‍ പതപ്പു തുളച്ച് സ്വര്‍ണ്ണക്കമ്മലുകള്‍ അണിയുന്നത് സ്ത്രീസൗന്ദര്യത്തിന്റെ ഭാഗമാണ്. ഇതതല്ല. മേല്‍ക്കാത് ഓരോന്നിനും പത്തു വീതം തുളകള്‍ തുളച്ച് അതിലൊക്കെ ആഴ്ചകളോളം കറുത്ത നൂലുകള്‍ കെട്ടിയിടുക. ഒക്കുമെങ്കില്‍ മാത്രം അതില്‍ സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും കനം പേറും ചിറ്റുകള്‍ തൂക്കുക. ഈ സമ്പ്രദായത്തിന് അയാളെ പ്രേരിപ്പിക്കുന്നത് സൗന്ദര്യ സങ്കല്‍പ്പങ്ങളല്ല. മറിച്ച്, അതാണ് ഇസ്‌ലാമെന്ന പുരോഹിത ബോധ്യങ്ങളാണ്.
സുന്നത്താണിസ്‌ലാമിന്നു
കാതുകുത്തതില്ലാണ്ടെന്‍
പുന്നാര മോളെക്കള്ള
കാഫിറാക്കൂലാ ഞമ്മള്‍
പുന്നാര നേര്‍ച്ചക്കാരേ
ബദരീങ്ങളേ ഹെന്റെ
പൊന്നു മോളടെ കാതില്‍
പൊന്‍ചിറ്റു നിറക്കണേ..
അങ്ങനെ കുഞ്ഞിപ്പാത്തുവിന്റെ കാതുകുത്തി. കുത്തുകാരന്‍ ഒസ്സാന് കോയക്കുട്ടിയുടെ കല്‍പ്പന
ഒമ്പതും പത്തും വീതം
തെറ്റാണ്ടെ കുത്തിക്കോളീ
മുമ്പു തൊട്ടമ്മട്ടാണീ
ത്തറവാട്ടിലെച്ചട്ടം
അങ്ങനെ കാതാസകലം കുത്തി കറുത്ത നൂലു കോര്‍ത്ത കുഞ്ഞിപ്പാത്തു അതോടെ പഠിപ്പു നിര്‍ത്തി വീടിന്റെ അടുക്കളപ്പാടത്ത് കൊയ്ത്തും മെതിയുമായി. ഇങ്ങനെ ഒരു സമുദായത്തെ അതിന്റെ നവോത്ഥാന പരിശ്രമങ്ങളില്‍നിന്നും നിരന്തരം തടയുകയും ദുരാചാരങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയും ചെയ്തിരുന്ന ഇതുപോലുള്ള ദുഷ്ടമൂര്‍ത്തികളെ തന്റെ സര്‍ഗ്ഗാത്മകസിദ്ധി കൊണ്ട് വിചാരണ ചെയ്തു ശിക്ഷിച്ച കവിയാണ് യൂസഫലി കേച്ചേരി.
ഹാജിയാരാകാനുള്ള പൂതിയും അതിലൂടെ തനിക്കു നാട്ടില്‍ കിട്ടാനിടയുള്ള പത്രാസും പ്രതീക്ഷിച്ച് മകളുടെ ആഭരണങ്ങളത്രയും വിറ്റ് ഹജ്ജ് യാത്രക്കൊരുങ്ങുന്ന ഹസ്സനെ കവി അവതരിപ്പിക്കുന്നുണ്ട്. ജീവിതയാത്രയിലെ കര്‍മ്മദോഷങ്ങള്‍ കുടഞ്ഞുകളയാന്‍ ബോധപൂര്‍വ്വം നിര്‍വ്വഹിക്കേണ്ട ഒരനുഷ്ഠാനമാണ് ഹജ്ജ്. അതാണ് പൊങ്ങച്ചത്തിന്റേയും മേനികാട്ടലിന്റേയും താഴ്ചയിലേക്ക് സമൂഹം ഇറക്കി നിര്‍ത്തിയത്. അതിന്നും ഏറെക്കുറെ അങ്ങനെയൊക്കെ തന്നെയാണ്. ഇത്തരം ദുര്‍ചിന്തകളില്‍നിന്നും സമുദായത്തെ വിമലീകരിക്കുന്നതില്‍ കേച്ചേരി കവിതകള്‍ക്ക് വലിയ സ്വാധീനം കിട്ടിയിട്ടുണ്ട്.
വര്‍ത്തമാനകാല സ്ത്രീജിവിതം നേരിടുന്ന ദുരിത മഹാപര്‍വ്വത്തെയാണ് കവി 'തള്ളയും കുട്ടിയും' എന്ന കവിതയില്‍ പറയുന്നത്. നാലു മാസം പൂര്‍ത്തിയായ ഒരു ഗര്‍ഭിണി ഭര്‍ത്താവോടൊന്നിച്ച് ആശുപത്രിക്കോലായില്‍ ഇരിക്കുന്നു. ഗര്‍ഭസ്ഥ ശിശു പെണ്‍കുഞ്ഞാണെന്നറിഞ്ഞ ദമ്പതിമാര്‍ അതിനെ വൈദ്യശാസ്ത്ര സാങ്കേതികത ഉപയോഗിച്ച് അലസിപ്പിച്ചു കളയാന്‍ വന്നതാണ്. ഏതോ ജന്തുസഹജമായ വാസനാബലം കൊണ്ട് ശിശു അത് തിരിച്ചറിയുന്നു. ഏറെ സങ്കടത്തോടെ ജീവനുവേണ്ടി ആ കുഞ്ഞ് സ്വന്തം അമ്മയോടു നടത്തുന്ന യാചനയാണീ കവിത.
എന്നെയോര്‍ത്തെന്തേ നടുങ്ങാന്‍ - ചൊല്ലു
കെന്നുമൊളിച്ചിടാതമ്മേ
താരാട്ടു കേള്‍ക്കാന്‍ വരാം ഞാന്‍ - വേഗം
തായ് നെഞ്ചില്‍ ചൂടേറ്റുറങ്ങാന്‍
ചുംബിച്ചെന്നമ്മതന്‍ കണ്ണീരൊപ്പാന്‍
വെമ്പുന്നു ഞാനീയുളുമ്പില്‍
വല്ലിക്ക് പൂ ഭാരമാണോ - ഇളം
ചില്ലയ്ക്കു കായ് ഭാരമാണോ
പിറവി തടയപ്പെടാന്‍ പോകുന്ന ഈ പെണ്‍പിറപ്പിന്റെ കദന കണ്ണീരിനു അമ്മപറയുന്ന ഒരു മറുപടിയുണ്ട്.
പെണ്ണാണു നീയെന്നു കാലേ - ശാസ്ത്ര
ക്കണ്ണുകള്‍ കണ്ടു പിടിച്ചു.
മൂന്നാമതും പെണ്ണുവന്നാല്‍ ക്ലേശം
കുന്നിക്കു മച്ഛനു വീണ്ടും.
ഇന്നു പൊതുമണ്ഡലത്തില്‍ സ്ത്രീ അനുഭവിക്കുന്നത് സങ്കടങ്ങളും സംഘര്‍ഷങ്ങളും തന്നെയാണ്. അതിനു കാലഭേദങ്ങളില്ല. ഉത്തരാധുനികമെന്നോ ആധുനികോത്തരമെന്നോയില്ല. അപ്പോഴൊക്കെ ഈ പതിത ജന്മങ്ങളോടൊത്തു നില്‍ക്കാന്‍ കഴിഞ്ഞ കവി തന്നെയാണ് കേച്ചേരി.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top