ഹായ് കൂണ്‍

ഷംന എന്‍.കെ No image

      വീട്ടുവളപ്പിലെ കൃഷിയില്‍ കൂണിന് ഒരു സ്ഥാനം നല്‍കാവുന്നതാണ്. ഇതിനായി കൂടുതല്‍ അധ്വാനമോ പണമോ ആവശ്യമില്ല. കൊഴുപ്പും അന്നജവും തീരെ ഇല്ലാത്ത ഒരു ഉത്തമ സംരക്ഷകാഹാരമാണ് കൂണ്‍. കൂണില്‍ അടങ്ങിയിട്ടുള്ള ധാതുലവണങ്ങളും നാരുകളും വയറിലെ അസിഡിറ്റി കുറക്കുന്നതിന് സഹായകമാണ്. ഊര്‍ജ്ജവും കൊഴുപ്പും കുറവായതുകൊണ്ടും മാംസ്യവും വിറ്റാമിനുകളും ധാതുലവണങ്ങളും നാരുകളും അടങ്ങിയിട്ടുള്ളതുകൊണ്ടും എല്ലാവര്‍ക്കും കഴിക്കാവുന്ന ഉത്തമ ആഹാരമായി കൂണിനെ കണക്കാക്കുന്നു. വിറ്റാമിന്‍ സി, ഡി, ബി 6 എന്നിവയും കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിരിക്കുന്നു. ആഹാരത്തില്‍ നിത്യവും കൂണ്‍ ഉള്‍പ്പെടുത്തിയാല്‍ രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, അമിത വണ്ണം എന്നിവ നിയന്ത്രിക്കാന്‍ കഴിയും. സാധാരണ പച്ചക്കറിയില്‍ കാണാത്ത ജീവകങ്ങളായ ഫോളിക് ആസിഡും ബയോട്ടിനും കൂണിലുണ്ട്.
അതത് സ്ഥലത്ത് ലഭ്യമായ പാഴ്‌വസ്തുക്കളെയും കാലാവസ്ഥയെയും അടിസ്ഥാനപ്പെടുത്തിയാണ് കൂണ്‍ കൃഷി ചയ്യുന്നത്. ഇതിന് ആദ്യമായി വേണ്ടത് കൂണ്‍ വളരുന്നതിനാവശ്യമായ പ്രതലം ഉണ്ടാക്കുക എന്നതാണ്. ഈ പ്രതലത്തിന് കൂണ്‍ ബെഡ് അല്ലെങ്കില്‍ കൂണ്‍ തടം എന്ന് പറയുന്നു. കൂണ്‍ ബെഡ് തയ്യാറാക്കുന്നതിന് കൂടുതലായി ഉപയോഗിക്കുന്നത് വൈക്കോലാണ്. ഉണങ്ങിയ വാഴയിലയും ചതച്ചെടുത്ത് നുറുക്കിയ തെങ്ങിന്‍മടലും ഉപയോഗിക്കാം.
കൂണുകളില്‍ ഭക്ഷ്യയോഗ്യമായതും അല്ലാത്തതും കാണപ്പെടുന്നു. ഭക്ഷ്യയോഗ്യമല്ലാത്തത് വിഷക്കൂണുകളാണ്. ഇവ വളരെ രുചികരമായതും നല്ല കൂണുകളോട് സാമ്യത പുലര്‍ത്തുന്നവയും ആണ്. കൂണുകളില്‍ മഞ്ഞള്‍ ചേര്‍ത്ത് പാകംചെയ്യുമ്പോള്‍ അവയില്‍ നീലനിറം വ്യപകമാകുന്നുണ്ടെങ്കില്‍ അവ വിഷക്കൂണുകള്‍ ആണ്. കൂടുതല്‍ വര്‍ണ്ണാഭമായ, നിറമുള്ള കൂണുകള്‍ മിക്കതും വിഷമയമാണ്. ഇത്തരം കൂണുകള്‍ മുറിക്കുമ്പോള്‍ കറപോലെയോ പാല്‍ പോലെയോ ഉള്ള ദ്രാവകം വരും. പറിച്ചുവെച്ച ശേഷം നിറംമാറ്റം സംഭവിക്കുന്ന കൂണുകളും ഭക്ഷ്യയോഗ്യമല്ല.
പ്രകൃതിയില്‍ ലഭിക്കുന്ന നിലമുളപ്പന്‍, അരിക്കൂണ്‍, പെരും കൂണ്‍ എന്നീ ഇനങ്ങള്‍ ഭക്ഷ്യയോഗ്യമാണ്. ചില പ്രത്യേക സമയത്ത് മഴയും ഇടിയുമുണ്ടാകുമ്പോള്‍ മണ്ണില്‍നിന്ന് കിളിര്‍ത്തുവരുന്ന ഒരു വിശിഷ്ടാതിഥിയാണ് കൂണ്‍. ഇത്തരം കൂണുകള്‍ ഭക്ഷ്യയോഗ്യമായവയാണ്. കൂണ്‍കൊണ്ട് കറി, സൂപ്പ്, കട്‌ലറ്റ് എന്നിവ ഉണ്ടാക്കാം. അടുക്കളയില്‍ അല്‍പം സ്ഥലം കണ്ടെത്തിയാല്‍ കൂണ്‍ കൃഷി ചെയ്യാവുന്നതാണ്.
കൃഷി രീതി
വൈക്കോലാണ് കൂണ്‍കൃഷിക്ക് ഏറ്റവും അനുയോജ്യം. വൈക്കോല്‍ വെള്ളത്തില്‍ നന്നായി കുതിര്‍ത്തെടുക്കണം. ശേഷം തിളക്കുന്ന വെള്ളത്തിലോ ആവിയിലോ അരമണിക്കൂര്‍ പുഴുങ്ങിയെടുക്കണം. രോഗം തടയാനാണിത്. ഇങ്ങനെ തിളപ്പിച്ചെടുത്ത വൈക്കോല്‍ വൃത്തിയുള്ള ഷീറ്റില്‍ (ടാര്‍പോളിന്‍) ഡെറ്റോള്‍ ലായനി പുരട്ടി അണുവിമുക്തമായ പ്രതലത്തില്‍ നിരത്തിയിടുക. വൈക്കോല്‍, പിഴിഞ്ഞാല്‍ വെള്ളം ഇറ്റുവീഴാത്തതും അതേസമയം ഈര്‍പ്പമുള്ളതുമായ അവസ്ഥയിലായിരിക്കണം. കട്ടിയുള്ള പ്ലാസ്റ്റിക്ക് കവര്‍ അടിവശം നന്നായി കെട്ടി കീറലില്ലെന്ന് ഉറപ്പുവരുത്തിയത്തിനു ശേഷം ചെറുതായി ഉണക്കി അണുരഹിതമാക്കി സൂക്ഷിച്ചിരുന്ന വൈക്കോല്‍ ചെറു ചുരുളുകളാക്കിയെടുത്ത് പ്ലാസ്റ്റിക്ക് കവറിന്റെ അടിഭാഗത്ത് വെക്കുക.
ചുരുളുകള്‍ക്ക് 6-8 സെന്റീമീറ്റര്‍ വണ്ണവും 18-20 സെന്റീമീറ്റര്‍ വ്യാസവും ഉണ്ടായിരിക്കണം. അതിനു മുകളില്‍ 25 ഗ്രാമോളം കൂണ്‍ വിത്ത് വശങ്ങളിലായി മാത്രം വിതറുക. ഈ രീതിയില്‍ നാലോ അഞ്ചോ അടുക്കുകളായി (ചുമ്മാടുകള്‍) വൈക്കോലുകളും വശങ്ങളിലായി കൂണ്‍ വിത്തും വിതറാം. അതിനു ശേഷം കവറിന്റെ മുകള്‍ഭാഗം ചണനൂലോ റബ്ബര്‍ബോര്‍ഡോ ഉപയോഗിച്ച് കെട്ടുക. കവറിന്റെ പല ഭാഗത്തായി ഡെറ്റോള്‍ ലയനി പുരട്ടി അണുവിമുക്തമാക്കിയതിനു ശേഷം സൂചി അല്ലെങ്കില്‍ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് വൈക്കോല്‍ നിറച്ച് കെട്ടിയ കൂണ്‍കവറിന്റെ എല്ലാ വശങ്ങളിലും (മുകളിലും താഴെയും ഒഴികെ) സുഷിരങ്ങളിടുക. ഇങ്ങനെ വൈക്കോല്‍ നിറച്ച് കെട്ടി തയ്യാറാക്കിയ കവറിനെയാണ് 'കൂണ്‍ ബെഡുകള്‍' എന്ന് പറയുന്നത്. ഇത് സൂര്യപ്രകാശം ഏല്‍ക്കാത്ത ഇരുട്ടു റൂമിലോ അടുക്കളയിലെ സ്ലാബിനടിയിലോ വര്‍ക്ക് ഏരിയയിലെ മേശക്കരികിലോ തമ്മില്‍ തൊടാതെ വെക്കുക. ഉറി പോലെ കെട്ടിത്തൂക്കിയും വെക്കാം.
കുറഞ്ഞത് 10-12 ദിവസത്തിനകം കൂണ്‍ തന്തുക്കള്‍ ബെഡിനുള്ളില്‍ വെള്ളനിറത്തില്‍ വളര്‍ന്നിരിക്കുന്നത് കാണാം. ഇവയില്‍നിന്ന് കൂണ്‍ മുളങ്ങള്‍ കവറിന്റെ സുഷിരങ്ങളില്‍ കൂടി പുറത്തേക്ക് എത്തിനോക്കാന്‍ തുടങ്ങും. ഈ സമയത്ത് ബെഡുകളെ സാമാന്യം വെളിച്ചവും അന്തരീക്ഷ ഈര്‍പ്പവുമുള്ള ഭാഗത്തേക്ക് മാറ്റണം. ഹാന്‍ഡ് സ്‌പ്രേ ഉപയോഗിച്ച് ഈര്‍പ്പം നിലനിര്‍ത്താനായി ശുദ്ധമായ ജലം നേരിയ തോതില്‍ സ്‌പ്രേ ചെയ്ത് കൊടുക്കണം.
സൂക്ഷ്മതയോടെ കൂണ്‍ബെഡ് പുറത്തെടുത്ത് മുകളിലെ കെട്ട് അറുത്തുമാറ്റി കത്രികയോ ബ്ലേഡോ ഉപയോഗിച്ച് കവര്‍ താഴേക്ക് കീറുക. കൂണ്‍തടത്തില്‍ അല്‍പം വെള്ളം സ്‌പ്രേചെയ്യുക. നനവ് അധികമായാല്‍ അഴുകിപ്പോകാന്‍ സാധ്യതയുണ്ട്. ഈര്‍പ്പത്തിന്റെ ആവശ്യമനുസരിച്ച് ദിവസം രണ്ടോ മൂന്നോ തവണ വെള്ളം സ്‌പ്രേ ചെയ്യുക. മൂന്ന് ദിവസത്തിനകം കൂണ്‍ വളര്‍ന്ന് ഇതളുകള്‍ വിടര്‍ന്ന് ബെഡാകെ നിറഞ്ഞുനില്‍ക്കുന്നത് കാണാം. വളരെ ശ്രദ്ധയോടെ ഈ കൂണുകള്‍ പറിച്ചെടുക്കുക. പറിച്ചെടുത്ത ശേഷം ബെഡില്‍ വീണ്ടും വെള്ളം സ്‌പ്രേ ചെയ്യുക. അഞ്ചു ദിവസത്തിനകം കൂണുകള്‍ ഇതേ തടത്തില്‍ വീണ്ടും ഉണ്ടാവുന്നത് കാണാം. ഇപ്രകാരം മൂന്നു പ്രാവശ്യം വരെ ഒരേ ബെഡില്‍നിന്നും കൂണ്‍ പറിച്ചെടുക്കാന്‍ സാധിക്കും.
കൂണ്‍കൃഷിയില്‍ പരിസര ശുചിത്വം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കൂണ്‍ വളര്‍ത്തുന്ന ഷെഡ്ഡും പരിസരവും അണുവിമുക്തമായി സൂക്ഷിക്കണം. ബെഡുകള്‍ ഒന്നിനുമീതെ ഒന്നൊന്നായ രീതിയില്‍ ഉറികെട്ടിയിട്ടാല്‍ കുറഞ്ഞ സ്ഥലത്തുതന്നെ പരമാവധിയെണ്ണം തൂക്കാം. വിളവെടുത്ത ശേഷം കൂണ്‍ അവശിഷ്ടങ്ങളെ കമ്പോസ്റ്റാക്കാം.
കൂണ്‍കൃഷിക്ക് ആവശ്യമായ സാമഗ്രികള്‍
1. ആവശ്യമായ ഷെഡ് (ഓല ഷെഡ് അഭികാമ്യം. വലിയ തോതില്‍ കൃഷിചെയ്യുമ്പോള്‍ മാത്രമേ പ്രത്യേക ഷെഡ്ഡിനെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ).
2. വൈക്കോല്‍/ ഉണങ്ങിയ വാഴയില
3. കൂണ്‍ വിത്ത്
4. പ്ലാസ്റ്റിക് കവര്‍, ടാര്‍പോളിന്‍ ഷീറ്റ്
5. റബര്‍ ബാന്‍ഡ്/നൂല്‍/ കയര്‍
കേരളത്തില്‍ സാധാരണയായി കൃഷിചെയ്യുന്നത് ചിപ്പിക്കൂണ്‍, വൈക്കോല്‍ കൂണ്‍, പാല്‍കൂണ്‍ എന്നിവയാണ്. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സലിന്റെ (VFPC) ജില്ലാ കേന്ദ്രങ്ങളിലും കൊച്ചിയിലെ ഓഫീസിലും വിത്തുകള്‍ ലഭ്യമാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top