തടവറക്കുള്ളിലെ നോമ്പുകാലം

ഫൗസിയ ഷംസ് No image

തടവറകള്‍ നിരപരാധികളെ കൊണ്ടു നിറയുകയാണ്. മോഹങ്ങളും
പ്രതീക്ഷകളും സ്വപ്‌നങ്ങളും
ആരാധനകളും ആഘോഷങ്ങളും
തടവിലാക്കപ്പെട്ടവര്‍. ഹുബ്ലി സ്‌ഫോടനക്കേസില്‍ പ്രതിയെന്നാരോപിച്ച്
ഒരുപാട് നോമ്പും പെരുന്നാളും
കരാഗ്രഹത്തില്‍ അനുഷ്ഠിക്കാനും ആഘോഷിക്കാനും വിധിക്കപ്പെട്ടതിനു ശേഷം ഏഴു വര്‍ഷം കഴിഞ്ഞ്
നിരപരാധിയാണെന്നു പറഞ്ഞു
വിട്ടയച്ച യഹ്‌യ കമ്മുക്കുട്ടി
സംസാരിക്കുന്നു.
/കേട്ടെഴുത്ത് : ഫൗസിയ ഷംസ്

      സ്വാതന്ത്യത്തിന്റെയും ആശ്വാസത്തിന്റെയും നിറവിലാണ് ഞാനെന്റെ റമദാനും പെരുന്നാളും ആഘോഷിക്കാന്‍ പോകുന്നത്. ഇന്‍ശാ അല്ലാഹ്. അതിന് എന്നെ അനുവദിച്ച ദൈവത്തിന് സ്തുതി. വര്‍ഷങ്ങള്‍ പിന്നോട്ട് തിരിയുമ്പോള്‍ ചൈതന്യവത്തായ ഈ ആരാധനയും ആഘോഷവും ഏകാന്ത തടവറയില്‍ എനിക്ക് നിര്‍വ്വഹിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അന്നും ഞാന്‍ ദുഖിതനായിരുന്നില്ല. കാരണം, എനിക്കും എന്റെ കുടുംബത്തിനും കൂട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും എല്ലാം അറിയാമായിരുന്നു ഞാനും എന്നോടൊപ്പമുള്ളവരും തീര്‍ത്തും നിരപരാധികളായിരുന്നുവെന്ന്. അതേസമയം ദീനിന്റെ മാര്‍ഗത്തില്‍ ഇതും ഇതുപോലുള്ള പരീക്ഷണങ്ങളും കഷ്ടനഷ്ടങ്ങളും നേരിടേണ്ടി വരുമെന്ന കാര്യത്തില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല. പടച്ചവന്‍ വാഗ്ദാനം ചെയ്ത സ്വര്‍ഗം ഇത്തരം പരീക്ഷണങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകുന്നവര്‍ക്കുള്ളതാണ്. പേടിച്ച് പിന്മാറുന്നവര്‍ക്കുള്ളതല്ല.
എന്റെ മേല്‍ ചുമത്തപ്പെട്ടത് രാജ്യദ്രേഹക്കുറ്റമായിരുന്നു. ഞങ്ങള്‍ക്ക് ജയിലിനുള്ളില്‍ മറ്റു തടവുകാരേക്കാള്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളായിരുന്നു. 2008 മാര്‍ച്ച് ആറിനാണ് കസ്റ്റഡി കാലാവധി കഴിഞ്ഞ് ഞാന്‍ ജയിലിലെത്തുന്നത്. പുറത്തുള്ള തിരക്കേറിയ ജീവിതത്തില്‍നിന്നും വ്യത്യസ്തമായ മറ്റൊരു ജീവിതം. ഇഷ്ടം പോലെ സമയം പടച്ചവന്‍ വാരിക്കോരി തന്നതുപോല. അത് ആവോളം ഉപയോഗിക്കാനും തടവുജീവിതം കൂടുതല്‍ സാര്‍ഥകമാക്കാനും ആദ്യ ദിവസം തന്നെ തീരുമാനമെടുത്തു. ഒരു പരിധിവരെ അതിനു കഴിഞ്ഞിട്ടുമുണ്ട്. അല്‍ഹംദുലില്ലാഹ്.
ആ വര്‍ഷത്തെ റമദാന്‍ തുടങ്ങുന്നത് സെപ്റ്റംബര്‍ മാസത്തിലാണ്. എന്നെ ആദ്യം പാര്‍പ്പിച്ചിരുന്നത് ബെല്‍ഗാം ജയിലിലായിരുന്നു. അതുകൊണ്ടുതന്നെ എന്റെ തടവറക്കുള്ളിലെ ആദ്യ നോമ്പും ബെല്‍ഗാം ജയിലില്‍ വെച്ചുതന്നെയായിരുന്നു. നോമ്പുകാലമായപ്പോള്‍ ഞങ്ങള്‍ പതിവുപോലെ നോമ്പെടുത്തു. സമയമായപ്പോള്‍ നോമ്പുമുറിക്കുകയും തറാവീഹ് നമസ്‌കരിക്കുകയും ചെയ്തു. സാധാരണഗതിയില്‍ തടവുകാര്‍ക്ക് രാവിലെയുള്ള ഭക്ഷണം ഏഴുമണിക്കും ഉച്ചഭക്ഷണം പത്തു മണിക്കുമായിരുന്നു. നോമ്പു കാലത്ത് ഞങ്ങള്‍ക്കാ ഭക്ഷണം നേരത്തെ തയ്യാറാക്കി രാത്രി മൂന്നരക്ക് അത്താഴത്തിനു തരും. അതുകഴിച്ചുകൊണ്ടാണ് നോമ്പുനോല്‍ക്കുക. നാലു മണിക്കാണ് വൈകുന്നേരത്തെ ഭക്ഷണം സാധാരാണ കിട്ടാറ്. അതേ ഭക്ഷണം തന്നെയാണ് നോമ്പുതുറക്കാന്‍ ഉപയോഗിക്കുന്നത്. പള്ളി ജമാഅത്തു വക സാധാരണയായി നോമ്പുകാലത്ത് കാരക്കയും മറ്റു ഫ്രൂട്ട്‌സും കൊണ്ടുവന്നു തരാറുണ്ട്. ആദ്യ വര്‍ഷം സെക്യൂരിറ്റി പ്രശ്‌നം ചൂണ്ടിക്കാണിച്ചുകൊണ്ട് തീവ്രവാദ കേസ് ചാര്‍ജ് ചെയ്യപ്പെട്ട ഞങ്ങള്‍ക്കത് ലഭ്യമാക്കിയിരുന്നില്ല.
തടവറയില്‍ എത്തിയപ്പോള്‍ മുതല്‍ തന്നെ ഞാന്‍ ഖുര്‍ആന്‍ മനപ്പാഠമാക്കാന്‍ തുടങ്ങി. രാവിലെ ഏഴു മണിമുതല്‍ എട്ടെര മണിവരെയും പത്തര മുതല്‍ പന്ത്രണ്ടരവരെയും വൈകുന്നേരം നാലു മുതല്‍ അഞ്ചര വരെയും മാത്രമായിരുന്നു സെല്ലിനുള്ളില്‍ നിന്നും പുറത്തുവിടുന്ന സമയം. ബാക്കി സമയങ്ങളൊക്കെ സെല്ലിനകത്തുതന്നെയായിരുന്നു. സെല്ലിനകത്തുള്ള സമയം ഖുര്‍ആന്‍ പഠനത്തിനായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു. മറ്റ് ബുക്കുകളും കഴിയുന്നത്ര വായിക്കാന്‍ ശ്രമിച്ചു. ഓരോ സെല്ലിനകത്തും ഒന്നോ മൂന്നോ പേര്‍ വീതമായിരുന്നു ഉണ്ടായിരുന്നത്. നമസ്‌കാരങ്ങളെല്ലാം നിര്‍വഹിച്ചിരുന്നത് സെല്ലിനുള്ളില്‍ തന്നെയായിരുന്നു.
അങ്ങനെ പെരുന്നാളിനു സമയമായി. മുസ്‌ലിം തടവുകാര്‍ക്കായി പെരുന്നാള്‍ നമസ്‌കാരത്തിന് വേണ്ടി ജയില്‍ വളപ്പിനുള്ളില്‍ ഈദ്ഗാഹ് സംഘടിപ്പിക്കാറുണ്ട്. പുറത്തുനിന്നുള്ള പള്ളി ജമാഅത്ത് കമ്മിറ്റിയുടെ കീഴിലെ ആളുകളാണത് സംഘടിപ്പിക്കുന്നത്. പക്ഷേ ഞാന്‍ ഉള്‍പ്പെടെ ഈ കേസില്‍ ഉള്‍പ്പെട്ടവരെ സെക്യൂരിറ്റി പ്രശ്‌നം പറഞ്ഞ് ഈദ്ഗാഹില്‍ നമസ്‌കരിക്കാന്‍ അനുവദിച്ചിരുന്നില്ല. ഞങ്ങള്‍ ഇരുപതോളം പേര്‍ക്ക് അതിലൊന്നും പങ്കെടുക്കാന്‍ കഴിയാതെ മാറിനില്‍ക്കേണ്ടി വന്നു. അതുകൊണ്ട് ഞങ്ങള്‍ സെല്ലിനു പുറത്തെ മുറ്റത്തുവെച്ചു പെരുന്നാള്‍ നമസ്‌കരിച്ചു. ഞങ്ങളുടെ കേസില്‍ ഉള്‍പ്പെട്ട ആലുവ സ്വദേശി അന്‍സാര്‍ നദ്‌വി ആയിരുന്നു പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്. പെരുന്നാളിന്റെ ഉച്ചഭക്ഷണം പള്ളി ജമാഅത്തിന്റെ വക കൊണ്ടുത്തന്നു. അറസ്റ്റിനു ശേഷം അന്നാദ്യമായാണ് നല്ല ഭക്ഷണം കഴിച്ചതും. (കര്‍ണാടക ജയിലുകളില്‍ സന്ദര്‍ശകര്‍ക്ക് തടവുകാരെ സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ പുറമേ നിന്നും ഭക്ഷണം കൊണ്ടുവന്നു നല്‍കാന്‍ അനുവാദമുണ്ടായിരുന്നു. പക്ഷേ ആ ആനുകൂല്യം ഞങ്ങള്‍ക്ക് അനുവദിച്ചിരുന്നില്ല.) അങ്ങനെ വീട്ടുകാര്‍ കൂടെയില്ലാത്ത പെരുന്നാള്‍ അന്നാദ്യമായി 'ആഘോഷമായി' കഴിഞ്ഞു.
ബലി പെരുന്നാളാകുമ്പോഴേക്കും സെല്ലില്‍നിന്നും പ്രത്യേക ബാരക്കിലേക്ക് മാറ്റിയിരുന്നു, ഓരോന്നിലും പന്ത്രണ്ടുപേര്‍ വീതം ഉണ്ടായിരുന്നു. ചെറിയ പെരുന്നാളിന്റെ അവസ്ഥയില്‍നിന്നും യാതൊരു മാറ്റവും ബലി പെരുന്നാളിനും ഉണ്ടായിരുന്നില്ല. അന്നും മറ്റു മുസ്‌ലിം തടവുകാരുടെ കൂടെ ഈദ്ഗാഹില്‍ ഞങ്ങളെ പെരുന്നാള്‍ നമസ്‌ക്കരിക്കാന്‍ അനുവദിച്ചില്ല. പക്ഷേ ഞങ്ങളുടെ ആവശ്യം പരിഗണിച്ച് നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ വേണ്ടി പുറത്തുനിന്നും വന്ന ഇമാമിനെ മറ്റു തടവുകാരുടെ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ ശേഷം നിങ്ങള്‍ക്കുവേണ്ടി ഇങ്ങോട്ടുകൊണ്ടുവന്നു തരാമെന്നു പറഞ്ഞു. അങ്ങനെ ആ കൊല്ലത്തെ വലിയപെരുന്നാള്‍ നമസ്‌കാരം മറ്റു തടവുകാരുടെ നമസ്‌കാരമൊക്കെ കഴിഞ്ഞതിനു ശേഷം പതിനൊന്നുമണിക്കാണ് ഞങ്ങള്‍ നിര്‍വ്വഹിച്ചത്.
തൊട്ടടുത്ത വര്‍ഷവും (2009) റമദാനും പെരുന്നാളും ആഘോഷിക്കാനും കാരാഗ്രഹത്തിന്റെ വാതില്‍ ഞങ്ങള്‍ക്കുമുമ്പില്‍ തുറന്നില്ല. അങ്ങനെ രണ്ടാമത്തെ നോമ്പും പെരുന്നാളുകളും വീണ്ടും ജയില്‍ വളപ്പിനുള്ളില്‍ തന്നെയായി. പക്ഷേ അപ്പോഴേക്കും ഞങ്ങളെ വിവിധ ജയിലുകളിലേക്ക് മാറ്റിയിരുന്നു, എന്നെയും മറ്റു നാലുപേരെയും ഗുല്‍ബര്‍ഗ ജയിലിലേക്ക് മാറ്റി. പിന്നീട് അവരെ ഗുജറാത്ത് സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ത്ത് ഗുജറാത്ത് അഹമ്മദാബാദ് ജയിലിലേക്ക് മാറ്റി. അങ്ങനെ ഗുല്‍ബര്‍ഗ ജയിലില്‍ ഞാന്‍ ഒറ്റക്കായി. അവിടെ പെരുന്നാളിന് ജയില്‍ വളപ്പിലുള്ള പള്ളിയില്‍ പോകാന്‍ അനുവദിച്ചു. ആ ഒരു വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പിന്നെ ഒരു വര്‍ഷം കൂടി കഴിഞ്ഞു 2010-ല്‍ റമദാനിന് അല്‍പം മുമ്പ് എന്നെ ജനറല്‍ ബാരക്കിലേക്ക് മാറ്റി. ഏകാന്തവാസത്തിനു ശേഷമുള്ള മറ്റൊരു അനുഭവമായിരുന്നു അത്. നോമ്പെടുക്കുന്നവര്‍ക്കു വേണ്ടി പ്രത്യേക സൗകര്യം ഒരുക്കാന്‍ വേണ്ടി നോമ്പുള്ള മുസ്‌ലിംകളെ മാത്രം ഒരു മാസത്തേക്ക് ഒരു ബാരക്കിലേക്ക് മാറ്റുകയാണ് പതിവ്. റംസാന്‍ ബാരക് എന്നാണ് അതിന് പറയാറ്. ഈ പ്രാവശ്യം ഞാനും അതില്‍ ഭാഗമായി. പകലിലെ രണ്ടു നമസ്‌കാരങ്ങള്‍- ളുഹറും അസറും പള്ളിയില്‍ വെച്ചും ബാക്കി ബാരക്കിന്റെ ഉള്ളിലും ജമാഅത്തായി നമസ്‌കരിക്കും. തറാവീഹ് ഉള്‍പ്പെടെ എല്ലാ നമസ്‌കാരത്തിനും ഞാന്‍ തന്നെയാണ് നേതൃത്വം നല്‍കിയത്. ഈ കാലയളവ് ആകുമ്പോഴേക്കും പന്ത്രണ്ട് ജുസ്അ് മനപ്പാഠമാക്കിയിരുന്നു. ജുമുഅക്ക് ഞാന്‍ തന്നെയായിരുന്നു് ഇമാമത്ത് നിര്‍വഹിച്ചിരുന്നത്.
റമദാന്‍ കഴിഞ്ഞതിനു ശേഷം ഒരു വര്‍ഷം കൂടി ബാരക്കില്‍ തന്നെയായിരുന്നു ഞാന്‍. അവിടെ ഞാന്‍ സാദാ ജയില്‍വാസികളുടെ കൂടെയായിരുന്നു. 2011-ലാണ് കേസ് വിചാരണ ആരംഭിച്ചത്. അതിനു വേണ്ടി വീണ്ടും ബെല്‍ഗാം ജയിലിലേക്ക് കൊണ്ടുവന്നു. വീണ്ടും സെല്ലില്‍ തന്നെ. പക്ഷേ മറ്റ് സഹതടവുകാരുമായി കൂടിക്കാഴ്ചക്ക് അനുവാദമുണ്ടായിരുന്നു. ആറ് മാസം അവിടെ തന്നെയായിരുന്നു. അതിനിടക്ക് 2011-ലെ റംസാന്‍ അവിടെ കഴിഞ്ഞുപോയി. ഈ സമയത്ത് ഒരു പ്രത്യേകത ഉണ്ടായിരുന്നത് സുഹൃത്തുക്കളുടെ വീട്ടില്‍ നിന്നും ആഴ്ചയിലൊരിക്കല്‍ ഭക്ഷണം എത്തിച്ചിരുന്നുവെന്നതാണ്. നോമ്പും തറാവീഹുമൊക്കെ സെല്ലില്‍ കൂടെയുണ്ടായിരുന്ന രണ്ടു സഹോദരങ്ങളുടെ കൂടെ സെല്ലില്‍ തന്നെ നിര്‍വ്വഹിച്ചു. പിന്നെ പെരുന്നാളിന് ഈ വര്‍ഷം ജയില്‍ ഈദുഗാഹിലേക്ക് പോകാന്‍ അനുവാദം കിട്ടി.
2011 അവസാനം കര്‍ണാടകയിലെ ധാര്‍വാഡ് ജയിലിലേക്ക് മാറ്റി. അവിടെയും സെല്ലില്‍ തന്നെയായിരുന്നു. പക്ഷേ ജുമുഅക്ക് പങ്കെടുക്കാനുള്ള അനുവാദം ഉണ്ടായിരുന്നു. അതേപോലെ ജയിലിലെ ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും ഉപയോഗിക്കാന്‍ പറ്റി. അതിനെക്കാളുപരി, മറ്റു തടവുകാരുമായി കൂടുതല്‍ ഇടപഴകാന്‍ അവസരം കിട്ടി.
ചുരുക്കത്തില്‍ ജയിലിലാണെങ്കിലും നോമ്പെടുക്കാനും നമസ്‌കരിക്കാനും ഉദ്ദേശിക്കുന്നവര്‍ക്ക് അതിന് യാതൊരു തടസ്സവുമില്ല. പക്ഷേ ജമാഅത്തായി നമസ്‌കരിക്കാന്‍ പറ്റിക്കൊളളണമെന്നില്ല. ജയില്‍ അധികൃതരുടെ ഭാഗത്തുനിന്നു റമദാനിനു പ്രത്യേകം ഒരുക്കുന്ന സൗകര്യങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. അല്‍ഹംദുലില്ലാഹ.് എല്ലാ വര്‍ഷവും നോമ്പെടുക്കാനും പെരുന്നാള്‍ ആഘോഷിക്കാനും കഴിഞ്ഞു. ഓരോ പെരുന്നാളിനും വീട്ടില്‍ നിന്നോ സുഹൃത്തുക്കളുടെ വീട്ടില്‍ നിന്നോ കൊണ്ടുവന്ന പുതുവസ്ത്രങ്ങള്‍ തന്നെയായിരുന്നു അണിഞ്ഞത്. തടവുകാലത്തെ ഓരോ നോമ്പുകളും ആഘോഷിക്കുമ്പോള്‍ അടുത്ത റമദാനിലെങ്കിലും കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആഘോഷിക്കാന്‍ കഴിയണേയെന്നായിരുന്നു എന്റെയും കൂടെയുള്ളവരുടെയും പ്രാര്‍ഥന. പലപ്പോഴും ജാമ്യത്തിനു വേണ്ടി ശ്രമിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളപ്പെടുകയായിരുന്നു. ഓരോ റമദാനും ജയില്‍ ജീവിതത്തിലെ നാഴികക്കല്ലുകളായിരുന്നു. അങ്ങനെ മുസ്‌ലിമാണെന്ന കാരണത്താല്‍, അല്ലെങ്കില്‍ ഇസ്‌ലാമിനു വേണ്ടി നിലകൊണ്ടു എന്ന കാരണത്താല്‍ ജയിലിലടക്കപ്പെട്ടു. ചെയ്യാത്ത തെറ്റിനുള്ള ശിക്ഷ അനുഭവിച്ചുകൊണ്ട് റമദാന്‍ ഓരോന്ന് കഴിഞ്ഞു- ഏഴ് റമദാനും പതിനാല് പെരുന്നാളും. ഒരു റമദാന്‍ കൂടി വിളിപ്പാടകലെ നില്‍ക്കുമ്പോഴാണ് പടച്ചവന്റെ അനുഗ്രഹം കൊണ്ട് ജയിലില്‍ നിന്നും മോചിതനാകുന്നത്. അതും കുറ്റക്കാരനല്ലായെന്ന കോടതി വിധിയോടൊപ്പം. അല്ലാഹുവിന് സ്തുതി. കഴിഞ്ഞ കാലങ്ങളില്‍ എനിക്കും എന്റെ കുടുംബത്തിനും സഹിക്കേണ്ടി വന്ന ത്യാഗങ്ങള്‍ക്കപ്പുറം പടച്ചവന്‍ നാളെ പരലോകത്ത് പ്രതിഫലം തരുമെന്ന പ്രതീക്ഷയെനിക്കുണ്ട്. ആ പ്രതീക്ഷയായിരുന്നു ഞങ്ങള്‍ക്ക് ജയിലിനുള്ളില്‍ എല്ലാം നേരിടാനുള്ള ശക്തിയും. പ്രതീക്ഷയര്‍പ്പിക്കാന്‍ ഏറ്റവും ഉത്തമന്‍ അല്ലാഹു തന്നെയാണ്.
ഇത് എന്റെ മാത്രം കഥയല്ല. നമ്മുടെ കൂടെയുണ്ടായിരുന്ന ശിബിലി, ശാദുലി, അന്‍സാര്‍ അടക്കമുള്ള സഹോദരങ്ങളുടേത് കൂടിയാണ്. ഒരു ഭാഗത്ത് പ്രയാസമാണെങ്കിലും മറ്റാരു വശത്ത് അവസരം കൂടിയായിരുന്നു. ശിബിലി അന്‍സാര്‍ മിര്‍സ തുടങ്ങിയ പലരും ഖുര്‍ആന്‍ പൂര്‍ണമായും മനപ്പാഠമാക്കിയിട്ടുണ്ട്. അവര്‍ എന്നെക്കാള്‍ ഒരുപടി മുന്നിലാണ്. ജയിലോ ശത്രുക്കളുടെ പീഡനങ്ങളോ അല്ലാഹുവിലുള്ള വിശ്വാസത്തെ ഒരല്‍പ്പം പോലും നഷ്ടപ്പെടുത്തിയില്ല. മറിച്ച്, പടച്ചവനിലുള്ള വിശ്വാസത്തെയും തവക്കലിനെയും (ഭരമേല്‍പ്പിക്കല്‍) ഒന്നുകൂടി വര്‍ധിപ്പിക്കുകയാണുണ്ടായത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top