എം. 80 പാത്തു നരിക്കുനി

No image

എം 80 മൂസയും മൂസയുടെ സ്വന്തംഭാര്യ പാത്തുവും അവരുടെ രണ്ട് മക്കളും ഇന്ന് മലയാളികളുടെ പ്രിയപ്പെട്ടവരാണ്... മൂസക്കായിയുടെയും മക്കളുടെയും വിശേഷങ്ങള്‍ എത്ര പറഞ്ഞാലും പാത്തുവിന് തീരില്ല... മാമുക്കോയയ്ക്കും കുതിരവട്ടം പപ്പുവിനും ശേഷം മലബാര്‍ ഭാഷയുമായി വന്ന് പാത്തുവായി മലയാളികളുടെ മനം കവര്‍ന്ന സുരഭി ലക്ഷ്മി സംസാരിക്കുന്നു....
സുരഭി ലക്ഷ്മി/ഖാസിദ കലാം - അഭിമുഖം

പാത്തു യഥാര്‍ത്ഥ ജീവിതത്തില്‍ സുരഭി ലക്ഷ്മി എന്ന പെണ്‍കുട്ടിയാണെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ?
ഒട്ടുമിക്ക ആളുകളും ആദ്യം കാണുമ്പോള്‍ ചോദിക്കുക, 'ഇങ്ങള് ഹിന്ദുവാണോ'എന്നാണ്. ശരിക്കുള്ള പേര് ആര്‍ക്കും അറിയില്ല. എല്ലാവര്‍ക്കും ഞാന്‍ പാത്തുവാണ്. മൂസയും പാത്തുവും രണ്ടു മക്കളുമുള്ള ഒരു കുടുംബം എവിടെയൊക്കെയോ ഉണ്ട്. അത് യാഥാര്‍ത്ഥത്തില്‍ കാണിക്കുകയാണ് എന്നൊക്കെയാണ് പ്രേക്ഷകരുടെ വിചാരം. അടുത്തകാലത്തായി പലരും എന്റെ ശരിക്കുള്ള പേര് മനസ്സിലാക്കിയിട്ടുണ്ട്. തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.
ആരാണ് യഥാര്‍ത്ഥത്തില്‍ പാത്തു?
നരിക്കുനി, എളേറ്റില്‍ വട്ടോളി ഭാഗത്തുള്ള വേണ്ടത്ര വിദ്യാഭ്യാസമില്ലാത്ത ഒരുതലമുറ മുമ്പുള്ള ഓരോ മുസ്‌ലിം സ്ത്രീയും പാത്തുവാണ്. അല്ലെങ്കില്‍ ഒരുപാട് ആള്‍ക്കാരാണ് ഈ പാത്തു. ചിലര്‍ക്ക് പാത്തു ഈ തലമുറയിലെ തന്നെ ആളാണ്. അതുകൊണ്ടൊക്കെ കൂടിയാണ് എല്ലാവരും പാത്തുവിനെ ഏറ്റെടുത്തത്. ഏതൊക്കെയോ വീട്ടിലുണ്ടാകുന്ന സംഭവങ്ങളാണ് പാത്തു നമ്മുടെ മുന്നിലേക്ക് എത്തിക്കുന്നത്.
മുസ്‌ലിം ഭൂരിപക്ഷപ്രദേശത്താണ് ഞാന്‍ ജീവിച്ചത്. പഠിച്ച എം.ജി ഹൈസ്‌കൂളും അങ്ങനെതന്നെ. ഞാനടക്കം അഞ്ചോ ആറോ കുട്ടികളെ ഉണ്ടായിരുന്നുള്ളൂ ഒരു ക്ലാസില്‍ അമുസ്‌ലീം ആയിട്ട്. ഇങ്ങനെയുള്ള സ്ത്രീകളുടെ സ്വകാര്യമായ സംഭാഷണങ്ങള്‍ നിരീക്ഷിച്ചിട്ടാണ് ഞാന്‍ പാത്തൂനെ രൂപപ്പെടുത്തിയത്. 'ങ്ങളൊന്ന് പോയ്യാട്ന്ന്. ഹോ ന്റെ റബ്ബേ.' എന്നൊക്കെ തന്നെയാണ് ഇവരൊക്കെ പറയുന്നത്. ആളുകള്‍ കേള്‍ക്കുന്നു എന്ന് മനസ്സിലായാല്‍ അവര്‍ പരിഷ്‌കരിച്ചേ സംസാരിക്കൂ. ആശുപത്രിയില്‍, റേഷന്‍കടകളില്‍ രണ്ട് സാധാരണ മുസ്‌ലിം സ്ത്രീകള്‍ സംസാരിക്കുന്നത് ശ്രദ്ധിച്ചു നോക്കൂ. അവിടെ നിങ്ങള്‍ക്ക് പാത്തുവിനെ കാണാം.
പാത്തു ചിലപ്പോള്‍ കുറച്ച് ഓവറാണ് എന്ന് ആരെങ്കിലും വിമര്‍ശനമുന്നയിച്ചിട്ടുണ്ടോ?
മൂസക്കായിക്ക് സ്ഥിരമായിട്ട് ഒരു സ്വഭാവമുണ്ട്. എന്നാല്‍ പാത്തുവിന് ഒരു സ്ഥിരതയില്ല. എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത് പാത്തുവാണ്. അത് പിന്നെ എവിടെയെങ്കിലും കൊണ്ട് എത്തിക്കുന്നതും പാത്തുവാണ്. അത് ഒരു അരമണിക്കൂര്‍ കൊണ്ടോ ഇരുപത് മിനിറ്റ് കൊണ്ടോ തീര്‍ക്കുകയും വേണം. പാത്തു പൊട്ടത്തിയാണ്. അതുകൊണ്ടാണ് അവള്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കാന്‍ പോകുന്നത്. എന്നിട്ട് പറയുന്നത് ഇനിക്കൊരു തൊയില് കിട്ടി'പ്പോയി എന്നാണ്. മണ്ടത്തിയാണ്. എല്ലാം വിശ്വസിക്കും. ചില സമയത്ത് ബുദ്ധിയുണ്ടാവില്ല. ചില സമയത്ത് ബുദ്ധി കൂടുതലുമാണ്. എന്നാല്‍ മൂസക്കായി അടക്കമുള്ള ബാക്കിയുള്ള കഥാപാത്രങ്ങളെല്ലാം ഒരു സ്ഥിരതയുള്ളവരാണ്. സറ്റയര്‍ ആയതുകൊണ്ട് ഒരുപൊടിക്ക് കയറ്റിചെയ്യാന്‍ ഡയറക്ടറുടെ നിര്‍ദേശവുമുണ്ട്. ചിലപ്പോള്‍ ഞങ്ങള്‍ തന്നെ പരസ്പരം ചോദിക്കാറുമുണ്ട്. പാത്തു കുറച്ച് ഓവറായോ എന്ന്. പക്ഷേ, അതില്‍ യഥാര്‍ത്ഥ ജീവിതമുണ്ട്. അതേ സമയം പാത്തുമ്മക്ക് ഒരു കാരിക്കേച്ചര്‍ സ്വഭാവമുണ്ട്. സ്ഥിരമായി കാണുന്നവര്‍ക്ക് അത് മനസ്സിലാകും.
എന്തുകൊണ്ടാണ് ഇത്ര ചെറുപ്പത്തില്‍ 18-കാരിയുടെ അമ്മ വേഷം ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ചത്?
സത്യം പറഞ്ഞാല്‍ എനിക്ക് അത് അറിയില്ലായിരുന്നു. കഥയും രണ്ട് കുട്ടികളുടെ അമ്മ വേഷം ആണ് എന്നും മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഇത്രയും വലിയ കുട്ടികളാണ് എനിക്കുള്ളത് എന്ന് അറിയില്ലായിരുന്നു. ഞാന്‍ പി.എച്ച്.ഡി ചെയ്യുന്നു, സെറ്റിലുള്ള മറ്റൊരു പെണ്‍കുട്ടി ഡിഗ്രിക്ക് പഠിക്കുന്നു. പിന്നീടാണ് അറിഞ്ഞത് അതാണ് എന്റെ മകള്‍ റസിയയെന്ന്. 'ങ്‌ഹേ! ഇത്ര വലിയ മോളോ!' എന്നായിപ്പോയി ഞാന്‍ സത്യത്തില്‍. 'വിനോദേട്ടാ എന്നെ പറ്റിച്ചല്ലേ. രണ്ടു കുട്ടികളുടെ അമ്മയെന്ന് പറഞ്ഞ് വിളിച്ചുകൂട്ടിക്കൊണ്ടുവന്നിട്ട്. ഞാന്‍ കരുതിയത് രണ്ട് ചെറിയ കുട്ടികളാണെന്നാണ്.' എന്നൊക്കെപ്പറഞ്ഞ് തമാശയാക്കി പിന്നെ.
മാത്രമല്ല, മീഡിയവണ്‍ ചാനല്‍ തുടങ്ങിയ സമയമാണ്. ചാനല്‍ അത്രക്കങ്ങ് പോപ്പുലറായിട്ടില്ല. വലിയ ആഘോഷങ്ങളൊന്നുമില്ലാതെ വന്ന ചാനലിലെ ആര്‍ഭാടങ്ങളൊന്നുമില്ലാതെ വന്ന ഒരു സീരിയല്‍. അപ്പോ പിന്നെ ഒരുപത്തിരുപത് എപ്പിസോഡ് വരെയൊക്കെയെ സാധനം പോകുകയുള്ളൂ. പിന്നെ നില്‍ക്കും എന്നൊക്കെയായിരുന്നു ഉള്ളിലെ സമാധാനം. ഈ ചാനലൊക്കെ ആര് കാണാനാണ്. എനിക്കാണെങ്കില്‍ പൈസയും കിട്ടല്ലോ എന്നൊക്കെ കരുതിയാണ് ആ അമ്മവേഷം ഏറ്റെടുത്തത്.
പക്ഷേ മൂസക്കായീനെയും പാത്തൂനെയും കാത്ത് അവസാനം ജനങ്ങള്‍ ഇരിക്കാന്‍ തുടങ്ങി അല്ലേ?
അതെ, ''കോയിക്കോട്ടെ പെണ്ണുങ്ങളെ കണ്ട്‌ക്കോ'' എന്ന എപ്പിസോഡ് ഇറങ്ങിയതോടെ സംഭവം ഞങ്ങളുടെ കയ്യില്‍നിന്ന് പോയി. ആ എപ്പിസോഡ് വാട്‌സ് ആപ്പിലും ഫെയ്‌സ്ബുക്കിലും യൂട്യൂബിലും എല്ലാം ഹിറ്റായി. സംഭവം വൈറലായതോടെ, ഇത് ഏത് ചാനലിലാണ്. ഏത് പരിപാടിയാണ്. എപ്പോഴാണ് എന്നൊക്കെ ആളുകള്‍ അന്വേഷിച്ചു തുടങ്ങി. സമയവും ചാനലും മറക്കാതെ ആളുകള്‍ കണ്ടുതുടങ്ങി.
എന്തൊക്കെയാണ് എം80 മൂസയുടെ വിജയരഹസ്യങ്ങള്‍?
മലബാര്‍ ഭാഷ ഇങ്ങനെ സംസാരിക്കുന്ന ഒരു സീരിയല്‍ വേറെയില്ല. ഏതെങ്കിലും സിനിമയിലോ സീരിയലിലോ ഏതെങ്കിലും ഒരു കഥാപാത്രമോ മറ്റോ വന്നാലായി. കോഴിക്കോടന്‍ ഭാഷയോടുള്ള ആളുകളുടെ സ്‌നേഹം, അതിന്റെ ലാളിത്യം, നിഷ്‌കളങ്കത. അതുകൊണ്ടുതന്നെയാണ് മൂസയെയും പാത്തുവിനെയും മലയാളികള്‍ ഏറ്റെടുത്തത് പ്രത്യേകിച്ചും പ്രവാസികളായ ആളുകള്‍.
ഔട്ട്‌ഡോര്‍ സാധ്യതകളെ, പച്ചപ്പിനെ ഇങ്ങനെ ഉപയോഗപ്പെടുത്തുന്ന വേറൊരു സീരിയല്‍ മലയാളത്തിലുണ്ടോയെന്ന് സംശയമാണ്. മറ്റ് സീരിയലുകളിലെ താരങ്ങള്‍ വിലകൂടിയ വസ്ത്രങ്ങളും അതിനു തക്ക ആഭരണങ്ങളുമണിഞ്ഞ് വീടിന്റെ അകത്തളങ്ങളിലിരുന്ന് ഡയലോഗ് പറയുമ്പോഴാണ് എം80 മൂസ നാടിന്റെ പച്ചപ്പ് കാണിക്കുന്നത്. ഏത് പ്രവാസികളാണ് അത് കാണുമ്പോള്‍ ഇരുന്ന് കണ്ട് പോവാത്തത്.
പെട്ടെന്ന് ലൊക്കേഷന്‍ മാറേണ്ടിവന്ന ഒരു സാഹചര്യം ഞങ്ങള്‍ക്കുണ്ടായപ്പോള്‍ ഞങ്ങളും ഇന്‍ഡോര്‍ പരീക്ഷിച്ചതായിരുന്നു. പക്ഷേ പെട്ടെന്ന് തന്നെ ഞങ്ങള്‍ മറ്റൊരു ലൊക്കേഷന്‍ കണ്ടുപിടിച്ച് അങ്ങോട്ടുമാറി. ഇപ്പോഴുള്ള ലൊക്കേഷന്‍ വളരെ പ്രകൃതി രമണീയമായ സ്ഥലത്താണ്. അതു കാണുമ്പോള്‍ പ്രവാസികള്‍ വല്ലാത്തൊരു ഇഷ്ടമാണ് ഞങ്ങളോട് കാണിക്കുന്നത്.
സീരിയലുകളെ വിമര്‍ശിക്കുന്നവര്‍ പോലും ഇതിന്റെ കാണികളാണ്. എന്തായിരിക്കും അതിന് കാരണം?
പൂര്‍ണമായും കോഴിക്കോടന്‍ ഭാഷ പറയുന്ന കുടുംബ പശ്ചാത്തലം തന്നെയാണ് ഒന്ന്. പിന്നെ യഥാര്‍ഥ ജീവിതം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ഒരു സാധാരണ മീന്‍കാരന്റെ ജീവിത കഥയാണിത്.
മറ്റ് സീരിയലുകളിലെ കഥാപാത്രങ്ങളെല്ലാവരും അമാനുഷികരാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ മാനുഷികത്വം കുറഞ്ഞവരാണ്. എന്നാല്‍ ഇതിലോ, 150 രൂപയുടെ മാക്‌സിയും 100 രൂപയുടെ ഷര്‍ട്ടും 50 രൂപയുടെ കള്ളിമുണ്ടും. റോഡ് സൈഡില്‍ വില്‍ക്കുന്ന ബര്‍മുഡയും ബനിയനും ഇട്ട ഒരു ന്യൂജനറേഷനും. 10 രൂപയുടെയും 5 രൂപയുടെയും എച്ചിക്കണക്കാണ് അവര് തമ്മില്‍ പറയുന്നത് പോലും. എച്ചിക്കണക്ക് അല്ല അത് ഒരു സാധാരണക്കാരന്റെ ജീവിക്കാനുള്ള കഷ്ടപ്പാടാണ്. അതാണ് ജനങ്ങള്‍ക്ക് വേണ്ടത്. അതാണ് മറ്റു സീരിയലില്‍ നിന്ന് എം80 മൂസയെ മാറ്റി നിര്‍ത്തുന്നത്.
എം 80 മൂസ എന്ന സീരിയലിനെ ഇപ്പോള്‍ ജനങ്ങള്‍ വിളിക്കുന്നത് പാത്തൂന്റെ സീരിയല്‍ എന്നാണ്. വിനോദേട്ടന് അസൂയ ഉണ്ടോ അതില്‍.
'പേര് മാത്രല്ലേ എനിക്കുള്ളൂ. ബാക്കിയൊക്കെ ഓള്‍ക്കല്ലെ' ന്ന് പറഞ്ഞ് വിനോദേട്ടനും എപ്പോഴും കളിയാക്കാറുണ്ട്. 'മൂസയെ നീ എടുത്താലും എനിക്ക് മറിമായം ഉണ്ട്' എന്നാവും മറ്റ് ചിലപ്പോള്‍ വിനോദേട്ടന്‍ പറയുക. ചില സമയത്ത് ഞങ്ങള് നല്ലതുപോലെ വഴക്കുണ്ടാക്കും. ഷൂട്ടിംഗ് നടക്കുന്ന വീടിന് സമീപം പണി കഴിയാത്ത ഒരു വീടുണ്ട്. ഇടക്ക് വിനോദേട്ടന്‍ ആ വീടിന്റെ ഉടമസ്ഥനോട് പറയും. വീട് തേയ്ക്കുകയാണെങ്കില്‍ പുറകിലെ ചുവര് ഒഴിച്ചിടണം ന്ന്. ഈ സീരിയല്‍ എന്നെങ്കിലും തീരുകയാണെങ്കില്‍ അന്ന് ഇവളുടെ മുഖം അതിന് മുകളില്‍കൊണ്ടുപോയി ഉരച്ച് ശരിയാക്കണം. എന്നാലെ എന്റെ കലിപ്പ് തീരുള്ളൂന്ന്.. പിന്നെ, അതിനടുത്ത് ഒരു പുഴയുണ്ട്. ഇടക്ക് പറയും എന്നെ ഒരുദിവസം വലിച്ചുകീറി അതില്‍ കൊണ്ടുപോയി ഒഴുക്കുംന്ന്.
അങ്ങനെ പറഞ്ഞ് ചിരിക്കാന്‍ ഇടയ്ക്കിടയ്ക്ക് കുശുമ്പും അസൂയയുമൊക്കെ കാണിക്കും എന്നല്ലാതെ ഞങ്ങള്‍ക്കിടയില്‍ പിണക്കമോ വാശിയോ ഈഗോയോ അസൂയയോ ഒന്നുമില്ല. എനിക്ക് എന്റെ പോസീറ്റീവും നെഗറ്റീവും അറിയുന്നത് പോലെതന്നെ വിനോദേട്ടനും എന്നെ അറിയാം. തിരിച്ചും അങ്ങനെതന്നെ. അസൂയയുടെയും പിണക്കത്തിന്റെയും ഒരു സ്‌പേസ് ഞങ്ങള്‍ക്കിടയില്‍ ഇല്ല. 170 എപ്പിസോഡായി ഞങ്ങള്‍ ഒരുമിച്ചിട്ട്.
നന്മയുടെയും നേരിന്റെയും ഒരു കഥാപാത്രമാണ് മൂസ. നായകത്വ സ്വഭാവമുള്ള ആളാണ്. ഒരു സീരിയലില്‍ അതിന്റെ എതിര്‍ഭാഗത്തുള്ള ആളാണല്ലോ സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും ഉണ്ടാക്കുക. ചിലതില്‍ അത് വില്ലന്മാരായിരിക്കും. മറ്റ് ചിലതില്‍ അത് കൊമേഡിയന്മാരായിരിക്കും. എം 80 മൂസയില്‍ അത് പാത്തുവാണ്. മണ്ടത്തരം കുറച്ച് കൂടുതല്‍ വരുന്നത് കൊണ്ട് പാത്തു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു എന്നുമാത്രം. അതിന് കാരണവും വിനോദേട്ടനാണ്. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദമാണ്. അതാണ് എം 80 മൂസയുടെ വിജയം. എല്ലാര്‍ക്കും അതിലൊരു അസൂയയൊക്കെയുണ്ട്. അത് മൊത്തം ഈ സെറ്റ് തന്നെ അങ്ങനെയാണ്. ആര് തമ്മിലും ഈഗോയും ദേഷ്യവും ഒന്നുമില്ല.
ഷൂട്ടിംഗ് ലൊക്കേഷനിലെ മറ്റ് വിശേഷങ്ങള്‍ എന്തൊക്കെയാണ്?
എല്ലാവരുടെയും എനര്‍ജി കൃത്യമായി ഉപയോഗിക്കുന്ന ഒരു സെറ്റാണിത്. ഒരാളുടെ നിയന്ത്രണത്തില്‍ അങ്ങനെ ചെയ്യൂ ഇങ്ങനെ ചെയ്യൂ എന്ന നിര്‍ദേശത്തില്‍ ചെയ്യുകയാണെങ്കില്‍ നമ്മുടെ എനര്‍ജി ചോര്‍ന്നുപോകുകയാണ് ചെയ്യുക. ഇവിടെ ലൊക്കേഷനില്‍ അങ്ങനെയില്ല. സംവിധായകന്‍ ഷാജി അസീസ് നല്ലൊരു നാടകപ്രവര്‍ത്തകനാണ്. അദ്ദേഹം കാമറയ്ക്കു മുന്നില്‍ ഞങ്ങളെ അഴിച്ചു വിട്ടിരിക്കയാണ്. ഒരു നാടക കളരിയുടെ അന്തരീക്ഷമാണ് സെറ്റിലെങ്ങും. പിന്നെ ബാക്കി ഒരുവിധം എല്ലാവരും നാടക ബാക്ഗ്രൗണ്ട് ഉള്ളവരാണ്. റസിയ മാത്രമേ പാരമ്പര്യം അങ്ങനെ എടുത്തുപറയാന്‍ അല്ലാതെയുള്ളു. അവളുടെ മേഖല നൃത്തമാണ്. അതുകൊണ്ടുതന്നെ ഒരു നാടകത്തിന്റെ പരമാവധി സാധ്യതകളെ അതിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ഇതിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് സാധിക്കാറുണ്ട്.
പിന്നെ എടുത്തു പറയേണ്ട ഒരു കാര്യം ഇതിന്റെ തിരക്കഥാകൃത്തുക്കളെ കുറിച്ചാണ്. എന്‍.പി. സജീഷ്, ജിയോ ബോബി, രഞ്ജിത്ത് ഇവരാണ് എം 80 മൂസക്ക് തിരക്കഥ ഒരുക്കുന്നത്. ചിലപ്പോള്‍ കോട്ടയം ഭാഷയിലായിരിക്കും സ്‌ക്രിപ്റ്റ്, അല്ലെങ്കില്‍ അച്ചടിഭാഷയില്‍. പക്ഷേ, അപ്പോഴും നമുക്ക് അഭിനയിക്കാനും കൂട്ടിച്ചേര്‍ക്കാനും നന്നാക്കാനും ഉള്ള സാധ്യതകളെ ഒഴിച്ചിട്ടാണ് അവര്‍ ആ സ്‌ക്രിപ്റ്റ് ഒരുക്കുന്നത്. ഞങ്ങളുടെ ഭാഗം ഞങ്ങള്‍ എങ്ങനെ ചെയ്യും എന്ന് അവര്‍ തിരക്കഥ ഒരുക്കുമ്പോള്‍ തന്നെ മനസ്സില്‍ കണ്ടിരിക്കും. അതിനാല്‍ ഷൂട്ടിംഗിനിടയില്‍ ഡയലോഗ് കോഴിക്കോട് ഭാഷയിലേക്ക് മാറ്റാന്‍ ഞങ്ങള്‍ക്ക് എളുപ്പമാണ്. സമയം കിട്ടുകയാണെങ്കില്‍ മുഴുവന്‍ സ്‌ക്രിപ്റ്റും വായിച്ചു നോക്കി ഒരു സ്‌കിറ്റ് രൂപത്തിലേക്ക് അതിനെ ഞങ്ങള്‍ കൂട്ടമായി മാറ്റാറുണ്ട്.
കാമറാമാന്‍ അഭിജിത്ത് അഭിലാഷിനും ഞങ്ങളുടെ എല്ലാവരുടെയും ഒരു ബിഗ് സല്യൂട്ട് ഉണ്ട്. കാരണം വളരെ ചെലവുകുറച്ച് ഒരുക്കുന്ന ഒരു സീരിയലാണ് എം 80 മൂസ. സ്ഥലപരിമിതി, സമയപരിമിതി, മറ്റ് പരിമിതികള്‍ ഇതിനെയൊക്കെ മറികടന്നാണ് അദ്ദേഹം എം 80 മൂസയുടെ കാമറ മനോഹരമാക്കുന്നത്. ഇപ്പോഴത്തെ നിര്‍മാതാക്കളായ ഷംസീറും, റൈസലും തരുന്ന പിന്തുണയും പറയാതിരിക്കാനാകില്ല. ഞങ്ങളവരെ വിളിക്കുന്നത് പോലും തംസപ്പനും ലൈസപ്പനും എന്നാണ്.
മാത്രമല്ല, ലൊക്കേഷനില്‍ എല്ലാവരും എല്ലാവരുടെയും പണിയെടുക്കും. ഞങ്ങള്‍ പ്രൊഡക്ഷന്റെ ഭാഗമാകാറുണ്ട്. ലൈറ്റ് പിടിച്ച് കൊടുക്കാറുണ്ട്. പാത്രം കഴുകാറുണ്ട്. അതുപോലെ സൂശീലനും ഉപ്പയും ഷുക്കൂറും കഴിഞ്ഞാല്‍ സ്ഥിരമായി പല കഥാപാത്രങ്ങളായി വരുന്ന ചില കലാകാരന്മാരുണ്ട്. മുഹമ്മദ് പേരാമ്പ്ര, കരീം ദാസ്, രമാദേവി, ഇടവേള റാഫി തുടങ്ങിയവര്‍. പിന്നെ നാട്ടുകാരും, മീന്‍വാങ്ങാന്‍ വരുന്നവരും, വഴിപോക്കനും ഒക്കെയാകുന്ന ലൊക്കേഷനിലെ കോസ്റ്റ്യൂം, മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, കലാസംവിധായകന്‍. കറിയില്‍ ഉപ്പ് പോലെയാണ് അവര്‍. അവര്‍ നടന്മാരുമാകുന്നു, അതേസമയം അവരുടെ ജോലിയും ചെയ്യുന്നു.
അതാണ് പറഞ്ഞത് ഒരു നാടകളരിയുടെ സ്വാഭവമാണ് ഞങ്ങളുടെ ലൊക്കേഷനെന്ന്. തിരുവനന്തപുരത്ത് നിന്ന് വരുന്ന ചില യൂണിറ്റ് ഒക്കെ ആണെങ്കില്‍ ഇവിടെ എന്ത് രസമാണ്. ഇനി അടുത്ത തവണയും ഞങ്ങളെ തന്നെ വിളിക്കണേ എന്ന് പറഞ്ഞാണ് പോയിട്ടുള്ളത്.
ഒരു ഉമ്മച്ചി എന്ന നിലയില്‍ പാത്തുവിന്റെ ഉത്തരവാദിത്തങ്ങള്‍ കൂടിവരുന്നു. റസിയക്ക് കല്ല്യാണപ്രായമായില്ലേ. ആലോചനകള്‍ വന്നു തുടങ്ങിയോ?
അതൊന്നും പറയണ്ട. എന്റെ ഫെയ്‌സ്ബുക്കിന് ഒരു സൈ്വര്യവുമില്ല, സമാധാനവുമില്ല. ഇങ്ങളെ മോളെ കെട്ടിച്ചു തരോന്ന് ചോദിച്ചുകൊണ്ടുള്ള മെസേജുകളാണ് അതില്‍ കൂടുതലും. റസിയയെ കെട്ടിക്കണ്ടേ എന്ന ചര്‍ച്ചകള്‍ ഒരു ഭാഗത്തും. എന്തു കണ്ടിട്ടാണോ എന്തോ.
അതിലും കഷ്ടാണ്. റിസ്‌വാനുള്ള ആരാധികമാരുടെ കാര്യം. റസിയക്കുള്ളതിലും കൂടുതലാണ് റിസ്‌വാനുള്ള പ്രണയങ്ങള്‍. ഇതിെനാക്കെ മറുപടി പറയേണ്ടത് ഞാനും. ഞാന്‍ അവരുടെ ഉമ്മച്ചിയാണല്ലോ. അതോണ്ടാവും എന്നോട് ചോദിക്കുന്നത്. മക്കളുടെ കാമുകിമാരും കാമുകന്മാരും ഒക്കെ അധികവും അങ്ങ് ഗള്‍ഫില്‍ നിന്നുള്ളവരാണ്.
പാത്തുവിനെപ്പോലെ പ്രശസ്തി നല്‍കിയ വേറെ ഏതെങ്കിലും കഥാപാത്രങ്ങള്‍. സീരിയലിലായാലും സിനിമയിലായാലും.
എം 80 മൂസയല്ലാതെ ഒരൊറ്റ സീരിയലേ ഞാന്‍ ചെയ്തിട്ടുള്ളൂ. കഥയിലെ രാജകുമാരി. അതിലെ വേഷം ശ്രദ്ധിക്കപ്പെട്ടു എന്നല്ലാതെ പ്രശസ്തിയൊന്നുമായില്ല. പിന്നെ സിനിമയിലെ എന്റെ പല വേഷങ്ങളും ഇപ്പോഴാണ് തിരിച്ചറിയുന്നത് തന്നെ. അതും ഇത് നമ്മളെ പാത്തുവാണല്ലോ എന്ന് പറഞ്ഞ്. ആ ക്രെഡിറ്റും പാത്തുവിന് തന്നെയാണ്. എന്നെ എല്ലാവരും അറിയുന്ന ഒരു കലാകാരിയാക്കിയത് പാത്തുതന്നെയാണ്.
സിനിമാ ജീവിതത്തെക്കുറിച്ച്.
ജയരാജ് സാറിന്റെ 'ബൈ ദ പീപ്പിളി'ലൂടെയാണ് ഞാന്‍ സിനിമയിലെത്തുന്നത്. ഗുല്‍മോഹര്‍, തിരക്കഥ.. സിനിമയിലെ തുടക്കക്കാലം അങ്ങനെ ചില വേഷങ്ങളിലൂടെയായിരുന്നു. പലതും ശ്രദ്ധിക്കപ്പെട്ടതുതന്നെ. പക്ഷേ ഒരു സിനിമ നടിയാവാന്‍ വേണ്ട ശ്രമങ്ങളൊന്നും എന്റെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. ന്നും ഇന്നും ഇല്ല. വരുന്നപോലെ വരട്ടെ. കിട്ടുന്നപോലെ കിട്ടട്ടെ എന്നാണ് ചിന്ത. ഒഴുക്കിനനുസരിച്ച് അങ്ങനെ പോയി. ഇപ്പോഴും അങ്ങനെയൊക്കെ തന്നെയാണ്.
പത്ത് മുപ്പത്തിമൂന്ന് സിനിമകള്‍ ചെയ്തിട്ടുണ്ട്. പാത്തുവിനെ പോലെ ഇഷ്ടം തോന്നിയ മറ്റ് കഥാപാത്രമൊന്നുമില്ല. ചിലതൊക്കെ ചെയ്ത് കഴിഞ്ഞപ്പോള്‍ ഇഷ്ടം തോന്നാതിരുന്നിട്ടുമുണ്ട്. ചെയ്യേണ്ടിയിരുന്നില്ലാന്ന് തോന്നിയതുമുണ്ട്.
പിന്നെ അഭിനയം എന്നെ സംബന്ധിച്ചിടത്തോളം ഒരു ഹോബിയല്ല. ഒരു ജീവിത മാര്‍ഗം കൂടിയാണ്. അപ്പോള്‍ നമുക്ക് ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ കഥാപാത്രങ്ങള്‍ ചിലപ്പോള്‍ ചെയ്യേണ്ടി വന്നേക്കാം.
പക്ഷേ, മൂന്ന് കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഒന്ന്, കഥാപാത്രം നല്ലതാണോ, രണ്ട്, നല്ല ടീം ആണോ. മൂന്ന്, കാശ് കിട്ടുമോ. ഇതില്‍ ഏതെങ്കിലും ഒന്ന് ഒകെ ആണെങ്കില്‍ വരുന്ന അവസരങ്ങള്‍ ഞാന്‍ സ്വീകരിച്ചിരുന്നു.
ഇനി ഇറങ്ങാനുള്ള മമ്മൂട്ടിയുടെ ഉട്ട്യോപയിലെ രാജാവിലെ കഥാപാത്രം ശ്രദ്ധിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ട്. കമലിന്റെ പടമാണ്. കണ്ണൂരില്‍ മണല്‍ മാഫിയക്കെതിരെ പോരാടുന്ന ജസീറയുടെ ജീവിതത്തോട് സാമ്യമുള്ള കഥാപാത്രമാണ്. കമല്‍ സാറിന്റെ സ്വപ്നസഞ്ചാരിയില്‍ നല്ലൊരു വേഷമായിരുന്നു എനിക്ക്. പൃഥ്വിരാജ് നായകനാകുന്ന മൊയ്തീന്‍- കാഞ്ചനമാല പ്രണയം പ്രമേയമായി വരുന്ന 'എന്ന് നിന്റെ മൊയ്തീന്‍', 'തിലോത്തമ', 'കിസ്മത്ത്' എന്നിവയാണ് ഇറങ്ങാനുള്ള മറ്റ് സിനിമകള്‍.
സിനിമ-സീരിയല്‍ താരങ്ങളെല്ലാം നാടകത്തിലേക്ക് കടന്നുവരുന്ന കാലമാണ്. സുരഭിക്കാണെങ്കില്‍ നാടക ബാക്ഗ്രൗണ്ടുമുണ്ട്. അത്തരം പ്രൊജക്ടുകള്‍ എന്തെങ്കിലും?
എം 80 മൂസയുള്ളതുകൊണ്ട് ഞങ്ങള്‍ക്ക് സ്റ്റേജ് പ്രോഗ്രാമുകള്‍ ഒരുപാട് വരുന്നുണ്ട്. വിദേശത്തും സ്വദേശത്തുമായി നിരവധി പ്രോഗ്രാമുകളുണ്ട്. അതുകൊണ്ട് നാടകത്തില്‍ ക്യാമ്പിനും മറ്റുമായി എല്ലാവരുടെയും സമയത്തിന് അനുസരിച്ച് മാറ്റിവെക്കാന്‍ സമയം കിട്ടാതെ പോകുകയാണ്. നാടകത്തിന്റെ ഭാഗമാകാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടെങ്കിലും എം 80 മൂസയായതുകൊണ്ട് സീരിയലിന്റെ ഒരു മടുപ്പില്ലാത്തതുകൊണ്ട് പ്രശ്‌നമില്ല.
ബെസ്റ്റ് ആക്ടര്‍ എന്ന റിയാലിറ്റി ഷോ തന്ന കലാകാരിയാണ് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം സുരഭി ലക്ഷ്മി. അതിന് മുമ്പുള്ള കലാജീവിതം എങ്ങനെയായിരുന്നു.
അത് നാട്. നാട്ടിലെ ക്ലബ്ബുകള്‍. എളേറ്റില്‍ വട്ടോളിയാണ് ഞാന്‍ ജനിച്ചത്. വളര്‍ന്നത് അതിനടുത്തുള്ള നരിക്കുനിയില്‍. ഞാന്‍ ഒരു സിനിമാതാരമാകുമെന്നോ അറിയപ്പെടുമെന്നോ കരുതിയല്ല നരിക്കുനിക്കാര്‍ എന്നെ വളര്‍ത്തിയതും പ്രോത്സാഹിപ്പി ച്ചതും. അവിടുത്തെ സ്‌കൂളും. അന്നത്തെ ചെറിയ ചെറിയ കലാവേദികളുമാണ് സുരഭി എന്ന കലാകാരിയെ വളര്‍ത്തിയത്. ഇന്ന് അവളൊരു പാത്തുവാകും എന്നൊന്നും വിചാരിച്ചല്ല അന്ന് നാട്ടുകാര്‍ എന്നെ പ്രോത്സാഹിപ്പിച്ചത്. എന്നില്‍നിന്ന് ഒന്നും പ്രതീക്ഷിക്കാതെ അവരെനിക്ക് വേദികളും അവസരങ്ങളും തന്നു.
പാത്തുമ്മയുടെ നാടും നരിക്കുനി ആക്കിയത് എന്റെ ആഗ്രഹമായിരുന്നു. മലപ്പുറത്തെ ഏതോ സ്ഥലമായിരുന്നു ആദ്യം സ്‌ക്രിപ്റ്റില്‍ പാത്തൂന്റെ നാട്. നരിക്കുനി എന്ന പേര് ഞാന്‍ പറഞ്ഞപ്പോള്‍ ആ പേരിനോട് തോന്നിയ ഒരു കൗതുകത്തിന്റെ പുറത്താണ് സംവിധായകന്‍ സമ്മതിച്ചത്. അപ്പോള്‍ ആ പേര് സീരിയലില്‍ ഇടയ്ക്കിടെ വരുമെന്നൊന്നും ഉറപ്പില്ലായിരുന്നു. ഇപ്പോള്‍ ഉപ്പ വരുമ്പോഴും ഷുക്കൂര്‍ വരുമ്പോഴും ഒക്കെ നരിക്കുനിയെകുറിച്ച് പറയും. എം80 മൂസ കാണുന്നവരൊക്കെ ഇപ്പം അങ്ങനെയൊരു സ്ഥലമുണ്ടെന്ന് അറിഞ്ഞുതുടങ്ങി. ഇപ്പോ നരിക്കുനി എന്ന് പറഞ്ഞാല്‍ പ്രത്യേകിച്ച് പരിചയപ്പെടുത്തണ്ടല്ലോ എന്നാണ് നാട്ടുകാര് പറയുന്നത്. പാത്തൂന്റെ നാടല്ലേ എന്ന് എല്ലാവരും ഇങ്ങോട്ടു ചോദിക്കും പോലും. പ്രത്യേകിച്ച് പ്രവാസികള്‍. മാത്രമല്ല, വേറെയും ഒരു ഗുണമുണ്ടായി അതുകൊണ്ട്. ഇപ്പോള്‍ എം 80 പാത്തു, നരിക്കുനി എന്ന് പറഞ്ഞ് കത്തയച്ചാല്‍ പോലും കൃത്യമായി എനിക്ക് തന്നെ കിട്ടും.
അതില്‍ പറയുന്ന പല കഥാപാത്രങ്ങളും, ഷോപ്പുകളുടെ പേരും എല്ലാം ശരിക്കും നരിക്കുനിയില്‍ ഉള്ളതുതന്നെയാണ്. ഇപ്പം അമ്മയോടൊക്കെ ആളുകള്‍ പറഞ്ഞ് ഏല്‍പ്പിക്കും, എം80 മൂസയിലൂടെ ഞങ്ങളുടെ കടയുടെ പേരും പറയണംന്ന് ഒന്ന് മോളോട് പറയണം ട്ടോ ന്ന്. അമ്മ അത് എന്നോട് വന്ന് പറയും. ഞാന്‍ അപ്പോള്‍ പറയും, ഇത് നരിക്കുനിക്കാരുടെ കടകളുടെ മുഴുവന്‍ പരസ്യം കൊടുക്കാനുള്ള പരിപാടിയല്ല, അവരെന്നെ ഓടിക്കും.ന്ന്.
അത് അങ്ങനെയൊക്കെ സംഭവിച്ചുപോകുന്നതാണ്. നമ്മുടെ മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്ന ചില പേരുകള്‍ ഞാന്‍ പോലുമറിയാതെ എന്റെ നാവിന്‍തുമ്പില്‍ വന്നുപോകുന്നതാണ്. അത് അറിയാതെ വരുന്നതാണ്. മനഃപൂര്‍വം വരുന്നതല്ല.
അമ്മയെകുറിച്ച് പറഞ്ഞു. എന്തൊക്കെയാണ് സുരഭിയുടെ കുടുംബ വിശേഷങ്ങള്‍.
അമ്മ, രണ്ട് ചേച്ചിമാര്‍- സുബിത സന്തോഷ്, സുമിത അഖില്‍, ചേട്ടന്‍ സുബീഷ്, അമ്മൂമ്മ. ഇത്രയും പേരാണ് വീട്ടിലുള്ളത്. അച്ഛന്‍ ആണ്ടി മരിച്ചിട്ട് 14 വര്‍ഷമായി. ഞാന്‍ ഒരു കലാകാരിയായി കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നു അച്ഛന്‍.
സുരഭി ലക്ഷ്മിയിലെ ലക്ഷ്മി അമ്മമ്മയാണ്. അമ്മമ്മ ഭയങ്കര ന്യൂ ജനറേഷനാണ്. അമ്മക്ക് ഇടയ്ക്ക് പെണ്‍കുട്ടികളായാല്‍ അടക്കവും ഒതുക്കവും വേണം എന്ന നിലപാടാണ്. നാട്ടുകാര് എന്ത് പറയും. മറ്റുള്ളവര്‍ എന്തുപറയും എന്നൊക്കെയുള്ള ചിന്തയാണ്. അമ്മമ്മ അങ്ങനെയല്ല, ഞാനിടയ്ക്ക് പണ്ടാരടങ്ങാന്‍ എന്നൊക്കെ പറയും. അപ്പോ അമ്മ വഴക്കു പറയുകയാണെങ്കില്‍ അമ്മമ്മ അമ്മയെ തിരിച്ചു വഴക്കു പറയും. പണ്ടാരടങ്ങാന്‍ എന്നുള്ളതിന് പണ്ടാരടങ്ങാന്‍ എന്നല്ലാതെ നാരായണ എന്ന പറയാന്‍ പറ്റോ രാധേന്ന് ചോദിച്ച്. അമ്മയും അമ്മമ്മയും മാറിപ്പോയോന്നൊക്കെ എനിക്ക് ഇടയ്ക്ക് തോന്നിയിട്ടുണ്ട്.
ആദ്യ വിവാഹ വാര്‍ഷികം അടുത്തുവരുന്നു. എന്തൊക്കെയാണ് പരിപാടികള്‍.
(എന്തിനാണ് എന്നെ അത് ഓര്‍മ്മിപ്പിക്കുന്നത് എന്നൊരു കുറുമ്പു നിറഞ്ഞ ചോദ്യം തിരിച്ച് ചോദിക്കുന്നു.) ഭര്‍ത്താവ് വിപിന്‍ കാമറമാനാണ്. വിവാഹവാര്‍ഷികവും ഭര്‍ത്താവുമൊത്തുള്ള ആദ്യ ഓണവും ഇത്തവണ ഗള്‍ഫിലായിരിക്കും. അവിടെ ഒരു സ്റ്റേജ് പ്രോഗ്രാമുണ്ട്.
കല്ല്യാണമെല്ലാം പടപടേന്നായിരുന്നു. കാമറമാനായതുകൊണ്ട് പ്രണയവിവാഹമാണെന്ന് ആളുകള്‍ക്ക് ഒരു തെറ്റിദ്ധാരണയുണ്ട്. പ്രണയവിവാഹമൊന്നുമല്ല.
കല്യാണം കഴിഞ്ഞ ശേഷമാണ് നീ ഇത്ര പ്രശസ്തയാണെന്ന് ഞാന്‍ അറിയുന്നത് തന്നെ എന്നാണ് ആള് കളിയാക്കുന്നത്. തൃശൂരിലെ തൃപ്രയാര്‍ സ്വദേശിയാണ് വിപിന്‍. എറണാകുളത്ത് സ്ഥിരതാമസമാക്കിയിരിക്കയാണ് ഞങ്ങള്‍ ഇപ്പോള്‍. ഭര്‍ത്താവിന്റെ സിനിമാ സംബന്ധിയായ ചര്‍ച്ചകള്‍ക്കും മറ്റും അതാണല്ലോ സൗകര്യം.
ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങള്‍. പ്രതീക്ഷകള്‍.
അടുത്ത തലമുറയില്‍ പിന്‍ഗാമിയായി ചേച്ചി ആരെയൊക്കെയാണ് കാണുന്നത് എന്ന ചോദ്യത്തിന് കെ.പി.എസി ലളിത എന്റെ പേരും പരാമര്‍ശിച്ചു. അത് ഒരു വലിയ അംഗീകാരമായി എനിക്ക് തോന്നി. കാരക്ടര്‍ റോളുകളിലൂടെ മലയാള ചലച്ചിത്ര രംഗത്തായാലും സീരിയല്‍ രംഗത്തായാലും അടിത്തറയുള്ള, വേരുറപ്പുള്ള, ഒരു കാറ്റോ മഴയോ വന്നാല്‍ വീണു പോകാത്ത, എല്ലാതരം കഥാപാത്രങ്ങളും ചെയ്യാന്‍ പറ്റുന്ന, വളരെ ഫ്‌ളെക്‌സിബിളായിട്ടുള്ള, എല്ലാ അര്‍ഥത്തിലുമുള്ള ഒരു ആര്‍ട്ടിസ്റ്റ് ആയി വരാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ ഞാന്‍.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top