മദ്‌യനിലേക്കുള്ള വഴി ഒന്നാക്കിയ ജീവിതങ്ങള്‍

അബ്ദുല്ല നദ്‌വി കുറ്റൂര്‍ No image

ചരിത്രത്തിലെ സ്ത്രീ

      സദ്ഗുണങ്ങളുടെ പ്രതീകമായാണ് ചരിത്രം സഫൂറയെ പരിചയപ്പെടുത്തുന്നത്. പൈങ്കിളി, കുരുവി എന്നൊക്കെയാണ് സഫൂറ എന്ന പദത്തിനര്‍ഥം. അതിഥികളെയും പരദേശികളെയും പരിഗണിക്കുന്നതിലും സല്‍ക്കരിക്കുന്നതിലും മാതൃകയായ സഫൂറ ചരിത്രത്തില്‍ തിളക്കമാര്‍ന്ന താരകമായിരുന്നു. ഒരു പ്രവാചകന്റെ മകളും മറ്റൊരു പ്രവാചകന്റെ ഭാര്യയുമെന്ന ഇരട്ട സൗഭാഗ്യം സ്വായത്തമാക്കാന്‍ സാധിച്ച അപൂര്‍വ്വ മഹിളാരത്‌നമാണ് സഫൂറ. വിശ്വസ്തനും സദ്‌വൃത്തനുമായ ഭര്‍ത്താവിനെ തെരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് മാതൃകയാണ് സഫൂറ. കിണറ്റിന്‍കരയില്‍ വെച്ച് അപ്രതീക്ഷിതമായാണ് സഫൂറ മൂസയെ കണ്ടുമുട്ടുന്നത്. ആ സംഭവം ഖുര്‍ആന്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് (അധ്യായം 28:23-25).
ഈജിപ്ഷ്യന്‍ ചക്രവര്‍ത്തി ഫറോവ റോംസീസ് രണ്ടാമന്റെ ഭരണകാലത്ത് രാജകീയ സുഖസൗകര്യങ്ങള്‍ നുകര്‍ന്ന് കൊട്ടാരത്തില്‍ സുഭിക്ഷമായി കഴിയുകയായിരുന്നു മൂസ. ഒരു രാജകുമാരന് ലഭിക്കാവുന്ന എല്ലാവിധ കലാ ശാസ്ത്രങ്ങളും സൈനിക പരിശീലനവും ഭരണതന്ത്രവിദ്യയുമെല്ലാം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ദത്തുപുത്രനായിരിക്കെ അബ്‌സീനിയാ യുദ്ധത്തില്‍ ജനറലായി സേവനമനുഷ്ഠിക്കുക മൂലം തന്റെ സാമര്‍ഥ്യവും കഴിവും അദ്ദേഹം തെളിയിക്കുകയും ചെയ്തിരുന്നു. അതിനിടെ ഫറോവയുടെ വംശജനായ ഒരു ഖിബ്തിയെ അബദ്ധത്തില്‍ മൂസ വധിക്കാനിടയായി. അതിനാല്‍ ഫറോവയെ ഭയന്ന് നെട്ടോട്ടമോടുകയല്ലാതെ മൂസക്ക് നിവൃത്തിയുണ്ടായിരുന്നില്ല. അതിനിഗൂഢമായ മാര്‍ഗങ്ങളിലൂടെ പാത്തും പതുങ്ങിയും എട്ട് ദിവസം തുടര്‍ച്ചയായി മൂസ യാത്രചെയ്തു. വഴിയില്‍ വെച്ച് ഒരു ആട്ടിടയന് തന്റെ രാജകീയ വസ്ത്രം നല്‍കി പകരം അവന്റെ ഇടയ വസ്ത്രം ധരിച്ച് വേഷപ്രഛന്നനായായിരുന്നു യാത്ര. എട്ട് ദിവസത്തെ നിരന്തരമായ യാത്രക്കു ശേഷം സീനാ മരുഭൂമിയില്‍നിന്ന് തെന്നിമാറി ഒരു ഗ്രാമത്തിലേക്കുള്ള വഴിയിലൂടെ അദ്ദേഹം സഞ്ചരിച്ചു. യാത്രക്കിടെ മാര്‍ഗദര്‍ശനത്തിനായി മൂസ അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അവസാനം അദ്ദേഹം ഒരു മരുപ്പച്ച കണ്ടു. അവിടെ ഒരു കൂട്ടം ആട്ടിടയന്മാര്‍ തങ്ങളുടെ ആടുകള്‍ക്ക് വെള്ളം കൊടുക്കുകയായിരുന്നു. ഫറോവയുടെ ഭരണപരിധിക്ക് അപ്പുറമുള്ള സിറിയയുടെ ഭാഗമായ മദ്‌യന്‍ പ്രദേശമായിരുന്നു അത്. ദാഹവും വിശപ്പും കൊണ്ട് പരവശനായ ഒരു പരദേശിക്ക് ആനന്ദദായകമായിരുന്നു ആ പ്രദേശം. ഇടയന്മാര്‍ ഒഴിഞ്ഞുപോയിട്ട് ദാഹം തീര്‍ക്ക|ാമെന്ന് കരുതി മൂസ അവിടത്തെ ഒരു മരത്തണലില്‍ വിശ്രമിച്ചു. ഇങ്ങനെ ഇരിക്കുമ്പോഴാണ് തന്നെപ്പോലെ തിരക്കൊഴിയാന്‍ കാത്തിരിക്കുന്ന രണ്ട് യുവ സുന്ദരികളെ ശ്രദ്ധിച്ചത്. അവര്‍ കുലീനകളാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ അദ്ദേഹത്തിന് ബോധ്യമായി. മൂസ അവരുടെ അടുക്കല്‍ ചെന്ന് കാര്യം തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞു: 'ഞങ്ങള്‍ ആണുങ്ങളെ തിക്കിത്തിരക്കാന്‍ പോകാറില്ല. ഞങ്ങളുടെ പിതാവ് വയോവൃദ്ധനാണ്.' കുലീനത്വ|ം വഴിഞ്ഞൊഴുകുംവിധം സംക്ഷിപ്തമായും മുഖം പൊത്തിപ്പിടിച്ചുമാണ് അവര്‍ മൂസയോട് സംസാരിച്ചത്. ഇടയന്മാരെ തിക്കിത്തിരക്കി, ഒരാള്‍ തൊട്ടി താഴെവെച്ച ഉടനെ മൂസ തൊട്ടി കൈയിലേന്തി യുവതികളോട് പറഞ്ഞു: 'സഹോദരിമാരെ, നിങ്ങളുടെ ആടുകളെ കൊണ്ടുവരിക. ഞാന്‍ അവയെ വെള്ളം കുടിപ്പിക്കാം.'
മൂസ ആടുകളെ വെള്ളം കുടിപ്പിച്ചു. യുവതികള്‍ മൂസയോട് നന്ദി പറഞ്ഞ് സന്തുഷ്ടരായി ആടുകളെ തെളിച്ച് വീട്ടിലേക്ക് തിരിച്ചുപോയി. തുടര്‍ന്ന് മതിയാവോളം വെള്ളം മൊത്തിക്കുടിച്ച് മൂസ വീണ്ടും മരത്തണലില്‍ വന്നിരുന്നു. വെള്ളം കുടിച്ച് ദാഹം തീര്‍ന്നെങ്കിലും വിശപ്പടക്കാന്‍ ഭക്ഷണവും അന്തിയുറങ്ങാന്‍ കിടപ്പാടവും എങ്ങനെ തരപ്പെടുത്തുമെന്ന കാര്യത്തില്‍ ഒരു നിശ്ചയവുമില്ല. ആട്ടിടയന്മാര്‍ അദ്ദേഹത്തിന് അഭയം നല്‍കണമെന്നില്ല. ഇങ്ങനെ ആകുലചിത്തനായി അല്ലാഹുവിനോട് മനംനൊന്ത് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു അദ്ദേഹം.
മക്കള്‍ നേരത്തെ വീടണഞ്ഞപ്പോള്‍ 'ഇന്നെന്താ മക്കളെ നേരത്തെ എത്തിയതെ'ന്ന് വൃദ്ധനായ പിതാവ് ചോദിച്ചു.
'ഉപ്പാ, പരദേശിയായ ഒരു യുവാവ് ഞങ്ങള്‍ക്ക് വെള്ളം കോരിത്തന്നു.' വൃദ്ധന്റെ മുഖത്ത് സന്തോഷവും പുഞ്ചിരിയും പരക്കുന്നത് മക്കള്‍ ശ്രദ്ധിച്ചു.
'അയാള്‍ എന്നിട്ട് എങ്ങോട്ട് പോയി?'
'അവിടെ ഒരു മരച്ചുവട്ടില്‍ ചെന്നിരിക്കുന്നത് കണ്ടു.'
'ങാ മോളെ സഫൂറ, നീ ചെന്ന് അയാളെ ഞാന്‍ വിളിക്കുന്നുവെന്ന് പറയൂ.' വൃദ്ധന്‍ മൂത്ത മകളോട് പറഞ്ഞു. ഇളയവളോട് ഭക്ഷണം പാകംചെയ്യാനും നിര്‍ദ്ദേശിച്ചു.
സഫൂറ ചെല്ലുമ്പോഴും മൂസ ആ മരച്ചുവട്ടില്‍ തന്നെയുണ്ട്. എന്തോ ചിന്തയില്‍ മുഴുകിയിരിക്കുകയായിരുന്നു അദ്ദേഹം. ലജ്ജാവിവശയായി സഫൂറ പറഞ്ഞു:
'ദേ, നിങ്ങളെ ഞങ്ങളുടെ ഉപ്പ വിളിക്കുന്നുണ്ട്.'
'എന്തിനാ?' മൂസ ചോദിച്ചു.
'വെള്ളം കോരിത്തന്നതിന് നന്ദിപറയാന്‍ വേണ്ടിയാണ്. അദ്ദേഹത്തിന് ഇങ്ങോട്ട് വരാന്‍ പറ്റാത്തതുകൊണ്ടാണ്.'
മൂസ പിന്നെയൊന്നും ആലോചിച്ചില്ല. ഉടനെ എഴുന്നേറ്റ് അവളെ പിന്തുടര്‍ന്നു. സഫൂറ മുമ്പിലും മൂസ പിന്നിലുമായിട്ടായിരുന്നു യാത്ര. സഫൂറയുടെ മനോഹരമായ കണങ്കാല്‍ കണ്ടതിനാലാവാം പെട്ടെന്ന് മൂസ പറഞ്ഞു:
'ഞാന്‍ മുമ്പില്‍ നടക്കാം.'
'അതിന് നിങ്ങള്‍ക്ക് വഴിയറിയുകയില്ലല്ലോ?'
സഫൂറ ഓര്‍മിപ്പിച്ചു.
'വഴി നീ പറഞ്ഞുതന്നാല്‍ മതി. ഇതേത് രാജ്യമാണ്?' മൂസ ചോദിച്ചു.
'ഇത് മദ്‌യനാണ്.'
'നിങ്ങള്‍ എവിടുത്തുകാരനാണ്?' സഫൂറ തിരിച്ചുചോദിച്ചു.
'ഞാന്‍ ഈജിപ്തുകാരനാണ്. നിന്റെ വീട്ടില്‍ ആരെല്ലാമുണ്ട്?' മൂസ ചോദിച്ചു.
'ഞാനും സഹോദരിയും ഉപ്പയും മാത്രം.'
'ഉപ്പയുടെ പേരെന്താണ്?'
'ശുഐബ് നബി' സഫൂറ അഭിമാനപൂര്‍വ്വം പറഞ്ഞു. ഇത് കേട്ടപ്പോള്‍ മൂസ കോരിത്തരിച്ചുപോയി. അല്ലാഹു മഹാ തന്ത്രശാലിയാണ്. വ്യക്തമായ ഒരു ലക്ഷ്യത്തിലേക്കാണ് അവന്‍ തന്നെ നയിക്കുന്നതെന്ന് മൂസക്ക് ബോധ്യമായി.
വീട്ടിലെത്തിയപ്പോള്‍ നേരം ഇരുട്ട് വീണുതുടങ്ങിയിരുന്നു. ഇടയന്റേതു പോലെ തോന്നിപ്പിക്കുന്ന ഒരു കൊച്ചുവീട്ടില്‍ അവര്‍ ചെന്നുകയറി.
ശുഐബ് നബിയോട് മൂസ സലാം ചൊല്ലി. പുഞ്ചിരിയോടെ സലാം മടക്കിയിട്ട് അദ്ദേഹം ചോദിച്ചു: 'മൂസ എന്നാണല്ലേ പേര്?'
'അതെങ്ങനെ താങ്കള്‍ക്കറിയാം?' മൂസ അദ്ഭുതത്തോടെ ചോദിച്ചു.
'അതൊക്കെ പിന്നെ പറയാം.'
അപ്പോഴേക്കും സഫൂറ ഖുബ്ബൂസും കാരക്കയും പാലും വെള്ളവുമായി മുന്നിലെത്തി. ശുഐബ് നബിയും മൂസയും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. കൊട്ടാരത്തിലെ ഭക്ഷണം മാത്രം കഴിച്ചിരുന്ന മൂസ ഗ്രാമീണ ഭക്ഷണത്തിന്റെ ഹൃദ്യമായ സ്വാദ് രുചിച്ചറിഞ്ഞു.
മൂസ നാടുവിടുമ്പോള്‍ തന്നെ, മൂസ നിന്റെ അടുക്കലേക്ക് വരുന്നുണ്ടെന്നും സഫൂറയെ മൂസക്ക് വിവാഹം ചെയ്തുകൊടുക്കണമെന്നും ശുഐബ് നബിക്ക് അല്ലാഹുവിന്റെ അറിയിപ്പ് ലഭിച്ചിരുന്നു. അതുകൊണ്ടാണ് സഫൂറയെ വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞുവിട്ടത്.
ഫറോവയുടെ ക്രൂരതകളും തന്റെ ജീവിത കഥകളും ഒന്നൊഴിയാതെ മൂസ ശുഐബ് നബിയോട് പറഞ്ഞു. അതെല്ലാം കേള്‍ക്കുമ്പോഴും അദ്ദേഹം പുഞ്ചിരിച്ചതേയുള്ളൂ. ഒടുവില്‍ മൂസ പറഞ്ഞു: 'ഞാനൊരു മഹാ കൊലപാതകം ചെയ്തുപോയി. അബദ്ധത്തില്‍ സംഭവിച്ച ഒരു കൈപ്പിഴയാണ്.'
'അത് ഏതായാലും നന്നായി. അതിന് നീ മാപ്പിരക്കുകയും അല്ലാഹു നിനക്ക് പൊറുത്തുതരികയും ചെയ്തല്ലോ.' ശുഐബ് നബി പറഞ്ഞു.
'അത് നന്നായി എന്നു പറയാന്‍ എന്താണ് കാരണം?' മൂസ ജിജ്ഞാസയോടെ ചോദിച്ചു.
'നിന്നെ ഇവിടെ എത്തിക്കുക എന്നത് അല്ലാഹുവിന്റെ മുന്‍ നിശ്ചയമായിരുന്നു. ഒരു കാരണവും കൂടാതെ നീ എന്നെത്തേടി വരുമോ? കൊട്ടാരത്തിലെ സുഖജീവിതം പരിത്യജിച്ച് നീ ഇങ്ങോട്ട് വരുമോ?'
അത് ശരിയാണ,് അല്ലാഹുവിന്റെ യുക്തി അപാരം തന്നെ.
അതിനിടയിലാണ് വിവേകമതിയും മനുഷ്യസ്‌നേഹിയുമായ സഫൂറയുടെ സ|്‌നിഗ്ദ്ധമായ ശബ്ദം അവിടെ പ്രതിധ്വനിച്ചത്. 'ഉപ്പാ, അദ്ദേഹത്തെ ജോലിക്ക് നിര്‍ത്തുക. അദ്ദേഹം കരുത്തനും വിശ്വസ്തനുമാണ്' (ഖുര്‍ആന്‍: 28:26). മുന്‍പരിചയമില്ലാത്ത സഫ|ൂറയുടെ പ്രശംസക്ക് റോസാപൂവിന്റെ പരിമളമായിരുന്നു. വിദേശിയായ ഒരു വ്യക്തി എപ്പോള്‍ വേണമെങ്കിലും സ്ഥലംവിടാമെന്ന നിഗമനമാകാം സഫൂറയെ കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. ശുഐബ് നബി മൂസയോട് പറഞ്ഞു: 'താങ്കള്‍ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമായി ഇവിടെ താമസിക്കുകയാണെങ്കില്‍ എനിക്കും മക്കള്‍ക്കും അതൊരു വലിയ ഉപകാരമായിരുന്നു. എന്റെ മൂത്ത മകള്‍ സഫൂറയെ താങ്കള്‍ക്ക് വിവാഹം ചെയ്തു തരാന്‍ ഞാനാഗ്രഹിക്കുന്നു.'
'എനിക്ക് സമ്മതമാണ്. പക്ഷെ, മഹര്‍ തരാന്‍ എന്റെ കൈയില്‍ ഒന്നുമില്ല' മൂസ പറഞ്ഞു. 'എട്ട് വര്‍ഷം താങ്കള്‍ എനിക്ക് ജോലി ചെയ്തു തരണം. പത്ത് വര്‍ഷം തികക്കുകയാണെങ്കില്‍.. അത് നിങ്ങളുടെ ഇഷ്ടം' (ഖുര്‍ആന്‍: 27: 27). പുരാതന സമൂഹത്തില്‍ സേവന വ്യവസ്ഥ നിശ്ചയിച്ചുള്ള ഇത്തരം വിവാഹങ്ങള്‍ വിരളമായിരുന്നില്ല. 'ആടുകളെ മേയ്ക്കുന്ന ജോലി ഞാനടക്കമുള്ള എല്ലാ പ്രവാചകന്മാരും ചെയ്തിട്ടുണ്ട്' എന്ന് പ്രവാചകന്‍ പറഞ്ഞത് ഇവിടെ സ്മരണീയമാണ്. മൂസ സന്തോഷപൂര്‍വ്വം ആടുമേയ്ക്കല്‍ ജോലി അല്ലാഹുവിനെ സാക്ഷിയാക്കി ഏറ്റെടുക്കുകയും താമസിയാതെ അനാര്‍ഭാടകരമായി വിവാഹം നടത്തുകയും ചെയ്തു. വിവാഹിതനായതോടെ മേയ്ക്കല്‍ ജോലിയും മറ്റു ഗാര്‍ഹിക ചുമതലകളും മൂസയുടെ മേല്‍നോട്ടത്തിലായി. സുഖസമ്പൂര്‍ണ്ണമായ ദാമ്പത്യ ജീവിതം നയിച്ചപ്പോഴും മൂസയുടെ മനസ്സ് മുഴുവന്‍ ഈജിപ്തിലായിരുന്നു. ഖിബ്തികളുടെ ക്രൂരമായ മര്‍ദ്ദനമേറ്റ് ആര്‍ത്തരും ആലംബഹീനരുമായി കഴിയുന്ന തന്റെ വര്‍ഗത്തെക്കുറിച്ചുള്ള ചിന്തയായിരുന്നു.
വര്‍ഷങ്ങള്‍ ശീഘ്രം കടന്നുപോയി. അതിനിടെ മൂസ ഒരു കുഞ്ഞിന്റെ പിതാവായി. പരദേശിയുടെ തീക്ഷ്ണതയും കഷ്ടപ്പാടും പ്രതിഫലിക്കാനെന്നവണ്ണം ആ കുഞ്ഞിന് മൂസ 'ഗര്‍േഷാം' എന്ന് പേരിട്ടു.
ഭൗതികമായ സുഖസൗകര്യങ്ങളെക്കാള്‍ വിശ്വസ്തനും കരുത്തനുമായ ഒരു പുരുഷനെ ഇണയാക്കാന്‍ കൊതിച്ച സഫൂറ മൂസയുടെ സംരക്ഷണത്തില്‍ സന്തുഷ്ടമായ ജീവിതം നയിച്ചു. സുഖത്തിലും ദു:ഖത്തിലും അവര്‍ മൂസക്ക് താങ്ങും തണലുമായി. സഫൂറ തനിക്ക് ഭാരമല്ല, ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ സാന്ത്വനവും ആശ്വാസവുമാണെന്ന് മൂസയും തിരിച്ചറിഞ്ഞു. മുഹമ്മദ് നബിക്ക് മതപ്രബോധനത്തിന് കരുത്തേകിയ ഖദീജയെ പോലെ സഫൂറയും മൂസക്ക് വഴിവിളക്കായി പ്രശോഭിച്ചു.
പുണ്യവാനും വിശാലമനസ്‌കനുമായ ശുഐബ് നബിയുടെ കൂടെയുള്ള ജീവിതം മൂസയുടെ വ്യക്തിത്വ വികാസത്തിനും വിശ്വാസദാര്‍ഢ്യത്തിനും സഹായകമായി. മൂസ ഒരു പ്രവാചകനാവേണ്ടവന്‍ തന്നെയാണെന്ന് ശുഐബ് നബിയും മനസ്സിലാക്കിയിരുന്നു. ആടുകളെ മേക്കല്‍ ജോലിയില്‍ ഏര്‍പ്പെടുക മൂലം ക്ഷമയുടെയും സഹനത്തിന്റെയും എളിമയുടെയും അധ്യാപനങ്ങള്‍ മൂസ അഭ്യസിച്ചുകഴിഞ്ഞു. പത്തു കൊല്ലത്തെ മദ്‌യന്‍ ജീവിതം പൂര്‍ത്തിയാക്കി മൂസയും കുടുംബവും ഈജിപ്തിലേക്ക് പോകാനായി ശുഐബ് നബിയുടെ അനുവാദം തേടി. ശുഐബ് നബി അവരെ ആശീര്‍വദിച്ച് യാത്രയാക്കി.
പൊടിമണ്‍ പാതകളും ചളിപ്രദേശങ്ങളും തോടുകളും മരുഭൂമിയും പിന്നിട്ട അവര്‍ സീനാപര്‍വ്വതത്തിന്റെ താഴ്‌വാരത്തെത്തി. കൊടും തണുപ്പുള്ള രാത്രി! മൂസയും സഫൂറയും തണുത്തുവിറച്ചു. കൂരാകൂരിരുട്ടത്ത് ശക്തമായ കാറ്റടിച്ചപ്പോള്‍ അവരുടെ കൈയിലുണ്ടായിരുന്ന വിളക്കും അണഞ്ഞുപോയി. ചുറ്റും നോക്കിയപ്പോള്‍ അതാ, ഒരു വെളിച്ചം കത്തിജ്വലിക്കുന്നു! സീനാ പര്‍വതത്തിലെ ഒരു വൃക്ഷത്തില്‍നിന്നാണ് ആ പ്രകാശം ഒലിച്ചിറങ്ങുന്നത്. മൂസ ഭാര്യയോട് പറഞ്ഞു: 'ഇവിടെ നില്‍ക്കൂ. ഒരു തീ കാണുന്നുണ്ട്. അവിടെ ചെന്നുനോക്കിയാല്‍ നമുക്ക് മാര്‍ഗദര്‍ശനമോ വെളിച്ചമോ ലഭിച്ചേക്കാം'' (ഖുര്‍ആന്‍: 28:29).
സഫൂറ അവിടെത്തന്നെ നിന്നു. മൂസ വെളിച്ചം കണ്ടിടത്തേക്ക് ധൃതിയില്‍ നടന്നു. മൂസ അല്ലാഹുവുമായി സംഭാഷണം നടത്തുന്നതും അദ്ദേഹത്തെ പ്രവാചകനായി നിയോഗിക്കുന്നതുമായ സംഭവങ്ങളാണ് തുടര്‍ന്നങ്ങോട്ടുള്ള ചരിത്ര വിവരണങ്ങള്‍. അവിടെയൊന്നും സഫൂറയെക്കുറിച്ചുള്ള വിശ്വസനീയമായ വിവരണങ്ങള്‍ കാണുന്നില്ല. ഒരു കഴുതപ്പുറത്താണ് മൂസയും സഫൂറയും ഈജിപ്തിലേക്ക് പുറപ്പെട്ടതെന്ന് ബൈബിളില്‍ കാണാം. 120-ാം വയസ്സിലാണ് മൂസയുടെ മരണമെന്നും ബൈബിള്‍ പറയുന്നുണ്ട്. മൂസയുടെ ജീവിതകാലത്തു തന്നെ സഫൂറ മൃതിയടഞ്ഞുവെന്നതാണ് പ്രബലമായ അഭിപ്രായം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top