ജഡ്ജസ് പ്ലീസ് നോട്ട്

അജ്മല്‍ മമ്പാട് No image

      മോളൂസിന്റെ ഉടുപ്പിന് പുതുപുത്തന്‍ മണമുണ്ട്. അവള്‍ ഏറെ ആഗ്രഹിച്ച ഷാളുമുണ്ട് ചുവന്ന പുള്ളികളുള്ള ആ കുഞ്ഞുടുപ്പിനോടൊപ്പം. നാളെ പെരുന്നാളിന് ഈദ് ഗാഹില്‍ ഒരു ചിത്രശലഭത്തെപ്പോലെ സ്വഫ്ഫുകള്‍തോറും പാറിനടക്കുന്നത് മനസ്സില്‍കണ്ട് തുള്ളിച്ചാടേണ്ട സമയമാണിത്. പക്ഷേ, ആ കുഞ്ഞുമുഖത്ത് തെളിച്ചമില്ല. എന്തൊക്കെയോ കിടന്ന് വെന്തുകൊണ്ടിരിക്കുന്നു. വിരലിലെണ്ണാവുന്ന തന്റെ കഴിഞ്ഞ കാലത്തിനിടക്ക് ഇന്നോളം ഇത്രയും വിലകൂടിയ ഒരു ഉടുപ്പ് മോളൂസിനുവേണ്ടി വാങ്ങിയിട്ടില്ല. ഉള്ളതുപറഞ്ഞാല്‍ അതു കൊണ്ടുവന്ന കവറില്‍നിന്നും രണ്ടിലേറെ തവണ പുറത്തെടുത്ത് ചുളിവുവീഴാതെ എടുത്തു ധരിച്ച് കിടപ്പുമുറിയിലെ കണ്ണാടിയെക്കാണിച്ച് പലതരത്തില്‍ പോസ് ചെയ്തുനോക്കേണ്ട സമയമാണിത്. പതിവുതെറ്റിച്ച്, അവള്‍ അതിലേക്കൊന്ന് കണ്ണുതുറന്ന് നോക്കുക പോലുമുണ്ടായില്ല. അവള്‍ക്കകത്തെ വേവലുകളും വേവലാതികളും എന്തെന്ന് ഉമ്മച്ചിക്കറിയാം, വല്യുമ്മക്കറിയാം, അടുത്ത വീട്ടുകാര്‍ക്കും നാട്ടിലുള്ളവര്‍ക്കുമെല്ലാമറിയാം.

ആദ്യമൊക്കെ ഉറക്കത്തില്‍ പിച്ചും പേയും പറഞ്ഞ് നിലവിളിച്ച് അര്‍ധരാത്രിയില്‍ പലതവണ ഉണരാറുണ്ടായിരുന്നു മോളൂസ്. പിന്നെപ്പിന്നെ അതിനു ശമനം ഉണ്ടായിത്തുടങ്ങി. എന്നാലും അപ്രതീക്ഷിതമായി ചില രാത്രികളില്‍ ഉമ്മച്ചിയത് ശ്രദ്ധിച്ചു. മാറോടുചേര്‍ത്ത് കൂടെക്കിടന്നാല്‍ എക്കിളുപോലെ വരുന്ന തേങ്ങലോടെ അവള്‍ സാവധാനം വീണ്ടുമുറങ്ങും.

സ്‌കൂള്‍ വിട്ട് വന്നയുടനെ മോളൂസ് നേരെ പോയത് കിടപ്പുമുറിയിലെ അലമാരക്കരികിലേക്കാണ്. അതിന്റെ കണ്ണാടി പതിച്ച വാതില്‍ മെല്ലെ വലിച്ചുതുറന്ന് അവള്‍ കൈയേന്തിയത് പുത്തന്‍ മണമുള്ള ചുവന്ന പുള്ളികളുള്ള ആ ഉടുപ്പിലേക്കല്ല, അതിനുപകരം പഴയ ഒരു ഉടുപ്പാണ്. അതെടുത്തു നിവര്‍ത്തി അല്‍പനേരം രണ്ടുകൈയും നീട്ടിപ്പിടിച്ച് അതിലേക്കുനോക്കി. പെട്ടെന്നു നിറഞ്ഞൊഴുകിയ രണ്ടു കണ്ണുകള്‍ക്കുനേരെ ആ ഉടുപ്പ് അവള്‍ വലിച്ചടുപ്പിച്ചു. കാലുമടക്കി തറയിലിരുന്ന് തേങ്ങിത്തേങ്ങി കരഞ്ഞു. ഉടുപ്പിന്റെ തിളങ്ങുന്ന നൂലിഴകള്‍ക്കിടയിലൂടെ ആ തേങ്ങല്‍ തെന്നിനീങ്ങി അടുക്കളയില്‍ ഉമ്മച്ചിയുടെ കമ്മലണിയാത്ത കാതുകളിലെത്തി. ഉമ്മച്ചി അവളെ പൊക്കിയെഴുന്നേല്‍പിച്ചു. അന്നേരം ആ കുഞ്ഞുമനസ്സിലെ സങ്കടക്കനലുകള്‍ വെന്തുപൊട്ടി കണ്ണുനീരും ഉമിനീരും കൂടിക്കുഴഞ്ഞ് നാവിലൂടെ ഒരു സ്വരമായി പുറത്തെത്തി: 'അബ്ബാ... അബ്ബാ...'

'പെരുന്നാളായാല്‍ അബ്ബ വരുമെന്നല്ലേ ഉമ്മച്ചി പറഞ്ഞത്. സ്‌കൂളില്‍ ലാസ്റ്റ് പീരിയഡ് ടീച്ചര്‍ പറഞ്ഞല്ലോ, നാളെ പെരുന്നാളാണെന്ന്.. സ്‌കൂള്‍ ഉണ്ടാവൂലാന്ന്. എന്നിട്ടെന്തേ വരാത്തേ?'

ചൊവ്വാഴ്ച ചന്തയില്‍നിന്നും വാങ്ങിയ പച്ചക്കറിയില്‍ പറ്റിച്ചേര്‍ന്നു കിടന്നിരുന്ന കറുത്തപാടുകളെ കത്തികൊണ്ട് ചുരണ്ടിക്കളയുകയായിരുന്ന വല്യുമ്മ അതില്‍നിന്നും കണ്ണുയര്‍ത്തിയില്ല. അതുകൊണ്ടാവാം പേമാരിക്കു തൊട്ടുമുന്നിലെ കാര്‍മേഘം കണക്കെ ആ കണ്ണുകളില്‍ ഉരുണ്ടു കൂടിയ കണ്ണുനീര്‍ കണങ്ങള്‍ ആരും കാണാതെ പോയത്. എത്രയെത്ര പെയ്തിട്ടും മതിവരാത്ത ആ കണ്ണ് കുടികൊള്ളുന്ന ശരീരത്തിലെ മാതൃമനസ്സ് ഒരുവര്‍ഷം പിന്നിലേക്കുപോയി. കഴിഞ്ഞ ബലിപെരുന്നാളിന്റെ തലേദിവസം മോളൂസിന് ട്യൂബ് മൈലാഞ്ചി വാങ്ങാന്‍ കൂട്ടുകാരന്റെ കൂടെ വീട്ടില്‍ നിന്നിറങ്ങിയതാണ് മെഹ്ബൂബ് മോന്‍. മുപ്പത്തഞ്ചു വയസ്സായിട്ടും തന്റെ ഏകസന്താനത്തെ ആ ഉമ്മ മോനേ എന്ന ഓമനപ്പേരോടുകൂടി തന്നെയാണ് വിളിച്ചുകൊണ്ടിരുന്നത്. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ പേരിന്റെ കൂടെ മോന്‍ എന്നുകൂടി രജിസ്റ്ററില്‍ എഴുതിച്ചേര്‍ത്തിരുന്നു. അവന്‍ എത്ര വലുതായാലും ഈ ഉമ്മക്ക് നീ എന്നും അരുമ തന്നെ എന്ന് മെഹ്ബൂബ് മോന്റെ താടിയില്‍ തലോടി ഉമ്മ ഇടക്കിടെ പറയും.

പത്തു വയസ്സുകാരിയുടെ പിതാവായ തന്റെ മോനെ താടിയില്‍ പിടിച്ച് ഉമ്മ ലാളിക്കും. വുദു എടുത്തു വരുമ്പോള്‍ തന്റെ താടിയിലെ വെള്ളം അയാള്‍ മോളൂസിനു നേരെ വിരലുകൊണ്ട് ഞൊട്ടിത്തെറിപ്പിക്കും. നിസ്‌കാരം കഴിഞ്ഞ് പായയിലിരിക്കുന്ന അബ്ബയുടെ മടിയില്‍ മലര്‍ന്നു കിടന്ന് മോളൂസ് ആ താടിയില്‍ വിരലോടിച്ച് കളിക്കും. ഉമ്മച്ചിയെ അനുകരിച്ച് അതു മെടഞ്ഞിടുന്ന പോലെ അഭിനയിച്ചു കാണിക്കും. പിന്നീട് എപ്പോഴോ എങ്ങനെയാണ് പുറംലോകത്തിനു മുന്നില്‍ ആ താടി ഒരു രാജ്യദ്രോഹിയുടെ ആയുധത്തിന്റെ പ്രതിരൂപമായതെന്ന് ആര്‍ക്കും ഇതുവരെ മനസ്സിലായിട്ടില്ല, തെളിവെടുപ്പു നാടകത്തിലെ അഭിനേതാക്കള്‍ക്കൊഴികെ. എങ്ങോട്ടു പോകണം, ആരോടു പറയണം എന്ന് ഒരെത്തും പിടിയും കിട്ടിയില്ല. കണ്ണുനീരിന് പോലീസ് സ്‌റ്റേഷനിലും കോടതിയിലും റോളില്ലല്ലോ. ഈ നാടിന്റെ നീതിപുസ്തകത്തില്‍ അതുണ്ട് എന്ന്, കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ വിശ്വസിച്ചു പോരുന്നു. നീതിപാലകരുടെ ദൃഷ്ടിയില്‍ ആ കണക്കിനെങ്കിലും മെഹ്ബൂബ് മോന്റെ ഉമ്മയും ഭാര്യയും കൊച്ചു മകളും രാജ്യദ്രോഹികളാവാതിരിക്കേണ്ടതാണ്. എന്നാലും അഞ്ചുനേരത്തെ പ്രാര്‍ഥനകളും കൈവിടാത്ത പ്രതീക്ഷകളും അടുത്തെങ്ങാനും രാജ്യദ്രോഹത്തിന്റെ ലക്ഷണമായി വന്ന് ചേരായ്കയുമില്ല.

മോളൂസിന്റെ കൈയില്‍നിന്നും ഉടുപ്പ് തിരിച്ചുവാങ്ങി ഉമ്മച്ചി ശ്രദ്ധയോടെ മടക്കി. അലമാരയില്‍ പുറംലോകം കാണാതെ മടക്കിവെച്ചിരുന്ന കറുത്ത പര്‍ദക്കരികില്‍ വെച്ചു. അലമാരയുടെ വാതില്‍ തുറന്നടക്കുന്ന ചെറിയ വേളയില്‍ കട്ടിലില്‍ കിടന്നിരുന്ന ദിനപത്രത്തിലെ ചില വരികള്‍ ആ വസ്ത്രത്തിന്റെ മടക്കുകളിലേക്ക് ഒളികണ്ണെറിഞ്ഞു. പിന്നെ ചുവന്നുരുണ്ട് വെണ്ടക്ക സമാനം ചെറുതായൊന്നു വളഞ്ഞ് മലര്‍ന്നുകിടന്നു.

തിരിച്ചടുക്കളയിലേക്ക് നടന്നു മോളൂസിന്റെ ഉമ്മച്ചി. ആ നാട്ടിലുള്ള മുഴുവന്‍ ആളുകളുടെയും സഹതാപമാണ് അവര്‍ക്കുനേരെ. ആര്‍ക്കുവേണം നാട്ടുകാരുടെ നക്കാപിച്ച സഹതാപം. ഒരു കുടുംബത്തിന്റെ അത്താണിയായ തന്റെ ഭര്‍ത്താവിനെ എന്തിനെന്നുപോലും പറയാതെ ഒരു ദിവസം പിടിച്ചുകൊണ്ടുപോയിട്ടും അദ്ദേഹത്തിനുവേണ്ടി ഒന്നും ചെയ്യാതെ സഹതപിച്ചു നില്‍ക്കുന്ന നാട്ടുകാരുടെ നിര്‍വികാരതക്കുനേരെ അവര്‍ക്ക് അമര്‍ഷമുണ്ട്. സഹതാപം ഒരു വികാരമല്ല, നിഷ്‌ക്രിയതയാണ് എന്നുതന്നെ ആ ഉമ്മച്ചി വിശ്വസിച്ചുപോരുന്നു. അടുക്കളയിലേക്കുള്ള നടത്തത്തിനിടയില്‍, ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്വന്തം കൈപ്പടയിലെഴുതിയ പേപ്പറുമായി പോലീസ് സ്‌റ്റേഷനില്‍ പോയ കാര്യം മനസ്സിലൂടെ മിന്നിമറഞ്ഞു. രാവിലെ പത്തുമണിയോടെ തന്റെ പിതാവിനോടൊപ്പം പോലീസ് സ്‌റ്റേഷനിലെത്തിയ അവര്‍ ഉച്ചക്ക് മൂന്നു മണിക്കാണ് ആ ഉദ്യോഗസ്ഥനെയൊന്ന് നേരില്‍ കണ്ടത്. അയാള്‍ക്കു മുമ്പില്‍ നിരത്തിവെച്ച പല നിറങ്ങളിലുള്ള വിവിധ ഫയലുകളില്‍ ബന്ധിക്കപ്പെട്ട കടലാസുകള്‍ അവര്‍ക്കുനേരെ ഫാനിന്റെ കാറ്റേറ്റ് ആവുന്നത്ര ഇളകിമറിഞ്ഞു. അവിടെ വെച്ചോളൂ, ഞാന്‍ ഫോളോ അപ്പ് ചെയ്‌തോളാം എന്നു പറഞ്ഞ് ആ ഉദ്യോഗസ്ഥന്‍ കസേരയില്‍നിന്നെണീറ്റു നടന്നു. തിരിച്ചൊന്നും മിണ്ടാനാവാതെ പിതാവിന്റെ കൂടെ മുറ്റത്തേക്കിറങ്ങി മെഹ്ബൂബ് മോന്റെ ഭാര്യ. ചുവപ്പു പിടിപ്പിച്ച വെളുത്ത കാറില്‍ കയറുന്നതിനിടയില്‍ ആ ഉദ്യോഗസ്ഥന്‍ തന്റെ കീഴുദ്യോഗസ്ഥനോട് പറയുന്നതു കേട്ടു: 'ഒന്ന് പറഞ്ഞുമനസ്സിലാക്കി കൊടുത്തേക്ക്...'

ജയിലില്‍ കിടന്ന് മെഹ്ബൂബ് മോന്റെ മനസ്സിനുള്ളില്‍ എന്തൊക്കെയോ നീറിപ്പുകഞ്ഞു. പരമോന്നത നീതിപീഠം തനിക്കുവേണ്ടി തുറന്നുവെച്ച നിയമപുസ്തകവും നീതിയുടെ തുലാസും മനസ്സില്‍ കണ്ടയാള്‍ അന്തിയുറങ്ങും. പക്ഷേ, നിയമപുസ്തകം അതു കൈകാര്യം ചെയ്യുന്നവന്‍ തെളിച്ചേടത്തേക്ക് വീണ്ടും വീണ്ടും പേജുകള്‍ മറിഞ്ഞു. പലതവണകളിലായി മെഹ്ബൂബ് മോനെ കോടതിയിലേക്ക് കൊണ്ടുപോയി. തിരിച്ച് വീണ്ടും ജയിലുകളില്‍ നിന്ന് ജയിലുകളിലേക്കും. അതെല്ലാം സാകൂതം വീക്ഷിച്ച് യഥാര്‍ഥ പരമോന്നത നീതിപീഠം മുകളിലിരിക്കുന്നത് നിയമപാലകരാരും കണ്ടില്ല. ആ നീതിപീഠത്തിന്റെ കണ്ണുകള്‍ വസ്ത്രംകൊണ്ട് മൂടിക്കെട്ടിയിട്ടില്ല. നിരപരാധികള്‍ക്കു മുന്നില്‍ തൂങ്ങിക്കിടക്കുന്ന കയറിന് പറുദീസയിലെ കളിയൂഞ്ഞാലിനോളം ദൃഢത വരില്ല.

അടുത്ത ദിവസം പുലര്‍ന്നു. അന്ത്യാഭിലാഷത്തിന്റെ രണ്ടു റക്അത്ത് നിസ്‌കാരത്തോളം ഒരു പലഹാരത്തിന്റെയും രുചി വരില്ല. നിയമപാലകര്‍ നോക്കിനില്‍ക്കേ മെഹ്ബൂബ് മോന്റെ ശരീരം കയറില്‍ ചലനമറ്റു കിടന്നു. അതിനിടയില്‍ പറുദീസ ലക്ഷ്യമാക്കി ഒരു വെളിച്ചം അയാളെയും കൊണ്ട് മുകളിലേക്കു പറന്നത്, കണ്ണുകള്‍ എത്ര തുറന്നു പിടിച്ചിട്ടും, ഇരുട്ടുനിറഞ്ഞ ആ മുറിയില്‍നിന്ന് പലരും കണ്ടില്ല.

ബലിപെരുന്നാളിന്റെ തക്ബീറൊലികള്‍ പള്ളികളില്‍നിന്നും മുഴങ്ങിത്തുടങ്ങി. അന്ന് ഈദ് ഗാഹിലേക്ക് പോയ മോളൂസ് ധരിച്ചത്, കഴിഞ്ഞ പെരുന്നാളിന്റെ ഉടുപ്പു തന്നെയാണ്. നാട്ടുകാരുടെ സഹതാപ തരംഗത്തിന്റെ വകയായി കിട്ടിയ പുത്തനുടുപ്പ് അവള്‍ കണ്ട ഭാവം നടിച്ചില്ല. ഈദ് ഗാഹിനു പോവുന്നതിനു മുമ്പ് മുറ്റത്തിറങ്ങി മോളൂസ് ആകാശത്തേക്കുനോക്കി റ്റാറ്റ പറയുന്നത് ഉമ്മച്ചിയും വല്യുമ്മയും ശ്രദ്ധിക്കാതിരുന്നില്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top