നേത്ര സംരക്ഷണം നമ്മുടെ കരങ്ങളില്‍

ഡോ: കെ. പ്രീത എം.എസ്‌.കണ്‍സല്‍റ്റന്റ്‌bbഓഫ്‌താല്‍മോളജിസ്റ്റ്‌,അല്‍സലാഐ ഹോസ്‌പിറ്റല്,‍കോഴിക്കോട്‌ No image

കണ്ണ്‌പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും വിലപ്പെട്ട ഒന്നാണ.്‌ നേത്രം നമ്മുടെ മസ്‌തിഷ്‌കത്തിന്റെ മാത്രമല്ല മനസ്സിന്റെയും കണ്ണാടിയാണ്‌. കണ്ണിന്റെ അഴകിനെയും സൗന്ദര്യത്തെയും കുറിച്ച്‌ വര്‍ണിക്കാത്ത കവികളില്ല. കണ്ണിന്റെ കൃഷ്‌ണമണിപോലെ കാത്തുകൊള്ളാം, കണ്ണുള്ളവനെ കണ്ണിന്റെ വിലയറിയൂ എന്നൊക്കെ നാം പറയുമ്പോള്‍ കണ്ണിന്റെ അമൂല്യത്തെയും പ്രാധാന്യത്തെയും തന്നെയാണ്‌ വിവക്ഷിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ നേത്രസംരക്ഷണം നമ്മുടെ കടമയും ദൗത്യവും മാത്രമല്ല അധികാരവും കൂടിയാണ.്‌ ഈ അധികാരത്തിന്‌ (Right to sight) ലോകാരോഗ്യ സംഘടന പോലും അംഗീകാരം നല്‍കുന്നുണ്ട്‌.
ആധുനിക യന്ത്രവല്‍കൃതലോകത്ത്‌ ടെലിവിഷന്റെയും കമ്പ്യൂട്ടറിന്റെയും ഒഴിച്ചുകൂടാനാവാത്ത ഉപയോഗം മൂലം മുന്‍ കാലങ്ങളെ അപേക്ഷിച്ച്‌ നേത്ര സംരക്ഷണത്തിന്റെ പ്രസക്തിയും ആവശ്യവും ഏറിവരികയാണ്‌. ആരോഗ്യമുള്ള കണ്ണുകള്‍ക്കായി നല്ല ശീലങ്ങളും നേത്ര സംരക്ഷണത്തിനാവശ്യമായ നിര്‍ദ്ദേശങ്ങളും പാലിക്കണം.
ആരോഗ്യകരമായ ഭക്ഷണരീതി
ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും എന്നപോലെ ശരിയായ ആഹാര രീതി കണ്ണുകള്‍ക്കും അത്യാവശ്യമാണ്‌. ആരോഗ്യകരമായ ഭക്ഷണരീതി നല്ല കാഴചയുടെ അടിത്തറയാണ്‌. അയേണ്‍, കാത്സ്യം, ഫോളിക്‌ ആസിഡ്‌ എന്നിവക്ക്‌ പുറമേ വൈറ്റമിന്‍ എ യും സുലഭമായി കിട്ടുന്ന ഇലക്കറികള്‍ (ചീര, മുരിങ്ങ) പച്ചക്കറികള്‍ (കാരറ്റ്‌, ബീറ്റ്‌ റൂട്ട്‌, പപ്പായ) എന്നിവയും ധാരാളം കഴിക്കേണ്ടതാണ്‌. കൂടാതെ പാല്‍, ചെറിയ മത്സ്യങ്ങള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വളരെ നല്ലതായിരിക്കും. വൈറ്റമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്ന മീനെണ്ണ ഗുളിക പ്രതിദിനം കഴിക്കുന്നത്‌ നല്ല കാഴ്‌ചശക്തിക്ക്‌ അത്യുത്തമമാണ്‌. വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക്‌ ഇത്തരം പോഷകാഹാരം കൊടുക്കുന്നകാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്‌.
കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍
ഇന്നത്തെ ലോകത്തില്‍ കമ്പ്യൂട്ടര്‍ ഇല്ലാതെയുള്ള ജീവിതം സങ്കല്‍പ്പത്തില്‍ നിന്നും അപ്പുറമാണ്‌. വായിക്കുമ്പോഴും ടി.വി കാണുമ്പേഴും മുറിയില്‍ നല്ല വെളിച്ചം അത്യാവശ്യമാണ്‌. കുട്ടികള്‍ ടിവി കാണുന്നത്‌ 5-6 അടി ദൂരം വിട്ടുവേണമെന്ന്‌ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ VDT (Video display termenant) മോണിറ്ററിനേക്കാള്‍ എല്‍സിഡി മോണിറ്ററാണ(്‌Liquified crystal display) കണ്ണിന്‌ ഉചിതം. മോണിറ്റര്‍ പത്ത്‌ ഡിഗ്രി മുകളിലേക്ക്‌ ചെരിച്ചുവെച്ചാല്‍ കമ്പ്യൂട്ടറില്‍ നിന്ന്‌ വെളിച്ചമടിക്കുന്നത്‌ (glare) തടയാം. കമ്പ്യൂട്ടറിന്റെ വെളിച്ചവും ഇരിക്കുന്ന മുറിയുടെ വെളിച്ചവും തുല്യമായിരിക്കണം. 8-10 മണിക്കൂര്‍ വരെ പ്രതിദിനം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഓരോ മണിക്കൂറിലും രണ്ട്‌ മിനുട്ട്‌ ഇടവേളയെടുത്ത്‌ കണ്ണ്‌ കൈവെള്ളയുടെ കുഴിയില്‍ വെച്ച്‌ വിശ്രമിക്കേണ്ടതാണ്‌. കണ്ണിമവെട്ടാതെ ദീര്‍ഘനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണുകള്‍ വരണ്ട്‌ ഉണങ്ങി (dry eye) എന്ന അസുഖമായി തീരാറുണ്ട്‌. കമ്പ്യൂട്ടറില്‍ key അമര്‍ത്തുമ്പോള്‍ കണ്ണുകളും ചിമ്മാന്‍ ശ്രമിക്കുക. കണ്ണിമവെട്ടുന്നത്‌ ഒരു ശീലമായാല്‍ കണ്ണിന്റെ വരള്‍ച്ച ഒഴിവാക്കാന്‍ സാധിക്കുന്നതാണ്‌. കണ്ണട ഉപയോഗിക്കുന്നവരാണെങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴും കണ്ണട ധരിക്കേണ്ടതാണ്‌. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ anti glare coating ഉപയോഗിക്കുന്നത്‌ കണ്ണിന്‌ ഗുണം ചെയ്യും.
ക്ഷതങ്ങളില്‍ നിന്നുള്ള നേത്രസംരക്ഷണം.
കണ്ണിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തിയാല്‍ വലിയ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. കുട്ടികള്‍ കളിക്കുമ്പോള്‍ കൂര്‍ത്ത ഭാഗങ്ങളുള്ള കളിപ്പാട്ടങ്ങള്‍ ഒഴിവാക്കണം. വീട്ടിലെ പൊടിപടലം, മാറാല, ഫാന്‍ എന്നിവ വൃത്തിയാക്കുമ്പോഴും സംരക്ഷണത്തിനായി കണ്ണടകള്‍ വെക്കേണ്ടതാണ്‌. തറയും ബാത്‌റൂമും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സോപ്പ്‌ ലായനികള്‍ കണ്ണിന്‌ അപകടകാരികളാണ.്‌ ഇവ പ്രത്യേകം ശ്രദ്ധയോടെയേ ഉപയോഗിക്കാവൂ. ഓലക്കണ്ണിയും നഖവും തട്ടി കൃഷ്‌ണമണിയില്‍ വൃണങ്ങള്‍ ഉണ്ടാവുക സാധാരണം. ജോലിസ്ഥലങ്ങളില്‍ welding ഉം grinding ഉം ചെയ്യുന്നതിനിടയില്‍ തീപ്പൊരി പാറി കൃഷ്‌ണമണിയില്‍ പൊള്ളലേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ കണ്ണട നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്‌. കണ്ണില്‍ ഏതുവിധത്തിലുള്ള കരട്‌ പോയാലും സ്വയം ചികിത്സിക്കാന്‍ ഒരുങ്ങാതെ ഒരു നേത്രരോഗ വിദഗ്‌ധന്റെ സഹായം തേടേണ്ടതാണ്‌.
നേത്രപരിശോധന
രോഗം വരുമ്പോള്‍ മാത്രം പരിശോധന നടത്തിയാല്‍ പോര. ഭാവിയില്‍ ഉണ്ടായേക്കാവുന്ന നേത്രരോഗ പ്രശ്‌നങ്ങളില്‍ നിന്ന്‌ രക്ഷനേടാന്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നേത്രപരിശോധന നടത്തേണ്ടതാണ്‌. 40 വയസ്സ്‌ കഴിഞ്ഞാല്‍ ഹ്രസ്വദൃഷ്ടി മങ്ങുന്ന അവസ്ഥ വരാം. (വെള്ളെഴുത്ത്‌) കൂടാതെ ദൃഷ്ടിയില്‍ തകരാറ്‌, തിമിരം, ഗ്ലോക്കോമ തുടങ്ങിയ രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ളതു കൊണ്ട്‌ കണ്ണ്‌ പരിശോധന വര്‍ഷാവര്‍ഷം നിര്‍ബന്ധമായും നടത്തേണ്ടതാണ്‌. കണ്ണിന്റെ പ്രഷറും ആഴവും വര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധിച്ചാന്‍ `ഗ്ലോക്കോമ' എന്ന രോഗം നേരത്തെ തിരിച്ചറിഞ്ഞ്‌ ചികിത്സിക്കാനും കാഴ്‌ച നിലനിര്‍ത്താനും സാധിക്കും. പ്രമേഹ രോഗികള്‍ നേത്ര പരിശോധന കൃത്യമായി ചെയ്യേണ്ടതാണ്‌. വര്‍ഷങ്ങളോളം നിയന്ത്രണാതീതമായി നില്‍ക്കുന്ന പ്രമേഹം, കണ്ണിന്റെ ഞരമ്പില്‍ രക്തസ്രാവം ഉണ്ടാക്കുകയും, കാഴ്‌ചയ്‌ക്ക്‌ പൊടുന്നനെ മങ്ങലേപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ പ്രമേഹവും രക്തസമര്‍ദ്ദവും ഉള്ളവര്‍ തീര്‍ച്ചയായും വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും കണ്ണ്‌ പരിശോധനയ്‌ക്ക്‌ വിധേയരാകേണ്ടതാണ്‌.
കാഴ്‌ചക്കുള്ള പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്ക്‌ പറഞ്ഞറിയിക്കാന്‍ കഴിയാത്തതിനാല്‍ ചില രോഗലക്ഷണങ്ങള്‍ മാതാപിതാക്കള്‍ മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്‌. പുസ്‌തകം കണ്ണിനടുത്ത്‌ പിടിച്ച്‌ വായിക്കുക, ടെലിവിഷന്‍ സ്‌ക്രീനിനടുത്ത്‌ പോയികാണുക, കണ്ണ്‌ ഇടക്കിടെ തിരുമ്മുക, പ്രകാശമുള്ള മുറിയിലിരിക്കുമ്പോള്‍ അസ്വസ്ഥത, അടിക്കടി പോളക്കുരു വരിക എന്നിവ കുട്ടികളില്‍ കണ്ടാല്‍ താമസിപ്പിക്കാതെ ഒരു നേത്രരോഗ വിദഗ്‌ദന്റെ സഹായം തേടേണ്ടതാണ്‌, ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി, കോങ്കണ്ണ്‌ എന്നിവ ഉള്ള കുട്ടികളെ വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും ഡോക്ടറെ കാണിക്കണം. കണ്ണടകള്‍ ഡോക്ടറുടെ ഉപദേശപ്രകാരം ഉപയോഗിച്ചാല്‍ മാത്രമേ ശരിയായി ഫലം ലഭിക്കൂ.

 


ഡോക്ടറെ സമീപിക്കേണ്ട നേത്രരോഗ ലക്ഷണങ്ങള്‍
ചുവപ്പ്‌, പഴുപ്പ്‌, വെള്ളം വരല്‍
കോങ്കണ്ണ്‌, കാഴ്‌ചക്കുറവ്‌
തലവേദന, കണ്ണ്‌ വേദന
കൃഷ്‌ണമണിയില്‍ വെള്ളപ്പാട്‌
പോളക്കൊരു ഇടുക്കം, ചൊറിച്ചില്‍
പ്രകാശം തട്ടുമ്പോള്‍ അസ്വസ്ഥത
പ്രാകാശത്തിന്‌ നേരെ നോക്കുമ്പോള്‍ പ്രഭാവലയം കാണുക.

 

 

ആരോഗ്യമുള്ള കണ്ണുകള്‍ക്കായി
നല്ല ശീലങ്ങള്‍
മദ്യം, പുകവലി, പുകയില ഇവ ഉപയോഗിക്കാതിരിക്കുക
കടുത്ത അള്‍ട്രാ വയലറ്റ്‌ രശ്‌മികളില്‍ നിന്ന്‌ കണ്ണുകളെ സംരക്ഷിക്കുവാന്‍ വെയിലത്ത്‌ പോകുമ്പോള്‍ സണ്‍ഗ്ലാസുകള്‍ ധരിക്കുക.
ഉറങ്ങാന്‍ പോകുന്നതിന്‌ മുമ്പ്‌ കണ്ണിലെ മേക്കപ്പ്‌ നീക്കുക. കോണ്‍ടാക്‌ട്‌ ലെന്‍സ്‌ ധരിക്കുന്നതിന്‌ മുമ്പ്‌ സോപ്പ്‌ കൊണ്ട്‌ കഴുകുക.
ആരോഗ്യമുള്ള കണ്ണുകള്‍ നിലനിര്‍ത്താന്‍ ശരിയായ വിശ്രമം ആവശ്യമാണ്‌. ദിവസേന ഏതാണ്ട്‌ 8 മണിക്കൂര്‍ ഉറങ്ങുക.
കഴിയുന്നതും മനഃസഘര്‍ഷം ഇല്ലാത്ത ജീവിതം നയിക്കുക. അതുമൂലം കണ്ണുകള്‍ക്ക്‌ ചുറ്റും ഇരുണ്ട വൃത്തങ്ങള്‍ വരുന്നത്‌ തടയാം

 

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top