ലോകം കണ്‍തുറക്കാത്ത ദുരന്തചിത്രങ്ങള്‍

ഫര്‍സാന. കെ No image

ദുരന്തങ്ങളുടെ തീരാക്കാഴ്ചയിലേക്ക് കണ്‍തുറപ്പിക്കുന്ന മറ്റൊരു ചിത്രം കൂടി നമുക്കു മുന്നിലെത്തിയിരിക്കുന്നു. ഒരു പ്രഭാതത്തില്‍ മുന്നില്‍ വന്ന ആ ചിത്രം കണ്ട് ലോകം നടുങ്ങി. തേങ്ങി. ഒരു പക്ഷേ ലജ്ജിച്ചു തലതാഴ്ത്തി. ഓരോ ഉമ്മമാരും അവരുടെ കുരുന്നുകളെ ഒന്നുകൂടി ചേര്‍ത്തു പിടിച്ചു. തിരക്കുകളില്‍ മറന്നു പോയിരുന്ന ഒരു മുത്തം ആ പ്രഭാതത്തില്‍ എല്ലാ ഉമ്മമാരും തങ്ങളുടെ കുരുന്നുകളുടെ നെറുകെയില്‍ സമ്മാനിച്ചിട്ടുമുണ്ടാവാം.

ദുഗാന്‍ വാര്‍ത്താ ഏജന്‍സിയുടെ ലേഖികയും ഫോട്ടോഗ്രാഫറുമായ നിലൂഫര്‍ ഡെമിറിന്റെ കാഴ്ചപ്പുറത്തെത്തുമ്പോള്‍ തുര്‍ക്കി തീരത്ത് തിരകളുടെ തലോടലേറ്റ് കിടക്കുകയായിരുന്നു അവന്‍. മൂന്നുവയസ്സുകാരന്‍ അയ്‌ലാന്‍ കുര്‍ദി. ജീവനുണ്ടെന്നാണ് നിലൂഫര്‍ ആദ്യം കരുതിയത്. പിന്നെയാണറിഞ്ഞത്, മണ്ണില്‍ ചുംബിച്ചു കിടക്കുന്ന ആ കുഞ്ഞു ശരീരം ജീവനറ്റതായിരുന്നുവെന്ന്. മനുഷ്യത്വത്തിന്റെ നടുക്കത്തില്‍  

നിലൂഫറിന്റെ ക്യാമറ ആ കിടപ്പ് പകര്‍ത്തി. ലോകം അതു കണ്ടു. അല്‍പമകലെ അയ്‌ലാന്റെ ജ്യേഷ്ഠന്‍ ഗാലിപ്, അതിനപ്പുറം ഒരു പതിനൊന്നുകാരന്‍, 150 മൈലകലെ അയ്‌ലാന്റെയും ഗാലിപ്പിന്റെയും അമ്മ റെഹന്‍... അങ്ങനെ 12

പേര്‍ ആ തീരത്ത് അനക്കമറ്റു കിടന്നു. സിറിയയില്‍നിന്ന് യൂറോപ്പിലേക്കു

പലായനംചെയ്ത അവരെല്ലാം യാത്രയ്ക്കിടെ ഈജിയന്‍ കടലില്‍ വീണ് മരിച്ചവരായിരുന്നു.

അയ്‌ലാന്റെ ചിത്രം മനഃസാക്ഷിയുള്ളവരെ കരയിച്ചു, അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്ന യൂറോപ്പിനെയാകെയുണര്‍ത്തി. യൂറോപ്യന്‍ യൂണിയനിലെ 28 അംഗരാജ്യങ്ങളിലും അഭയാര്‍ഥികളെ പാര്‍പ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആഹ്വാനവുമായി ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദും സംയുക്ത പ്രസ്താവനയിറക്കി. അഭയാര്‍ഥികളധികവും വന്നു ചേരുന്ന ഇറ്റലിയിലും ഗ്രീസിലും പുതിയ സ്വീകരണകേന്ദ്രങ്ങള്‍ തുറക്കാനും ആഹ്വാനം ചെയ്തു. അഭയാര്‍ഥികളെ ഏറ്റെടുക്കുന്നതിനോട് എതിര്‍പ്പുപ്രകടിപ്പിച്ചിരുന്ന ബ്രിട്ടന്റെ പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ സിറിയയില്‍ നിന്നെത്തുന്ന ആയിരങ്ങളെ സ്വീകരിക്കാന്‍ തയ്യാറാണെന്നു പ്രഖ്യാപിച്ചു. മനുഷ്യത്വരഹിതമായി ഹംഗറി പുറത്താക്കുന്നവരെ ഏറ്റെടുക്കാന്‍ അയല്‍രാജ്യമായ ആസ്‌ത്രേലിയ എത്തി. ആദ്യം പറഞ്ഞ എണ്ണത്തില്‍നിന്നും എത്രയോ അധികം അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറാണെന്ന് ആസ്‌ത്രേലിയ വീണ്ടും വീണ്ടും പറഞ്ഞു. യൂറോപ്യന്‍ പൗരന്‍ന്മാര്‍ സിറിയക്കാരെ വീടുകളില്‍ പാര്‍പ്പിക്കാന്‍ മുന്നോട്ടുവന്നു. ഇതിനായി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങി. അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ ഇളവുവരുത്തുമെന്നും വേഗത്തിലാക്കുമെന്നും കാനഡയും യു.എസും പറഞ്ഞു.

കാലങ്ങളായി നാം കണ്ടുകൊണ്ടിരുന്ന, അറിഞ്ഞുകൊണ്ടിരുന്ന, കണ്ടിട്ടും അറിഞ്ഞിട്ടും അറിയാഭാവം നടിച്ചു കൊണ്ടിരുന്ന വലിയൊരു ദുരന്തത്തിലേക്കാണ് ഈ ചിത്രം കണ്ണുതുറപ്പിച്ചത്. ഇതിനു മുമ്പും സിറിയയില്‍ നിന്നുള്ള ഒരു ചിത്രം നമുക്കു മുന്നിലെത്തിയിരുന്നു. ഇത്രയൊന്നും ഒച്ചപ്പാടുണ്ടാക്കിയില്ലെങ്കിലും നമ്മുടെ ഹൃദയത്തില്‍ ഏറെ നെരിപ്പോടെരിയിച്ചു ആ ചിത്രവും. ഫോട്ടോഗ്രാഫറുടെ കയ്യിലെ ക്യാമറ കണ്ടു തോക്കാണെന്ന് തെറ്റിദ്ധരിച്ച് കീഴടങ്ങാന്‍ കൈകള്‍ ഉയര്‍ത്തിയ കുഞ്ഞു മോനായിരുന്നു അത്. തുര്‍ക്കി ഫോട്ടോ ജേര്‍ണലിസ്റ്റായ ഇസ്മാന്‍ സാഗിര്‍ലി പകര്‍ത്തിയ ചിത്രം അല്‍ജസീറയുടെ ഫോട്ടോ ജേര്‍ണലിസ്റ്റ് ട്വീറ്റ് ചെയ്തതോടെ ലോകം മുഴുവന്‍ ഇത് കണ്ടു. സിറിയയിലെ ദുരിതക്കാഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ലോകമാധ്യമങ്ങള്‍ കണ്ണീര്‍ വാര്‍ത്തു. പാവകളുമായി കളിക്കേണ്ട കുഞ്ഞുവാവയ്ക്ക് തോക്കു കണ്ടാല്‍ കൈ ഉയര്‍ത്തണമെന്ന കീഴടങ്ങലിന്റെ പാഠം ആരാണ് പകര്‍ന്നു നല്‍കിയതെന്ന് നാം ആവലാതിപ്പെട്ടു.

ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല. പതിറ്റാണ്ടുകളായി നമ്മളും നമ്മുടെ മുന്‍ കഴിഞ്ഞുപോയവരും ഇത്തരം ദുരന്തങ്ങള്‍ക്കു സാക്ഷിയായിക്കൊണ്ടേയിരിക്കുന്നു. ഫലസ്തീനിലും ഇറാഖിലും അഫ്ഗാനിലും പിടഞ്ഞു തീരുന്ന ജീവനുകളുണര്‍ത്താത്ത ആവലാതി ഒരൊറ്റ ചിത്രം കൊണ്ടുവരുമ്പോള്‍ പ്രതീക്ഷയോടൊപ്പം ആശങ്കയും ബാക്കിയാവുന്നു. മീഡിയകള്‍ പറ്റെ അവഗണിച്ചു കളയുന്ന ഒരു പിടി ജീവനുകളുടെ, ജീവിതങ്ങളുടെ ആശങ്ക.

ജൂത കുടിയേറ്റക്കാരന്‍ ഒരു ഫലസ്തീന്‍ കുടുംബത്തെ ഒന്നാകെ തീയിട്ടു കൊന്നത് ഇക്കഴിഞ്ഞ ദിവസമാണ്. അന്ന് എരിഞ്ഞു തീര്‍ന്നവരില്‍ മാസങ്ങള്‍ മാത്രം പ്രായമായ പിഞ്ചു കുഞ്ഞുമുണ്ടായിരുന്നു. കുടിയേറ്റക്കാരന്റെ അധികാരമാണ് അയാള്‍ കാണിച്ചതെന്ന ഇസ്രായേല്‍ ഭരണാധിപന്റെ ധാര്‍ഷ്ട്യം പക്ഷേ, നമ്മുടെ മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പോലുമായില്ല. അഭയം തേടി നാളുകളോളമലഞ്ഞ, ഒടുവില്‍ നടുക്കടലില്‍ പൊലിഞ്ഞു പോയ റോഹിങ്ക്യകളും അവരുടെ ദയനീയ ചിത്രങ്ങളും പുറത്തു വന്നതും സോഷ്യല്‍ മീഡിയ സജീവമായ കാലത്തു തന്നെയാണ്. വിപ്ലവനായികയുടെ മ്യാന്‍മറിലെ തടാകങ്ങളില്‍ നിറഞ്ഞു പൊങ്ങിയ കുഞ്ഞു ശരീരങ്ങള്‍ ആരുടെ വെറിയുടെ ഇരകളായിരുന്നാലും ആരുടേയും കണ്ണു തുറപ്പിക്കാന്‍ ശക്തിയില്ലായിരുന്നു അതിന്. ഇവിടെ നമ്മുടെ രാജ്യത്തുമുണ്ട് മതവും ജാതിയും തീര്‍ത്ത കത്തിമുനയില്‍ ഒടുങ്ങിത്തീര്‍ന്ന കുരുന്നു ജീവനുകള്‍. ഇതിനെല്ലാമെതിരെ ഉയര്‍ന്നിരുന്ന ഒച്ചപ്പാടുകള്‍ പലപ്പോഴും നിശബ്ദങ്ങളായി പോവാറായിരുന്നുവല്ലോ. പ്രതിസ്ഥാനത്തു നില്‍ക്കുന്നവരുടെ ശക്തിയായിരിക്കാം അതിനു കാരണം.

അഭയാര്‍ഥികളുടെ രക്ഷക്കായുള്ള യൂറോപ്പിന്റെയും കൂട്ടാളികളുടേയും ശുഷ്‌കാന്തി അംഗീകരിക്കപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍ ഇരകള്‍, അതെവിടെയായാലും ഒരേ വേദന അനുഭവിക്കുന്നവരാണ്. ഒരേ ദുരിതത്തില്‍ എരിയുന്നവരാണ്. ആഴക്കടലിന്റെ ഉള്‍പരപ്പില്‍ കുഞ്ഞു അയ്‌ലാന്‍ അറിഞ്ഞ അതേ നൊമ്പരം തന്നെയാണ് കത്തിജ്വലിക്കുന്ന തീനാളത്തിനുള്ളില്‍ അലി ദവാബിശ എന്ന കുരുന്നും അനുഭവിച്ചത്. തോക്കെന്നു കരുതി കയ്യുയര്‍ത്തിയ കുരുന്നിന്റെ അതേ നിസ്സാഹയതയായിരുന്നു ഇസ്രാഈല്‍ സൈന്യത്തിന്റെ തോക്കുകള്‍ക്കു മുന്നില്‍ അബൂ ദുര്‍റക്കുമുണ്ടായത്. ഈ വേദനകള്‍ക്കും ദുരിതങ്ങള്‍ക്കും ഉത്തരവാദികളായവര്‍ രണ്ടു കൂട്ടരാണെന്നത് മാത്രമായിരുന്നു വ്യത്യാസം. ഒരു വിഭാഗം ഭീകരരെന്ന് പറയപ്പെടുന്നവരുടെ ഇരകളെങ്കില്‍ മറ്റൊരു വിഭാഗം ലോകസമാധാനത്തിന് ചുക്കാന്‍ പിടിക്കുന്നവരുടെ ഇരകളാണ്. ഇരകള്‍ക്കു വേണ്ടി വാതുറക്കേണ്ടവര്‍ തന്നെ ഇരപിടിയന്മാരായി മാറുമ്പോഴുണ്ടാവുന്ന വൈരുദ്ധ്യമാണ് ഈ സമീപനങ്ങള്‍ വിളിച്ചോതുന്നത്. ഈ വൈരുദ്ധ്യമാണ് അവസാനിക്കേണ്ടത്. ഇതവസാനിക്കുന്നിടത്ത് മാത്രമേ സമാധാനത്തിന്റെ പൊന്‍വെളിച്ചം പുലരൂ. അയ്‌ലാന്റെ ചിത്രമുയര്‍ത്തിയ മനോവേദന മാറുംമുമ്പേ, ഇനിയൊരു അലി ദവാബിശ പിറക്കും മുമ്പേ അതുണ്ടാവേണ്ടിയിരിക്കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top