ദുരിതങ്ങളെ സഹനം കൊണ്ട്‌ മറച്ചവള്‍

അസൂറാ അലി No image

മ്മിണിയമ്മക്കിപ്പോള്‍ വയസ്സ്‌ അറുപതായി. പതിമൂന്നാം വയസ്സില്‍ കുഞ്ഞുസ്വപ്‌നങ്ങളുമായി ദാമ്പത്യത്തിലേക്കു കാലെടുത്തു വെച്ച അന്നു തുടങ്ങിയതാണ്‌ അമ്മിണിയമ്മയുടെ സഹനത്തിന്റെയും ത്യാഗത്തിന്റെയും കഥ. എല്ലാറ്റിനും സാക്ഷിയായി കൊടുങ്ങല്ലൂര്‍ കഴിമ്പ്രം കടല്‍ത്തീരവും. പത്ത്‌ കുഞ്ഞുങ്ങള്‍ക്ക്‌ അമ്മിണിയമ്മ ജന്മം നല്‍കി. അതില്‍ ആറു പേരും മന്ദബുദ്ധികള്‍. നാലുപേര്‍ ബുദ്ധിയുറച്ചവരും. ഇവരെ കൂടാതെ പുറംലോകം കാണുന്നതിനു മുമ്പേ ചാപ്പിള്ളയായിപ്പോയ നാലു മക്കള്‍ വേറെയും.
വിവാഹത്തിന്റെ ആദ്യനാളില്‍ തന്നെ അമ്മിണിയമ്മ ഗര്‍ഭിണിയായി. മാസം തികയുന്നതിമു മുമ്പ്‌ അത്‌ അലസി. 15ാം വയസ്സില്‍ തന്നെ പൊന്നുമോള്‍ പിറന്നു. ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. മൂന്നു വയസ്സായപ്പോഴാണ്‌ മനസ്സിലായത്‌ കുഞ്ഞ്‌ മന്ദബുദ്ധിയാണെന്ന്‌. സംസാരിക്കില്ല. വേദന വന്നാല്‍ പറയാന്‍ അറിയില്ല. ഇടക്കെപ്പോഴോ ആ കുഞ്ഞു മുഖത്ത്‌ വിരിയുന്ന പുഞ്ചിരി. ദൈവം തനിക്കീ ജീവിതത്തില്‍ തന്നത്‌ അനുഭവിക്കുക തന്നെയെന്ന ബോധം അമ്മിണിയെ തളര്‍ത്തിയില്ല. അധികം താമസിയാതെ രണ്ടാമത്തെ മകള്‍ ബേബി പിറന്നു. ബുദ്ധിയുള്ളവള്‍. പക്ഷേ ദൈവം അവളെ നേരത്തെ വിളിച്ചു. രണ്ടാം വയസ്സില്‍ തലകറങ്ങി വീണ്‌ അവള്‍ മരിച്ചു.
വീണ്ടും മൂന്നാമത്തെ കുഞ്ഞ്‌. അവനും ബുദ്ധിമാന്ദ്യത. പിന്നീടാണറിഞ്ഞത്‌, ഉണ്ണിക്ക്‌ തലയില്‍ ട്യൂമര്‍. കുടലില്‍ ടി.ബി. കൊണ്ടുപോകാത്ത ആശുപത്രികളോ കാണിക്കാത്ത ഡോക്ടര്‍മാരോ ഇല്ല. ഭര്‍ത്താവ്‌ കടലില്‍ പോയിക്കിട്ടുന്ന തുച്ഛവരുമാനം. ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത അവസ്ഥ. മരുന്ന്‌ വാങ്ങാനുള്ള പരക്കം പാച്ചിലില്‍ പറമ്പിലുള്ള മരങ്ങളെല്ലാം മുറിച്ചു വിറ്റു. എല്ലാം നുള്ളിപ്പെറുക്കി ചികിത്സിച്ചിട്ടും ദൈവം അവനെയവര്‍ക്ക്‌ വിട്ടുകൊടുത്തില്ല. രണ്ടര വയസ്സില്‍ ആ കുഞ്ഞും മരിച്ചു.
കൊടും പട്ടിണിയും ദാരിദ്ര്യവും പിറകെ വന്നെങ്കിലും അമ്മിണിയമ്മ വീണ്ടും പ്രസവിച്ചു. മക്കള്‍ക്ക്‌ ഉടുക്കാനൊന്നും ഇല്ലാത്ത അവസ്ഥ. വീട്ടിലുള്ള ഓട്ടുപാത്രങ്ങളും വിറ്റു. ഇത്തിരി അരി കിട്ടിയാല്‍ നീട്ടി കഞ്ഞിവെച്ച്‌ എല്ലാവരും കൂടി കുടിക്കും. അമ്മിണിയുടെ വെള്ളത്തുണി കൈകൊണ്ട്‌ തുന്നി പാവാടയാക്കിയും ബ്ലൗസ്‌ ചെറുതാക്കി തുന്നിയും മക്കള്‍ക്കിടാന്‍ കൊടുക്കും. പലപ്പോഴും ആ അമ്മ ബ്ലൗസിടാനില്ലാതെ ഒറ്റത്തുണി പുതച്ചിരിക്കും. ആരെയും ഒന്നും അവര്‍ അറിയിച്ചില്ല. കൈതോല വെട്ടി പായ നെയ്‌തും അച്ഛന്‍ കടലില്‍ പോയും സമ്പാദിക്കുന്നത്‌ കൊണ്ട്‌ അടുപ്പില്‍ തീ പുകഞ്ഞു. മന്ദബുദ്ധിയായ മക്കള്‍ക്ക്‌ വിശക്കുന്നു എന്ന്‌ പറയാന്‍ അറിയാത്തത്‌ അവര്‍ക്കൊരു ഭാഗ്യമായി. പക്ഷേ അവര്‍ക്ക്‌ പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ആ അമ്മ തന്നെ വേണം. അകത്തൊരു ചാക്കില്‍ മണലിട്ട്‌ കൊടുക്കും. അതിലവര്‍ കൃത്യം നിര്‍വ്വഹിച്ചാല്‍ അതു പുറത്ത്‌ കൊണ്ടുപോയി കളയും. ഈ ജീവിത ദുരിതത്തിനിടയിലെപ്പോഴോ അവര്‍ ചിന്തിച്ചു പോയി, മക്കളെയും കൂട്ടി ആത്മഹത്യ ചെയ്‌താലോ എന്ന്‌. അവര്‍ക്കെല്ലാറ്റിനും തുണയായ ഭര്‍ത്താവ്‌ അവരെ ഓര്‍മ്മിപ്പിച്ചു- `അമ്മിണീ, ഈ മക്കള്‍ ദൈവം നമുക്ക്‌ വളര്‍ത്താന്‍ തന്ന ദാനങ്ങളാണ.്‌ അത്‌ സ്വീകരിച്ച്‌ ദൈവത്തിന്‌ ഇഷ്ടപ്പെടുന്ന വിധത്തില്‍ നമുക്കവരെ വളര്‍ത്താം'.
കരകാണാ കയത്തില്‍ ജീവിത വഞ്ചിയുമായി തന്റെ കണവന്‍ പോയ നേരത്ത്‌ മക്കളെയും കൂട്ടി അവര്‍ ചെറ്റക്കുടിലിന്റെ ഇറയത്ത്‌ ഇരുന്നു. അപ്പോഴാണ്‌ നാലാമത്തെ മകള്‍ മണ്ണെണ്ണ വിളക്കുമായി അകത്തേക്കുപോയത്‌. എന്തോ തെരയുന്നതിനിടയില്‍ അയലില്‍ തൂക്കിയിട്ട തുണിക്ക്‌ തീ പിടിച്ചു. വീടിനുള്ളില്‍ നിന്നുയര്‍ന്ന പുക കണ്ട്‌ നിലവിളിച്ച അവരുടെ ആര്‍ത്തനാദം ശക്തിയായ കടലിന്റെ ഇരമ്പലില്‍ അയല്‍വാസികളാരും കേട്ടില്ല. പക്ഷേ നടുക്കടലില്‍ ആര്‍ത്തിരമ്പുന്ന തിരമാലകളോട്‌ മല്ലിടുന്നതിനിടയിലും ആ അച്ഛന്‍ കണ്ടു, തന്റെ കൂര കത്തിയമരുന്നത്‌. നാട്ടാരെ കൂട്ടി ഓടി വരുമ്പോഴേക്ക്‌ എല്ലാം ചാരമായിക്കഴിഞ്ഞിരുന്നു. പിന്നെ ബന്ധുക്കളും അയല്‍ക്കാരും കൂടി ഒരു വീടുണ്ടാക്കിക്കൊടുത്തു.
തട്ടിയും മുട്ടിയും ജീവിതം മുന്നോട്ട്‌ പോകുമ്പോഴാണ്‌ ഭര്‍ത്താവിന്‌ അപസ്‌മാരം പിടിപെട്ടത്‌. രണ്ടു മണിക്കൂറോളം പിടച്ചിലുമായി കിടക്കും. അതിനും ചെയ്യാത്ത ചികിത്സകളൊന്നുമില്ല. എല്ലാം വീണ്ടും തകിടം മറിഞ്ഞു. അവരും മക്കളും പട്ടിണി കിടന്ന്‌ ഭര്‍ത്താവിനെ ചികിത്സിച്ചു. പക്ഷേ ജീവിത പിടച്ചിലില്‍ അമ്മിണിയെ തനിച്ചാക്കി വീടിന്റെ ഉത്തരത്തില്‍ അയാള്‍ കെട്ടിത്തൂങ്ങി മരിച്ചു! ജീവിതയാത്രയില്‍ അന്ന്‌ മുതല്‍ അമ്മിണി തീര്‍ത്തും ഒറ്റപ്പെട്ടു.
പുറത്തെവിടെയും പണിക്കുപോയി ശീലമില്ലാത്ത അവര്‍ പായ നെയ്‌ത്‌ അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ജീവിച്ചു.
പക്ഷേ പ്രതിസന്ധികളില്‍ തളരാതെ ബുദ്ധിയുള്ള രണ്ട്‌ പെണ്‍ മക്കളെയും സയന്‍സ്‌ ഗ്രൂപ്പെടുത്ത്‌ പഠിപ്പിച്ചു. രണ്ട്‌ പേരെയും വിവാഹം കഴിക്കാന്‍ മനുഷ്യത്വം മനസ്സിലുള്ളവര്‍ മുന്നോട്ടുവന്നു. ഇളയ മകള്‍ക്ക്‌ ഇപ്പോള്‍ ഇരുപത്‌ വയസ്സായി. ബുദ്ധിയോ സ്വബോധമോ ഇല്ലാത്ത അവളുടെ എല്ലാ കാര്യത്തിനും അമ്മ തന്നെ വേണം. എന്നാലും എല്ലാ കാര്യങ്ങളും അവര്‍ സന്തോഷത്തോടെ ചെയ്യുന്നു. അമ്മിണി എന്ന ത്യാഗിയായ അമ്മ ജീവിതത്തില്‍ മാറി മാറി വന്ന പരീക്ഷണങ്ങളെ സഹിച്ചുകൊണ്ട്‌ തനിക്ക്‌ ദൈവം തന്ന മക്കളെ തന്റെ ചിറകിനടിയില്‍ ഒതുക്കിപ്പിടിച്ച്‌ നാട്ടില്‍ സ്‌നേഹം പരത്തി ഇപ്പോഴും ജീവിക്കുന്നു.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top