മഹല്ലുകളിലെ പുരുഷാധിപത്യം അവസാനിപ്പിക്കുക

ഖാലിദ്‌ മൂസ നദ്‌വി No image

ഇസ്‌ലാമില്‍ സ്‌ത്രീ രണ്ടാം പൗരയല്ല. പുരുഷന്റെ പൗരത്വ പദവി തന്നെയാണ്‌ സ്‌ത്രീക്കും അനുവദിക്കപ്പെട്ടത്‌. സ്‌ത്രീയും പുരുഷനും ഒരു പോലെ അല്ലാഹുവാല്‍ നിശ്ചയിക്കപ്പെട്ട ഒരു നഫ്‌സില്‍ നിന്ന്‌ വന്നുവെന്ന ഖുര്‍ആനിക പ്രമാണം തന്നെയാണ്‌ അവര്‍ക്കിടയില്‍ സ്ഥാപിതമാകേണ്ട തുല്യതയുടെ പ്രധാന തെളിവ്‌.
മതം, സമൂഹം, രാഷ്‌ട്രം, കുടുംബം എന്നൊക്കെ വേര്‍തിരിക്കപ്പെടുന്ന ഉത്തരവാദിത്ത മണ്ഡലങ്ങളില്‍ സ്‌ത്രീ-പുരുഷ വിവേചനം ഇസ്‌ലാം പഠിപ്പിച്ചതല്ല. കര്‍മത്തെ കുറിച്ച ഖുര്‍ആന്റെ പൊതു പ്രസ്‌താവം ഇങ്ങനെയാണ്‌. ``അപ്പോള്‍ അവരുടെ നാഥന്‍ ഇപ്രകാരം അവരോട്‌ ഉത്തരം നല്‍കി. സ്‌ത്രീയാകട്ടെ പുരുഷനാവട്ടെ നിങ്ങളില്‍ ആരുടെ കര്‍മത്തെയും ഞാന്‍ നിഷ്‌ഫലമാക്കുകയില്ല. നിങ്ങളില്‍ ഒരു സംഘം മറ്റൊരു സംഘത്തിന്റെ ഭാഗം തന്നെയാണല്ലോ.''?(ഖുര്‍ആന്‍ 3:195)
സ്‌ത്രീയും പുരുഷനും ഭിന്നരല്ലെന്നും കര്‍മപരമായ വിവേചനം പാടില്ലെന്നും തന്നെയാണ്‌ സൂക്തത്തിന്റെ വ്യക്തമായ സാരം.
സ്‌ത്രീ, പുരുഷന്‍ എന്ന വ്യത്യാസം അനീതിക്ക്‌ കാരണമാവുകയില്ലെന്ന പ്രസ്‌താവനയിലാണ്‌ നമ്മുടെ ശ്രദ്ധ പതിയേണ്ടത്‌. എല്ലാം ഒത്തു വന്നിട്ടും പെണ്ണായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ ഒരു സഹോദരിയെ ഒരു പദവിയില്‍ നിന്ന്‌ /ചുമതലയില്‍ നിന്ന്‌ /അധികാരത്തില്‍ നിന്ന്‌ മാറ്റി നിര്‍ത്തിയാല്‍ അതു വിവേചനവും അനീതിയും അല്ലാഹുവിന്റെ നടപടിക്രമത്തിന്‌ വിപരീതവും ആവില്ലേ എന്ന്‌ ആലോചിക്കണം.
പദവികള്‍ കൂടുന്നതിന്റെയും കുറയുന്നതിന്റെയും അടിസ്ഥാനം ആണ്‍ പെണ്‍ പ്രശ്‌നമല്ലെന്നാണ്‌ ഖുര്‍ആനിക കാഴ്‌ചപ്പാട്‌.?``മനുഷ്യരേ, നിങ്ങളെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്കിടയില്‍ വിവിധ വര്‍ഗങ്ങളും ഗോത്രങ്ങളുമുള്ളത്‌ തിരിച്ചറിയല്‍ രേഖയായിട്ടാണ്‌. നിങ്ങളില്‍ പദവിയേറിയവന്‍ സൂക്ഷ്‌മത കൂടിയവനാണ്‌'' (49:13) എന്ന ഖുര്‍ആന്‍ പ്രഖ്യാപനം വളരെ സുപ്രധാനമാണ്‌. താഴെ പറയുന്ന പാഠങ്ങള്‍ ഇതില്‍ നിന്ന്‌ കണ്ടെത്താം.
1. നിങ്ങളുടെ ഉത്ഭവം ആണ്‍ മാത്രമല്ല; ആണും പെണ്ണുമാണ്‌.
2. നിങ്ങളില്‍ തിരിച്ചറിയാന്‍ വേണ്ടി വര്‍ഗങ്ങളും വിഭാഗങ്ങളുമുണ്ട്‌. അവയും ആണ്‍ പെണ്‍ മിശ്രിതങ്ങളാണ്‌.
3. ഈ ആണ്‍ പെണ്‍ മിശ്രിത സമൂഹങ്ങളില്‍ പദവി കൂടുന്നതും കുറയുന്നതും സൂക്ഷ്‌മത, ധാര്‍മികത, സദാചാരം എന്നിവയെ ആധാരമാക്കിയാണ്‌.
അപ്പോള്‍ ഒരു പെണ്‍ഭക്ത രണ്ടാം തരം പൗരയാവുന്നത്‌ പെണ്ണാണ്‌ എന്ന ഒറ്റക്കാരണം കൊണ്ടാണെങ്കില്‍ അതു വിവേചനം തന്നെ; അനീതി തന്നെ. മേല്‍സൂചിത മുഖവുരയെ ആധാരമാക്കി വേണം സ്‌ത്രീകളുടെ പൊതു പങ്കാളിത്തം ചര്‍ച്ചക്കെടുക്കേണ്ടത്‌. ഇസ്‌ലാമിക സമൂഹത്തിന്റെ ചരിത്രവികാസത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്‌ സ്‌ത്രീയും പുരുഷനും ചേരുന്ന പങ്കാളിത്ത വികാസമായിട്ടാണ്‌.
ആദം-ഹവ്വ/ ഇബ്‌റാഹിം-ഹാജറ/ മൂസ-മൂസയുടെ മാതാവ്‌-പെങ്ങള്‍-ഫിര്‍ഔന്റെ പത്‌നി/ സകരിയ്യ-മര്‍യം/ മര്‍യം-ഈസ/ സുലൈമാന്‍-സബഇലെ രാജ്ഞി/ മുഹമ്മദ്‌ നബി-ആഇശ ഇങ്ങനെ ചരിത്ര നിര്‍മാതാക്കളെ ഏകപക്ഷീയ പുരുഷ ശ്രേണിയായിട്ടല്ല സ്‌ത്രീ-പുരുഷ സമ്മിശ്ര മനുഷ്യ ശ്രേണിയായിട്ടാണ്‌ ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്‌.
സ്‌ത്രീകളെ ജനസമ്പര്‍ക്കങ്ങളില്‍ നിന്ന്‌ പാടെ അകറ്റിനിര്‍ത്തുകയും ഗാര്‍ഹിക വിഷയങ്ങില്‍ തളച്ചിടുകയും ചെയ്യുന്ന സമ്പ്രദായം പ്രവാചകന്മാരുടെ യുഗത്തില്‍ കാണാന്‍ കഴിയില്ല. പൊതുരംഗത്ത്‌ നിന്ന്‌ സ്‌ത്രീകളെ വിലക്കണം എന്ന്‌ പറയാന്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ തെളിവേയില്ല. നേരെ മറിച്ച്‌ സ്‌ത്രീകളുടെ കൂടി പങ്കാളിത്തം ഉറപ്പു വരുത്തണം എന്നാണ്‌ തെളിവുകളില്‍ നിന്ന്‌ നാം ഗ്രഹിക്കുന്നത്‌.
നമസ്‌കാരം, സകാത്ത്‌, ഹജ്ജ്‌, വിദ്യാഭ്യാസ പ്രവര്‍ത്തനം, കടകമ്പോളങ്ങളുടെ നിയന്ത്രണം, യുദ്ധം തുടങ്ങിയ മേഖലകളിലെല്ലാം സ്‌ത്രീകളുടെ കൂടി പങ്കാളിത്തം ഉണ്ടായിരുന്നുവെന്ന അനിഷേധ്യ സത്യത്തെ അനാവരണം ചെയ്യുന്നതാണ്‌ ആധികാരിക രേഖകളും ചരിത്ര വസ്‌തുതകളും.
കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ അടിസ്ഥാന നേതൃത്വം ഇന്ന്‌ മഹല്ല്‌ കമ്മിറ്റികളാണ്‌ കൈകാര്യം ചെയ്യുന്നത്‌. ഈ നേതൃവിഭാഗത്തില്‍ നിന്ന്‌ പൂര്‍ണമായും അകറ്റി നിര്‍ത്തപ്പെടുന്നവരാണ്‌ സ്‌ത്രീകള്‍. മഹല്ല്‌ ഭാരവാഹിത്വം, മഹല്ല്‌ കമ്മിറ്റി എക്‌സിക്യൂട്ടീവ്‌ അംഗം, മഹല്ലില്‍ വോട്ടവകാശമുള്ള ജനറല്‍ബോഡി മെമ്പര്‍, മഹല്ലിലെ ജനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന മുഫ്‌തി, വിധി പറയുന്ന ഖാദി, ഉപദേശ-നിര്‍ദേശങ്ങള്‍ നല്‍കുന്ന വാഇദ്‌ എന്നീ ചുമതലകളില്‍ നിന്നെല്ലാം സ്‌ത്രീ ഇന്ന്‌ പൂര്‍ണമായും അകറ്റപ്പെടുകയാണ്‌ ചെയ്യുന്നത്‌. ഈ അപ്രഖ്യാപിത ബഹിഷ്‌കരണം അന്യായമാണ്‌. ദീനി ക്രമങ്ങള്‍ക്കെതിരാണ്‌. സ്‌ത്രീ-പുരുഷ പങ്കാളിത്ത ഭരണത്തിലേക്ക്‌ മഹല്ലുകളെ പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട്‌.
പള്ളിയാണ്‌ മഹല്ലിന്റെ കേന്ദ്രസ്ഥാനം. സ്‌ത്രീകളുടെ പള്ളിപ്രവേശം വിലക്കിയെന്നതാണ്‌ ഒന്നാമത്തെ തെറ്റ്‌. പള്ളിപ്രവേശം സ്‌ത്രീകള്‍ക്ക്‌ വിലക്കുന്ന ഒരു പ്രസ്‌താവനയും ഖുര്‍ആനിലില്ല. മര്‍യം ബീവിയെ പോലുള്ള മഹതികള്‍ പള്ളിയില്‍ വളര്‍ന്നതിന്റെ ചരിത്രമാണ്‌ ഖുര്‍ആന്‍ പറഞ്ഞുതരുന്നത്‌. മുഹമ്മദ്‌ നബി(സ)യുടെ കാലത്ത്‌ സഹാബി വനിതകള്‍ പള്ളിയില്‍ വന്ന്‌ നമസ്‌കരിച്ചതിന്റെയും ഉപദേശനിര്‍ദേശങ്ങള്‍ കേട്ടതിന്റെയും ജുമുഅകളില്‍ പങ്കെടുത്തതിന്റെയും പെരുന്നാള്‍ നമസ്‌കാരത്തിന്‌ മുസല്ലകളില്‍ എത്തിച്ചേര്‍ന്നതിന്റെയും നിരവധി തെളിവുകള്‍ ഹദീഥ്‌ ഗ്രന്ഥങ്ങളില്‍ ലഭ്യമാണ്‌. കേരളത്തിലെ സുന്നി വിഭാഗം മേല്‍ പറഞ്ഞ അവകാശങ്ങളാണ്‌ വിശ്വാസികള്‍ക്ക്‌ നിഷേധിക്കുന്നതെങ്കില്‍ മുജാഹിദ്‌-ജമാഅത്ത്‌ വിഭാഗം മേല്‍ പറഞ്ഞ കാര്യങ്ങളില്‍ വിശ്വാസിനികളെ പരിഗണിക്കുകയും മറ്റ്‌ കാര്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ്‌ നിലവിലുള്ളത്‌. അതില്‍ പ്രധാനമാണ്‌ ജനറല്‍ ബോഡി അംഗത്വ നിഷേധവും വോട്ടവകാശ നിഷേധവും.
മഹല്ല്‌ ഭൂപരിധിയിലെ മുഴുവന്‍ വിശ്വാസി വിശ്വാസിനികള്‍ക്കും പ്രായപൂര്‍ത്തി വോട്ടവകാശ വ്യവസ്ഥ പ്രകാരം മെമ്പര്‍ഷിപ്പുള്ളവയായി നമ്മുടെ മഹല്ല്‌ ജനറല്‍ബോഡികളെ മാറ്റിയെടുക്കേണ്ടതുണ്ട്‌. ജനറല്‍ബോഡിയാല്‍ തെരഞ്ഞെടുക്കപ്പെടുന്ന മഹല്ല്‌ എക്‌സിക്യൂട്ടീവില്‍ സ്‌ത്രീകള്‍ കൂടി തെരഞ്ഞെടുക്കപ്പെടുന്ന സന്ദര്‍ഭം ബോധപൂര്‍വം സൃഷ്ടിച്ചെടുക്കണം. മഹല്ല്‌ കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ സ്‌ത്രീകളുടെ കൂടി അഭിപ്രായം ലഭിക്കാന്‍ അവസരമുണ്ടാക്കല്‍ നിര്‍ബന്ധമാണ്‌. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ കൂടിയാലോചന സമിതി(ശൂറ). ശൂറയില്‍ നിന്ന്‌ വിശ്വാസിനികളെ മാറ്റി നിര്‍ത്തുന്നതിന്‌ യാതൊരു ന്യായവും ഇല്ലെന്ന്‌ മാത്രമല്ല; വിശ്വാസി സമൂഹത്തിന്റെ പൊതു അധികാരമായിട്ടാണ്‌ ഖുര്‍ആന്‍ ശൂറയെ അവതരിപ്പിച്ചിരിക്കുന്നത്‌ തന്നെ. ഈമാന്‍, തവക്കുല്‍, വന്‍പാപങ്ങള്‍ ഉപേക്ഷിക്കല്‍, കോപം വരുമ്പോള്‍ പൊറുക്കല്‍, അല്ലാഹുവിന്റെ വിളിക്ക്‌ ഉത്തരം നല്‍കല്‍, ഇഖാമതുസ്വലാത്ത്‌, കൂടിയാലോചന, ധനവ്യയം തുടങ്ങിയ വിശ്വാസികളുടെ പൊതുഗുണം ഒരു വചന ശൃംഖലയില്‍ ഖുര്‍ആന്‍ കോര്‍ത്തിണക്കിയത്‌ നമുക്ക്‌ കാണാം.(42: 36-38) ഇങ്ങനെ വരുമ്പോള്‍ ഇതില്‍ ശൂറ മാത്രം സ്‌ത്രീകള്‍ക്ക്‌ വിലക്കപ്പെട്ടതായി തീരുന്നത്‌ ദീനിന്റെ ഋജുപാതയില്‍ നിന്നുള്ള വ്യതിചലനമാണ്‌. അതുകൊണ്ട്‌ മഹല്ല്‌ തല ശൂറയുടെ വേദിയായ മഹല്ല്‌ കമ്മിറ്റികളില്‍ സ്‌ത്രീകള്‍ക്ക്‌ പ്രാതിനിധ്യം ലഭിക്കണം. അംഗങ്ങളെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ വോട്ടവകാശവും ലഭിക്കണം.
ഇഖാമത്തുസ്വലാത്ത്‌ എന്ന മഹല്ലിന്റെ സുപ്രധാന അജണ്ടയില്‍ പുരുഷനെ പോലെ സ്‌ത്രീക്കും പങ്കുണ്ട്‌. സകാത്ത്‌ പുരുഷനില്‍ നിന്ന്‌ മാത്രമല്ല സ്‌ത്രീകളില്‍ നിന്നും സംഭരിക്കാന്‍ മഹല്ല്‌ കമ്മിറ്റി ബാധ്യസ്ഥമാണ്‌. വിതരണവും സ്‌ത്രീ-പുരുഷന്മാര്‍ക്കുള്ളതാണ്‌. മീറാസ്‌ (അനന്തരാവകാശം)വിഷയത്തില്‍ ഇടപെടാന്‍ മഹല്ല്‌ കമ്മിറ്റിക്ക്‌ ബാധ്യതയുണ്ട്‌. ഇവിടെയും സ്‌ത്രീകളുടെ അഭിപ്രായങ്ങള്‍ക്ക്‌ പുരുഷന്റേതു പോലെ പ്രാധാന്യമുണ്ട്‌. നികാഹ്‌, ത്വലാഖ്‌, ഫസ്‌ഖ്‌, ഖുല്‍അ്‌ പോലുള്ള വിഷയങ്ങളില്‍ 50:50 അധികാരമാണ്‌ സ്‌ത്രീ-പുരുഷന്മാര്‍ക്കുള്ളത്‌. ഇതൊരു തരം പുരുഷ മേധാവിത്വ സ്വഭാവം സ്വീകരിച്ചിരിക്കുകയാണിന്ന്‌.
ഇല്ലാത്ത സ്‌ത്രീധനം പ്രധാനമാവുന്ന, ഉള്ള മഹര്‍ നിരാകരിക്കപ്പെടുന്ന അല്ലെങ്കില്‍ നാമമാത്രമായിത്തീരുന്ന അവസ്ഥക്ക്‌ വിരാമം കുറിക്കാന്‍ സ്‌ത്രീ സാന്നിധ്യം വളരെ അനുപേക്ഷണീയമാണ്‌. സ്‌ത്രീധനാധിഷ്‌ഠിത വിവാഹങ്ങള്‍ക്കെതിരായ സ്‌ത്രീ മുന്നേറ്റം തന്നെ രുപപ്പെടണം. മഹ്‌റ്‌ പുരുഷന്റെ ഔദാര്യം എന്ന അവസ്ഥ മാറണം. എനിക്ക്‌ ഇത്ര മഹ്‌റ്‌ കിട്ടണം എന്ന്‌ പറയാവുന്ന അഭിമാന ബോധത്തിലേക്ക്‌ സ്‌ത്രീയെ ഉയര്‍ത്താന്‍ നികാഹ്‌ വിഷയത്തില്‍ സ്‌ത്രീ സമൂഹത്തിന്റെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതാണ്‌. വിവാഹത്തിന്‌ മുമ്പ്‌ വധുവുമായി വനിതാ എക്‌സിക്യൂട്ടീവ്‌ അംഗങ്ങള്‍ക്ക്‌ സംസാരിക്കാനും മഹ്‌റിന്റെ വിഷയത്തില്‍ വധുവുമായി സംസാരിച്ച്‌ അവരുടെ അഭിപ്രായം പരിഗണിക്കാനും ചുറ്റുപാട്‌ ഒരുക്കണം. പുരുഷന്റെ പെണ്ണുകെട്ട്‌ എന്നതിനുപകരം യുവതീ-യുവാക്കളുടെ വിവാഹമാണ്‌ മഹല്ലുകളില്‍ നടക്കേണ്ടത്‌. വിവാഹ ഖുതുബ ഇരുവര്‍ക്കും ശ്രവിക്കാന്‍ കഴിയുന്ന, സ്‌ത്രീയുടെ ഭാഗത്ത്‌ നിന്നുള്ള സ്‌ത്രീ-പുരുഷ രക്ഷിതാക്കളും പുരുഷന്റെ ഭാഗത്ത്‌ നിന്നുള്ള സ്‌ത്രീ-പുരുഷ രക്ഷിതാക്കളും പങ്കാളികളാവുന്ന നികാഹ്‌ ചടങ്ങുകള്‍ വേണം. നിലവിലുള്ള പുരുഷാധിപത്യം അവസാനിപ്പിക്കുന്നതിന്‌ ജനറല്‍ബോഡിയിലെയും ഏക്‌സിക്യൂട്ടീവിലെയും സ്‌ത്രീ സാന്നിധ്യം പ്രധാനമാണ്‌.
കുടുംബ തര്‍ക്കങ്ങള്‍, അനന്തരാവകാശ തര്‍ക്കങ്ങള്‍, ത്വലാഖ്‌ വിഷയങ്ങള്‍ എന്നിവകളിലെല്ലാം തന്നെ സ്‌ത്രീകളുടെ അഭിപ്രായങ്ങള്‍ക്ക്‌ വലിയ പ്രാധാന്യമുണ്ട്‌. സ്‌ത്രീ-പുരുഷ തുല്യാധികാരമുള്ള മഹല്ല്‌ സംവിധാനങ്ങള്‍ നിലവില്‍ വന്നാല്‍ ഈ വിഷയങ്ങളില്‍ ഇന്ന്‌ നിലനില്‍ക്കുന്ന ഒരുപാട്‌ അനീതികള്‍ക്കും വിവേചനങ്ങള്‍ക്കും അറുതിവരും.
മുഹമ്മദ്‌ നബി(സ)യുടെ കാലത്ത്‌ ഒരു സഹാബി തന്റെ മകളെ അവളുടെ സമ്മതമില്ലാതെ ഒരുവന്‌ വിവാഹം ചെയ്‌തു കൊടുത്തു. മകള്‍ പിതാവിനെതിരെ നബിക്ക്‌ പരാതി നല്‍ കി. ഇത്തരം പരാതികള്‍ക്ക്‌ വകുപ്പുണ്ടെന്ന ബോധം പോലും നിലനില്‍ക്കാത്തതാണ്‌ ആധുനിക മഹല്ല്‌ അന്തരീക്ഷം. റസൂല്‍(സ) പരാതി സ്വീകരിക്കുകയും വിവാ ഹം റദ്ദാക്കാന്‍ ഉത്തരവിടുകയും ചെയ്‌തു. അപ്പോള്‍ ആ മകളുടെ ഭാഗത്ത്‌ നിന്നുണ്ടായ ഈ പ്രസ്‌താവന വളരെ പ്രധാനം. ``അല്ലാഹുവിന്റെ റസൂലേ! ഇപ്പോള്‍ ഞാനീ വിവാഹം സ്വീകരിച്ചിരിക്കുന്നു. എന്റെ സഹോദരിമാര്‍ക്ക്‌ ഈ വിഷയത്തിലുള്ള അവകാശം വ്യക്തമാവണമെന്നു മാത്രമേ എനിക്ക്‌ ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ.''
ഇസ്‌ലാഹിന്റെ (സാമൂഹിക പരിഷ്‌കരണം) മേഖലയിലാണല്ലോ മഹല്ലിന്റെ മുഖ്യ ശ്രദ്ധ പതിയേണ്ടത്‌. ഈ വിഷയത്തില്‍ വിജ്ഞരും പ്രഭാഷകരും സംഘാടകരുമായ സ്‌ത്രീകള്‍ക്ക്‌ മഹത്തായ പങ്ക്‌ നിര്‍വഹിക്കാനുണ്ട്‌. പ്രത്യേകിച്ചും പ്രാഥമിക മദ്‌റസകള്‍ ഇസ്‌ലാഹിന്റെ പ്രധാന കേന്ദ്രങ്ങളാണ്‌. ഇവിടെ പുരുഷന്‍മാരേക്കാള്‍ വിജയിക്കുക സ്‌ത്രീകളാണ്‌. ഈ അടുത്ത കാലത്തായി കേരളത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട പല മദ്‌റസ പ്രശ്‌നങ്ങളും പുരുഷ കേന്ദ്രീകൃതമാണ്‌. ക്രൂരമായ ശിക്ഷ, ലൈംഗിക അതിക്രമം തുടങ്ങിയ കേസുകളില്‍ മദ്‌റസാധ്യാപകര്‍ പുറത്താക്കപ്പെടേണ്ട അവസ്ഥ കേരളത്തില്‍ ഈയിടെ ധാരാളമുണ്ടായി. വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളുടെ മന:ശാസത്രമറിഞ്ഞ്‌ പെരുമാറുന്ന അധ്യാപികമാരുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മദ്‌റസകളെ കൂടുതല്‍ മനുഷ്യപ്പറ്റുള്ളതാക്കി മാറ്റാന്‍ കഴിയുന്നതാണ്‌.
തന്റെ വൈജ്ഞാനിക ശേഷി ഇസ്‌ലാഹിന്റെ മാര്‍ഗത്തില്‍ വിനിയോഗിച്ചതിന്റെ മികച്ച മാതൃകയാണ്‌ ഹസ്രത്‌ ആഇശ(റ). ഹസ്രത്‌ ആഇശ(റ) ഒന്നാം കിട മുഫ്‌തിയായിരുന്നു. തന്റെ അറിവും ഗവേഷണ പാടവവും ഉപയോഗപ്പെടുത്തിയാണ്‌ അവര്‍ ജനങ്ങള്‍ക്ക്‌ ദീന്‍ പഠിപ്പിച്ചുകൊണ്ടിരുന്നത്‌. 31 ദീനി പ്രശ്‌നങ്ങളില്‍ വ്യക്തമായ സ്വാഭിപ്രായം പറഞ്ഞ ആഇശ(റ) വനിതാ മുഫ്‌തിമാര്‍ക്ക്‌ മികച്ച മുന്‍ മാതൃകയാണ്‌. ഉമര്‍, ഇബ്‌നു ഉമര്‍, അബൂ ഹുറൈറ, ഉമ്മു സലമ, ഇബ്‌നു മസ്‌ഊദ്‌, ഇബ്‌നു അബ്ബാസ്‌, ഫാത്വിമ ബിന്‍ത്‌ ഖൈസ്‌ തുടങ്ങിയ പ്രഗത്ഭരുമായിട്ടാണ്‌ ആഇശ(റ) വിയോജന കുറിപ്പ്‌ രേഖപ്പെടുത്തിയത്‌. അവരുടെ കൂട്ടത്തില്‍ തന്നെ രണ്ട്‌ വനിതകള്‍ ഉണ്ടെന്നത്‌ സ്‌ത്രീകള്‍ വൈജ്ഞാനിക രംഗത്ത്‌ നിലയുറപ്പിച്ചതിന്റെ മികച്ച സാക്ഷ്യം തന്നെയാണ്‌.
ഇന്ന്‌ കഴിവുള്ള വനിതകള്‍ ആദരിക്കപ്പെടുന്നില്ല. വനിതകളെ കഴിവുറ്റവരാക്കാന്‍ ശ്രമം നടക്കുന്നില്ല. ദീനിന്റെ ആധികാരിക ശബ്‌ദമാകാനും പണ്ഡിതോചിത കര്‍ത്തവ്യം നിര്‍വഹിക്കാനും വനിതകള്‍ പ്രാപ്‌തരും ധീരരുമാവുന്നില്ലെന്ന അവസ്ഥക്ക്‌ മാറ്റം വരുത്താനുള്ള ബോധപൂര്‍വശ്രമം തന്നെ നടക്കേണ്ടതുണ്ട്‌. ഫത്‌വ, വഅദ്‌, നസീഹത്‌, പണ്ഡിത ചര്‍ച്ച, രചന തുടങ്ങിയ രംഗങ്ങളിലേക്ക്‌ വനിതകള്‍ക്ക്‌ പ്രവേശനം ലഭിക്കുന്ന കര്‍മ പദ്ധതിയാണ്‌ ആവിഷ്‌കരിക്കേണ്ടത്‌.
കേരളത്തിലെ ദീനീ നവോത്ഥാനം പല മാറ്റങ്ങളും സൃഷ്‌ടിച്ച മേഖലയാണ്‌ മഹല്ല്‌. സ്‌ത്രീകളുടെ പള്ളി പ്രവേശം, സ്‌ത്രീധന രഹിത വിവാഹം, മലയാളം ഖുതുബ, മദ്‌റസ, ബിദ്‌അത്തുകളുടെ നിര്‍മാര്‍ജനം, സകാതിന്റെ സംഘടിത സമാഹരണ-വിതരണം എന്നിവയെല്ലാം അതില്‍ പെട്ടതാണ്‌. പക്ഷെ ഇപ്പോഴത്‌ ഒരുതരം സ്‌തംഭനാവസ്ഥയിലാണ്‌. മേല്‍ വിഷയങ്ങളില്‍ തന്നെ ഇനിയും ഒരുപാട്‌ മുന്നോട്ട്‌ പോകേണ്ടതുണ്ട്‌. വനിതകളുടെ വ്യക്തിത്വം, പൗരത്വം, അധികാരം എന്നിവ ഉറപ്പുവരുത്തുന്നതിന്‌ പുതിയ തജ്‌ദീദ്‌ തന്നെ നടക്കണം. ഇപ്പോള്‍ സമയം ഏറെ വൈകിയിരിക്കുന്നു. തടസ്സം മാറ്റിയേ മതിയാവൂ. അവര്‍ക്ക്‌ വോട്ടവകാശം വേണം, മഹല്ല്‌ കമ്മിറ്റികളില്‍ മെമ്പര്‍ഷിപ്പ്‌ വേണം, അധികാരസ്ഥാനങ്ങളില്‍ പ്രവേശനം വേണം, യോഗ്യര്‍ക്ക്‌ മുഫ്‌തിയാവാന്‍ അവസരം ലഭിക്കണം, കൂടിയാലോചനകളില്‍ പങ്കാളിത്തം വേണം. പ്രത്യേകിച്ചും കുടുംബ വിഷയങ്ങളില്‍ 50% അധികാരം അവര്‍ക്കുണ്ടെന്നത്‌ അംഗീകരിക്കപ്പെടണം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top