തായ്‌ലന്റിലെ പുതിയ രാഷ്‌ട്രീയ താരോദയം

വി.പി.എ അസീസ്‌ No image

മാര്‍ഗരറ്റ്‌ താച്ചര്‍, ഇന്ദിരാഗാന്ധി, ബേനസീര്‍ ഭൂട്ടോ, ശൈഖ്‌ ഹസീന, ഖാലിദാ സിയ, ചന്ദ്രിക കുമാരതുംഗെ, കൊറോസോണ്‍ അക്വിനോ... വിവിധ രാഷ്‌ട്രങ്ങളില്‍ പ്രാധാന മന്ത്രിപദം വഹിച്ച്‌ ജനങ്ങള്‍ക്ക്‌ ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിക്കുകയും സ്‌ത്രീകള്‍ അബലകളല്ലെന്ന്‌ മാലോകരെ ബോധ്യപ്പെടുത്തുകയും ചെയ്‌ത ഈ മഹതികളുടെ നിരയിലേക്കിതാ ഓരാള്‍ക്കൂടി. ഏഷ്യാ- പസഫിക്‌ മേഖലയിലെ പ്രധാന രാഷ്ട്രമായ തായ്‌ലന്‍ഡിന്റെ ഭരണ സാരഥിയായി തെരഞ്ഞെടുക്കപ്പെട്ട യിങ്‌ലക്‌ ഷിനാവത്ര എന്ന 43 കാരിയാണ്‌ ആ വനിത. ജൂലൈ മൂന്നിന്‌ നടന്ന തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ യിങ്ങ്‌ലക്‌്‌ മാതൃരാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുതുകയാണ്‌. ജനാധിപത്യ തായ്‌ലാന്‍ഡിന്റെ ചരിത്രത്തില്‍ ഒരു സ്‌ത്രീ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്‌ ഇതാദ്യമാണ്‌.
രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലാണ്‌ പിറവിയെങ്കിലും യിങ്ങ്‌ലക്കിന്‌ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പരിചയസമ്പത്ത്‌ ഇല്ല എന്നു തന്നെ പറയാം. പാര്‍ട്ടി നേതൃനിരയില്‍ ഒരു പദവിയിലും അവര്‍ മുമ്പ്‌ അവരോധിക്കപ്പെട്ടിരുന്നില്ല. ബിസിനസ്‌ ആയിരുന്നു അവര്‍ ഇഷ്ടപ്പെട്ട പ്രവര്‍ത്തന മേഖല. വിവിധ കമ്പനികളുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ എന്ന നിലയില്‍ അവര്‍ വര്‍ത്തകപ്രമുഖരുമായി ഊഷ്‌മളബന്ധം പുലര്‍ത്തി. പ്രസന്ന മുഖവും ഹൃദ്യമായ പെരുമാറ്റവും വഴി അവര്‍ ഇപ്പോള്‍ ഇലക്ഷന്‍ പ്രചാരണകാലത്ത്‌ ജനമനസ്സുകള്‍ കീഴ്‌പ്പെടുത്തിയിരിക്കുന്നു.
സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ തക്‌സിന്‍ ഷിനാവത്രയാണ്‌ ഇവരെ രാഷ്ട്രീയ രംഗത്തേക്ക്‌ കൈപിടിച്ചുയര്‍ത്തിയത്‌. 2006 ലെ സൈനിക അട്ടിമറിയില്‍ സ്ഥാനഭ്രഷ്ടനായ തക്‌സിന്‍ ഇപ്പോള്‍ ദുബൈയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്‌.
തക്‌സിന്‍ സ്ഥാനഭ്രഷ്ടനായതോടെ തായ്‌ലന്‍ഡ്‌ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും കാലാപങ്ങളുടെയും രംഗഭൂമിയായി മാറി. തക്‌സിന്റെ അനുയായികളില്‍ ഒരു വിഭാഗം `ചെങ്കുപ്പായക്കാര്‍' എന്ന്‌ സ്വയം വിശേഷണം നല്‍കി പടയണികള്‍ രൂപവല്‍ക്കരിക്കുകയും ഗവണ്‍മെന്റിനെതിരെ ഉപരോധ സമരങ്ങള്‍ ആരംഭിക്കുകയും ചെയ്‌തു. ഇത്തരമൊരു അശാന്തി വാഴുന്ന മണ്ണിലേക്കാണ്‌ സമാധാനത്തിന്റെ വെള്ളരിപ്പിറാവുകണക്കെ സമാധാന സുതുതിഗീതങ്ങളുമായി യിങ്ങ്‌ലക്‌്‌ രംഗപ്രവേശനം ചെയ്‌തത്‌. സമാധാനം സ്ഥാപിക്കുമെന്നും, അഴിമതി തുടച്ചു നീക്കുമെന്നും, വിലക്കയറ്റത്തിന്‌ കടിഞ്ഞാണിടുമെന്നുമുള്ള അവരുടെ വാഗ്‌ദാനങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചു എന്നതിന്റെ തെളിവാണ്‌ യിങ്ങ്‌ലക്കിന്റെ പാര്‍ട്ടിയായ `പ്യൂ തായ്‌' നേടിയ തകര്‍പ്പന്‍ ഭൂരിപക്ഷം നല്‍കുന്ന സന്ദേശം. കുറഞ്ഞ സീറ്റുകളുമായി പ്രതിപക്ഷത്തു നിന്ന `പ്യൂ തായ്‌' പാര്‍ട്ടി 500 അംഗ പാര്‍ലമെന്റില്‍ 265 സീറ്റുകളാണ്‌ ഈ വിധിയിലൂടെ സ്വന്തമാക്കിയത്‌. കൂടാതെ നാല്‌ ചെറുകക്ഷികളുടെ പിന്തുണയും യിങ്ങ്‌ലക്‌ നേടിയിരിക്കുന്നു. ഈ കക്ഷികളെക്കൂടി പരിഗണിച്ച്‌ മുന്നണി ഗവണ്‍മെന്റാണ്‌ യിങ്ങ്‌ലക്കിന്റെ നേതൃത്വത്തില്‍ അധികാരമേറ്റത്‌. മാതൃരാജ്യത്ത്‌ നിന്ന്‌ രാഷ്‌ട്രതന്ത്രത്തില്‍ ബിരുദം നേടിയ യിങ്‌ലക്‌്‌ കെന്‍ടകി സര്‍വ്വകലാശാലയില്‍ നിന്ന്‌ മാസ്റ്റര്‍ ബിരുദവും സ്വന്തമാക്കി. എസ്‌. സി അസ്സെറ്റ്‌ കമ്പനി എന്ന വസ്‌തു ഇടപാട്‌ സ്ഥാപനത്തില്‍ മാനേജര്‍, ടെലി കമ്യൂണിക്കേഷന്‍ ശൃഖലയായ എ.ഐ.എസ്സിന്റെ ഡയറക്ടര്‍ എന്നീ നിലകളില്‍ ശ്രദ്ധേയമായ സേവനങ്ങളര്‍പ്പിച്ച ഈ യുവതിയുടെ രാഷ്ട്രീയ പ്രവേശം തായ്‌ ജനതയുടെ പ്രത്യാശകള്‍ക്ക്‌ ആക്കം പകരുന്നുണ്ട്‌.
ഉദ്യോഗസ്ഥരോടും കര്‍ഷകരോടും തൊഴിലാളികളോടും ഓരേ രീതിയില്‍ പെരുമാറുന്ന സമഭാവന യിങ്‌ലകിനെ ഇതര രാഷ്‌ട്രീയ നേതാക്കളില്‍ നിന്ന്‌ വ്യത്യസ്‌തയാക്കുന്നു.
തെരഞ്ഞെടുപ്പ്‌ വിജയാഹ്ലാദം പങ്കിടുന്നതിനിടെ യിങ്‌ലക്‌ പാര്‍ട്ടി ഹെഡ്‌കോര്‍ട്ടേഴ്‌സില്‍ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ ഹൃദയം തുറന്നു. ``ഇത്‌ എന്റെ വിജയമല്ല. തായ്‌ ജനത എനിക്ക്‌ സമ്മാനിച്ച അവസരം മാത്രമാണിത്‌. ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ള സേവനങ്ങള്‍ക്കായി ഈ സന്ദര്‍ഭത്തെ പൂര്‍ണമായി വിനിയോഗിക്കാന്‍ ഞാന്‍ സദാ ജാഗ്രത പുലര്‍ത്തും.'' വിനയവും സാമൂഹിക പ്രതിബദ്ധതയും നിറഞ്ഞ ആ വാക്കുകളില്‍ സമ്മതിദായകര്‍ വിശ്വാസമര്‍പ്പിക്കുന്നു. ആത്മാര്‍ത്ഥമായ ഒരു പ്രാര്‍ത്ഥനയുടെ സാഫല്യം പോലെയുള്ള ഈ വിജയത്തിന്‌ ജനകീയതയുടെ വിജയമുണ്ട്‌. മാതൃരാജ്യത്തെ ജനതയെ ഒന്നുപോലെ കണക്കാക്കി ധര്‍മ്മബോധം കൈവെടിയാതെയുള്ള ഭരണം കാഴ്‌ചവെക്കുന്ന പക്ഷം ഈ പുതിയ രാഷ്ട്രീയ താരോദയം തായ്‌ലന്‍ഡില്‍ മാറ്റത്തിന്റെ പുതിയ പ്രഭാതോദയം ആയിത്തീരും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top