മദീനയിലെ പ്രാവുകള്‍

റസാഖ് പള്ളിക്കര /സഞ്ചാരം No image

ദോഹയില്‍ നിന്നും സല്‍വാ റോഡ് വഴി സൗദിയുടെ അതിര്‍ത്തി പിന്നിടുമ്പോള്‍, മനസ്സ് നിറയെ മദീന നിറനിലാവായി പെയ്യുകയായിരുന്നു.
റോഡിന് ഇരുവശങ്ങളിലും, നോക്കെത്താത്ത മരുഭൂമിയാണ്. അവിടങ്ങളില്‍ മേഞ്ഞു നടക്കുന്ന ഒട്ടകങ്ങളും, ഒറ്റപ്പെട്ട ആട്ടിന്‍പ്പറ്റങ്ങളും, ഉയര്‍ന്നു പൊങ്ങുന്ന തീക്കാറ്റും കാഴ്ചയില്‍ മറഞ്ഞു നീങ്ങുമ്പോഴും, ഓര്‍മകളില്‍ ചരിത്രം എക്കാലവും കാത്തു സൂക്ഷിക്കുന്ന പ്രവാചക മഹിമയുടെ ഓരോ സുവര്‍ണ അധ്യായങ്ങളും ഒളി മിന്നിക്കൊണ്ടിരുന്നു.
ശത്രുക്കളുടെ ക്രൂരമായ പീഢനങ്ങള്‍ അസഹ്യമായപ്പോള്‍ ജനിച്ച നാടിനോടുള്ള നൊമ്പരപ്പെടുത്തുന്ന വേര്‍പിരിയല്‍, ശത്രുക്കളുടെ കണ്ണില്‍ പെടാതെയുള്ള പലായനം, ഇടത്താവളമായി സൗര്‍ ഗുഹാവാസം, കൂട്ടിനുള്ള അടുത്ത സുഹൃത്തായ അബൂബക്‌റിന്റെ സമാശ്വസിപ്പിക്കല്‍, വഴി സുഗമമാക്കാന്‍ ഉറൈബിള് എന്ന അമുസ്‌ലിം  സുഹൃത്തും,
അവര്‍ യാത്ര തുടരുന്ന ദുര്‍ഘടം പിടിച്ച വഴികള്‍, മനസ്സിലോര്‍ത്തപ്പോള്‍ ആ ത്യാഗത്തിന്റെ മുമ്പില്‍ ലോകം ചെറുതായി ചെറുതായി പോകുന്നത് പോലെ ഒരു നിമിഷം തോന്നിപ്പോയി.
ഭക്ഷണമില്ല, വെള്ളമില്ല, നല്ല വാഹനമില്ല, ഒരാള്‍ ക്ഷീണിക്കുമ്പോള്‍ മറ്റൊരാള്‍ എന്ന നിലയിലുള്ള ഒട്ടകസഞ്ചാരവും പ്രയാസം തന്നെയായിരുന്നു. പോരുമ്പോള്‍, അബൂബക്‌റിന്റെ അരുമമകള്‍ അസ്മാഅ് പൊതിഞ്ഞു കൊടുത്ത ഭക്ഷണവും തീരാറായിരിക്കുന്നു. അപ്പോള്‍ ആരോ ബസ്സില്‍നിന്നും വെച്ചു നീട്ടിയ മധുരനാരങ്ങ എനിക്ക് തിന്നാന്‍ തോന്നിയില്ല. കാരണം പ്രവാചകനെ പിടിച്ചു കൊടുത്താല്‍ ലഭിക്കുന്ന സമ്മാനം മോഹിച്ചു മക്കയിലെ മികച്ച കുതിര ഓട്ടക്കാരന്‍ സുറാഖ പ്രവാചകനെ പിന്തുടരാന്‍ തയ്യാറായി കഴിഞ്ഞിരുന്നു. ആ കാഴ്ച ഞാന്‍ കാണുകയാണ്.
അയാള്‍ തന്റെ കുതിരയെ ശരം കണക്കെ പായിപ്പിക്കുകയാണ്. ആവുന്നത്ര വേഗത്തില്‍, പ്രവാചകനെ കണ്ട് കൈയെത്തും ദൂരത്ത്, സുറാഖ എത്തിയപ്പോഴാണ് ഒരു നിയോഗം പോലെ, എല്ലാ സ്വപ്‌നങ്ങളും തകിടം മറിയുന്നത്.
കുതിരയുടെ കാലിടറുകയാണ്. എത്ര തെളിച്ചിട്ടും അവക്ക്, മുന്നോട്ടുപോകാന്‍ കഴിയുന്നില്ല. എല്ലാ ശ്രമങ്ങളും വിഫലമാവുകയാണ്. ജീവിതത്തിലാദ്യമായി സുറാഖ പതറുകയാണ്.
ഏതോ അകാരണമായ ഭയം അയാളെ ശ്വാസം മുട്ടിക്കാന്‍ തുടങ്ങിയപ്പോള്‍ സുറാഖക്ക് പിന്നീട് ഒന്നും ആലോചിക്കാനായില്ല.
എല്ലാ നിയന്ത്രണവും വിട്ട് ഉറക്കെ പറഞ്ഞുപോയി: 'പ്രവാചകരെ, മാപ്പ് തരിക... മാപ്പ്...'
ശബ്ദം കേട്ടപ്പോള്‍ പ്രവാചകരും കൂട്ടുകാരും തിരിഞ്ഞുനോക്കി. 'ഓ, സുറാഖ, നീയാണോ?' അബൂബക്‌റിന്റെ (റ) മുനവെച്ച ചോദ്യത്തിന് മുമ്പില്‍ സുറാഖക്ക് ഒരു മറുപടിയും ഉണ്ടായില്ല. അയാള്‍ കുറ്റസമ്മതത്തോടെ കരയുകയാണ്. ആ കണ്ണീരിലും കേഴലിലും കാരുണ്യ സ്വരൂപനായ പ്രവാചകന്റെ മനസ്സലിയുകയായി. ചില ഉപാധികളോടെ സുറാഖക്ക് പ്രവാചകന്‍ മാപ്പ് കൊടുത്തു.
മാത്രമല്ല, ഭാവിയില്‍ റോമന്‍ സാമ്രാജ്യത്വ അധിപനായി കിസ്രയുടെ കിരീടവും വളകളും നീ അണിയുന്ന ഒരു കാലം വരാനുണ്ടെന്ന് കൂടി കേട്ടപ്പോള്‍ 'സുറാഖാ നീയെത്ര ധന്യവാന്‍' എന്ന് എന്നോട് ആവേശത്തില്‍ പറഞ്ഞുപോയതും ബസ്സിലുള്ളവര്‍ ഒരുമിച്ച് എന്നെ വല്ലാത്തൊരു നോട്ടം നോക്കിയതും ഒരുമിച്ചായിരുന്നു.
അപ്പോഴേക്കും ബസ്സൊരു തുര്‍ക്കി ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്തിരുന്നു. ഇനി ഭക്ഷണവും വിശ്രവുമാണ്. നല്ല പാകത്തില്‍ ചെത്തിയരിഞ്ഞെടുത്ത ഒട്ടകമാംസവും, പതമുള്ള തുര്‍ക്കിറൊട്ടിയും വലിയ തളികകളില്‍ നിരന്നപ്പോള്‍ എരിവും പുളിയുമൊന്നും ആര്‍ക്കുമൊരു പ്രശ്‌നമായി തോന്നിയില്ല.
വീണ്ടും യാത്ര തുടങ്ങി. നല്ല വൃത്തിയും വെടിപ്പും മിനുസവുമുള്ള സൗദിയന്‍ റോഡ് യാത്ര നല്ല സുഖമുള്ള അനുഭവമാണ്. പക്ഷെ, ഗ്രാമ വഴിയോരങ്ങളിലെ പെട്രോള്‍ പമ്പുകള്‍ മാത്രമായിരുന്നു അതിനൊരു അപവാദമായി തോന്നിയത്. പഴക്കംകൊണ്ട് ജീര്‍ണിച്ചവ. ഇടവിട്ടുള്ള പാലങ്ങളും മെച്ചമായിരുന്നു.
തുടര്‍ന്നെത്തിയത് ഖുബാഇല്‍ എന്ന സ്ഥലത്താണ്. ഇവിടെയാണ് പ്രവാചകന്‍ മക്ക വിട്ടപ്പോള്‍ ആദ്യമായി തങ്ങിയത്. മദീനയിലെ പ്രവാചകന്‍ പണിത പള്ളിയും ഇവിടെത്തന്നെയാണ്. ഖുബാ മസ്ജിദ്. ഇന്ന് അതെത്ര സുന്ദരം, മനോഹരം. മൂന്ന് ദിവസമാണ് പ്രവാചകനും കൂട്ടരും ഇവിടെയന്ന് താമസിച്ചത്. കുല്‍സുബ്‌നു ഹദ്ദത്തിന്റെ കൊച്ചുവീട്ടില്‍, പ്രവാചകരെ എത്ര സല്‍ക്കരിച്ചിട്ടും അദ്ദേഹത്തിന് മതിവരുന്നില്ല.
അപ്പോഴേക്കും വാര്‍ത്ത മദീനയില്‍ അറിഞ്ഞിരുന്നു. മദീനയുടെ നിറഞ്ഞ സന്തോഷത്തില്‍ എന്റെ മനസ്സും തുടിക്കുകയാണ്. ആ ആവേശത്തള്ളിച്ചയില്‍ പലര്‍ക്കും ആത്മനിയന്ത്രണംപോലും നഷ്ടമാവുകയാണ്. അതില്‍ വലിപ്പച്ചെറുപ്പമില്ല. യഹൂദി, നസ്രാണി, അടിമയുടമകള്‍ തുടങ്ങി ആബാലവൃദ്ധം ജനങ്ങളും സന്തോഷത്തിലാണ്. താങ്കള്‍ ഇന്നലെവരെ കേട്ടറിഞ്ഞ പ്രവാചക പൂമുത്തിനെ ഒരു നോക്ക് കാണാനായി അവരോടൊപ്പം എന്റെ മനസ്സും ശരീരവും കൊതിക്കുകയാണ്. കൊച്ചുകുട്ടികളുടെ പാട്ടും, തുള്ളലും ഏറിയേറി വരികയാണ്. 'ത്വലഅല്‍ ബദറു അലയ്‌നാ / മിന്‍ഥാനിയ്യാതില്‍ വിദാഇ /വജബശ്ശുകുറു അലയ്‌ന / മാദആ ലില്ലാഹി ദാഇ......' വിദാഅ പര്‍വതത്തിന്റെ വിടവിലൂടെ ഞങ്ങള്‍ക്ക് മുകളിലിതാ പൗര്‍ണമിചന്ദ്രന്‍ ഉദയം ചെയ്തിരിക്കുന്നു.
നജ്ജാര്‍ ഗോത്രത്തിലെ ആ കൊച്ചുമിടുക്കിമാരുടെ ദഫ്മുട്ടി പാടലില്‍ ഞാനും അറിയാതെ താളം പിടിക്കുകയാണ്. കണ്‍നിറയെ കാണാനും ആ പൂമേനിയില്‍ ഒന്ന് തൊടാനും ആരാണ് കൊതിക്കാത്തത്? പ്രവാചകരെ ഒരുമ്മ... തിരക്കുകള്‍ക്കിടയിലും, കൊച്ചുകുട്ടികളെ പ്രവാചകന്‍ തൊട്ടുതലോടി ലാളിക്കുന്നുണ്ട്. ആ ലാളന ഏറ്റുവാങ്ങാന്‍ ഓരോരുത്തരും വീര്‍പ്പുമുട്ടുകയാണ്. എങ്ങും എവിടെയും ആഹ്ലാദത്തിമിര്‍പ്പുകള്‍... എല്ലാ ചുണ്ടുകളിലും പ്രവാചകരെ, സലാം സലാം....
ഓരോരുത്തരും അവരവരുടെ വീടുകളിലേക്ക് പ്രവാചകനെ സല്‍ക്കരിക്കാന്‍ പിടിയും വലിയുമായി. രംഗം വഷളാവുമെന്ന് കണ്ടപ്പോള്‍ ഗോത്രമൂപ്പന്മാര്‍ ഇടപെടുകയാണ്. പ്രവാചകന്റെ ഒട്ടകം ആരുടെ വീട്ടുപടിക്കലാണോ മുട്ട് കുത്തുന്നത് അവിടെയായിരിക്കും പ്രവാചകവാസം.
എല്ലാവര്‍ക്കും ആ തീരുമാനം സ്വീകാര്യമായി. തുടര്‍ന്നുണ്ടായ, ഒട്ടകത്തിന്റെ പിറകിലെ ആരവം എന്റെ കാതുകളില്‍ അലക്കുകയാണ്. അപ്പോള്‍ ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല. ബസ്സും യാത്രയും പാസ്‌പോര്‍ട്ടും ഒന്നും. തെല്ല് നേരം കഴിഞ്ഞപ്പോള്‍, എല്ലാവരെയും മുള്‍മുനയില്‍ നിര്‍ത്തി ഒട്ടകമതാ മുട്ടുകുത്തുന്നു. അന്‍സ്വാരി അബൂ അയ്യൂബ് ഖാലിദ് ബിന്‍ സൈദിന്റെ വീട്ടുപടിക്കലില്‍. 'ഭാഗ്യവാന്‍, ഭാഗ്യവാന്‍' ആളുകള്‍ ആവേശം കൊള്ളുകയാണ്. തുടര്‍ന്ന് കുറച്ചു മാസങ്ങളെ പ്രവാചകന്‍ അവിടെ താമസിച്ചുള്ളൂ. പിന്നീട് സ്വന്തം വീട്ടിലേക്ക് മാറിത്താമസിച്ചു. തൊട്ടടുത്തായിരുന്നു സഹല്‍, സുഹൈല്‍ എന്ന അനാഥബാലരുടെ ഒഴിഞ്ഞ സ്ഥലം. ഈത്തപ്പഴം ഉണക്കാനാണ് അത് ഉപയോഗിച്ചിരുന്നത്. പ്രവാചകന്‍ ആ സ്ഥലത്തിന് അന്വേഷിച്ചപ്പോള്‍ സൗജന്യമായി നല്‍കാമെന്നായി. പക്ഷെ, പ്രവാചകന്‍ അത് സ്‌നേഹപൂര്‍വം നിരസിച്ചു. ഒടുവില്‍ കാശ് നല്‍കി ആ സ്ഥലം വാങ്ങി അവിടെ പള്ളിപ്പണി ആരംഭിച്ചു. മസ്ജിദുന്നബവി തന്നെ.
ഈത്തപ്പന തടി മരങ്ങളും ഓലകളും കൊണ്ട് പണിത പള്ളി കാലഘട്ടങ്ങളിലൂടെ വികസിപ്പിച്ചാണ് ഇന്ന് ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒരേ സമയം നമസ്‌കരിക്കരിക്കാനുള്ള സൗകര്യമാക്കി മാറ്റിയത്. അന്ന് വെളിച്ചത്തിന് വേണ്ടി വൈക്കോല്‍ കത്തിച്ചാണ് പ്രാര്‍ഥന നടത്തിയിരുന്നത്. ഇന്നോ? വൈദ്യുത ദീപപ്രഭയില്‍, പള്ളി മുഴുവനും നിറഞ്ഞു പ്രകാശിക്കുകയാണ്. വലതുകാല്‍ വെച്ച് പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ സകലരുടെയും ശ്രദ്ധ എവിടെ റൗളാ ശരീഫ് എന്നായിരുന്നു. പ്രവാചക വീടിന്റെയും മിമ്പറിന്റെയും, ഇടയിലുള്ള കുറച്ചു സ്ഥലം. സ്വര്‍ഗത്തിലെ പൂന്തോട്ടം! ആരും കൊതിച്ചു പോകുന്ന സ്ഥലം.
ആ പച്ച അടയാളപ്പെടുത്തിയ വിരിപ്പിലിരുന്ന് പ്രാര്‍ഥിച്ചപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞുപോയി. 'തമ്പുരാനെ, സര്‍വസ്തുതിയും നിനക്ക് മാത്രം.' തൊട്ടപ്പുറം പ്രവാചകന്‍ അന്ത്യവിശ്രമം കൊള്ളുകയാണ്. ഉറ്റ സുഹൃത്തുക്കള്‍ അബൂബക്‌റും (റ), ഉമറും (റ) തൊട്ടടുത്ത് തന്നെയുണ്ട്. നിറഞ്ഞ മനസ്സോടെ പതുക്കെ നടന്നു. 'അറിയുക, പ്രവാചക സന്നിധാനത്തില്‍, ശബ്ദം താഴ്ത്തി പതുക്കെ സംസാരിക്കുക' എന്ന ഖുര്‍ആന്‍ വചനം അവിടെ എഴുതിവെച്ചത് വായിച്ചപ്പോള്‍ സലാം പറയല്‍ പോലും പതുക്കെയായി. പുറത്തേക്ക് തള്ളിയ മൂന്ന് ദ്വാരങ്ങളിലൂടെ ഖബറിടങ്ങളിലേക്ക് കണ്ണ് പായിക്കുന്നവരുണ്ട്. എനിക്കങ്ങനെ നോക്കാന്‍ തോന്നിയില്ല. കാരണം, ആ ദ്വാരങ്ങളിലൂടെ ഖബര്‍ അടയാളമല്ലാതെ ഒന്നും കാണാന്‍ കഴിയില്ല. ചരിത്രം അതാണ് പഠിപ്പിച്ചത്. ഹിജ്‌റ 557-ല്‍ സുല്‍ത്താന്‍ മഹമൂദ് ബിന്‍ സങ്കി എന്ന സിറിയന്‍ രാജാവാണ് വിശുദ്ധ ഖബറിടത്തിന് ചുറ്റും ഈയം ഉരുക്കി ഭൂഗര്‍ഭമതില്‍ നിര്‍മിച്ചത്. ഇന്നും മൂന്ന് അറകള്‍ക്ക് ഉള്ളിലാണ് ഖബറുകള്‍ സ്ഥിതിചെയ്യുന്നത്. ആദ്യത്തേത് സാക്ഷാല്‍ ആയിഷ (റ)യുടെ വീടിന്റെ ചുറ്റുമതില്‍. പിന്നീട് ഉമര്‍ബിന്‍ അബ്ദുല്‍ അസീസ് നിര്‍മിച്ച പഞ്ചകോണാകൃതിയിലുള്ള മുറി. തുടര്‍ന്ന് കെയ്തുബായുടെ കാലത്ത് പുനര്‍നിര്‍മിച്ച ഗ്രില്‍സും ഭിത്തിയും കര്‍ട്ടനിട്ട ഭാഗവും. ഇത്രയും ഭദ്രമാക്കിയ ഖബറുകള്‍ ഒരാള്‍ക്കും കാണാന്‍ കഴിയില്ല.
കുറച്ചുനേരം കൂടി അവിടെ മനസ്സുറപ്പിച്ചു. ജിബ്‌രീല്‍ മാലാഖ മുത്തമിട്ട് കയറിയിറങ്ങിയ വാതിലിലൂടെ പുറത്തേക്ക് കടന്നു. പുറത്ത് ആളുകളുടെ തിരക്ക് കൂടി വരികയാണ്. പകല്‍ ഒരു പൂവിരിയുന്നത് പോലെ വിരിഞ്ഞു നില്‍ക്കുകയും രാത്രി കൂമ്പി പോവുകയും ചെയ്യുന്ന ട്രെഫ്‌ളോര്‍ കുടകള്‍ വിസ്മയിപ്പിക്കുന്നൊരു കാഴ്ച തന്നെയാണ്.
ഒരല്‍പമകലെ ജന്നത്തുല്‍ വാഖിഅ. പൂര്‍വികരായ സ്വഹാബികളും പ്രവാചക ഭാര്യമാരും അവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്. അവിടെയൊന്നും മീസാന്‍ നാട്ടിയിട്ടില്ല. ഖബര്‍ കെട്ടിപ്പൊക്കിയിട്ടില്ല. അത് കണ്ടപ്പോള്‍ ഒരു നിമിഷം എന്റെ ചിന്തകള്‍ നാടിനെക്കുറിച്ചായി. ഇന്ന് നമ്മുടെ ഖബറിടങ്ങളും വഴിമാറുകയാണ്. പഴയ മീസാന്‍ കല്ലുകള്‍ക്ക് പകരം എങ്ങും മാര്‍ബിള്‍ പൂക്കുകയാണ്.
പുത്തന്‍ പണക്കാരന്റെ പുതിയ ഓരോ പൊങ്ങച്ചങ്ങള്‍... മരണക്കിടക്കയില്‍ ആശ്വാസ വാക്കോതാന്‍ പോലും സമയമില്ലാത്ത കരുണവറ്റിയ പുന്നാരമക്കളുടെ ഒടുക്കത്തെ പത്രാസുകള്‍. പൂര്‍വമഹാന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന ജന്നത്തുല്‍ വാഖിഅ, അവിടെ ഉയര്‍ന്നുനിര്‍ക്കുന്ന ഒരു മീസാന്‍ പോലുമില്ല. ചുറ്റും കെട്ടിയ വേലിക്കിപ്പുറം നിന്ന് ചിലര്‍ എന്തൊക്കെയോ പരാക്രമങ്ങള്‍ കാണിക്കാന്‍ ശ്രമിക്കുന്നുണ്ട്. കാവലിലുള്ള പോലീസുകാര്‍ ശരിയായ നിര്‍ദേശം നല്‍കി അവരെ പിന്തിരിപ്പിക്കുന്നുമുണ്ട്.
നേരം ഇരുട്ടുകയാണ്. അപ്പോഴാണ് തൊട്ടുമുമ്പില്‍ ആ സ്ത്രീരൂപം പ്രത്യക്ഷപ്പെട്ടത്. ഒറ്റനോട്ടത്തില്‍ മരിച്ചു പോയ എന്റെ ഉമ്മയുടെ അതെ ഭാവവും രൂപവും. 'മോനെ...' ആ വിളി സ്വര്‍ഗത്തില്‍ നിന്നാണോ! നീട്ടിയ ആ കൈകളില്‍ എത്ര നല്‍കിയെന്ന് പോലും എനിക്ക് ഓര്‍മയുണ്ടായില്ല. അവരുടെ നാടും വീടും ചോദിച്ചിരുന്നില്ല, ആ കണ്ണുകളിലെ നിറത്തിളക്കം എന്റെ സ്വര്‍ഗവാതിലിന്റെ പൊന്‍തിളക്കമായിരുന്നുവോ? താഴെയും മേലെയും കൊച്ചരിപ്രാവുകള്‍ അപ്പോഴും കലപിലകൂട്ടി തിമിര്‍ക്കുകയാണ്. ഇതിലേതാണ് സൗര്‍ഗുഹയില്‍ പ്രവാചകന് രക്ഷാകവചം തീര്‍ത്ത ആ തലമുറയുടെ പിന്മുറക്കാര്‍?
ഓരോ പ്രാവുകളെയും ഞാന്‍ വീക്ഷിച്ചെങ്കിലും അവ തീറ്റയുടെ തിരക്കിലാണ്. എത്ര ഊട്ടിയാലും ആര്‍ക്കും മതിവരുന്നില്ല. അന്ന് മക്കയില്‍നിന്നും അഭയം തേടിയെത്തിയ മുഹാജിറുകളെ എത്ര ഊട്ടിയാലും അന്‍സ്വാറുകള്‍ക്ക് മതിവന്നിരുന്നില്ലല്ലോ. ആ സ്‌നേഹമാതൃക ഇപ്പോഴും തുടരുകയാണ്. ഹൃദയം നിറയെ കാരുണ്യം നിറച്ചുള്ള ആ അന്‍സ്വാറുകളുടെ മാതൃക അവസാനിക്കുകയില്ല. മദീനയോട് വിട ചോദിക്കാന്‍ നേരമായി. ആകാശം പോലും നിറദീപം കത്തിച്ച് വഴി നീളെ പ്രകാശം നല്‍കുകയാണ്. 'നക്ഷത്രം പൂക്കുന്ന ആകാശങ്ങളില്‍ പിശാചുക്കള്‍ മേയുകയില്ല' എന്ന ഖുര്‍ആന്‍ വചനമോര്‍ത്ത് പതുക്കെ യാത്ര പറയുമ്പോള്‍, മദീന നിറനിലാവായി പെയ്യുക തന്നെയാണ്. അസ്തമയമില്ലാതെ...

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top