ശാക്തീകരണത്തിന്റെ പെണ്‍ശബ്ദം

വി.മൈമൂന മാവൂര്‍ No image

മാര്‍ച്ച് 8 വനിതാദിനം

ഒരു ദശാബ്ദത്തിനുള്ളില്‍ കേരളത്തിന്റെ ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാരിന്റെ സ്വര്‍ണ ജയന്തി സഹകാരി റോസ്ഗാര്‍യോജന (SJSRY) പദ്ധതി പ്രകാരം കേരള സര്‍ക്കാര്‍ ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടപ്പാക്കിയ സമഗ്ര ദരിദ്ര നിര്‍മാര്‍ജന പദ്ധതിയാണ് കുടുംബശ്രീ. ദരിദ്ര വനിതകളെ സ്വയം സഹായ ലക്ഷ്യമുള്ള ത്രിതല സമൂഹങ്ങളായി സംഘടിപ്പിച്ച്, ലഭ്യമായ ആശയ വിഭവസ്രോതസ്സുകളും ദാരിദ്ര്യത്തിന്റെ സമസ്ത രൂപഭാവങ്ങളെയും ഉന്മൂലനം ചെയ്യാനുള്ള ഒരു നൂതന ദാരിദ്ര്യനിര്‍മാര്‍ജന സമീപനമാണ് കുടുംബശ്രീ സമര്‍പ്പിക്കുന്നത്. 1999 ഏപ്രില്‍ ഒന്നിനാണ് മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
സംസ്ഥാനത്തെ ഏറ്റവും മികച്ച സി.ഡി.എസുകളെയും നൂതന സംരംഭകരെയും തെരഞ്ഞെടുക്കുന്നതിനായി ദൂരദര്‍ശനുമായി സഹകരിച്ചു നടത്തിയ സോഷ്യല്‍ റിയാലിറ്റി ഷോയില്‍ 181 എപ്പിസോഡില്‍നിന്നും 2-ാം സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ചാത്തമംഗലം സി.ഡി.എസാണ്. കുടുംബശ്രീ സംസ്ഥാന, ജില്ലാ മിഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ നാല് തനത് പ്രവര്‍ത്തനങ്ങളാണ് അവരെ അവാര്‍ഡിനര്‍ഹമാക്കിയത്. സ്ത്രീയുടെ വ്യക്തിഗത, സാമ്പത്തിക, സാമൂഹിക മേഖലകളിലൂന്നിയായിരുന്നു അവ. ഹരിതശ്രീ പദ്ധതിയിലൂടെ 18 ഏക്കറോളം ഭൂമിയില്‍ 250-ലധികം ഗുണഭോക്താക്കള്‍ വിവിധ ജൈവപച്ചക്കറി ഉല്‍പാദിപ്പിച്ച് ഇടനിലക്കാരില്ലാതെ സ്വയം വിപണന മേഖല കണ്ടെത്തി ലാഭം കൊയ്‌തെടുത്തു. നിര്‍ധന കുടുംബാംഗങ്ങള്‍ക്ക് കൈതാങ്ങാവുന്നതിനായി 100 അംഗങ്ങളില്‍നിന്നും 1000 രൂപ വീതം സ്വരൂപിച്ച് ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്‌കീം (GDS) പരീക്ഷണാര്‍ഥം ആരംഭിക്കുകയും, വീണ്ടും തുക വര്‍ധിപ്പിച്ച് 23 ലക്ഷം രൂപ പരസ്പര വിശ്വാസവും സഹകരണവും ഈട് കണ്ടുകൊണ്ട് ബാങ്കിന്റെ കാലദൈര്‍ഘ്യവും ഈട് വെപ്പിന്റെ ഞെരുക്കങ്ങളും ഇല്ലായ്മ ചെയ്തുകൊണ്ട് ആവശ്യങ്ങളുടെ മുന്‍ഗണനാക്രമത്തില്‍ വിതരണം നടത്തുകയും ചെയ്തു. കുടുംബശ്രീ ബാങ്ക് നിലവില്‍ വരുമെന്നും ഇസ്‌ലാമിക് ഫിനാന്‍സിന്റെ പലിശരഹിത സംവിധാനങ്ങള്‍ സമൂഹത്തില്‍ പ്രയോജനമാണെന്നും പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചു. നിര്‍ധനരുടെ വീട് നിര്‍മാണം, വിവാഹങ്ങള്‍, വിദ്യാഭ്യാസ ചെലവുകള്‍ തുടങ്ങിയവക്ക് കൈതാങ്ങാവാന്‍ സാധിക്കുന്ന പദ്ധതിയായിരുന്നു ഏഉട.
ഇന്റേണല്‍ ജോബ് റിക്രൂട്ട് (IJR) പദ്ധതിയിലൂടെ ഇഉട-ന് കീഴിലെ തൊഴിലന്വേഷകരുടെ രജിസ്റ്റര്‍ തയ്യാറാക്കി. വിവിധ സ്ഥാപനങ്ങളും വ്യക്തികളും വിവിധ ജോലിക്കാരെ താല്‍കാലികാടിസ്ഥാനത്തില്‍ ആവശ്യപ്പെടുകയും നിരവധിപേരെ 10000 ലധികം രൂപ വരുമാനമുള്ളവരുമാക്കി കുടുംബത്തെ ശാക്തീകരിക്കാന്‍ സാധിച്ചു. കൂടാതെ, ലഹരിയുടെ ദൂഷ്യങ്ങള്‍ അനുഭവപ്പെട്ടപ്പോള്‍ ബോധവല്‍കരണ യജ്ഞത്തിനായി 'സുല്ല് ചൊല്ലാതെ ലഹരിയോട്' എന്ന നാടക അവതരണ ഗ്രൂപ്പ് തയ്യാറാക്കി സൗജന്യമായി ഇഉടന് കീഴില്‍ അവതരിപ്പിച്ച് സംസ്ഥാന അവാര്‍ഡ് നേടി.
ഈ പ്രവര്‍ത്തനങ്ങളുടെ അമരക്കാരിയായി പ്രവര്‍ത്തിച്ചത് കളളന്‍തോട് സ്വദേശി വി.സാബിറയെന്ന പത്താംതരം വിദ്യാഭ്യാസയോഗ്യതയുള്ള വീട്ടമ്മയായ ഇഉട ചെയര്‍പേഴ്‌സണായിരുന്നു. ഒരു സ്റ്റോപ്പ് ദൂരം സ്വന്തമായി യാത്രചെയ്യാത്ത അവര്‍ 2003 മുതലുള്ള കുടുംബശ്രീ ശാക്തീകരണ ക്ലാസ്സുകളുടെ പങ്കാളിത്തവും പ്രോത്സാഹനവും ഊര്‍ജവും പരിചയവും മൂലം ഇന്ന് എല്ലാ ജില്ലകളിലും യാത്രചെയ്യുന്നതിനും ഏത് കാര്യങ്ങള്‍ ഏറ്റെടുക്കുന്നതിനുമുള്ള പക്വതയും തന്റേടവുമുള്ള കരുത്തുള്ള വനിതയായി മാറി. സാമൂഹ്യപ്രവര്‍ത്തനവുമായി കുടുംബാന്തരീക്ഷത്തെ മാറ്റിയെടുക്കുന്നതില്‍ ആശ്രയ പദ്ധതിയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് സഹായകമായി. ഏതൊരാള്‍ക്കും താങ്ങും തണലുമാണ് സാബിറ. എല്ലാറ്റിനും കൂട്ടായി അക്കൗണ്ടന്റ് ഫൈസിയും ഉണ്ട്.
ജീവിത പ്രതിസന്ധികളില്‍ പകച്ചുപോയ നിമിഷങ്ങളില്‍ മനോധൈര്യവും ആത്മവിശ്വാസവും വീണ്ടെടുക്കാന്‍ പ്രചോദനമായതും സാമ്പത്തികമായി സഹായമായതും കുടുംബശ്രീപ്രവര്‍ത്തനങ്ങളും പങ്കാളിത്തവുമാണെന്ന് കുറ്റിക്കാട്ടൂരിലെ സ്‌നേഹ കുടുംബശ്രീ സെക്രട്ടറി ശ്രീമതി ജമീല ആത്മാഭിമാനത്തോടെ പങ്കുവെച്ചു. ഉയര്‍ന്ന ജീവിതസൗകര്യത്തോടെ ഒരു ഗള്‍ഫുകാരന്റെ ഭാര്യയായി ജീവിക്കുന്നതിനിടയിലാണ് ഭര്‍ത്താവിന്റെ ആകസ്മിക മരണം അവരെ പ്രഹരമേല്‍പിച്ചത്. മൂന്ന് പെണ്‍കുട്ടികളുടെ പഠനം, വിവാഹം തുടങ്ങി ചോദ്യചിഹ്നങ്ങളുടെ എണ്ണം കൂടി വന്നപ്പോള്‍ കുടുംബശ്രീ ആന്തരിക വായ്പ, ലിങ്കേജ് ലോണ്‍ തുടങ്ങിയവ സ്വരൂപിച്ച് തുണിത്തരണങ്ങള്‍ വാങ്ങി വീട്ടിലും രണ്ട് ജോലിക്കാരെ കമ്മീഷന്‍ വ്യവസ്ഥയില്‍ വെച്ചുമാണ് കുടുംബത്തെ പട്ടിണിയില്‍ നിന്നും രക്ഷപ്പെടുത്താനായത്. വൈധവ്യത്തിന്റെയും ദാരിദ്ര്യത്തിന്റെയും സഹതാപത്തിന് ഇരയായാകാതിരിക്കാന്‍ അഭിമാനത്തിന്റെ കവചമുള്ള ജമീല ഇച്ഛാശക്തിയുടെയും പ്രതീക്ഷയുടെയും ജീവിക്കുന്ന മാതൃകയാണ്. കൂടാതെ, പഞ്ചായത്ത് മുട്ടഗ്രാമം പദ്ധതിയിലുള്‍പെടുത്തി ബാങ്ക് വായ്പയോടെ 25 മുട്ടക്കോഴികളെയും വളര്‍ത്തി. ഇപ്പോഴും പുതിയ സംരംഭങ്ങളെക്കുറിച്ച് ആരായുകയാണ് ഈ 54-കാരി.
പരിസര ശുചീകരണ പ്രവര്‍ത്തനങ്ങളും തൊഴിലുറപ്പ് പദ്ധതിയും പച്ചക്കറി നടീലും മാത്രമാണ് കുടുംബശ്രീ പ്രവര്‍ത്തനമെന്ന ധാരണ തിരുത്തുന്നതാണ് കോഴിക്കോട് ജില്ലയിലെ എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന മെറ്റാ ലേഡി ഹെല്‍ത്ത് ക്ലബ്. കോഴിക്കോട് കോര്‍പറേഷനിലെ നോര്‍ത്ത് ഡിവിഷന്‍ സി.ഡി.എസിന് കീഴിലെ മൂന്ന് കുടുംബശ്രീകളിലെ അഞ്ച് വനിതകളായ മോളി സൈമണ്‍, ജിഷ അരുണ്‍, സജിനി ഭായ്, സുനീല, അനില തുടങ്ങിയവരാണ് ഈ മികച്ച യജ്ഞത്തിന് മുതിര്‍ന്നത്. സ്ത്രീകള്‍ക്കായി സ്ത്രീകള്‍ മാത്രം നടത്തുന്ന പ്രഥമ സംരംഭമായിരിക്കും ഈ കേന്ദ്രം. പെണ്‍കരുത്തിന്റെ മെയ്‌വഴക്ക സൗന്ദര്യത്തിന്റെ സാധ്യതകള്‍ തുറന്നുകാണിക്കുന്ന, വ്യായാമത്തിന്റെ ആവശ്യകത ഉറപ്പിച്ച് ആരോഗ്യമുള്ള ശരീരത്തെ രൂപപ്പെടുത്താന്‍ ഇവര്‍ ജിംനേഷ്യം, എയ്‌റോബിക്‌സ്, സ്റ്റീം ബാത്ത്, തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്നു. കൂടാതെ ജോലിയുള്ള സ്ത്രീകള്‍ക്ക് ഒരു സഹായകമാകും വിധം ഡെ കെയര്‍, തൊഴിലന്വേഷകര്‍ക്ക് തയ്യല്‍ തുടങ്ങി വിവിധ ജീവിത സാഹചര്യങ്ങളുള്ളവര്‍ക്ക് സഹായകമായി ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. നീണ്ട ഒരു വര്‍ഷക്കാലത്തെ ശാക്തീകരണ ശില്‍പശാലകള്‍, പഠനക്ലാസുകള്‍, പരിശീലനങ്ങള്‍ തുടങ്ങിയവയിലൂടെ 2015 ഫെബ്രുവരിയില്‍ കുടംബശ്രീ ജില്ലാമിഷന്റെ സഹായത്തോടെ ഒന്‍പതു ലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് മൂന്ന് ലക്ഷം രൂപ സബ്‌സിഡിയോടെ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തനം തുടങ്ങിയത്.
കേരളത്തിലെ ജനത്തിരക്കേറിയ നഗരങ്ങളിലെ വീടുകളിലെ മാലിന്യസംസ്‌കരണ പരിപാടിയില്‍ കോര്‍പറേഷനുള്ള കൂട്ട് കുടുംബശ്രീയാണ്. പുലരും മുമ്പെ ജാഗ്രതയോടെ പുറത്തിറങ്ങുന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെ സന്മനസ്സാണ് നഗരത്തിന്റെ ശുചിത്വത്തിന്റെ കാതല്‍. 5.45-ന് പുറപ്പെടുന്ന റീജ.കെ എന്ന പാറോപ്പടി സ്വദേശി 2004 മുതല്‍ ശുചീകരണ സംഘത്തോടൊപ്പമുണ്ട്. വളരെ തുച്ഛമായ വേതനത്തില്‍ തുടങ്ങി ഇപ്പോഴും സംതൃപ്തിയോടെ അതിരാവിലെ ജോലിതുടങ്ങുന്നു 8.30 ആകുമ്പോഴേക്ക് 80 വീടുകളില്‍നിന്നും ശേഖരിക്കുന്ന ഖരമാലിന്യങ്ങള്‍ കോര്‍പറേഷന്റെ വണ്ടിയിലെത്തിക്കുന്നു. സ്വന്തമായി  തൊഴിലും വരുമാനവും മഹത്തരമാണെന്നും സ്വാതന്ത്ര്യവും കരുത്തുമാണെന്നും അയല്‍കൂട്ടയോഗങ്ങളില്‍ തിരിച്ചറിയുകയും കോര്‍പറേഷന്റെ സഹായത്തോടെ ഡ്രൈവിംഗ് പഠിക്കുകയും ചെയ്തു. ഇപ്പോള്‍ എട്ട് അംഗങ്ങള്‍ രണ്ട് വണ്ടി ഉപയോഗിക്കുന്നു. വീടുകളില്‍ നിന്നും ലഭിക്കുന്ന തുക തുല്യമായി വീതിക്കുന്നു. രണ്ട് മക്കളുടെയും കുടുംബത്തിന്റെയും ഉന്നതിയില്‍ ഈ ജോലിയും വരുമാനവും വലിയൊരു മുതല്‍കൂട്ടായതായി റീജ പങ്കുവെച്ചു.
ഇല്ലായ്മയുടെ ഇരയായി പ്രയാസപ്പെടുന്നത് സമൂഹത്തില്‍ വനിതകളാണ്. ദരിദ്ര വനിതകളുടെ ശാക്തീകരണ പ്രക്രിയക്ക് ആക്കം കൂട്ടുന്ന പ്രവര്‍ത്തനത്തിലൂടെ ദരിദ്രസ്ത്രീകളുടെ കാര്യശേഷിയിലും ആസൂത്രണ വൈഭവത്തിലും പൂര്‍ണ വിശ്വാസം പുലര്‍ത്തി തികച്ചും സുതാര്യവും വികേന്ദ്രീകൃതവുമായ സമീപനമാണ് കുടുംബശ്രീ പദ്ധതിക്കുള്ളത്. മൂന്ന് പൂക്കളുള്ള എംബ്ലം പ്രതിനിധാനം ചെയ്യുന്നത് സ്ത്രീശാക്തീകരണം, സാമ്പത്തികശാക്തീകരണം, സാമൂഹികശാക്തീകരണം എന്നീ തലങ്ങളെയാണ്. സ്ത്രീകളുടെ കൂട്ടായ്മയിലൂടെ അയല്‍കൂട്ടം രൂപവല്‍കരിച്ച് ഏതെങ്കിലും ചെറുകിട സംരംഭങ്ങള്‍ വഴി കുടുംബങ്ങള്‍ക്ക് ഒരു നിശ്ചിത വരുമാനമുണ്ടാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുകീഴിലെ 20 കുടുംബങ്ങളിലെ സ്ത്രീകളടങ്ങുന്ന അയല്‍കൂട്ടം, ഓരോ വാര്‍ഡിലും ഏരിയ ഡവലപ്‌മെന്റ് സൊസൈറ്റി (ADS), ഇവയെ ഏകോപിപ്പിക്കുന്ന കമ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി (CDS), ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കുന്ന ഒരു ചെയര്‍പേഴ്‌സണ്‍, തദ്ദേശസ്വയംഭരണ സ്ഥാപന കാര്യാലയത്തില്‍ പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടം, കണക്കുകള്‍ ക്രോഡീകരിക്കുന്നതിന് അക്കൗണ്ടന്റ്, കൃത്യവും ചിട്ടയുമുള്ള ഓഫീസ് രേഖകളുടെ ക്രമീകരണം, സമൂഹത്തിലും വാര്‍ഡിലും പഞ്ചായത്തിലും അധികാരവും അംഗീകാരവും ഹോണറേറിയവും ലഭിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യകൂട്ടായ്മയാണ് ഇന്ന് കുടുംബശ്രീ.
അയല്‍വാസികളായ അംഗങ്ങളാണ് എന്നതിനാല്‍ കൂടുതല്‍ അറിവും അടുപ്പവും ഇവരുടെ സന്തോഷ സന്താപവേളകളിലെ പങ്കാളിത്തവും ഇടപെടലും സഹായസഹകരണങ്ങളും ഓരോ അയല്‍കൂട്ടങ്ങളിലും മാതൃകാപരമാണ്.
അയല്‍കൂട്ട പ്രവര്‍ത്തനങ്ങളുടെ കാതലായ വശമാണ് ലഘുസമ്പാദ്യവായ്പ പദ്ധതി. പരസ്പര വിശ്വാസം, ഉത്തരവാദിത്തം, സഹായം എന്നിവയിലൂന്നിയാണ് ലഘുസമ്പാദ്യ പദ്ധതിയും അനുബന്ധ പ്രവര്‍ത്തനങ്ങളും നിലനില്‍ക്കുന്നത്. വീടിനുമുമ്പിലുള്ള എ.ടി.എം എന്ന വിശേഷണമാണ് ഈ പദ്ധതിക്കുള്ളത്. അയല്‍കൂട്ട അംഗങ്ങളുടെ കൊച്ചുകൊച്ചു സമ്പാദ്യത്തിലൂടെ സ്വന്തം സമ്പാദ്യം ഉണ്ടാക്കുകയും ബാങ്കില്‍ നിക്ഷേപിക്കുകയും അംഗങ്ങള്‍ക്ക് വായ്പയായി പലിശരഹിതമായി വിതരണം നടത്തുകയും ചെയ്യുന്നു. 20000-ത്തോളം രൂപ വായ്പ നല്‍കുന്ന അയല്‍കൂട്ടങ്ങള്‍ ധാരാളമുണ്ട്. പത്തുമാസകാലയളവിനുള്ളില്‍ തിരിച്ചടക്കേണ്ടതാണ് ഈ തുക. ആന്തരിക വായ്പയെ കൂടാതെ, ആറുമാസം പ്രായമായ അയല്‍കൂട്ടങ്ങള്‍ക്ക് ബാങ്കില്‍നിന്നും ലളിതമായ നടപടിക്രമങ്ങളോടെ അംഗങ്ങളുടെ ഉത്തരവാദിത്തത്തില്‍ ബാങ്ക് വായ്പ നല്‍കുന്നു. ഏഴു ശതമാനം വരെ സബ്‌സിഡിയും ലഭിക്കുന്നു.
കേരളത്തില്‍ ഇന്നത്തെ സാമൂഹ്യവ്യവസ്ഥയില്‍ ഓരോ വ്യക്തിക്കും ഓരോ തൊഴിലും അതിനൊത്ത വരുമാനവും അത്യാവശ്യമാണ്. തൊഴില്‍ അന്വേഷണ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളാണ് Rural Micro Enterprises (RME) ഗ്രാമീണ മേഖലയിലെ അയല്‍കൂട്ട വനിതകള്‍ക്ക് പരിശീലനങ്ങള്‍, ബാങ്ക് ലോണ്‍, സബ്‌സിഡി എന്നിവ ഉറപ്പുവരുത്തി സുസ്ഥിരവരുമാനത്തിലൂടെ സ്വയം പ്രാപ്തമാക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. സംരംഭങ്ങള്‍ക്കുള്ള മൂലധനം ബാങ്കുകളുടെ സഹായത്തോടെ നല്‍കപ്പെടും. സംഘസംരംഭകരുടെ പ്രവര്‍ത്തന മൂലധനത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കുന്നതിനുള്ള പിന്തുണ ധനസഹായമാണ് റിവോള്‍വിംഗ് ഫണ്ട്, വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന സൂക്ഷ്മസംരംഭങ്ങള്‍ക്ക് ആധുനിക സാങ്കേതിക വിദ്യകളും യന്ത്രസാമഗ്രികളും സ്വായത്തമാക്കുന്നതിനുള്ള ടെക്‌നോളജി ഫണ്ട്. സൂക്ഷ്മ സംരംഭങ്ങളില്‍നിന്ന് ബൃഹത് പദ്ധതികളിലേക്ക് നീങ്ങുന്നതിന് സമഗ്രപദ്ധതി ആടുഗ്രാമം, ക്ഷീര വികസനം ലക്ഷ്യമാക്കുന്ന ക്ഷീരസാഗരം പദ്ധതി, ഹോട്ടല്‍-കാറ്ററിംഗ് മേഖലകൡ തൊഴില്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭേദ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (AIFRHM) പരിശീലനം നല്‍കുന്നു.
ഉല്‍പാദകയൂണിറ്റുകളായ നൂട്രിമിക്‌സ് യൂണിറ്റുകള്‍ അങ്കണവാടികള്‍ വഴി വിതരണം നടത്തുന്ന 'അമൃതം' പൂരക പോഷകാഹാര യൂണിറ്റുകള്‍ സംസ്ഥാനത്ത് കുടുംബശ്രീ യൂണിറ്റുകളാണ് നടത്തുന്നത്. സേവന മേഖലയില്‍ കാറ്ററിംഗ്, വിപണനമേഖലയില്‍ മാര്‍ക്കറ്റിംഗ് സംരംഭങ്ങളില്‍ 600-നടുത്ത ഡയറക്ടിംഗ് മാര്‍ക്കറ്റിംഗ് സംരംഭങ്ങളില്‍ 5000-ത്തോളം വനിതാ സ്ഥിരം ജോലിക്കാര്‍ ശരാശരി ഓരോ ജില്ലയിലുമുണ്ട്.
കുടുംബശ്രീ ഭക്ഷ്യസുരക്ഷയും ഭക്ഷ്യസ്വാശ്രയത്വവും എന്ന പ്രമേയം പരിചയപ്പെടുത്തി ജീവിതശൈലീ രോഗങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് മഹിളാകിസാന്‍ ശാക്തീകരണ പരിയോജന (MKSP) എന്ന കേന്ദ്രപദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി കുടുംബശ്രീയെ തെരഞ്ഞെടുത്തതോടെ പുത്തന്‍ വികസന മാതൃകകളുടെ ചാലകശക്തിയായി, സ്ത്രീകൂട്ടായ്മയുടെ സുശക്തമായ ശൃംഖല ഉപയോഗപ്പെടുത്തി വിഷമുക്തമായ ഭക്ഷ്യോല്‍പാദനത്തിലൂടെ കാര്‍ഷികരംഗം കയ്യടക്കി. കാര്‍ഷിക മേഖലയില്‍ കൂട്ടുത്തരവാദിത്ത കര്‍ഷകസംഘം പദ്ധതിയുടെ ഭാഗമായി ജൈവ വാഴകൃഷി, മഞ്ഞള്‍കൃഷി പോലുള്ളവ ഉടലെടുത്തു. തരിശായി നിന്നിരുന്ന 3000 ഏക്കറുകണക്കിന് വയലുകളില്‍ പെണ്‍കരുത്ത് 100 മേനി വിളയിച്ചെടുത്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന 'തൊഴിലുറപ്പ്' പദ്ധതിയില്‍ വര്‍ഷത്തില്‍ 100 തൊഴില്‍ദിനങ്ങള്‍ ഉറപ്പുവരുത്തി തൊഴില്‍ ചെയ്യുന്നതും കുടുംബശ്രീ വനിതകളാണ്.
സാമൂഹ്യശാക്തീകരണത്തിന്റെ ഭാഗമായി നിരാശ്രയരും നിരാലംബരുമായ അഗതി കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനുള്ള 'ആശ്രയ പദ്ധതി'. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സാര്‍വത്രിക വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന പ്രത്യേക വിദ്യാലയങ്ങളാണ് ബഡ്‌സ് സ്‌കൂളുകള്‍. കൂടാതെ, മാനസിക വെല്ലുവിളികള്‍ നേരിടുന്ന 18 വയസ്സ് കഴിഞ്ഞ വ്യക്തികള്‍ക്ക് പരിശീലനങ്ങള്‍, പകല്‍പരിപാലനം, പരിചരണ സേവനങ്ങള്‍ എന്നിവ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററും (BRC) പ്രവര്‍ത്തിക്കുന്നു.
കുടുംബശ്രീയുടെ സാമൂഹ്യ വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ബാലസഭ, കുട്ടികള്‍ക്ക് അഭിരുചിക്കനുസരിച്ച് ഐ.എ.എസ് പോലുള്ള ഉന്നത വിദ്യാഭ്യാസ മേഖലകള്‍ പരിചയപ്പെടുത്തുന്നതിനുള്ള എജ്യുസെര്‍വ് (Edu serve) പദ്ധതിയും നടപ്പിലാക്കുന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളും വിവേചനങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്ത്രീകളുടെ പദവിയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കി വ്യത്യസ്ത പഠനരീതികളിലൂടെ അയല്‍കൂട്ട സഹോദരിമാരെ സമത്വത്തിന്റെ പാതയിലേക്ക് നയിക്കുക എന്നതാണ് 'സ്ത്രീപദവി സ്വയം പഠന പ്രക്രിയ'. ജെന്റര്‍കോര്‍ണര്‍ പ്രീ മാരിറ്റല്‍ കൗണ്‍സലിംഗ്, സ്ത്രീ സുരക്ഷ ഭീമ യോജന ഇന്‍ഷുറന്‍സ്, 9-ാം തരം മുതല്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് (വര്‍ഷം 1200), 35 വയസ്സിന് മുകളിലുള്ള വിധവകള്‍, അവിവാഹിതര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചര്‍ തുടങ്ങി സ്വന്തം കുടുംബങ്ങളിലെ ഏറ്റവും ദരിദ്രരും അവഗണിക്കപ്പെടുന്നവരുമായ വിഭാഗത്തില്‍പെടുന്ന 35 നും 45 നും ഇടക്ക് പ്രായമുള്ള തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായ സ്ത്രീകള്‍ക്ക് 6000 രൂപയെങ്കിലും വരുമാനമുള്ള തൊഴില്‍ സ്വന്തമാക്കുന്നതിനുള്ള പരിശീലനവും മാര്‍ഗദര്‍ശനവും നല്‍കുന്ന 'പുനര്‍ജനി' പദ്ധതി തുടങ്ങി വ്യത്യസ്തങ്ങളായ സേവനങ്ങളാണ് ഈ മേഖലയില്‍ ഉറപ്പുവരുത്തുന്നത്. അയല്‍കൂട്ടങ്ങളും സി.ഡി.എസ് തലങ്ങളിലും നടന്ന ശാക്തീകരണ പരിപാടികളുടെയും ബോധവല്‍കരണ പരിപാടികളുടെയും ആകെ തുകയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരളം കണ്ട സ്ത്രീ മുന്നേറ്റം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമര്‍ഥകളായവരെ സംഭാവന ചെയ്തത് കുടുംബശ്രീയാണ്.
സ്ത്രീപക്ഷ ചാനലുകളുടെ അഭാവത്തില്‍ കുടുംബശ്രീ ചാനല്‍ ലക്ഷ്യമിടുന്നു. വനിതകള്‍ക്കായി മീഡിയ ശ്രീ, ഫെ ശ്രീ എന്നീ പദ്ധതികളിലൂടെ Editing, Video, Photography തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നതിനായി അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. സൗത്ത് ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസം തൊട്ടില്‍പാലം ആണ് കേരളത്തില്‍ ഏജന്‍സിയായി തെരഞ്ഞെടുക്കപ്പെട്ടത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top