കേരളത്തിലെ പലിശരഹിത സംവിധാനങ്ങള്‍

ടി.കെ ഹുസൈന്‍ No image

മ്പത്ത് ദൈവാനുഗ്രഹമാണെങ്കിലും സാമ്പത്തിക അസമത്വങ്ങള്‍ എല്ലാ സമൂഹങ്ങളിലും ഉണ്ടായിട്ടുണ്ട്. ലഭ്യമായ സമ്പത്തിന്റെ ഗുണഫലങ്ങള്‍ പരസ്പര സഹകരണത്തിലൂടെ എല്ലാവര്‍ക്കും എത്തിക്കാന്‍ വ്യത്യസ്ത രീതികള്‍ ഇസ്‌ലാം നിര്‍ദേശിച്ചിട്ടുണ്ട്. കടം, ദാനം, സകാത്ത്, പിന്തുടര്‍ച്ചാവകാശം എന്നിവ അതില്‍ പ്രധാനമാണ്. പണത്തിന്റെ ഉല്‍ഭവകാലം മുതല്‍ വായ്പാ ഇടപാടുകള്‍ എല്ലാ സമൂഹങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ചിലര്‍ പലിശ ഈടാക്കി കടത്തെ ചൂഷണോപാധിയായി ഉപയോഗിക്കുന്നു. ഇസ്‌ലാം കടം നല്‍കുന്നത് അനുവദിക്കുക മാത്രമല്ല പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. അതേസമയം പലിശ നിരോധിച്ചു. സാമ്പത്തിക വിനിമയസ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുമുമ്പ് സാമ്പത്തിക സഹകരണത്തിനായി ജനങ്ങള്‍ക്കിടയില്‍ പണമിടപാടുകള്‍ നിലനിന്നിരുന്നു.
ജനങ്ങളില്‍നിന്ന് സമ്പാദ്യങ്ങള്‍ സ്വരൂപിച്ച് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്ന സ്ഥാപനങ്ങളാണ് ബാങ്കുകള്‍. പലിശാധിഷ്ഠിതമായാലും അല്ലെങ്കിലും ബാങ്കുകളുടെ സേവനം മിക്കരാജ്യങ്ങളിലും സാമ്പത്തികമായി ഉയര്‍ന്നുനില്‍ക്കുന്നവരിലും ഇടത്തരക്കാരിലും പരിമിതമാണ്. നല്ലൊരു ശതമാനം വരുന്ന ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ബാങ്കുകളുടെ സേവനം അന്യമാണ്. കാരണം അവര്‍ക്ക് സമ്പാദിക്കാന്‍ അധികം വരുമാനമില്ല. ഭൂമിയോ മറ്റ് ആസ്ഥികളോ സ്വന്തമായി കൈവശമില്ലാത്തതിനാല്‍ വായ്പയും ലഭ്യമാവുന്നില്ല. അതിനാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ 40% ജനങ്ങള്‍ ഈ മേഖലയില്‍നിന്ന് അകന്നു നില്‍ക്കുന്നു.
ദാരിദ്ര്യത്തിന്റെ മൂലകാരണ ങ്ങളിലൊന്ന് സാമ്പത്തിക മേഖലയില്‍ നിന്നുള്ള ഈ ഒഴിച്ചുനിര്‍ത്തലാണ് എന്ന് സാമ്പത്തിക വിദഗ്ധര്‍ കണ്ടെത്തുകയും അതിനായി അവര്‍ക്ക് പ്രത്യേക സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കി ദാരിദ്ര്യനിര്‍മാര്‍ജനം നടത്തേണ്ടത് അനിവാര്യമാണെന്ന് തിരിച്ചറിയുകയും ചെയ്തതോടെയാണ് മൈക്രോഫിനാന്‍സ് സംവിധാനങ്ങള്‍ ലോകത്ത് വ്യാപകമാവുന്നത്. പാവപ്പെട്ട ജനങ്ങള്‍ക്ക് ചെറുകിട വായ്പകള്‍ ലഭ്യമാക്കി വരുമാനം വര്‍ധിപ്പിച്ച് ദാരിദ്ര്യം ഇല്ലായ്മ ചെയ്യുക എന്നുള്ളതാണ് മൈക്രോഫിനാന്‍സ് ലക്ഷ്യംവെക്കുന്നത്. പലിശ രഹിത അക്കാദമിക രംഗത്ത് IAFIE ന്റെ ആവിര്‍ഭാവം നമ്മുടെ പ്രായോഗിക സംവിധാനങ്ങള്‍ക്ക് ഏറെ സഹായകമായി. അക്കാദമിക രംഗത്തെ കൈമുതല്‍ ഉപയോഗപ്പെടുത്തി പലിശേതരമായ ധനകാര്യസ്ഥാപനങ്ങളുടെ ചെറുതും വലുതുമായ മാതൃകകള്‍ കേരളത്തില്‍ നട്ടുവളര്‍ത്തുന്നതിന് കാര്‍മികത്വം വഹിക്കുക എന്ന നിശബ്ദസേവനം നിര്‍വഹിക്കുന്നതിന് എകണോമിക്‌സ് അസോസിയേഷനു സാധിച്ചു എന്നത് ചാരിതാര്‍ഥ്യ ജനകമാണ്.

ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ഇസ്‌ലാമിക് എകണോമിക്‌സ് (IAFIE)
രണ്ടായിരത്തില്‍ IAFIEന് രൂപം നല്‍കുമ്പോള്‍ ഇസ്‌ലാമിക് എകണോമിക്‌സ്, ബാങ്കിംഗ്, ഫൈനാന്‍സ് എന്നിവ മുസ്‌ലിം സമുദായത്തിനും കേരള ജനതക്കും ഏറെ പുതുമയുളള പദപ്രയോഗങ്ങളായിരുന്നു. 2000 നവംബര്‍ മാസത്തില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്തിയ സാമ്പത്തിക ശാസ്ത്ര സെമിനാറാണ് ഈ വിഷയത്തില്‍ കേരളത്തിലെ ആദ്യ പൊതുപരിപാടി. അതോടെ IAFIE പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
ഇസ്‌ലാമിക് എകണോമിക്‌സില്‍ ആഴത്തില്‍ വിജ്ഞാനം നേടിയ യുവ തലമുറയെ സൃഷ്ടിക്കലാണ് വിഷയാവഗാഹത്തിന് ഏറെ ഗുണകരം എന്ന പ്രമുഖരുടെ അഭിപ്രായത്തെ തുടര്‍ന്ന് ഇതു സംബന്ധമായ സിലബസുമായി യൂണിവേഴ്‌സിറ്റികളെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് ഇത് മുഖ്യ വിഷയമായി പി.ജി ഡിപ്ലോമ കോഴ്‌സ് ശാന്തപുരം അല്‍ ജാമിഅയുമായി ചേര്‍ന്ന് തുടക്കം കുറിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഇസ്‌ലാമിക് എകണോമിക്‌സ് & ഫൈനാന്‍സ് കോഴ്‌സ് എന്ന നിലയില്‍ അക്കാദമിക രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ശേഷം അലിഗഡ് യൂണിവേഴ്‌സിറ്റിയിലടക്കം വിവിധ യൂണിവേഴ്‌സിറ്റികളില്‍ ആരംഭിച്ച കോഴ്‌സുകള്‍ക്ക് സിലബസ് തയ്യാറാക്കാന്‍ ബന്ധപ്പെട്ടവര്‍ സമീപിച്ചത് അല്‍ജാമിഅയെയാണ്; അല്‍ജാമിഅ അസോസിയേഷനെയും.മുസ്‌ലിം സംഘടനകളും സ്ഥാപനങ്ങളും സര്‍ക്കാര്‍ യു.ജി.സി സഹായത്തോടെ സെമിനാറുകള്‍ സംഘടിച്ചപ്പോഴും വിഭവങ്ങളെ സംഭാവന ചെയ്യുന്നത് IAFIE ആണ്. കേരളത്തിനകത്തും പുറത്തും ഈ വിഷയത്തിലെ വിദഗ്ധരെ ലഭ്യമാക്കാന്‍ സംഘടനക്ക് കഴിഞ്ഞു എന്നത് കൈവരിച്ച നേട്ടങ്ങളിലൊന്നാണ്.
അതോടൊപ്പം മുഖ്യധാരാ യൂണിവേഴ്‌സിറ്റികളില്‍ ഈ വിഷയം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം തുടര്‍ന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്നും അനുകൂല തീരുമാനം ഉണ്ടായി. ബി.എ ഇസ്‌ലാമിക് എകണോമിക്‌സ് ആന്റ് ഫൈനാന്‍സ്, ബി.കോം ഇസ്‌ലാമിക് ഫൈനാന്‍സ്, എം.എ ഇസ്‌ലാമിക് ഫൈനാന്‍സ് തുടങ്ങിയ കോഴ്‌സുകള്‍ യൂണിവേഴ്‌സിറ്റിയില്‍ ആരംഭിച്ചിരിക്കുകയാണ്. കൂടാതെ സര്‍ക്കാര്‍ തലങ്ങളില്‍ പോലും ഇസ്‌ലാമിക് ബാങ്കിംഗിന് അനൂലമായി ചിന്തിക്കുകയും ചെയ്യുന്നു.

പലിശരഹിത നിധികള്‍
ലോകത്തിന്റെ വിവിധഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും പലിശരഹിത വായ്പാസംവിധാനങ്ങള്‍ ദശകങ്ങള്‍ക്കുമുമ്പ് വ്യാപകമായിട്ടുണ്ട്. എല്ലായിടത്തും ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണ് ഈ രംഗത്ത് മുന്നില്‍ നില്‍ക്കുന്നത്. കേരളത്തില്‍ 1970 മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലിശരഹിത വായ്പാനിധികള്‍ ആരംഭിച്ചു. 1990 കള്‍ വരെ നൂറില്‍താഴെ സംവിധാനങ്ങളാണ് ഉണ്ടായിരുന്നത്. 1999-ല്‍ പലിശക്കെതിരെ കാമ്പയിന്‍ നടന്നതോടെ അവയുടെ എണ്ണം 400-വരെയായി ഉയര്‍ന്നു. 
പ്രദേശങ്ങളുടെ സാഹചര്യമനുസരിച്ച് ഇത്തരം സംരംഭങ്ങളുടെ മൂലധനത്തിലും പ്രവര്‍ത്തന രീതിയിലും പദ്ധതികളിലും വ്യത്യാസമുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി 1000 മുതല്‍ 10000 രൂപവരെയുള്ള വായ്പകള്‍ നിശ്ചിത കാലാവധിക്ക് നല്‍കുന്നുണ്ട്. നഗരങ്ങളില്‍ കച്ചവടക്കാരേയും മറ്റും കേന്ദ്രീകരിച്ച് നടക്കുന്ന വലിയ സംരംഭങ്ങളുണ്ട്. വ്യക്തികള്‍ ഓരോ മാസവും നിശ്ചിത സംഖ്യ നിക്ഷേപിക്കുന്ന കുറികള്‍, ഹയര്‍പര്‍ച്ചേസ് സംവിധാനം, കച്ചവടക്കാര്‍ക്ക് ഹൃസ്വകാലത്തേക്കുള്ള വായ്പകള്‍, തൊഴില്‍ പദ്ധതികള്‍ തുടങ്ങിയ നിരവധി സംരംഭങ്ങള്‍ നിലവില്‍ പലിശരഹിത നിധികള്‍ മുഖേന നടന്നുവരുന്നുണ്ട്.
പലിശരഹിത സംവിധാനങ്ങള്‍ വായ്പകള്‍ അനുവദിക്കുന്നതില്‍ മാത്രമല്ല, ചെറുകിട സംരംഭങ്ങളില്‍ നിക്ഷേപം നടത്തി ജനങ്ങളുടെ പണം വര്‍ധിപ്പിക്കുന്നതിനും തൊഴില്‍ സൃഷ്ടിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളിലും വ്യാപൃതരായിട്ടുണ്ട്. ഇത്തരം സംരംഭങ്ങളുടെ വളര്‍ച്ച പ്രതീക്ഷിച്ചതിലും വേഗതയിലാണ്.
പണമിടപാടുകള്‍ സമ്പാദ്യ സ്വരൂപണമായാലും വായ്പയായാലും ഒരു സ്ഥാപനമെന്ന നിലയില്‍ നടത്തുന്നതിന് സര്‍ക്കാറില്‍നിന്ന് ലൈസന്‍സ് ആവശ്യമാണ്. 20 അംഗങ്ങള്‍വരേയുള്ള സ്വയം സഹായസംഘങ്ങളോ അയല്‍ക്കൂട്ടങ്ങളോ അംഗങ്ങള്‍ക്കിടയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് നിയമപരമായി വിലക്കുകളില്ല. അതിനാല്‍ മൈക്രോ ഫിനാന്‍സ് പലിശരഹിത സംരംഭങ്ങളും ഈ രീതി സ്വീകരിക്കുന്നതാണ് ഉചിതം.
1970-ല്‍ ബംഗ്ലാദേശിലും ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമാരംഭിച്ച മൈക്രോഫിനാന്‍സ് പ്രസ്ഥാനം ലോക ഫണ്ടിംഗ് ഏജന്‍സികളുടെ പിന്‍ബലത്തില്‍ 1990-കളോടെ ലോകത്തെങ്ങും വ്യാപിച്ചു. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള വഴിയായി യു.എന്‍ പോലും ഇതിനെ അവതരിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ മുന്‍കൈയെടുത്തും സ്വകാര്യ മേഖലയിലും ധാരാളം സംരംഭങ്ങളാണ് കഴിഞ്ഞ രണ്ട് ദശകങ്ങളിലായി വളര്‍ന്നുവന്നത്. കേരളത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയും ജനശ്രീയും അറിയപ്പെടുന്ന മൈക്രോഫിനാന്‍സ് പ്രസ്ഥാനങ്ങളാണ്. ഈ പ്രസ്ഥാനങ്ങള്‍ക്ക് വമ്പിച്ച രാഷ്ട്രീയ സമ്മര്‍ദ്ദശേഷിയുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മൈക്രോഫിനാന്‍സ് സംരംഭങ്ങള്‍ ഈടാക്കുന്ന പലിശ 25 ശതമാനം മുതല്‍ 30 ശതമാനം വരെയായിരുന്നു. അതിനാല്‍തന്നെ സ്വകാര്യ മുതലാളിമാര്‍ വന്‍ ലാഭം ലക്ഷ്യമിട്ട് ഈ രംഗത്തേക്ക് കാലെടുത്തുവെച്ചത് മേഖലയെ കൊഴുപ്പിച്ചു. അതോടൊപ്പം ചൂഷണത്തിന്റെ മറ്റൊരു രൂപമായി പലിശാധിഷ്ഠിത മൈക്രോഫിനാന്‍സ് സംരംഭങ്ങള്‍ മാറുന്നതായി സര്‍ക്കാര്‍ ഏജന്‍സികള്‍പോലും ചൂണ്ടിക്കാണിക്കുന്നു.
ഇവിടെയാണ് പലിശരഹിത മൈക്രോഫിനാന്‍സിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്. സമൂഹത്തില്‍ നേരത്തെ നിലവിലുള്ള സാമ്പത്തിക സഹകരണ സംവിധാനങ്ങളെ പുതിയ കാലഘട്ടത്തിനനുസരിച്ച് പുനഃക്രമീകരിക്കുകയാണ് ഇസ്‌ലാമിക് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍. ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങള്‍ 1970-കളില്‍ തന്നെ ഈ രംഗത്ത് കാല്‍വെപ്പുകള്‍ നടത്തിയിരുന്നു.

ഇന്‍ഫാക് (INFACC Sustainable development Society)
'ഇന്‍ഫാക്' (സസ്റ്റയിനബിള്‍ ഡെവലപ്‌മെന്റ് സൊസൈറ്റി)കേരളത്തിലുടനീളം പ്രദേശികതലങ്ങളില്‍ ഇത്തരം അയല്‍കൂട്ടങ്ങള്‍ രൂപീകരിക്കുന്ന പലിശരഹിത രീതികളിലൂടെ സാമ്പത്തിക സഹകരണം ശക്തമാക്കി അതുവഴി ജനക്ഷേമം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപവല്‍കരിച്ച ചഏഛ ആണ്. പ്രസ്ഥാന നിയന്ത്രണത്തിലും മാര്‍ഗനിര്‍േദശത്തിലും നടക്കുന്ന സേവന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും, പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായസഹകരണങ്ങള്‍ ലഭ്യമാക്കുന്നതിനും പഞ്ചായത്ത് തലത്തില്‍ രൂപവല്‍ക്കരിക്കുന്ന പ്രാദേശിക സന്നദ്ധസംഘടനകളാണ് (Local NGO) അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. നിലവില്‍ നടന്നുവരുന്ന പലിശരഹിത വായ്പാസംരംഭങ്ങള്‍ അധികം വൈകാതെ ഈ രീതിയില്‍ പുനഃസംഘടിപ്പിക്കുന്നത് കൂടുതല്‍ ഉചിതമായിരിക്കും. അയല്‍ക്കൂട്ടങ്ങള്‍വഴി വായ്പ ലഭ്യമാക്കുന്നതിനുപുറമെ സമ്പാദ്യ സ്വരൂപണം, മൈക്രോസംരംഭങ്ങളുടെ ആരംഭം, സാമൂഹ്യ ബോധവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിക്കുന്നു.
അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് പലിശ രഹിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയാല്‍ മികച്ച ഫലം ലഭിക്കും. കൂടുതല്‍ വ്യക്തികളെ പ്രവര്‍ത്തനങ്ങളോട് ചേര്‍ത്ത് നിര്‍ത്താന്‍ സാധിക്കും. ഇത്തരം സേവന പ്രവര്‍ത്തനങ്ങളുടെ സംഘാടനമടക്കം നിര്‍വഹിക്കുന്നതില്‍ പൊതുജനങ്ങളുടെ സഹകരണം ഉറപ്പുവരുത്താന്‍ സാധിക്കും. പലിശരഹിത നിധിയില്‍ ഏതാനും വ്യക്തികളില്‍നിന്നും ശേഖരിക്കുന്നത് ആവശ്യക്കാര്‍ക്ക് കടമായി നല്‍കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ അയല്‍ക്കൂട്ട രീതി പ്രകാരം ഗുണഭോക്താക്കളുടേതടക്കം നിക്ഷേപമുപയോഗിച്ച് കൂടുതല്‍ ജനകീയമായ രീതിയില്‍ പലിശരഹിത മൈക്രോഫിനാന്‍സ് സംവിധാനം ഫലപ്രദമാക്കാന്‍ സാധിക്കുന്നു.

എ.ഐ.സി.എല്‍
ഇസ്‌ലാമിക തത്വങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് & ക്രെഡിറ്റ്‌സ് ലിമിറ്റഡ് (AICL). വലിയ സാമ്പത്തികസ്ഥാപനമായാണ് ഇത് രൂപം കൊണ്ടിട്ടുള്ളത്. കഴിവും പ്രാപ്തിയുമുളള സംരംഭകര്‍ക്ക് ലാഭനഷ്ട പങ്കാളിത്താടിസ്ഥാനത്തില്‍ മുതല്‍ മുടക്ക് ലഭ്യമാക്കുക, വ്യക്തികളില്‍ കച്ചവട താല്‍പര്യം വളര്‍ത്തി പരിപോഷിപ്പിക്കുക, നിക്ഷേപ പദ്ധതികളെയും ബിസിനസ്സ് സംരംഭങ്ങളെയും നീതിയുക്തമാക്കുന്നതിന് സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്നീ ലക്ഷ്യങ്ങളില്‍ ഊന്നിയാണ് അകഇഘ ന്റെ പ്രവര്‍ത്തനം. ഇസ്‌ലാമിക തത്വങ്ങള്‍ക്കനുസൃതമായി ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ (NBFC) ധാരാളം രൂപപ്പെട്ടുവെങ്കിലും, സുതാര്യതകൊണ്ടും തത്വങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടും അകഇഘ ന് മാത്രമാണ് വളരാന്‍ സാധിച്ചത്. കേരള സര്‍ക്കാറിന്റെ നേതൃത്വത്തില്‍ അല്‍ബറക്ക (ചേരമാന്‍ ഫൈനാന്‍സിയേഴ്‌സ്) രൂപീകരിക്കുന്നതിന് അകഇഘ പ്രചോദനവും സഹായകവുമായിട്ടുണ്ട്. അധികം താമസിയാതെ ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്ക് സാധ്യമാകുമെന്നാണ് പ്രതീക്ഷ. ആര്‍.ബി.ഐ യുടെ നിയമപരമായ അനുവാദം ലഭിക്കുന്നതോടെ AICL ഇസ്‌ലാമിക ബാങ്കായിമാറും.
നിക്ഷേപം വിനിയോഗിക്കുന്നത് രണ്ടു വിധത്തിലാണ്. ലാഭകരമായതും താരതമ്യേന റിസ്‌ക് കുറഞ്ഞതുമായ സംരംഭങ്ങളില്‍ ലാഭനഷ്ട പങ്കാളിത്താടിസ്ഥാനത്തില്‍ പണം നിക്ഷേപിക്കുക. മറ്റൊന്ന് വാഹനവായ്പകള്‍ നല്‍കുക തുടങ്ങിയ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തുക. AICL Builders & Developers Limited പോലുളള സംരംഭങ്ങള്‍ സ്വന്തം നിലക്ക് തുടങ്ങാം. ലാഭവിഹിതം, ഇന്‍കം ടാക്‌സ്, സകാത്ത്, റിസര്‍വ് എന്നിവ കഴിച്ച് നിക്ഷേപകര്‍ക്കിടയില്‍ ഡിവിഡന്റായി നല്‍കുന്നു. ഇതര സ്വകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് എ.ഐ.സി.എല്‍-ന് ലാഭവിഹിതം താരതമ്യേന കുറവാണ്.

സംഗമം: സഹകരണ മേഖലയിലെ നവാഗതന്‍
രാജ്യത്തെ ജനങ്ങളില്‍ ഏറിയ പങ്കും സാമ്പത്തിക ക്രയവിക്രയങ്ങളുടെ സൂചകങ്ങള്‍ക്ക് (Economic Index) പുറത്താണ് എന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ ജനം കാണിക്കുന്ന ഈ വിട്ടു നില്‍ക്കലിന് (finacial exclusion) പ്രധാന കാരണം പലിശയെ കുറിച്ചുള്ള ഭീതിയാണ്. വേള്‍ഡ് ബാങ്കിന്റെ 'ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് - 2014' പ്രകാരം ഇന്ത്യയില്‍ 53.2% ആളുകള്‍ക്ക് മാത്രമാണ് സാമ്പത്തിക സ്ഥാപനങ്ങളില്‍ അക്കൗണ്ട് ഉള്ളത്. അഥവാ, സ്വാതന്ത്ര്യം നേടി ആറര പതിറ്റാണ്ട് പിന്നിട്ടിട്ടും 65% ത്തോളം ആളുകള്‍ ഇപ്പോഴും സാമ്പത്തികമായി ബഹിഷ്‌കൃതരാണ്.
പരമാവധി ആളുകളെ ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ (Financial Inclusion) വേണ്ടി നിലവില്‍ വന്ന സംവിധാനങ്ങളില്‍ ഒന്നാണ് മൈക്രോഫിനാന്‍സ് സംവിധാനം. എന്നാല്‍ ഇവയും ബാങ്കിനോട് കിടപിടിക്കുന്ന രീതിയിലോ അതിനേക്കാള്‍ കൂടിയ രീതിയിലോ പലിശനിരക്ക് ഈടാക്കുക വഴി വിപരീതഫലമാണ് സൃഷ്ടിച്ചത്.
മൈക്രോഫിനാന്‍സ് സംരം ഭങ്ങളിലൂടെ സമൂഹത്തിന് സാമ്പത്തിക സുസ്ഥിരതയും സമഗ്രവികസനവും സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ യാണ് സംഗമം മള്‍ട്ടിസ്റ്റേറ്റ് കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി(ലിമിറ്റഡ്)യുടെ രൂപീകരണം. ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തന പരിധിയുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായ 2002-ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമത്തിന് കീഴില്‍ കേന്ദ്രസര്‍ക്കാറില്‍ റജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണിത്. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളാണ് സംഗമത്തി ന്റെ പ്രവര്‍ത്തന മേഖല. സാമ്പത്തിക രംഗത്തെ ചൂഷണത്തില്‍നിന്നും സാധാരണക്കാരന് ആശ്വാസം നല്‍കലാണ് മുഖ്യ ദൗത്യം. നിലനില്‍ക്കുന്ന നിയമ വ്യവസ്ഥകള്‍ ഉപയോഗപ്പെടുത്തി സഹകരണ മേഖലയുടെയും പലിശ രഹിത സംവിധാനത്തിന്റെയും സാധ്യതകളെ സൂക്ഷ്മ തല സാമ്പത്തിക മേഖലയില്‍ (Micro Finance) ഉപയോഗപ്പെടുത്തുകയാണ് സംഗമത്തിന്റെ പ്രവര്‍ത്തന രീതി.

പ്രവര്‍ത്തന രീതി
പരമ്പരാഗത സാമ്പത്തിക സ്ഥാപനങ്ങളില്‍നിന്ന് വ്യതിരിക്തമായി വായ്പകള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ണയിച്ച് പണം നല്‍കി പലിശ ഈടാക്കുന്നതിന് പകരം മുഴുവന്‍ പദ്ധതികളെയും സൂക്ഷ്മമായി പഠിച്ച് സാധ്യതകള്‍ വിലയിരുത്തിയാണ് വായ്പകള്‍ അനുവദിക്കുന്നത്. മൊത്തം മൂലധനത്തിന്റെ 4-ല്‍ ഒരു ഭാഗം പണമായി (Liquidity) സൂക്ഷിക്കുകയും ശേഷിച്ച മൂലധനത്തിന്റെ 1/2 ഭാഗം ഉല്‍പാദന ക്ഷമമായ വായ്പകളായും 1/4 ഭാഗം ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനും 1/4 ഭാഗം അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള വായ്പകള്‍ക്കായും നിജപ്പെടുത്തിയിരിക്കുന്നു.
സാമ്പത്തിക ഇടപാടുകള്‍ക്കുള്ള വിപുലമായ സൗകര്യമൊരുക്കി, ചെറുകിട തൊഴില്‍ സേവന പദ്ധതികളിലൂടെ വ്യക്തികളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും വളര്‍ച്ചയും സ്വയം പര്യാപ്തതയും കൈവരിക്കുവാനാണ് സംഗമം ശ്രമിക്കുന്നത്. ഓഹരി മൂലധനത്തോടൊപ്പം, അംഗങ്ങളില്‍നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ കൂടി ചേര്‍ന്നതാണ് സംഗമത്തിന്റെ പ്രവര്‍ത്തന മൂലധനം. ഈ തുക അംഗങ്ങളുടെ വിവിധ തൊഴില്‍-വ്യപാര സംരംഭങ്ങളില്‍ ലാഭ-നഷ്ട പങ്കാളിത്താടിസ്ഥാനത്തില്‍ വിനിയോഗിച്ച്, അതില്‍ നിന്നുള്ള വരുമാനത്തിന്റെ നിര്‍ണിത വിഹിതം നിക്ഷേപകരുമായി പങ്കുവെക്കുകയെന്നതാണ് പ്രവര്‍ത്തന രീതി. ഇതുവഴി സംരംഭകത്ത പ്രോത്സാഹനവും സമൂഹത്തിന്റെ സാമ്പത്തിക വളര്‍ച്ചയും പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനവും കൈവരിക്കുവാന്‍ സാധിക്കും.
ഓഹരികള്‍ വഴിയാണ് വ്യക്തികള്‍ക്ക് സൊസൈറ്റിയില്‍ അംഗത്വം ലഭിക്കുക. മുഴുവന്‍ അംഗങ്ങഗളുമുള്‍ക്കൊണ്ട ജനറല്‍ബോഡി തെരഞ്ഞെടുക്കുന്ന 20 അംഗങ്ങളും മാനേജിങ്ങ് ഡയറക്ടറും ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. അംഗങ്ങള്‍ സമര്‍പ്പിക്കുന്ന സംരംഭകത്വപദ്ധതികള്‍ സാധ്യതാ പഠനത്തിനും സൂക്ഷ്മ പരിശോധനക്കും വിധേയമാക്കും.
വായ്പകള്‍ അനുവദിക്കപ്പെടുന്ന ഉല്‍പാദനക്ഷമമായ മുഴുവന്‍ പദ്ധതികളും ബ്രാഞ്ചുകളുടെ കൃത്യമായ മേല്‍നോട്ടത്തിലായിരിക്കും. പണത്തോടൊപ്പം ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഈടാക്കി നല്‍കുന്ന വായ്പകള്‍ക്ക് വേണ്ട നിര്‍ദേശങ്ങളും അനുബന്ധ സഹായങ്ങളും നല്‍കി വരുന്നു.   
അംഗങ്ങളില്‍ സമ്പാദ്യശീലം പ്രോല്‍സാഹിപ്പിച്ച് അവരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ക്കുള്ള വരുമാന മാര്‍ഗവുമായി സേവിംഗ്‌സ് ഡെപ്പോസിറ്റ്, ഡെയ്‌ലി ഡെപ്പോസിറ്റ്, എജുക്കേഷണല്‍ ഡെപ്പോസിറ്റ്, സ്‌പെഷ്യല്‍ സ്‌കീം ഡെപ്പോസിറ്റ് തുടങ്ങി വിവിധ നിക്ഷേപസേവനങ്ങള്‍ നടപ്പിലാക്കുന്നു. നിക്ഷേപങ്ങള്‍ക്ക് സുരക്ഷയും പിന്‍വലിക്കാനുള്ള സൗകര്യവും ഉണ്ട്.

ഷെയര്‍, ഡെപ്പോസിറ്റുകളുടെ ശാക്തീകരണം
സൊസൈറ്റിയുടെ സേ വനങ്ങള്‍ അംഗങ്ങളില്‍ പരിമിതമായിരിക്കും. സൂക്ഷ്മ -ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ലാഭനഷ്ട പങ്കാളിത്താടിസ്ഥാനത്തില്‍ വായ്പകള്‍ നല്‍കി, അവയുടെ പ്രവര്‍ത്തനം സമയാസമയങ്ങളില്‍ വിലയിരു ത്തുന്നതിനും, പ്രവര്‍ത്തന മൂലധനം പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും ആവശ്യ മായ നടപടികള്‍ സംഗമം സ്വീകരിക്കും.
മൂന്ന് സംസ്ഥാനങ്ങളിലെ അംഗങ്ങളെ പരിഗണിച്ചാണ് ഡെപ്പോസിറ്റ് സ്‌കീമുകള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. പരമ്പരാഗത നിക്ഷേപങ്ങള്‍ക്കു പുറമെ, സ്‌പെഷ്യല്‍ സ്‌കീം ഡെപ്പോസിറ്റ്, ഹോം സേഫ് ഡെപ്പോസിറ്റ്, ഗ്രൂപ്പ് റിക്കറിങ്ങ് ഡെപ്പോസിറ്റ്, ഡെയ്‌ലി ഡെപ്പോസിറ്റ്, നോട്ടീസ് ഡെപ്പോസിറ്റ് തുടങ്ങിയ നൂതന നിക്ഷേപ സേവനങ്ങളും സംഗമം നല്‍കുന്നു.
ഭാരിച്ച ചെലവുകള്‍ പ്രതീക്ഷിക്കുന്ന വിദ്യാഭ്യാസം, വിവാഹം, തീര്‍ഥാടനങ്ങള്‍, ഭവനനിര്‍മാണം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായി സമ്പാദ്യം സ്വരൂപിക്കുവാനിദ്ദേ ശിച്ചുള്ളതാണ് സ്‌പെഷ്യല്‍സ്‌കീം ഡെപ്പോസിറ്റുകള്‍. അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വീട്ടിലിരു ന്നുതന്നെ നിക്ഷേപങ്ങള്‍ നടത്താവുന്ന പദ്ധതിയാണ് ഹോംസേഫ് ഡെപ്പോസിറ്റ്.
സാമ്പത്തിക സുസ്ഥിരതയില്‍ സ്ത്രീകളെ നേരിട്ട് പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി 'ഐശ്വര്യ ഭവനം', 'ഹോംസേഫ്' എന്നീ നിക്ഷേപ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. വീടുകളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതോടൊപ്പം അവര്‍ക്കാവശ്യമായ വായ്പകളും (തൊഴിലിനും അല്ലാതെയും) നല്‍കി വരുന്നു. ഒന്നിലധികം അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിക്കപ്പെടുന്ന അയല്‍ക്കൂട്ട സംവിധാനങ്ങളെയും സാമ്പത്തികമായും മറ്റും സഹായം നല്‍കി പുതിയ തൊഴില്‍ വരുമാന മേഖലകള്‍ നിര്‍മിക്കുവാനും സംഗമം പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

വായ്പാ സേവനങ്ങള്‍
ഉല്‍പാദനക്ഷമമായ വായ്പകള്‍ക്ക് മുന്‍ഗണന നല്‍കി വായ്പയെടുക്കുന്ന അംഗത്തെ സ്വയം പര്യാപ്തയിലേക്ക് ഉയര്‍ത്തുവാനും ഏറെ പ്രയാസമില്ലാതെ വായ്പ തവണ വ്യവസ്ഥയില്‍ തിരിച്ചടക്കാനും സഹായിക്കുന്ന പദ്ധതികളാണ് സംഗമം രൂപം നല്‍കിയിട്ടുള്ളത്. ചെറുകിട സ്വയം തൊഴില്‍സേവന സംരംഭങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം, ഹൃസ്വകാല വ്യാപാര പങ്കാളിത്ത വായ്പകള്‍, സ്വയം തൊഴിലിന് വാഹനങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായം, അടിയന്തിര വ്യക്തിഗത ആവശ്യങ്ങള്‍ ക്കുള്ള വായ്പകള്‍, ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ സെക്യൂ രിറ്റിയില്‍ നല്‍കുന്ന വായ്പകള്‍ തുടങ്ങിയ പങ്കാളിത്ത-വായ്പാ സേവനങ്ങളാണ് സംഗമം നല്‍കുക. ചെറുകിട സ്വയം തൊഴില്‍ - സേവന സംരംഭങ്ങള്‍ക്ക് പങ്കാളിത്താടിസ്ഥാനത്തില്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങളാണ് സംഗമത്തിന്റെ മുഖ്യ പങ്കാളിത്ത സേവനം. പരമാവധി അഞ്ചു ലക്ഷം രൂപ വരെ ഈ സ്‌കീമില്‍ നല്‍കും.
വായ്പ തുക നല്‍കി അതും പലിശയും ഒരുമിച്ച് അവസാനം വരുന്ന പരമ്പരാഗത സാമ്പത്തിക സ്ഥാപനങ്ങളില്‍നിന്ന് വിഭിന്നമായി ഓരോ ചുവടിലും വായ്പയെടുത്ത അംഗത്തെ നിരീക്ഷിക്കുവാനും നിര്‍ദേശങ്ങള്‍ നല്‍കുവാനും സംഗമത്തിന് മതിയായ സംവിധാനങ്ങള്‍ ഉണ്ട്.
ഇത്തരത്തില്‍ നിത്യജീവിത ത്തിന് സ്ഥിര വരുമാനമാര്‍ഗം ഇല്ലാത്ത വ്യക്തികള്‍ക്കും, കുടുംബങ്ങള്‍ക്കും വിവിധ സ്വയം തൊഴില്‍ സംരംഭങ്ങളും, പദ്ധതി കളും കണ്ടെത്തി അവക്ക് സുസ്ഥിര വരുമാനം സാധ്യമാക്കുന്ന പ്രവര്‍ത്തനമാണ് സംഗമത്തിന്റേത്.

സഹകരണ രംഗത്തെ പലിശ രഹിത മോഡല്‍
സമൂഹത്തിന്റെ സുസ്ഥിര വളര്‍ച്ചക്കും സാമ്പത്തിക അഭിവൃ ദ്ധിക്കും ഉത്തമമായ മാര്‍ഗമാണ് പലിശരഹിത പങ്കാളിത്താധിഷ്ഠിത ഇസ്‌ലാമിക് ഫിനാന്‍സ്. ഇസ്‌ലാമിക് ഫിനാന്‍സിന്റെ സൈദ്ധാന്തിക വശങ്ങളെ പ്രചരിപ്പിക്കുവാന്‍ നിരവധി സംവിധാനങ്ങള്‍ നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. ഇസ്‌ലാമിക് ഫിനാന്‍സ് ആന്റ് എക്കണോമിക്‌സ് പഠിപ്പിക്കുന്ന നിരവധി കോഴ്‌സു കളും സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും നിലവിലുണ്ട്. എന്നാല്‍ ഇസ്‌ലാമിക് ഫിനാന്‍സിന്റെ പ്രായോഗിക രൂപം ജനങ്ങള്‍ക്കുമുന്നില്‍ അവതരി പ്പിക്കുന്ന സംരംഭങ്ങള്‍ രാജ്യത്ത് വിരലിലെണ്ണാവുന്നവ മാത്രമേ ഉള്ളൂ. അവയുടെ തന്നെ സേവനങ്ങള്‍ വളരെ പരിമിതമായ വൃത്തങ്ങളില്‍ മാത്രം ഒതുങ്ങുന്നു.
ഈ പരിമിതികള്‍ മറി കടന്നുകൊണ്ട്, സഹകരണ സ്ഥാപനങ്ങളിലൂടെ ഇന്ത്യയില്‍ ഇസ്‌ലാമിക സാമ്പത്തിക സംരംഭങ്ങള്‍ ആരംഭിക്കാമെന്ന് ഡോ. നജാത്തുല്ല സിദ്ദീഖി, ഡോ. എഫ്. ആര്‍. ഫരീദി തുടങ്ങിയ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലു ത്തിയ ഘടകമാണ് ആറ് ലക്ഷത്തിലധികം സഹകരണ സ്ഥാപനങ്ങളും 25 കോടിയിലധികം അംഗങ്ങളുമുള്ള ഇന്ത്യയിലെ സഹകരണ പ്രസ്ഥാനം. നഗരകേന്ദ്രീകൃത വികസന മാതൃകകളുടെ പരിമിതിയെ മറികടന്നുകൊണ്ട് ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കും അവിടത്തെ പിന്നാക്ക ജനവി ഭാഗങ്ങളിലേക്കും സാമ്പത്തിക വളര്‍ച്ചയുടെ നേട്ടങ്ങള്‍ എത്തിയത് സഹകരണ പ്രസ്ഥാനത്തിലൂടെയായിരുന്നു. നമ്മുടെ ഏറ്റവും വലിയ റിസോഴ്‌സ് ആയ മനുഷ്യ ശക്തി ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ട് സഹകരണ സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ സമ്പദ് ഘടനയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ധവള വിപ്ലവവും ഹരിത വിപ്ലവവും ഇന്ത്യയില്‍ നടപ്പിലായത് സഹകരണ സംഘങ്ങളിലൂടെയാണെന്നത് മാത്രം മതി അവയുടെ സ്വാധീനം തിരിച്ചറിയാന്‍.
2012 ജൂണില്‍ രജിസ്‌ട്രേഷന്‍ ലഭിക്കുകയും 2013 സെപ്റ്റംബറില്‍ ആദ്യ ബ്രാഞ്ച് തമിഴ്‌നാട്ടിലെ വാണിയമ്പാടിയില്‍ ആരംഭിച്ചു. കേരളത്തിലെ ആദ്യ ബ്രാഞ്ച് 2014 ഫെബ്രുവരിയില്‍ ആലുവ കേന്ദ്രമായും രണ്ടാമത്തെ ബ്രാഞ്ച് മാര്‍ച്ചില്‍ കോഴിക്കോട് കേന്ദ്രമായും ആരംഭിച്ചു. ഈരാറ്റുപേട്ടയില്‍ 2014 സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്ത ബ്രാഞ്ചുള്‍പ്പെടെ നിലവില്‍ അഞ്ച് ബ്രാഞ്ചുകള്‍ ഉണ്ട്.
ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെ അംഗങ്ങളില്‍നിന്ന് സംഗമത്തിന്റെ ഭരണ സമിതി നിശ്ചയിക്കുന്ന പ്രാദേശിക ഉപദേശക സമിതിയുടെ മേല്‍നോട്ടത്തിലാണ് ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രാദേശിക ഉപദേശക സമിതികള്‍ ബ്രാഞ്ചുകളുടെ മികച്ച പ്രവര്‍ത്തനം സാധ്യമാക്കുന്നതോടൊപ്പം അര്‍ഹരായ അംഗങ്ങളെ കണ്ടെത്തി ആവശ്യങ്ങള്‍ പരിഗണിച്ച് വായ്പകള്‍ നല്‍കാനും അവരുടെ ഉന്നമനത്തിനും സഹായിക്കുന്നു. ബ്രാഞ്ചുകളില്‍ ലഭിക്കുന്ന വായ്പാ അപേക്ഷകള്‍ സൂക്ഷ്മ നിരീക്ഷണം നടത്തുന്നതും അനുവദിക്കുന്നതും അതത് സമിതികളുടെ മേല്‍ നോട്ടത്തിലാണ്.

ആര്‍.ബി.ഐയുടെ പുതിയ നയം പ്രതീക്ഷ നല്‍കുന്നു!
അടുത്ത അഞ്ചുവര്‍ഷത്തേക്ക് തയ്യാറാക്കിയ ഇടക്കാല സാമ്പത്തിക കര്‍മ പദ്ധതിയില്‍ പലിശരഹിത ബാങ്കിംഗ് കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു ദീപക് മൊഹന്തി കമ്മിറ്റിയുടെ നിര്‍ദേശം. റിസര്‍വ് ബാങ്കിന്റെ 80-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുരാം രാജന്‍ ദീപക് കമ്മിറ്റിയെ നിയോഗിച്ചത്. രാജ്യത്തിലെ മുസ്‌ലിംകളില്‍ മഹാഭൂരിപക്ഷം മുഖ്യധാരാ ബാങ്കിംഗിനു പുറത്താണെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഈ വലിയ വിഭാഗത്തെ ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവരാന്‍കൂടിയാണ് പലിശരഹിത സംവിധാനം രാജ്യത്ത് തുടങ്ങണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാണിക്കുകയുണ്ടായി. ദീപക് മൊഹന്തി കമ്മിറ്റിയുടെ ശിപാര്‍ശക്കൊപ്പമാണ് അതിനാധാരമായ വിശദ റിപ്പോര്‍ട്ടും റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ചത്. ഇതിലെ അഞ്ചാം അധ്യായം പൂര്‍ണമായും പലിശരഹിത ബാങ്കിംഗിനായി നീക്കിവെച്ച റിപ്പോര്‍ട്ട് രാജ്യത്ത് അതിനാവശ്യമാകുന്ന സാഹചര്യം വിശദമാക്കിയിട്ടുണ്ട്. പല മുസ്‌ലിംകള്‍ക്കും ദീര്‍ഘകാല ബാങ്കിംഗ് ഉണ്ടെങ്കിലും ബാങ്കുമായിട്ടുള്ള പൊതു ഇടപാടുകള്‍ വളരെ കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ശരീഅത്തിന് ഇണങ്ങുന്ന സാമ്പത്തിക ഇടപാടുകള്‍ അവരാഗ്രഹിക്കുന്നത് കൊണ്ടായിരിക്കാം ഇങ്ങനെ വന്നതെന്നും റിപ്പോര്‍ട്ടു തുടരുന്നു.
ഇതിനായി ഒന്‍പതു മാതൃകകള്‍ റിസര്‍വ് ബാങ്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതാകട്ടെ ഇസ്‌ലാമിക് ഫിനാന്‍സ് സംവിധാനങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മോഡലുകളാണ്. അവ മുശാറക, മുദാറബ, മുറാബഹ, ഇജാറ, ഇസ്തിസ്‌ന, സുകുക്, വക്കാല, വദീഅ്, ഖര്‍ദ് ഹസന്‍ എന്നിവയാണ്. 
ബാങ്കും ഉപഭോക്താവും കൂട്ടായി ചേര്‍ന്ന് ഓഹരി പങ്കാളിത്തത്തിന്റെ രീതിയാണ് മുശാറക. ഉപഭോക്താവും ബാങ്കും കൂടി പണമായോ, വസ്തുവഹകളായോ നിക്ഷേപിക്കുന്ന പങ്കാളിത്ത ഉടമ്പടിയാണിത്. നഷ്ടവും ലാഭവും ഇരുകൂട്ടരുമുണ്ടാക്കിയ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ പങ്കുവെക്കും.
ഒരു പങ്കാളി മൂലധനം നല്‍കുകയും മറ്റൊരു പങ്കാളി വൈദഗ്ധ്യവും പ്രയത്‌നവും വിനിയോഗിക്കുകയും ചെയ്യുന്ന പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ ഇടപാടാണ് മുദാറബ. ഒരാള്‍ക്കാവശ്യമായ വസ്തുക്കള്‍ വാങ്ങിക്കാനുള്ള പണം കണ്ടെത്താന്‍ ബാങ്കിനെ ഇടപാടുകാരന്‍ സമീപിക്കുന്നതാണ് മുറാബഹ. ബാങ്ക് പണംമുടക്കി സാധനം വാങ്ങി ഇടപാടുകാരന് കൈമാറും. വാങ്ങിയ വിലയേക്കാള്‍ കുറച്ചുതുക കൂടുതല്‍ കണക്കാക്കി തവണകളായി തിരിച്ചടക്കാന്‍ ബാങ്ക് ഏര്‍പ്പാടൊരുക്കും. ഇടപാടുകാരന് വസ്തുവോ ഉപകരണമോ ബാങ്ക് വാങ്ങി വാടക്ക് നല്‍കുകയാണ് ഇജാറ. ആവശ്യമായ ഒരു ഉല്‍പന്നം നിശ്ചിത വിലക്ക് നിര്‍ണിതകാലത്തേക്ക് ഉണ്ടാക്കി നല്‍കുന്നതാണ് ഇസ്തിസ്‌ന. അതിന്റെ വില ഒരു ഭാഗം അഡ്വാന്‍സ് ആയോ അല്ലെങ്കില്‍ തവണകളായോ ബാക്കി വസ്തു നല്‍കുന്ന സമയത്തും നല്‍കാം. സുകുക് എന്നാല്‍ പ്രത്യക്ഷമായ വസ്തുക്കളുടെ പിന്‍ബലമുളള ശരീഅത്തിന് ഇണങ്ങുന്ന സെക്യൂരിറ്റികളുടെ ഇടപാടാണ്. ശരീഅത്തിന് യോജിച്ച പദ്ധതികളില്‍ നിക്ഷേപിക്കുന്നതിനായി ബാങ്കിന് പണം നല്‍കുകയാണ് വകാല. നിക്ഷേപിക്കാനുളള പദ്ധതികളും സ്വത്തുക്കളും നിര്‍ദേശിക്കാനുളള ഏജന്റിന്റെ റോള്‍ ബാങ്ക് നിര്‍വഹിക്കും. ധനം സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ബാങ്കിനെ ഏല്‍പിക്കുകയാണ് വദീഅ്. ശരീഅത്തിന് അനുയോജ്യമായ ഏതാവശ്യത്തിനും പ്രസ്തുത ധനം ബാങ്കിന് വിനിയോഗിക്കാം.
(ലേഖകന്‍ ഇന്‍ഫാഖ് ചെയര്‍മാന്‍, എ.ഐ.സി.എല്‍ ഡയറക്ടര്‍, സംഗമം പ്രസിഡന്റ് എന്നീ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നു.)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top