ഇസ്‌ലാമിക് സൈക്കോളജി ഒരാന്തരിക വീക്ഷണം

ഫാത്തിമ ഫര്‍സാന ടി.പി No image

'നിങ്ങളുടെ വാക്ക് നിങ്ങള്‍ രഹസ്യമാക്കുക, അല്ലെങ്കില്‍ നിങ്ങള്‍ പരസ്യമാക്കുക. തീര്‍ച്ചയായും അവന്‍ (അല്ലാഹു) ഹൃദയങ്ങ(മനസ്സുക)ളിലുള്ളത് അറിയുന്നവനാകുന്നു.' (വി.ഖു. 67:13)
ശാസ്ത്രത്തിന്റെ പഠനത്തിനും വിശകലനത്തിനും വിധേയമായിക്കഴിഞ്ഞ നിരവധി വിഷയങ്ങളിലൊന്നാണ് മനുഷ്യമനസ്സ്. മനസ്സ് പ്രവിശാലവും അഗാധവും ഓളമടങ്ങാത്തതുമായ ഒരു മഹാസമുദ്രം പോലെ എപ്പോഴും പ്രക്ഷുബ്ധമാണ്. അവിടെ പലതരം വികാരങ്ങളുടെ വേലിയേറ്റവും അതേപറ്റിയുള്ള വിചാരങ്ങളും നടക്കുന്നു. നന്മതിന്മകള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ നടക്കുന്നു. മനസ്സ് അമൂര്‍ത്തവും പ്രഹേളികയുമായതിനാല്‍ ഈ ശാസ്ത്രശാഖ സങ്കീര്‍ണമായി തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
1850-കളിലാണ് സൈക്കോളജി എന്ന ശാസ്ത്രശാഖയുടെ തുടക്കം. അഹമ്മദ് ബിന്‍ സഹ്ല്‍ അല്‍ ബല്‍ഖിയിലൂടെയായിരുന്നു ഇസ്‌ലാമിക് സൈക്കോളജിയുടെ തുടക്കം. വൈദ്യ തത്വജ്ഞാന പഠനങ്ങളിലൂടെ ആത്മാവി(നഫ്‌സ്)നെ ഇസ്‌ലാമിക വീക്ഷണത്തില്‍നിന്നും വായിച്ചെടുക്കുക എന്നതായിരുന്നു ഈ ശാഖ രൂപപ്പെട്ടതിനു പിന്നിലെ അടിസ്ഥാന ലക്ഷ്യം. മുസ്‌ലിം പണ്ഡിതന്മാര്‍ നഫ്‌സ് (ആത്മാവ്, വ്യക്തി) എന്ന പദം ഉപയോഗിച്ചാല്‍ ഒരു വ്യക്തിയുടെ വ്യക്തിത്വത്തേയും അയാളുടെ പ്രകൃതി (ഫിത്‌റ)യേയും സൂചിപ്പിക്കാനാണ്. എന്നാല്‍, വിവിധ ശാസ്ത്രശാഖകളുമായി ബന്ധപ്പെട്ട് ഖുര്‍ആനില്‍ പരാമര്‍ശങ്ങള്‍ വന്നപോലെ മനഃശാസ്ത്രവുമായി ഖുര്‍ആനില്‍ വന്ന സൂചനകള്‍ ഇങ്ങനെയാണ്. അറബിയിലെ 'നഫ്‌സ്' എന്ന പദത്തിന് മനസ്സ്, ഹൃദയം, ആത്മാവ് എന്നും 'സ്വദ്‌റ്' എന്ന പദത്തിന് മനസ്സ്, ഹൃദയം എന്നും 'ഖല്‍ബ്' എന്ന പദത്തിന് മനസ്സ്, ആത്മാവ് ഹൃദയം, ബുദ്ധി എന്നുമുള്ള വിവക്ഷകളാണ്. ഇവയില്‍ പൊതുവായി വരുന്നവയാണ് മനസ്സ്, ഹൃദയം എന്നിവ. അതുകൊണ്ട് ഈ മൂന്ന് പദങ്ങള്‍ക്കും ഖുര്‍ആനില്‍ സന്ദര്‍ഭോചിതം മനസ്സ് എന്നര്‍ഥം നല്‍കാം.
'ഉദാഹരണത്തിന്: ഞാനെന്റെ മനസ്സിനെ കുറ്റത്തില്‍ നിന്നൊഴിവാക്കുന്നില്ല. തീര്‍ച്ചയായും, എന്റെ മനസ്സ് ദുഷ്പ്രവൃത്തിക്കേറെ പ്രേരിപ്പിക്കുന്നതു തന്നെയാകുന്നു. എന്റെ നാഥന്റെ കരുത്ത് ലഭിച്ച മനസ്സൊഴികെ. തീര്‍ച്ചയായും തന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമാണ്.' (വി.ഖു. 12:53)
ഖുര്‍ഷിദ് അഹമ്മദിന്റ വ്യാഖ്യാനങ്ങളില്‍ മനുഷ്യന്‍ പാപവാസനകളാല്‍ ജനിക്കുന്നുവെന്ന ബൈബിളിന്റെ വാദത്തെ എതിര്‍ത്തുകൊണ്ട് മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുകയും അങ്ങനെ അവന് നന്മ തിന്മകള്‍ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുകയും പിന്നീട് അവന്റെ ചിന്തകളുടെ ഫലമായി ഇവ പ്രതിഫലിക്കുകയും ചെയ്യുന്നു. അതായത്, അല്ലാഹു മനുഷ്യനെ സൃഷ്ടിക്കുകയും അങ്ങനെ ഭൂമിയില്‍ അവനു ജീവിക്കാന്‍ വ്യക്തമായ സമയം നിര്‍ണയിക്കുകയും ചെയ്തു. എന്നിട്ട് അവന്റെ ആത്മാവില്‍ നന്മയും തിന്മയും വേര്‍തിരിച്ച് കൊടുക്കുകയും അങ്ങനെ അവന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു. അതിനാല്‍ ആത്മാവിന്റെ ചിന്തകള്‍ നന്മയും തിന്മയുമായി പ്രതിഫലിക്കുമ്പോള്‍ ആ ആത്മാവിന്റെ നന്മ തിന്മകളെ വേര്‍തിരിക്കുകയാണ് ഇസ്‌ലാമിക് സൈക്കോളജി. ഇതു തന്നെയാണ് ഇസ്‌ലാമിക് സൈക്കോളജി എന്ന ഈ ശാസ്ത്രശാഖ രൂപപ്പെട്ടതിനു പിന്നിലെ ഉദ്ദേശ്യവും.
ഇസ്‌ലാമിക് സൈക്കോളജിയുടെ വളര്‍ച്ചകളില്‍ കൈയൊപ്പ് ചാര്‍ത്തിയ രണ്ട് തത്വജ്ഞാനികളായിരുന്നു അഹമ്മദ് ബിന്‍ സഹ്ല്‍ അല്‍ ബല്‍ഖിയും അബൂയൂസുഫ് യാഖൂബ് ബിന്‍ ഇശാഹ് അസ്സബാഹ് അല്‍കിന്‍ദിയും. ബല്‍ഖിയായിരുന്നു ആദ്യമായി മനസ്സിനേയും ശരീരത്തേയും ബന്ധിപ്പിക്കുന്ന രോഗങ്ങളെ കുറിച്ച് പഠനം നടത്തിയത്. അങ്ങനെ ആത്മാവിന് (മനസ്സിന്) രോഗം ബാധിച്ചാല്‍ അത് ജീവിതത്തെ സന്തോഷിപ്പിക്കുകയില്ലെന്നും അത് ശാരീരിക രോഗങ്ങളിലേക്ക് വഴിതുറക്കുമെന്നുമുള്ള വാദത്തെ അദ്ദേഹം ശക്തമായി എതിര്‍ക്കുകയും ചെയ്തു. ശരീരത്തിന്റെ അസന്തുലിതാവസ്ഥ പനി, തലവേദന പോലുള്ള ശാരീരിക രോഗങ്ങളിലേക്കും ആത്മാവി(മനസ്സ്)ന്റെ അസന്തുലിതാവസ്ഥ ദേഷ്യം, വിഷാദം, സങ്കടം തുടങ്ങിയ മാനസിക രോഗങ്ങളിലേക്കും വഴിവെക്കുമെന്ന് അദ്ദേഹം തിരിച്ചറിയുകയും ചെയ്തു.
മുസ്‌ലിം ലോകത്ത് ആദ്യമായി മ്യൂസിക് തെറാപ്പി പ്രചരിപ്പിച്ചത് അല്‍കിന്‍ദിയായിരുന്നു. ബഗ്ദാദില്‍ ജനിച്ച തത്വജ്ഞാനിയായ ഇദ്ദേഹം 230-ഓളം സാഹിത്യങ്ങള്‍ ഇസ്‌ലാമിക ലോകത്തിനു വേണ്ടി സംഭാവന ചെയ്തു. അതിലേറെയും മനഃശാസ്ത്രവുമായി ബന്ധപ്പെട്ടതായിരുന്നു. ഉറക്കം, സ്വപ്നം, തീവ്രദുഃഖത്തെ ഉന്മൂലനം ചെയ്യല്‍ തുടങ്ങിയവയായിരുന്നു അതില്‍ ചിലത്. ആദ്യമായി Sorrow (തീവ്രദുഃഖം) എന്ന വാക്കിനെ വിശദീകരിച്ചതും അദ്ദേഹമാണ്. തീവ്രമായ മനപ്രയാസം കൊണ്ടോ ആശാഭംഗം കൊണ്ടോ സംഭവിച്ചേക്കാവുന്ന അഗാധമായ ആത്മദുഃഖമാണ് Sorrow എന്നദ്ദേഹം നിര്‍വചിച്ചു. പിന്നീടദ്ദേഹം നഗ്നനേത്രങ്ങളെ കൊണ്ട് കാണാവുന്ന വേദനകള്‍ തീര്‍ത്തും ഭേദമാക്കാമെന്നും വിശദീകരിച്ചു. കഹെമാശര ഠവലീഹീഴ്യ അദ്ദേഹത്തിന്റെ ഈ വാദങ്ങളുമായി പൂര്‍ണമായും യോജിച്ചു വരികയും ചെയ്തു. ആദര്‍ശവാദിയായിരുന്ന അദ്ദേഹം ചില സമയങ്ങളില്‍ ഇന്ദ്രിയാറിവുകള്‍ തെറ്റിദ്ധാരണകള്‍ക്ക് വിധേയമാക്കുമെന്നും അതിനാല്‍ ഇന്ദ്രിയങ്ങളിലൂടെ നേടുന്നതെന്തും വളരെ പെട്ടെന്നുതന്നെ നഷ്ടപ്പെടുമെന്നും വിശ്വസിച്ചു. വിഷാദത്തെ ഭേദമാക്കാന്‍ ചില മാനസികമായ രീതികള്‍ ഉപയോഗിക്കുകയും ആത്മാവിനെ അതിന്റെ സ്വതന്ത്രതയില്‍നിന്നും കിന്‍ദി നിര്‍വചിക്കുകയും ചെയ്തു. അങ്ങനെ സംവേദനക്ഷമത അതിന്റെ ഉദ്ദീപനങ്ങളോട് നേരനുപാതമായിരിക്കുമെന്ന് കണ്ടെത്തുകയും ചെയ്തു. ആത്മാവിനെ പറ്റിയുള്ള അദ്ദേഹത്തിന്റെ ചിന്തകള്‍ അരിസ്റ്റോട്ടിലിന്റെയും പ്ലാറ്റോയുടേയും ചിന്തകളില്‍നിന്നും ഉയര്‍ന്നു വന്നതാണ്. എന്നാല്‍ ഈ ചിന്തകളെ അദ്ദേഹം വലുതാക്കുകയും ആത്മാവിനെ ഉയര്‍ന്നതലം, താഴ്ന്നതലം എന്നിങ്ങനെ വിശദീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ചിന്തകള്‍ പിന്നീട് Negative theology-യിലോട്ട് നയിക്കുകയും ചെയ്തു.
പിന്നീട് Experimental Psychology-യുടെ പിതാവായ ഇബ്‌നു ഹൈഥം (അല്‍ഹസന്‍) ഇന്ദ്രിയങ്ങള്‍ വഴി നിറങ്ങളേയും അന്ധകാരത്തേയും മറ്റു ഇന്ദ്രിയാതീതമായ അറിവുകളേയും എങ്ങനെ മനസ്സിലാക്കുന്നു എന്നതില്‍ പരീക്ഷണങ്ങള്‍ നടത്തുകയും Binocular vision-നെ കുറിച്ചുള്ള മനഃശാസ്ത്രപരമായ വിശദീകരണങ്ങള്‍ നല്‍കുകയും ചെയ്തു. Visual perception-നെ പറ്റി പ്രതിപാദിക്കുന്ന Book of optics എന്ന പുസ്തകം രചിച്ചു. ശേഷം അല്‍ ബിറൂനി ഹൈഥമിന്റെ പാത പിന്തുടര്‍ന്നുകൊണ്ട് പരീക്ഷണങ്ങള്‍ നടത്തുകയും ഇന്ദ്രിയങ്ങള്‍ അതിനു ലഭിക്കുന്ന അറിവുകളോട് പ്രതികരിക്കാനെടുക്കുന്ന സമയം പരിശോധിക്കുകയും ചെയ്തു.
ഇസ്‌ലാമിന്റെ സുവര്‍ണ കാലഘട്ടങ്ങളില്‍ ഞവമ്വലെ എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് ബിന്‍ സകരിയ്യ അല്‍റായിയായിരുന്നു സൈക്കോതെറാപ്പിയെക്കുറിച്ചും മാനസിക രോഗങ്ങളെക്കുറിച്ചും ആദ്യമായെഴുതിയത്. ബഗ്ദാദിലെ ഫിസിഷ്യനായിരുന്ന അദ്ദേഹത്തിന്റെ ഈ സംഭാവന ഇസ്‌ലാമിക് സൈക്കോളജിയുടെ ലോകത്ത് പുതിയ ചലനങ്ങളുണ്ടാക്കി. ഇസ്‌ലാമിക ലോകം എക്കാലത്തും ഉറ്റുനോക്കുന്ന ഇബ്‌നുസീന(അബുഅലി അല്‍ ഹുസൈന്‍ ഇബ്‌നു അബ്ദുല്ല ഇബ്‌നുസീന)യുടെ സംഭാവനകളും ഇസ്‌ലാമിക് സൈക്കോളജിയുടെ ലോകത്തുണ്ട്. ആദ്യമായി ഇന്ദ്രിയഗോചരശക്തികളെ അവയുമായി ബന്ധപ്പെട്ട ജ്ഞാനേന്ദ്രിയങ്ങളുമായി തരം തിരിച്ചത് ഇബ്‌നുസീനയാണ്. ഉറക്കമില്ലായ്മ, മതിഭ്രമം, ശിരോഭ്രമണം, തളര്‍ച്ച, വിഷാദം, ആഘാതം എന്നിവയെ പറ്റിയുള്ള വിശദീകരണങ്ങള്‍ നല്‍കി ഇസ്‌ലാമിക് സൈക്കോളജിയുടെ ലോകത്തിന് ഒരു വലിയ സംഭാവന തന്നെ അദ്ദേഹം നല്‍കി.
ശേഷം ഇബ്‌നുസീന മനുഷ്യന്റെ ആത്മാവബോധം ആത്മാഭിമാനം, ആത്മാവിന്റെ ഭൗതികാസ്തിത്വം എന്നിവയെപറ്റിയുള്ള പരീക്ഷണങ്ങളടങ്ങിയ തന്റെ എഹീമശേിഴ ാമി എന്ന പുസ്തകം രചിച്ചു. ഈ പുസ്തകം അതിന്റെ വായനക്കാരോട് എല്ലാ സംവേദനക്ഷമതകളില്‍നിന്നും അകന്നുനിന്നുകൊണ്ട് തന്റെ ശരീരത്തെ വായുവില്‍ മാത്രം ഉറപ്പിച്ച് നിര്‍ത്താന്‍ ആവശ്യപ്പെടുന്നു. അവിടെ തന്റെ ശരീരം എല്ലാ സംവേദനക്ഷമതകളില്‍ നിന്നും അകന്നു നില്‍ക്കുന്നു. ഈ സങ്കല്‍പത്തിലൂടെ അദ്ദേഹം ഒരാളുടെ വ്യക്തിത്വം അയാളുടെ ശാരീരിക വസ്തുക്കളെ ആശ്രയിച്ചായിരിക്കും എന്നത് യുക്തിപരമല്ല എന്ന നിഗമനത്തിലെത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ ഒരു വസ്തുവിനെ മറ്റൊന്നിനോട് ബന്ധിപ്പിക്കുന്ന പോലെ ആത്മാവിനെ മറ്റൊരു വാക്കുമായി ബന്ധിപ്പിക്കാവതല്ല. എന്നാല്‍, ആത്മാവിനെ മനുഷ്യനിലെ ആന്തരികമായത്, ബാഹ്യമായത് എന്നിങ്ങനെ തരം തിരിക്കാം. കാരണം അറിവില്‍ നിന്നുള്ള പ്രവൃത്തികള്‍ ഒരിക്കലും യാന്ത്രികമായി ഉല്‍പാദിപ്പിക്കപ്പെടുന്നവയല്ല. എന്നാല്‍, അവയുടെ ഓരോ ഘട്ടങ്ങളിലും അന്തര്‍ജ്ഞാനം അഥവാ സഹജാവബോധം ഉള്‍ക്കൊള്ളുന്നു. പിന്നീട് അദ്ദേഹം മനുഷ്യമനസ്സിനെ ഒരു കണ്ണാടിയോടുപമിച്ചുകൊണ്ട് ഇങ്ങനെ എഴുതി. ഒരു കണ്ണാടി ആദ്യം തുരുമ്പിച്ചതാവും (മനുഷ്യന്‍ സജീവമായ ഗ്രഹണശക്തിയില്‍ നിന്നും അറിവ് നേടുന്നതിനുമുമ്പ്). പക്ഷെ, അത് ഉരച്ച് ശുദ്ധീകരിച്ചാല്‍ (ഒരാള്‍ ചിന്തിക്കുമ്പോള്‍) ആ കണ്ണാടി സൂര്യന്റെ വെളിച്ചത്തെ പോലും കൃത്യമായി പ്രതിഫലിപ്പിക്കുന്നു (ഗ്രഹണ ശക്തി സജീവമാകുന്നു).
എന്നാല്‍, മധ്യകാലഘട്ടത്തിലെ ഇസ്‌ലാമിക് സൈക്കോളജിയുടെ ഈ ചിന്തകളെ പിന്നീട് പ്രത്യക്ഷരൂപങ്ങള്‍ ഖുര്‍ആനികാടിസ്ഥാനത്തില്‍ നല്‍കിയിട്ടുണ്ട്; അവ ഇങ്ങനെയാണ്. സ്വദ്ര്‍ (നെഞ്ച്) എന്നതിനെ ഇസ്‌ലാമുമായി ബന്ധപ്പെടുത്തിക്കൊണ്ടും (വി.ഖു 39:23), ഖല്‍ബ് (ഹൃദയം) എന്നതിനെ ഈമാനിന്റെ ഇരിപ്പിടമായും (വിശ്വാസമായും) (വി.ഖു 49:7, 16:106), ഫുആദ് (ഹൃദയം) മഅ്‌രിഫയുമായി ബന്ധപ്പെടുത്തിയും, ലുബ്ബ് (ആന്തരിക ഹൃദയം)നെ സ്പര്‍ശനങ്ങളുടെ മുദ്രകളായി ബന്ധപ്പെടുത്തിക്കൊണ്ടും വ്യാഖ്യാനിച്ചു.
ഹദീസുകളിലും ആത്മാവിനെ പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഒരിക്കല്‍ മുഹമ്മദ് നബി (സ) ഇങ്ങനെ പ്രസ്താവിച്ചു. 'മനുഷ്യനില്‍ ഒരു മാംസപിണ്ഡമുണ്ട്. അതുനന്നായാല്‍ അവന്‍ നന്നായി. ചീത്തയായാല്‍ അവന്‍ ചീത്തയായി. അതത്രെ ഹൃദയം.' ഈ തിരുവചനം പലപ്പോഴും ഹൃദയമാണ് മനസ്സെന്ന തെറ്റിദ്ധാരണക്കിടയാക്കാറുണ്ട്. എന്നാല്‍, മനസ്സെന്നാല്‍ മനുഷ്യശരീരത്തിലെ ഹൃദയമെന്ന അവയവമാണ് എന്ന നിലക്കല്ല പ്രവാചകന്‍ ഇതു പറഞ്ഞത്. ലോകത്തെങ്ങുമുള്ള മനുഷ്യര്‍ മനസ്സിനെ അതിന്റെ മൂര്‍ത്ത രൂപത്തില്‍ സങ്കല്‍പിക്കുമ്പോള്‍ സ്വന്തം ഹൃദയത്തിന്റെ രൂപമാണ് നല്‍കുക. ഇക്കാര്യത്തില്‍ പൗരാണികരും ആധുനികരും തമ്മില്‍ അന്തരമില്ല. അങ്ങനെയാണ് ഹൃദയം മനസ്സിന്റെ - ആത്മാവിന്റെ പര്യായമായത്. മനസ്സാണ് ശരീരത്തിന്റെ രാജാവ് എന്നാണ് പ്രവാചകന്‍ പറഞ്ഞതിനര്‍ഥം. അവയവങ്ങളെല്ലാം ആ രാജാവിന്റെ ആജ്ഞാനുവര്‍ത്തികളായ പരിചാരകരും സേവകരുമാകുന്നു. അവ രാജാവിന്റെ കല്‍പനകളനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. മനുഷ്യന്റെ കര്‍മം നന്നാവണമെങ്കില്‍ അവയവങ്ങളോട് അത് കല്‍പിക്കുന്ന മനസ്സ് നന്നാവണം.
മനസ്സ് നന്നാവണമെങ്കില്‍ മനസ്സിനെ - ആത്മാവിനെ മനസ്സിലാക്കണം. ഈ മനസ്സിന് രണ്ട് മാനങ്ങളുണ്ട്. ഒന്ന്, ആത്മാവ് എന്ന പ്രതിഭാസം എന്താണെന്ന് ഗ്രഹിക്കല്‍. രണ്ട്, ഓരോ മനുഷ്യനും അവനവന്റെ ആത്മാവിനെ (വ്യക്തിത്വത്തെ) അതിന്റെ ഗുണദോഷങ്ങളോടു കൂടി വിശദമായി ഗ്രഹിക്കല്‍. രണ്ടും വളരെ സൂക്ഷ്മതയും ജാഗ്രതയും ആവശ്യപ്പെടുന്ന അന്വേഷണങ്ങളാകുന്നു. മനുഷ്യന്‍ കാഴ്ചക്കപ്പുറത്തുള്ള ലോകത്തേയും വര്‍ത്തമാനത്തിനപ്പുറമുള്ള ഭാവിയേയും ഭാവനയിലൂടെ സൃഷ്ടിച്ചെടുക്കുന്നതും സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നതും അവനെ ത്വരിപ്പിക്കുന്നു. ഇതുവഴി അവന്‍ ആത്മാവിനെ തിരിച്ചറിയുകയും തിരക്കുകളില്‍ നിന്ന് വ്യത്യസ്തനാവുകയും ചെയ്യുന്നു.
എന്നാല്‍, മനുഷ്യാത്മാവിനെ സമ്പൂര്‍ണമായി ഗ്രഹിക്കുക അസാധ്യമാണ്. അത് അജ്ഞേയമായ അഭൗതിക പ്രതിഭാസമാകുന്നു എന്നതുതന്നെ കാരണം. പ്രപഞ്ചവിധാതാവിന്റെ മാത്രം വിഷയങ്ങളില്‍ പെട്ടതാണ് ആത്മാവെന്നും അവനതിനെ കുറിച്ച് വളരെ കുറച്ചേ അറിയാനാകൂ എന്നും വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. 'തന്റെ മനസ്സറിഞ്ഞവന്‍ തന്റെ നാഥനെ അറിഞ്ഞു' എന്ന് പ്രശസ്തമായ ഒരാപ്തവാക്യമുണ്ട്. അഗോചരമായ ആത്മാവിനെ കണ്ടെത്താന്‍ കഴിയുന്നവര്‍ക്ക് ദൈവത്തേയും കണ്ടെത്താന്‍ കഴിയുന്നു. പക്ഷെ, മനുഷ്യന്റെ ജ്ഞാനപരിമിതിക്ക് ആത്മാവിനെ പൂര്‍ണമായി ഉള്‍ക്കൊള്ളാനാവില്ല. ആ പരിമിതി അനുവദിക്കുന്നിടത്തോളം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ.
ഹദീഥില്‍ ഹൃദയത്തെ വിശദീകരിച്ച പോലെ തന്നെ മനുഷ്യന്റെ മാനസിക അസ്വസ്ഥതകളും വിവിധ പ്രകൃതങ്ങളുള്ള രോഗങ്ങളും അവയുടെ പരിഹാരമാര്‍ഗങ്ങളും ഇസ്‌ലാമികാടിസ്ഥാന സ്രോതസ്സുകളായ ഖുര്‍ആനിലും സുന്നത്തിലും വിശദീകരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ആധുനിക നഫ്‌സിനെ വിലയിരുത്തുകയാണ് ഇസ്‌ലാമിക് സൈക്കോളജി എന്ന പ്രതിഭാസത്തിലൂടെ. മാനസിക രോഗശമനത്തിന് സാധാരണ വൈദ്യചികിത്സാ രീതികളും സ്വഭാവ രൂപീകരണ രീതികളുമാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍, ഇവിടെ ആത്മീയമായുള്ള ചികിത്സകള്‍ പരിഗണനക്കെടുക്കേണ്ടതുണ്ട്. കാരണം, ഇസ്‌ലാം പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്ന വ്യത്യസ്തമായ സംസ്‌കാരമാണ്. പല സാഹചര്യങ്ങളിലും ആത്മീയമായുള്ള ചികിത്സാരീതികള്‍ വൈദ്യചികിത്സാ രീതികളെക്കാള്‍ ഫലപ്രദമായതിന് ലോകം സാക്ഷിയായിട്ടുണ്ട്. സൈക്കോതെറാപ്പി ഉപയോഗിച്ച് പരാജയപ്പെട്ട മാനസിക രോഗ കേസുകളില്‍ ആത്മീയമായ കൗണ്‍സലിംഗുകള്‍ ഫലം നല്‍കി.
ഷാര്‍ജ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായിറുന്ന അയിഷ ഹംദാന്‍ ഈ വിഷയത്തില്‍ വിശദ പഠനം നടത്തി. അതിപ്രകാരമാണ്: ഒരു മുസ്‌ലിംസ്ത്രീയുടെ ചെറിയ മകന്‍ കാന്‍സര്‍ മൂലം മരണപ്പെട്ടു. അതുമൂലം അവര്‍ വിഷാദരോഗിയായി. ഒരുപാട് സൈക്കോതെറാപ്പിസ്റ്റുകളെ സമീപിച്ചുവെങ്കിലും അവര്‍ നിര്‍ദേശിച്ച ചികിത്സാരീതികള്‍ ആ മാതാവിന്റെ അസുഖത്തെ താല്‍ക്കാലികമായി മാത്രം സുഖപ്പെടുത്താനേ സാധിച്ചുള്ളൂ. അങ്ങനെ ഹംദാന്‍ ഇസ്‌ലാമിക് സൈക്കോളജിയില്‍ ഊന്നിപ്പറഞ്ഞിട്ടുള്ള ചികിത്സാരീതികള്‍ അവരില്‍ സ്ഥിരമായി ഉപയോഗിച്ചു. ദൈവത്തിന്റെ വിശ്വാസമുണ്ടാക്കിയെടുക്കുക, ദുരിതങ്ങള്‍ സംഭവിക്കുമ്പോള്‍ അവക്കു പിന്നിലുള്ള ദൈവജ്ഞാനത്തെ അഭിനന്ദിക്കുക തുടങ്ങിയവയായിരുന്നു അവ. ഒടുവില്‍ ഹംദാന്റെ ഈ പരിശ്രമങ്ങള്‍ക്ക് ഫലം കാണുകയും അങ്ങനെ ആറുമാസം കൊണ്ട് ആ സ്ത്രീ തന്റെ വിഷാദരോഗത്തില്‍നിന്ന് മുക്തയാവുകയും ചെയ്തു. ഇസ്‌ലാമിന്റെ ആത്മീയാന്തരീക്ഷത്തെ പരിശോധിക്കുന്ന ഏതൊരാള്‍ക്കും ഇസ്‌ലാമിക് സൈക്കോളജി പ്രതിനിധാനം ചെയ്യുന്ന രീതികള്‍ യാഥാര്‍ഥ്യമാണെന്ന് തിരിച്ചറിയാന്‍ ഈ തെളിവുകള്‍ ധാരാളമാണ്.
ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധി എന്ന പദവിയാല്‍ ആദരിക്കപ്പെട്ട മനുഷ്യന്‍ ജീവനുപുറമെ ആത്മാവിനെ കൂടി വഹിക്കുന്നവനാണ് എന്നുള്ളത് യാഥാര്‍ഥ്യവും തര്‍ക്കമില്ലാത്തതുമാണ്. ഈ ആത്മാവ് അഭൗതിക ലോകത്തുനിന്നുള്ള അവന്റെ നാഥനില്‍നിന്നൂതപ്പെട്ടതും മനുഷ്യാസ്തിത്വത്തിന്റെ ദൈ്വതമാനവുമാണ്. മനുഷ്യന്റെ ഭൗതിക ജഡം അവനെ മണ്ണിലെ ക്ഷണിക വിഭവങ്ങൡലേക്ക് പിടിച്ച് വലിക്കുമ്പോള്‍ അഭൗതിക ആത്മാവ് അവനെ ആകര്‍ഷിക്കുന്നത് അഭൗമമായ സ്വര്‍ഗീയാശകളിലേക്കും വിഭവങ്ങളിലേക്കുമാണ്. അതുകൊണ്ട് തന്നെ ശരീരത്തിന് അതിന്റെ വഴിക്കും സഞ്ചരിക്കാനാവില്ല. ഒന്നുങ്കില്‍ ശരീരം ആത്മാവിനേയോ അല്ലെങ്കില്‍ ആത്മാവ് ശരീരത്തെയോ പിന്തുടരണം. ഇങ്ങനെ ആത്മാവ് ജഡികവാസനകളാല്‍ ഭരിക്കപ്പെടുന്ന അവസ്ഥയെ 'ഇത്തിബാഉശ്ശഹവാത്' എന്നും ശരീരം ആത്മാവിനാല്‍ ഭരിക്കപ്പെടുന്നതിനെ ദൈവഭക്തി അഥവാ 'തഖ്‌വ' എന്നും തരംതിരിക്കാം. ഇവ രണ്ടും മുഷ്യമനസ്സില്‍ അല്ലാഹു നിക്ഷേപിച്ചിരിക്കുന്നു. അതിനാല്‍, ആത്മാവിനേയും ശരീരത്തേയും സമരസപ്പെടുത്തി പുരോഗമിക്കാനാണ് പ്രകൃതി മനുഷ്യനോടാവശ്യപ്പെടുന്നത്.
മനസ്സിന്റെ പ്രതിഭാസങ്ങളെപ്പറ്റിയും മനഃശാസ്ത്രവുമായി ബന്ധപ്പെട്ട മറ്റുമേഖലകളെപ്പറ്റിയും ചര്‍ച്ചചെയ്യുന്ന ധാരാളം പുസ്തകങ്ങള്‍ ഇസ്‌ലാമിക് സൈക്കോളജിയുടെ ലോകത്തുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top