പോരാട്ടത്തിന്റെ കനല്‍വഴികള്‍

അബ്ദുള്ള പേരാമ്പ്ര No image

ണ്‍പത്തിനാലാം പിറന്നാളിന്റെ നിറവിലാണ്‌ മഹേശ്വതാദേവി എന്ന ബംഗാളി എഴുത്തുകാരി. വാര്‍ധക്യ സഹജമായ അസ്വാസ്ഥ്യങ്ങളെ മനഃസ്ഥൈര്യംകൊണ്ട്‌ അവര്‍ മറികടക്കുകയാണിന്നും. മഹേശ്വതാദേവി എന്ന വിഖ്യാത പ്രതിഭ ചിന്തയിലും എഴുത്തിലും ചെറുപ്പം സൂക്ഷിച്ച്‌ ഇന്ത്യനെഴുത്തില്‍ വേറിട്ടൊരു പാന്ഥാവ്‌ സൃഷ്‌ടിക്കുന്നു. വാക്കും നോക്കും കൊണ്ട്‌ അവര്‍ ധീരയായ ഒരു പോരാളിയും, അടിച്ചമര്‍ത്തപ്പെട്ടവന്റെ നാവുമാണ്‌. ബംഗാളി ഭാഷയില്‍ മാത്രമല്ല, ഭാരതീയ സാഹിത്യനഭസ്സില്‍ ഒരു വിസ്‌മയമായി നിലകൊള്ളുകയാണവര്‍. 1996ല്‍ ജ്ഞാനപീഠവും 1997ല്‍ മാഗ്‌സാസെ പുരസ്‌കാരവും ലഭിച്ചപ്പോള്‍ പ്രാന്തവല്‍കൃത സമൂഹത്തിന്റെ വലിയ പിന്തുണയും സ്‌നേഹവായ്‌പും ഈ എഴുത്തുകാരി ആവോളം അനുഭവിച്ചിട്ടുണ്ട്‌.
സാഹിത്യവും, സംഗീതവും ഉള്‍ച്ചേര്‍ന്ന കുടുംബത്തിലെ അറിയപ്പെടുന്ന കവിയായ മനീഷ്‌ഘട്ടക്കാണ്‌ മഹേശ്വതാ ദേവിയുടെ അച്ഛന്‍. അമ്മ ധരിത്രീദേവി എഴുത്തുകാരിയും പേരെടുത്ത സാമൂഹിക പ്രവര്‍ത്തകയുമായിരുന്നു.
ഒളിച്ചു വെയ്‌ക്കപ്പെട്ട പെണ്‍കരുത്ത്‌ ആവിഷ്‌കരിക്കുക എന്ന ശ്രമകരമായ ദൗത്യം വളരെ ഔന്നിത്യത്തോടെ മഹേശ്വതാ നിര്‍വഹിച്ചു. എഴുത്തിലേക്കുള്ള അവരുടെ ആദ്യ ചുവടുവെപ്പു തന്നെ സ്‌ത്രീ ശാക്തീകരണത്തിന്റെ ആഴങ്ങളെ സ്‌പര്‍ശിച്ചുകൊണ്ടായിരുന്നു. ഇന്ത്യാ ചരിത്രത്തിലെ നക്ഷത്രത്തിളക്കമാര്‍ന്ന വ്യക്തിത്വമായ റാണീ ലക്ഷ്‌മീഭായിയെക്കുറിച്ചുള്ള രചനകള്‍ അതിന്‌ തെളിവാണ്‌. `മനുഷ്യനുണരുമ്പോള്‍' എന്ന കൃതി മഹേശ്വതയുടെ എഴുത്തിന്റെ കരുത്തറിയിക്കുന്നു. `റുദാലി' യെ പോലുള്ള വ്യാഖ്യാത ചിത്രങ്ങള്‍ക്ക്‌ മഹേശ്വതയുടെ കഥകള്‍ അവലംബമായി.
എഴുത്തുകാരിയായും സാമൂഹിക പ്രവര്‍ത്തകയായും അവര്‍ തന്റെ സാനിധ്യം അറിയിച്ചു. അതിനുപറ്റിയ മണ്ണ്‌ ബംഗാളിനുണ്ടായിരുന്നു. ദാരിദ്ര്യവും, കഷ്ടപ്പാടുകളും നിറഞ്ഞ ഭൂരിപക്ഷത്തിന്റെ ഇടയിലേക്കാണ്‌ അവര്‍ ഇറങ്ങിച്ചെന്നത്‌. അതുകൊണ്ട്‌ തന്നെ ബംഗാളിന്റെ അധികാരം കയ്യാളിയ ഇടതുപക്ഷത്തോട്‌ പലപ്പോഴും അവര്‍ക്ക്‌ കലഹിക്കേണ്ടി വന്നു. വികസനമെന്നത്‌ അടിസ്ഥാന വര്‍ഗത്തിന്റെതാവണമെന്ന ചിന്തയാണ്‌ മഹേശ്വതയെ എക്കാലവും നയിച്ചത്‌. ആദിവാസി ഗോത്രസമൂഹത്തെ മാത്രമല്ല, മുഴുപ്പട്ടിണിയില്‍ ജീവിതം ഹോമിക്കുന്ന ഇതര സമൂഹങ്ങളുടേയും ശബ്‌ദമായി അവര്‍ മാറി. എഴുത്തുമുറിയില്‍ നിന്ന്‌ പോരാട്ടത്തിന്റെ തെരുവ്‌ ശീലങ്ങളിലേക്ക്‌ അവര്‍ ഇറങ്ങിവന്നു. അക്ഷരങ്ങള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടും അവര്‍ പൊരുതി. അങ്ങനെയാണ്‌ തൊണ്ണൂറുകള്‍ക്കു ശേഷമുള്ള കാലം മഹേശ്വത കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രത്തിന്റെയും ഭരണകൂടത്തിന്റെയും കണ്ണിലെ കരടായത്‌.
ബംഗാളിലെ പ്രാന്തദേശങ്ങളിലെ ഗിരിവര്‍ഗ ജീവിതത്തിന്റെ യഥാര്‍ഥ ചിത്രം നമുക്ക്‌ ലഭിക്കണമെങ്കില്‍ മഹേശ്വതയുടെ രചനകളിലൂടെ ഒരു വട്ടമെങ്കിലും കടന്നു പോയാല്‍ മതി. തന്റെ മണ്ണില്‍ എന്ത്‌ അനീതി സംഭവിച്ചാലും അതിനെ നിശബ്‌ദ നിലപാടില്‍ നോക്കികാണാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല. പത്രകോളങ്ങളിലെ അവരുടെ എഴുത്ത്‌ ദലിതനേയും, അവര്‍ണനേയും പ്രതിനിധീകരിച്ചു. ഇരുപതോളം വരുന്ന ബൃഹത്‌കൃതികളുടെ ഉള്ളടക്കം എല്ലാ അര്‍ഥത്തിലും നാം മാറ്റിനിര്‍ത്തിയ ആ സമൂഹത്തെ കണ്ടറിഞ്ഞു.
1926ല്‍ ധാക്കയിലായിരുന്നു മഹേശ്വതയുടെ ജനനം. ഇന്ത്യയില്‍ ബ്രിട്ടീഷ്‌ കൊളോണിയിലസത്തിന്റെ തേര്‍വാഴ്‌ചകള്‍ കണ്ടും, കൊണ്ടുമാണ്‌ അവര്‍ വളര്‍ന്നത്‌. ഉള്ളിലടക്കിയ അമര്‍ഷത്തിന്റെ തീപ്പൊരികളുമായാണ്‌ മഹേശ്വത ടാഗോറിന്റെ ശാന്തിനികേതനില്‍ എത്തുന്നത്‌. ടാഗോറില്‍ നിന്ന്‌ താന്‍ പഠിച്ചതിന്‌ അതിരില്ലെന്ന്‌ പില്‍ക്കാലത്ത്‌ അവര്‍ അനുസ്‌മരിച്ചെഴുതിയിട്ടുണ്ട്‌. ദരിദ്രന്റെയും ദളിതന്റെയും കണ്ണീരിന്‌ കണ്ണും കാതും കൊടുക്കാന്‍ അവരെ സഹായിച്ചത്‌ ശാന്തിനികേതനിലെ ശിക്ഷണമാണ്‌. ബംഗാളിന്റെ വിദൂര ഇടങ്ങളില്‍ സഞ്ചരിച്ച്‌, ദുരിതക്കാഴ്‌ചകള്‍ നേരില്‍ കണ്ട്‌ അവര്‍ പത്രത്താളുകളില്‍ നിരന്തരമെഴുതി. പെണ്ണിന്‌ ഒട്ടേറെ വിലക്കുകളുള്ള കാലത്താണ്‌ ഇതെന്ന്‌ നാം ഓര്‍ക്കണം. അന്‍പതുകളില്‍ ഗോത്ര സമൂഹങ്ങള്‍ തമ്മില്‍ നിലനിന്ന ശത്രുതയും, പരസ്‌പര വേട്ടകളും മഹേശ്വതയെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്‌. ഗോത്ര സംഘര്‍ഷങ്ങളുടെ വിളഭൂമിയായിരുന്ന ബംഗാളില്‍ കാലോചിതമായ ഇടപെടലുകള്‍ ഇല്ലാത്തതുമൂലം എത്രമാത്രം ജീവിതങ്ങളാണ്‌ ആ മണ്ണില്‍ പൊലിഞ്ഞു പോയതെന്ന്‌ ചരിത്രം സാക്ഷി നില്‍ക്കുന്നുണ്ട്‌. വിപ്ലവ രാഷ്‌ട്രീയത്തില്‍ നിന്ന്‌ മാറ്റി നിര്‍ത്തപ്പെട്ട ഒരു വിഭാഗം എങ്ങനെയൊക്കെയാണ്‌ തിരസ്‌കൃതരായതെന്ന്‌, ബംഗാളിലെ ഭൂപ്രഭുക്കന്മാരുടെ രാഷ്‌ട്രീയം പറഞ്ഞുതരും.
ഒരു അന്വേഷണാത്മക പത്രപ്രവര്‍ത്തകയുടെ ചുറുചുറുക്കും, പ്രതിബദ്ധതയും ഈ എന്‍പത്തിനാലിലും മഹേശ്വതയെ വിളിച്ചുണര്‍ത്തിക്കൊണ്ടിരിക്കുന്നു. ഝാര്‍ക്കണ്ഡിലെ ആദിവാസി മേഖലകളിലെ ജീവിതം പഠിക്കാനും, അവിടങ്ങളില്‍ എങ്ങനെയൊക്കെയാണ്‌ ഭൂപ്രഭുക്കള്‍ ഭൂമി തട്ടിയെടുത്ത്‌ കോടികള്‍ കൊയ്യുന്നതെന്നും അവര്‍ നേരില്‍ക്കണ്ട്‌ പഠിച്ചെഴുതിയിട്ടുണ്ട്‌. 3,000 ത്തിലേറെ വരുന്ന കൃഷിഭൂമി വ്യവസായവല്‍ക്കരണത്തിലൂടെ കൃഷിക്കാരന്‌ എങ്ങനെ നഷ്‌ടപ്പെട്ടുവെന്ന്‌ മഹേശ്വത അധികാരി വര്‍ഗത്തിന്‌ പറഞ്ഞുകൊടുക്കുന്നു. കര്‍ഷകന്റെ തോളോപ്പം നിന്ന്‌ അവര്‍ക്ക്‌ വേണ്ടി വാദിക്കുമ്പോള്‍ ഈ പ്രായത്തിലും അവരുടെ ശരീരത്തെ ചെറുപ്പം വാരിപ്പുണരുന്നു. താനൊരു രാഷ്‌ട്രീയക്കാരിയോ, ജനനേതാവോ അല്ലെന്ന്‌ അവര്‍ പറയുമ്പോഴും ബംഗാളിലെ പ്രാന്തവല്‍കൃത സമൂഹത്തിന്‌ മഹേശ്വത അതൊക്കെയാണ്‌. എഴുത്തും, പോരാട്ടവും ജീവിതാന്ത്യം വരെ കൊണ്ടു പോകാന്‍ അവരെ പ്രേരിപ്പിക്കുന്നത്‌ ഈ സാമൂഹിക പ്രതിബദ്ധതയാണ്‌. ഇന്ത്യയിലെ മറ്റേതൊരു എഴുത്തുകാരനോ, എഴുത്തുകാരിക്കോ കഴിയാത്ത, കഴിഞ്ഞാലും ഉറക്കം നടിക്കുന്ന ഒരു സാമൂഹിക പരിസരത്തുനിന്ന്‌ നിരീക്ഷിക്കുമ്പോള്‍, മഹേശ്വതാ ദേവി നമുക്കൊരു അദ്‌ഭുത പ്രതിഭാസം തന്നെയാണ്‌.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top