പൊരിച്ച മീന്‍ പങ്കുവെച്ചപ്പോള്‍
നടുക്കണ്ടം കിട്ടാത്തതിനാണ്
മകന് ഉമ്മയോട് തെറ്റി
തെരുവിലേക്കിറങ്ങിയത്.
ഏതോ ഈര്ക്കിലിപ്പാര്ട്ടിയുടെ
ഹര്‍ത്താലിന് ഉന്നംതെറ്റിവന്ന കല്ല്
തിരിച്ചെറിഞ്ഞത്
ഉമ്മാനോടുള്ള അരിശംകൊണ്ടാണെന്ന്
ഏറ് കൊണ്ട കാക്കിക്ക് അറിയില്ലല്ലോ
ലാത്തിക്കിടയില് കാക്കിപ്പട
പൊക്കിയെടുത്തപ്പോള്‍
ഹര്‍ത്താല്‍ വിജയിച്ച ആവേശത്തില്‍
അണികള്‍ കീ ജയ് വിളിക്കുന്നു
കൈയ്യാമം വച്ച് മകന് പോകുന്നത്
കണ്ടപ്പോള്‍
ഉമ്മാക്ക് തോന്നി
നടുക്കണ്ടം തന്നെ കൊടുക്കാമായിരുന്നെന്ന്.