ദുബൈയിലെ നോമ്പ് രാത്രികള്‍

ശബീന ശര്‍ഖി No image

റമദാനിനെ സ്വീകരിക്കാന്‍ വിശ്വാസികള്‍ മനസ്സും ശരീരവും വീടിന്റെ അകവും പുറവുമെല്ലാം വൃത്തിയാക്കി ഒരുങ്ങിക്കഴിഞ്ഞു. റമദാന്‍ മാസം കടന്നുവരുമ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷമാണ് നമുക്ക്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇല്ലായ്മ എന്താണെന്നറിയാതെ കടന്നുപോവുന്ന മാസം. നോമ്പെടുത്തവനുള്ള പ്രതിഫലം അല്ലാഹു കണക്കില്ലാതെ നല്‍കും എന്നാണ് പ്രവാചക വചനം. അത് ചിലപ്പോഴൊക്കെ നമ്മള്‍ മറ്റൊരുവിധത്തില്‍ അനുഭവിക്കുന്നുണ്ട്. ചില ദിവസങ്ങളില്‍ നോമ്പുതുറക്കാന്‍ പുറമേ നിന്ന് ആരും ഉണ്ടാകില്ലെന്നു കരുതി ഭക്ഷണമുണ്ടാക്കി നോമ്പുതുറക്കാനുള്ള സമയത്ത് അതിഥികള്‍ വന്നാല്‍ അവര്‍ എത്ര പേരുണ്ടായാലും, അവര്‍ കഴിച്ചിട്ടും ഭക്ഷണം ബാക്കിയാവുന്ന അവസരങ്ങള്‍ എത്രയോ കടന്നുപോയിട്ടുണ്ട് നമ്മുടെ ജീവിതത്തില്‍.

റമദാന്‍ ദിനങ്ങളെ നമ്മള്‍ ഉപയോഗപ്പെടുത്താറുണ്ടെങ്കിലും പരമാവധി വിഭവങ്ങളുണ്ടാക്കി പുണ്യദിനങ്ങളെ പാഴാക്കിക്കളയുന്ന അവസ്ഥ നമ്മുടെ സമൂഹത്തില്‍ അടിക്കടി കൂടുന്നതല്ലാതെ കുറയുന്നതായി കാണുന്നില്ല. പല പലഹാരങ്ങളും  ഉണ്ടാക്കി പരീക്ഷിക്കുന്നതും നോമ്പുകാലത്താണ്. ചാനലുകളില്‍ മാറിമറിയുന്ന വ്യത്യസ്തങ്ങളായ പാചക ഷോകള്‍ കാണുമ്പോള്‍ ഭക്ഷണം ഒഴിവാക്കുന്നതിന് പകരം ഭക്ഷണം അമിതമായി കഴിക്കാനുള്ള മാസമാണോ റമദാന്‍ എന്ന തോന്നലും അസ്ഥാനത്തല്ല. എളുപ്പമുള്ള എന്തെങ്കിലും ഉണ്ടാക്കി ബാക്കി സമയങ്ങള്‍ ആരാധനകള്‍ക്ക് വേണ്ടി മാറ്റിവെച്ചൂടെ എന്നന്വേഷിച്ചപ്പോള്‍ സുഹൃത്ത് പറഞ്ഞത് പത്തിരിയില്ലാതെ പിന്നെന്ത് നോമ്പ് എന്നാണ്. 

 നോമ്പുതുറപ്പിച്ചാല്‍ കിട്ടുന്ന പ്രതിഫലം ആഗ്രഹിച്ചാണ് നമ്മള്‍ നോമ്പുതുറകള്‍ സംഘടിപ്പിക്കുന്നത്. ഇത്തരം പ്രതിഫലം ഇന്നു നടത്തുന്ന നോമ്പുതുറകള്‍ക്ക് കിട്ടുമോ എന്നു നമ്മളാലോചിക്കണം. നമ്മുടെ നോമ്പുതുറകള്‍ പലപ്പോഴും ലാളിത്വത്തിന് പകരം ആഢംഭരത്തിന്റെയും പൊങ്ങച്ചത്തിന്റയും വേദിയായി മാറുന്നു. റമദാനിന് ശേഷം ഇത്തരം ഫുഡ്‌ഫെസ്റ്റിവെല്‍ സംഘടിപ്പിച്ച് ആളെ ക്ഷണിക്കാലോ. നോമ്പുതുറകള്‍ എന്റെ വീട്ടില്‍ സംഘടിപ്പിക്കാന്‍ ഞാന്‍ തയ്യാറല്ല എന്ന് ഓരോ സ്ത്രീയും തീരുമാനിച്ചാല്‍ തന്നെ ഇത്തരം ആഢംഭര നോമ്പുതുറകള്‍ ഇല്ലാതാകും. കാരണം, പരിശുദ്ധമാസം നഷ്ടപ്പെടുന്നത് സ്ത്രീകള്‍ക്കാണ്. ഭക്ഷണം പാകം ചെയ്യുന്നതും ഊട്ടുന്നതും ഇബാദത്താണെങ്കിലും നമ്മുടെ ഈ അതിരുകവിഞ്ഞ പാകം ചെയ്യലും ഊട്ടലും അല്ലാഹുവിന്റെ അടുക്കല്‍ ഇബാദത്തായി രേഖപ്പെടുത്തുന്നുണ്ടാവില്ലെന്നു തീര്‍ച്ചയാണ്. നമ്മുടെ ആരോഗ്യവും സമയവും പാഴായിപ്പാവുക മാത്രമായിരിക്കും ഇതുമൂലം സംഭവിക്കുന്നത്. തറാവീഹ് നമസ്‌കാരങ്ങള്‍ സംഘടിതമായി നമസ്‌കരിക്കാനുള്ള അവസരം പലവിധ കാരണങ്ങളാല്‍ സ്ത്രീകള്‍ക്ക് ലഭിക്കാറില്ല. നോമ്പ് മുറിക്കലും, തുറക്കലും, തറാവീഹ് കഴിഞ്ഞുള്ള കഞ്ഞിയും, അത്താഴമുണ്ടാക്കലുമാവുമ്പോള്‍ എല്ലാ ജമാഅത്തുകളും കഴിഞ്ഞിട്ടുണ്ടാവും. നമ്മുടെ നാടിന്റെ സാമൂഹിക ചുറ്റുപാടില്‍ സ്ത്രീകള്‍ക്ക് ആരാധനാകര്‍മങ്ങള്‍ക്കായുള്ള സാഹചര്യങ്ങളും സമയങ്ങളും കിട്ടുക അപൂര്‍വമാണ്.

പ്രവാസലോകത്തേക്ക് പറിച്ച് നടപ്പെട്ടപ്പോള്‍ കുടുംബക്കാരും, ബന്ധുക്കളും, സുഹൃത്തുക്കളുമടങ്ങുന്ന വലിയൊരു വൃത്തത്തെ അകലുമ്പോഴുള്ള മനോവേദന മറ്റെല്ലാവരെയും പോലെ എനിക്കുമുണ്ടായിരുന്നു. എങ്കിലും ഈ പ്രവാസത്തില്‍ എനിക്ക് മുതല്‍ക്കൂട്ടായി കിട്ടിയെന്ന്് ഞാന്‍ കരുതുന്നത് ഇത്രയും നാളത്തെ റമദാന്‍ ആണ്. ഞാന്‍ ഇതുവരെ ആസ്വദിച്ചിട്ടില്ലാത്ത മാധുര്യം കഴിഞ്ഞ റമദാനില്‍ എനിക്ക് ലഭിച്ചു. ദുബൈയില്‍ വന്ന ആദ്യ റമദാനിന്റെ അവസാനത്തെ പത്തില്‍ കുറേ കാലമായി ഞാന്‍ മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹമായ ഉംറ ചെയ്യാന്‍ കഴിഞ്ഞു. ഏതൊരാള്‍ക്കും ഒരു നവ്യാനുഭവം ആയിരിക്കും റമദാനിലെ ഉംറ.

ഇവിടത്തെ -ദുബൈ, യു.എ.ഇ- സ്ത്രീകള്‍ക്ക് ലഭിക്കുന്ന സാഹചര്യങ്ങള്‍ കാണുമ്പോള്‍ നമ്മുടെ നാട്ടിലെ പള്ളി മഹല്ലുകളില്‍ എന്നാണ് ഇങ്ങനെയുള്ള അവസ്ഥകള്‍ സംജാതമാവുക എന്ന് ആലോചിച്ച് പോകുന്നു. വീടുകളും, പള്ളികളും, പരിസരങ്ങളും, നഗരവീഥികളും, ഭംഗിയില്‍ ഒരുക്കി, നഗരമധ്യത്തിലാകെ അഹ്‌ലന്‍ റമദാന്‍ എന്ന ബോര്‍ഡും തൂക്കി റോഡിനിരുവശവും പലവിധത്തിലുള്ള ദീപാലംകൃതവുമായി രാത്രിയിലും പകലുപോലെയുള്ള പ്രതീതി. വീടുകളിലും, പള്ളികളിലുമൊക്കെ പഴയ സാധനങ്ങള്‍ മാറ്റി പുതിയത് വാങ്ങിവെക്കും. ഇവിടുത്തെ റമദാന്‍ അനുഭവം വല്ലാത്ത അനുഭൂതി തന്നെയാണ്.

വൈകുന്നേരമായാല്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ആര്‍ക്കും പള്ളിയില്‍ പോയി നോമ്പ് തുറക്കാം. രണ്ട് കൂട്ടര്‍ക്കും നോമ്പുതുറക്കാനുള്ള ഭക്ഷണങ്ങള്‍ പ്രത്യേകം പ്രത്യേകം സജ്ജീകരിച്ചിരിക്കും. നോമ്പ് തുറ കഴിഞ്ഞ് മഗ്‌രിബ് നമസ്‌കാരം, നോമ്പ്തുറക്കുമ്പോള്‍ തന്നെ ഭക്ഷണം എല്ലാവര്‍ക്കും കൊടുക്കും. അവരവരുടെ സൗകര്യത്തിനനുസരിച്ച് അത് കഴിക്കാം. നമസ്‌കാരം കഴിഞ്ഞ് കിട്ടിയ ഭക്ഷണം കഴിച്ച് കുറച്ചൊന്ന് വിശ്രമിക്കുമ്പോഴേക്കും ഇശാ. അത് കഴിഞ്ഞാല്‍ തറാവീഹ്. തറാവീഹ് കഴിഞ്ഞ് വീടുകളിലേക്ക് പോകുന്നവര്‍ക്ക് പോകാം. അല്ലാത്തവര്‍ക്ക് പള്ളിയിലിരിക്കാനുള്ള സൗകര്യമുണ്ട്. ഖുര്‍ആന്‍ ഓതുകയോ സുന്നത്ത് നമസ്‌കാരങ്ങളില്‍ മുഴുകുകയോ ചെയ്യാം. സ്ത്രീകളോടൊപ്പം തന്നെ പ്രായവ്യത്യാസമില്ലാതെ കുട്ടികളുമുണ്ടാവും. ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ അത് ശീലമാക്കുകയും ചെയ്യും. റമദാന്‍ 15 കഴിഞ്ഞാല്‍ പിന്നെയുള്ള രാവുകളില്‍ ഖിയാമുല്ലൈല്‍ തുടങ്ങും. ചില പള്ളികളില്‍ 12 മണിമുതല്‍ ചിലയിടങ്ങളില്‍ രണ്ട് മണിമുതല്‍ അത്താഴസമയം വരെ. ഖിയാമുല്ലൈല്‍ നമസ്‌കാരത്തിന് പള്ളിയില്‍ പോയപ്പോള്‍ ഒരു സ്ത്രീയെ കണ്ട് അത്ഭുതപ്പെട്ടു. അവര്‍ക്കൊപ്പം ആറ് കുട്ടികള്‍. ഒന്നര, രണ്ട് വയസ്സ് വ്യത്യാസം മാത്രമേ എല്ലാവരും തമ്മില്‍ ഉള്ളൂ. വലിയ കുട്ടി എട്ടാം ക്ലാസില്‍. ചെറിയ കുട്ടിക്ക് ആറുമാസം പ്രായം. ബാക്കിയുള്ള അഞ്ച് മക്കളും ഉമ്മയോടൊപ്പം നിന്ന് നമസ്‌കരിക്കുന്നു. ചെറിയ കുട്ടി ഇടക്ക് കരയുമ്പോള്‍ നേരെ മൂത്ത ആണ്‍കുട്ടി അതിനെ കളിപ്പിക്കുന്നു. സന്തോഷം കൊണ്ടും മക്കളോട് തോന്നിയ വാത്സല്യം കൊണ്ടും കണ്ണ് നിറഞ്ഞുപോയി. നമസ്‌കാരം കഴിഞ്ഞാല്‍ അവിടെയുള്ളവര്‍ക്കെല്ലാം അത്താഴമുണ്ടാവും. അതും കഴിച്ച് സുബ്ഹിയും നമസ്‌കരിച്ച് റൂമിലേക്ക് തിരിക്കുന്നവര്‍ക്ക് തിരിക്കാം. അല്ലാത്തവര്‍ക്ക് പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാം. പെരുന്നാള്‍ ദിവസം വരെ കുട്ടികളെന്നോ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസം ഇവിടെ ഇല്ല. ഇബാദത്തില്‍ മുഴുകാന്‍ എത്രയോ സമയം. ഇഅ്തികാഫ് യാതൊരു ടെന്‍ഷനുമില്ലാതെ കഴിച്ചുകൂട്ടാന്‍ സ്ത്രീകള്‍ക്കും പറ്റുന്നു. നമസ്‌കാരങ്ങളെല്ലാം സംഘടിതമായി നിര്‍വഹിക്കാനാവുന്നു. നോമ്പിനെ ചൈതന്യവത്തായി സമീപിക്കാനും അനുഷ്ഠിക്കാനും ഗള്‍ഫ് നാടുകളെക്കാള്‍ മറ്റെവിടെയും സാധ്യമല്ലെന്നാണ് ഉറച്ച വിശ്വാസം.

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top