മണ്ണും മനസ്സും വസന്തമറിഞ്ഞ മാസം

എച്ച് നുസ്‌റത്ത്‌ No image

ദൈവകാരുണ്യത്തിന്റെ വിസ്മയ പ്രവാഹവുമായി റമദാന്‍ വരവായി. ദിവ്യവചന വര്‍ഷത്താല്‍ മണ്ണും മനസ്സും വസന്തമണിഞ്ഞതിന്റെ സ്മരണകള്‍ പൂക്കുന്ന പുണ്യമാസം. ശഹ്‌റുല്‍ ഖുര്‍ആന്‍ (ഖുര്‍ആന്റെ മാസം), ശഹ്‌റുസ്സ്വബര്‍ (സഹനത്തിന്റെ മാസം), ശഹ്‌റുല്‍ മുവാസാത്വ് (സഹാനുഭൂതിയുടെ മാസം)... നബിമൊഴികളില്‍ വിശുദ്ധമാസത്തിന് വിശേഷണങ്ങളേറെ. ശതഗുണീഭവിക്കുന്ന പ്രതിഫലം, പാപമുക്തി, നരകമുക്തി, സ്വര്‍ഗ്ഗപ്രാപ്തി... പ്രതീക്ഷകള്‍ പീലിവിടര്‍ത്തുന്ന മനസ്സുമായി പ്രാര്‍ത്ഥനാനിര്‍ഭരവും പ്രവര്‍ത്തന നിരതവുമാവുകയാണ് വിശ്വാസിയുടെ ദിനരാത്രങ്ങള്‍.

ദൃശ്യലോകം മാത്രമല്ല, അദൃശ്യലോകവും ഒരുങ്ങുന്നുണ്ട്, റമാദാന് വരവേല്‍പ്പ് നല്‍കുവാന്‍. മണ്ണും വിണ്ണും സമുചിതമായി സ്വാഗതം നല്‍കുകയാണ് ശ്രേഷ്ഠമാസത്തിന്.

അദൃശ്യചാരുതയാര്‍ന്ന ആരാധനയാണ് നോമ്പ്. അല്ലാഹുവല്ലാതെ ആരും അറിയുന്നില്ല അതിന്റെ മഹിതമനോഹര ഭാവതലങ്ങള്‍. ''മനുഷ്യപുത്രന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് 10 മുതല്‍ 700 വരെ ഇരട്ടി പ്രതിഫലം ലഭിക്കും. എന്നാല്‍ നോമ്പ്, അതെനിക്കുള്ളതാണ്; അതിന് പ്രതിഫലം നല്‍കുക നാമാണ്.'' എന്ന തിരുവരുള്‍ മതിയാകും നോമ്പിന്റെ നിസ്തുലത ബോധ്യമാവാന്‍. നോമ്പ് മൂന്ന് വിധമുണ്ടെന്ന് വിലയിരുത്തുന്നു ഇമാം ഗസ്സാലി (റ) തന്റെ ഇഹ്‌യാ ഉലൂമുദ്ദീന്‍ എന്ന ഗ്രന്ഥത്തില്‍ - സാധാരണക്കാരുടെ നോമ്പ്, പ്രത്യേകക്കാരുടെ നോമ്പ്, പ്രത്യേകക്കാരില്‍ പ്രത്യേകക്കാരുടെ നോമ്പ്.

അന്ന-പാനിയങ്ങളും, ലൈംഗിക സുഖങ്ങളും ഉപേക്ഷിക്കലാണ് സാധാരണക്കാരുടെ നോമ്പെന്നും, ഇവയ്ക്ക് പുറമെ കാത്, കണ്ണ്, നാവ്, കൈ, കാല്, മറ്റ് അവയവങ്ങള്‍ എന്നിവ പാപം ചെയ്യാതിരിക്കലാണ് പ്രത്യേകക്കാരുടെ നോമ്പെന്നും, മനസ്സ് അധമചിന്തകളും ഐഹിക വിചാരങ്ങളും വെടിഞ്ഞ് അല്ലാഹുവല്ലാത്ത മറ്റ് യാതൊരു ചിന്തയും വെച്ചുപുലര്‍ത്താതിരിക്കലാണ് പ്രത്യേകക്കാരില്‍ പ്രത്യേകക്കാരുടെ നോമ്പെന്നും അദ്ദേഹം വിവരിക്കുന്നു.

തഖ്‌വയാണ് നോമ്പിന്റെ അകംപൊരുള്‍. ഭക്ത്യാദരങ്ങളോടെ അല്ലാഹുവിന് വിധേയമായിക്കൊണ്ട് ധര്‍മനിഷ്ഠ പുലര്‍ത്തുകയും, അധര്‍മങ്ങളില്‍ നിന്നും അകന്ന് നില്‍ക്കലുമാണ് തഖ്‌വ. ആരാധനകള്‍ അധികരിപ്പിച്ചത് കൊണ്ട് മാത്രമാവില്ല, വിശിഷ്ട സ്വഭാവഗുണങ്ങള്‍ സ്വായത്തമാക്കുമ്പോഴേ ദൈവഭക്തിയുള്ളവനാകൂ. ദൈവഭക്തരെക്കുറിച്ച് മനോഹര വര്‍ണനകള്‍ ഖുര്‍ആന്‍ വിവിധ രൂപേണ അവതരിപ്പിക്കുന്നുണ്ട്. ആലുഇംറാന്‍ 133-135 ആയത്തുകളില്‍ തെളിയുന്ന ചിത്രം കാണുക: ''നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മത്സരിച്ച് മുന്നേറുക. മുത്തഖികള്‍ക്കായി തയ്യാറാക്കിയതാണത്. ധന്യതയിലും ദാരിദ്ര്യത്തിലും ധനം ചെലവഴിക്കുന്നവരും കോപം കുടിയിറക്കുന്നവരുമാണവര്‍; ജനങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്നവരും. ഉത്കൃഷ്ടരായി കര്‍മം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോട് തന്നെ എന്തെങ്കിലും അക്രമം കാണിക്കുകയോ ചെയ്താല്‍ അപ്പോള്‍ തന്നെ അല്ലാഹുവെ സ്മരിക്കുന്നവരാണവര്‍; തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പിരക്കുന്നവരും. പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരുണ്ട്? അവരൊരിക്കലും തങ്ങള്‍ ചെയ്തുപോയ തെറ്റുകളില്‍ ബോധപൂര്‍വം ഉറച്ച് നില്‍ക്കുകയില്ല.''

 

ക്ഷിപ്രസാധ്യമായ ഒന്നാണ് തഖ്‌വ ആര്‍ജിക്കല്‍. നിതാന്ത ജാഗ്രതയും, നിരന്തരപരിശ്രമവും, കൃത്യമായ ആത്മപരിശോധനയും അനിവാര്യമാണതിന്. അല്ലാഹുവിന് സമ്പൂര്‍ണമായി സമര്‍പ്പിക്കാന്‍ മനസ്സും ശരീരവും പാകപ്പെടുത്തിയെടുക്കുന്ന ആരാധനയും വിസമ്മതം പ്രകടിപ്പിക്കുന്ന മനസ്സിനെ വിധേയപ്പെടുത്താന്‍ പോന്ന ശക്തമായ ആയുധവുമാണ് നോമ്പ്. നോമ്പ് ഒരു പരിചയാണ്. ''നിങ്ങളിലൊരുവന് നോമ്പുനാളായാല്‍ അവന്‍ അസഭ്യം പറയരുത്; ബഹളം വെക്കരുത്. വല്ലവനും അവനെ ശകാരിക്കുകയോ, സംഘട്ടനത്തിന് മുതിരുകയോ ചെയ്താല്‍ നോമ്പുകാരന്‍ അവനോട് എനിക്ക് നോമ്പുണ്ട് എന്ന് പറഞ്ഞേക്കണം'' (ഹദീഥ്). അതിരുവിട്ട പ്രതികരണത്തിനും, പ്രതികാരദാഹത്തിനും അവധി നല്‍കി സംയമനത്തിന്റെ സംസ്‌കാരം പരിശീലിപ്പിക്കുന്നു നോമ്പ് കാലം.

അനിയന്ത്രിതമായ ദേഹേഛ ബന്ധങ്ങളുടെ പവിത്രത പോലും ഹനിച്ചുകൊണ്ടിരിക്കെ അസഹിഷ്ണുത സമൂഹഗാത്രത്തെ വിഷലിപ്തമാക്കിക്കൊണ്ടിരിക്കെ ആത്മനിയന്ത്രണത്തിന്റ, സഹനത്തിന്റെ, സംയമനത്തിന്റെ സന്ദേശം ഒരു ആരാധനയില്‍ സന്നിവേശിപ്പിച്ചുവെന്നത് എത്രമേല്‍ മഹത്തരം!

 ഐഛിമായ കാര്യങ്ങള്‍ പ്രാധാന്യപൂര്‍വം പരിഗണിക്കാറുണ്ട് നോമ്പ്കാലത്ത്. തിരുജീവിതം തന്നെയാണ് സുന്നത്ത്. പ്രവാചകനെ അനുധാവനം ചെയ്യലാണ് അല്ലാഹുവിന്റെ സ്‌നേഹഭാജനങ്ങളായി മാറാന്‍, അവനോടുള്ള സ്‌നേഹം പ്രകടമാക്കാന്‍, പാപങ്ങള്‍ പൊറുത്ത് കിട്ടാന്‍ മാര്‍ഗമെന്ന് പഠിപ്പിക്കുന്നു വിശുദ്ധഖുര്‍ആന്‍ (ആലുഇംറാന്‍ 31). അനസ് (റ) നിവേദനം ചെയ്യുന്നു: ''റസൂല്‍ (സ) എന്നോടരുളി പ്രിയമുള്ള കുട്ടീ, ആരോടും യാതൊരു വിദ്വേഷവുമില്ലാതെ നിനക്ക് പ്രഭാതവും പ്രദോഷവും കഴിച്ച് കൂട്ടാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യണം. പിന്നീടവിടുന്ന് പറഞ്ഞു: ''പ്രിയമുള്ള കുട്ടീ, അതാണ് എന്റെ സുന്നത്ത് (ചര്യ) എന്റെ സുന്നത്തിനെ ഇഷ്ടപ്പെട്ടവന്‍ എന്നെ ഇഷ്ടപ്പെട്ടു. എന്നെ ഇഷ്ടപ്പെട്ടവന്‍ എന്നോടൊപ്പം സ്വര്‍ഗസ്ഥനായി.'' പ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രമായ മനസ്സ് വിശുദ്ധമാവുന്നതിനെ ആസ്വദിച്ചാണ് സമൂഹത്തിന്റെ സമാധാനപൂര്‍ണമായ നിലനില്‍പ്. പകയൊഴിഞ്ഞ നെഞ്ചകം കാത്ത് സൂക്ഷിക്കുകയെന്ന സുന്നത്ത് അനുഷ്ഠിക്കുന്നതില്‍ നാം മത്സരിച്ചിരുന്നുവെങ്കില്‍ കുടുംബത്തിലും സമൂഹത്തിലും വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ സാധ്യമാകുമായിരുന്നു. അപ്രധാന വിഷയങ്ങളിലെ സുന്നത്തുകള്‍ ചൊല്ലിതര്‍ക്കിച്ച് സുപ്രധാനമായ പല അധ്യാപനങ്ങളും വിസ്മരിക്കുകയാണ് നമ്മള്‍.

കര്‍മനിര്‍വഹണത്തില്‍ മികവ് പുലര്‍ത്തുന്നവരാണെന്ന പരീക്ഷണമാണല്ലോ ജീവിതം (അല്‍മുല്‍ക്ക് 21). അത്യുല്‍കൃഷ്ട വിതാനത്തിലേക്ക് ഉയരാനും പ്രാര്‍ത്ഥനകള്‍ക്ക് നാഥന്‍ സ്വീകാര്യത നല്‍കണമെങ്കിലും അതിനുള്ള അര്‍ഹത നാം നേടണം.

കാരുണ്യമാണ് റമദാന്റെ തുടക്കം. മനുഷ്യനും മനുഷ്യനും തമ്മിലാവട്ടെ, മനുഷ്യനും പ്രകൃതിയും തമ്മിലാവട്ടെ ബന്ധങ്ങള്‍ വിഛേദിക്കുകയെന്നത് അധര്‍മിയുടെ ലക്ഷണമായി എണ്ണപ്പെട്ടിരിക്കുന്നു (അല്‍ബഖറ 27). കുടുംബബന്ധം വിഛേദിക്കുന്നവനുമായി അല്ലാഹു ബന്ധം വിഛേദിക്കുന്നുവെന്നും കുടുംബബന്ധം മുറിച്ചവന്റെ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടില്ലെന്നും പ്രവാചകന്‍ (സ) നമ്മെ ഉണര്‍ത്തുന്നു. കരുണ കാട്ടാത്തവര്‍ക്ക് കാരുണ്യം തടയപ്പെടുമെന്നതും മറ്റൊരു അധ്യാപനം. പ്രവാചകന്‍(സ)യുടെ കാരുണ്യമാവട്ടെ ശത്രു-മിത്രഭേദമന്യെ എല്ലാ ബന്ധങ്ങളിലും, സൃഷ്ടിജാലങ്ങളിലും പരന്നൊഴുകിയതായിരുന്നു. മരത്തിന് വേദനിക്കും എന്നുപറഞ്ഞുകൊണ്ട് ഈന്തപ്പനയെ കല്ലെറിയുന്ന കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന, ഉറുമ്പുകൂട്ടങ്ങള്‍ കരിഞ്ഞുപോകുവെന്നതിനാല്‍ മറ്റൊരിടത്ത് തീ കൂട്ടാനാവശ്യപ്പെടുന്ന പ്രവാചകന്‍. ലോകത്തിന്റെ കാരുണ്യവാനായ ആ പ്രവാചകനില്‍ നിന്നുപകര്‍ത്താന്‍ നമുക്കേറെയുണ്ട്. കാരുണ്യത്തിനായുള്ള നമ്മുടെ തേട്ടം കാരുണ്യത്തെ ജീവിതത്തോട് ചേര്‍ത്തുവെച്ചുകൊണ്ട് വേണമെന്ന് ഹൃദയത്തില്‍ നാം കുറിക്കണം.

റമദാനിന്റെ മധ്യം പാപമോചനമാണ്. അല്ലാഹുവില്‍ നിന്ന് പാപമോചനം ആഗ്രഹിക്കുന്ന നാം ജനങ്ങളോട് പൊറുക്കാന്‍ പഠിക്കണമെന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു. ആയിശ(റ)ക്കെതിരില്‍ അപവാദപ്രചാരണം കൊടുമ്പിരിക്കൊള്ളവെ അതില്‍ പങ്കുവഹിച്ച വ്യക്തിയാണ് മിസ്വ്തഹ്ബ്‌നു ഉസാസ. അബൂബക്ര്‍ സ്വിദ്ദീഖ്(റ)ന്റെ ബന്ധുവും ആശ്രിതനുമായിരുന്നു മിസ്ത്വഹ്. തനിക്കും കുടുംബത്തിനുമേറ്റ അഭിമാനക്ഷതത്തില്‍ മനംനൊന്ത് ഇനിയൊരു സഹായവും മിസ്വ്തഹിന് നല്‍കില്ലെന്ന് ശപഥം ചെയ്തു സ്വിദ്ദീഖുല്‍ അക്ബര്‍. അപ്പോള്‍ അല്ലാഹു ഇടപെടുന്നത് കാണുക ''നിങ്ങളില്‍ ദൈവാനുഗ്രവും സാമ്പത്തിക കഴിവുമുള്ളവര്‍ തങ്ങളുടെ കുടുംബക്കാര്‍ക്കും അഗതികള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പാലായനം ചെയ്‌തെത്തിയവര്‍ക്കും സഹായം നല്‍കില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പ് നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് നിങ്ങള്‍ കൊതിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്'' (അല്‍ന്നൂര്‍ 22) ''നിശ്ചയം നാഥാ നീപൊറുക്കുന്നത് ഞങ്ങള്‍ക്ക് ഏറെ പ്രിയങ്കരമാണ് എന്ന് പ്രതിവദിച്ചുകൊണ്ട് മിസ്വ്തഹിന് പൂര്‍വാധികം സഹായങ്ങള്‍ അബൂബക്കര്‍ സിദ്ദീഖ്(റ)ചെയ്തുകൊടുത്തുവെന്നത് പിന്നീടുള്ള ചരിത്രം. നാഥന്റെ ഇഷ്ടത്തിന് വിധേയപ്പെടുമ്പോള്‍ കയ്‌പേറിയ അനുഭവങ്ങളും ഹൃദയവേദനകളും മധുരോദാരമായ ഹൃദയാനുഭൂതിയായി പരിണമിക്കുമെന്നതാണ് സത്യവിശ്വാസത്തിന്റെ സവിശേഷത. പാപമോചനം തേടുന്ന നാളുകളില്‍ വളര്‍ത്തിയെടുക്കേണ്ട യോഗ്യതയുടെ ഇത്തരമൊരു തലം നാം വിസ്മരിക്കാതിരിക്കുക.

റമദാന്‍ മാസത്തിന്റെ ഒടുക്കം നരകമുക്തിയാണ.് ഉള്ളവനില്‍ നിന്നും ഇല്ലാത്തവനിലേക്കും കരുത്തരില്‍ നിന്നും ദുര്‍ബലരിലേക്കും ഒഴുകുന്ന ഉദാരതയുടെ വൈവിധ്യമാര്‍ന്ന ഭാവങ്ങള്‍ നരകമുക്തിയുടെ മാര്‍ഗമായി പരിചയപ്പെടുത്തുന്നുണ്ട് പ്രവാചകന്‍ (സ). റമദാന്റെ മഹത്വം വിവരിച്ച് പ്രവാചകന്‍ (സ) നടത്തിയ ലഘുപ്രഭാഷണത്തില്‍ നോമ്പ് തുറപ്പിക്കലിനോടൊപ്പം നരകമുക്തിയുടെ മാര്‍ഗമായി പഠിപ്പിക്കുന്ന ഒന്നാണ് തന്റെ കീഴിലുള്ളവരോട് സൗമ്യമായി വര്‍ത്തിക്കുക എന്നത്. ധനം ചെലവഴിക്കുന്നത് പോലെ പ്രാധാന്യമുണ്ട് സദ്ഭാവങ്ങള്‍ സമൂഹത്തില്‍ പ്രസരിപ്പിക്കുന്നതിന്. ഹിജ്‌റ എട്ട് റമദാന്‍ 20-ന് നടന്ന മക്കാ വിജയവേളയില്‍ ശിക്ഷിക്കാന്‍ കഴിവും കാരണങ്ങളും നിലനില്‍ക്കെ ശത്രുക്കളോട് ''ഇന്നേ ദിവസം പ്രതികാരമില്ല, എല്ലാവരും സ്വതന്ത്രരാണ്.'' എന്ന് പ്രഖ്യാപിച്ച പ്രവാചകന്‍(സ)യെ അനുധാവനം ചെയ്യുന്നിടത്ത് നമ്മുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്താനുള്ള ഊര്‍ജം റമദാനിലൂടെ നാം നേടിയെടുക്കണം.

 

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top