ശരീരത്തോടും ആത്മാവിനോടും സൗഹൃദം കൂടുന്ന റമദാന്‍

ജാബിര്‍ വാണിയമ്പലം No image

''നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. നോമ്പ് തുറക്കുമ്പോഴുള്ളതാണ് ഒന്ന്!. രണ്ടാമത്തെത് തന്റെ നാഥനെ നേരില്‍ ദര്‍ശിക്കുമ്പോഴും'' (ബുഖാരി) ശരീരവും ആത്മാവും, ദീനും ദുനിയാവും തമ്മിലുള്ള താളപ്പൊരുത്തം എത്ര സുന്ദരമായാണ് ഈ നബി വചനത്തില്‍ വരച്ച് വെക്കപ്പെട്ടിരിക്കുന്നത്. ശരീരത്തിന്റെ  ആത്മീയമായ അനുഭവവും, ആത്മാവിന്റെ ഭൗതികമായ ആഘോഷവുമാണ് നോമ്പ്. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്ന ഒരു വിശ്വാസിക്ക്, നോമ്പ് മുറിച്ച് ശരീരത്തിന്റെ ആവശ്യം നിറവേറ്റുമ്പോള്‍ ഉണ്ടാകുന്ന സന്തോഷത്തെ, പരലോകത്ത് വെച്ച് തന്റെ സൃഷ്ടാവിനെ നേരില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ആത്മീയമായ സന്തോഷത്തോട് ചേര്‍ത്ത് പറയുക. മറ്റൊരര്‍ഥത്തില്‍, അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ച് കൊണ്ട് മാത്രം ആഹാരവും ലൈംഗിക ബന്ധവും ഉപേക്ഷിക്കുന്ന വിശ്വാസി, ഓരോ പകലും അത് വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന ആനന്ദത്തെ, അല്ലാഹുവിനെ കണ്‍നിറയെ കണ്ടു തൃപ്തിയടയുമ്പോള്‍ അനുഭവിച്ചേക്കാവുന്ന അനുഭൂതിയോട് സമീകരിക്കുക. 

ഇസ്‌ലാമിന്റെ വിമര്‍ശകര്‍ നോമ്പിനെയും റമദാനിനെയും കുറിച്ച് ഉന്നയിക്കുന്ന പ്രധാന വിഷയം നോമ്പിലൂടെ ശരീരത്തെ പീഡിപ്പിക്കുന്നതില്‍ ദൈവം ആനന്ദം കാണുന്നു എന്നാണ്. യഥാര്‍ഥത്തില്‍ ശരീര പീഡനം നോമ്പിന്റെ ഉദ്ദേശ്യം ആയിരുന്നുവെങ്കില്‍, പകല്‍ കൂടുതല്‍ പട്ടിണി കിടക്കുന്നവര്‍ക്ക്  കൂടുതല്‍ പ്രതിഫലം നല്‍കുക എന്നാകേണ്ടിയിരുന്നു അല്ലാഹുവിന്റെ നയം. മറിച്ച് നോമ്പ് എത്രത്തോളം അല്ലാഹുവിന് പ്രിയങ്കരം ആകുന്നുവോ അതുപോലെ പ്രിയങ്കരമായിത്തീരുകയാണ് വിശ്വാസിയുടെ നോമ്പ് തുറയും. ''നിങ്ങള്‍ വൈകി അത്താഴം കഴിക്കുക, നോമ്പ് തുറക്കാന്‍ തിടുക്കം കൂട്ടുക'' എന്നാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്. ശരീരത്തെ ക്ഷീണിപ്പിക്കുക എന്നത് അല്ലാഹുവിന്റെ നയമല്ല. റമദാനില്‍ രോഗം കൊണ്ടോ യാത്ര കൊണ്ടോ നോമ്പ് നോല്‍ക്കുവാന്‍ പ്രയാസം നേരിടുന്നവര്‍ക്ക്  ബദല്‍ സംവിധാനങ്ങള്‍ നിര്‍ദേശിച്ച് ഇളവുകള്‍ നല്‍കുകയാണ് അല്ലാഹു ചെയ്യുന്നത്. എളുപ്പമാണ് നിങ്ങള്‍ക്കവന്‍ ഉദ്ദേശിക്കുന്നത്, പ്രയാസമല്ല എന്നാണ് വിശുദ്ധ ഖുര്‍ആനില്‍ ഇതിനു കാരണമായി പറയുന്നത്. (ബഖറ: 185)

ഇസ്‌ലാമിലെ ആരാധന കര്‍മങ്ങളില്‍ നമസ്‌കാരത്തിനും സകാത്തിനും ശേഷമാണ് നോമ്പിനെ പ്രവാചകന്‍ പരിചയപ്പെടുത്തിയിട്ടുള്ളത്. പക്ഷെ, അല്ലാഹുവിന് തന്റെ  അടിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട കര്‍മമാണെന്ന് തോന്നുമാറ് നോമ്പിനെ കുറിച്ച് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ''ആദമിന്റെ  മക്കളുടെ എല്ലാ കര്‍മവും അവനു വേണ്ടിയുള്ളതാണ്. നോമ്പ് ഒഴികെ. നോമ്പ് എനിക്കുള്ളതാണ്. അതിന് പ്രതിഫലം നല്‍കുന്നത് ഞാനാണ്'' എന്ന് അല്ലാഹു പറഞ്ഞതായി ഹദീസില്‍ കാണാം. (ബുഖാരി, മുസ്‌ലിം) ശരീരത്തിന്റെ ആവശ്യങ്ങളെ പരപ്രേരണകളില്‍ നിന്ന് മുക്തമായി സ്വയം നിയന്ത്രിക്കാന്‍ പഠിക്കുകയാണ് അല്ലാഹുവിന്റെ ദാസനായ ഒരു വിശ്വാസി. വിശക്കാതിരിക്കാന്‍ ആഗ്രഹിക്കുന്ന ശരീരം വിശപ്പ് അറിയുകയും, കാമം കൊതിക്കുന്ന മനസ്സ് സ്വയം നിയന്ത്രിക്കാന്‍ ശീലിക്കുകയുമാണ് നോമ്പിലൂടെ സംഭവിക്കുന്നത്. വിശപ്പിന് ഒരു ഭാഷയെ ഉള്ളൂ. എന്തിന് വേണ്ടി വിശക്കുന്നു എന്ന് ചോദിച്ചാല്‍ ഉത്തരം എന്തോ അതാണ് വിശപ്പിന്റെ ഭാഷ. ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്തവന്റെ വിശപ്പിന്റെ ഭാഷ മുഴു പട്ടിണിയാണ്.  ഉറ്റവരില്‍ ആരെങ്കിലും മരണപ്പെടുന്ന ദിവസം ഒരാള്‍ക്ക് വിശക്കാതിരിക്കുന്നത് വ്യക്തി ജീവിതത്തിലെ ദുരന്തം വിശപ്പിനെ അതിജീവിക്കുന്നത് കൊണ്ടാണ്. കൊളസ്‌ട്രോള്‍ കൊണ്ടോ മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടോ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ കഴിയാത്തവന്റെ 'വിശപ്പി'ന്റെ ഭാഷ അമിതമായ ഭക്ഷണ ശീലമാണ്. എന്നാല്‍, അല്ലാഹുവിനോടുള്ള സ്‌നേഹം വിശപ്പിനെ അതി ജീവിക്കുമ്പോള്‍ അതിന്റെ പേരാണ് നോമ്പ്.

പ്രകൃതിയുടെ ഉപാസനയാണ് നോമ്പ്. എല്ലാ മുന്‍കാല സമൂഹങ്ങളിലും ഏതെങ്കിലും രൂപത്തില്‍ നിലനിന്നിരുന്ന ആരാധന കര്‍മം  എന്ന നിലക്കാണ് അല്ലാഹു നോമ്പിനെ നിര്‍ബന്ധമാക്കിയത് തന്നെ. ''നിങ്ങളുടെ മുന്‍കാല സമൂഹത്തിന് നിര്‍ബന്ധമാക്കപ്പെട്ട പ്രകാരം, നിങ്ങള്‍ക്കും  നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ 'തഖ്‌വ' കൈകൊള്ളുന്നവര്‍ ആയേക്കാമല്ലോ'' (ബഖറ:183) നിലവിലുള്ള എല്ലാ മതങ്ങളിലും പല തരത്തിലുമുള്ള ഉപവാസ രീതികള്‍ നിലവിലുണ്ട്. എങ്കിലും, പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഒഴിവാക്കി നോമ്പ് അനുഷ്ഠിക്കുന്ന രീതി ഇസ്‌ലാമല്ലാത്ത ഒരു മതത്തിലും കാണാനാവില്ല. മുന്‍കാല സമൂഹത്തില്‍ നിലനിന്നിരുന്നതാണ് എന്നതോടൊപ്പം തന്നെ, നിലവിലുള്ള ഇതര രീതികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ, പ്രത്യക്ഷത്തില്‍ ശരീര പീഡനം എന്ന് വ്യാഖ്യാനിക്കാവുന്ന ഇസ്‌ലാമിലെ നോമ്പിന്റെ ലക്ഷ്യം എന്ത് എന്നതാണ് പ്രധാനം. 'തഖ്‌വ'യാണ് നോമ്പിന്റെ ലക്ഷ്യമായി അല്ലാഹു പരിചയപ്പെടുത്തുന്നത്. 'ജീവിത വിശുദ്ധി' എന്ന് ഇതിനെ തര്‍ജമ ചെയ്യാം. നോമ്പ്, കേവലം നോമ്പിനുള്ളതല്ല. ജീവിതത്തെ ശുദ്ധീകരിക്കാന്‍ വേണ്ടിയാണ്. ഒരു വിശ്വാസി കടന്നുചെല്ലുന്ന എല്ലാ മേഖലകളിലും വിശുദ്ധി സൂക്ഷിക്കാനാണ് നോമ്പ് ആവശ്യപ്പെടുന്നത്.

ആത്മസംസ്‌കരണം തന്നെയാണ് ജീവിതവിശുദ്ധിയുടെ ഒന്നാമത്തെ വഴി. നോമ്പുകാരന് ആത്മാവിനെ ദുഷ്ചിന്തകളില്‍ നിന്നും മുക്തമാക്കാന്‍ കഴിയണം. സ്വന്തത്തെ കുറിച്ച അത്യാഗ്രഹങ്ങളില്‍ നിന്നും, അപരനെ കുറിച്ച ദുഷ് വിചാരങ്ങളില്‍ നിന്നും മോചനം നേടി, അല്ലാഹുവില്‍ മനസ്സ് സമര്‍പ്പിച്ച് ആത്മ നിര്‍വൃതി കൊള്ളുവാനുള്ള സിദ്ധിയാണ് നോമ്പിലൂടെ നേടി എടുക്കേണ്ടത്. വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ മാസത്തെ തന്നെ ഇതിനായി തെരഞ്ഞെടുത്തതിന്റെ ഒന്നാമത്തെ ലക്ഷ്യവും, ആത്മ സംസ്‌കരണത്തിലൂടെ വിശുദ്ധി കൈകൊള്ളുക എന്നതാണ്. അതുകൊണ്ട് ഖുര്‍ആനുമായി കൂടുതല്‍ ബന്ധം പുലര്‍ത്തുവാന്‍, രാത്രി നേരങ്ങളില്‍ ഖുര്‍ആന്‍ ഓതിക്കൊണ്ട് തന്നെ നിന്ന് നമസ്‌കരിച്ച് അല്ലാഹുവുമായി സമ്പര്‍ക്കം പുലര്‍ത്തുവാന്‍ നബി (സ) വളരെയധികം പ്രോത്സാഹിപ്പിക്കുന്നതായി കാണാം. റമദാനിലെ രാത്രി നമസ്‌കാരവും, ഖുര്‍്ആന്‍ പാരായണവുമെല്ലാം കഴിഞ്ഞകാല പാപങ്ങള്‍ പൊറുത്തുതരുന്നതിനുള്ള ഉപാധികളാണ് എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.  കഴിഞ്ഞ കാല പാപങ്ങള്‍ ബോധ്യപ്പെടുകയും, അത് പൊറുത്ത് തരുന്നതിനായി അല്ലാഹുവിനോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ചെയ്യുന്ന വിശാസിയെ അല്ലാഹു കാണാതിരിക്കില്ല. രാത്രിയുടെ അന്ത്യയാമങ്ങളില്‍ കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിക്കുന്നവന്റെ അര്‍ഥന കേള്‍ക്കുവാന്‍ അല്ലാഹു താഴെ ആകാശത്തിലേക്ക് ഇറങ്ങിവരും എന്ന് ആലങ്കാരികമായി സൂചിപ്പിക്കുകയുണ്ടായി റസൂല്‍ (സ). അങ്ങനെ, നോമ്പിലൂടെ, നോമ്പ് നോറ്റുകൊണ്ട് നിര്‍വഹിക്കുന്ന നമസ്‌കാരങ്ങളിലൂടെ, ഖുര്‍ആനുമായി നിരന്തര ബന്ധം പുലര്‍ത്തുന്നതിലൂടെ ആത്മസംസ്‌കരണം നേടുകയാണ് യഥാര്‍്ഥ  വിശ്വാസി ചെയ്യുന്നത്. 

പാപം മനുഷ്യസിദ്ധമാണ്. ''നിങ്ങള്‍ പാപം ചെയ്യുന്നില്ല എങ്കില്‍, അല്ലാഹു നിങ്ങളെ മാറ്റി, പാപം ചെയ്യുകയും, പാപ മോചനം തേടുകയും, അങ്ങനെ അല്ലാഹു പൊറുത്ത് കൊടുക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തെ അല്ലാഹു കൊണ്ടുവരും'' എന്ന് നബി തിരുമേനി (സ) പറയുകയുണ്ടായി. (തിര്‍മുദി) അഞ്ച് നേരത്തെ നമസ്‌കാരവും, ഒരു ജുമുഅ മുതല്‍ മറ്റൊരു ജുമുഅ വരെയും, ഒരു റമദാന്‍ മുതല്‍ മറ്റൊരു റമദാന്‍ വരെയും, അതിനിടയിലുള്ള പാപങ്ങളെ കഴുകിക്കളയുവാനുള്ള അവസരങ്ങളാണ് എന്ന് നബി (സ) പഠിപ്പിക്കുകയുണ്ടായി. (മുസ്‌ലിം) 'റമദാന്‍' എന്ന പദത്തിന്റെ അര്‍ഥം 'കരിച്ച് കളയുന്നത്' എന്നാണ്. അറിഞ്ഞോ അറിയാതെയോ, ഒരു വിശ്വാസിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന വീഴ്ചകളെ കരിച്ചുകളയാന്‍ റമദാനിനോളം ലഭിക്കുന്ന മറ്റൊരു അവസരം എന്താണ്? വിശ്വാസിയുടെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധമാണ് തൗബ. സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള പാപ-പാപമോചന ബന്ധത്തെ കുറിക്കുവാന്‍ 'തൗബ' എന്ന അറബി പദത്തോളം പോന്ന മറ്റൊരു പദമില്ല. 'മടക്കം' എന്നാണ് അതിന്റെ് അര്‍ഥം. ചെയ്തുപോയ തെറ്റുകളെ ഒര്‍ത്ത് പശ്ചാത്തപിക്കുന്നതിനെ അല്ലാഹുവിലേക്കുള്ള 'മടക്കം' എന്നാണ് അല്ലാഹു വിശേഷിപ്പിക്കുന്നത്. തിരിച്ച് അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നതിനെയും 'തൗബ' എന്ന് തന്നെയാണ് അല്ലാഹു വിളിക്കുന്നത്. സൃഷ്ടി, സ്രഷ്ടാവിലേക്ക് മടങ്ങുന്നത് പോലെ, സൃഷ്ടാവ് തിരിച്ചും മടങ്ങുന്ന അതിസുന്ദരമായ പാപ-പാപ മോചന സങ്കല്‍പമാണ് ഇസ്‌ലാമിന്റെത്. ആത്മാര്‍ഥമായി തൗബ ചെയ്യുന്ന വിശ്വാസികളെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക: ''വിശ്വസിച്ചവരേ, അല്ലാഹുവിനോട് പശ്ചാത്തപിക്കുവിന്‍ നിഷ്‌കളങ്കമായ പശ്ചാത്താപം. നാഥന്‍ നിങ്ങളുടെ പാപങ്ങള്‍ ദൂരീകരിക്കുകയും നിങ്ങളെ, താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കും. അത് അല്ലാഹു അവന്റെ പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നിന്ദിക്കാത്ത ദിവസമാകുന്നു.  അവര്‍ക്ക്  മുന്നിലും വലതുവശത്തും അവരുടെ പ്രകാശം വെട്ടിത്തിളങ്ങുന്നുണ്ടാകും. അവര്‍ പ്രാര്‍ഥിക്കുന്നുമുണ്ടാകും: നാഥാ, ഞങ്ങളുടെ പ്രകാശം പൂര്‍ത്തീകരിച്ചുതരേണമേ, ഞങ്ങളോട് പൊറുക്കേണമേ, നീ എന്തിനും കഴിവുള്ളവനല്ലോ.'' ( തഹരീം:08)

തൗബ ചെയ്ത്, ആത്മാവിനെ സംസ്‌കരിച്ച് ജീവിതത്തെ ശുദ്ധീകരിക്കാന്‍ തീരുമാനിക്കുന്ന ഒരു നോമ്പുകാരന്, അതിനുള്ള സമ്പൂര്‍ണ അവസരം   നല്‍കുകയാണ് അല്ലാഹു ചെയ്യുന്നത്. ശഅബാന്‍ മാസത്തില്‍ തന്നെ ജുമുഅ ഖുതുബയില്‍ അല്ലാഹുവിന്റെ റസൂല്‍ പറയാറുണ്ടായിരുന്ന ഒരു പ്രസിദ്ധമായ വചനം ഇതാണ് വ്യക്തമാക്കുന്നത്. ''റമദാന്‍ സമാഗതമായാല്‍, സ്വര്‍ഗ  കവാടങ്ങള്‍ തുറക്കപ്പെടുകയും, നരക കവാടങ്ങള്‍ അടക്കപ്പെടുകയും, പിശാചുക്കള്‍ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്യുന്നു'' (മുസ്‌ലിം) നരക കവാടങ്ങള്‍ അടക്കപ്പെടുകയും, പിശാചുക്കള്‍ ബന്ധനസ്തരാക്കപ്പെടുകയും ചെയ്യുന്നുവെങ്കില്‍, പിന്നെ എന്തുകൊണ്ട് 'റമദാന്‍' മാസത്തിലും ലോകത്ത് അനേകായിരം തിന്മകളും, അക്രമങ്ങളും അരങ്ങേറുന്നു എന്ന് ചോദിക്കാം. ഈ നബി വചനത്തെ അക്ഷരാര്‍ഥത്തില്‍ എടുക്കുമ്പോള്‍ ഈ സംശയത്തിന് പഴുതുണ്ടുതാനും. എന്നാല്‍, റമദാന്‍ വ്യക്തിയിലും സമൂഹത്തിലും അല്ലഹുവിനാല്‍ നല്‍കപ്പെടുന്ന അവസരങ്ങളുടെ പ്രവിശാലമായ ലോകത്തെയാണ് ഈ ഹദീസ് പരിചയപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കാം. സ്വര്‍ഗ പ്രവേശത്തിലുള്ള അവസരങ്ങള്‍ മറ്റൊരു മാസത്തിലും ഇല്ലാത്ത വിധം മലക്കെ തുറക്കപ്പെട്ടിരിക്കുന്നു. നരക പ്രവേശത്തിന്റെ സാധ്യതകള്‍ പരമാവധി കുറക്കാവുന്ന തരത്തില്‍ അടക്കപ്പെട്ടിരിക്കുന്നു. വിശ്വാസികളെ ഒരു നിലക്കും സ്വാധീനിക്കാന്‍ കഴിയാത്ത രീതിയില്‍ പിശാചുക്കള്‍ നിസ്സഹായരും, ദുര്‍ബലരും ആക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, അല്ലാഹു തുറന്നുവെച്ച സ്വര്‍ഗീയ കവാടങ്ങളെ സ്വയം അടച്ച് കളയുന്ന, അല്ലാഹു അടച്ച നരക കവാടങ്ങളെ സ്വയം തുറക്കുന്ന, അല്ലാഹു ബന്ധനസ്തരാക്കിയ പിശാചുക്കളുടെ ചങ്ങലക്കെട്ടുകള്‍ അഴിച്ചുകൊടുത്ത് അവരെ സഹായിച്ച്, അവരുമായി സഹവാസം കൂടുന്നവര്‍ക്കെല്ലാം എന്ത് റമദാന്‍? എന്ത് നോമ്പ്? 

വിശപ്പിനേയും കാമത്തെയും നിയന്ത്രിച്ച്, ശരീരത്തിന്റെ ചോദനകള്‍ക്ക് മേല്‍ ആത്മാവ് നേടിയെടുക്കുന്ന വിജയം തന്നെയാണ് ഒന്നാമതായി റമദാന്‍. റമദാനിന്റെ ഫലങ്ങളായി പറയപ്പെടുന്ന മറ്റെല്ലാ ന്യായങ്ങളെക്കാളും ആത്മാവിന്റെ വിജയം തന്നെയാണ് നോമ്പിന്റെ അടിസ്ഥാന ലക്ഷ്യം. ഇത് തന്നെയാണ് വിശ്വാസികളെ ജീവിത വിശുദ്ധിയുള്ളവരാക്കി മാറ്റുന്നത്. സമസൃഷ്ടികളോടുള്ള ഇടപാടുകളില്‍ ആണ് അല്ലാഹുവിന്റെ ദൂതന്‍ ഇത് പ്രതിഫലിച്ച് കാണണം എന്ന് വിശദീകരിക്കുന്നത്. അതുകൊണ്ടാണ്, മോശമായ സംസാരവും പ്രവൃത്തിയും ഉപേക്ഷിക്കുന്നില്ല എങ്കില്‍, ഒരാള്‍ പട്ടിണി കിടക്കണം എന്ന ഒരു ആവശ്യവും അല്ലാഹുവിന് ഇല്ല എന്ന് പ്രവാചകന്‍ (സ) പറഞ്ഞത്. അത് കൊണ്ടാണ്, മറ്റൊരാളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടി വരുമ്പോള്‍, സംസാരം കോപത്തിലേക്ക് വഴി മാറുന്നതിന് മുമ്പ് 'ഞാന്‍ നോമ്പുകാരന്‍ ആണ്' എന്ന് സ്വയം പറഞ്ഞ് പിന്തിരിയണം എന്ന് റസൂല്‍ (സ) പറഞ്ഞത്. അഥവാ, ആത്മാവ് ശരീരത്തെ മാത്രമല്ല, മനസ്സിനെയും കര്‍മങ്ങളെയും നിയന്ത്രിക്കുകയാണ്. കോപത്തിന് പകരം 'ക്ഷമ' പരിശീലിപ്പിക്കുകയാണ്. തിന്മകളില്‍ നിന്ന് അകന്നു നില്‍ക്കാനുള്ള ക്ഷമ പോലെ തന്നെ, മാനസിക ദൗര്‍ബല്യങ്ങളെ തിരുത്താനുള്ള ക്ഷമ. വിജയിച്ച മനുഷ്യന്‍ (ൗെരരലളൈൗഹ വൗാമി) സത്യത്തോടൊപ്പം 'ക്ഷമ' കൂടി പരസ്പരം പ്രസരിപ്പിക്കുന്നവനാണ് എന്നാണല്ലോ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് (അല്‍ അസ്വര്‍). 'ക്ഷമ' പരിശീലിപ്പിക്കുകയാണ് നോമ്പ് ചെയ്യുന്നത്. ക്ഷമയിലൂടെ, ആത്മാവ് മനസ്സിന്റെ മേല്‍ വിജയം നേടുകയാണ്. 

ആത്മീയ വിജയത്തിനായി തയ്യാറെടുക്കുന്ന വിശ്വാസികളുടെ, സാമൂഹികമായ  വസന്ത കാലമാണ് റമദാന്‍. അതുകൊണ്ടാണ് മറ്റേത് മാസങ്ങളില്‍ നിന്നും വ്യത്യസ്തമായി റമദാനിനെ വിശ്വാസികള്‍ പ്രത്യേകമായി വരവേല്‍ക്കുന്നത്. പള്ളികളും വീടുകളും 'നനച്ചു കുളി'കളാല്‍ ഒരുങ്ങുന്നു. പള്ളികള്‍ സംഘടിത നമസ്‌കാരങ്ങളിലൂടെ, ഉല്‍ബോധന ക്ലാസ്സുകളിലൂടെ, ഖുര്‍ആന്‍ പാരായണങ്ങളിലൂടെ, നോമ്പുതുറകളിലൂടെ കൂടുതല്‍ സജീവമാകുന്നു. കുടുംബങ്ങളും ബന്ധുക്കളും പരസ്പരം സന്ദര്‍ശിക്കുന്നു. അകന്നുപോയ ബന്ധങ്ങള്‍ റമദാന്‍ കാലത്ത് വിളക്കി ചേര്‍ക്കപ്പെടുന്നു. കുട്ടികളില്‍ ചെറുപ്പം മുതല്‍ തന്നെ ഒരു ആത്മീയ വസന്തം പൂവണിയുന്നു. ചെറുപ്പകാലത്തെ നോമ്പനുഭവങ്ങള്‍ നമ്മുടെ മനസ്സുകളില്‍ ഗൃഹാതുരത്വം സൃഷ്ടിക്കുന്നത്, കുട്ടി മനസ്സുകളില്‍ ഒരിക്കല്‍ അനുഭവിച്ച് മറന്ന ആത്മീയ അനുഭൂതികള്‍ കൊണ്ട് കൂടിയാണ്. ഉള്ളവനും ഇല്ലാത്തവനും കയ്യയച്ച് ഉദാരരാകുന്നു റമദാനില്‍. 'പിശാചുക്കളെ പിടിച്ച് കെട്ടി, പിരിവുകാരെ തുറന്ന് വിടുകയാണ് റമദാന്‍' എന്ന് തമാശയില്‍ പറയാറുണ്ട്. 'പിരിവുകള്‍ക്ക്' അപ്പുറമുള്ള സാമൂഹിക സംവിധാനങ്ങളെ കുറിച്ച് ചിന്തിക്കുവാന്‍ മുസ്‌ലിം സമുദായം ഇന്നും തയ്യാറായിട്ടില്ല. എങ്കിലും, സമുദായത്തിന്റെ ഉദാരത പ്രകടമാവുന്നുണ്ട് റമദാനില്‍. റസൂല്‍ (സ) റമദാന്‍ ആകുമ്പോള്‍ കൂടുതല്‍ ഉദാരനാകുമായിരുന്നു എന്ന് അവിടുത്തെ പ്രിയ പത്‌നി ആഇശ (റ) പറഞ്ഞിട്ടുണ്ട്.

റമദാനിലെ ഇസ്‌ലാമിന്റെ സാമൂഹ്യ മുഖം കൂടുതല്‍ അനാവരണം ചെയ്യുന്ന ഒന്നാണ് നോമ്പ് തുറകള്‍. വീടുകളും പള്ളികളും നോമ്പ് തുറകളാല്‍ ജനങ്ങളിലേക്ക്, അവരുടെ വിശപ്പിന്റെ വിളിയിലേക്ക് വാതിലുകള്‍ തുറന്നിടുകയാണ് ചെയ്യുന്നത്. വിശന്നവനെ ഊട്ടുകയാണ് നോമ്പ് തുറകള്‍. അല്ലാഹുവിന് വേണ്ടി വിശക്കുന്നവര്‍ ഒരുമിച്ചിരുന്നു വിശപ്പ് മാറ്റി അല്ലാഹുവിനെ കണ്ടു മുട്ടുന്ന അതെ സന്തോഷം പ്രകടിപ്പിക്കുന്ന അവസരമാണ് നോമ്പ് തുറകള്‍. അഥവാ, വിശ്വാസികള്‍ കൂട്ടായി നടത്തുന്ന ആത്മീയതയുടെ വിരുന്ന്. അവിടെ വിരുന്നിന് വിളിക്കുന്നവരും വിളിക്കപ്പെടുന്നവരും ഇല്ല. എല്ലാവരും വിരുന്നുകാര്‍. ആദ്യം കഴിക്കുന്നവരും പിന്നെ കഴിക്കുന്നവരും ഇല്ല. എല്ലാവരും ഒരുമിച്ച് ഒരേ സമയം, ഒരേ നിമിഷം ഒരു ചീള് കാരക്ക, അല്ലെങ്കില്‍ ഒരിറ്റ് വെള്ളം നാവില്‍ വെക്കുന്ന അപൂര്‍വമായ അവസരം. അല്ലാഹുവും മലക്കുകളും ഇത്തരം സദസ്സുകളില്‍ പുഞ്ചിരിച്ചു വിശ്വാസികള്‍ക്ക് തണലേകി നില്‍പ്പുണ്ടാവും. പക്ഷെ, ഇന്ന് നാം കാണുന്ന പല നോമ്പ് തുറകളിലും ആത്മീയതയല്ലാത്ത എല്ലാം അവിടെ കാണും. അല്ലാഹുവും മലക്കുകളും അല്ലാത്ത എല്ലാം അവിടെ നിറഞ്ഞ് നില്‍ക്കും. ഊട്ടപ്പെടേണ്ടവന്‍ അവിടെ ഉണ്ടാകില്ല. ഊട്ടപ്പെടേണ്ടവനെ ഊട്ടാത്ത എല്ലാ പ്രമാണികളും അവിടെ കാണും. ഒരു വിവാഹ സല്‍ക്കാരത്തില്‍ പോലും കാണാത്ത വിവിധ ഇനം വിഭവങ്ങളുടെ എക്‌സിബിഷന്‍ ആയി മാറിയിരിക്കുകയാണ് നോമ്പ് തുറകള്‍. സ്ത്രീകളായിരിക്കും പലപ്പോഴും വീടുകളില്‍ നടത്തപ്പെടുന്ന നോമ്പ് തുറ മാമാങ്കങ്ങളുടെ സകല പ്രയാസങ്ങളും ഏറ്റെടുക്കേണ്ടി വരുന്നത്. വിശ്വാസികളുടെ മാതൃകകള്‍ ഖുര്‍ആന്‍ പരിചയപ്പെടുത്തിയ ആസിയ ബീവിയുടെയും മര്‍യം ബീവിയുടെയും പിന്‍ തലമുറയെ നോമ്പ് കാലത്ത് പുണ്യം ലഭിക്കുവാനുള്ള അവസരങ്ങള്‍ കുറച്ച്, അടുക്കളയില്‍ തളച്ചിട്ട് 'ദീന്‍ കുറഞ്ഞവര്‍' ആക്കി മാറ്റുകയാണ് നമ്മള്‍. ഉപയോഗം കുറയേണ്ട അടുക്കളകള്‍ അങ്ങിനെ മറ്റ് ഏത് മാസത്തെക്കാളും ഉപയോഗിക്കപ്പെടുന്ന ഒന്നായി മാറുന്നു.

വിശക്കുന്നവന്റെ വിശപ്പ് എന്തെന്നറിയുന്ന ആത്മീയ വിശപ്പാണ് റമദാന്‍ മുന്നോട്ട് വെക്കുന്നത്. പകല്‍ സമയത്തെ നമ്മുടെ വിശപ്പ് സന്ധ്യയാവുന്നതോടെ തീരും. പക്ഷെ, നിരവധി സന്ധ്യകളും പകലുകളും കഴിഞ്ഞ് പോയിട്ടും വിശപ്പ് മാറാത്തവന്റെ വിശപ്പ് കാണുവാന്‍ ഒരു വിശ്വാസി കാണിക്കുന്ന ആത്മീയ വിശപ്പ് ഒരു സന്ധ്യക്കും മാറ്റാന്‍ ആവരുത്. അതെന്ന് മാറുന്നുവോ അന്ന്, റമദാന്‍ ഒരു വിശ്വാസിയില്‍ ഒരു ഫലവും ചെയ്യാന്‍ കെല്‍പ്പില്ലാത്ത ഒന്നായി മാറും. എല്ലാ വര്‍ഷവും റമദാന്‍ കിറ്റുകള്‍ മുറ പോലെ വിതരണം ചെയ്യപ്പെടുന്ന സാമൂഹിക സങ്കല്‍പ്പത്തിന് പകരം, സ്വയം പര്യാപ്തരായ ഒരു തലമുറയുടെ സൃഷ്ടി റമദാനിനും മുമ്പേ നടക്കേണ്ടതാണ്. നോമ്പിനും മുമ്പേ പ്രവാചകന്‍ 'സകാത്തിനെ' എണ്ണിയതിന്റെ കാരണം ഇത് കൂടിയായിരിക്കാം. അതുകൊണ്ട് സകാത്തിനാല്‍ നിരന്തരം പുനരുദ്ധരിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ ഓഡിറ്റിംഗ് കാലം കൂടിയാണ് റമദാന്‍ എന്ന് പറയാം. 

റമദാന്‍, ഓരോ വിശ്വാസിയെയും പുതുതായി സൃഷ്ടിക്കണം. ഓരോ റമദാന്‍ കഴിയുമ്പോഴും സമൂഹത്തില്‍ ഒരു പിടി ആമാശയ അസുഖങ്ങള്‍ അല്ലാതെ മറ്റൊന്നും ബാക്കി വെക്കാനില്ലാത്ത, റമദാനുകള്‍ക്ക് ഒരു പ്രസക്തിയും ഇല്ല. ആശുപത്രികള്‍ക്ക് വരവ് കൂട്ടുന്നതാകരുത് റമദാന്‍. അത്, വ്യക്തിക്കും സമൂഹത്തിനും പ്രസ്ഥാനങ്ങള്‍ക്കും നവ ഊര്‍ജം  നല്‍കുന്നതാകണം. റമദാനുകള്‍ ഇസ്‌ലാമിക സമൂഹത്തിന്റെ ആന്തരിക വിശുദ്ധിയുടെയും, ബാഹ്യ പരിവര്‍ത്തനങ്ങളുടെയും നാട്ടക്കുറിയാകണം. ഇസ്‌ലമിക ചരിത്രം അതിനു സാക്ഷിയാണ്. അതുകൊണ്ടാണ് ബദറിനു മുമ്പത്തെ റമദാനും ശേഷമുള്ള റമദാനും രണ്ടാകുന്നത്. ഓരോ റമദാനും ഇസ്‌ലാമിക സമൂഹത്തില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കണം. ശിശിര കാലത്തിനു ശേഷം സസ്യങ്ങള്‍ പുനര്‍ജനിക്കുന്നത് പോലെ ഓരോ റമദാനിന് ശേഷവും മുസ്‌ലിമും മുസ്‌ലിം ലോകവും പുനര്‍ജനിച്ച് കൊണ്ടേയിരിക്കണം.  

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top