നമുക്ക് മനുഷ്യന്റെ സ്വൗന്ദര്യം ആസ്വദിക്കാം

ടി.മുഹമ്മദ് വേളം No image

മനുഷ്യന്‍ എത്ര സുന്ദരമായ പദം എന്നു പറഞ്ഞത് മാക്‌സിം ഗോര്‍ക്കിയാണ്. ഓരോ മനുഷ്യനും സൗന്ദര്യത്തിന്റെ ചെറു രൂപങ്ങളാണ്. സൗന്ദര്യവും അതിന്റെ ആസ്വാദനവും അതില്‍ നിന്നുലഭിക്കുന്ന അനുഭൂതിയുമാണ് ജീവിതത്തിന്റെ അര്‍ഥങ്ങളില്‍ ഒന്ന്. മനുഷ്യന്റെ സൗന്ദര്യം ആസ്വദിക്കുന്നതിന് നാം വിളിക്കുന്ന മറ്റൊരു പേരാണ് സ്‌നേഹം. ഓരോ വ്യക്തിക്കും മനുഷ്യനെന്ന നിലക്കുളള അപാരമായ സൗന്ദര്യമുണ്ട്. ഇതു വേണ്ടത്ര അളവില്‍ ആസ്വദിക്കുന്നതില്‍ നാം പൊതുവില്‍ പരാജയപ്പെട്ടുപോകാറാണ് പതിവ്.

മനുഷ്യനെ സ്‌നേഹിക്കുക എന്നത് ഒരു സ്വാഭാവിക മാനസിക പ്രവര്‍ത്തനം മാത്രമല്ല. ബോധപൂര്‍വമായ ഒരു കല കൂടിയാണ്. മറ്റുള്ളവരെ സ്‌നേഹിക്കുക എന്നത് നമ്മുടെ ജീവിതാനന്ദത്തിന്റെ ആവശ്യമാണ്. സ്‌നേഹവും സൗഹൃദവും സ്‌നേഹിക്കപ്പെടുന്നവരോടും സൗഹൃദപ്പെടുന്നവരോടും നാം ചെയ്യുന്ന ഉപകാരം മാത്രമല്ല. നാം നമ്മോടു തന്നെ ചെയ്യുന്ന നന്മയാണ്. നമുക്ക് സന്തോഷവും ആനന്ദവും ലഭിക്കാനുളള വഴിയാണ്. സ്‌നേഹം അപരനോടുചെയ്യുന്ന ഔദാര്യമല്ല. നമ്മോടുതന്നെ ചെയ്യുന്ന ഉപകാരമാണ്. ഇത് എല്ലാ നന്മകള്‍ക്കു തിന്മകള്‍ക്കും ബാധകമായ പൊതു തത്വമാണ്. അതുകൊണ്ടാണ് ഖുര്‍ആന്‍ നന്മകള്‍ ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ നിങ്ങളോട് തന്നെ ചെയ്യുന്ന നന്മകള്‍ എന്നും തിന്മകള്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് തങ്ങളോടുതന്ന അക്രമം പ്രവര്‍ത്തിക്കുന്നവര്‍ എന്നും പറയുന്നത്. 

മനുഷ്യന്റെ ഏററവും വലിയ ആനന്ദം മനുഷ്യന്‍ തന്നെയാണ്. മറ്റൊരാള്‍ എന്നത് നമ്മുടെ ആനന്ദത്തിന്റെ ഉറവിടമാണ്. ഈ ആനന്ദസാധ്യതയെ എത്ര അളവില്‍ ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയുന്നുണ്ട്. അത്ര അളവില്‍ നമ്മുടെ ജീവിതം ആനന്ദകരമായിരിക്കും. ചിലര്‍ മനുഷ്യരുടെ കാര്യത്തില്‍ ദോഷൈകദൃക്കുകളാണ്. ചിലര്‍ ശുഭചിന്ത വെച്ചുപുലര്‍ത്തുന്നവരും. എനിക്ക് ഒരേ നാട്ടില്‍ രണ്ട് സുഹൃത്തുക്കളുണ്ട്. അതില്‍ ഒരാള്‍ തന്റെ സംസാരത്തില്‍ നാട്ടിലെ മിക്ക ആളുകളെയും പിശകുളളവരായി നിരന്തരം അവതരിപ്പിക്കും. അദ്ദേഹത്തോട് സംസാരിച്ചാല്‍ അന്നാട്ടിലെ ഓരോരുത്തരും കുറ്റവാളികളായി നമ്മുടെ മുന്നില്‍ തെളിഞ്ഞുവരും. പലരും പാരമ്പര്യമായിത്തന്നെ കുഴപ്പമുളളവരാണെന്ന് അദ്ദേഹം സമര്‍ഥിക്കും. നന്മയുളളവരായി നാം മനസ്സിലാക്കുന്നവരിലും തിന്മയുടെ എന്തെങ്കിലും പുഴുക്കുത്തുകള്‍ അദ്ദേഹം കണ്ടെത്തും. രണ്ടാമത്തെ സുഹൃത്ത് രസകരമായി സംസാരിക്കുന്ന അളാണ്. സഹൃദയന്‍. ഫലിതങ്ങള്‍, തത്വചിന്തകള്‍, സാമൂഹ്യ വിമര്‍ശനങ്ങള്‍, രാഷ്ട്രീയ വിശകലനങ്ങള്‍, സാംസ്‌കാരിക നിരൂപണങ്ങള്‍, പുസ്തക-സിനിമ അനുഭവങ്ങള്‍ എല്ലാം ആ സംസാരത്തില്‍ കയറിയിറങ്ങിപ്പോവും. ആ സംസാരത്തില്‍ കടന്നുവരുന്ന ആ നാട്ടിലെ ഓരോ വ്യക്തിക്കും അപാരമായ മിഴിവുണ്ടാവും. നാട്ടിലെ സാധാരണ മനുഷ്യര്‍ തത്വചിന്തകരാവും. കൊള്ളരുതാത്തവരായി നാം കരുതുന്ന, ക്രിമിനലുകള്‍ എന്നുപോലും നാം വിശ്വസിക്കുന്ന അളുകളുടെ വരെ സൗന്ദര്യമാര്‍ന്ന മറുവശങ്ങള്‍ ആ സംസാരങ്ങളില്‍ അനാവരണം ചെയ്യപ്പെടും. ശില്‍പിയുടെ കൈയില്‍ കിട്ടിയ ശില പോലെ അവന്റെ നാവിലൂടെ കടന്നുപോയാല്‍ ഓരോ മനുഷ്യനും അപാരമായ സൗന്ദര്യമുളളവരായി മാറും. നമുക്കറിയുന്ന, ശരാശരിക്കാരെന്ന് നാം കരുതുന്ന, അതിനേക്കാള്‍ താഴെയെന്ന് നമ്മുടെ മനസ്സ് വിധിയെഴുതിയ വെറും സാധാരണ മനുഷ്യര്‍ക്ക് ഇത്ര തത്വചിന്തയോ സൗന്ദര്യമോ എന്നു നാം അത്ഭുതപ്പെടും. ഒരേ നാട്ടിലെ ഒരേ മനുഷ്യരെ കാണുന്നതിന്റെ രണ്ടുതരം രീതികളാണിത്.

ഗാന്ധിയെയും പട്ടേലിനെയും താരതമ്യം ചെയ്തുകൊണ്ട് പറയാറുണ്ട്. ഗാന്ധിജി ഒരു മനുഷ്യനെ പുതുതായി പരിചയപ്പെട്ടാല്‍ അയാള്‍ നല്ലവനാണെന്ന് കരുതും. അനുഭവത്തിലൂടെ അയാള്‍ മോശക്കാരനാണെന്ന് ബോധ്യപ്പെടുന്നത് വരെ. പട്ടേല്‍ ഒരാളെ പരിചയപ്പെട്ടാല്‍ അയാള്‍ മോശക്കാരനാണെന്ന് കരുതും. നല്ലവനാണെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെടുന്നത് വരെ. ഇതില്‍ മനുഷ്യന്റെ സൗന്ദര്യമാസ്വദിക്കാന്‍ കഴിഞ്ഞിരിക്കുക ഗാന്ധിജിക്കായിരിക്കും. ഗാന്ധിജി ചിലപ്പോള്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടാവാം. പട്ടേലിനെ ആര്‍ക്കും ഒരിക്കലും പറ്റിക്കാന്‍ കഴിഞ്ഞിട്ടില്ലായിരിക്കാം. മനുഷ്യനെ വിശ്വസിച്ചതുകൊണ്ട് ഗാന്ധിജിക്കുണ്ടായിരിക്കാനിടയുള്ള നഷ്ടത്തേക്കാള്‍ വലുതായിരിക്കും വിശ്വസിച്ചതുകൊണ്ട് ലഭിച്ചിട്ടുളള ആനന്ദങ്ങളും അനുഭൂതികളും നേട്ടങ്ങളും. പോക്കറ്റടിക്കാരനിലും ബാക്കിനിന്ന നന്മകളുടെയും സൗന്ദര്യത്തിന്റെയും കഥയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഒരു മനുഷ്യന്‍' എന്ന വിഖ്യാതമായ ചെറുകഥ. സാഹിത്യം പൊതുവില്‍തന്നെ ദുഷ്ടര്‍ പോലുമായ മനുഷ്യരുടെ സൗന്ദര്യത്തിന്റെ വശം നമുക്ക് കാണിച്ചുതരികയാണ് ചെയ്യുന്നത്. സ്‌നേഹിക്കാന്‍ ഒരു കാരണം വേണം. അത് നാം തന്നെ കണ്ടെത്തണം. നാം വെറുക്കുന്നവരെ വെറുക്കാനുളള കാരണം ബോധപൂര്‍വമോ അല്ലാതെയോ നാം കണ്ടെത്തുന്നുണ്ട്. സ്‌നേഹിക്കാനുള്ള കാരണം കണ്ടത്തുക എന്നത് നമ്മുടെ ആവശ്യമാണ്. നമ്മുടെ ജീവിതം നിറമുള്ളതാക്കാന്‍ വേണ്ടിയാണ്. നമ്മുടെ ജീവിതം വെറുപ്പിന്റെ ചാരനിറം നിറഞ്ഞതാവാതിരിക്കാനാണ്. ഓരോ മനുഷ്യനെയും അടുത്തുനിന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അവരില്‍ നന്മയുടെ മാത്രമല്ല മഹത്വത്തിന്റെ പോലും അംശങ്ങള്‍ കണ്ടെത്താന്‍ കഴിയും. പലരിലെയും നന്മകള്‍ പലതായിരിക്കുമെന്ന് മാത്രം. നാം നേരത്തെ നിശ്ചയിച്ചുറപ്പിച്ച ഏറെ പരിമിതികളുളള അളവുകോലുകള്‍ കാരണമാണ് പലരുടെയും നന്മകള്‍ നമുക്ക് കാണാന്‍ കഴിയാതെ പോകുന്നത്. 

പരസ്പരം കലഹിക്കുന്ന ഒരു വൃദ്ധദമ്പതികളെ എനിക്കു പരിചയമുണ്ട്. എല്ലാ കലഹങ്ങളും വൈരൂപ്യങ്ങളാണ്. ദാമ്പത്യകലഹങ്ങള്‍ പ്രത്യേകിച്ചും. പക്ഷെ, അവരെ രണ്ടുപേരെയും ഓരോരുത്തരായെടുത്താല്‍ അവര്‍ വലിയ വ്യക്തിത്വങ്ങളാണ്. വലിയ മഹത്വമുള്ള ആ സ്ത്രീ ഭര്‍ത്താവിന്റെ പ്രവാസത്തിനിടയിലും മക്കളെ നിഷ്‌ക്കര്‍ഷയോടെ പഠിപ്പിച്ച് വലുതാക്കിയവരാണ്. അതില്‍ അവര്‍ ചെലുത്തിയ ശ്രദ്ധയും അധ്വാനവും അനല്‍പമാണ്. ആ കുടുംബം ഇന്നനുഭവിക്കുന്ന സൗഭാഗ്യങ്ങള്‍ സാഹസികതയോളമെത്തുന്ന ആ സാധനയുടെ ഫലമാണ്. മുസ്‌ലിംപെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പോയിട്ട് ആണ്‍കുട്ടികളുടെ വിദ്യാഭ്യാസംപോലും ഒരു ജനകീയ പ്രവണതയാകാത്ത കാലത്ത് വിദ്യാഭ്യാസമില്ലാത്ത അവര്‍ തികഞ്ഞ ജാഗ്രതയോടെ തന്റെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വിദ്യാഭ്യാസം ചെയ്യിച്ചു എന്നത് അവരിലെ ഉള്‍ക്കാഴ്ചയുടെ അനിഷേധ്യമായ അടയാളമാണ്. ഭര്‍ത്താവ് പ്രവാസത്തിനിടയിലും ഇതില്‍ പങ്കുവഹിച്ചിട്ടുണ്ട്. സാമ്പത്തികമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. ആ സ്ത്രീ സ്വന്തം മണ്ണിനോടും കൃഷിയോടും കാര്‍ഷികോല്‍പന്നങ്ങളോടും വൈകാരികമായി കെട്ടുപിണഞ്ഞവളാണ്. അവരുടെ മുഴുവന്‍ ആനന്ദങ്ങളും അവര്‍ സ്വീകരിക്കുന്നത് തന്റെ ജീവിതത്തിന്റെ ചുറ്റുവട്ടത്തുള്ള ഈ സ്രോതസ്സുകളില്‍ നിന്നാണ്. അവര്‍ എപ്പോഴും തെങ്ങിനെക്കുറിച്ചും തേങ്ങയെക്കുറിച്ചും പറമ്പിനെക്കുറിച്ചും പാടത്തെക്കുറിച്ചും വിത്തിനെക്കുറിച്ചും നെല്ലിനെക്കുറിച്ചും കാലാവസ്ഥയിലെ മാറ്റങ്ങളെക്കുറിച്ചും വിപണിയുടെ പ്രതികൂലാവസ്ഥയെക്കുറിച്ചുമൊക്കെ സംസാരിച്ചുകൊണ്ടേയിരിക്കും. ശ്രദ്ധക്കുറവുകൊണ്ട് നഷ്ടങ്ങള്‍ സംഭവിക്കുമോയെന്ന ഗ്രാമീണ കര്‍ഷകന്റെ ഭീതി അവരോടൊപ്പം എന്നും സഞ്ചരിക്കുന്നത് കാണാന്‍ കഴിയും. ഭര്‍ത്താവിന്റെ ലോകം യാത്രയാണ്. പല ദേശങ്ങളില്‍ സഞ്ചരിച്ച ഒരവധൂതന്‍. ലോകത്തിന്റെ അറ്റത്തോളം സഞ്ചരിക്കാന്‍ മാത്രം ഭാരരഹിതമായ ഹൃദയമുള്ളയാള്‍. ഒരു മണ്ണിലും വേരുറപ്പിക്കാകത്ത  കാലുകളാണയാള്‍ക്കുളളത്. മണ്ണോ മുതലോ ഒരു നാടിന്റെ മാത്രമായ ഋതുക്കളോ അയാള്‍ക്ക് സ്വസ്ഥത നല്‍കുന്നേയില്ല. അയാള്‍ക്ക് നല്‍കപ്പെട്ടത് സഞ്ചാരിയുടെ രക്തമാണ്. ജീവിതത്തെ ഒരു വെള്ളത്തൂവല്‍പോലെ ഭാരരഹിതമായും മാര്‍ദവമായും അഴകാര്‍ന്നതായും നോക്കിക്കാണുന്ന ഒരാള്‍. എല്ലാ യാത്രകളും കഴിഞ്ഞ് മരിക്കാത്ത സഞ്ചാരിയുടെ മനസ്സുമായി മടങ്ങിയെത്തിയ ഇദ്ദേഹവും തന്റെ ആവാസവ്യവസ്ഥയെ തന്റെ പ്രപഞ്ചം തന്നെയായി വികസിപ്പിച്ച, അതിലപ്പുറം മറ്റൊരു ലോകത്തോടും താല്‍പര്യമില്ലാത്ത, തന്റെ സ്വന്തം ലോകത്തെ മുഴുലോകത്തോളം ഗൗരവത്തില്‍കാണുന്ന ഈ ഗ്രാമീണ സ്ത്രീയും, ജീവിതത്തിന്റെ സായാഹ്നത്തില്‍ ഒരു കുടക്കീഴില്‍ ഒരുമിച്ചു താമസിക്കുമ്പോള്‍ കലഹത്തിന്റെ പെരുമ്പറകള്‍ മുഴങ്ങുന്നത് അസ്വാഭാവികമല്ല. ഇത് കണ്ടുനില്‍ക്കുന്നവര്‍ക്ക് അരോചകമാണെങ്കിലും. ബാക്കിയുള്ള അവരുടെ ജീവിതത്തിന്റെ മഹാനന്മകളും സാധ്യതകളും അറിയുന്നതിന് അവര്‍ക്കിടയിലെ കലഹകോലാഹലങ്ങള്‍ തടസ്സമാകേണ്ടതില്ല. അവരുടെ വൃദ്ധദാമ്പത്യ കലഹത്തില്‍ കാഴ്ചക്കാരായ നാം കക്ഷിചേരേണ്ടതുമില്ല. അവരില്‍ ഏതോ ഒരാള്‍ ശരിയും ഒരാള്‍ തെറ്റും എന്ന് വിധിക്കുന്നതിലും പ്രസക്തിയുമില്ല. ഒറ്റക്കൊറ്റക്കെടുത്താല്‍ മഹത്വവും സൗന്ദര്യവുമുളള രണ്ടു ജീവിതങ്ങളാണത്.

പരദൂഷണം പറയരുത് എന്ന് പ്രവാചകന്‍ പഠിപ്പിച്ചതിന്റെ ഒരു കാരണം അത് വ്യക്തികളുടെ സൗന്ദര്യത്തെ നിറം കെടുത്തിക്കളയുന്നു എന്നതാണ്. ഇല്ലാത്തത് പറയരുത് എന്നുമാത്രമല്ല പ്രവാചകന്‍ പഠിപ്പിച്ചത്. ഇല്ലാത്തതുപറയല്‍ പരദൂഷണമല്ല കളവാണ്. പരദൂഷണത്തില്‍ പറയുന്നത് ഉളളതാണെങ്കിലും അത് ജനമനസ്സുകളില്‍ വ്യക്തികളുടെ സൗന്ദര്യം നശിപ്പിക്കും എന്നതാണ് അത് നിഷിദ്ധമാക്കിയതിന്റെ ഒരു യുക്തി. എല്ലാവരും മോശക്കാരയി അവതരിപ്പിക്കപ്പെടുന്ന സമൂഹം എത്ര വിരൂപവും ദരിദ്രവുമായിരിക്കും. അപവാദപ്രചരണം വ്യക്തിയുടെ സൗന്ദര്യത്തെ കെടുത്തിക്കളയുന്ന കാട്ടുതീയാണ്. ഓരോ വ്യക്തിയുടെയും മഹത്വങ്ങള്‍ കണ്ടെത്തുന്നതിലാണ് നമ്മുടെ ജീവിതത്തിന്റെ സൗന്ദര്യം. അതുകൊണ്ടാണ് നബി (സ) പറഞ്ഞത്: ഒരനുചരനെക്കുറിച്ചും കുറ്റം വന്നുപറയരുത്. ഓരോരുത്തരെയും മുന്‍വിധികളില്ലാതെ നോക്കിക്കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒളിമങ്ങിപ്പോകാത്ത മനുഷ്യരായി വേണം അനുചരന്മാര്‍ മനസ്സില്‍ കുടിപാര്‍ക്കാന്‍ എന്നായിരുന്നു പ്രവാചകന്‍ കരുതിയത്. 

മനുഷ്യരില്‍ വൈരൂപ്യത്തിന്റെ മറുവശങ്ങള്‍ ഇല്ല എന്നല്ല ഇതിനര്‍ഥം. ചതിയുടെയും ക്രൂരതയുടെയും വാരിക്കുഴികള്‍ മനുഷ്യരില്‍തന്നെയാണ് നാം കാണാതെ നമ്മെ കാത്തിരിക്കുന്നത്. വൈലോപ്പിള്ളി പറഞ്ഞപോലെ വസന്തവായുവിലെ വസൂരി രോഗാണുക്കളെയും പുള്ളിമാനിനുപിന്നിലെ പുളളിപ്പുലിയെയും കാണുക എന്നതും ജീവിതവിജയത്തിന്റെ ഘടകം തന്നെയാണ്. വ്യക്തികളുടെ നമുക്കറിയാവുന്ന കുഴപ്പങ്ങള്‍ സൂക്ഷിക്കേണ്ട അളവില്‍ നാം സൂക്ഷിക്കുക. ഏതു കുറ്റവാളിയിലും മഹാനുണ്ടെന്നതുപോലെ ഏതു മഹാനിലും കുറ്റവാളിയുമുണ്ടെന്ന അടിസ്ഥാനപാഠം ഓര്‍ത്തുവെക്കുക. വ്യക്തികളുടെ കുറ്റങ്ങള്‍ പറയേണ്ടവരോട് പറയേണ്ട അളവില്‍ മാത്രം പറയുക. ഇല്ലെങ്കില്‍ വിരൂപന്മാരും വിരൂപികളും മാത്രം നിറഞ്ഞ ഒരു കെട്ട സ്ഥലമായി നാം ജീവിക്കുന്ന ലോകം നമുക്ക് മാറും. യഥാര്‍ഥത്തില്‍ ദൈവം നമുക്ക് നല്‍കിയത് സുന്ദരന്മാരുടെയും സുന്ദരികളുടെയും ലോകമാണ്. അടങ്ങാത്ത സംശയങ്ങളും ഒടുങ്ങാത്ത അപവാദങ്ങളുംകൊണ്ട് നാമതിനെ വിരൂപമാക്കാതിരിക്കുക. ഓരോ മനുഷ്യനും ലോകമാകുന്ന പൂന്തോട്ടത്തിലെ പുഷ്പങ്ങളാണ്. അവക്ക് നിറഭേദങ്ങളും മണവ്യത്യാസങ്ങളുമുണ്ട്. അത് തിരിച്ചറിഞ്ഞ് ആസ്വദിക്കുന്നവരാണ് ജീവിതമാസ്വദിക്കുന്നവര്‍.

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top