വനിതാ പ്രാതിനിധ്യവുമായി ഒരു മഹല്ല്‌

ഫൗസിയ ഷംസ്‌ No image

ദീനീ തല്‍പരരും വിശാലമനസ്‌കരുമായിരുന്നു ശാന്തപുരം മഹല്ലു നിവാസികള്‍. ഇസ്‌ലാമിക ആശയങ്ങളെ ജീവിതത്തില്‍ പകര്‍ത്തുകയും അത്‌ ശിരസാവഹിക്കുകയും ചെയ്‌തതിന്റെ പേരില്‍ ഒരുപാട്‌ മുള്‍പാതകള്‍ താണ്ടിയവരാണവര്‍. യാഥാസ്ഥിതിക ചിന്ത പേറുന്നവരുടെ വിമര്‍ശനങ്ങള്‍ക്കവര്‍ ഇരയായി. പുത്തന്‍വാദികള്‍ എന്ന പേര്‌ കേട്ടുകൊണ്ടും ബഹിഷ്‌കരണങ്ങള്‍ ഏറ്റുവാങ്ങിയും തന്നെയാണ്‌ ശാന്തപുരത്തെ ഇസ്‌ലാമിന്റെ തനിമയിലേക്കവര്‍ ഉയര്‍ത്തിയത്‌. ഇപ്പോഴിതാ കേരളത്തിലാദ്യമായി മഹല്ല്‌ കമ്മിറ്റിയില്‍ സ്‌ത്രീകള്‍ക്ക്‌ പ്രാതിനിധ്യം നല്‍കിക്കൊണ്ട്‌ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്‌ അവര്‍
1892ലാണ്‌ മുള്ള്യകുശ്ശി പള്ളിക്കുത്ത്‌്‌ പുത്തന്‍പള്ളി മഹല്ല്‌ സ്ഥാപിതമായത്‌. മഹല്ലിന്റെ അഭിവൃദ്ധിക്കായി ധാരാളം സ്വത്തുക്കള്‍ അവര്‍ വഖഫ്‌ ചെയ്‌തു. ഉന്നത നിലവാരത്തിലുള്ള ദര്‍സുകള്‍ നടത്തുകയും പ്രഗല്‍ഭ പണ്ഡിതന്മാരെ കൊണ്ടു വന്ന്‌ പ്രസംഗിപ്പിക്കുകയും ചെയ്‌തു. 1948-49 കാലഘട്ടത്തില്‍ പ്രഗല്‍ഭ പണ്ഡിതനായ വി.കെ. ഇസ്സുദ്ദീന്‍ മൗലവി ഇവിടെ പ്രഭാഷണം നടത്തിയിരുന്നു. ഉന്നത മത വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കുന്നതിനെ കുറിച്ച്‌ അദ്ദേഹം പ്രദേശവാസികളുമായി ചര്‍ച്ച നടത്തി. ഇതേ തുടര്‍ന്ന്‌ യഥാസ്ഥിതികരും ഉല്‍പതിഷ്‌ണുക്കളും തമ്മില്‍ ചേരിതിരിവുണ്ടാവുകയും തൊട്ടുടനെ നടന്ന മഹല്ലുകമ്മിറ്റി തെരഞ്ഞെടുപ്പില്‍ ധനാഢ്യരായ പ്രമുഖരേക്കാള്‍ സാധാരണക്കാരായ ആളുകള്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. ഇക്കാരണത്താല്‍ ഒരുവിഭാഗം കമ്മിറ്റിയില്‍ നിന്ന്‌ രാജിവെച്ചു, അവര്‍ പുതിയൊരു മഹല്ലിന്‌ രൂപം നല്‍കി. അപ്പോഴേക്കും ഇവിടുത്തെ ജനങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി ആശയങ്ങളോട്‌ അടുത്തു കഴിഞ്ഞിരുന്നു. അങ്ങനെ 1951ഒക്ടോബര്‍ 16ന്‌ ഇസ്സുദ്ദീന്‍ മൗലവി പ്രസിഡന്റായി മഹല്ല്‌ റജിസ്റ്റ്‌ര്‍ ചെയ്‌തു. ഇസ്സുദ്ദീന്‍ മൗലവി അദ്ദേഹത്തിന്റെ ചിരകാല സ്വപ്‌നമായ മത വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള തുടക്കം കുറിക്കുകയും ചെയ്‌തു. മദ്രസയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ ഹാജി സാഹിബ്‌ മുള്ള്യകുശ്ശി പള്ളിക്കുത്ത്‌്‌ പ്രദേശത്തെ ശാന്തപുരം എന്നു വിളിച്ചു. അങ്ങനെ കേരളത്തിലും പുറത്തും ഈ പ്രദേശം ശാന്തപുരം എന്നറിയപ്പെടാന്‍ തുടങ്ങി. ഇന്നിപ്പോള്‍ 1050 വീടുകളിലായി 5500 ഓളം ആളുകള്‍ ഈ മഹല്ലിനു കീഴില്‍ ഉണ്ട്‌.
അഭിപ്രായ സ്വാതന്ത്ര്യവും ചിന്താസ്വാതന്ത്യവും ഏറെ അനുഭവിക്കാന്‍ കഴിഞ്ഞവരായിരുന്നു ശാന്തപുരത്തുകാര്‍. അതുകൊണ്ട്‌ തന്നെ അവര്‍ ചിന്തിച്ചു.... ഓരോ മഹല്ലിലും സ്‌ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്‌ ഏറെയും. സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ കഴിയുക അവളെപ്പോലെയുള്ള ഒരുവള്‍ക്കാണ്‌. എല്ലാ രംഗത്തും തുല്യപ്രാതിനിധ്യത്തിനും അവസരസമത്വത്തിനുമായി നാം മുറവിളി ഉയര്‍ത്തുന്നുണ്ട്‌. എന്തുകൊണ്ട്‌ മുസ്‌ലിം സമുദായത്തിന്റെ ആദ്യവേദിയായ മഹല്ലുകളില്‍ സ്‌ത്രീകള്‍ക്കുകൂടി കടന്നുവന്നുകൂടാ...
ഇത്തരമൊരു ചിന്ത പ്രാദേശിക മഹല്ലു ജമാഅത്തിനു മുമ്പാകെ വെച്ചപ്പോള്‍ അത്‌ അനുവദിച്ചുകൊടുക്കാന്‍ സ്‌ത്രീ ശാക്തീകരണത്തിന്നായ്‌ ഏറെ പണിയെടുക്കുന്ന മഹല്ല്‌ സാരഥികള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടായില്ല. ഇസ്‌ലാമിക പ്രസ്ഥാനത്തിന്‌ ഏറ്റവും വളക്കൂറുള്ള മണ്ണില്‍ തന്നെ മഹല്ലില്‍ സ്‌ത്രീ ശാക്തീകരണത്തിന്റെ ആദ്യ കാഹളം മുഴങ്ങി. അങ്ങനെ 2009ല്‍ കേരളത്തിലാദ്യമായി സ്‌ത്രീ പ്രാതിനിധ്യമുള്ള മഹല്ലായി ശാന്തപുരം മാറി. അന്ന്‌ മഹല്ല്‌ കമ്മറ്റിയിലേക്ക്‌ ഓരോ വാര്‍ഡില്‍ നിന്നും അഞ്ച്‌ വനിതാ പ്രതിനിധികള്‍ നിയമിക്കപ്പെട്ടു. തെരെഞ്ഞെടുക്കപ്പെട്ട 50 കൗണ്‍സിലര്‍മാരും അവരില്‍ നിന്ന്‌ തെരെഞ്ഞടുക്കുന്ന 17 മെമ്പര്‍മാരും ഉള്‍ക്കൊള്ളുന്നതാണ്‌ മഹല്ല്‌ ഭരണ സമിതി. മുള്ള്യുക്കുര്‍ശ്ശി, ശാന്തപുരം, പടിഞ്ഞാറെ പള്ളിക്കുത്ത്‌ കിഴക്കേ പള്ളിക്കുത്ത്‌ എന്നിങ്ങനെ നാല്‌ വാര്‍ഡുകള്‍ ചേര്‍ന്നതാണ്‌ മഹല്ല്‌. തെരെഞ്ഞെടുക്കപ്പെടുന്ന കൗണ്‍സിലര്‍മാരും അതാത്‌ മഹല്ലുകളിലെ വാര്‍ഡു സമിതികളുമാണ്‌ വാര്‍ഡിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്നത്‌.
2011ല്‍ മഹല്ലിലെ സ്‌ത്രീകള്‍ക്ക്‌ വോട്ടവകാശം നല്‍കുകയും പുരുഷന്മാരെ പോലെ തന്നെ സ്‌ത്രീകളും കൗണ്‍സിലര്‍മാരായും കമ്മറ്റി മെമ്പറുമായും തെരഞെടുക്കപ്പെടുകയും ചെയ്‌തു. വനിതകളില്‍ നിന്നും പതിനേഴ്‌ പേരെ കൗണ്‍സിലര്‍മാരായി തെരഞ്ഞെടുത്തു. അവരില്‍ നിന്ന്‌ കെ.കെ. ഫാത്തിമ സുഹറ, യു.ടി.ഫാത്തിമ, കെ.കെ. ബഷീറ, റസിയ.കെ ബുഷ്‌റ.എ. താഹിറ സി.എച്ച്‌. എന്നീ ആറു പേര്‍ കമ്മറ്റി അംഗങ്ങളുമായി. ഭരണ സൗകര്യാര്‍ത്ഥം മഹല്ല്‌ കമ്മറ്റിക്ക്‌ സകാത്ത,്‌ തര്‍ബിയ്യത്ത്‌, വിദ്യാഭ്യാസം, വികസനം, കൃഷി, മധ്യസ്ഥത എന്നിവക്കായി വിവിധ സബ്‌ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെങ്കിലും ഇവയില്‍ വനിതകള്‍ക്കായി വെറെ സമിതികള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്‌.
മഹല്ല്‌ ഭാരവാഹികളായ സ്‌ത്രീകള്‍ക്ക്‌ അവരുടെ മഹല്ലിനെ കുറിച്ച്‌ സ്വപ്‌നങ്ങളും പ്രതീക്ഷകളും ഏറെയാണ്‌. ശാന്തപുരം മഹല്ലില്‍ എല്ലാവരും കുടിവെള്ളവും കേറിത്താമസിക്കാന്‍ വീടും ഉള്ളവരാണ്‌. പ്രാദേശിക ഭരണകൂടവുമായി കൈകോര്‍ത്ത്‌ കൊണ്ടാണ്‌ അവരുടെ പ്രവര്‍ത്തനം. അതിനാല്‍ ഭൗതിക തലത്തിലേക്കാള്‍ ഏറെ നന്നായി പണിയെടുക്കേണ്ടത ്‌ ബൗദ്ധികമായ ഉണര്‍വ്വിന്നാണെന്നവര്‍ മനസ്സിലാക്കുന്നു. കുടുംബമെന്ന പവിത്രമായ ബന്ധത്തിന്റെ തണലിലാണ്‌ മനുഷ്യജീവിതം. അതിലേക്കുള്ള വഴിയായ ദാമ്പത്യജീവിതം ഇസ്‌ലാമില്‍ അടിമ ഉടമ വ്യവസ്ഥിതിയുമല്ല. പക്ഷേ മതത്തെ അലങ്കാരമാക്കിയവരും മാമൂലുകളിലും മാറാലകളിലും തളച്ചിട്ടവരും കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്ന വിവാഹം, വിവാഹ മോചനം, ബഹുഭാര്യത്വം തുടങ്ങിയ പ്രശ്‌നങ്ങളെ കേവലമൊരു സ്‌ത്രീ പ്രശ്‌നമായി കാണുകയും ഇരകളും കെടുതികള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരുമായി സ്‌ത്രീകളെ മാറ്റുകയും ചെയ്‌തു. ഇവിടെ, മഹല്ലുകളില്‍ സ്‌ത്രീകള്‍ക്ക്‌ ചെയ്യാന്‍ ഏറെയാണ്‌. സമ്പത്തിന്റെ, സൗന്ദര്യമില്ലായ്‌മയുടെ പേരില്‍ മഹല്ലിലെ പെണ്ണിന്‌ കുടും ബ ജീവിതം ബാലികേറാ മലയായി മാറുന്നത്‌ ഒഴിവാക്കാനാണ്‌ ആദ്യശ്രമം. അതിന്‌ കുടുംബജീവിതത്തിലേക്ക്‌ പ്രവേശിക്കാനുദ്ദേശിക്കുന്നവര്‍ക്ക്‌ ആവശ്യമായ പണവും സ്വര്‍ണവും നല്‍കി അവരെ സഹായിക്കാനുള്ള ഒരു പദ്ധതി തുടങ്ങാന്‍ അവരുദ്ദേശിക്കുന്നു. വ്യത്യസ്‌ത ജീവിത സാഹചര്യങ്ങളില്‍ ജീവിച്ചവരുടെ കൂടിച്ചേരലാണ്‌ വിവാഹം. അതില്‍ കരുതലില്ലെങ്കില്‍ താളപ്പിഴ സംഭവിക്കാം. അത്‌ തടയാനായി പ്രീ മേരേജ്‌ കൗണ്‍സിലിംഗ്‌ സംവിധാനം ഏര്‍പ്പെടുത്താനും അതിരു കടന്ന സൗന്ദര്യ സങ്കല്‍പങ്ങള്‍ക്കും അതിനനസൃതമായ ജീവിത കാഴ്‌ചപ്പാടിനും ഹേതുവായ ടി.വി പോലെയുള്ള മാധ്യമങ്ങളുടെ സ്വാധീനം നിയന്ത്രിച്ച്‌ ഓരോ കുടുംബത്തെയും ധാര്‍മിക സംസ്‌കാരമുള്ളവരായി വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തര്‍ബിയത്ത്‌ ക്യാമ്പ്‌ തുടങ്ങാനും അവരാഗ്രഹിക്കുന്നു. മഹല്ലില്‍ വിവാഹ മോചനങ്ങള്‍ നന്നേ കുറഞ്ഞിട്ടുണ്ട്‌. അതുപേലെ ഉപാധികളോടെ മാത്രം അനുവദിച്ച ബഹുഭാര്യത്വത്തെ വികലമാക്കി പുരുഷകാമനകളെ പൂര്‍ത്തീകരിക്കാന്‍ മാത്രം ഉപയോഗപ്പെടുത്തുന്ന ബഹുഭാര്യത്വ സമ്പ്രദായത്തെ ശക്തമായി എതിര്‍ക്കുന്ന വനിതാ മഹല്ല്‌ പ്രവര്‍ത്തകര്‍ ജാഗ്രതാ സമിതികളായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നാണ്‌ മഹല്ല്‌ അംഗമായ ബഷീറക്ക്‌ പറയാനുള്ളത്‌. വിധവകള്‍ ഏറി വരികയാണ്‌. വിധവാ സംരക്ഷണത്തിനായ്‌ വിധവകളെ കല്ല്യാണം കഴിപ്പിപ്പിച്ചയക്കുന്നതിനുള്ള സംവിധാനത്തെയും അവര്‍ സ്വപ്‌നം കാണുന്നു. ഒരു പുരുഷന്റെ തണലില്‍ അവര്‍ക്കൊരു ജീവിതം നല്‍ക്കാന്‍ ഇതര മഹല്ലിലും പ്രദേശത്തുമൊക്കെ ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കാനാണ്‌ ഇവര്‍ ശ്രമിക്കുന്നത്‌. അനാഥ അഗതി സംരക്ഷണത്തിന്ന്‌ പ്രാധാന്യം നല്‍കുന്ന ഒരു പാക്കേജും ഇവര്‍ മുന്നോട്ട്‌ വെക്കുന്നു. മക്കളെ അവരുടെ ഉമ്മമാരില്‍ നിന്നും പറിച്ച്‌ മാറ്റാതെയു ള്ള സംവിധാനത്തി ന്‌ പ്രാമുഖ്യം നല്‍ കാനാണ്‌ ഉദ്ദേശിക്കുന്നത്‌. മഹല്ല്‌ നിവാസികളായ സ്‌ത്രീകളില്‍ നിന്നും സക്കാത്തിനത്തില്‍ സ്വര്‍ ണം ശേഖരിച്ച്‌ കൊ ണ്ട്‌ ഇത്തരം സംരംഭങ്ങള്‍ മുന്നോട്ട്‌ കൊ ണ്ടുപോകാമെന്ന്‌ ഇവര്‍ കണക്കുകൂട്ടുന്നത്‌. അതിന്‌ പാതി രാ പ്രസംഗങ്ങളൊ ന്നും ഇല്ലാതെ തന്നെ ദൈവിക ചിന്തയാല്‍ സംസ്‌കരിക്കപ്പെട്ട സ്‌ത്രീകള്‍ സ്വയം മുന്നോട്ട്‌ വരുമെന്നാണവരുടെ പ്രതീക്ഷ.
ഇന്നത്തെ ചുറ്റുപാടില്‍ സ്‌ത്രീ വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും പ്രാധാന്യം ഏറുകയാണ.്‌ അഭ്യസ്ഥ വിദ്യരും തൊഴിലന്വേഷകരുമായ സ്‌ത്രീകള്‍ക്ക്‌ പി.എസ്‌സി പോലുള്ള പരീക്ഷകള്‍ക്ക്‌ കരിയര്‍ ഗൈഡന്‍സ്‌ നല്‍കാനും വനിതാ മഹല്ല്‌ പ്രതിനിധികള്‍ക്ക്‌ ആഗ്രഹമുണ്ട്‌. വീട്ടിലിരുന്ന്‌കൊണ്ടു തന്നെ അഭ്യസ്‌ത വിദ്യരായവര്‍ക്ക്‌ വരുമാനമുണ്ടാക്കിക്കൊടുക്കാന്‍ ട്യൂഷന്‍ സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുക, മദ്രസകളില്‍ അധ്യാപികമാരായി പെണ്‍കുട്ടികളെ ഉപയോഗപ്പെടുത്തുക തുടങ്ങിയവയും രണ്ടു മണിക്കൂര്‍ പഠനം കഴിഞ്ഞാല്‍ അടച്ചിടുന്ന മദ്രസകള്‍ക്ക്‌ ജീവന്‍ വെപ്പിച്ച്‌ സാമൂഹ്യ പുനര്‍നിര്‍മിതിയില്‍ അതിനെയും പങ്കാളികളാക്കാന്‍ കഴിയുന്ന തരത്തില്‍ പെണ്‍കുട്ടികള്‍ക്ക്‌ തയ്യല്‍, കമ്പ്യൂട്ടര്‍, സ്വയം തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുക എന്നിവയും ഇവരുദ്ദേശിക്കുന്ന പദ്ധതികളാണ്‌. ഇതിനായി തര്‍ബിയ്യത്ത്‌, മാരേജ്‌ കൗണ്‍സിലിംഗ്‌, സ്വയംതൊഴില്‍, വിദ്യാഭ്യാസം, ജനവസേവനം എന്നീ വിവിധ കമ്മിറ്റികള്‍ തന്നെ സ്‌ത്രീകള്‍ക്ക്‌ വേണ്ടി ഉണ്ടാക്കിയിട്ടുണ്ട്‌. ഓരോ വീട്ടിലും കയറിച്ചെന്ന്‌ അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും കണ്ടറി ഞ്ഞ്‌ മഹല്ലിനുള്ളില്‍ വെച്ച്‌ തന്നെ പരിഹാരം കാണാന്‍ കഴിയുമെന്ന ശുഭാപ്‌തി വിശ്വാസമാണ്‌ ഇവരുടെ മുതല്‍ക്കൂട്ട്‌.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top