ഭര്‍ത്താവ് എന്ന ഭാരവാഹിത്വം

ടി.മുഹമ്മദ് വേളം No image

വിവാഹജീവിതത്തിന്റെ ആദ്യ നാളുകളില്‍ കടുത്ത മാനസിക സമ്മര്‍ദത്തിന് അടിപ്പെട്ട എന്റെ ഒരു സുഹൃത്ത് അവന്റെ ഗുരുവായ എം.എന്‍ വിജയന്‍ മാഷെ കാണാന്‍ പോയി. കണ്ടപ്പോള്‍ തന്നെ വിജയന്‍ മാഷ് അവനോട് ചോദിച്ചു: 'വലിയ ഭാരമുണ്ട് അല്ലെ. അതങ്ങനെയാണ്. ലോകത്ത് ഏത് പദവിക്കും ഒരു ഉപപദവിയുണ്ടാവും. പ്രസിഡന്റിന് വൈസ് പ്രസിഡന്‍് ഉണ്ടാവും. സെക്രട്ടറിക്ക് ജോയിന്റ് സെക്രട്ടറി. ഈ പദവിക്ക് ഒരു ഉപപദവിയുണ്ടാകില്ല. എല്ലാ ഭാരവും നമ്മള്‍തന്നെ ഒറ്റക്ക് ഏറ്റെടുത്ത് നടത്തണം. മറ്റു പദവികള്‍ വേണ്ടെങ്കില്‍ രാജി വെക്കാം. ഇത് രാജിവെക്കാനും എളുപ്പമല്ല. അതുകൊണ്ട് വളരെ ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം.'

വിവാഹം ആണിനും പെണ്ണിനും പരസ്പരം ശാന്തിയും സമാശ്വാസവുമാണ്. ചില വിവാഹങ്ങള്‍ ചിലപ്പോള്‍ രണ്ടുപേര്‍ക്കും അങ്ങനെ ആവാതിരിക്കാറുണ്ട്. ചില വിവാഹങ്ങള്‍ പുരുഷന് വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടാവാന്‍ കാരണമായേക്കും. ചിലത് സ്ത്രീകള്‍ക്കും. വിവാഹജീവിതത്തില്‍ പ്രത്യേകമായി അതിന്റെ തുടക്കത്തില്‍ പുരുഷന്മാര്‍ അകപ്പെടുന്ന ചില പ്രതിസന്ധികളെ വിശകലനം ചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്. പുരുഷന് വിവാഹം മാനസിക സമ്മര്‍ദങ്ങള്‍ ഏല്‍പിക്കുമ്പോള്‍ അതിന് കാരണം ഭാര്യയാണെന്നാണ് അവനും അവന്റെ ചുറ്റുമുളളവരും കരുതുക. യഥാര്‍ഥത്തില്‍ ഒരു നവവരന്‍ വിവാഹജീവിതത്തിന്റെ ആദ്യനാളുകളില്‍ മാനസിക സംഘര്‍ഷത്തിലകപ്പെടുന്നതിന്റെ ഏക കാരണം ഭാര്യയോ അവളുടെ സമീപന പ്രശ്‌നങ്ങളോ തന്നെ ആയിരിക്കണമെന്നില്ല. ഓരോരുത്തരുടെയും സൗഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ ഉത്തരവാദികള്‍ അവരവര്‍ തന്നെയാണ് എന്ന ഉത്തരവാദിത്തബോധമാണ് ഇക്കാര്യത്തില്‍ ആദ്യമുണ്ടാകേണ്ടത്. ഖലീഫ ഹാറൂണ്‍ റഷീദ് ഒരിക്കല്‍ ബഹുലുല്‍ എന്ന ജ്ഞാനിയായ വിദൂഷകനെ വഴിയരികില്‍ കണ്ടു. അദ്ദേഹം ബഹുലുലിനോട് ചോദിച്ചു: 'പ്രിയപ്പെട്ട ബഹുലുല്‍, താങ്കള്‍ എവിടെ നിന്നാണ് നിരാശനായി വരുന്നത്.' ബഹുലുല്‍ പറഞ്ഞു: 'നരകത്തില്‍ നിന്ന്.' ഖലീഫ ചോദിച്ചു: 'അവിടെ താങ്കള്‍ എന്തു ചെയ്യുകയായിരുന്നു?' ബഹുലുല്‍ പറഞ്ഞു: 'എനിക്ക് കുറച്ച് തീ ആവശ്യമായി വന്നു. നരകത്തില്‍ പോയി ചോദിക്കാമെന്ന് വിചാരിച്ചു. അവിടെ അത് സമൃദ്ധമായി ഉണ്ടാകുമല്ലോ.' പ്രതീക്ഷക്ക് വിപരീതമായി നരകത്തിന്റെ കാവര്‍ക്കാരന്‍ പറഞ്ഞു: 'ഇവിടെ തീയില്ല.' അപ്പോള്‍ ഞാന്‍ ചോദിച്ചു: 'ഇവിടെയും തീയില്ലെങ്കില്‍ മറ്റെവിടെയാ തീ ലഭിക്കുക?' ഖലീഫ ചിരിയോടെ ചോദിച്ചു: 'കാവല്‍ക്കാരന്‍ എന്താ കാരണം പറഞ്ഞത്?' അയാളൊരു സത്യം പറഞ്ഞു. 'ശരിക്കും പറഞ്ഞാല്‍ ഇവിടെ സ്ഥിരമായ തീയില്ല. ഇവിടെ വരുന്നവരാണ് തീ കൊണ്ടുവരുന്നത്.' ഇഹത്തിലും പരത്തിലും നമ്മുടെ സൗഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നാം തെന്ന നിര്‍മിക്കുന്നതാണ് എന്ന തിരിച്ചറിവാണ് നമുക്ക് ആദ്യമുണ്ടാകേണ്ടത്. ഇസ്‌ലാമിക കാഴ്ചപ്പാട് അനുസരിച്ച് കുടുംബജീവിതത്തിലെ നേതൃപരമായ ഉത്തരവാദിത്തം പുരുഷനാണ്. ഈ നേതൃപരമായ ഉത്തരവാദിത്തം ഏറ്റെടുത്ത് കാര്യങ്ങളെ നിയന്ത്രണത്തില്‍ കൊണ്ടുവരികയാണ് പുരുഷന്‍ ചെയ്യേണ്ടത്. പ്രതിസന്ധികളില്‍ മാറത്തടിച്ച് കരയുന്നതോ മറ്റുളളവരെ പഴി ചാരുന്നതോ നേതൃഗുണത്തിന് ചേര്‍ന്നതല്ല. സ്ത്രീക്കില്ലാത്ത ചില പ്രതിസന്ധികള്‍ ദാമ്പത്യജീവിതത്തില്‍, പ്രത്യേകിച്ച് അതിന്റെ തുടക്കത്തില്‍ പുരുഷനുണ്ടായേക്കും. സ്വഛമായൊഴുകുന്ന നവദാമ്പത്യങ്ങളെയല്ല, അല്‍പം കലുഷിതമായ ചില ദാമ്പത്യങ്ങളെയാണ് നമ്മളിവിടെ വിശകലനത്തിന് വിധേയമാക്കുന്നത്. കൂട്ടുകുടുംബജീവിതം സംഘര്‍ഷ കലുഷിതമാകുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് പുരുഷനാണ്. നവവധുവും വരന്റെ വീട്ടുകാരും തമ്മിലാണ് സംഘര്‍ഷമെങ്കില്‍ പുരുഷന്‍ ശരിക്കും നടുക്കടലില്‍ പെട്ടുപോകും. അവന് അക്കരെയും ഇക്കരെയും കരയുണ്ടാവില്ല. അല്ലെങ്കില്‍ അവന്‍ ഒരു കരയില്‍ നില്‍ക്കാന്‍ നിര്‍ബന്ധിതനാവും. ഇതില്‍ രണ്ടു കരയിലും പെട്ടുപോവാതിരിക്കുക എന്നതാണ് പുരുഷന്റെ മുമ്പിലുള്ള നേതൃപരമായ വെല്ലുവിളി. ഇത്തരം കൂട്ടുകുടുംബ സംഘര്‍ഷങ്ങളില്‍ ഭാര്യക്കും തന്റെ വീട്ടുകാര്‍ക്കുമില്ലാത്ത ചില സൂക്ഷ്മ പ്രതിസന്ധികള്‍ ഭര്‍ത്താവിനുണ്ട്. അത് വൈകാരിക പ്രതിസന്ധിയാണ്. ഭാര്യയും ഭര്‍ത്താവിന്റെ വീട്ടുകാരും തമ്മില്‍ സ്‌നേഹത്തിലാണെങ്കില്‍ ഒരു കുഴപ്പവുമില്ല. എല്ലാം സ്‌നേഹത്തിന്റെ താളത്തില്‍ ഒഴുകിക്കൊണ്ടിരിക്കും. ഭര്‍ത്താവും ആ ഒഴുക്കില്‍ ഒരുമിച്ച് മുന്നോട്ടുപോയാല്‍ മതിയാവും. ഈ ഒഴുക്കില്‍ കാലുഷ്യങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പുരുഷന്‍ പ്രതിസന്ധികളിലേക്ക് എടുത്തെറിയപ്പെടും. അഥവാ അവന്റെ നേതൃപരമായ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും. സുഗമവും സുഖകരവുമായ ജീവിതത്തിന് സ്വഛമായി ഒഴുകുന്ന പുഴ എന്ന ഉപമ ഈ കുറിപ്പില്‍ തൊട്ടുമുകളില്‍ ഉപയോഗിച്ചിരുന്നു. സ്വഛമായ ഒഴുക്ക് എന്നത് നാം പുറമെ കാണുന്ന കാഴ്ചയാണ്. ഏത് ഒഴുക്കും തടസ്സങ്ങളെ തട്ടിമാറ്റിയും വകഞ്ഞുമാറ്റിയുമാണ് ഒഴുക്കായിത്തീരുന്നത്. ഒഴുകുന്ന പുഴയുടെ ആത്മഗതം ഇതാണ്. അത് തടസ്സങ്ങളോട് പറയുന്നത് ഇങ്ങനെയാണ്: 'നീ എന്നെ തടഞ്ഞാല്‍ ഞാന്‍ തട്ടിമാറ്റും. തട്ടിമാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ നിന്റെ മുകളിലൂടെ ഒഴുകി എന്റെ പ്രയാണം തുടരും. അതിലും പരാജയപ്പെട്ടാല്‍ അല്ലെങ്കില്‍ അതിനും സാധ്യതകള്‍ ഇല്ലെങ്കില്‍ നിന്നെ ഒഴിവാക്കി നിന്റെ വശങ്ങളിലൂടെ ഞാന്‍ ഒഴുകി മുന്നോട്ട് പോകും.' ഈയൊരു നൈപുണി മനുഷ്യജീവിതത്തിനും ബാധകമാണ്. പുറമെ സ്വഛമായി കാണപ്പെടുന്ന ഏത് പ്രവാഹത്തിനടിയിലും ചെറുതോ വലുതോ ആയ മാനേജ്‌മെന്റ് സ്‌കില്ലുകള്‍ ഉണ്ട്.

ദാമ്പത്യത്തില്‍ ചിലര്‍ തുടക്കത്തില്‍ തന്നെ പരാജയപ്പെട്ടുപോകാന്‍ കാരണം ദാമ്പത്യത്തെക്കുറിച്ച കേവല കാല്‍പനികതകളുമായി വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നതാണ്. ജീവിതത്തെ കാല്‍പനികമായി കാണുന്നതോടൊപ്പം അതിനെ ഒരു മാനേജ്‌മെന്റായി കാണുമ്പോള്‍ മാത്രമെ നമുക്കതില്‍ വിജയിക്കാന്‍ കഴിയുകയുളളൂ. ഭര്‍ത്താവിനെ സംബന്ധിച്ചിടത്തോളം ഇത് കൂടുതല്‍ പ്രധാനമാണ്. ഭര്‍ത്താവിനെ സംബന്ധിച്ചിടത്തോളം ജീവിതം ഒരു ഭരണ നിര്‍വഹണ കലയാണ്. സ്ത്രീക്ക് ഇത് ബാധകമല്ല എന്നല്ല. പുരുഷന് അത് കൂടുതല്‍ ബാധകമാണ് എന്നുമാത്രം. യഥാര്‍ഥത്തില്‍ ഇത് സ്ത്രീക്കും പുരുഷനും ബാധകമായ ജീവിതത്തെക്കുറിച്ച ഒരു പൊതു തത്വമാണ്. കുടുംബം ഒരു സ്ഥാപനമാണ്. ഭര്‍ത്താക്കന്മാര്‍ ആ സ്ഥാപനത്തിന്റെ മാനേജര്‍മാര്‍ ആണ്. ഈ ഉറച്ച ബോധ്യത്തോടെ വേണം അവര്‍ ദാമ്പത്യത്തിലേക്ക് പ്രവേശിക്കാന്‍. 

ഭാര്യക്കും തന്റെ വീട്ടുകാര്‍ക്കുമിടയില്‍ സംഘര്‍ഷമുണ്ടായാല്‍ അവര്‍ക്ക് രണ്ടു പക്ഷത്തിനുമില്ലാത്ത ഒരു പ്രതിസന്ധി ഭര്‍ത്താവിനുണ്ട്. ഭാര്യയെ സംബന്ധിച്ചിടത്തോളം ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, സഹോദരി സഹോദരന്മാര്‍ എന്നതു മാത്രമാണ് അവരുമായുളള ചാര്‍ച്ച. ഭര്‍തൃവീട്ടുകാരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ മകന്റെ/ സഹോദരന്റെ ഭാര്യ എന്നതു മാത്രമാണ് ഈ പെണ്‍കുട്ടിയുമായുള്ള അവരുടെ ബന്ധം. ഈ ബന്ധം ചെറുതാണ് എന്നല്ല, ഈ ബന്ധം തന്നെയാണ് ആ ബന്ധത്തിന്റെ വലിപ്പം. പക്ഷെ, ബന്ധം പ്രശ്‌നങ്ങളിലേക്ക് വഴുക്കിവീണാല്‍ ഈ വലിപ്പം ചിലപ്പോഴെങ്കിലും അപ്രസക്തമാകും. പക്ഷെ, അപ്പോഴും ഭര്‍ത്താവിനെ സംബന്ധിച്ചിടത്തോളം രണ്ടു പക്ഷത്തെയും കൈവിടാന്‍ കഴിയാത്ത അവസ്ഥയായിരിക്കും. അവന് രണ്ട് പക്ഷത്തോടുമുളളത് വൈകാരികമായ ബന്ധമാണ്. ഭാര്യയെ സംബന്ധിച്ചിടത്തോളം ഭര്‍തൃവീട്ടുകാരെ ശത്രുവായി മനസ്സിലാക്കി കരുനീക്കാനും പട നയിക്കാനും എളുപ്പമാണ്. ഭര്‍തൃവീട്ടുകാര്‍ക്ക് തിരിച്ചും.

കേവല വൈകാരികന്മാര്‍, അല്ലെങ്കില്‍ വൈകാരികത കൂടുതലുളളവര്‍ ഈ പ്രതിസന്ധിയില്‍ പെട്ട് ആടിയുലഞ്ഞുപോകും. ഇവിടെ നേതൃപരമായ ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നതാണ് പുരുഷന്‍ ചെയ്യേണ്ടത്. ഇന്നലെ വരെ പിതാവ് നേതൃത്വം നല്‍കിയ ഒരു കുടുംബത്തിന്റെ ഭാഗം മാത്രമായിരുന്നു അവന്‍. അതേ മനോഭാവത്തോടെ ഈ പുതിയ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ കഴിയില്ല. ഇന്നലെവരെ തനിക്കുവേണ്ടി പിതാവ് തീരുമാനമെടുത്തിരുന്നു. ഈ പ്രശ്‌നത്തിന് അത് പരിഹാരമല്ല. മാതാവിനെ ഇത്രയും കാലം ജീവിതത്തിന്റെ മുഖ്യ അവലംബമായിക്കണ്ടിരുന്നു. ഈ സദ്‌വിചാരവും ഇവിടെ തുണയാവില്ല. സഹോദരിമാരെ തന്റെ തന്നെ ഭാഗമായി മനസ്സിലാക്കിയിരുന്നു. ആ വികാരംകൊണ്ടു മാത്രവും ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. ഒരു പ്രശ്‌നസന്ദര്‍ഭത്തില്‍ ഇവര്‍ക്കൊന്നും സമ്പൂര്‍ണമായി കീഴടങ്ങാതെ ഭാര്യയെയും ഒപ്പം നിര്‍ത്തി നടത്തുന്ന ഒരു ക്രൈസിസ് മാനേജ്‌മെന്റിനു മാത്രമെ പുരുഷനെയും കുടുംബത്തെയും രക്ഷിക്കാന്‍ കഴിയുകയുളളൂ. മാതാപിതാക്കളോടുള്ള ബാധ്യതകളെക്കുറിച്ച ഇസ്‌ലാമിക പാഠങ്ങള്‍ പോലും ഏകപക്ഷീയമായി അവലംബിച്ചാല്‍ പ്രശ്‌നം കൂടുതല്‍ കലുഷിതമാകാനെ അതുപകരിക്കൂ. ഇസ്‌ലാം മകന് മാതാപിതാക്കളോടുളള ബാധ്യതകളെക്കുറിച്ചുമാത്രമല്ല സംസാരിക്കുന്നത്. ഭര്‍ത്താവിന് ഭാര്യയോടുള്ള ബാധ്യതകളെ കുറിച്ചു കൂടിയാണ്. കേവലവൈകാരികതയേക്കാള്‍ മറ്റേതൊരു ഭരണനിര്‍വഹണവും പോലെ നീതി എന്നതാണ് ഇവിടെയും പ്രധാനമായ കാര്യം. കുടുംബഭരണത്തിന്റെ മാനേജ്‌മെന്റ് എന്നത് വൈകാരികതയുടെ മാനേജ്‌മെന്റ് കൂടിയാണ്. പക്ഷെ, ഇത് പുരുഷന്റെ ഉത്തരവാദിത്തമാണെന്ന ബോധമാണ് ഭര്‍ത്താക്കന്മാര്‍ക്ക് ഒന്നാമതായി ഉണ്ടാകേണ്ടത്.

തന്റെ മാതാപിതാക്കളോടും സഹോദരിസഹോദരന്മാരോടും ബന്ധുക്കളോടും മാന്യമായി പെരുമാറാന്‍ ഭാര്യയെ പ്രേരിപ്പിക്കുന്നതോടൊപ്പം അത് കൂടുതല്‍ ഫലവത്താകാനുളള വഴി പുരുഷന്‍ ഭാര്യയുടെ മാതാപിതാക്കളോടും ബന്ധുക്കളോടും ഊഷ്മളമായ ബന്ധം സ്ഥാപിക്കുക എന്നതാണ്. വാചികമായ പ്രേരണയേക്കാളും കല്‍പ്പനയേക്കാളും ഫലപ്രദമായ പ്രേരണയാണത്. നവവരന്മാരിലടക്കം പുരുഷാധിപത്യപരമായ മൂല്യബോധം നിലനില്‍ക്കുന്നതുകൊണ്ട് ഇതിന് പലപ്പോഴും പലരും സന്നദ്ധരാകില്ല. എനിക്ക് നിന്റെ കുടുംബത്തോട് അങ്ങനെ പെരുമാറാനൊന്നുമാകില്ല, അതിന്റെ ആവശ്യവുമില്ല. നീ എന്റെ കുടുംബത്തോട് മാന്യമായി പെരുമാറിക്കൊള്ളണമെന്നതായിരിക്കും പലപ്പോഴുമുളള പുരുഷ മനസ്സ്.

ഒറ്റനോട്ടത്തില്‍ വൈരുദ്ധ്യമെന്നനുഭവപ്പെടാവുന്ന വൈവിധ്യങ്ങളെ സമന്വയിപ്പിച്ച് മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ജീവിതകലയുടെ ആകെ സാരം. ഒരു ഗുരു തന്റെ ശിഷ്യനെ ജീവിതം എന്താണ് എന്നു പഠിപ്പിച്ച കഥയുണ്ട്. കൈയില്‍ ഒരു മെഴുകുതിരി കത്തിച്ചുകൊടുത്തുകൊണ്ട് ഗുരു പറഞ്ഞു: 'അടുത്ത് വലിയ ഒരു തോട്ടമുണ്ട്. അവിടെ ധാരാളം പൂക്കളും പഴങ്ങളും കായ്കനികളും മറ്റു കാഴ്ചകളുമുണ്ട്. അതെല്ലാം കണ്ടിട്ട് എന്താണ് കണ്ടത് എന്ന് എന്നോട് വന്ന് പറയുക. മെഴുകുതിരി കെട്ടുപോകാതെ സൂക്ഷിക്കണം.' കുറെ നേരത്തിന് ശേഷം ശിഷ്യന്‍ മടങ്ങിവന്നു. ഗുരു ചോദിച്ചു: 'എന്തൊക്കെ കാഴ്ചകള്‍ കണ്ടു.' ശിഷ്യന്‍ പറഞ്ഞു: 'ഞാനൊന്നും കണ്ടില്ല.' ഗുരു: ' എന്തുപറ്റി'. ശിഷ്യന്‍ പറഞ്ഞു: 'നിങ്ങള്‍ മെഴുകുതിരി കെട്ടുപോകരുത് എന്നു പറഞ്ഞതുകൊണ്ട് അത് കെട്ടുപോകാതിരിക്കാനുളള ശ്രദ്ധക്കിടയില്‍ എനിക്ക് കാഴ്ചകളൊന്നും കാണാന്‍ സാധിച്ചില്ല.' കാഴ്ചകള്‍ കാണണം. കണ്ട കാഴ്ചകള്‍ എന്റെയടുത്ത് വന്ന് വിവരിക്കണം എന്ന ഉപദേശവുമായി ഗുരു പിറ്റേന്നും ശിഷ്യനെ പറഞ്ഞയച്ചു. കത്തിച്ച മെഴുകുതിരിയുമായി അന്ന് അവന്‍ തിരിച്ചുവന്നപ്പോള്‍ ഗുരു ചോദിച്ചു: 'എന്തു കണ്ടു?' കണ്ട കാര്യങ്ങളെല്ലാം അവന്‍ വിവരിച്ചു. മെഴുകുതിരിയെക്കുറിച്ചു ചോദിച്ചപ്പോള്‍ കാഴ്ചകള്‍ കാണുന്ന ആവേശത്തിനിടയില്‍ അത് കെട്ടുപോയി എന്ന് പറഞ്ഞു. മൂന്നാം ദിവസവും ഗുരു ശിഷ്യനെ നേരത്തെ കാണാത്ത കാഴ്ചകള്‍ കാണാനായി കത്തിച്ചുനല്‍കിയ മെഴുകുതിരിയുമായി പറഞ്ഞയച്ചു. അവന്‍ കാഴ്ചകള്‍ കണ്ട് അണയാത്ത മെഴുകുതിരിയുമായി തിരിച്ചുവന്നു. ഗുരു പറഞ്ഞു: ' ഇതാണ് ജീവിതത്തിന്റെ ആകെ സാരം.'

ഒന്ന് അണഞ്ഞുപോവാതെ തന്നെ മറ്റൊന്നിനെ ആസ്വദിക്കാനാവുക എന്നതാണ് ജീവിതകലയുടെ അന്തസ്സത്ത. കുടുംബത്തില്‍ ഭര്‍ത്താവിന്റെ ഈ നേതൃപരമായ ചുമതലയില്‍ സഹായിക്കേണ്ടവളാണ് ഭാര്യ. അപ്പോള്‍ എം.എന്‍ വിജയന്‍മാഷ് ഭര്‍തൃചുമതലയെക്കുറിച്ച് പറഞ്ഞ അസിസ്റ്റന്റില്ലാത്ത പദവി എന്ന പ്രശ്‌നം പരിഹരിക്കപ്പെടും.

 

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top