പരസ്പര വിശ്വാസം

ശൈഖ് മുഹമ്മദ് കാരകുന്ന് No image

ഞാന്‍ ആര്‍ക്കെങ്കിലും ഫോണ്‍ ചെയ്താല്‍ ഉടനെ വന്ന് ചോദിക്കും. നീ ആരെയാണ് വിളിച്ചത്. എന്നെ ആരെങ്കിലും ഫോണ്‍ ചെയ്താലും ഉടനെ ആരാണ് വിളിച്ചതെന്നറിയണം. പലപ്പോഴും പറഞ്ഞാല്‍ വിശ്വസിക്കില്ല. ഫോണ്‍ എടുത്ത് നമ്പര്‍ നോക്കും. ആരോടെങ്കിലും സംസാരിക്കുകയാണെങ്കില്‍ അടുത്തുവന്ന് എന്താണ് പറയുന്നതെന്ന് കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ച് നില്‍ക്കും. പുറത്ത് പോയിതിരിച്ചു വന്നാല്‍ ആരൊക്കെ വീട്ടില്‍ വന്നിരുന്നു; ആരെയൊക്കെ ഫോണില്‍ വിളിച്ചിരുന്നു; ആരെങ്കിലും ഇങ്ങോട്ടു വിളിച്ചിരുന്നോ തുടങ്ങിയ ചോദ്യങ്ങളുന്നയിച്ച് ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. എന്നെ ഇത്രയും വിശ്വാസമില്ലാത്ത ഒരാളുടെ കൂടെ ജീവിക്കാന്‍ എനിക്ക് സാധ്യമല്ല. ഭര്‍ത്താവുമായി അകന്ന് സ്വന്തം വീട്ടില്‍ കഴിയുന്ന സ്ത്രീ പറഞ്ഞ കാരണങ്ങളില്‍ പ്രധാനമിതായിരുന്നു. ഇതാണെങ്കില്‍ ഒറ്റപ്പെട്ട സംഭവമല്ല.

ഇത്തരം പരാതികള്‍ പുരുഷന്മാരുടെ ഭാഗത്തുനിന്നും പതിവായി ഉണ്ടാവാറുണ്ട്. ഓഫീസിലോ സ്‌കൂളിലോ കൂടെ ജോലി ചെയ്യുന്ന സ്ത്രീയുമായി സംസാരിച്ചിരുന്നോ; ഫോണ്‍ ചെയ്തത് ആണോ പെണ്ണോ? പെണ്ണാണെങ്കില്‍ പറഞ്ഞതെന്താണ്? വീട്ടിലെത്താന്‍ വൈകിയത് മറ്റേതെങ്കിലും വീട്ടില്‍ പോയതുകൊണ്ടാണോ; കൂടെ ജോലി ചെയ്യുന്നവരോട് സംസാരിച്ചിരുന്നതു കൊണ്ടാണോ; ഇങ്ങനെ ജീവിതപങ്കാളിയെക്കുറിച്ച് സംശയിച്ചുന്നയിക്കുന്ന നൂറുകൂട്ടം ചോദ്യങ്ങളും അന്വേഷണങ്ങളും.

മറ്റു ചിലര്‍ സംശയിക്കാറുള്ളത് ജീവിതപങ്കാളിക്ക് തന്നോട് സ്‌നേഹമില്ലേ എന്നാണ്. എല്ലാറ്റിനെയും ആ മാനസികാവസ്ഥയിലാണ് നോക്കികാണുക. അതോടെ എല്ലാറ്റിനെയും നിഷേധാത്മകമായി നിരീക്ഷിക്കുന്നു. ഇത് സ്‌നേഹമില്ലെന്ന സംശയത്തെ ബലപ്പെടുത്തുന്നു. ഒന്നിനെത്തന്നെ നിനച്ചിരുന്നാല്‍ കാണുന്നതെല്ലാമതെന്നു തോന്നുമെന്നത് പിഴവില്ലാത്ത പഴമൊഴിയത്രെ.

പരസ്പര വിശ്വാസമില്ലാതെ ആര്‍ക്കുമിവിടെ സമാധാനത്തോടെ ജീവിക്കാനാവില്ല. നമ്മുടെ പിതാവ് ആരാണെന്ന് തീരുമാനിക്കുന്നത് രക്ത പരിശോധനയിലൂടെയോ ഡി.എന്‍.എ ടെസ്റ്റിലൂടെയോ അല്ലല്ലോ. മാതാവിനെ വിശ്വസിച്ചാണ്. ഇക്കാര്യത്തില്‍ ആരെങ്കിലും നേരിയ സംശയം പ്രകടിപ്പിക്കുന്നത് മാതാവിനും പിതാവിനും മക്കള്‍ക്കും ഒട്ടും സഹിക്കാനാവില്ല. ദമ്പതികള്‍ക്കിടയിലെ പരസ്പര സംശയത്തിന്റെ സ്ഥിതിയും ഇവ്വിധം അസഹ്യം തന്നെ.

ജീവിതപങ്കാളി തന്നെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നുവെന്ന് വിശ്വസിക്കുമ്പോള്‍ അവരില്‍ നിന്നുണ്ടാകുന്ന ഏതനുഭവത്തെയും തുറന്ന ഹൃദയത്തോടെയും കലവറയില്ലാത്ത സന്തോഷത്തോടെയും ഏറ്റുവാങ്ങാന്‍ സാധിക്കുന്നു. സല്‍പ്രവര്‍ത്തികള്‍ അതിരറ്റ ആഹ്ലാദമുണ്ടാക്കുന്നു. പ്രയാസകരമായ കാര്യങ്ങള്‍ പോലും സാരമാക്കാതെ ക്ഷമിക്കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുന്നു. തനിക്കു ദോഷം വരുത്തുന്ന ഒന്നും തന്റെ ഇണയില്‍ നിന്ന് ബോധപൂര്‍വം ഉണ്ടാവുകയില്ലെന്ന ഉറച്ച വിശ്വാസം ദമ്പതികള്‍ക്കിടയില്‍ നിലനില്‍ക്കുന്നിടത്തോളം അവര്‍ക്കിടയില്‍ ഒരു വിധ അസ്വാരസ്യമോ അകല്‍ച്ചയോ ഉണ്ടാവുകയില്ല. അതിനാല്‍ പരസ്പര സ്‌നേഹവും സഹകരണവും സേവനവും പോലെത്തന്നെ പ്രധാനമാണ് പരസ്പര വിശ്വാസവും.

സംശയമാണ് പരസ്പര വിശ്വാസം നഷ്ടപ്പെടുത്തുക. ദാമ്പത്യത്തെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതും ഇതുതന്നെ. നിരപരാധിയായ സീത കൊല്ലങ്ങളോളം കാട്ടില്‍ കഴിയേണ്ടി വന്നത് രാമനില്‍ വളര്‍ത്തപ്പെട്ട സംശയമാണല്ലോ. ഊഹമാണ് സംശയങ്ങള്‍ക്ക് കാരണം. ആരെ സംബന്ധിച്ചും അപഥധാരണകളും തെറ്റായ സംശയങ്ങളും വെച്ചുപുലര്‍ത്തുന്നത് കൊടിയ കുറ്റമാണ്. ജീവിതപങ്കാളിയെ സംബന്ധിച്ചാകുമ്പോള്‍ കുറ്റത്തിന്റെ കാഠിന്യം അനേകമടങ്ങ് വര്‍ദ്ധിക്കുന്നു.

ഊഹം തെറ്റിദ്ധാരണകള്‍ക്കും സംശയങ്ങള്‍ക്കും കാരണമാകുമെന്നതിനാലാണ് ഇസ്‌ലാം അതിനെ ശക്തമായി വിലക്കിയത്. അല്ലാഹു കല്‍പ്പിക്കുന്നു: 'വിശ്വസിച്ചവരെ ഊഹങ്ങളൊക്കെയും വര്‍ജ്ജിക്കുക. ഉറപ്പായും ഊഹങ്ങളില്‍ ചിലത് കുറ്റമാണ്.' (49:12)

ഊഹം വിപത്തുകള്‍ക്ക് കാരണമായിത്തീരുന്നു. അത് അടുത്തവരെ അകറ്റുന്നു. ആത്മമിത്രങ്ങളെ ബദ്ധവൈരികളാക്കുന്നു. സഹോദരങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നു. കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്നു. എന്നാല്‍, അതുണ്ടാക്കുന്ന ഏറ്റം ഗുരുതരമായ വിപത്ത് ദമ്പതികള്‍ക്കിടയില്‍ സംശയം വളര്‍ത്തുന്നുവെന്നതാണ്. അതിലൂടെ ഇണകളെ പിണക്കുകയും വേര്‍പിരിക്കുകയും ചെയ്യുന്നു.

അതിനാല്‍ പ്രവാചകന്‍ (സ)പറയുന്നു: 'നിങ്ങള്‍ ഊഹത്തെ സൂക്ഷിക്കുക. ഊഹം ഏറ്റം കള്ളമായ ഭാഷണമാണ്.'

ദമ്പതികള്‍ക്കിടയില്‍ പരസ്പര വിശ്വാസം വളര്‍ത്തുകയും അതിന് പോറലേല്‍ക്കാതിരിക്കാന്‍ തികഞ്ഞ് ജാഗ്രത പുലര്‍ത്തുകയും വേണം. സംശയരോഗം ഇല്ലാതാക്കാനും ഊഹം വര്‍ജിക്കാനുമുള്ള യഥാര്‍ഥ മാര്‍ഗം ഇതത്രെ.

സ്ത്രീപുരുഷന്മാര്‍ തൊഴില്‍പരമായും മറ്റും ധാരാളമായി അടുത്തിടപഴകേണ്ടി വരുന്നതിനാല്‍ സംശയം വളരാനും പരസ്പര വിശ്വാസം നഷ്ടപ്പെടാനും വളരെയേറെ സാധ്യതകളുണ്ട്. സ്വന്തം ജീവിത വിശുദ്ധിയെയും സദാചാര നിഷ്ഠയെയും സംബന്ധിച്ച് ജീവിതപങ്കാളിക്ക് സംശയം തോന്നാതിരിക്കാനാവശ്യമായ മുന്‍കരുതലും സൂക്ഷ്മതയും പുലര്‍ത്താന്‍ ദമ്പതികള്‍ ബാധ്യസ്ഥരാണ്. തെറ്റിദ്ധാരണകള്‍ക്ക് അവസരമുണ്ടാകാതിരിക്കാന്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. തന്റെ ഇണക്ക് തന്നെ അവിശ്വസിക്കാന്‍ കഴിയാതിരിക്കുമാറ് ജീവിതവിശുദ്ധിയും സദാചാരമേന്മയും ധര്‍മനിഷ്ഠയും പുലര്‍ത്തണം. അതോടൊപ്പം ജീവിതപങ്കാളിയെ സംശയദൃഷ്ടിയോടെ നോക്കുകയില്ലെന്ന് ഇരുവരും തീരുമാനിച്ചുറക്കുകയും വേണം. പരസ്പരവിശ്വാസത്തിന് കോട്ടം തട്ടാതിരിക്കാന്‍ ഇരുഭാഗത്തിനും ശ്രദ്ധവേണമെന്നര്‍ഥം.

അവസാന വിശകലനത്തില്‍ ഈ ലോകത്ത് മനുഷ്യന് നേടാവുന്നത് ഒരൊറ്റ കാര്യമാണ് ഏവരും അധ്വാനിക്കുന്നത് അതിനുവേണ്ടിയാണ്. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും വിശ്വാസിയും അവിശ്വാസിയും ഇതില്‍ സമമാണ്. മനസ്സിന്റെ സമാധാനവും സ്വസ്ഥതയും സംതൃപ്തിയുമാണത്.

ഇവിടെ എല്ലാവരും പണിയെടുക്കുന്നത് പണമുണ്ടാക്കാനാണ്. തനിക്കും തന്റെ കുടുംബത്തിനും വേണ്ടി സമ്പാദിക്കാനാണ്. അങ്ങനെ അധ്വാനിച്ച് തനിക്കും കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും അവരുടെ മക്കള്‍ക്കും വേണ്ടി കോടികള്‍ സമ്പാദിച്ചാല്‍ അത് ചെയ്യുന്ന ആള്‍ക്ക് എന്താണ് കിട്ടുക? ബാങ്കില്‍ തനിക്ക് കോടികളുടെ സ്വത്തുണ്ടെന്നും പ്രതിമാസം ലക്ഷങ്ങള്‍ വാടക കിട്ടുന്ന കെട്ടിടങ്ങളുണ്ടെന്നും വലിയ തോട്ടങ്ങളും കൃഷിയിടങ്ങളുമൊക്കെയുണ്ടെന്നും സമാധാനിക്കാം. അതിലാശ്വാസം കണ്ടെത്തുകയും സമാധാനിക്കുകയും സംതൃപ്തിയടയുകയും ചെയ്യാം. അപ്പോള്‍ ഏതൊരാള്‍ക്കും പരമാവധി നേടാനാവുക മനശ്ശാന്തിയാണ്; ആത്മനിര്‍വൃതിയും.

എന്നാല്‍, ഇതിന് ഏറ്റം പറ്റിയ പണി പണമുണ്ടാക്കലാണെന്ന് അല്‍പം ആലോചിക്കുന്ന ആരും അവകാശപ്പെടുകയില്ല. പണമുണ്ടായത് കൊണ്ടുമാത്രം മനശ്ശാന്തി കിട്ടണമെന്നുമില്ല. പണക്കാരെക്കാള്‍ പലപ്പോഴും സന്തുഷ്ടരും സംതൃപ്തരും പാവങ്ങളായിരിക്കും.

ശരീരവും മനസ്സും ആത്മാവും ചേര്‍ന്നതാണല്ലോ മനുഷ്യന്‍. ഈ മനസ്സിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുമ്പോഴാണ് ശരീരത്തിന് സുഖവും മനസ്സിന് സന്തോഷവും ആത്മാവിന് നിര്‍വൃതിയും ലഭിക്കുക. ഭദ്രമായ ദാമ്പത്യം ഇത് മൂന്നും നല്‍കുന്നു.

വിശപ്പും ദാഹവും പോലെത്തന്നെ ലൈംഗിക വികാരവും മനുഷ്യന്റെ ശരീരതൃഷ്ണയാണ്. ആഹാരപാനീയങ്ങള്‍ പോലെത്തന്നെ ലൈംഗികതൃഷ്ണയെ തൃപ്തിപ്പെടുത്താനും സാധിക്കണം. ഈ ശാരീരിക തൃഷ്ണ മനസ്സില്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കും. അതിനവസരം ലഭിച്ചില്ലെങ്കില്‍ ഏറെ പേരും അസ്വസ്ഥരും അസംതൃപ്തരുമായി മാറും. കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ക്കടിപ്പെടും. ദാമ്പത്യ ജീവിതം ശരീരത്തിന്റെയും മനസ്സിന്റെയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവസരമൊരുക്കുന്നു. സുഖദുഃഖമുള്‍പ്പെടെ സമസ്ത ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവസരമൊരുക്കുന്നു. സുഖദുഃഖമുള്‍പ്പെടെ സമസ്ത വികാരങ്ങളും പരസ്പരം പങ്കുവെക്കാന്‍ സാധിക്കുന്നതിനാല്‍ മനസിന്റെ സമ്മര്‍ദമകറ്റി സ്വസ്ഥത സമ്മാനിക്കുന്നു. സ്‌നേഹം, കാരുണ്യം, വാത്സല്യം, ദയ, അനുകമ്പ തുടങ്ങിയ ആത്മീയ വികാരങ്ങളുടെ പരസ്പര കൈമാറ്റങ്ങളിലൂടെ അവാച്യമായ ആത്മനിര്‍വൃതിയും ലഭിക്കുന്നു.

ശരീരതൃഷ്ണയെ തൃപ്തിപ്പെടുത്താന്‍ വിവാഹത്തിലൂടെ വിഹിതമായ വഴിയില്ലാതെ വരുമ്പോള്‍ ചിലരെങ്കിലും അവിഹിത മാര്‍ഗ്ഗങ്ങളന്വേഷിക്കുന്നു. അങ്ങനെ പാപത്തിന്റെ പാഴ്‌ച്ചേറിലമരുന്നു. അത് ഇരുലോക നഷ്ടങ്ങള്‍ക്കും ഇടവരുത്തുന്നു. ഇത്തരം അവിഹിത വേഴ്ചകള്‍ വ്യാപകമാകുന്നതോടെ സമൂഹം അരാജകവും അധാര്‍മ്മികവും നിര്‍ലജ്ജവുമായി മാറുന്നു. വിവാഹവും ദാമ്പത്യവും ഇത്തരം തിന്മകളില്‍ നിന്നും നാശത്തില്‍ നിന്നും സമൂഹത്തെ മോചിപ്പിച്ച് വ്യക്തികളെയും സമൂഹത്തെയും വിശുദ്ധമാക്കുന്നു.

സ്ത്രീക്ക് മാതൃത്വ വികാരവും പുരുഷന് പിതൃത്വ വികാരവും പ്രകൃതിപരമാണ്. ജന്മസിദ്ധമാണ്. ലാളിക്കാനും ഓമനിക്കാനും ഉമ്മവെക്കാനും പോറ്റാനും വളര്‍ത്താനും കുട്ടികളെ കിട്ടാത്തവര്‍ കടുത്ത ദുഃഖം അനുഭവിക്കുന്നു. പ്രവാചകന്മാര്‍ പോലും സഹജമായ ഈ പ്രകൃതത്തില്‍ നിന്നും വികാരത്തില്‍ നിന്നും മുക്തരായിരുന്നില്ല. അതിനാലാണല്ലോ ഇബ്‌റാഹീം നബിയും സകരിയ്യാ നബിയുമൊക്കെ സന്താനലബ്ധിക്കായി പ്രാര്‍ത്ഥിച്ചത്. (ഖുര്‍ആന്‍ 3: 38, 19:5, 37:100) പ്രകൃതിപരമായ ഈ മാതൃത്വ - പിതൃത്വ വികാരത്തെ വിവാഹവും ദാമ്പത്യവും തൃപ്തിപ്പെടുത്തുന്നു. സന്മാര്‍ഗ്ഗികളുടെ സമൂഹത്തിന് സ്വീകാര്യമായ ഏകവഴിയും ഇതുതന്നെ.

ശാരീരികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രാപ്തമാകുന്നതോടെ മനുഷ്യരൊഴിച്ചുള്ള ജീവികളെല്ലാം സ്വതന്ത്രമാകുന്നു. മാതാക്കളുടെ ആവശ്യം അവസാനിക്കുന്നു. പിതാക്കള്‍ അതിനുമുമ്പെ വേര്‍പിരിയുന്നു. എന്നാല്‍, മനുഷ്യക്കുഞ്ഞുങ്ങള്‍ക്ക് ദീര്‍ഘകാലത്തെ സംരക്ഷണം വേണം എന്നല്ല; മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം ജീവിതാന്ത്യം വരെ ഭൂമിയില്‍ തുടരുന്നു. മരണശേഷം പരലോകത്തും അതങ്ങനെത്തന്നെ തുടരുകയും വേണം. അങ്ങനെ മനുഷ്യരാശിയുടെ സുഗമമായ നിലനില്‍പ്പ് ദാമ്പത്യം ഉറപ്പു വരുത്തുന്നു. സന്താനങ്ങളുടെ ശരിയായ സംരക്ഷണവും ശിക്ഷണവും കുടുംബത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്നത് അനിഷേധ്യമാണല്ലോ.

സ്‌നേഹിക്കുക, സ്‌നേഹിക്കപ്പെടുക എന്നത് ഏതൊരു മനുഷ്യന്റെയും സഹജമായ വികാരമാണ്. ഇതിന് വ്യവസ്ഥാപിതവും ശാശ്വതവുമായ സദ്ഫലങ്ങളുമുണ്ടാകണമെങ്കില്‍ വിവാഹം അനുപേക്ഷണീയമാണ്. ലൈംഗീകതയെക്കാള്‍ ഉപരിയും സഥായിയുമായി ബന്ധമാണ് സ്ത്രീ-പുരുഷന്മാര്‍ക്കിടയില്‍ നിലനില്‍ക്കേണ്ടത്. ലൈംഗികാര്‍ഷണത്തിന്റെ കാലം കഴിഞ്ഞ ശേഷവും അവരെ കൂട്ടിയിണക്കുന്ന സുദൃഢമായ കണ്ണി ഉണ്ടാവണം. എങ്കില്‍ മാത്രമേ, വാര്‍ധക്യഘട്ടത്തില്‍ പരസ്പര സഹകരണവും പൊരുത്തവും പ്രായോഗികമാവുകയുള്ളൂ. പ്രായാധിക്യത്താല്‍ ആരോഗ്യം നശിച്ച് പ്രയാസങ്ങളനുഭവിക്കുന്ന ഘട്ടത്തില്‍ സ്ത്രീയും പുരുഷനും അകന്ന് അന്യോന്യം ഒറ്റപ്പെട്ടു കഴിയാനിടവരരുത്. അങ്ങനെ സംഭവിക്കുന്നത് സമൂഹത്തിന്റെ ആരോഗ്യത്തിനു തന്നെ ഹാനിവരുത്തുകയും പല അപകടങ്ങള്‍ക്കും ഹേതുവാകുകയും ചെയ്യും.

അതിനാല്‍, സ്ത്രീ-പുരുഷന്മാര്‍ക്കിടയിലെ സ്‌നേഹമെന്ന വികാരത്തെ, വിവാഹമാകുന്ന പാശത്തിലൂടെ പരസ്പരം അലിയിച്ചു ചേര്‍ത്ത് അതിനെ ശാശ്വതമാക്കണം. സമൂഹത്തിന്റെ  നിലനില്‍പ്പിന്നാധാരം തന്നെ ദൈവികമായ ഈ സ്‌നേഹകാരുണ്യ വികാരമാണ്.

വിവാഹത്തിലൂടെ വ്യക്തികളുടെ ജീവിതത്തിന് വ്യവസ്ഥാപിതത്വം ലഭിക്കുന്നു. ഓരോരുത്തനും ജീവിതത്തിലെ മുഴുവന്‍ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനു പകരം രണ്ടാളുകള്‍ക്ക് പരസ്പരം യോജിച്ച് ജോലികള്‍ ഭാഗിച്ചെടുക്കാന്‍ കഴിയുന്നു. വീട്ടിനകത്തും പുറത്തുമുള്ള കാര്യങ്ങള്‍ വേര്‍തിരിച്ച് പുറത്തുള്ളത് പുരുഷനും അകത്തുള്ളത് സ്ത്രീയും ഏറ്റെടുക്കുന്നു. ഇത് ഇരുവര്‍ക്കും തങ്ങളുമായി ബന്ധപ്പെട്ട ബാധ്യതകള്‍ ഭംഗിയായി നിര്‍വ്വഹിക്കാന്‍ സഹായകമാകുന്നു; ദുര്‍വഹമായ ജീവിതഭാരത്തില്‍ നിന്ന് മോചനം നല്‍കുകയും ചെയ്യുന്നു. ഇപ്രകാരം ഭാര്യയും കുട്ടികളും കുടുംബവുമുണ്ടാകുന്നത് മനുഷ്യരെ അധ്വാനിക്കാനും സമ്പാദിക്കാനും പ്രേരിപ്പിക്കുന്നു. 

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top