നാടിന്റെ നീരുറവയായി ഹസ്സന്‍ മൗലവി

കെ.എസ്.സുെെബര്‍ No image

ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്തുളള ചിലവ് ഗ്രാമം, ചുറ്റും മലകളും പാറകളും, നിറയെ പച്ചപ്പുളള പ്രദേശമാണെങ്കിലും കുടിവെളളം ഇന്നും ആ നാടിന് അന്യം. കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും പഞ്ചായത്ത്. വാട്ടര്‍ അതോറിറ്റിക്കോ പഞ്ചായത്തിനോ ആ പ്രദേശത്ത് വെളളം എത്തിക്കാന്‍ സാധിച്ചിട്ടില്ല. അടുത്ത കാലത്ത് ജപ്പാന്‍ കുടിവെളള  പദ്ധതികൊണ്ട് കുറച്ച് കുടുംബങ്ങള്‍ക്ക് കുടിവെളളം ലഭിച്ചു. 

ചിലവ് കവലയില്‍ നിന്നും ഉളളിലേക്കുളള ഗ്രാമ വഴിയിലേക്ക് കയറുമ്പോള്‍ പല വലുപ്പത്തിലുളള വണ്ണം കുറഞ്ഞ വാട്ടര്‍ പൈപ്പുകള്‍ റോഡിന് ഒരു വശത്ത് മുകളിലൂടെ താഴ്ന്നും പൊങ്ങിയും വൈദ്യുതി പോസ്റ്റിലൂടെയും റോഡിന് സമീപം മരത്തിലൂടെയും പോകുന്ന കാഴ്ചയാണ് നമ്മെ വരവേല്‍ക്കുന്നത്. ഉളളിലേക്ക് കയറും തോറും കറുത്ത പൈപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു. പൈപ്പുകളെ നോക്കി അര കിലോമീറ്റര്‍ നടന്നു കഴിയുമ്പോള്‍ നാം എത്തിച്ചേരുന്നത് ദാറുസ്സലാം ഹസ്സന്‍ മൗലവിയുടെ വീട്ടിലാണ്. വീടിന് പിറകുവശത്ത് ഒരു കൊച്ചു കിണര്‍. അഞ്ചരഅടി വ്യാസവും നാലരക്കോല്‍ താഴ്ചയുമുളള ആ കിണറിലേക്കാണ് ഈ പൈപ്പുകള്‍ എല്ലാം എത്തിച്ചേരുന്നത്. കിണറിന് ചുറ്റും വിവിധ വലുപ്പത്തിലുളള മോട്ടര്‍ പമ്പുകള്‍. രണ്ടും മൂന്നും കുടുംബങ്ങള്‍ ചേര്‍ന്നാണ് ഓരോ മോട്ടറുകളും സ്ഥാപിച്ചിരിക്കുന്നത്. പൈപ്പില്‍ വാല്‍വ് ഘടിപ്പിച്ച് ഓരോ കുടുംബവും ആവിശ്യത്തിന് വെളളം എടുക്കുന്നു. കിണറിന് ചുറ്റും മൂന്ന് അടി വീതിയില്‍ തറ നിര്‍മിച്ചിട്ടുണ്ട്. അതിലാണ് നാല്‍പ്പതോളം മോട്ടറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. നൂറിലധികം കുടുംബങ്ങളാണ് ഈ കിണര്‍ ഉപയോഗിക്കുന്നത്. 

രണ്ട്  മലകള്‍ക്കിടയിലെ ഒരു സമതല പ്രദേശത്താണ് ഹസ്സന്‍ മൗലവിയുടെ വീട്. ഇവിടെ പല കിണറുകളിലും വെളളം ഉണ്ട്. എന്നാല്‍ കൂടുതല്‍ ആളുകള്‍ താമസിക്കുന്ന രണ്ട് മലകളുടെ ചെരുവുകളിലും വെളളമില്ല. അവിടേക്കാണ് കൂടുതല്‍ ആളുകള്‍ ഹസ്സന്‍ മൗലവിയുടെ വീട്ടില്‍ നിന്നും വെളളം എടുക്കുന്നത്. വൈദ്യുതി ഇല്ലാത്ത കാലത്തേ ഹസ്സന്‍ മൗലവിയുടെ വീട്ടില്‍ നിന്നും വെളളം കോരുന്ന ചരിത്രമാണ് നാട്ടുകാര്‍ക്ക് പറയാനുളളത്. അന്ന് മറ്റ് പല കിണറുകളിലും വെളളം ഉണ്ടായിരുന്നെങ്കിലും ഗ്രാമവാസികള്‍ ഹസ്സന്‍ മൗലവിയുടെ കിണറിനെയാണ് ആശ്രയിച്ചിരുന്നത്. സ്വന്തം കിണര്‍ പോലെയാണവര്‍ക്കത് അന്നും ഇന്നും. 

ഹസ്സന്‍ മൗലവിയുടെ വാക്കുകളില്‍ ''വെളളം ദൈവത്തിന്റെ വരദാനമാണ്. അത് തടയരുത്; വില്‍ക്കരുത്'' എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ പ്രദേശത്തെ പല കിണറുകളും വറ്റിയെങ്കിലും  മൗലവിയുടെ കിണറിനെ ഉറവ വറ്റാതെ സ്രഷ്ടാവ് അനുഗ്രഹിച്ചിരിക്കുന്നതും അതുകൊണ്ടുതന്നെ. നാള്‍ക്കുനാള്‍ ആളുകള്‍ വെളളം എടുക്കുന്നത്  വര്‍ധിക്കുകയും ചെയ്യുന്നു. 

പതിനാറ് വര്‍ഷം മുമ്പ് പഞ്ചായത്തിന് കുടിവെളള പദ്ധതിക്ക് വേണ്ടി കുളം നിര്‍മിക്കാന്‍ രണ്ട് സെന്റ് ഭൂമി ഈ കിണറിന് സമീപം മൗലവി നല്‍കി. പഞ്ചായത്ത് വലിയ കുളം നിര്‍മിക്കുകയും അതില്‍നിന്ന് ജലം മലമുകളിലെ ടാങ്കില്‍ സംഭരിച്ച് വിതരണം നടത്തുകയും ചെയ്തിരുന്നു. പഞ്ചായത്തിന്റെ നോട്ടക്കുറവുമൂലം ആ പദ്ധതി നിലച്ചു. ഇന്ന് പഞ്ചായത്ത് കുളം  വൃത്തിഹീനമായി കിടക്കുന്നു. വേനലില്‍ ഈ കുളം വറ്റിയാലും അടുത്തുളള മൗലവിയുടെ കിണറില്‍ വെളളമുണ്ടാകും. 

മൂലമറ്റത്തുനിന്നും താമസം മാറിവന്ന  രാഘവന്‍ ചേട്ടന്‍ പറയുന്നത്  സ്ഥലം വാങ്ങുന്നതിന് മുമ്പുതന്നെ മൗലവിയോട് മോട്ടര്‍ വെക്കുന്നതിന് അനുവാദം വാങ്ങിയെന്നാണ്. ഇവിടെ  അങ്ങനെയാണ്, സ്ഥലം വാങ്ങുന്നതിന്  മുമ്പ് എല്ലാവരും മൗലവിയോട് മോട്ടര്‍ വെക്കുന്നതിന് അനുവാദം വാങ്ങും. ഇനിയും  മോട്ടര്‍ വെക്കുന്നതിന് അനുമതി നല്‍കാന്‍ മൗലവിക്ക് മടിയില്ല. വെളളം വറ്റുമെന്ന ഭയവുമില്ല. മൗലവിയുടെ കിണര്‍ ഇന്നും തുറന്നുകിടക്കുകയാണ്. 

സ്വന്തം വീടിനു ചുറ്റും ഇടവഴി പോലും ഇടാതെ മതിലുകള്‍ പണിത് നാം ചുരുങ്ങുമ്പോള്‍ ഹസ്സന്‍ മൗലവിയുടെ കിണറിലേക്ക് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാം. അതിന് ചുറ്റുമതിലുകളില്ല. ഈ കിണര്‍ ആ ഗ്രാമവാസികളുടെ ഒരുമയുടെ ഒരു പ്രതീകമാണ്. പഞ്ചായത്ത് കിണര്‍ നിര്‍മാണത്തിലെ പിഴവും നടത്തിപ്പുകാരുടെ ഉദാസീനതയും കൊണ്ട് നശിച്ചപ്പോഴും നാട്ടുകാര്‍ സ്വന്തമെന്നു കരുതിയ ഈ കിണര്‍ ഇപ്പോഴും നിലനില്‍ക്കുന്നത് ആ വിശ്വാസം കൊണ്ടു തന്നെയാണ്..

ആറ് വര്‍ഷം മുമ്പ് കിണര്‍ നവീകരിക്കുന്നതിന്റെ ഭാഗമായി കിണറില്‍ റിംഗിറക്കി. അതിനുശേഷം  കടുത്ത വേനലില്‍ എല്ലാ മോട്ടറുകളും ഒന്നിച്ചുപ്രവര്‍ത്തിക്കുമ്പോള്‍ വെളളം വറ്റിപ്പോകും. ആ സമയത്ത് മോട്ടര്‍ ഉപയോഗിക്കുന്ന കുടുംബത്തിലെ ഒരാള്‍  കിണറിന്  സമീപത്ത് വന്ന് നില്‍ക്കും. കിണറിലെ വെളളം കുറയുന്നതനുസരിച്ച് വീട്ടിലേക്കു വിളിച്ച് മോട്ടര്‍ ഓഫ് ചെയ്യും. പിന്നീട് വെളളം ഉയര്‍ന്നുകഴിയുമ്പോള്‍ അടുത്ത കുടുംബക്കാര്‍ പമ്പ് ഓണ്‍ ചെയ്യുന്നു. ഇങ്ങനെയാണ് കടുത്ത വേനലിലെ പമ്പിംഗ് രീതി.

കിണറുകള്‍ക്കും വീടുകള്‍ക്കും സ്ഥാനം കാണുന്ന ശശി പണിക്കന്‍ ഒരിക്കല്‍ അവിടെയെത്തിയപ്പോള്‍ ഹസ്സന്‍ മൗലവിയോട് ചോദിച്ചു 'ആരാണ് ഈ കിണറിന് സ്ഥാനം കണ്ടത്.' ഹസ്സന്‍ മൗലവി പറഞ്ഞു ''ഞാന്‍ തന്നെ. സ്ഥാനം കാണാനുളള കഴിവൊന്നും എനിക്കില്ലായെങ്കിലും അല്ലാഹുവിന്റെ നാമത്തില്‍ ഇവിടെ കുഴിക്കാന്‍ ഞാന്‍ തീരുമാനിച്ചു''. ശശി പണിക്കന്‍ പറഞ്ഞു ''ചില സ്ഥലങ്ങളില്‍ ഭൂമിക്ക് പൊക്കിളുണ്ട്. ഭൂമിയുടെ പൊക്കിളാണ് നിങ്ങള്‍ കുഴിച്ച സ്ഥലം. അതുകൊണ്ട് ഈ കിണര്‍ ഒരിക്കലും വറ്റുകയില്ല'' വേനല്‍ക്കാലമാകുമ്പോള്‍ കൂടുതല്‍ മോട്ടറുകള്‍ സ്ഥാപിക്കുന്നതിനൊന്നും മൗലവിക്ക് എതിര്‍പ്പില്ല. ആര്‍ക്കും കിണറിനു ചുറ്റും എത്ര മോട്ടോറുകള്‍ വേണമെങ്കിലും സ്ഥാപിക്കാം. മോട്ടോര്‍ സ്ഥാപിക്കുന്നതിന് വേണ്ടി നാട്ടുകാര്‍ ഇതുവരെ തമ്മില്‍ പിണങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ സ്രഷ്ടാവിന്റെ അനുഗ്രഹം ഒരുമയുടെ നീരുറവയായി ഇന്നും ഇവിടെ നലനില്‍ക്കുന്നു. 

ഇന്ന് ഹസ്സന്‍ മൗലവി ചിലവില്‍ താമസിക്കുന്നില്ല. 6 വര്‍ഷം മുമ്പ് മൗലവി വീട് വില്‍പന നടത്തി തൊടുപുഴക്കു പോയി. വീടും സ്ഥലവും വില്‍പന നടത്തിയപ്പോഴും കിണര്‍ നില്‍ക്കുന്ന ഒരു സെന്റ് ഭൂമി ഒഴിവാക്കിയാണ് കച്ചവടം നടത്തിയത്. ഇന്നും മൗല വിയുടെ ഉടമസ്ഥതയിലാണ് ഈ കിണര്‍. മൗലവി ഇപ്പോള്‍ തിരുവന ന്തപുരത്ത് ഞാറയില്‍കോണം മുസ്‌ലിം ജമാഅത്ത് പളളിയില്‍ ചീഫ് ഇമാമും ഖത്തീബുമാണ്. മൗലവിക്ക് അഞ്ച് മക്കളാണ്. എല്ലാവരുടെയും വിവാഹം കഴിഞ്ഞു. മകന്‍ ഹബീബിന്റെ കൂടെ മൗലവിയും ഭാര്യയും തൊടുപുഴ ഇടവെട്ടിയില്‍ ആണ് താമസിക്കുന്നത.്‌

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top