പാട്ടെഴുത്തിലെ പെണ്‍ സാന്നിധ്യം

ഫൈസല്‍ എളേറ്റില്‍ No image

മാപ്പിളപ്പാട്ടു രചനാമേഖല പുരുഷാധിപത്യത്തിലാണെന്ന്‌ ആരെങ്കിലും കണ്ടെത്തിയാല്‍ കുറ്റം പറയാനാവില്ല. പോയകാലത്ത്‌ കുണ്ടില്‍ കുഞ്ഞാമിന, വി. ആയിശക്കുട്ടി, പി.കെ ഹലീമ തുടങ്ങിയവര്‍ ഈ വഴിയിലെ നിറഞ്ഞ സാന്നിധ്യമായിരുന്നെങ്കിലും കഴിഞ്ഞ മൂന്ന്‌ നാലു പതിറ്റാണ്ടു കാലത്തെ ചരിത്രം മാറിയിരുന്നു. ഇവിടെയാണ്‌ കഴിഞ്ഞ മാസം നമ്മോടു വിടപറഞ്ഞ എസ്‌.എം ജമീല ബീവി എന്ന കവയിത്രിയുടെ മാപ്പിളപ്പാട്ട്‌ ശാഖയിലെ സംഭാവനകളെക്കുറിച്ചാലോചിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്‌. ഒരുപക്ഷേ ഇത്‌ മറ്റേതെങ്കിലും കവിയിത്രികള്‍ ഈ മേഖലയില്‍ ഉണ്ടോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു.
ലക്ഷദ്വീപിലെ ആന്ത്രോത്ത്‌ ദ്വീപുകാരനായിരുന്ന സയ്യിദ്‌ അബൂസ്വാലിഹ്‌ മുത്തുക്കോയ തങ്ങളുടെയും സുല്‍ത്താന്‍ ബീവിയുടെയും മൂത്തമകളായി താനൂരിലാണ്‌ ജമീല ബീവി ജനിച്ചത്‌. പഠനം മാഹിയിലും. വിവാഹശേഷം കോഴിക്കോട്ടേക്ക്‌ താമസം മാറ്റുകയായിരുന്നു. ലക്ഷദ്വീപിലെ ബന്ധുക്കള്‍ക്ക്‌ കത്തുകള്‍ പാട്ട്‌ രൂപത്തിലെഴുതിയാണ്‌ രചന തുടങ്ങിയത്‌. പണ്ഡിതനും കവിയുമായിരുന്ന ഉപ്പ വളരെ നന്നായി പ്രോത്സാഹിപ്പിച്ചു. ജമീല ബീവി പിന്നീട്‌ ഹജ്ജിനു പോയപ്പോള്‍ കൂട്ടുകാരികള്‍ക്കു കത്തെഴുതിയതും പാട്ടുരൂപത്തിലായിരുന്നു.
1967-69കാലത്ത്‌ എഴുതിയ `സ്‌ത്രീകളുടെ ആവലാതി' എന്ന പാട്ടു കൃതി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. സ്‌ത്രീധനം തുടങ്ങിയ വിഷയങ്ങള്‍ക്കെതിരായി രചിച്ച കൃതിയുടെ ആയിരം കോപ്പി അവര്‍ തന്നെ പ്രസിദ്ധീകരിച്ചു വിതരണം നടത്തിയിരുന്നു.
എഴുതുന്ന രചനകള്‍ ഗൗരവമായ വിഷയങ്ങള്‍ കേന്ദ്രീകരിച്ചാവണമെന്ന്‌ ഇവര്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു. ഗായകനായ മകന്‍ മഹ്‌മൂദ്‌ സജീവമായി രംഗത്തെത്തിയതോടെയാണ്‌ ഇവര്‍ മറ്റൊരു തലത്തിലേക്ക്‌ ഉയര്‍ത്തപ്പെടുന്നത്‌. യേശുദാസ്‌, സുജാത, സിബല്ല തുടങ്ങിയ പ്രശസ്‌ത ഗായകര്‍ ഇവരുടെ രചനകള്‍ പാടിയപ്പോള്‍ ജമീല ബീവി എന്ന കവയിത്രിയെ തേടിവന്ന അന്വേഷണങ്ങള്‍ കുറവൊന്നുമല്ല. യേശുദാസ്‌ പാടിയ ഹിറ്റ്‌ ഗാനമായ `ആകെ പ്രപഞ്ചങ്ങള്‍ക്കെന്നും നീ നാഥനെ' എന്ന ഭക്തിഗാനം ഇന്നും വേറിട്ടു നില്‍ക്കുന്നതാണ്‌.
`പെണ്ണ്‌ പിറന്നാലോ- പണ്ട്‌
തീയിലെരിച്ചു- കൊല്ലും
പെണ്ണുങ്ങള്‍ ക്ലേശിച്ചു- പെണ്ണിനെ
ആകെ നിഷേധിച്ചു' എന്ന സുജാത പാടിയ ഗാനവും ശ്രദ്ധേയമാണ്‌.
മരണം, ജനനം, ദാമ്പത്യം, താരാട്ട്‌, പ്രവാചക പ്രകീര്‍ത്തനം, സ്‌ത്രീ ഇതൊക്കെയായിരുന്നു ജമീല ബീവി രചനകള്‍ക്കായി തെരഞ്ഞെടുത്ത വിഷയങ്ങള്‍.
`മന്നാനെ- നിന്റെ വിധിയൊട്ടും തെറ്റാതെ
എത്തും- മരണസമയത്ത്‌
മാലോകരെല്ലാം കൂട്ടിവെച്ച കണക്കുകള്‍ തെറ്റുന്ന നേരത്ത്‌
അസ്‌റാഈല്‍ എന്ന മലക്കു വന്നെന്റെ
റൂഹ്‌ പിടിക്കണകാലത്ത്‌
അല്‍പം ദയയെന്നിലേകി മൗത്തിന്റെ
വേദന കുറക്ക്‌ സലാമത്ത്‌'
എന്ന സിബില്ല സദാനന്ദന്‍ പാടിയ ഗാനം ഒരു കാലത്ത്‌ എല്ലാവരുടെയും ചുണ്ടിലുണ്ടായിരുന്നു.
`സുബ്‌ഹാന്‍' എന്ന കേസറ്റിലെ `സുബ്‌ഹാനെ മറന്നൊട്ടും കളിക്കണ്ട മനുഷ്യാ' എന്ന മൈത്രി ഗാനം പുതിയ കാലത്തേക്കുള്ള സന്ദേശമാണ്‌ ഉത്‌ബോധിപ്പിക്കുന്നത്‌. വളരെ പ്രസിദ്ധമായിരുന്ന കല്ല്യാണ പാട്ടായിരുന്നു
`മാനിമ്പപ്പൂമോളെ കല്യാണം
മണി- മാരനൊത്തിത നല്ലോണം'എന്ന ഗാനം.
രോഗശയ്യയിലായ സമയത്ത്‌ കോഴിക്കോട്‌ ബേബി ഹോസ്‌പിറ്റലില്‍ നിന്ന്‌ അവര്‍ എഴുതിയ
`മക്കാദിക്കിലുദിത്തൊരു താഹാ
മന്നാന്‍- ഏറ്റം പുകഴ്‌ത്തിയ ഹോജ' എന്ന ഗാനം മകന്‍ മഷ്‌ഹൂദ്‌ തങ്ങള്‍ ജിദ്ദയിലെ ഒരു ചടങ്ങില്‍ ആലപിച്ചത്‌ സദസ്യര്‍ കരഘോഷത്തോടെ സ്വീകരിച്ചതിന്‌ ഈ വിനീതന്‍ സാക്ഷിയാണ്‌.
ഡോ: എം.എന്‍ കാരശ്ശേരി, ടി.കെ ഹംസ തുടങ്ങിയ മാപ്പിളപ്പാട്ടു രംഗത്തെ പ്രമുഖരുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ജമീല ബീവി ഇതു സംബന്ധിച്ചിട്ടുള്ള ഏതു പരിപാടികളിലും സജീവമായി പങ്കെടുക്കുകയും ചെയ്‌തിരുന്നു. കവയിത്രി എന്ന നിലയിലും വ്യത്യസ്‌തമായ ഇതിവൃത്തങ്ങള്‍ പാട്ടുരൂപത്തിലാക്കി എന്ന രീതിയിലും എസ്‌.എം ജമീല ബീവിക്ക്‌ മാപ്പിളപ്പാട്ടു ചരിത്രത്തില്‍ എന്നും സ്ഥാനമുണ്ടായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top