ഭയം വേണ്ട- ഇത് സൗന്ദര്യമാണ്, ആവേശമാണ്

യാസീന്‍ അഷ്‌റഫ്‌ No image

'മുസ്‌ലിംകള്‍ വരുന്നേ!'

ഒരു തമാശപ്പരിപാടിയാണ്. അമേരിക്കയില്‍ വ്യാപകമാകുന്ന ഇസ്‌ലാമോഫോബിയയെ നേരിടുകയാണ് ലക്ഷ്യം. നഗരത്തില്‍ നിന്ന് നഗരത്തിലേക്കും നാട്ടിന്‍ പുറത്തേക്കും സഞ്ചരിക്കുന്ന ഏതാനും ഹാസ്യകലാകാരന്മാര്‍ തെരുവോരങ്ങളിലും ചന്തമുക്കുകളിലുമൊക്കെ പരിപാടികള്‍ അവതരിപ്പിക്കുന്നു. ആ പരിപാടികളില്‍ ഒന്നാണ് ങൗഹെശാ െഅൃല ഇീാശിഴ!

ഫലസ്തീന്‍ വംശജയായ അമേരിക്കക്കാരി മായ്‌സൂന്‍ സായിദ് ഈ സംഘത്തില്‍ അംഗമാണ്. നമുക്ക് പരിചിതമായ പല സങ്കല്‍പങ്ങള്‍ക്കും വഴങ്ങാത്ത മായ്‌സൂനെ ഒരു സാധാരണ അമേരിക്കക്കാരിയില്‍ നിന്ന് തിരിച്ചറിയുക പ്രയാസം. അതേസമയം മതപരവും സാംസ്‌കാരികവുമായ തന്റെ സ്വത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അങ്ങേയറ്റം പൊരുതുന്ന ഭിന്നശേഷിക്കാരി കൂടിയാണ് അവര്‍.

മസ്തിഷ്‌കവാതം (സെറിബ്രല്‍ പാര്‍സി) ബാധിച്ചിട്ടും അതിന്റെ പരിമിതികളെ അവര്‍ മറികടക്കുന്നത് അകക്കരുത്തുകൊണ്ടുതന്നെ.

റമദാനില്‍ സ്ഥിരമായി നോമ്പെടുത്തു വന്നിരുന്ന മായ്‌സൂന്‍ ഒടുവിലത് ഒഴിവാക്കേണ്ടി വന്നതിന്റെ മനപ്രയാസത്തെപ്പറ്റി ഒരിക്കലെഴുതി.

 

*****                    *****                    *****

2013 ജൂലൈ 10-നാണ് അവര്‍ക്ക് റമദാന്‍ നോമ്പ് ഇല്ലാതായത്. സെറിബ്രല്‍ പാര്‍സിക്കു മുമ്പാകെ അവസാനം കീഴടങ്ങുകയായിരുന്നു. അസുഖം മൂലം ദേഹം മുഴുവന്‍ വിറച്ചുകൊണ്ടേയിരിക്കുന്ന അവസ്ഥ. നോമ്പ് തുടങ്ങുന്ന ദിവസവും അങ്ങനെത്തന്നെ.

ഫലസ്തീന്‍ വംശജയാണെങ്കിലും മായ്‌സൂന്‍ അമേരിക്കയിലാണ് ജനിച്ചത്. അമേരിക്കയിലെ സ്‌കൂളില്‍ ചേര്‍ത്തു. എല്ലാ വേനലൊഴിവിനും സ്വദേശമായ വെസ്റ്റ്ബാങ്കില്‍ പോകും.

എട്ടാം വയസ്സിലാണ് ആദ്യമായി നോമ്പെടുത്തത്. വെസ്റ്റ്ബാങ്കിലായിരുന്നു അപ്പോള്‍. കൊടും വേനല്‍. ഈ സമയത്ത് സാധാരണ കുട്ടികള്‍ക്കു തന്നെ ഭക്ഷണവും വെള്ളവുമില്ലാതെ പകല്‍ കഴിച്ചുകൂട്ടുക പ്രയാസമാണ്. അപ്പോള്‍ ശാരീരിക അസുഖമുള്ള മായ്‌സൂനിന്റെ കാര്യം പറയേണ്ടതുമില്ല.

മിക്കവാറുമെല്ലാവരും നോമ്പെടുക്കുന്നതുകൊണ്ട് വിട്ടുനില്‍ക്കാന്‍ തോന്നിയില്ല. ഉമ്മ പറഞ്ഞു, അസുഖമുള്ളവര്‍ക്ക് നോമ്പ് നിര്‍ബന്ധമല്ലെന്ന്. പക്ഷേ, അസുഖമുണ്ടായിട്ടും അവള്‍ നോമ്പ് നോറ്റു. 

ഓരോ വര്‍ഷവും റമദാനെത്തുമ്പോള്‍ ഉമ്മ ഓര്‍മിപ്പിക്കും അസുഖമുള്ളവര്‍ക്ക് ഒഴിവുണ്ട്; നോമ്പ് ഒഴിവാക്കുന്നതിനു പകരമായി പട്ടിണിക്കാര്‍ക്ക് ഭക്ഷണം കൊടുത്താല്‍ മതി. 

ക്രിസ്ത്യന്‍ കലണ്ടറില്‍ നോമ്പ് ദിവസങ്ങള്‍ ഓരോ വര്‍ഷവും മുന്‍ വര്‍ഷത്തേക്കാള്‍ നേരത്തെയാവുമല്ലോ. അങ്ങനെ വെക്കേഷനല്ലാത്ത സമയത്ത് റമദാനെത്തി. മായ്‌സൂന്‍ എഴുതുന്നു. അമേരിക്കയില്‍ സ്‌കൂൡ പോകുമ്പോള്‍ ഞാന്‍ നോമ്പുകാരിയായിരുന്നു. ടീച്ചര്‍മാര്‍ക്ക് അന്യസംസ്‌കാരങ്ങളെപ്പറ്റി ഒരു ധാരണയുമില്ല. 

ചില ടീച്ചര്‍മാര്‍ക്ക് ഭയം, ഞാന്‍ മരിച്ചുപോകില്ലേ എന്ന്. മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് നോമ്പെടുപ്പിക്കുന്നതാണ് എന്നു തന്നെ അവര്‍ കരുതി. വല്ലാത്ത അച്ഛനമ്മമാര്‍!  ഉച്ചഭക്ഷണ സമയത്ത് ചില ടീച്ചര്‍മാര്‍ പതുങ്ങിവന്ന് എന്തെങ്കിലുമൊക്കെ  തിന്നാന്‍ തരും. ഞാന്‍ അത് മാറ്റിവെച്ച് പറയും. സന്ധ്യയായാല്‍ ഞാന്‍ തിന്നോളാം, താങ്ക്‌സ്.

ഓരോ റമദാന്‍ വരുമ്പോഴും ഉമ്മ ഓര്‍മിപ്പിക്കും - നിനക്ക് നോമ്പ് നിര്‍ബന്ധമല്ല. പക്ഷേ ഞാന്‍ നോമ്പെടുക്കും. ഉമ്മയാകട്ടെ, എനിക്ക് എപ്പോള്‍ വേണമെങ്കിലും നോമ്പ് ഉപേക്ഷിക്കാമെന്നതിനാല്‍ എല്ലാ ദിവസവും അന്നം ദാനം ചെയ്യും. അങ്ങനെയങ്ങനെ വിദ്യാഭ്യാസം കഴിഞ്ഞു. ഞാന്‍ ഹാസ്യകലാകാരിയായി.

2011. മുസ്‌ലിംകള്‍ വരുന്നേ! എന്ന കോമഡി ചിത്രീകരണവുമായി ഞാന്‍ യു.എസില്‍ ഊര് ചുറ്റുന്നു. ആഗസ്റ്റില്‍ റമദാന്‍. പകല്‍ ചൂടില്‍ തെരുവു പ്രകടനങ്ങള്‍, അതിന്റെ ഫിലിം ചിത്രീകരണം. രാത്രിയും അരങ്ങേറ്റങ്ങള്‍.. എന്റെ ശരീരത്തിന് താങ്ങാവുന്നതിലേറെയായിരുന്നു അത്.

ചൂട്, ദാഹം, ക്ഷീണം... അന്നൊക്കെയാണെങ്കില്‍ നോമ്പ്തുറ രാത്രി പത്തരവരെ നീളും - തെരുവു പ്രകടനങ്ങള്‍ കഴിഞ്ഞിട്ട്. എന്നിട്ടും ഞാന്‍ നോമ്പ് മുഴുമിച്ചു.

അതിനു ശേഷം രണ്ടാം വര്‍ഷം, നോമ്പിന്റെ ആദ്യദിവസം തന്നെ എനിക്ക് തലചുറ്റല്‍ വന്നു. ഞാന്‍ നോമ്പ് മുറിച്ചു. ഞാനിപ്പോള്‍ നോമ്പെടുക്കാറില്ല. പക്ഷേ റമദാനില്‍ പകല്‍ സമയത്ത് വെള്ളം കുടിക്കുമ്പോള്‍ വിഷം കുടിക്കുന്ന പോലെ തോന്നിക്കുന്നു. ജീവിതത്തിലെ മനോഹാരിതകളുമായി ബന്ധപ്പെട്ടുകിടക്കുന്ന റമദാന്‍ നഷ്ടപ്പെടുന്നപോലെ...

*****                    *****                    *****

യുക്രേന്‍കാരിയാണ് ക്‌സെനിയ സോവന്‍കോ. അമേരിക്കയില്‍ ജേണലിസം വിദ്യാര്‍ഥിനി.

മാധ്യമപ്രവര്‍ത്തകരുടെ ആദര്‍ശം ജിജ്ഞാസയാണെന്ന് ഖുഷ്‌വന്ത്‌സിങ്ങ്. ക്‌സെനിയയും പറയുന്നു. ഞാന്‍ പത്രപ്രവര്‍ത്തക. മുസ്‌ലിമല്ല. ക്രിസ്ത്യാനിയല്ല. ജൂതയല്ല. ഒന്നുമല്ല. ജിജ്ഞാസയാണ് എന്റെ മതം.

ആ ജിജ്ഞാസയാണ് അവളെ നോമ്പെടുക്കാന്‍ പ്രേരിപ്പിച്ചത്. ഏറെ വര്‍ഷങ്ങളായുള്ള സുഹൃത്താണ് ദാന. മുസ്‌ലിംകളെ പേടിക്കണമെന്ന് ആളുകള്‍ പറയുമ്പോള്‍ ക്‌സെനിയ ഓര്‍ക്കും. ഉറ്റ സുഹൃത്ത് ദാനയെയൊക്കെയാണല്ലോ ഞാന്‍ പേടിക്കേണ്ടത്. 13 വര്‍ഷം മുമ്പ് ആദ്യമായി അമേരിക്കയിലെത്തിയപ്പോള്‍ കിട്ടിയ ഉത്തമ സുഹൃത്താണവര്‍. 

ദാനയെപ്പോലുള്ളവരുടെ നോമ്പനുഭവത്തില്‍ പങ്കുചേരണമെന്ന് അവള്‍ക്ക് തോന്നി.

2015.

രാത്രി ഫോണടിച്ചു. ദാനയാണ് മറ്റേതലക്കല്‍. അവള്‍ പറഞ്ഞു: പുലര്‍ച്ചെ മൂന്ന് മണിവരെ മാത്രമേ ഭക്ഷണം കഴിക്കാവൂ. സന്ധ്യ ഒന്‍പതേകാലിനാണ്; അപ്പോഴേ പിന്നെ ആഹരിക്കാവൂ. നോമ്പെടുക്കണോ?

വേണം.

ശരി 3 മണിക്ക് മുമ്പ് വല്ലതും കഴിച്ചേക്കൂ. അവള്‍ 2.50 ന് അലാറം വച്ചു. ഉറങ്ങാന്‍ കിടക്കും മുമ്പ് ഭക്ഷണം കഴിച്ചു. പിന്നെ 2.50-ന് ഒരു പഴവും അപ്പവും കുറെ വെള്ളവും.

ഇനി 18 മണിക്കൂറും 12 മിനിറ്റും കഴിഞ്ഞേ വെള്ളം പോലും കഴിക്കാനാവൂ.

ഒന്നുകൂടി ഉറങ്ങി. ദാഹം കാരണം ഉണര്‍ന്നു. വെറുതെയല്ല, ഉഷ്ണമെന്നര്‍ഥമുള്ള 'റമദാന്‍' നാമ്പുകാലത്തിനു പേരായി കിട്ടിയത്. എങ്ങനെ ഇന്ന് പൂര്‍ത്തിയാക്കും?

അവളാലോചിച്ചു. ഇതിനെക്കാള്‍ ചൂടുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ സുഖമായി നോമ്പെടുക്കുന്നല്ലോ. ഞാനിത് പൂര്‍ത്തിയാക്കും.

*****                    *****                    *****

പത്രപ്രവര്‍ത്തക എന്ന നിലക്ക് ഇസ്‌ലാമിനെപ്പറ്റി മോശമായ കാര്യങ്ങളാണ് ഞാന്‍ കേട്ടിരുന്നത്. ഉറ്റസുഹൃത്തായി ദാന ഉണ്ടായിട്ടും എനിക്ക് നോമ്പ് പരീക്ഷിക്കാന്‍ മുമ്പ് തോന്നിയില്ല. 

ചൂടിലും തണുപ്പിലും ദാന റമദാന്‍ കാലത്ത് ഭക്ഷണമൊഴിവാക്കുന്നു. വെള്ളം കുടിക്കാതെ പകല്‍ മുഴുവന്‍ ജോലി ചെയ്യുന്നു. അത് സ്വയം അനുഭവിക്കുകയാണ് ഞാനിപ്പോള്‍. 

ആദ്യം ഞാന്‍ കരുതിയിരുന്നത് ദാഹമായിരിക്കും വലിയ പ്രശ്‌നമെന്നാണ്. വിശപ്പിന്റെ ആദ്യ ലക്ഷണം വരെ അത് ശരിയുമായിരുന്നു.

ഉച്ചതിരിഞ്ഞതോടെ വിശപ്പ് എന്നെ കീഴടക്കി. ശ്രദ്ധ മാറ്റാന്‍ ഞാന്‍ ഡാന്‍സ് ചെയ്തു. അത് പ്രശ്‌നം വഷളാക്കി. എന്റെ മനസ്സ് അതിനോടുതന്നെ പോരടിക്കുകയായിരുന്നു. സമയം നോക്ക്! അരുത് സമയം നോക്കരുത്. കൂളറിലെ വെള്ളം നോക്കൂ! അരുത് വെള്ളം നോക്കരുത്.!

കുറച്ച് കഴിഞ്ഞപ്പോള്‍ വാച്ചിലെ ക്ലോക്കുകള്‍ക്ക് വേഗം വെച്ചു. ആശ്വാസനേരം എത്താറാകുന്നു.

ദാനവന്നു, മുഴുനീള വസ്ത്രവും ഹിജാബും പതിവുള്ള മന്ദഹാസവുമണിഞ്ഞ്. അവളെന്നെ സമൂഹ നോമ്പുതുറയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

അവിടെ എത്തുമ്പോള്‍ വിശപ്പും ദാഹവും ഞാന്‍ തല്‍ക്കാലത്തേക്ക് മറന്നു. ജിജ്ഞാസയായി ഉള്ളില്‍ മുഴുവന്‍. അകത്ത്, പ്രാര്‍ഥനാമുറിയില്‍, എല്ലാത്തരം ഹിജാബുമണിഞ്ഞ സ്ത്രീകള്‍. കുട്ടികള്‍ തലങ്ങും വിലങ്ങും ഓടുന്നു.

സൂര്യാസ്തമയം. ഇപ്പോള്‍ എന്റെ വയറ് ശൂന്യമല്ല; എന്റെ തൊണ്ട വരണ്ടിട്ടില്ല. ബാങ്ക് വിളി ഉയര്‍ന്നു. കാരക്കയും വെള്ളവുമെടുക്കാനായി കൈകള്‍ നീണ്ടു.

വിശപ്പ് ഞാന്‍ മറന്നിരുന്നെങ്കിലും അന്ന് അപ്പോള്‍ കഴിച്ച ആ ഈത്തപ്പഴം പോലെ മധുരമുള്ള മറ്റൊന്നും ഞാന്‍ കഴിച്ചിട്ടില്ല. എത്രയോ തവണ അതിനു മുമ്പ് ഞാന്‍ വെള്ളം കുടിച്ചിട്ടുണ്ട്; പക്ഷേ ആ ഒരു ഗ്ലാസ് വെള്ളത്തിന്റെ തെളിമ മറ്റൊരിക്കലും ഞാന്‍ അനുഭവിച്ചിട്ടില്ല.

പലഹാരം കൂടി കഴിച്ച് എല്ലാവരും നമസ്‌കാരത്തിനായി നിരന്നു. ഞാന്‍ ഒരിടത്തിരുന്ന് ശ്രദ്ധിച്ചു. നിറങ്ങള്‍ നൃത്തമാടുന്ന വസ്ത്രങ്ങളണിഞ്ഞവരുടെ പുതിയ താളത്തിലുള്ള ഒരു സംഘനൃത്തമായി എനിക്കത് തോന്നി. കടല്‍ത്തിരകള്‍പോലെ.

പിന്നെ ഭക്ഷണം..

ആളുകള്‍ വന്നു, പരിചയപ്പെട്ടു. സ്‌നേഹാന്വേഷണങ്ങള്‍. ചെറുതമാശകള്‍. ജീവിതത്തിന്റെ സൗന്ദര്യം മുഴുവന്‍ ഇവിടെ.

അമേരിക്ക ഭയപ്പെടുന്നത് ഇതിനെയോ? ഞാന്‍ അത്ഭുതപ്പെട്ടു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top