കരുതിവെക്കാം മഴ വെള്ളത്തെ

മുസ്ഫിറാ മുഹമ്മദ് No image

മനുഷ്യരും ഇതര ജന്തുജാലങ്ങളുമെല്ലാം കുടിനീരിനായി നെട്ടോട്ടമോടുന്ന ദയനീയ കാഴ്ചകള്‍ ഈ നാട് ഇനിയും കാണാനിരിക്കുന്നേയുള്ളൂ. കാലങ്ങളായി സുലഭമായി കുടിനീര് ലഭിച്ചുകൊണ്ടിരുന്നപ്പോള്‍ അതിന്റെ വില മനസ്സിലാക്കാന്‍ നാം ശ്രമിച്ചില്ല. വിലകൊടുത്താല്‍ പോലും കിട്ടാക്കനിയാവുന്ന ജലദൗര്‍ലഭ്യതയിലേക്ക് നീങ്ങുകയാണ് കേരളമെന്നത് ഇപ്പോള്‍ അതിശയോക്തിയല്ല.

ദൈവാനുഗ്രഹമായ മഴയുടെയും മഴയിലൂടെ ലഭിക്കുന്ന വെള്ളത്തിന്റെയും വില നിര്‍ണയിക്കാന്‍ സാധിക്കാതെ പോയതാണ് വരള്‍ച്ചക്കു മുന്നില്‍ പകച്ചു നില്‍ക്കുന്ന ഗതിയിലേക്ക് സമൂഹത്തെ തള്ളിവിട്ടത്. ആകാശത്തു നിന്നും വീഴുന്ന മഴക്ക് കൃത്യമായ അളവും ആസൂത്രണവുമുണ്ട്. അത് മനുഷ്യന്റെ ഇഛപ്രകാരമല്ല. ദൈവത്തിന്റെ കൈയ്യിലാണതിന്റെ തീരുമാനം. ''നാം മേഘവാഹിനികളായ കാറ്റിനെ അയക്കുന്നു. അങ്ങനെ മാനത്തുനിന്ന് വെള്ളമിറക്കുന്നു. നാം നിങ്ങളെയത് കുടിപ്പിക്കുന്നു. അതൊന്നും ശേഖരിച്ച് വെക്കുന്നത് നിങ്ങളല്ലല്ലോ.'' (ഖുര്‍ആന്‍ 15:22)

കരയില്‍ നിന്നും കടലില്‍ നിന്നും നീരാവിയായി പൊങ്ങുന്ന ജലത്തെ ഓരോ പ്രദേശത്തിനും അനുയോജ്യമായ വിധത്തില്‍ മഴയായി വര്‍ഷിപ്പിക്കുന്നതും ദൈവമാണ്. അല്ലാഹു കാര്‍മേഘത്തെ അട്ടിയാക്കിവെച്ച് കട്ടപിടിച്ചതാക്കുന്നതും നീ കണ്ടിട്ടില്ലേ.? (ഖുര്‍ആന്‍ 24:23) ഭൗമോപരിതലത്തില്‍ ജീവിതം സാധ്യമാകുന്നതിനും മണ്ണ് ഊഷരമാവാതിരിക്കാനുമുള്ള ദൈവികമായ നടപടിക്രമത്തിന്റെ ഭാഗമത്രെ ഇത്. (ഖുര്‍ആന്‍ 25:48,49)

ദൈവികമായ മഴയോടും അത് കനിഞ്ഞേകുന്ന മഴവെള്ളത്തോടും പ്രകൃതിയോടുമുള്ള പതിറ്റാണ്ടുകള്‍ നീണ്ട അനീതിയും കുറ്റകൃത്യവുമാണ് ഈ ദുരന്തത്തിനു കാരണം. തെറ്റുതിരുത്തി ദൈവികാനുഗ്രഹങ്ങളെ സ്‌നേഹിച്ചും പരിലാളിച്ചും മാത്രമേ നമുക്ക് അതിജീവനം സാധ്യമാകൂ. അപ്പോള്‍ അതൊരു ദൈവാരാധന കൂടിയാവും. കുടിനീരെങ്കിലും കിട്ടാന്‍ ഓരോരുത്തരും ജലസാക്ഷരരാകുന്നതോടൊപ്പം ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സ്വന്തം വീട്ടില്‍ തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. ലഭിക്കുന്ന മഴവെള്ളത്തിന്റെ പകുതിയെങ്കിലും പിടിച്ചുനിര്‍ത്താനായാല്‍ മലയാളിക്കിനിയും സമൃദ്ധമായി ജീവിക്കാം.

മഴവെള്ള സംഭരണം

വളരെ ചുരുക്കി പറഞ്ഞാല്‍ മഴത്തുള്ളികളുടെ ശേഖരം. പെയ്യുന്ന മഴവെള്ളം നേരിട്ടുപയോഗിക്കുകയോ അല്ലെങ്കില്‍ മണ്ണിലേക്കുതന്നെ കടത്തിവിട്ട് ഭൂഗര്‍ഭജലനിരപ്പ് ഉയര്‍ത്തുകയോ ചെയ്യുമ്പോഴാണ് അത് ഉപകാരപ്രദമാകുന്നത്.

ഭൂഗുരുത്വാകര്‍ഷണം വഴി പെയ്യുന്ന മഴയുടെ ഒരു ഭാഗം മണ്ണിലേക്കരിച്ചിറങ്ങി ഭൂഗര്‍ഭതലങ്ങളിലെത്തുന്നു. ഇങ്ങനെ കാലങ്ങളായി അനവധി മഴകളിലൂടെ ശേഖരിക്കപ്പെടുന്ന ജലമാണ് ഭൂഗര്‍ഭ ജലസ്രോതസ്സായി രൂപപ്പെടുന്നത്. നാം ധരിച്ചിട്ടുള്ള പോലെ ഭൂമിക്കടിയില്‍ ധാരാളം വെള്ളം കെട്ടിനില്‍ക്കുന്ന കുഴികളോ ജലാശയങ്ങളോ അല്ല വെള്ളം സംഭരിച്ച് വച്ചിട്ടുള്ളത്. മറിച്ച് ഭൂമിക്കടിയിലെ കല്ലിലും മണ്ണിലുമുള്ള സൂക്ഷ്മ സുഷിരങ്ങളില്‍ ഒരു സ്‌പോഞ്ചില്‍ വെള്ളം നിറഞ്ഞുനില്‍ക്കുന്ന രൂപത്തിലാണ് വെള്ളം ശേഖരിക്കപ്പെട്ടിട്ടുള്ളത്.

അനിയന്ത്രിതമായ കുഴല്‍ക്കിണര്‍ കുഴിക്കല്‍ ഭീമമായ അളവില്‍ വെള്ളം താഴുന്നതിന് കാരണമായിട്ടുണ്ട്. 50% കിണറുകള്‍ വറ്റുന്നതിനും ബാക്കിയുള്ള കിണറുകളിലെ ജലം 5 മീറ്ററോളം താഴുന്നതിനും കാരണമായിട്ടുണ്ട്. നിലവില്‍ പ്രവര്‍ത്തനയോഗ്യമായ 12000 കുഴല്‍കിണറുകള്‍ക്കു പുറമെ സ്വകാര്യമേഖലയിലെ ലക്ഷക്കണക്കിന് കുഴല്‍ക്കിണറുകളും പുതുതായി സര്‍ക്കാര്‍ മേഖലയില്‍ വരാനിരിക്കുന്ന 5000 നു മുകളിലുള്ള കുഴല്‍ക്കിണറുകളും ഭൂഗര്‍ഭ ജലചൂഷണത്തിന്റെ ഭീകരമായ മുഖം വരച്ചുകാട്ടുന്നു. വെള്ളത്തിന്റെ ആവശ്യകത കൂടിയത്, നഗരങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ച, വേനലിന്റെ ആധിക്യം ഇവയൊക്കെ ഭീമമായ അളവില്‍ കുഴല്‍ക്കിണറുകളുടെ എണ്ണപ്പെരുപ്പത്തിനും ഭൂഗര്‍ഭ ജലചൂഷണത്തിനും വഴിവെച്ചു. അതുകൊണ്ടുതന്നെ ഭൂഗര്‍ഭ ജലവിതാനം കൂട്ടാനുള്ള പ്രധാന മാര്‍ഗമെന്ന നിലയില്‍ മഴവെള്ള സംഭരണം പ്രാധാന്യമര്‍ഹിക്കുന്നു.

നീര്‍ത്തടം

പൊതുവായ നീരൊഴുക്കുള്ള (ഡ്രൈനേജ്) ഒരു പ്രദേശത്തിന് വാട്ടര്‍ഷെഡ് അല്ലെങ്കില്‍ നീര്‍മറി പ്രദേശം എന്നുപറയാം. ഒരു വാട്ടര്‍ഷെഡ് പ്രദേശത്തുവീഴുന്ന മഴവെള്ളമോ അവിടെയുള്ള ഉറവകളില്‍ കൂടിവരുന്ന ജലമോ ഒഴുകി പൊതുവായ ഒരു ചാലിലോ തോട്ടിലോ എത്തുകയും തുടര്‍ന്ന് അവിടെ നിന്നും നദിയില്‍ കൂടി കടലിലോ തടാകത്തിലോ എത്തുകയും ചെയ്യുന്നു. ഒരു ചെറിയ തോടോ ഒരു പുഴയോ ഒക്കെ കേന്ദ്രീകരിച്ച് അതാതിന്റെ വാട്ടര്‍ഷെഡ് എന്നുപറയാം.

വാട്ടര്‍ഷെഡ് അടിസ്ഥാനത്തിലുള്ള കാര്‍ഷികവികസനം

സുസ്ഥിരമായ വികസനം സാധ്യമാകുന്ന തരത്തില്‍ ഭൂവിഭവങ്ങളായ മണ്ണ്, ജലം, ജൈവ സമ്പത്ത് എന്നിവയിലൂടെ യുക്തിസഹമായ സംരക്ഷണവും അവയുടെ പ്രകൃതങ്ങള്‍ക്കിണങ്ങുന്ന രൂപത്തില്‍ ഉപയോഗം ക്രമപ്പെടുത്തുകയും ചെയ്യുന്ന ഒരു സന്തുലിത വികസന തന്ത്രമാണ് വാട്ടര്‍ഷെഡ് വികസനത്തിനായി ഉപയോഗപ്പെടുത്തേണ്ടത്. ഇതുവഴി മണ്ണുജലസംരക്ഷണം, കാര്‍ഷിക വികസനം, മൃഗസംരക്ഷണം, ക്ഷീരവികസനം, സാമൂഹ്യവനവല്‍ക്കരണം, കാര്‍ഷിക - കാര്‍ഷികാനുബന്ധവ്യവസായ വികസനം, സാമൂഹ്യക്ഷേമം തുടങ്ങിയ വികസന പ്രക്രിയകള്‍ സമഗ്രമായി സംയോജിപ്പിക്കാം. വെള്ളപ്പൊക്കം, വരള്‍ച്ച, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നീ പ്രക്രിയകളെ നിയന്ത്രിക്കല്‍, ജലാശയങ്ങളുടെയും ജലസംഭരണികളുടെയും സംരക്ഷണം. പരിസ്ഥിതി പുനരുദ്ധാരണം എന്നിവയൊക്കെ നീര്‍ത്തടാധിഷ്ഠിത വികസന പരിപാടികളുടെ ലക്ഷ്യങ്ങളില്‍ പെടുത്താം. 

 

Rain

മഴവെള്ളം സംഭരിക്കുക വഴി വികസ്വര രാജ്യങ്ങളിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രത്യേകിച്ച് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ജല ലഭ്യത ഉറപ്പുവരുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര ശൃംഖലയാണ് റൈന്‍. 2003 ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിച്ച ഇത് മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ചെറുകിട മഴവെള്ള സംഭരണ പദ്ധതികളിലാണ.് ആഗോളതലത്തില്‍ മഴവെള്ള സംഭരണത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതില്‍ ശ്രദ്ധ പതിപ്പിക്കുന്ന ഈ സംരംഭം പ്രാദേശിക പദ്ധതികള്‍ക്കു വേണ്ട വിവരങ്ങളും എത്തിച്ചുകൊടുക്കുന്നു.

ചെന്നെ നഗരത്തില്‍ ആയിരക്കണക്കിന് ക്ഷേത്രക്കുളങ്ങളുണ്ട്. വലിയ ജലസംഭരണികളായി പ്രവര്‍ത്തിക്കുന്ന ഇവമൂലം സമീപപ്രദേശങ്ങളിലെ  ആളുകള്‍ക്ക് അവരുടെ കിണറില്‍ നിന്നും വെള്ളം എടുക്കുവാനും സാധിക്കുന്നു. 5 മുതല്‍ 10 ലക്ഷം രൂപ വരെ ചെലവഴിച്ച് റോട്ടറി ക്ലബാണ് ഈ കുളങ്ങള്‍  പ്രവര്‍ത്തയോഗ്യമാക്കുന്നത്. മഴവെള്ള സംഭരണത്തെ നിര്‍ബന്ധ സേവനമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം തമിഴ്‌നാടാണ്.

 

ജലസംരക്ഷണം - സൂക്ഷ്മതലത്തില്‍

1. ടാപ്പുകള്‍ മുറുക്കി അടക്കുക. ലീക്കുള്ളവ യഥാസമയം നന്നാക്കുക

2. വാഹനം ഹോസുപയോഗിച്ച് കഴുകാന്‍ 400 ലിറ്റര്‍ വെള്ളം ആവശ്യമെങ്കില്‍ ബക്കറ്റുപയോഗിച്ചാല്‍ 300 ലിറ്റര്‍ വരെ സംരക്ഷിക്കാം.

3. ലീക്കുള്ള ഒരു ടോയ്‌ലറ്റിലൂടെ 1600 ലിറ്റര്‍ ജലം ഒരു വര്‍ഷം നഷ്ടപ്പെടുന്നു.

4. ഒന്നോ രണ്ടോ വസ്ത്രങ്ങള്‍ക്ക് വാഷിംഗ് മെഷീന്‍ ഉപയോഗിക്കരുത്. ഒരു ഫുള്‍ലോഡെങ്കിലും ഉണ്ടാകണം.

5. വലിയ പാത്രങ്ങളിലും ഡ്രമുകളിലും വെള്ളം ശേഖരിച്ചാല്‍ തോട്ടം നനക്കുപയോഗപ്പെടുത്താം.

6. വരള്‍ച്ചയെ അതിജീവിക്കുന്ന ചെടികള്‍ തെരഞ്ഞെടുക്കാം. ദിവസത്തില്‍ തണുപ്പുള്ള സമയം നനക്കുക.

7. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ഏറ്റവും വൃത്തിയുള്ള പച്ചക്കറികള്‍ ആദ്യം കഴുകി പിന്നീട് മറ്റുള്ളവക്ക് ഉപയോഗപ്പെടുത്തുകയും അവസാനം ചെടികള്‍ക്ക് ഒഴിക്കുകയും ആകാം.

പല നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെയും കൃഷിരീതികള്‍ അനുവര്‍ത്തിക്കുന്നതിലൂടെയും മഴവെള്ളം സംഭരിക്കാം.

1. കാലവര്‍ഷത്തില്‍ തെങ്ങിനു തടമെടുത്ത് മഴവെള്ളം സംഭരിക്കാം. തെങ്ങിന്‍ ചുവട്ടില്‍നിന്നും 2 മീറ്റര്‍ അകലം വരെ 10 സെ.മീറ്റര്‍ താഴ്ചയില്‍ തടമെടുത്താല്‍ പല മഴകളിലൂടെയുള്ള വെള്ളം ആഴ്ന്നിറങ്ങി ഭൂഗര്‍ഭജലവിതാനം കൂട്ടാം. കൂടാതെ നാളികേര തൊണ്ടുകള്‍ക്ക് തൂക്കത്തിന്റെ ആറിരട്ടി വരെ വെള്ളം സംഭരിക്കാന്‍ കഴിയും. ഇടവപ്പാതിക്ക് തൊട്ടുമുമ്പ് തെങ്ങിനു ചുറ്റും അരമീറ്റര്‍ വീതിയിലും താഴ്ചയിലും ചാലുകള്‍ കീറി മൂന്നോ നാലോ വരിയായി തൊണ്ടുകള്‍ മലര്‍ത്തി അടുക്കിവെച്ച് മണ്ണിട്ട് മൂടാം. അഞ്ചുമുതല്‍ 7 വര്‍ഷം വരെ ഇതിന്റെ പ്രയോജനം നിലനിര്‍ത്താം. കാലവര്‍ഷം കഴിയുന്ന ഉടനെ കവുങ്ങിനും ഇത് അനുവര്‍ത്തിക്കാം.

2. ചെരിവുള്ള സ്ഥലങ്ങളില്‍ നെടുെകയാണ് മണ്ണിളക്കേണ്ടത്. മഴവെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ച് ഉഴവുചാലുകളില്‍ വെള്ളം കെട്ടിനിര്‍ത്തി മണ്ണിലേക്ക് ഊര്‍ന്നിറങ്ങാന്‍ ഇത് സഹായിക്കും.

3. നികന്നുപോയ കുളങ്ങളും കിണറുകളും ചെളിനീക്കം ചെയ്യുകയും പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരികയും ചെയ്യുക.

4. പയര്‍വര്‍ഗത്തില്‍പെട്ട ചെടികളെ ആവരണവിളകളായി നട്ട് പുതയിടലിന് ഉപയോഗിക്കാം. പറമ്പിലെ ചെരിവിനു കുറുകെ രാമച്ചവും പുല്ലു വര്‍ഗത്തില്‍ പെടുന്ന മറ്റു ചെടികളും പിടിപ്പിച്ച് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാം. രാമച്ചം ഒരു അരിപ്പപോലെ പ്രവര്‍ത്തിക്കുകയും മണ്ണ് മുകളില്‍ അടിഞ്ഞ് ഒരു വരമ്പ് രൂപപ്പെട്ട് വെള്ളം കെട്ടിനിര്‍ത്താനും ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താനും സഹായിക്കും. കൂടാതെ പറമ്പിന്റെ അതിരില്‍ കൈത വച്ചുപ്പിടിപ്പിക്കുന്നതും ഒഴുക്ക് തടയാന്‍ നല്ലതാണ്.

5. പുരയിടങ്ങളിലും കിണറുകള്‍ക്ക് ചുറ്റും കുഴികള്‍ കുഴിച്ച് വെള്ളം താഴ്ത്താം. 1 മീറ്റര്‍ നീളവും വീതിയും 50 സെ.മീറ്റര്‍ താഴ്ചയുമുള്ള കുഴികള്‍ ഏതു ഭൂപ്രകൃതിക്കും യോജിക്കും. മഴയില്‍ നിറയുന്ന വെള്ളം മണ്ണിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു.

6. പുരപ്പുറത്തെ വെള്ളം ശേഖരിക്കുന്നതിലൂടെ വേനല്‍ക്കാലത്ത് ഉപയോഗിക്കാം. പാത്തി വഴി താഴെ വീടിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന ഫെറോസിമന്റ്, ഫൈബര്‍, ഇഷ്ടിക ഓടുകളില്‍ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനവും കൂടെ ഒരുക്കിയാല്‍ മാസങ്ങളോളം കേടുകൂടാതെ ഇരിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. അധികമുള്ള ജലം കിണര്‍ റീചാര്‍ജിംഗിനു ഉപയോഗപ്പെടുത്താം.

7. കാര്യക്ഷമമായ ജലസേചന സംവിധാനമായ ഡ്രിപ്പ് നനയിലൂടെ ജല ഉപയോഗം വളരെ കുറവാണ്. 

 

ഡ്രിപ്പ് നന

പരമ്പരാഗത നന രീതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സൂക്ഷ്മജലസേചനത്തില്‍ ജലോപയോഗം വളരെ കുറവാണ്. ചെടിച്ചുവട്ടിലേക്ക് ജലം കണികകളായി ഇറ്റിച്ചുകൊടുക്കുന്ന നന രീതിയാണിത്. നീരാവി രൂപത്തിലുള്ള ജലനഷ്ടം ഉണ്ടാകുന്നില്ല. അതോടൊപ്പം വെള്ളം വേരുപടലത്തിലേക്ക് സാവധാനം ഊര്‍ന്നിറങ്ങി മണ്ണില്‍ സദാസമയം ഈര്‍പ്പം നിലനിര്‍ത്തുന്നു. പരമ്പരാഗത നനക്ക് തെങ്ങിന് ഒരു നനക്ക് 100 ലിറ്റര്‍ ആവശ്യമായി വരുമ്പോള്‍ ഇതിലൂടെ 30-40 ലിറ്റര്‍ മാത്രം മതി. കൂടാതെ കൂലിചെലവും ലാഭം. വെള്ളത്തിനൊപ്പം വളവും കൂടി നല്‍കിയാല്‍ (ഫെര്‍ട്ടിഗേഷന്‍) കൂടുതല്‍ മെച്ചമാണ്. ഇതിന് വെള്ളവും വളവും യോജിപ്പിക്കാന്‍ ടാങ്ക് ആവശ്യമാണ്. 70-80% ആണ് ഡ്രിപ്പ് നനരീതിയുടെ കാര്യക്ഷമത. പരമ്പരാഗത നനരീതികളില്‍ ഇത് 50% മോ അതില്‍ താഴെയോ ആണ്. തുടക്കത്തിലുള്ള ചെലവുകള്‍ക്ക് സബ്‌സിഡി ലഭ്യമാകുന്നുണ്ട്. ഫീല്‍ഡില്‍ ചെയ്തുതരുന്ന ഏജന്‍സികളുമുണ്ട്. തെങ്ങ്, വാഴ, പച്ചക്കറികള്‍ എന്നിവക്ക് വളരെ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുള്ള ഈ രീതിയിലൂടെ ഒരുതുള്ളി വെള്ളവും പാഴായിപ്പോകുന്നില്ല.

 

കിണര്‍ റീചാര്‍ജിംഗ്

പ്രകൃതിയില്‍നിന്നും ലഭിക്കുന്നതില്‍ ഏറ്റവും ശുദ്ധമായത് മഴവെള്ളം തന്നെയാണ്. മേല്‍ക്കൂരയില്‍ നിന്നുള്ള വെള്ളത്തില്‍ പായല്‍ പോലുള്ളവയും പൊടിപടലങ്ങളും മറ്റു പക്ഷികാഷ്ടങ്ങളുമൊക്കെ പെടുന്നതിനാല്‍ കുടിവെള്ളമായി ഉപയോഗിക്കാന്‍ സാധ്യമല്ല. 300 സെന്റീമീറ്റര്‍ മഴയുള്ള കേരളത്തില്‍ ഒരു സെന്റ് (40 ചതുരശ്രമീറ്റര്‍) സ്ഥലത്തു നിന്നുള്ള മഴവെള്ളം ശേഖരിക്കാനായാല്‍ അത് ഒന്നേകാല്‍ ലക്ഷം ലിറ്ററിനടുത്തുണ്ടാകും. ഇത് ശേഖരിച്ച് ശുദ്ധീകരിച്ച് ഉപയോഗിക്കാവുന്നതാണ്.

ഏതുതരത്തിലുള്ള മേല്‍ക്കൂരയില്‍ നിന്നും ടെറസ്സില്‍ നിന്നും നേരിട്ടും പാത്തിയിലൂടെ പി.വി.സി കുഴല്‍ വഴി മഴവെള്ളം ശേഖരിക്കാം. ഒഴുകിയെത്തുന്ന മഴവെള്ളത്തിലുള്ള അലേയ മാലിന്യങ്ങളും ലേയ മാലിന്യങ്ങളും അപദ്രവ്യക്കെണികള്‍ ഉപയോഗിച്ച് നീക്കംചെയ്യാം. തുടര്‍ന്ന് ടാങ്കിന്റെ അടിയിലാണ് ലയമാലിന്യങ്ങള്‍ നീക്കംചെയ്യാനുള്ള ശുദ്ധീകരണ അറ തയ്യാറാക്കുന്നത്. ഇഷ്ടികയോ പ്രത്യേക തരം മണ്‍കട്ടകളോ ഉപയോഗിച്ച് നിര്‍മിക്കുന്ന ശുദ്ധീകരണ അറയില്‍ ഭൂമിക്കടിയിലൂടെ അരിച്ചിറങ്ങുമ്പോഴുണ്ടാകുന്ന ശുദ്ധീകരണം ഉറപ്പാക്കാം. ഇങ്ങനെ ശുദ്ധീകരിക്കപ്പെടുന്ന ജലം കുഴല്‍ വഴി പുറത്തേക്കെടുത്ത് വലിയ സംഭരണികളില്‍ ശേഖരിക്കുകയോ കിണറിലേക്ക് റീചാര്‍ജ് ചെയ്യുകയോ ആവാം. ദിവസേന 500 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്ന സംവിധാനമൊരുക്കാന്‍ 3000 രൂപക്കുള്ളിലേ ചെലവ് വരൂ. കിണറില്‍ നിന്നും ശുദ്ധമായ വെള്ളം എടുക്കുന്ന നമ്മള്‍ മലിനമാക്കപ്പെട്ട വെള്ളം കൊണ്ട് റീചാര്‍ജ് ചെയ്യാന്‍ പാടില്ല എന്ന ധാര്‍മിക ഉത്തരവാദിത്വം മുന്‍നിര്‍ത്തിയാണ് മഴവെള്ളത്തെ കിണര്‍ വെള്ളം പോലെ ശുദ്ധീകരിച്ച് ഭൂമിയുടെ ജലബാങ്കിലേക്ക് കിണര്‍ വഴി കടത്തിവിട്ട് റീചാര്‍ജിംഗ് സാധ്യമാകുന്നത്. ഇത് ചെലവ് കുറഞ്ഞതും വേഗം ഫലപ്രാപ്തി ലഭിക്കുന്നതുമായ ഒരു പദ്ധതിയാണ്. 

ജലസമാഹരണത്തിന് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചും കാലാവസ്ഥാ വ്യതിയാനത്തിനനുസൃതമായ പദ്ധതികള്‍ ആവിഷ്‌കരിച്ചും വരുംകാലങ്ങളില്‍ വികസനനയങ്ങള്‍ സ്വീകരിച്ചെങ്കിലേ കേരളം ഇന്നനുഭവിക്കുന്ന വരള്‍ച്ചാ പ്രശ്‌നങ്ങള്‍ മറികടക്കാനാകൂ. അങ്ങനെ പ്രകൃതിയുടെ അമൃതായ മഴയെ മഴവെള്ള സംഭരണ മാര്‍ഗങ്ങളിലൂടെ നമുക്ക് മണ്ണില്‍തന്നെ കാത്തുസൂക്ഷിക്കാം. വരും തലമുറക്കും കൈമാറാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top