ഉച്ചവെയിലിന്റെ മൗനം

ഡോ. എം. ഷാജഹാന്‍ No image

ഭീമാകാരനായ ഒരു പോത്ത്. ധാരാളം ഉണക്കപ്പുല്ലുകളും ഇടക്കിടക്ക് ചെറിയ പച്ചപ്പുമുള്ള വിശാലമായ പറമ്പില്‍ തലയും താഴ്ത്തി എന്തൊക്കെയോ കാര്‍ന്നുതിന്നുന്നതില്‍ വ്യാപൃതനായി നടക്കുന്നു. ഇടക്ക് ശക്തമായി മൂക്കു ചീറ്റുന്നുണ്ട്. ചിലപ്പോള്‍ വാല്‍ ശക്തിയായി ഇരുവശത്തേക്കും ചുഴറ്റി ദൂരേക്ക് നോക്കി എന്തോ ശ്രദ്ധിക്കുന്നതുപോലെ നില്‍ക്കും. ശൂന്യമായ പറമ്പില്‍ അങ്ങനെ ശ്രദ്ധയാകര്‍ഷിക്കാനായി ഒന്നും കാണാത്തതുകൊണ്ടാവാം അല്‍പനേരം അങ്ങനെ നിന്നശേഷം ഒരു നെടുവീര്‍പ്പോടെ വീണ്ടും തലതാഴ്ത്തും. നിന്നിടത്തുനിന്ന് ഒന്നുരണ്ടടി തെറ്റി അല്‍പം തിരിഞ്ഞ് വീണ്ടും പഴയപടി പുല്ലു കാര്‍ന്നു തുടങ്ങും. നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ഒരു കര്‍മം എന്ന മട്ടില്‍ നിര്‍ത്താതെ ഏകാഗ്രതയോടെ അതില്‍ മുഴുകും. കണ്‍തടങ്ങളില്‍ കണ്ണുനീര്‍ ഊറിക്കൂടിയിട്ടുണ്ട്. ഒരു മനുഷ്യന്‍ പോയിട്ട് ഒരു പൂച്ചയോ, അണ്ണാനോ, ഓന്തോ പോലുമില്ലാതെ ഉച്ചവെയിലില്‍ ശൂന്യമായി ഉണങ്ങിക്കിടക്കുകയാണാ പറമ്പ്. ചൂടാവി പാറുന്നതുപോലൊരു കാറ്റും. ഉദാരമായ ഒരു നിയന്ത്രിത സ്വാതന്ത്ര്യം പോലെ വളരെ നീളം കൂടിയൊരു കയര്‍ അവന്റെ നീക്കത്തിനൊത്ത് വിരസതയോടെ മണ്ണിലിഴയുന്നു.

ഓന്തും അണ്ണാനും പൂച്ചയും മനുഷ്യനൊന്നുമില്ലെങ്കിലും ഒരാളുണ്ട് അവന് കൂട്ടായി; വെളുത്ത് മെലിഞ്ഞ് നീണ്ട ഒരു കൊക്ക്. എപ്പോഴാണ് അവള്‍ വന്നതെന്നറിയില്ല. അവനെ ആ പറമ്പില്‍ കണ്ടതു മുതല്‍ ആ സുന്ദരിയും അവനോടൊപ്പമുണ്ട്. ഭീമാകാരനായ അവന്റെ ചെറിയ ചലനങ്ങള്‍ക്കൊപ്പിച്ച് തന്റെ ഭംഗിയുള്ള നീണ്ട കാലുകള്‍ കല്ലിലും കട്ടയിലും പുല്ലിലും മനോഹരമായി പതിപ്പിച്ചും ഊരിയെടുത്തും വീണ്ടും മാറ്റിച്ചവിട്ടിയുംകൊണ്ട് അവനോടൊട്ടിച്ചേര്‍ന്ന് ഒരു യുഗ്മ നടനത്തിലെന്നോണം അവളും ചലിക്കുന്നു.

എന്താണവര്‍ക്കിടയിലെ ബന്ധം?

എന്താണവര്‍ തമ്മിലുള്ള സംവാദം? ഇടപാട്?

അവള്‍ പറയുന്ന പായാരങ്ങളെല്ലാം തല കുലുക്കി കേട്ടും, ദീര്‍ഘനിശ്വാസം വിട്ടും, ഒട്ടു ചിന്തിച്ചും ഗാഢമൗനമാചരിച്ചും അവളെ ഗൗരവമായി പരിഗണിക്കുന്നതു കണ്ടാല്‍ അവള്‍ അവന്റെ ഭാര്യ തന്നെയാണെന്നു തോന്നും. അതോ അവന്‍ ശ്രദ്ധിക്കുന്നതായി ഭാവിക്കുന്നതു മാത്രമേയുള്ളൂ എന്നാണോ? വീട്ടിലേക്കാവശ്യമുള്ള സാധനങ്ങളുടെ ഒരു നീണ്ട നിരയാണ് അവള്‍ അവതരിപ്പിക്കുന്നതെന്ന് അവന്റെ ഉല്‍സാഹക്കുറവു കണ്ടാലറിയാം. വീട്ടില്‍ ഇത്രയും ദാരിദ്ര്യവും പരിവട്ടവുമാണെന്ന് ബോധ്യപ്പെടുത്തിയാലും അതിനെക്കുറിച്ചൊന്നും യാതൊരു ചിന്തയുമില്ലാതെ ഈ വെളിമ്പറമ്പില്‍ ഇങ്ങനെ കറങ്ങിനടക്കാന്‍ നിങ്ങള്‍ക്കാവുന്നുണ്ടല്ലോ മനുഷ്യാ എന്നു കുറ്റപ്പെടുത്തലുമായാണവള്‍ വന്നിരിക്കുന്നത്. ഇത്തരം ആവശ്യങ്ങളുടെയും അനാവശ്യങ്ങളുടെയും ശല്യം സഹിക്കവയ്യാഞ്ഞിട്ടാണ് അവന്‍ രാവിലെ വീട്ടില്‍നിന്ന് ഇറങ്ങിനടന്നത്. എന്നിട്ടിപ്പോള്‍ ഇവിടെയും വന്നിരിക്കുന്നു സൈ്വര്യം കെടുത്താന്‍. കുടുംബജീവിതം എന്നുപറഞ്ഞാല്‍ ഭാര്യ കുറെ ആവശ്യങ്ങള്‍ അവതരിപ്പിക്കലും ഭര്‍ത്താവ് അതെല്ലാം നിവര്‍ത്തിച്ചു കൊടുക്കലും മാത്രമാണോ? ഇതിനിടയിലെവിടെയെങ്കിലും അല്‍പം പ്രണയവും മധുരവുമെല്ലാം വേണ്ടേ? തന്റെ കുടുംബത്തില്‍നിന്ന് അതെല്ലാം എപ്പോഴാണ്, എങ്ങനെയാണ്,എന്തുകൊണ്ടാണ്  അപ്രത്യക്ഷമായത് എന്ന് വ്യസനിക്കുന്നതുപോലെ തോന്നും അവന്റെ ദീര്‍ഘനിശ്വാസങ്ങള്‍ കേട്ടാല്‍.

അവനിപ്പോഴും അവളോട് പഴയ പ്രണയവും സ്‌നേഹവുമുണ്ട്. അവളിപ്പോഴും സുന്ദരിയും പ്രണയിക്കാന്‍ യോഗ്യയും ആണെന്നുതന്നെയാണ് അവന്റെ അഭിപ്രായം. അതു പുല്ലുകാന്തുന്നതിനിടയിലെ ഉണ്ടക്കണ്ണുകളുടെ കള്ളനോട്ടം കണ്ടാലറിയാം. പക്ഷേ അവള്‍ ഈയിടെയായി വല്ലാതെ ചടച്ചിരിക്കുന്നു. ഉത്തരവാദിത്ത ചിന്തകളും കണക്കുകൂട്ടലുകളും ആശങ്കകളും കൊണ്ട് അവളുടെ കഴുത്ത് നീണ്ടിരിക്കുന്നു. ശരീരം ശോഷിച്ചിരിക്കുന്നു. ചോരപ്പ് മങ്ങിയിരിക്കുന്നു. നീണ്ടിടം പെട്ടുകിടന്നിരുന്ന അവളുടെ സുന്ദരനയനങ്ങള്‍പോലും മഞ്ഞനിറത്തില്‍ വട്ടത്തിലായിരിക്കുന്നു. എന്തോ കണ്ട് ഭയന്ന ഒരു മുഖഭാവമാണ് ഇക്കാലത്തെല്ലാം അവള്‍ക്ക്. പഴയ സുരഭില കാലത്തിന്റെ ശേഷിപ്പുകളായിട്ട് ആ ഒതുക്കമുള്ള ശരീരഘടനയും സുന്ദരമായ കാല്‍വെയ്പ്പുകളും മാത്രമുണ്ട്. എന്തിനാ ഇത്ര ആശങ്കപ്പെട്ട് ജീവിതം തുലക്കുന്നതെന്നും ഒന്നിനെപ്പറ്റിയും വ്യാകുലപ്പെടാതെ എല്ലാത്തിനെയും നിസ്സാരമട്ടില്‍ കണ്ട് ലോകത്തിനു നേരെ ശൂന്യമായ ഒരു നോട്ടവുമെറിഞ്ഞ് ശാന്തമായും മന്ദമായും തന്നെപ്പോലെ ജീവിച്ചുകൂടെയെന്ന് അവന്‍ പലവുരു അവളോട് ചോദിച്ചിട്ടുണ്ട്. അപ്പോഴെല്ലാം നിങ്ങള്‍ ആണുങ്ങള്‍ക്ക് അങ്ങനെയൊക്കെയാവാം, ഒരു വീട്ടമ്മയുടെ പങ്കപ്പാടുകള്‍ നിങ്ങള്‍ക്കെന്തറിയാം എന്നുംപറഞ്ഞ് കഴുത്ത് നീട്ടിപ്പിടിച്ചും പിന്നെ കഴുത്തൊന്ന് വെട്ടിച്ചും അവള്‍ നടന്നുനീങ്ങുമായിരുന്നു.

ഒന്നും രണ്ടും പറഞ്ഞ് രാവിലെ പിണങ്ങിയിറങ്ങിപ്പോന്നതാണ്. എന്നിട്ടതെല്ലാം മറച്ചുപിടിച്ച് നാണമില്ലാതെ ആവശ്യങ്ങള്‍ അവതരിപ്പിക്കാന്‍ വന്നിരിക്കുന്നു എന്നാണവന്‍ നിശ്വസിക്കുന്നത്. പറഞ്ഞോളൂ, ഇഷ്ടം പോലെ പറഞ്ഞോളൂ വാങ്ങലൊക്കെ കണക്കുതന്നെ എന്നതാണവന്റെ തല്‍ക്കാലത്തെ ഭാവം.

ഇനി അവര്‍ അച്ഛനും കൊച്ചുമകളുമാണെന്നു വരുമോ?

ഇന്നു സ്‌കൂളില്‍ പോവുന്നില്ല എന്നുറപ്പിച്ച് ധരിച്ചിരിക്കുന്ന യൂണിഫോമോടെത്തന്നെ അച്ഛന്റെ പണിസ്ഥലത്തേക്കോടിവന്ന്, ഇന്ന് കോമ്പോസിഷനും സ്‌കെയിലും വാങ്ങിച്ചെന്നില്ലെങ്കില്‍ സ്‌കൂളില്‍ കയറ്റില്ല എന്ന പ്രശ്‌നം ചിണുങ്ങിക്കൊണ്ടവതരിപ്പിക്കുന്ന അരുമ മകളോ അവള്‍? ഈ കറുത്തുതടിച്ച ബകന് ഇങ്ങനെ വെളുത്തു മെലിഞ്ഞു നീണ്ട ഒരു മകളോ? അച്ഛനെ ചെന്നുകണ്ടിട്ട് വേഗം വാ എന്നുംപറഞ്ഞ് അമ്മ അവളെ പറഞ്ഞയച്ചതായിരിക്കാം. ഏതായാലും വാങ്ങല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തല്‍ക്കാലം സാധിക്കില്ല എന്ന നിലപാടില്‍ തന്നെയാണ് പോത്ത്. ധാരാളം പണിത്തിരക്കും മറ്റു നൂറു കൂട്ടം ചിന്തകളും ഉള്ളവനെപ്പോലെ അവള്‍ക്ക് അവന്‍ പാതിചെവി മാത്രമേ കൊടുക്കുന്നുള്ളൂ. പക്ഷേ അതൊന്നും ആ കുസൃതിപ്പെണ്ണിന്റെയടുത്ത് ചെലവാകുന്നില്ല. ശ്രദ്ധിക്കുന്നില്ലെന്നു തോന്നിയാല്‍ ആ മകള്‍ അച്ഛന്റെ നേരെമുന്നില്‍ കയറിയങ്ങു നില്‍ക്കും. അപ്പോള്‍ അവന്‍ നിന്നിടത്തുനിന്നും അല്‍പം തിരിയുകയും ചെയ്യും.

അവളുടെ അമ്മയുമായി രാവിലെ വഴക്കടിച്ചു പോന്നതുതന്നെയാണവന്റെ ഉല്‍സാഹക്കുറവിന് കാരണം. ആ കലിപ്പ് ഇപ്പോഴും ഇറങ്ങിയിട്ടില്ല. മകളെ കണ്ടാലൊന്നും അതു മാറുകയുമില്ല. അതെല്ലാം ഭാര്യ വെറുതെ പ്രതീക്ഷിക്കുന്നതാണ്. വൈകുന്നേരം വീട്ടില്‍ ചെന്ന് നാലുവര്‍ത്തമാനം കൂടി പറഞ്ഞ് ന്യായം ആരുടെ ഭാഗത്താണെന്ന് സ്ഥാപിച്ചുമാത്രമേ പ്രശ്‌നം അവസാനിക്കുകയുള്ളൂ. അല്ലെങ്കിലും ഈയിടെയായി അവള്‍ക്ക് അഹങ്കാരം അല്‍പം കൂടിയിട്ടുണ്ട്. കോമ്പോസിഷനും സ്‌കെയിലുമൊന്നും ഇന്ന് വാങ്ങാന്‍ പറ്റില്ല എന്ന് ഒന്നുരണ്ടു പ്രാവശ്യം ശാന്തമായി പറഞ്ഞിട്ടും മകള്‍ പോവുന്ന ലക്ഷണമില്ലല്ലോ. ഇനിയെന്താണിവളോട് പറയേണ്ടതെന്നാണോ അവന്‍ തല ഉയര്‍ത്തി ചിന്തിക്കുന്നത്? തന്റെ മകള്‍ വല്ലാതെ വളര്‍ന്നിരിക്കുന്നു എന്ന് ഇടക്കിടെ ഒളികണ്ണിട്ട്‌നോക്കി വിലയിരുത്തുന്നുമുണ്ട്.

ഇനി അതൊന്നുമല്ല, വീടുവിട്ടുപോയി കള്ളും കഞ്ചാവും കള്ളക്കൂട്ടവും കറങ്ങിനടപ്പുമായി ജീവിതം ധൂര്‍ത്തടിക്കുന്ന മകനെ അന്വേഷിച്ചു കണ്ടെത്തിയ കൃശഗാത്രിയായ ഒരമ്മയാണോ അവള്‍? മകന്‍ ഈ പറമ്പില്‍ തലയുംതാഴ്ത്തി വെറുതെ കല്ലില്‍ ഇരിക്കുന്നു എന്നു കേട്ട് ഓടിവന്നതാണോ അവള്‍? 'നീ എത്രയും പെട്ടെന്ന് വീട്ടിലേക്ക് മടങ്ങിവരണം. അച്ഛന്‍ തീരെ വയ്യാതെ കിടപ്പിലാണ്. നിന്റെ താഴെ രണ്ടു സഹോദരങ്ങളുണ്ട്. നീ അതിനെക്കുറിച്ചെല്ലാം ചിന്തിക്കാത്തതെന്ത്? ഇങ്ങനെ കറങ്ങിയടിച്ച് നടക്കാവുന്ന അവസ്ഥയാണോ നിന്റേത്? കൂട്ടുകാര്‍ പലതും പറയും. അതിലൊന്നും നീ വീഴരുത്. മാന്യമായ വല്ല തൊഴിലും ചെയ്ത് നാലു കാശുണ്ടാക്കി അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും നോക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമുള്ളവനാണ് നീ' എന്ന് ആ അമ്മ അവന്റെ പിറകേ നടന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണോ? 

അതിലൊന്നും വലിയ താല്‍പര്യം കാണിക്കാതെ അവന്‍ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ നോക്കിക്കൊണ്ടിരിക്കുന്നു. ഇടക്ക് ദിര്‍ഘ നിശ്വാസമുതിര്‍ക്കുന്നു. വീണ്ടും നിരുല്‍സാഹത്തോടെ തല പുല്ലിലേക്കു പൂഴ്ത്തുന്നു. ദാരിദ്ര്യവും പരിവട്ടവും കൊണ്ട് വലഞ്ഞ ആ അമ്മ തന്റെ ശോഷിച്ച ശരീരവുമായി തടിമാടന്‍ മകന്റെ ചുറ്റും നടക്കുന്നു.

അതോ ഉച്ചവെയിലിനെയും പെരുമഴയെയും ശ്രദ്ധിക്കാന്‍ പറ്റാത്തത്ര ഗാഢമായ പ്രണയത്തില്‍ അകപ്പെട്ടുപോയ രണ്ടുപേരാണോ അവര്‍?

ചില്ലറ സൗന്ദര്യപ്പിണക്കത്തില്‍ മിണ്ടാതെ നടക്കുന്ന കാമുകനെ ഒറ്റക്ക് സന്ധിച്ച് തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ പൊറുക്കണമെന്നപേക്ഷിക്കാന്‍ വന്നതാണോ ആ സുന്ദരി? കണ്ണുകളുടെ ചുറ്റുമുള്ള മഞ്ഞവലയം അവള്‍ നിഷ്‌കളങ്കയും സുശീലയുമാണെന്ന് വെളിപ്പെടുത്തുന്നുണ്ട്. പക്ഷേ തടിമാടന്‍ കാമുകന്‍ ഒട്ടും അയയുന്ന ലക്ഷണമില്ല. ഒരുപക്ഷേ അത്ര വലിയ അപരാധമായിരിക്കാം അവള്‍ അവനോട് ചെയ്തത്. മറ്റൊരുത്തനോട് സംസാരിക്കുന്നതൊക്കെ പൊറുക്കാമെങ്കിലും പകല്‍ മുഴുവന്‍ മറ്റൊരു പുരുഷന്റെ കൂടെ കറങ്ങിനടക്കുന്നത് ക്ഷമിക്കാവുന്നതാണോ? താന്‍ കറുത്തവനും വിരൂപനും ആയിരിക്കാം. എന്നാല്‍ പിന്നെ തനിക്കെന്തിന് ആശകള്‍ തന്നു എന്നാണവന്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ ചിന്തിക്കുന്നത്. തെറ്റു സഹിക്കുക, പിന്നെ പൊറുത്തുകൊടുക്കുക- രണ്ടുംകൂടി ഇനി വയ്യ എന്നതാണവന്റെ മാനസികാവസ്ഥ. തനിക്ക് ആരൊക്കെയോ ഉണ്ടെന്നും തന്റെ ആത്മാവ് ഒറ്റക്കല്ലെന്നുമുള്ള തോന്നലില്‍നിന്ന് പെട്ടെന്നൊരു ദിവസം നിരാശയുടെ പടുക്കുഴിയില്‍ പതിക്കുകയായിരുന്നു അവന്‍. ഇനി വരുംദിനങ്ങള്‍ എത്ര വിരസവും ശൂന്യവുമായിരിക്കും എന്ന വിചാരമാണ് വിദൂരതയിലേക്കു നോക്കിനില്‍ക്കുന്ന അവന്റെ മുഖത്ത് നിഴലിക്കുന്നത്. ഇങ്ങനെ പാതിവഴിയില്‍ ഉപേക്ഷിക്കാനായിരുന്നുവെങ്കില്‍ പാടത്തു പച്ചപ്പു കാര്‍ന്നുകൊണ്ടുനിന്ന തനിക്ക് ആശകള്‍ നല്‍കി പ്രണയത്തിന്റെ സ്വര്‍ഗത്തിലേക്കു കൂട്ടിക്കൊണ്ടുപോവണമായിരുന്നോ?

തനിക്കെന്നും ഈ വിരസജീവിതം മാത്രമേ വിധിച്ചിട്ടുള്ളൂ എന്ന നിരാശയോടെയാണവന്‍ പുല്ലിലേക്ക് പിന്നെയും പിന്നെയും മുഖം പൂഴ്ത്തുന്നത്. 

അതൊന്നുമല്ലെങ്കില്‍ കാര്യപ്രാപ്തിയുള്ളവനും എന്നാല്‍ കഠിനഹൃദയനുമായ ഒരു രാഷ്ട്രീയനേതാവിനെ കാണാന്‍ വന്ന ആവലാതിക്കാരിയാകാം അവള്‍. തന്റെ വീടും പറമ്പും അന്യാധീനപ്പെട്ടതും വലിയൊരു കടക്കെണിയില്‍ പെട്ടുപോയതും വിവരിച്ച് രക്ഷാമാര്‍ഗം തേടിവന്നതാകാം. പക്ഷേ വിഷയതല്‍പരനും പണക്കൊതിയനുമായ ഈ നേതാവ് ആ പ്രശ്‌നങ്ങളൊന്നും ശ്രദ്ധിക്കുന്നേയില്ല. മറിച്ച് അവള്‍ പണം എടുത്തുനീട്ടുന്നുണ്ടോ എന്നും അവള്‍ കാണാനെങ്ങനെയെന്നും ഉണ്ടക്കണ്ണുകള്‍കൊണ്ട് ഇടക്കൊന്ന് ശ്രദ്ധിക്കുന്നുണ്ടെന്ന് മാത്രം. ചിലനേരങ്ങളില്‍ പരാതി കാര്യമായി മനസ്സില്‍ തട്ടിയപോലെ ഭാവിച്ച് നിശ്ചലനായി ദൂരേക്ക് നോക്കി നില്‍ക്കുന്നുമുണ്ട്. ആ സമയത്തും മനസിന്റെ പിന്നാമ്പുറത്ത് അയാള്‍ എന്തെല്ലാമോ നിഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണെന്ന് ആ നിഷ്ഠൂരമായ മുഖഭാവം കണ്ടാലറിയാം. ' ഓരോ ദാരിദ്ര്യപ്പരിഷകളുടെ കള്ളക്കണ്ണീര്‍ ' എന്നു പിറുപിറുത്തുകൊണ്ടായിരിക്കാം ശക്തമായി നിശ്വസിക്കുന്നുമുണ്ട്. നല്ല പണിത്തിരക്കുണ്ടെന്ന് ബോധ്യപ്പെടുത്താനായിരിക്കാം അവന്‍ ഇടക്കിടെ പുല്ലില്‍ മുഖം വല്ലാതെ പൂഴ്ത്തുന്നത്. ആവലാതിക്കാരിയാകട്ടെ നേതാവിന്റെ കൈവെട്ടത്തുനിന്നും അല്‍പം മാറി ശ്രദ്ധാപൂര്‍വമാണ് നിലകൊള്ളുന്നത്. നേതാവിന്റെ ചലനങ്ങള്‍ക്കൊത്ത് അവളും ചലിക്കുന്നുണ്ടെങ്കിലും സ്ത്രീസഹജമായ ആകര്‍ഷണീയതകളെ പരമാവധി മറച്ചുപിടിച്ച് തികച്ചും സൗന്ദര്യരഹിതമായാണ് കാലടികള്‍ പറിച്ചുപറിച്ചു വെക്കുന്നത്. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നു എന്നല്ലാതെ പ്രലോഭനപരമായ ഒരു പുഞ്ചിരിപോലും മുഖത്തു വരുത്താതെ അവള്‍ ശ്രദ്ധിക്കുന്നുണ്ട്.

അതോ പ്രകൃതിയുടെ നാശത്തില്‍ നിരാശപൂണ്ട രണ്ടാത്മാക്കളോ അവര്‍?

പാടവും, ചെളിയും, പച്ചപ്പും, വെള്ളവും പരല്‍മീനിനേയും  ഇഷ്ടപ്പെട്ടിരുന്നവരാണ് അവര്‍ രണ്ടുപേരും. ഇന്നത്തെ അവസ്ഥ എത്ര സങ്കടകരം! ചെളിയും പരല്‍മീനും പോയിട്ട് പുല്ലും പുല്‍ച്ചാടിയും പോലുമില്ല. എങ്ങും വരണ്ടുണങ്ങിയ ഭൂമിയുടെ നരച്ച താടിരോമങ്ങള്‍ മാത്രം. പച്ചമരങ്ങളും പച്ചമരത്തണലുമില്ല. കറുത്തിരുണ്ടുനനഞ്ഞ ഭൂതകാലത്തിന്റെ ഗൃഹാതുരസ്മരണകള്‍ പരസ്പരം പങ്കൂവെക്കുകയായിരിക്കാം അവര്‍. എന്തുകൊണ്ടീവിധം പ്രകൃതി വന്ധ്യമായി എന്ന് അഭിപ്രായപ്പെടുകയായിരിക്കാം. ഏതായാലും സ്മരണകളും വിശദീകരണങ്ങളും രണ്ടുപേരെയും കൂടുതല്‍ കൂടുതല്‍ നിരാശരാക്കുകയാണ് ചെയ്യുന്നതെന്ന് വ്യക്തം. കാരണം അവളുടെ പാദചലനങ്ങള്‍ കൂടുതല്‍ മന്ദഗതിയിലാവുകയും അവന്‍ പുല്ലുതീറ്റ നിര്‍ത്തി കൂടുതല്‍ സമയം ചിന്തയില്‍ മുഴുകുകയും ചെയ്യുന്നുണ്ട്. രണ്ടുപേരും ഒന്നിച്ച് ഒരേദിശയിലേക്ക് നോക്കി അല്‍പനേരം നിശ്ചലം നില്‍ക്കുന്നതും കാണാം.

ഇനി അവര്‍ രണ്ടുപേരും കഴിഞ്ഞ ജന്‍മത്തിലെ രണ്ടു കമിതാക്കളായിരുന്നു എന്നു വരുമോ.

തന്റെ കറുത്തുതടിച്ച അടിമയില്‍ അനുരക്തയായ അറേബ്യന്‍ രാജകുമാരി?

രഥം വലിക്കുന്ന നീഗ്രോയില്‍ വംശചിന്തയെ മറികടന്ന് പുരുഷനെ കണ്ടെത്തിയ ആര്യവനിത?

കീഴാള യുവാവുമായി പ്രണയത്തിലായ ബ്രാഹ്മണയുവതി?

ദീര്‍ഘകാലം വനാന്തരത്തില്‍ ഒറ്റപ്പെട്ടുപോയതിനാല്‍ കാട്ടുജാതിക്കാരന്‍ യുവാവ്  ഹൃദയത്തിലേക്കാവാഹിച്ച പരിഷ്‌കൃതയുവതി?

അങ്ങനെ ആരോ ആണവര്‍!

കഴിഞ്ഞ ജന്മത്തിലെ വര്‍ഗവൈജാത്യം ഇരുവര്‍ക്കുമിടയില്‍ ഇപ്പോഴും പ്രകടമാണ്. എന്നാല്‍ എല്ലാ അസമത്വങ്ങളെയും അപ്രസക്തമാക്കുംവിധം അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അനിഷേധ്യവും തീവ്രവുമായ ആത്മബന്ധവും പകല്‍പോലെ വ്യക്തം.

സത്യമായും അവര്‍ക്കിടയിലെന്തോ ഉണ്ട്.

നട്ടുച്ചവെയിലില്‍ വിജനമായ ആ ഉണക്കപ്പറമ്പിലേക്ക് ശ്രദ്ധാപൂര്‍വം കണ്ണോടിച്ചാല്‍ നിങ്ങള്‍ക്കും അതു ബോധ്യപ്പെടും. നിരീക്ഷിക്കുന്നത് അവരെ ശല്യപ്പെടുത്താതെയും സാധിച്ചാല്‍ അവരറിയാതെയും വേണമെന്നു മാത്രം. നേരെമറിച്ച് നിങ്ങളുടെ കാഴ്ചകള്‍ നിരീക്ഷണമാവുന്നതിനുപകരം മനനമില്ലാത്ത വെറും നോട്ടമായിപ്പോയാല്‍ പുല്ലുകാര്‍ന്നുതിന്നുന്ന ഒരു പോത്തിനെയും തൊട്ടടുത്ത് വല്ലതും തിന്നാന്‍ കിട്ടുമോ എന്നു നോക്കിനില്‍ക്കുന്ന ഒരു കൊക്കിനെയും മാത്രമേ നിങ്ങള്‍ക്ക് കാണാനാവൂ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top