നൊമ്പരത്തിനിടയിലെ ആശ്വാസം

അസൂറ അലി No image

ലേബര്‍ റൂമില്‍ ബന്ധുക്കളുടെ കൂട്ടിരിപ്പ്‌ എന്നത്‌ അടുത്ത കാലത്തായി ഇന്ത്യന്‍ ആരോഗ്യരംഗത്ത്‌ ചര്‍ച്ചയിലുള്ള വിഷയമാണ്‌.വിദേശത്ത്‌ ഇത്‌ വ്യാപകവുമാണ്‌. ബന്ധുക്കളുടെ കൂട്ടിരിപ്പ്‌ നിര്‍ബന്ധമാകുന്ന നിയമത്തെക്കുറിച്ച്‌ പോലും ആലോചന നടക്കുന്നു. ..
അത്തരമൊരു സംവിധാനം കേരളത്തിലും നടപ്പില്‍ വരുത്തുകയാണ്‌ തൃശൂരിലെ കോ ഓപറേറ്റീവ്‌ ഹോസ്‌പിറ്റലിലും ഹാര്‍ട്ട്‌ ഹോസ്‌പിറ്റലിലുമായി ജോലി നോക്കുന്ന ഡോക്ടര്‍ നിജി ജസ്‌റ്റിന്‍.
ലേബര്‍ റൂമിലേക്ക്‌ കടക്കുമ്പോഴേക്കും ചങ്കിടിപ്പു കൂടുന്നവര്‍ക്കായി സന്തോഷത്തിന്റെ വാതില്‍ തുറക്കുകയാണ്‌ ജസ്റ്റിന്‍. കുടുംബ ജീവിതത്തില്‍, പ്രേമസാക്ഷാത്‌ക്കാരത്തിന്റെ മൂര്‍ത്തമായ നിമിഷമാണ്‌ കുഞ്ഞുണ്ടാവുക എന്നത്‌. അമ്മയാകാന്‍ പോകുന്ന അസുലഭ നിമിഷത്തില്‍, അച്ഛനാകാന്‍ പോകുന്ന സുന്ദരനിമിഷത്തില്‍ രണ്ടുപേരും ഒന്നിച്ചുണ്ടാകണമെന്നാഗ്രഹിക്കാത്ത ഇണകളുണ്ടാവില്ല. പ്രിയപ്പെട്ടവന്റെ സാമീപ്യത്തില്‍, ആശ്വസിപ്പിക്കലില്‍, തലോടലില്‍, വേദനകള്‍ മറന്ന്‌ പ്രസവിക്കാന്‍, പൊന്നോമനയുടെ കരച്ചില്‍ കേട്ട്‌ ആനന്ദിക്കാന്‍ അവസരമുണ്ടാക്കിത്തരുകയാണ്‌ ഡോക്ടര്‍ നിജി.
അവര്‍ പറയുന്നതിങ്ങനെ: ``പിതാവാകുക എന്നത്‌ പുരുഷന്റെയും മാതാവാകുക എന്നത്‌ സ്‌ത്രീയുടെയും ജീവിതത്തിലെ ആനന്ദകരമായ നിമിഷമാണ്‌. ഇതിന്റെ പൂര്‍ത്തീകരണത്തിന്റെ ഘട്ടത്തില്‍ രണ്ടു പേരും ഒന്നിച്ചുണ്ടാവാനുള്ള അവസരം നല്‍കുകയല്ലേ വേണ്ടത്‌... ഈ ചിന്തയില്‍ നിന്നും തുടങ്ങി ഇതിനുള്ള ശ്രമം.''
അമേരിക്കയിലെ ഒരു ബന്ധു, അവരുടെ പ്രസവം ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെയും സാന്നിധ്യത്തിലായിരുന്നുവെന്നും അതവര്‍ക്ക്‌ പ്രസവ സമയത്ത്‌ വലിയ ആശ്വാസവും സമാധാനവും പകര്‍ന്നു എന്നും പറഞ്ഞത്‌ ഡോക്ടര്‍ക്ക്‌ വലിയ പ്രചോദനമായി.
ഈ രീതി ഇവിടെയും നടപ്പാക്കാന്‍ ശ്രമം തുടങ്ങി. ടെന്‍ഷനടിച്ച്‌ ലേബര്‍ റൂമിലേക്ക്‌ നടന്നു വരുന്ന ഗര്‍ഭിണിയായ ഭാര്യക്ക്‌ ആശ്വാസവും സമാധാനവും പകരാന്‍ ഏത്‌ ഭര്‍ത്താവ്‌ തയ്യാറെടുക്കും എന്ന അന്വേഷണമായി പിന്നീട്‌.
തന്റെ അടുത്തേക്ക്‌ വന്ന ദമ്പതികളില്‍ പലരോടും അവര്‍ ഇക്കാര്യം പറഞ്ഞു നോക്കി. എന്നാല്‍ പലര്‍ക്കും നാണവും മടിയും ആയിരുന്നു. പ്രതീക്ഷ കൈവിടാതെ വീണ്ടും വീണ്ടും ശ്രമിച്ചു. നിരന്തരമായ ക്ലാസുകളും നിരവധി ചര്‍ച്ചകളും നടത്തി, പ്രസവത്തിന്റെ സി.ഡികള്‍ പ്രദര്‍ശിപ്പിച്ചു സംശയങ്ങള്‍ ദൂരീകരിച്ചു. പ്രവര്‍ത്തനത്തിന്‌ ഫലമുണ്ടായി. ചിലര്‍ ഇഷ്ടത്തോടെ മുന്നോട്ട്‌ വന്നു. കാട്ടൂര്‍ സ്വദേശി വിന്‍സെന്റാണ്‌ തന്റെ ഭാര്യ സിബിയുടെ പ്രസവ സമയത്ത്‌ ലേബര്‍ റൂമില്‍ ഒരു സാന്ത്വനമായി കൂട്ടിരിക്കാന്‍ ആദ്യം തയ്യാറായത്‌.
വിന്‍സന്റ്‌ പറയുന്നു: ``പ്രസവത്തിന്‌ മുമ്പ്‌ കുഞ്ഞിന്റെ ഹൃദയമിടിപ്പ്‌ കേള്‍പ്പിച്ചു തന്നു. അവന്റെ കരച്ചില്‍ ആദ്യമായി കേട്ടപ്പോള്‍... പ്രസവമുറിയില്‍ വെച്ച്‌ അവനെ കയ്യില്‍ തന്നപ്പോള്‍ അനുഭവിച്ച സന്തോഷം... ഒന്നും വാക്കുകളിലൊതുങ്ങില്ല...''
ഭാര്യ സിബിയുടെ വാക്കുകളിങ്ങനെ: ``ഒരു ഉണ്ണിയുണ്ടാകാന്‍ ഇത്രയേറെ കഷ്ടപ്പാടുണ്ടല്ലേ എന്നദ്ദേഹം പറഞ്ഞു. പ്രസവ സമയത്ത്‌ അദ്ദേഹം എനിക്ക്‌ തന്ന സ്‌നേഹവും കരുതലും ഞാന്‍ ഒരിക്കലും മറക്കില്ല. പ്രസവത്തിന്റെ പ്രയാസങ്ങളെല്ലാം നേരില്‍ കണ്ടതുകൊണ്ട്‌ എന്നോടുള്ള സ്‌നേഹവും കൂടിയിട്ടുണ്ട്‌.''
അവിടുന്നങ്ങോട്ട്‌ ഒരുപാട്‌ പേര്‍ തയ്യാറായി. പ്രസവസമയം ഒരു യുദ്ധമുഖത്ത്‌ എന്ന പോലെയാണ്‌. സഹാനുഭൂതിയോ, സ്‌നേഹമോ കാരുണ്യമോ ലേബര്‍ റൂമിലുണ്ടാവാറില്ല. പുറത്താകട്ടെ, നെഞ്ച്‌ പിളരുന്ന ടെന്‍ഷനോടെ ഭര്‍ത്താവ്‌ എത്രസമയം കഴിഞ്ഞാലാണ്‌ കുഞ്ഞിക്കണ്ണുകള്‍ തുറന്നുള്ള പാല്‍പുഞ്ചിരി കാണാനാവുക? എല്ലാത്തിനും ഒരു പരിഹാരമായല്ലോ.
ഡോക്ടര്‍ നിജിയുടെ അഭിപ്രായത്തില്‍ അനാവശ്യമായ സിസേറിയനുകള്‍ നടത്തുന്നു എന്ന ആരോപണം ഡോക്ടര്‍മാര്‍ക്കെതിരെ വ്യാപകമായിരിക്കുന്നു. അപൂര്‍വമായി മരണവും സംഭവിക്കുന്നു. എന്നാല്‍ പ്രസവ സമയത്ത്‌ കൂടെയുണ്ടാകുന്ന ഭര്‍ത്താവിന്‌ കാര്യങ്ങള്‍ നേരിട്ട്‌ കാണാന്‍ അവസരം ലഭ്യമാകുന്നത്‌ കൊണ്ട്‌ അനാവശ്യ ആരോപണങ്ങളില്‍ നിന്ന്‌ രക്ഷപ്പെടുകയും ചെയ്യുമെന്നാണ്‌ അവരുടെ അഭിപ്രായം.
പണി കഴിഞ്ഞാല്‍ വീട്‌, വീട്‌ വിട്ടാല്‍ പണി എന്ന്‌ മാത്രം കരുതുന്നവരുടെ കൂട്ടത്തിലാണ്‌ ഇവരെന്ന്‌ കരുതിയാല്‍ തെറ്റി. സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവ പ്രവര്‍ത്തനം കാഴ്‌ചവെക്കുന്ന ഡോ: നിജി ജസ്റ്റിന്‍ യൂത്ത്‌ കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ്‌ പ്രസിഡന്റാണ്‌.
ഭര്‍ത്താവിന്റെ നൂറ്‌ ശതമാനം പിന്തുണയള്ളതുകൊണ്ട്‌ തന്നെ കുടുംബത്തില്‍ സന്തോഷമാണവര്‍ക്ക്‌. വിദ്യാര്‍ത്ഥികളായ മക്കള്‍ രണ്ടു പേരും കാര്യങ്ങള്‍ അറിഞ്ഞ്‌ അഡ്‌ജസ്റ്റ്‌ ചെയ്‌തുപോകുന്നു. അതുകൊണ്ട്‌ സാമൂഹ്യ സേവനവും കുടുംബവും ജോലിയും അവര്‍ക്ക്‌ ഭാരമാകുന്നില്ല.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top