വാഴപ്പഴം കൊണ്ടൊരു ബേബി ഫുഡ്

ഡോ. മുഹമ്മദ് ബിന്‍ അഹ്മദ് No image

ലോകത്തെവിടെയും ലഭിക്കുന്ന വിശിഷ്ട വസ്തുവാണ് വാഴപ്പഴം. ആരോഗ്യത്തിന് പരമപ്രധാനവും ആമാശയപ്രക്രിയക്ക് അയവും എളുപ്പത്തില്‍ ദഹിക്കുന്നതും ബാല വൃദ്ധ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഭക്ഷിക്കാവുന്നതുമായ പഴമാണ് വാഴപ്പഴം. വാഴപ്പഴം പല പേരിലാണ് പലനാടുകളില്‍ അറിയപ്പെടുന്നത്.

വാഴ പലതരമുണ്ടെങ്കിലും അവയില്‍ നിന്നുണ്ടാകുന്ന പഴത്തിന് വ്യത്യസ്ത രൂപവും വ്യത്യസ്ത രുചിയുമാണ്. നേന്ത്ര, റോബസ്റ്റ്, കദളി, ചെങ്കദളി, പൂവന്‍, മൈസൂര്‍, പാളയങ്കോടന്‍, പടല്‍, ഞാലിപ്പൂവന്‍,  ചാരക്കദളി, രസക്കദളി, മൊന്തന്‍, നെയ്‌വണ്ണന്‍, കര്‍പ്പൂരക്കദളി ഇങ്ങനെ പലതരത്തിലുണ്ട്. അതില്‍തന്നെ ഓരോ സ്ഥലത്തും വെവ്വേറെ പേരുകളിലാണ് അറിയപ്പെടുന്നതും.

നേന്ത്രവാഴയും കദളിയുമാണ് കുട്ടികള്‍ക്ക് കുറുക്കുണ്ടാക്കാനായി ഉപയോഗിച്ചുവരുന്നത്. അധികം മൂക്കാത്ത കായ തൊലികളഞ്ഞ് നല്ല വൃത്തിയുള്ള ശീലകൊണ്ട് കറ തുടച്ചു വൃത്തിയാക്കി ചെറുതായി വട്ടത്തില്‍ അരിഞ്ഞു വെയിലത്തുണക്കുക. ഉണക്കുമ്പോള്‍ ആവശ്യത്തിനു കരിഞ്ചീരകവും നല്ല ജീരകവും തെച്ചിപ്പൂവും മുത്തങ്ങ ചൊരികളഞ്ഞതും, കൊത്തമ്പാലയരി, ഏലത്തരി, ചെറുപുന്നയരി എന്നിവയും ചേര്‍ത്ത് നല്ലവണ്ണം ഉണക്കുക, ഇത് ഉണങ്ങിയതിനുശേഷം  കുറച്ചു ഞവരയരിയും ചേര്‍ത്ത് നല്ലവണ്ണം വീണ്ടും ഉണക്കുക. ശേഷം ഉരലിലിട്ടു ഇടിച്ചു പൊടിയാക്കുക. ഇതില്‍നിന്നു പാകത്തിനെടുത്തു (പാലിലോ വെള്ളത്തിലോ) ആവശ്യത്തിനു കല്‍ക്കണ്ടമോ തേനോ ചേര്‍ത്തു വിരകി കുട്ടികള്‍ക്കു കൊടുക്കാവുന്നതാണ്. ടിന്നിലടച്ചു മാര്‍ക്കറ്റില്‍ ലഭ്യമായ മറ്റേതൊരു ബേബി ഫുഡിനേക്കാളും പോഷകസമ്പന്നമായ ഒന്നാന്തരം ബേബി ഫുഡാണിത്.

 

കൃഷി രീതി

കാലവ്യത്യാസമന്യേ എല്ലാക്കാലത്തും എപ്പോഴും ഉണ്ടാകുന്നതാണ് വാഴ. ആവശ്യത്തിനു വെള്ളം, പോഷണത്തിനായി പച്ചില, ചാണകം, വെണ്ണീര്‍ എന്നിവയും വേണമെങ്കില്‍ പാകത്തിനു രാസവളവും ചേര്‍ത്താല്‍തന്നെ പറയത്തക്ക കീടനാശിനികള്‍ ഒന്നും കൂടാതെ വളരുന്നതാണ് വാഴ. എല്ലാ സ്ഥലത്തും വളരുമെങ്കിലും വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ വളരുന്നതല്ല. നല്ല നീര്‍വാഴ്ചയുള്ള സ്ഥലത്ത് വേണം വാഴ നടാന്‍. ആവശ്യത്തിനു വളവും മണ്ണിന് ഇളക്കവുമുണ്ടെങ്കില്‍  വമ്പന്‍ വിള പ്രതീക്ഷിക്കാവുന്നതാണ്. വളപ്രയോഗത്തിനു മുമ്പായി സ്വല്‍പം കുമ്മായവും വേപ്പിന്‍ പിണ്ണാക്കുമിടുന്നത് ഒരു പരിധിവരെ രോഗങ്ങളെ തടഞ്ഞുനിര്‍ത്തും.

ദഹനശക്തി, ശരീരശക്തി, ലൈംഗികശക്തി എന്നിവ വര്‍ധിപ്പിക്കുന്നതോടെ ശരീരത്തിന്റെ സ്ഥിരത നിലനിര്‍ത്തി മുഖകാന്തിയും ദേഹകാന്തിയും പ്രസന്നതയും ഉന്മേഷവും പ്രദാനം ചെയ്യുന്നു. പച്ചക്കായ മലബന്ധം ഉണ്ടാക്കുമ്പോള്‍ പഴുത്ത പഴം ശോധനയെ ഉണ്ടാക്കും. വാഴത്തണ്ട് (ഉണ്ണിപ്പിണ്ടി), വാഴക്കിഴങ്ങ്, വാഴമാണി, വാഴക്കൂമ്പ് എന്നിവയെല്ലാം ഭക്ഷ്യയോഗ്യമാണ്. അതെല്ലാം രോഗത്തെ മാറ്റി ആരോഗ്യം പ്രദാനം ചെയ്യുന്നു.

വാഴക്കിഴങ്ങും മുതിരയും ചേര്‍ത്തു വെച്ചുണ്ടാക്കുന്ന ഉപ്പേരിയും വാഴത്തണ്ടും മുതിരയും ചേര്‍ത്തുണ്ടാക്കുന്ന ഉപ്പേരിയും ഒന്നാന്തരം ഭക്ഷണ പദാര്‍ഥമാണ്. പ്രമേഹരോഗത്തിനും മൂത്രക്രമത്തിനും മൂത്രാഘാതത്തിനും അതിമൂത്രത്തിനും മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന കടച്ചില്‍, വേദന എന്നിവക്കും വാഴപ്പിണ്ടിനീര് നല്ല ഔഷധമാണ്. വാഴമാണി ഭക്ഷ്യയോഗ്യത്തേക്കാള്‍ ഉപരി നല്ലൊരൗഷധം കൂടിയാണ്. പുളിച്ചു തികട്ടല്‍, എരിച്ചില്‍, വയറിലെ അസ്വസ്ഥതകള്‍, ശക്തിയായ ഏമ്പക്കം തുടങ്ങിയ രോഗങ്ങള്‍ വാഴമാണി കഴിക്കുന്നതിലൂടെ മാറിക്കിട്ടും. വാഴമാണി ചെറുതായരിഞ്ഞ് ഓട്ടില്‍ നല്ലവണ്ണം വറുത്തു പൊടിയാക്കി ഒന്നോ രാേ ഗ്രാം വരെ പാലിലോ ഇഞ്ചിനീരിലോ വെള്ളത്തിലോ കലക്കി കഴിച്ചാല്‍ അന്റാസിഡിന്റെയും മറ്റു ഗ്യാസ്ട്രബ്ള്‍ സംഹാരിയുടെയും പിന്നാലെ ഓടേണ്ട ഗതികേട് മാറിക്കിട്ടുകയും ചെയ്യും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top