ഒരു തുള്ളിക്ക് കാത്തിരിക്കും കാലം

മജീദ് കുട്ടമ്പൂര് No image

മുന്‍ വര്‍ഷം മഹാരാഷ്ട്രയിലെ കൊടും വരള്‍ച്ച ബാധിച്ച ലാത്തൂരിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അയച്ച വെള്ളം നിറച്ച ജലതീവണ്ടി അവിടെയെത്തിക്കാന്‍ അതുകൊണ്ടുപോയ വഴികളില്‍ 144 പ്രഖ്യാപിക്കേണ്ടിവന്നു. ജനക്കൂട്ടം ജലം കൊള്ളയടിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി പോലീസിന് ലാത്തിച്ചാര്‍ജ് പ്രയോഗിക്കേണ്ടിയും വന്നു. ഇതൊക്കെ കൗതുകവും അത്ഭുതവും നിറഞ്ഞ വാര്‍ത്തയായി തോന്നാമെങ്കിലും നാളെ നമ്മുടെ കണ്‍മുന്നില്‍ തന്നെ സംഭവിക്കുമോ എന്നാശങ്കിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. നിത്യജീവിതത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വെള്ളം ഉപയോഗിക്കുന്ന മലയാളിക്കിനി വരള്‍ച്ചയും ജലദൗര്‍ലഭ്യവും എന്താണെന്നും അതിന്റെ ഭവിഷ്യത്തുകള്‍ എത്രത്തോളമുണ്ടെന്നും നേരിട്ടനുഭവിച്ചറിയാനാവും. ലോകത്തിലെ ജല ദൗര്‍ലഭ്യതയുടെ ദൈന്യത കേള്‍ക്കുമ്പോള്‍ അതൊന്നും തങ്ങളെക്കുറിച്ചല്ലെന്നും തനിക്ക് അത് ബാധകമല്ലെന്നും ചിന്തിക്കുന്ന നില മാറി, കാലാവസ്ഥാ മാറ്റത്തിന്റെയും ആഗോള താപനത്തിന്റെയും കെടുതികള്‍ ഇനി മുഖാമുഖം അനുഭവബോധ്യമാവാന്‍ പോവുകയാണ്.

അറബിക്കടലിലേക്ക് തലചായ്ച്ചു കിടക്കുന്ന, സഹ്യന്‍ അതിരിട്ട ഈ ഇത്തിരിതുണ്ട് മണ്ണിലേക്ക് മീനവും മേടവും കഴിഞ്ഞ് ഇടവം പാതിയോടെ സമൃദ്ധമായി വന്നെത്തുന്ന മഴയോടെ ആറു മാസത്തോളം നീളുന്ന വര്‍ഷകാലം. മിഥുന മഴയില്‍ കൃഷിയിറക്കുന്ന വിതക്കാലം. തിരിമുറിയാത്ത കര്‍ക്കിടക മഴയില്‍ ജോലിക്ക് പോകാതെ സംഭരിച്ചുവെച്ച വിഭവങ്ങള്‍ ഭുജിച്ച് ഭക്തിസാന്ദ്രമായി കഴിഞ്ഞുകൂടും. ചിങ്ങത്തിലെ ചീതല്‍ മഴയേറ്റ് കന്നിയില്‍ കാതലുണ്ടാകും. പിന്നെ തുലാം കഴിഞ്ഞേ മഴയൊഴിയുമായിരുന്നുള്ളൂ. മഴക്കാലം കഴിഞ്ഞാലോ വേനല്‍ കാലത്ത് വരള്‍ച്ചയോ ജലദൗര്‍ലഭ്യമോ അനുഭവിക്കേണ്ടതില്ലായിരുന്നു. 44 നദികളും 34 കായലുകളും 150-ഓളം ഉപനദികളും ആയിരക്കണക്കിന് ചിറകളും ലക്ഷക്കണക്കിന് കുളങ്ങളും കിണറുകളുമുള്ള ജലസമൃദ്ധമായ ഈ ചെറിയ നാട്ടില്‍ വരള്‍ച്ച കേട്ടുകേള്‍വി മാത്രമായിരുന്നു. വേനലിനെക്കുറിച്ച് വേവലാതിയെന്നല്ല, ആ ചിന്ത പോലുമില്ലാതെ ജീവിച്ചവരായിരുന്നു മുമ്പ് നാം. മഴയുടെയും വെള്ളത്തിന്റെയും നാടായിരുന്ന കേരളത്തില്‍ ഇന്ന് വരള്‍ച്ചയും ചൂടും കുടിവെള്ളക്ഷമാവും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. യുദ്ധം വരുമ്പോള്‍ മാത്രം പട്ടാളക്കാരനെപ്പറ്റിയും പകര്‍ച്ചവ്യാധി വരുമ്പോള്‍ മാത്രം കൊതുകിനെപ്പറ്റിയും സംസാരിക്കുന്നതുപോലെ വരള്‍ച്ച പിടിമുറുക്കിയപ്പോള്‍ മാത്രമാണ് ജലദൗര്‍ലഭ്യത്തെക്കുറിച്ച് നാം ചിന്തിക്കുന്നത്.

ജലകേളിയും വള്ളംകളിയും നടത്തുന്ന മലയാളി വേനല്‍ തുടങ്ങും മുമ്പേ ജലക്ഷാമത്തിന്റെ പിടിയിലാണ്. രാപ്പകല്‍ഭേദമന്യേ ചൂട് അസഹ്യമായതിനാല്‍ കേരളം വെന്തുരുകുകയാണ്. നമ്മുടെ ജലസ്രോതസ്സുകളെല്ലാം വറ്റിവരണ്ടു. ലോകത്തു തന്നെ ഏറ്റവും ചൂടുള്ള പ്രദേശങ്ങളിലൊന്നായി കേരളം മാറുകയാണ്. മാര്‍ച്ച് തുടക്കത്തില്‍ തന്നെ നഗരങ്ങളിലെല്ലാം ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ചൂട് രണ്ട് ഡിഗ്രി വരെ ഉയരാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി പകലിലെ ഉയര്‍ന്ന താപനില കൂടുതല്‍ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്നതിനാല്‍ വരള്‍ച്ചക്കും ഉഷ്ണത്തിനും കാഠിന്യമേറുമെന്നും കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വരെ ഇടയാക്കിയേക്കാമെന്നുമാണ് മുന്നറിയിപ്പുകള്‍. ദിനംപ്രതി ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉഷ്ണ തരംഗത്തിന് വരെ സാധ്യതയുണ്ടെന്നാണ് വിദഗ്ധാഭിപ്രായം.

മുറിച്ചുമാറ്റിയ മരങ്ങളും കിളച്ചുമാറ്റിയ മലകളും വാരിയെടുത്ത മണലും തിരിച്ചുതന്നാല്‍ മടങ്ങിപ്പോകാമെന്ന് വേനല്‍ചൂട് നമ്മോട് പറയുന്നതായുള്ള സാമൂഹിക മാധ്യമങ്ങളിലെ സന്ദേശം ഏറെ അര്‍ഥവത്താണ്.

ഏറ്റവും ചൂടേറിയ പ്രദേശങ്ങളില്‍ കണ്ടുവരുന്ന 'റോസി പാര്‍കര്‍' പക്ഷികളില്‍ 500 എണ്ണം വരെ പക്ഷി നിരീക്ഷകര്‍ കേരളത്തില്‍ കണ്ടെത്തിയത്, വരണ്ട പ്രദേശങ്ങളെ ഇഷ്ടപ്പെടുന്ന മയിലുകളെ വ്യാപകമായി കണ്ടുവരുന്നത്, വര്‍ണകൊക്ക് കേരളത്തില്‍ കൂടുകൂട്ടുന്നത്.... ഇതുപോലെ ഇന്ത്യയിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളില്‍ മാത്രം കണ്ടുവരുന്ന ദേശാടനപ്പക്ഷികളില്‍ 34-ഓളം ഇനങ്ങളെ കേരളത്തില്‍ കണ്ടുതുടങ്ങിയതും, വരണ്ട കാലാവസ്ഥയില്‍ വളരുന്ന ഫലങ്ങള്‍ പ്രത്യേകിച്ച് ഓറഞ്ചും ഈത്തപ്പഴവും കേരളത്തില്‍ കായ്ക്കുന്നത്, വിഷുവിന് പൂക്കുന്ന കൊന്ന ഇപ്പോള്‍ ഏതുകാലത്തും പൂക്കുന്നത്, ഏത് സീസണിലും മാവ് പൂക്കുന്നത്- ഇതെല്ലാം യാദൃഛിക സംഭവങ്ങളായി നമുക്ക് തള്ളിക്കളയാനാവുന്നതല്ല.

കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും അതിന്റെ പ്രത്യാഘാതങ്ങളും വന്‍കരകള്‍ ഭേദിച്ച് ലോകത്താകമാനം സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ജീവന്റെ ഉത്ഭവത്തിനും വളര്‍ച്ചക്കും നിലനില്‍പിനും അടിസ്ഥാനമായതും സംസ്‌കാരങ്ങളും നാഗരികതകളും നനച്ചുവളര്‍ത്തിയതുമായ വെള്ളം, മനുഷ്യ ചെയ്തികളാല്‍ തന്നെ ഏറ്റവും വിലപിടിച്ചതും അപൂര്‍വ വസ്തുവുമായി മാറി. വെള്ളത്തിനു വേണ്ടി പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ തര്‍ക്കങ്ങളും യുദ്ധ സാഹചര്യങ്ങളും വരെ നിലനില്‍ക്കുന്നുണ്ട് എന്നതും ശരിയാണ്. ഈ തര്‍ക്കങ്ങള്‍ക്കും ആഗോള ജലപ്രതിസന്ധികള്‍ക്കുമിടയിലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലും നമ്മുടെ പച്ചപ്പിനാലും ജലസ്രോതസ്സുകളുടെ ആധിക്യത്താലും നമുക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുമായിരുന്നു. പുഴയും മഴയും നദികളും ചിറകളും ജലാശയങ്ങളും കായലുകളും വനസമ്പത്തുമൊക്കെ ധാരാളമുണ്ടായിരുന്ന കേരളം, ഇതൊന്നുമില്ലാത്ത വരള്‍ച്ചയുടെയും ജലക്ഷാമത്തിന്റെയും ചരിത്രം മാത്രം പറയാനുള്ള രാജസ്ഥാനിനേക്കാള്‍ വേനല്‍കാലത്ത് ജലദൗര്‍ലഭ്യമുള്ളതും ചൂട് നിറഞ്ഞതുമായ നാടായി മാറിയതെങ്ങനെയെന്ന ചോദ്യത്തിന്റെ ഉത്തരം തിരക്കുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവരുന്നത് നാം തന്നെയാണ്.

വെള്ളത്തെ മണ്ണില്‍ പിടിച്ചുനിര്‍ത്താന്‍ പ്രകൃതിയുടെ ജലസംരക്ഷണ സംവിധാനങ്ങളായ മരങ്ങള്‍ വേണം. കുന്നുകളും പാടങ്ങളും ചതുപ്പുകളുമെല്ലാം ജലം സംരക്ഷിച്ചുനിര്‍ത്തുന്നു. ജലത്തിന്റെ സൂക്ഷിപ്പ് ഭൂഗര്‍ഭത്തിലാണ്. വെള്ളം നിക്ഷേപിക്കുന്ന സംവിധാനങ്ങള്‍ അവിടെ നിലനിന്നെങ്കില്‍ മാത്രമേ നമുക്കാവശ്യമുള്ള ജലം സൂക്ഷിപ്പ് മുതലായി ഉണ്ടാവുകയുള്ളൂ. ഭൂഗര്‍ഭത്തില്‍ വെള്ളം നിക്ഷേപിക്കുന്നതിനു പകരം കുഴല്‍ കിണറുകള്‍ താഴ്ത്തിയും യന്ത്രങ്ങളുപയോഗിച്ചും ഭൂഗര്‍ഭജലം ഊറ്റിയെടുക്കുകയാണ്. കുന്നിടിക്കലും മലനിരത്തലും വയലും കായലും നികത്തലുമൊക്കെ ഈ പ്രതിസന്ധി ഘട്ടത്തിലും നിയന്ത്രണങ്ങളില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കപ്പെടുകയും മലക്കം മറിച്ചിലുകളുണ്ടാവുകയും ചെയ്താല്‍ ഏതൊരു നാടും മരുഭൂമി പോലെയാകും. പല മരുഭൂമികളും ഒരുകാലത്ത് ജൈവസമ്പുഷ്ടമായിരുന്നു. മുമ്പ് സോമാലിയയുടെ ചില ഭാഗങ്ങള്‍ കേരളം പോലെ ഹരിതാഭമായിരുന്നു. അവിടെയും വികസനത്തിന്റെ പേരില്‍ ജനം കൃഷി ഉപേക്ഷിച്ച് പാടം നികത്തുകയും വനം വെട്ടിനശിപ്പിച്ച് കോണ്‍ക്രീറ്റ് സൗധങ്ങളും കളിസ്ഥലങ്ങളും റോഡുകളും പണിയുകയും ചെയ്തു. ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്തു. അങ്ങനെ കാടും മലയും കാലാവസ്ഥയും മാറിയപ്പോള്‍ വരള്‍ച്ച അവരെ പിടിമുറുക്കി. ഇന്ന് ലോക പട്ടിണിയുടെ തലസ്ഥാനമാണത്. മഴയുടെയും ചൂടിന്റെയും വെള്ളത്തിന്റെയും കാര്യത്തില്‍ സോമാലിയ നമുക്കൊരു പാഠവും മുന്നറിയിപ്പുമാണ്. 40 ശതമാനത്തോളം വനവിസ്തൃതിയുണ്ടായിരുന്ന കേരളത്തിനിപ്പോള്‍ റബറും യൂക്കാലിപ്‌സും പരിഗണിച്ചാല്‍ കൂടി 25 ശതമാനത്തില്‍ താഴെ വനവിസ്തൃതിയേയുള്ളൂ. ഒരു ഹെക്ടര്‍ നിബിഡ വനത്തിന് 50,00 ലിറ്റര്‍ ജലം സംഭരിച്ചുവെക്കാന്‍ കഴിയുമെന്നാണ് കണക്ക്. 30 വര്‍ഷം കൊണ്ട് കേരളത്തിലില്ലാതായത് ഏഴു ലക്ഷം ഹെക്ടറിനടുത്ത് നെല്‍പ്പാടങ്ങളാണ്. 1980-'81 കാലത്ത് 801699 ഹെക്ടര്‍ സ്ഥലത്തായിരുന്നു നെല്‍കൃഷിയെങ്കില്‍ ഇന്നത് വെറും 1.61 ലക്ഷം ഹെക്ടറായി ചുരുങ്ങി. തണ്ണീര്‍തടങ്ങളുടെയും നെല്‍വയലുകളുടെയും വിസ്തൃതി കുറഞ്ഞുവരുന്നത് ഭൂഗര്‍ഭജല പോഷണത്തെയും ലഭ്യതയെയും കാര്യമായി ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. വേനല്‍കാലത്തേക്കുള്ള മഴവെള്ളം സൂക്ഷിച്ചുവെക്കുന്ന ജലസംഭരണികളാണ് തണ്ണീര്‍തടങ്ങള്‍. ഒരു ഹെക്ടര്‍ നെല്‍പ്പാടത്തിന് 5 ലക്ഷം ലിറ്റര്‍ ജലം വരെ സംഭരിച്ചുവെക്കാനുള്ള ശേഷിയുണ്ട്. കാലാവസ്ഥാ ക്രമീകരണം, മണ്ണ് സംരക്ഷണം, മണ്ണൊലിപ്പ് തടയല്‍, ഭൂജല സംരക്ഷണം തുടങ്ങിയവയും തണ്ണീര്‍തടങ്ങളുടെ സംഭാവനയാണ്.

തണ്ണീര്‍തടങ്ങളും നെല്‍വയലുകളും പരിവര്‍ത്തിപ്പിക്കപ്പെടുന്നത് നിയന്ത്രിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് 2008-ല്‍ കൊണ്ടുവന്ന കേരള തണ്ണീര്‍തട നെല്‍വയല്‍ സംരക്ഷണ നിയമം. പരിസ്ഥിതി-പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു നിയമവും നമ്മുടെ നാട്ടില്‍ സത്യസന്ധമായി നടപ്പിലാക്കിയിട്ടില്ല എന്നതാണ് സത്യം. നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം കൊണ്ടുവന്നതു മുതല്‍ തന്നെ അത് അട്ടിമറിക്കാനുള്ള ശ്രമവും തുടങ്ങി. 2008-ല്‍ ഈ നിയമം കൊണ്ടുവരുമ്പോള്‍ 2.75 ലക്ഷം ഹെക്ടറായിരുന്ന നെല്‍വയലുകളാണ് പ്രതിവര്‍ഷം 22,000 ഹെക്ടര്‍ എന്ന കണക്കില്‍ നികത്തപ്പെട്ട് ഇന്നത്തെ നിലയിലെത്തിയത്. നെല്‍പ്പാടങ്ങളുടെ കാര്യത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തെ സ്ഥിതി ഇനിയും തുടര്‍ന്നാല്‍ വരും തലമുറക്ക് നെല്‍പാടങ്ങളെക്കുറിച്ചറിയാനോ കാണാനോ മറ്റെവിടെയെങ്കിലും പോവേണ്ടിവരും. 2008-നു മുമ്പ് നികത്തിയ നെല്‍പ്പാടത്തിന് നിശ്ചിത പിഴ നല്‍കി അനധികൃത കയ്യേറ്റങ്ങള്‍ക്ക് സാധൂകരണം നല്‍കാനുള്ള തീരുമാനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഭൂമിയിലേക്ക് വെള്ളം റീചാര്‍ജ് ചെയ്യുന്നതില്‍ ധാരാളം സുഷിരങ്ങളുള്ള വെട്ടുകല്ലുകള്‍ നിറഞ്ഞ കുന്നുകള്‍ക്ക് വലിയ പങ്കുണ്ടെന്നാണ് ഭൂഗര്‍ഭ ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. ഇവയില്‍ ജലസാന്നിധ്യമുണ്ടായാല്‍ സമീപത്തെ കിണറുകളിലേക്കും കുളങ്ങളിലേക്കും ധാരാളം വെള്ളം ഒഴുകിയെത്തുമായിരുന്നു. ഇവ വ്യാപകമായി നശിപ്പിക്കപ്പെട്ടപ്പോള്‍ പ്രകൃതിയുടെ ജലസംഭരണികള്‍ ഇല്ലാതായി.

സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് പത്തു വര്‍ഷത്തിനുള്ളില്‍ നാല് മീറ്റര്‍ വരെ താഴ്ന്നിട്ടുണ്ടെന്നാണ് ഭൂജല വകുപ്പിന്റെ പഠനം. ഭൂഗര്‍ഭ ജലനിലപ്പ് താഴ്ചയുടെ കുറവ് ദേശീയതലത്തില്‍ ശരാശരി 58.2 ശതമാനമാണെങ്കില്‍ കേരളത്തിലത് 71.62 ശതമാനമാണ്. താരതമ്യേന മഴ ലഭ്യമായാല്‍ തന്നെയും നെല്‍പ്പാടങ്ങളും കുളങ്ങളും തണ്ണീര്‍തടങ്ങളും നശിപ്പിക്കപ്പെട്ടത് മൂലവും വാഹനങ്ങളുടെയും കെട്ടിട -റോഡ് നിര്‍മാണങ്ങളുടെയും കുന്നിടിക്കലിന്റെയും ആധിക്യവും കാലാസ്ഥാ മാറ്റവുമെല്ലാം ഭൂഗര്‍ഭജലം താഴാന്‍ കാരണമാകും. ഭൂഗര്‍ഭജലം ഭയാനകമായി താഴുന്ന സംസ്ഥാനങ്ങളില്‍ ആന്ധ്രക്കും തമിഴ്‌നാടിനും തൊട്ടു താഴെ നില്‍ക്കുന്നത് കേരളമാണ്. കേരളത്തില്‍ 10 വര്‍ഷം മുമ്പ് കുഴല്‍ കിണറുകളുടെ പരമാവധി ആഴം 200 അടിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ 400 അടിയിലേ വെള്ളം കണ്ടെത്താനാവുന്നുള്ളൂ. ലോകത്തിലെ ഏറ്റവും കൂടുതല്‍ കിണറുകളുള്ള പ്രദേശം കേരളമാണ്. 2011-ലെ അവസാനത്തെ സെന്‍സസ് പ്രകാരം തന്നെ 62 ശതമാനം പേര്‍ കിണറുകളെയാണ് കുടിവെള്ളത്തിന് ആശ്രയിക്കുന്നത്. അവരെ സംബന്ധിച്ചേടത്തോളം ഭൂഗര്‍ഭ ജലതാഴ്ച ഏറെ ആശങ്ക ഉളവാക്കുന്ന കാര്യമാണ്.

ഭീതിതമായ ഈ സാഹചര്യത്തിലും ഭൂഗര്‍ഭജലചൂഷണം തടയാന്‍ കാര്യക്ഷമമായ നടപടികളെടുക്കാനോ വിഷയത്തെ ഗൗരവപരമായി സമീപിക്കാനോ ആരും തയാറായിട്ടില്ല. സംസ്ഥാനത്ത് വ്യവസായങ്ങളുടെ ഭൂഗര്‍ഭ ജലചൂഷണം തടയാനോ നിയന്ത്രിക്കാനോ ഫലപ്രദമായ സംവിധാനങ്ങള്‍ ഇല്ല. സ്ഥാപനങ്ങള്‍ നല്‍കുന്ന തെറ്റായ കണക്കു മാത്രമാണ് ഭൂഗര്‍ഭ ജല ഉപയോഗത്തെക്കുറിച്ചുള്ള രേഖ. അനുമതിയോടെയും അല്ലാതെയും പ്രവര്‍ത്തിക്കുന്ന കുപ്പിവെള്ള കമ്പനികള്‍, ബിയര്‍-മദ്യ ഉല്‍പാദന കേന്ദ്രങ്ങള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, ഐസ്-ജ്യൂസ് കമ്പനികള്‍ ഇവയെല്ലാം തന്നെ ഭൂഗര്‍ഭ ജലം നിയന്ത്രണമില്ലാതെ ഉപയോഗിക്കുകയും ജല അതോറിറ്റിക്ക് ഉപയോഗിക്കുന്നതിന്റെ വളരെക്കുറച്ച് കണക്കുകള്‍ നല്‍കുകയുമാണ് പതിവ്.

ചെങ്കല്‍ ഖനനത്തിനോ വയല്‍ മണ്ണിട്ടു മൂടുന്നതിനോ കുഴല്‍ കിണര്‍ കുഴിക്കുന്നതിനോ ശക്തമായ നിയന്ത്രണങ്ങളോ നിയമത്തിന്റെ പിടിത്തമോ ഇല്ല. ഭൂഗര്‍ഭ ജലശോഷണത്തിന്റെ മുഖ്യ കാരണങ്ങളിലൊന്ന് വൈദഗ്ധ്യമോ പരിശീലനമോ ലഭിക്കാത്തവരുടെ അശാസ്ത്രീയവും അനിയന്ത്രിതവുമായ കുഴല്‍ കിണര്‍ നിര്‍മാണമാണ്. പല രാജ്യങ്ങളും ഭൂഗര്‍ഭ ജലസംരക്ഷണം സംബന്ധിച്ച് കാലാനുസൃതമായ പഠനം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ നാം നിഷ്‌ക്രിയരാണെന്നു മാത്രമല്ല ഭൂഗര്‍ഭജലം ഊറ്റിയെടുക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്യുന്നു. 2014-ല്‍ കെട്ടിട നിര്‍മാണ ചട്ടം പരിഷ്‌കരിച്ച് കുഴല്‍ കിണര്‍ നിര്‍മാണത്തിന് പ്രത്യേക അനുമതി വേണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നുവെങ്കിലും അതെല്ലായിടത്തും ബാധകമാക്കിയിരുന്നില്ല. കുഴല്‍ കിണറുകളുടെ ആധിക്യം നീരുറവകളെ ബാധിക്കുന്നതായി അന്നേ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അതാരും ഗൗനിച്ചില്ല. കേരളത്തില്‍ പുതുതായി കുഴിച്ചുകൊണ്ടിരിക്കുന്നതടക്കം എത്ര കുഴല്‍ കിണറുകളുണ്ടെന്ന കാര്യത്തില്‍ ഒരു കണക്കും ലഭ്യവുമല്ല.

മാലിന്യങ്ങള്‍ നിറഞ്ഞ് കേരളത്തിലെ ഓരോ നദികളും ജലസ്രോതസ്സുകളും നമ്മുടെ കണ്‍മുന്നില്‍ ശ്വാസം മുട്ടി മരിക്കുന്നു. 2016-ലെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടില്‍ പറയുംപ്രകാരം സംസ്ഥാനത്തെ ബഹുഭൂരിപക്ഷം കുടിവെള്ള സ്രോതസ്സുകളും വിഷലിപ്തമാണ്. വിവേചനരഹിതമായ മാലിന്യ നിര്‍മാര്‍ജനവും മാലിന്യനിക്ഷേപവും തന്നെയാണ് കാരണം. നമ്മുടെ ജലസമൃദ്ധിയുടെ അടയാളമായിരുന്ന നദികളെല്ലാം വറ്റിവരളുകയോ സ്വാഭാവിക ഒഴുക്ക് നിലച്ചവയോ ആണെന്ന് 2015-ല്‍ പാര്‍ലമെന്റ് സമിതി രേഖപ്പെടുത്തിയിട്ടുണ്ട്. രാസവളങ്ങളും കീടനാശിനികളും വിസര്‍ജ്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും അറവു മാലിന്യങ്ങളും ഇലക്ട്രോണിക് മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും ജലാശയങ്ങളെ ശവപ്പറമ്പുകളാക്കി മാറ്റിയിരിക്കുന്നു.

വേനലും വര്‍ഷവും തമ്മിലുള്ള വെള്ളത്തിന്റെ കൊടുക്കല്‍ വാങ്ങലുകളില്‍ മധ്യവര്‍ത്തികളാകുന്ന എല്ലാ ഇടങ്ങളെയും വികസനത്തിന്റെയും പുരോഗതിയുടെയും പേരില്‍ നശിപ്പിച്ചതാണ് ചൂടിന്റെയും ജലക്ഷാമത്തിന്റെയും മുഖ്യ കാരണം. ജലസ്രോതസ്സുകളെല്ലാം മണ്ണിട്ട് നികത്തിയും റോഡുകളും ബഹുനില കെട്ടിടങ്ങളും പണിതും വീടിന്റെയും കെട്ടിടങ്ങളുടെയും മുറ്റവും ചുറ്റുപാടുകളുമെല്ലാം കോണ്‍ക്രീറ്റ് ചെയ്തും, കിട്ടുന്ന വെള്ളത്തിന്റെ ഒരു തുള്ളിപോലും മണ്ണിലിറങ്ങാന്‍ നാം അനുവദിച്ചിട്ടില്ല. നഗരവത്കരണത്തിന്റെ ദേശീയ ശരാശരി അഞ്ചു ശതമാനമാണെങ്കില്‍ കേരളത്തിലത് പതിനേഴ് ശതമാനമാണ്. ഏകദേശം പകുതിയോളം കേരളീയരിന്ന് നഗരവാസികളാണ്. ഈ ഘടകങ്ങളെല്ലാം ജല ആവശ്യങ്ങളെ ഇരട്ടിയാക്കുകയും ജലലഭ്യത കുറഞ്ഞതാക്കുകയും ചെയ്യുന്നു.

ജീവല്‍പ്രധാനമായ വെള്ളം ഭൂമിയില്‍ നിലനില്‍ക്കാന്‍ ഹേതുവായിട്ടുള്ള ചോദനകളോട് നാം പുലര്‍ത്തുന്ന സമീപനം ഗൗരവപരമായ വിശകലനത്തിനും തിരുത്തിനും വിധേയമാക്കാന്‍ ഇനിയും നാം തയാറായിട്ടില്ല. പ്രകൃതിസൗഹൃദ വികസനം എങ്ങനെ നടപ്പില്‍ വരുത്താമെന്നും പ്രകൃതിവിഭവങ്ങളെ എങ്ങനെ സുരക്ഷിതവും മിതവുമായ രീതിയില്‍ ഉപയോഗപ്പെടുത്താമെന്നും പല രാജ്യങ്ങളിലും പ്രൈമറി ക്ലാസ്സുകള്‍ മുതല്‍ തന്നെ പരിശീലനം നല്‍കുന്നുണ്ട്. വെള്ളത്തിന്റെ ഉപയോഗം ചുരുക്കലും പുനരുപയോഗവും പുനഃചംക്രമണവുമൊക്കെ നാം ഇനിയും പഠിക്കേണ്ട കാര്യങ്ങളായി ബാക്കി കിടപ്പുണ്ട്. കാലാവസ്ഥാ ഘടകങ്ങളെയും ജൈവ പ്രക്രിയകളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ഒരു അതിജീവനത്തെ നാം ഇനിയും ആവിഷ്‌കരിച്ചിട്ടില്ല. ഒരു ഭാഗത്ത് വികസനവും മറുഭാഗത്ത് പ്രകൃതി സംരക്ഷണവും ഏറ്റുമുട്ടുമ്പോള്‍ പക്ഷഭേദമന്യേ പിന്തുണക്കപ്പെടുന്നതും വിജയിക്കുന്നതും വികസന ഭീകരതതന്നെയാണ്.

മരങ്ങള്‍ നട്ടുവളര്‍ത്തിയും അവശേഷിക്കുന്ന കുന്നുകളും പാറകളും തണ്ണീര്‍തടങ്ങളും ചതുപ്പുകളും ജലസ്രോതസ്സുകളും പൂര്‍ണമായി സംരക്ഷിച്ചും കിട്ടുന്ന മഴവെള്ളം ഉപയോഗിച്ച് കിണറുകള്‍ റീ ചാര്‍ജ് ചെയ്തും പറമ്പുകള്‍ കിളച്ചും കയ്യാലകള്‍ കെട്ടിയും മാലിന്യങ്ങള്‍ ഒഴിവാക്കിയും സസ്യാവരണങ്ങള്‍ വെച്ചുപിടിപ്പിച്ചും ഹ്രസ്വവും ദീര്‍ഘവുമായ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയും വരള്‍ച്ചയെയും അമിത ചൂടിനെയും ജലപ്രതിസന്ധിയെയും മറികടക്കാന്‍ നമുക്കാവണം. എത്ര ഉപയോഗിച്ചാലും തീര്‍ന്നുപോവാത്ത വിഭവമാണ് ജലം എന്ന നമ്മുടെ സമീപനത്തില്‍ മാറ്റം വരുത്തിയേ പറ്റൂ. താല്‍ക്കാലിക ചൊട്ടുവിദ്യകള്‍ക്കപ്പുറം ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടിക്രമങ്ങളിലൂടെയേ മലയാളക്കരയെ ഊഷരതയില്‍നിന്ന് രക്ഷിക്കാനാവൂ. ഓരോ വ്യക്തിയും കുടുംബവും സമൂഹവും ഭരണകൂടവും ഒത്തൊരുമിച്ച് ജലപ്രതിസന്ധിയെ അഭിസംബോധന ചെയ്യണം. 'വാട്ടര്‍മാന്‍ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന രാജേന്ദര്‍ സിംഗ് രാജസ്ഥാനിലെ മരുഭൂമിയില്‍ വരണ്ടുപോയ അഞ്ച് നദികളെ പുനരുജ്ജീവിപ്പിച്ച വിജയകഥ നമുക്കും പ്രചോദനമാവണം. വേനല്‍ക്കാലത്ത് ദാഹിക്കുമ്പോഴും ഉഷ്ണത്തില്‍ ഉരുകിയൊലിക്കുമ്പോഴും മാത്രം വെള്ളത്തെക്കുറിച്ച് ചിന്തിച്ചാല്‍ ഇനിയത് ലഭ്യമായിക്കൊള്ളണമെന്നില്ല. വെള്ളത്തിന് പകരം വെക്കാവുന്ന മറ്റൊരു പദാര്‍ഥം ഇതുവരെ ഭൂമിയില്‍ കണ്ടെത്തിയിട്ടുമില്ല. 2025 ആകുമ്പോള്‍ കേരളത്തിലെ ജലത്തിന്റെ ആവശ്യകതയും അതിന്റെ ലഭ്യതയും തമ്മില്‍ ഒന്നേകാല്‍ ലക്ഷം കോടി ലിറ്ററിന്റെ അന്തരമുണ്ടെന്ന പഠന റിപ്പോര്‍ട്ട് ഓര്‍ക്കേണ്ടതുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top