തളര്‍ന്നവര്‍ക്ക്‌ തണലായ്‌

റഹ്‌മാന്‍ മധുരക്കുഴി No image

ഒന്നര വയസ്സില്‍ പനി ബാധിച്ച്‌ കാലുകള്‍ തളര്‍ന്നുപോയ ശബ്‌ന എന്ന പെണ്‍കുട്ടി. കൊച്ചുമകളുടെ ദുര്യോഗമോര്‍ത്ത്‌ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവളുടെ ഉപ്പ ഓമാനൂര്‍ പൊന്നാട്ടെ കുഞ്ഞുട്ടിയും ഉമ്മ ലൈലയും കാണാത്ത ഡോക്ടര്‍മാരില്ല. പൊന്നുമോള്‍ക്ക്‌ സുഖം പ്രാപിക്കണേ എന്ന മനംനൊന്ത പ്രാര്‍ത്ഥനയോടെ ചികിത്സയുടെ ലോകത്ത്‌ ശബ്‌നയുമായി അവര്‍ ഏറെക്കാലം ചുറ്റിക്കറങ്ങിയെങ്കിലും വീല്‍ചെയറില്‍ ശരണം പ്രാപിക്കാനായിരുന്നു ശബ്‌നയുടെ വിധി.
എട്ടാം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമുള്ള ഉമ്മ തന്റെ വിദ്യാഭ്യാസ കാര്യത്തില്‍ കാണിച്ച അതിയായ താല്‍പര്യവും പ്രോത്സാഹനവും നിറകണ്ണുകളോടെയാണ്‌ അവള്‍ ഓര്‍ക്കുന്നത്‌. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ തന്നെയും ചുമന്ന്‌ ഉമ്മ സ്‌കൂള്‍ വണ്ടിയുടെ അടുത്തേക്ക്‌ വര്‍ഷങ്ങളോളം കൊണ്ടു പോയതും പലപ്പോഴും നിലത്തു വീണതും പറയുമ്പോള്‍ അവളുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. ``ഒന്നിനും കഴിയാത്ത ഇവളെ നിങ്ങള്‍ കഷ്ടപ്പെട്ട്‌ പഠിപ്പിച്ചിട്ട്‌ എന്ത്‌ പ്രയോജനമാണ്‌ ഉണ്ടാവുക.''എന്ന സഹതാപ വചനങ്ങള്‍ക്ക്‌ ചെവി കൊടുക്കാതെ അവര്‍ മകളെ ഒരു നിലയിലെത്തിക്കാന്‍ പാടുപെടുകയായിരുന്നു.
മാതാപിതാക്കള്‍ തന്റെ വിദ്യാഭ്യാസ കാര്യത്തില്‍ കാണിച്ച താല്‍പര്യവും പ്രോത്സാഹനവും ശാരീരിക ബലഹീനതയെ അതിജീവിച്ച്‌ ആത്മവിശ്വാസത്തോടെ മുന്നോട്ട്‌ കുതിക്കാന്‍ ശബ്‌നക്ക്‌ ഏറെ പ്രചോദനമായി. പത്താം ക്ലാസിന്‌ ശേഷം പ്രൈവറ്റായി പ്ലസ്‌ടു പരീക്ഷയും പിന്നീട്‌ ബി.എ ബിരുദവും കരസ്ഥമാക്കിയ ഈ സ്ഥിരോത്സാഹിയായ പെണ്‍കുട്ടി കമ്പ്യൂട്ടര്‍ ഡിപ്ലോമയുമെടുത്തു. വായനക്ക്‌ പുറമെ ഗ്ലാസ്‌ പെയ്‌ന്റിംഗും സാരി ഡിസൈനിംഗുമാണ്‌ മുഖ്യ ഹോബികള്‍. അരയ്‌ക്കു താഴെ തളര്‍ന്നവളെങ്കിലും വീല്‍ചെയറിലൊതുങ്ങാത്ത അവളുടെ മനസ്സ്‌ പ്രതീക്ഷകളുടെയും സ്വപ്‌നങ്ങളുടെയും ലക്ഷ്യ ബോധത്തിന്റെയും വിശാല വിഹായസ്സില്‍ പറന്നുയരുകയാണ്‌. കുട്ടിക്കാലത്ത്‌ തന്നെ മനസ്സിനുള്ളില്‍ മുള പൊട്ടിയ സര്‍ഗവാസന പൂത്തു തളിര്‍ക്കാന്‍ തുടങ്ങി. യു.പി ക്ലാസുകളില്‍ പഠിക്കുമ്പോള്‍ തന്നെ മിനിക്കഥകള്‍ എഴുതുമായിരുന്നു. ഏകാന്തതയുടെ നിമിഷങ്ങളില്‍ ചെടികളും പൂക്കളും തന്നോട്‌ സംസാരിക്കുന്നതായി അവള്‍ക്കനുഭവപ്പെട്ടു. 2003 ആഗസ്റ്റ്‌ 23 ന്‌ മലയാള മനോരമ ആഴ്‌ചപ്പതിപ്പില്‍ ആദ്യമായി തന്റെ കഥ അച്ചടിച്ചു വന്നപ്പോള്‍ ഒരു സാമ്രാജ്യം കീഴടക്കിയ സന്തോഷമാണത്രെ അനുഭപ്പെട്ടത്‌. കഥ വായിച്ച പലരും അവളെ ഫോണില്‍ വിളിക്കുകയും ചിലര്‍ കാണാന്‍ വരികയും ചെയ്‌തു. 2003ല്‍ ലിപി പ്രാസാധനാലയം പ്രസിദ്ധീകരിച്ച, പ്രസിദ്ധ നോവലിസ്റ്റ്‌ യു.എ ഖാദര്‍ പ്രകാശനം ചെയ്‌ത `എന്നെന്നേക്കുമുള്ള ഓര്‍മ'യാണ്‌ ശബ്‌നയുടെ പ്രഥമ കഥാസമാഹാരം. ഇതില്‍ ഗ്രന്ഥകാരി തന്നെ കുറിച്ചിട്ടപോലെ വിധിയെ പഴിച്ച്‌ ഒതുങ്ങിക്കൂടാതെ മനക്കരുത്ത്‌ കൊണ്ട്‌ മുന്നേറുന്നവര്‍ക്ക്‌ നിശ്ചയമായും ഇത്‌ പ്രചോദനവും ആത്മവിശ്വാസവും കൈവരുത്തുക തന്നെ ചെയ്യും.
മഹിളാ ചന്ദ്രിക, ചന്ദ്രിക വീക്കിലി, പുടവ, ആരാമം തുടങ്ങിയ ആനുകാലികങ്ങളില്‍ ശബ്‌നയുടെ കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 2011 ജൂണ്‍ 17 ലെ കുടുംബമാധ്യമത്തില്‍ വന്ന `ഇളം തെന്നലായൊരു സ്‌നേഹ സ്‌പര്‍ശം' എന്ന ലേഖനം ആത്മകഥാപ്രധാനമാണ്‌. ശബ്‌നയുടെ രണ്ടാമത്തെ കഥാ സമാഹാരമായ `ആ രാവു പുലരാതിരുന്നെങ്കില്‍' അച്ചടിയിലാണ്‌. `ഒലീവ്‌' പ്രസാധനാലയം തന്നെയാണ്‌ ഈ ദൗത്യവും ഏറ്റടുത്തിരിക്കുന്നത്‌.
ചുരുങ്ങിയ കാലയളവില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ശബ്‌നയെ തേടി എത്തി. ആള്‍ കേരളാ മാപ്പിള സംഗീത അക്കാദമി അവാര്‍ഡ്‌, കേരള യുവജനക്ഷേമ ബോര്‍ഡിന്റെ കീഴിലുള്ള `യങ്ങ്‌ വിമണ്‍ ഫോറം' അവാര്‍ഡ്‌, തിരൂരിലെ ആള്‍ കേരളാ കലാ അക്കാദമി അവാര്‍ഡ്‌, ജിദ്ദയിലെ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐ.സി.സി) അവാര്‍ഡ്‌ എന്നിവ അവയില്‍ ചിലത്‌ മാത്രം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള `സലഫി ടൈംസി'ന്റെ സഹൃദയ അവാര്‍ഡും ശബ്‌ന കരസ്ഥമാക്കി.
കഥാലോകത്ത്‌ ഒതുങ്ങിക്കൂടാന്‍ തനിക്ക്‌ കഴില്ലെന്ന്‌ ശബ്‌നയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നമ്മോട്‌ വിളിച്ചു പറയുന്നു. തന്നേക്കാള്‍ കഷ്ടത അനുഭവിക്കുന്ന എത്രയോ പേര്‍ ലോകത്തുണ്ടെന്ന്‌ അവള്‍ മനസ്സിലാക്കുന്നു. കൈകാലുകളും വിരലുകളും മടങ്ങി ചുരുണ്ടു പോകുന്ന അസുഖം മൂലം പൂര്‍ണമായി തളര്‍ന്ന്‌ കിടപ്പിലായ കൊയിലാണ്ടിയിലെ പുഷ്‌പച്ചേച്ചിയെക്കുറിച്ച്‌ നൊമ്പരപ്പെടുത്തുന്ന ഓര്‍മകള്‍ ശബ്‌ന അയവിറക്കുന്നു. ഇതുപോലെ ആരോടും പരിഭവമില്ലാതെ ദുഃഖവും വേദനയും കടിച്ചിറക്കി ജീവിക്കുന്ന ഒട്ടേറെ പേര്‍ ശബ്‌നയുടെ പരിചയ വൃത്തങ്ങളില്‍ തെളിഞ്ഞു വരുന്നു. ഇത്തരക്കാരുടെ ഇടയിലേക്കാണ്‌ സമൂഹം ഇറങ്ങിച്ചെല്ലേണ്ടതെന്ന്‌ ശബ്‌ന ഉറച്ചു വിശ്വസിക്കുന്നു. വേദന തിന്ന്‌ നാളുകള്‍ കഴിച്ചുകൂട്ടുന്ന ഇവര്‍ക്ക്‌ വേണ്ടി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പോട്ടെ, ഒരു പുഞ്ചിരി കൊണ്ടോ സാന്ത്വന വാക്കുകൊണ്ടോ ആശ്വാസമരുളാന്‍ നാമെന്തിന്‌ പിശുക്ക്‌ കാണിക്കണം എന്ന്‌ ശബ്‌ന ചോദിക്കുന്നു.
ശബ്‌നയെക്കുറിച്ച്‌ ചില മാധ്യമങ്ങളില്‍ വന്ന ഫീച്ചര്‍ വായിച്ച്‌ പലരും ഫോണ്‍ ചെയ്‌തു തുടങ്ങി. ശബ്‌നയെ പോലെ, പലപ്പോഴും അതിലേറെ, ശാരീരിക വൈകല്യങ്ങള്‍ മൂലം നിരാശപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്ന പലരും തങ്ങളുടെ ഹൃദയവികാരങ്ങള്‍ അറിയിച്ചപ്പോള്‍ അവര്‍ക്കൊക്കെ ഫോണിലൂടെ സാന്ത്വനമേകാന്‍, ആശ്വാസ വചനങ്ങള്‍ ചൊരിയാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചു. `ഭൗതിക കാര്യങ്ങളില്‍ നീ നിന്നേക്കാള്‍ താഴെയുള്ളവരെക്കുറിച്ച്‌ ചിന്തിക്കൂ. അപ്പോഴറിയാം ദൈവം നിനക്ക്‌ കനിഞ്ഞരുളിയ അനുഗ്രഹങ്ങള്‍ എത്ര വിലപ്പെട്ടതാണെന്ന്‌'' എന്ന നബി വചനം നിരാശപ്പെടാന്‍ ശ്രമിക്കുന്ന മനസ്സുകള്‍ക്ക്‌ ആശ്വാസമരുളുന്ന ശാന്തി മന്ത്രമാണെന്ന്‌ ശബ്‌ന തിരിച്ചറിയുന്നു.
തന്നെക്കാള്‍ വേദനയും ജീവിത പ്രയാസങ്ങളും ഉള്ളിലൊതുക്കിക്കഴിയുന്ന നിരാലംബരായ മനുഷ്യമക്കള്‍ ഒരുപാടുണ്ടെന്ന തിരിച്ചറിവും അത്തരക്കാര്‍ക്ക്‌ കഴിവിന്‍പടി സാന്ത്വനമേകണമെന്ന അലിവുള്ള മനസ്സുമാണ്‌ താന്‍ തന്നെ മാനേജിംഗ്‌ ട്രസ്റ്റിയായി ഉപ്പയുടെ പൂര്‍ണ സഹകരണത്തോടെ `ശബ്‌ന ചാരിറ്റബിള്‍ ട്രസ്റ്റ്‌' രൂപീകരിക്കുന്നതിന്‌ പ്രചോദനമായത്‌. രോഗംകൊണ്ട്‌ അവശതയനുഭവിക്കുന്ന നിസ്സഹായര്‍ക്കും, നിത്യവൃത്തിക്ക്‌ ഗതിയില്ലാതെ വിഷമിക്കുന്നവര്‍ക്കും ട്രസ്റ്റ്‌ ഒരു അത്താണിയായി നിലകൊള്ളുന്നു.
ശാരീരിക വൈകല്യം മൂലം വിഷമിക്കുന്നവരുടെയും പലവിധ രോഗങ്ങള്‍ കൊണ്ട്‌ അവശരായവരുടെയും സംഗമങ്ങള്‍ സംഘടിപ്പിക്കുന്നതില്‍, അവര്‍ക്കാശ്വാസമരുളുന്ന പ്രവര്‍ത്തനങ്ങളില്‍, മുഴുകിയിരിക്കുകയാണ്‌ ശബ്‌ന. കൊണ്ടോട്ടിയിലെ കാന്തക്കാട്‌ യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച `സ്വാന്തന കിരണം' സ്‌നേഹ സംഗമത്തില്‍ നാലു ചുമരുകള്‍ക്കുള്ളില്‍ വേദന കടിച്ചിറക്കി കഴിയുന്ന 24 അംഗവൈകല്യക്കാര്‍ ആടിയും പാടിയും അനുഭവങ്ങള്‍ പങ്കിട്ടും കഥപറഞ്ഞും ഒത്തു ചേര്‍ന്നപ്പോള്‍ ശബ്‌ന അതില്‍ സജീവ ഭാഗമായി. എടവണ്ണപ്പാറയിലെ ചാലിയപ്രം ജി.യു.പിയില്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സാന്ത്വനകിരണം പ്രഥമ വാര്‍ഷികം നടന്നപ്പോള്‍ ശാരീരിക വൈകല്യമുള്ള 65 പേരാണ്‌ പങ്കെടുത്തത്‌. ജംഷീര്‍, വായില്‍ ബ്രെഷ്‌ വെച്ച്‌ ചിത്രം വരയ്‌ക്കുന്ന ജസ്‌ഫര്‍ കോട്ടക്കുന്ന്‌, കൈകൊണ്ട്‌ കാര്‍ ഡിസൈന്‍ ചെയ്യുകയും ഔഷധത്തോട്ടം നിര്‍മിക്കുകയും ചെയ്‌ത തോരപ്പ മുസ്‌തഫ എന്നിവര്‍ സാന്ത്വനകിരണം പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി.
തനിക്ക്‌ അഞ്ചുവയസ്സ്‌ പ്രായമുള്ളപ്പോള്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ നിന്ന്‌ ഫിസിയോ തെറാപ്പി കഴിഞ്ഞ്‌ തിരിച്ചു വരുമ്പോള്‍ കണ്ട ഹൃദയ ഭേദകമായ ഒരു കാഴ്‌ച! വൃദ്ധയായ ഒരമ്മ റോഡില്‍ വീണു കിടന്നു പിടയുന്നു. പലരും അതുവഴി വന്നെങ്കിലും ആരും അത്‌ ശ്രദ്ധിക്കാതെ പോയി. അഞ്ചാം വയസ്സില്‍ കണ്ട കരളലിയിക്കുന്ന ഈ കാഴ്‌ച മനസ്സിന്റെ കോണിലെവിടെയോ നീറ്റലായി മായാതെ കിടന്നു. വേദനിക്കുന്ന ഈ ഓര്‍മയാണ്‌ പിന്നീട്‌ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി രംഗത്ത്‌ വരാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന്‌ ശബ്‌ന പറയുന്നു. ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉമ്മയും ഉപ്പയും കൊച്ചനുജത്തിയും താങ്ങും തണലുമായി നിലകൊള്ളുന്നതാണ്‌ ശബ്‌നക്ക്‌ ശക്തിയും ആവേശവും നല്‍കുന്നത്‌.
``അടച്ചു പിടിച്ചിരിക്കുന്ന കണ്ണുകള്‍ സമൂഹം ഞങ്ങളെ പോലെ ദുരിതമനുഭവിക്കുന്നവര്‍ക്കു നേരെ തുറന്നു വെക്കട്ടെ. എല്ലാവരും ഞങ്ങളെ കാണട്ടെ, അറിയട്ടെ, പുഛിച്ചു തള്ളേണ്ടവരല്ല ഞങ്ങളെന്ന സത്യം ഉള്‍ക്കൊള്ളട്ടെ.'' എന്ന്‌ ലോകത്തോട്‌ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട്‌, വീല്‍ചെയറില്‍ ഒതുങ്ങിക്കൂടാന്‍ കൂട്ടാക്കാതെ തളരാത്ത മനസ്സോടെ സേവന നിരതയായി, സാന്ത്വനത്തിന്റെ മന്ത്രധ്വനികളുമായി ശബ്‌ന പൊന്നാട്‌ നമുക്ക്‌ മുമ്പില്‍ എഴുന്നേറ്റ്‌ നില്‍ക്കുകയാണ്‌.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top