മാരിയത്തുല്‍ ഖിബ്‌തിയ്യ

അബ്ദുല്ല നദ്‌വി കുറ്റൂര്‍ No image

ഇസ്‌ലാമിക പ്രബോധനത്തിനും പ്രമാണത്തിനും പ്രവേഗം വര്‍ധിക്കുകയും ഇതര മതസ്ഥര്‍ക്കിടയില്‍ ഇസ്‌ലാമിന്‌ വേരോട്ടം സാധ്യമാവുകയും ചെയ്‌ത അവസരത്തിലാണ്‌ ഹുദൈബിയ സന്ധി. ഇതിന്‌ ശേഷം ഹിജ്‌റയുടെ ഏഴാം വര്‍ഷമാണ്‌ റോമിലെ ഹിര്‍ഖല്‍, പോര്‍ഷ്യയിലെ കിസ്‌റാ, അബ്‌സീനിയയിലെ നജ്ജാശി, ഈജിപ്‌തിലെ മുഖൗഖിസ്‌ തുടങ്ങിയ ചക്രവര്‍ത്തിമാര്‍ക്ക്‌ ഇസ്‌ലാമിനെ പരിചയപ്പെടുത്താനായി പ്രവാചകന്‍ ദൂതന്മാരെ നിയോഗിക്കുന്നത്‌. ഈജിപ്‌ത്തിലെ മുഖൗഖിസ്‌ രാജാവിന്‌ സന്ദേശം എത്തിക്കാനായി പ്രവാചകന്‍ ദൂതനായി ഹാതിബിനെയാണ്‌ നിയോഗിച്ചത്‌. മുഖൗഖിസ്‌ വളരെ ആദരപൂര്‍വമാണ്‌ പ്രവാചകന്റെ ദൂതനെ സ്വീകരിച്ചത്‌. ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചില്ലെങ്കിലും പ്രവാചകനോട്‌ അനുഭാവപൂര്‍ണമായ നിലപാടാണ്‌ അദ്ദേഹം കൈകൊണ്ടത്‌. ഇതിന്‌ നിദര്‍ശനമായി ദൂതനായ ഹാതിബിന്റെ വശം ധാരാളം സമ്മാനങ്ങള്‍ പ്രവാചകന്‌ അദ്ദേഹം കൊടുത്തയക്കുകയും ചെയ്‌തു. മാരിയ, സഹോദരി സീരീന്‍ എന്നീ രണ്ട്‌ അടിമകള്‍, മാബൂര്‍ എന്ന്‌ പേരുള്ള ഒരു വൃദ്ധന്‍, ആയിരം മിസ്‌കാല്‍ സ്വര്‍ണനാണയങ്ങള്‍, ഇരുപത്‌ വസ്‌ത്രങ്ങള്‍, വെളുത്ത നിറമുള്ള ഒരു കോവര്‍ കഴുത (ദുല്‍ദുല്‍), ഒരു കഴുത, തേന്‍, ഊദ്‌, കസ്‌തൂരി എന്നിവയാണ്‌ അദ്ദേഹം കൊടുത്തയച്ച സമ്മാനങ്ങള്‍. ഇതോടൊപ്പം ഒരു കത്തും അദ്ദേഹം കൊടുത്തു വിട്ടു. താങ്കളുടെ സന്ദേശം ഞാന്‍ വായിച്ചു ഗ്രഹിച്ചു. ഒരു പ്രവാചകന്റെ ആഗമനം അടുത്തിട്ടുണ്ടെന്ന്‌ ഞാന്‍ മനസ്സിലാക്കിയിരുന്നു. താങ്കളുടെ ദൂതനെ ഞാന്‍ ആദരിച്ചിട്ടുണ്ട്‌. ഖിബ്‌ത്തികളില്‍ വിശിഷ്ട സ്ഥാനമുള്ള രണ്ട്‌ അടിമകളെയും കുറച്ച്‌ വസ്‌ത്രങ്ങളും ഞാന്‍ കൊടുത്തയക്കുന്നു. ഏതാണ്ട്‌ ഇപ്രകാരമായിരുന്നു അതിന്റെ ഉള്ളടക്കം.
ഈജിപ്‌തിലെ ക്രിസ്‌തുമത വിശ്വാസികളില്‍ പെട്ട മാരിയ ബിന്‍ത്‌ ശംഊന്‍ എന്നാണ്‌ മാരിയയുടെ ശരിയായ വിലാസം. തെക്കെന്‍ ചേരിപ്രദേശമായ `ജഫന്‍' ഗ്രാമത്തിലാണ്‌ മാരിയ ജനിച്ചത്‌. കൗമാര ദശയില്‍ സഹോദരിയുടെ കൂടെ ഖിബ്‌ത്തികളുടെ ചക്രവര്‍ത്തിയായ മുഖൗഖിസിന്റെ കൊട്ടാരത്തില്‍ അവര്‍ എത്തിപ്പെടുകയായിരുന്നു.
മുഖൗഖിസിന്റെ കത്തും സമ്മാനങ്ങളുമായി ഹാബിത്ത്‌ ഈജിപ്‌ത്തില്‍ നിന്ന്‌ മടങ്ങവെ മദീനയുടെയും ഈജിപ്‌ത്തിന്റെയും ഇടയിലുള്ള വഴിയില്‍ വെച്ച്‌ മാരിയയും സീരീനും ഹാബിത്‌ മുഖേന ഇസ്‌ലാം സ്വീകരിച്ചു.
ഹാജറ അബ്രഹാം പ്രവാചകനില്‍ അനുരുക്തനായത്‌ പോലെ മാരിയ മദീനയിലെത്തും മുമ്പേ പ്രവാചകനില്‍ അനുരുക്തയായി കഴിഞ്ഞിരുന്നു. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ജീവിച്ച്‌ കാലഗതി പ്രാപിക്കുകയും ഹിജാസിലേക്ക്‌ പലായനം നടത്തുകയും ചെയ്‌ത ഹാജറയെ കുറിച്ച്‌ ധാരാളം കാര്യങ്ങള്‍ മാരിയ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. പരിശുദ്ധമായ ആ നാടുകള്‍ കാണാനും സന്ദര്‍ശിക്കാനും അവളുടെ മനസ്സ്‌ വെമ്പല്‍ കൊള്ളുന്നുണ്ടായിരുന്നു. തന്നെപോലെ അടിമയായിരുന്ന ഹാജറയുമായി താദാത്മ്യം പ്രാപിക്കുവാന്‍ അവളുടെ മനസ്സ്‌ മന്ത്രിച്ചു. അബ്രഹാമില്‍ നിന്ന്‌ ഹാജറക്ക്‌ കുഞ്ഞ്‌ ജനിക്കാനുള്ള സൗഭാഗ്യം സിദ്ധിച്ചത്‌ പോലെ തനിക്കും മുഹമ്മദ്‌ നബിയില്‍ നിന്ന്‌ സന്താനഭാഗ്യം സിദ്ധിക്കണമെന്ന്‌ അവള്‍ ഉല്‍കടമായി ആഗ്രഹിച്ചു.
സ്‌ത്രീകള്‍ നാല്‍ക്കാലികളെപ്പോലെ വില്‍ക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്‌തിരുന്ന ഒരു കാലത്ത്‌ അടിമകളോട്‌ എങ്ങനെ സഹവര്‍ത്തിക്കണമെന്നും അവരെ എങ്ങനെ മനുഷ്യത്വത്തിന്റെ ഉന്നത വിതാനത്തിലേക്ക്‌ ഉയര്‍ത്തണമെന്നും ലോകത്തെ പഠിപ്പിക്കുകയായിരുന്നു മാരിയയെ സ്വീകരിച്ചതിലൂടെ പ്രവാചകന്‍ ലക്ഷ്യം വെച്ചത്‌. യജമാനനില്‍ നിന്ന്‌ കുഞ്ഞ്‌ പിറക്കുന്നതോടെ അടിമസ്‌ത്രീ സ്വതന്ത്രയാകുമെന്ന്‌ അനുചരവൃന്ദത്തെ അദ്ദേഹം പഠിപ്പിക്കുകയും ചെയ്‌തു. ഇതല്ലാതെ പാശ്ചാത്യരുടേത്‌ പോലുള്ള ജഡികവും വൈകാരികവുമായ അധമവികാരമായിരുന്നു അതിന്‌ പിന്നിലെന്ന്‌ പ്രവാചകനെ ക്കുറിച്ച്‌ വിഭാവന ചെയ്യുന്നത്‌ പോലും കടുത്ത അപരാധമായിരിക്കും.
പ്രവാചകനുമായുള്ള സംഗമത്തിന്‌ ശേഷം അധികം വൈകാതെ മദീന മുനവ്വറയുടെ തെരുവോരങ്ങളില്‍ പ്രവാചകന്‌ മാരിയയില്‍ നിന്ന്‌ ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്നു എന്ന കൗതുക വാര്‍ത്ത പ്രചരിച്ചു. വിശ്വാസികളെ ആഹ്ലാദിപ്പിച്ചുകൊണ്ട്‌ ഇബ്രാഹീം എന്ന കുഞ്ഞിന്‌ മാരിയത്തുല്‍ ഖിബ്‌തിയ്യ ജന്മം നല്‍കി. തന്റെ അറുപതാം വയസ്സില്‍ വൈകി വന്ന ആ അസുലഭ സൗഭാഗ്യത്തില്‍ പ്രവാചകന്‍ അത്യധികം സന്തോഷിച്ചു. മാരിയയുടെ തീവ്രമായ അഭിലാഷം ഇതോടെ അല്ലാഹു സാക്ഷാത്‌കരിച്ചുകൊടുക്കുകയായിരുന്നു. ഒരു കുഞ്ഞിന്റെ മാതാവായതോടെ അവരുടെ സ്ഥാനം വര്‍ധിക്കുകയും അടിമത്വത്തില്‍ നിന്ന്‌ മോചിതയാവുകയും വിശ്വാസികളുടെ മാതാക്കളുടെ ഗണത്തില്‍ അംഗത്വം നേടുകയും ചെയ്‌തു. ഖദീജ ബീവിക്ക്‌ ശേഷം പ്രവാചകന്‌ സന്താനം പ്രദാനം ചെയ്‌തവള്‍ എന്ന പ്രസിദ്ധിയും അവള്‍ക്ക്‌ നേടാനായി. ഖദീജയുടെ സന്താനങ്ങളില്‍ ഫാത്വിമ ഒഴികെ മറ്റാരും അന്ന്‌ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. വിശ്വാസികളുടെ മാതാക്കളില്‍ സ്ഥാനം പിടിച്ചതോടെ അവരുടെ മഹത്വവും വര്‍ധിച്ചു. ആയിഷ ഇപ്രകാരം പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു: മാരിയയോട്‌ എനിക്ക്‌ വല്ലാത്ത അസൂയ തോന്നിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ചുരുളന്‍ മുടിയുള്ള ഒരു സുന്ദരിപ്പെണ്ണായിരുന്നു മാരിയ. ഞങ്ങളുടെ അയല്‍പക്കത്തായിരുന്നു അവള്‍ താമസിച്ചിരുന്നത്‌. പിന്നീട്‌ `ആലിയ' എന്ന സ്ഥലത്തേക്ക്‌ താമസം മാറി. ഞങ്ങള്‍ക്കൊന്നും ഒരു കുഞ്ഞിക്കാല്‌ കാണാനുള്ള ഭാഗ്യമുണ്ടായിരുന്നില്ല. മാരിയക്കാവട്ടെ, അല്ലാഹു ഒരു കുഞ്ഞിനെ നല്‍കി.
പക്ഷേ, മാരിയയുടെ സന്തോഷം രണ്ടു കൊല്ലമോ അതില്‍ കുറഞ്ഞ കാലമോ മാത്രമേ നിലനിന്നുള്ളൂ. അപ്പോഴേക്കും ഇബ്രാഹിം ശയ്യാവലംബിയായി. കുഞ്ഞിന്റെ പരിചരണത്തിനും രോഗ ശുശ്രൂഷക്കുമായി മാരിയ സഹോദരി സീരീനെ വിളിച്ചു വരുത്തിയെങ്കിലും രോഗം മൂര്‍ഛിച്ചു കൊണ്ടേയിരുന്നു. പ്രവാചകന്റെ മടിയില്‍ കിടന്നാണ്‌ കുഞ്ഞ്‌ അന്ത്യശ്വാസം വലിച്ചത്‌. റബീഉല്‍അവ്വല്‍ മാസത്തില്‍ മരണപ്പെട്ട ഇബ്രാഹീമിന്‌ പ്രവാചകന്‍ തന്നെ മയ്യത്ത്‌ നമസ്‌ക്കരിക്കുകയും ജന്നത്തുല്‍ ബഖീഇല്‍ മറമാടുകയും ചെയ്‌തു. തദവസരം അവിടുത്തെ കണ്ണുകളില്‍ നിന്ന്‌ കണ്ണുനീര്‍ ചാലിട്ടൊഴുകിയപ്പോള്‍ താങ്കള്‍ കരയുകയാണോ എന്ന്‌ അനുചരന്മാര്‍ അന്വേഷിച്ചു. ആര്‍ത്തനാദവും വാവിട്ടുള്ള വിലാപവുമാണ്‌ കുറ്റകരമെന്ന്‌ പ്രവാചകന്‍ അവരെ ഉത്‌ബോധിപ്പിച്ചു.
ഇബ്രാഹിം മരണപ്പെട്ട ദിവസം സൂര്യന്‌ ഗ്രഹണം ബാധിക്കുകയുണ്ടായി. പ്രവാചകപുത്രന്റെ മരണം മൂലമാണ്‌ സൂര്യഗ്രഹണം ഉണ്ടായതെന്ന്‌ ബഹുദൈവ വിശ്വാസികള്‍ വിശ്വസിച്ചിരുന്നു. ആ ധാരണ തിരുത്തിക്കുറിച്ച്‌ കൊണ്ട്‌ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു: സൂര്യനും ചന്ദ്രനും അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്‌. ഒരാളുടെ ജനനമരണം മൂലം അതിന്‌ ഗ്രഹണം ബാധിക്കുകയില്ല.
കുഞ്ഞിന്റെ വിയോഗത്തിന്‌ ശേഷം ശിഷ്ടജീവിതത്തില്‍ ഉടനീളം ദുഃഖിതയായിട്ടാണ്‌ മാരിയ കഴിച്ചു കൂട്ടിയത്‌. ആ ദുഃഖ സാഗരത്തിന്‌ വിരാമം കുറിച്ചത്‌ പ്രവാചകന്റെ നിര്യാണമായിരുന്നു. പ്രവാചകന്റെ നിര്യാണം മകന്റെ വിയോഗത്തിലുള്ള ദുഃഖത്തെ വിസ്‌മരിപ്പിക്കുകയായിരുന്നു.
ജീവിത വിശുദ്ധിയിലും പ്രവാചകനോടുള്ള സ്‌നേഹത്തിലും നിഷ്‌കളങ്കതയിലും ആത്മാര്‍പണത്തിലുമെല്ലാം മാരിയ ഉത്തമ മാതൃക കാഴ്‌ചവെച്ചു. ലജ്ജ, ശാലീനത, അഗതികളോടും ദരിദ്രരോടുമുള്ള അനുകമ്പ എന്നിവ മഹതിയുടെ സവിശേഷ ഗുണങ്ങളായിരുന്നു. ഉമര്‍(റ)വിന്റെ ഭരണകാലത്ത്‌ ഹിജ്‌റ പതിനാറാം വര്‍ഷം മുഹറം മാസത്തിലാണവര്‍ മരണപ്പെട്ടത്‌. ഉമറാണ്‌ അവര്‍ക്ക്‌ വേണ്ടി ജനാസ നമസ്‌ക്കരിച്ചത്‌. പ്രവാചക പത്‌നിമാരുടെയും മകന്‍ ഇബ്രാഹീമിന്റെയും സമീപത്തായി അവരെ മറവ്‌ ചെയ്‌തു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top