മദ്യ നയവും സ്‌ത്രീ വിമോചനവും

സബീന മുള്ളന്‍കുന്ന്‌ No image

സര്‍ക്കാറിന്‍െറ മദ്യനയം പുറത്ത്‌ വന്ന സാഹചര്യത്തില്‍ കേരളത്തിലെ സ്‌ത്രീ സംഘടനകള്‍ പ്രതികരിച്ചതായി കണ്ടില്ല. അങ്ങേയറ്റം സ്‌ത്രീ വിരുദ്ധമായിരുന്നിട്ടും അത്‌ കണ്ടില്ലെന്ന്‌ നടിച്ച പുരോഗനമ സ്‌ത്രീ പ്രസ്‌ഥാനങ്ങളുടെ കനത്ത മൗനം പ്രതികരണ ശേഷി നഷ്ടമായിട്ടില്ലാത്ത സ്‌ത്രീ സമൂഹം തിരിച്ചറിയേണ്ടതാണ്‌.
മദ്യം ഏറ്റവും കൂടുതല്‍ ഇരകളാക്കിയത്‌ സ്‌ത്രീ സമൂഹത്തെയാണ്‌. മദ്യത്തിന്‍െറ ദുരിതവും ദുരന്തവും ഏററുവാങ്ങി മുതുകൊടിഞ്ഞ സ്‌ത്രീകള്‍ നമ്മുടെ ചുറ്റും ധാരാളമുണ്ട്‌. എന്നാല്‍, മാറിമാറിവന്ന സര്‍ക്കാറുകള്‍ മദ്യനയം രൂപീകരിക്കുന്ന വേളയില്‍ സമൂഹത്തിന്റെ പാതിയായ സ്‌ത്രീകളെ പരിഗണിക്കാറില്ല. മദ്യക്കച്ചവടക്കാരെയും ബാര്‍ മുതലാളികളെയും തൃപ്‌തിപ്പെടുത്തുന്നതാണ്‌ ജനകീയ സര്‍ക്കാറുകള്‍ രൂപം കൊടുക്കാറുള്ള നയം. ഇത്തവണയും അതിന്‌ മാറ്റമൊന്നും ഉണ്ടായില്ല.
മദ്യപാനിയും കുടുംബവും തമ്മിലുള്ള ബന്ധം സങ്കീര്‍ണമായിരിക്കും. മദ്യപാനിയായ ഒരാള്‍ കുടുംബത്തിലുണ്ടാവുന്നതോടെ മറ്റ്‌ അംഗങ്ങള്‍ക്ക ്‌കടുത്ത അപമാനം, ദേഷ്യം, ഭയം, ദുഃഖം, ഒറ്റപ്പെടല്‍ എന്നിവ അനുഭവിക്കേണ്ടിവരും. മദ്യപനായ കുടുംബാംഗം സൃഷ്ടിക്കുന്ന വിവിധ ഉപദ്രവങ്ങളും സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷവും എങ്ങനെ മയപ്പെടുത്താനാവും എന്ന്‌ ചിന്തിച്ച്‌ കൊണ്ടാണ്‌ അവര്‍ ജീവിതം തള്ളിനീക്കുന്നത്‌. മദ്യപാനിയുടെ ജീവിത പങ്കാളിയാണ്‌ ഏറ്റവും ദുരിതം പേറേണ്ടിവരിക. ശരിയായ രീതിയിലുള്ള ആശയവിനിമയം അവര്‍ക്കിടയില്‍ നഷ്ടമാകുന്നു. ഇതിന്റെ ഫലമായി വഴക്കും വക്കാണവും ഒഴിഞ്ഞ നേരം ചുരുക്കമായിരിക്കും. കലഹവും കശപിശയും ശാരീരിക ഉപദ്രവവും മുതല്‍ കൊലപാതകം വരെ സംഭവിക്കുന്നു. കുടുംബത്തിന്റെ ശക്തി ചോരുകയും അംഗങ്ങള്‍ക്കിടയിലെ ബന്ധത്തിന്‍െറ കെട്ടുറപ്പ്‌ നഷ്ടമാവുകയും ചെയ്യുന്നു. മക്കളുടെ വിദ്യാഭ്യാസവും ആരോഗ്യവും സര്‍ഗ വളര്‍ച്ചയും കുടുംബത്തിന്റെ ചര്‍ച്ചാവിഷയമേ അല്ലാതാവുന്നു. അവരുടെ ധാര്‍മിക വളര്‍ച്ചക്ക്‌ പോഷണമേകാന്‍ സജീവനായ ഒരു രക്ഷിതാവ്‌ ഇല്ലാതാവുന്നതോടെ അവര്‍ ദുര്‍വൃത്തികളിലകപ്പെട്ട്‌ വഴിതെറ്റുന്നു. നിത്യ കുടിയനായ രക്ഷിതാവ്‌ സാമ്പത്തികമായി പരിപൂര്‍ണ നിസ്സഹകരണം പുലര്‍ത്തുന്നതോടെ കുടുംബം പട്ടിണിയിലാവുന്നു. പുസ്‌തകവും യൂണിഫോമും പഠനോപകരണവും ഇല്ലാതെ കുട്ടികളുടെ പഠനം അവതാളത്തിലാവുന്നു. കുടിയനായ അച്ഛന്‍ സൃഷ്ടിക്കുന്ന ബഹളവും സംഘര്‍ഷാവസ്ഥകളും വീട്ടില്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാഹചര്യവും കെടുത്തുന്നു. വരുമാനത്തിന്‍െറ മുഖ്യപങ്കും മദ്യസേവക്ക്‌ വിനിയോഗിക്കുന്നവരുടെ കുടുംബം ആവശ്യമായ ഭക്ഷണവും സംരക്ഷണവും ലഭിക്കാതെ നിത്യദുരിതത്തിലും പട്ടിണിയിലും കഴിയേണ്ടി വരുന്നു.
വീടുകളിലെ മിക്ക കലഹങ്ങളിലും വില്ലന്‍ മദ്യമാണ്‌. 74 ശതമാനം ഗാര്‍ഹിക പീഡനവും മദ്യം കാരണമാണെന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ വിവാഹിതരാവുന്ന സ്‌ത്രീകളില്‍ 10 ല്‍ ഒരു സ്‌ത്രീ ഗാര്‍ഹിക പീഡനത്തിനിരയാവുന്നുണ്ട്‌.
ഇത്രയും കാര്യങ്ങള്‍ മുന്നില്‍ വെച്ചാണ്‌ സര്‍ക്കാറിന്‍െറ മദ്യനയത്തെ നാം വിലയിരുത്തേണ്ടത്‌.
മദ്യത്തെക്കുറിച്ച അടിസ്ഥാന സമീപനം പ്രകടിപ്പിക്കുന്നതല്ല കഴിഞ്ഞ കാലങ്ങളിലേതു പോലെ ഇത്തവണയും സര്‍ക്കാര്‍ മദ്യനയം. നയത്തെക്കാളേറെ നയരാഹിത്യമാണതില്‍ തെളിഞ്ഞ്‌ കാണുന്നത്‌.
മദ്യവ്യവസായത്തെ പ്രോല്‍സാഹിപ്പിക്കുന്ന തീരുമാനങ്ങള്‍ ഒരുവശത്ത്‌. മദ്യപന്മാരെ താലോലിക്കുന്ന നിര്‍ദേശങ്ങള്‍ മറുവശത്ത്‌. ഇതിനൊക്കെ വിപരീതമായി മദ്യവിരുദ്ധ ബോധവല്‍കരണത്തിന്‌ കോടികള്‍ ചെലവഴിക്കുന്ന വിരോധാഭാസവും. ഇതിനെയാണ്‌ നയരാഹിത്യം എന്ന്‌ പറയേണ്ടിവരുന്നത്‌.
മനുഷ്യവിഭവശേഷി സംരക്ഷണം, സാമൂഹികാരോഗ്യം, കുടുംബസുരക്ഷ, സ്‌ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, ആരോഗ്യപൂര്‍ണമായ വ്യക്‌തിത്വം എന്നീ കാര്യങ്ങള്‍ മുന്നില്‍ വെച്ചാണ്‌ മദ്യം എന്ന മാരക ലഹരിയെ സംബന്ധിച്ച ഒരു നിലപാട്‌ സ്വീകരിക്കാന്‍ സര്‍ക്കാറുകള്‍ ശ്രമിക്കേണ്ടത്‌. കാരണം മദ്യം ഈ ഘടകങ്ങളെ നിഷേധാത്‌മകമായാണ്‌ സ്വാധീനിക്കുന്നത്‌.

മദ്യം വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള പ്രായപരിധി 18 ല്‍ നിന്ന്‌ 21 ആയി ഉയര്‍ത്തിയതാണ്‌ പ്രധാനമെന്ന്‌ പറയുന്ന തീരുമാനം. എന്നാല്‍ ഇത്‌ മദ്യ ഉപഭോഗം കുറക്കുന്നതിന്‌ സഹായകരമായ നടപടിയല്ല. 18 കാരന്‍ മദ്യപാനം അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന ഒരു പ്രതീതി സൃഷ്ടിക്കലാണ്‌ നയത്തിന്‍െറ ലാക്ക്‌. കുടിക്കല്‍/കഴിക്കല്‍ നിയമപരമായി തെറ്റല്ലാത്തതും വിപണിയില്‍ ലഭ്യവുമായ ഒരു പാനീയം /വസ്‌തു വാങ്ങുന്നതിന്‌ പ്രായപരിധി നിശ്‌ചയിക്കുന്നത്‌ പ്രായോഗികമല്ല. ഇനി നടപ്പിലായാല്‍ തന്നെ കേവലം സാങ്കേതികത മാത്രമാണ്‌ നിലനില്‍ക്കുന്നത്‌.
കോടികള്‍ ചെലവഴിച്ച്‌ മലയാളി മദ്യത്തില്‍ കുളിക്കുന്ന ആഘോഷവേളകള്‍ മദ്യമുക്‌തമാക്കുന്നതിനുള്ള നിര്‍ദ്ദേശമോ തീരുമാനമോ പുതിയ നയത്തിലില്ല.ഒരാള്‍ക്ക്‌ കൈവശം വെക്കാവുന്ന മദ്യത്തിന്‍െറ അളവ്‌ 15 ലിറ്ററായി കുറച്ചതാണ്‌ പുതിയ മദ്യനയത്തില്‍ കാണുന്ന ഏക പ്രായോഗിക സമീപനം.
ബാറുകളുടെ പ്രവര്‍ത്തന സമയം കുറച്ചതാണ്‌ മറ്റൊന്ന്‌. പഞ്ചായത്ത്‌ മുന്‍സിപ്പാലിറ്റികളില്‍ രാവിലെ 8 മുതല്‍ രാത്രി 11 വരെയും കോര്‍പറേഷനില്‍ 9 മുതല്‍ 12 വരെയും `മാത്രമേ' ബാറുകള്‍ പ്രവര്‍ത്തിക്കാനനുവദിക്കുകയുള്ളൂ.
ഇവിടെയും മദ്യപന്‍െറ കുടുംബത്തെ സര്‍ക്കാര്‍ പരിഗണിച്ചില്ല. രാത്രി കുടിച്ച്‌ പൂസായി കയറിവന്ന്‌ വീട്ടുകാരൂടെ ഉറക്കും വിശ്രമവും തകര്‍ക്കുന്ന മദ്യപവിളയാട്ടത്തിന്‍െറ നാട്ടുകാഴ്‌ച ഇനിയും തുടരുമെന്നര്‍ത്ഥം
സാധാരണ ഗതിയില്‍ നഗര ഗ്രാമ വ്യത്യാസമില്ലാതെ 9,10 മണിക്കിടയില്‍ കടകള്‍ അടയുകയും കമ്പോളം കാലിയാവുകയും നിരത്തുകള്‍ നിര്‍ജീവമാവുകയും ചെയ്യും. 10 മണിക്കു ശേഷവും കടതുറന്നിരിക്കുന്നവരെ പൊലീസ്‌ വിരട്ടുന്നതും പതിവാണ്‌. എന്നാല്‍ അപ്പോഴും സര്‍ക്കാറിന്‍െറ ആശീര്‍വാദത്തില്‍ ബാറുകള്‍ സജീവമായിരിക്കും. ഇങ്ങനെ പാതിരാവിലും സജീവമാവുന്ന ബാറുകളില്‍ നിന്ന്‌ മദ്യപിച്ചിറങ്ങുന്ന സംഘങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹ്യദ്രോഹം ചില്ലറയല്ല.
കള്ള്‌ചെത്ത്‌ വ്യവസായത്തെ സംരക്ഷിക്കുകയാണ്‌ സര്‍ക്കാര്‍ നയമെന്നാണ്‌ മന്ത്രി പറഞ്ഞത്‌. കള്ള്‌ചെത്തി കുടുംബം പുലര്‍ത്തുന്ന സംസ്‌ഥാനത്തെ പതിനായിരക്കണക്കിന്‌ തൊഴിലാളികളെ സംരക്ഷിക്കേണ്ടത്‌ സര്‍ക്കാറിന്റെ ബാധ്യതയാണെന്നാണല്ലോ അപ്പറഞ്ഞതിന്‍െറ അര്‍ഥം. എന്നാല്‍ കള്ള്‌ കുടിയന്മാരുടെ ലക്ഷക്കണക്കിന്‌ കുടുംബങ്ങളുടെ സംരക്ഷണം സര്‍ക്കാറിന്‌ ഒരു പരിഗണനാ വിഷയമാവാതിരിക്കുന്നതിന്റെ ന്യായമെന്താണ്‌?
പുതുതലമുറയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യമാണ്‌ നിലനില്‍ക്കുന്നത്‌. അതിനെ മറികടക്കാനും സമൂഹത്തിന്റെ യുവശക്‌തിയെ ഫലപ്രദമായി കരുപ്പിടിപ്പിക്കാനുമുള്ള ഒരു മുന്‍കൈയും പുതിയ മദ്യനയത്തിലില്ല.
സമ്പൂര്‍ണ മദ്യനിരോധമാണ്‌ നടപ്പില്‍ വരേണ്ടത്‌ എന്നതില്‍ സംശയമില്ല. അപ്പോള്‍ മാത്രമേ സാധാരണക്കാരായ സ്‌ത്രീ സമൂഹം രക്ഷപ്പെടുകയുള്ളൂ. അവരുടെ കണ്ണീര്‍ തോരാതെ സ്‌ത്രീ വിമോചനം സാധ്യമാവില്ല. അതിന്‌ ശക്തമായ പോരാട്ടം അനിവാര്യമാണ്‌. ഈ പോരാട്ടത്തിന്‌ മുന്നിട്ടിറങ്ങേണ്ടത്‌ നമ്മള്‍ തന്നെയാണ്‌.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top