പരദേശികളും പുതിയ പാഠങ്ങളും

എം.സി.എ നാസര്‍ No image

ദുബൈ കത്തുപാട്ട് പിറന്നിട്ട് കാല്‍നൂറ്റാണ്ടിലേറെ പിന്നിട്ടിരിക്കുന്നു. പരദേശത്ത് ചേക്കേറിയ പുരുഷന്മാരുടെ ഉള്ളില്‍ നീറ്റലായി പടരുകയായിരുന്നു നാട്ടിലെ ഭാര്യയുടെ ആ വിലാപകാവ്യം. എസ്.എ ജമീല്‍ കുറിച്ച പാട്ടുകാരണം ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയവരെ കുറിച്ച് അക്കാലത്ത് ധാരാളം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂര്‍ത്ത ചോദ്യങ്ങളായിരുന്നു ഗള്‍ഫ് ഭാര്യമാരുടെ പക്ഷത്തു നിന്ന് ആ ഗാനത്തിലൂടെ പ്രവാസലോകത്തെ അന്ന് കടന്നാക്രമിച്ചത്. 
'മലക്കല്ല പെണ്ണെന്നത് വല്ലാത്തൊരു വാക്കാണ്
മനസില്‍ വെടിപൊട്ടിച്ചിരട്ടക്കുഴല്‍ തോക്കാണ്.'
മാനാഭിമാനമുള്ള പുരുഷന്റെ നേര്‍ക്കാണ് 
മറുപടിപറയാന്‍ കഴിയുന്നതാര്‍ക്കാണ്?'
സ്വത്തു സമ്പാദനം മാത്രമല്ല, ജീവിതം എന്ന പുതിയ സാക്ഷരതാ വിപ്ലവത്തിനും ആ ഗാനം വഴിയൊരുക്കി എന്നു വേണം പറയാന്‍. ഗള്‍ഫ് കത്തു കൊണ്ടായാലും അല്ലെങ്കിലും പ്രവാസലോകത്തേക്ക് കുടുംബിനികളുടെ വലിയ തോതിലുള്ള കടന്നുവരവിന്റെ കാലം പിറക്കുകയായിരുന്നു പിന്നീട്. ഉള്ളതുകൊണ്ട് കുടുംബവുമൊത്ത് ജീവിക്കാനുള്ള വെമ്പല്‍. സന്ദര്‍ശക വിസയിലെങ്കിലും ഗള്‍ഫിലേക്ക് ഭാര്യയെ കൊണ്ടു വരാനുള്ള താല്‍പര്യം. മക്കളുടെ പഠനത്തിന് ഗള്‍ഫില്‍ തന്നെ സൗകര്യമൊരുക്കാനുള്ള തിടുക്കം. തൊണ്ണൂറിന്റെ മധ്യത്തോടെ നിശ്ശബ്ദ സ്വഭാവത്തിലാണെങ്കിലും പ്രവാസ ജീവിതത്തില്‍ സമൂലമായ ചില മാറ്റങ്ങള്‍ രൂപപ്പെടുകയായിരുന്നു.

പരദേശികളും കുടുംബപ്രവാസവും
പ്രവാസം എഴുപതുകളോടെ ശക്തി പ്രാപിച്ചതാണ്. തൊണ്ണൂറുകളുടെ മധ്യത്തോടെയാണ് പ്രവാസി കുടുംബങ്ങളുടെ ആധിക്യം രൂപപ്പെടുന്നത്. ഒന്നാം ഗള്‍ഫ് യുദ്ധം സൃഷ്ടിച്ച ആകുലതകള്‍ പതിയെ നീങ്ങുകയും ഗള്‍ഫ് നഗരങ്ങള്‍ ഉണര്‍വിലേക്ക് തിരിച്ചെത്തുകയും ചെയ്ത രാഷ്ട്രീയ സാഹചര്യവും അനുകൂല ഘടകമാണ്. ഭര്‍ത്താവിനെ എയര്‍പോര്‍ട്ടില്‍ നിന്ന് യാത്രയയക്കുന്ന പതിവില്‍നിന്ന് മാറി ഒപ്പം യാത്ര ചെയ്യുംവിധം കുടുംബങ്ങളുടെ ഗള്‍ഫ് പ്രയാണം ശക്തമാകുന്നതാണ് പിന്നെ കാണുന്നത്. സമ്പന്ന വിഭാഗത്തിനു മാത്രമല്ല, ഗള്‍ഫ് പ്രവാസി മധ്യവര്‍ഗത്തിന്റെ ഉള്ളിലും ഒന്നിച്ചു ജീവിക്കണം എന്ന താല്‍പര്യം രൂപപ്പെട്ടു. ഭാര്യ, ഭര്‍ത്താവ് എന്ന ദ്വന്ദത്തില്‍ അത് ഒതുങ്ങി നിന്നതുമില്ല. കുഞ്ഞുങ്ങള്‍ കൂടി ഗള്‍ഫില്‍ കൂടെയുണ്ടാകണം എന്ന ആഗ്രഹവും ബലപ്പെട്ടു. പല ഗള്‍ഫ് നഗരങ്ങളിലും കൂടുതല്‍ ഇന്ത്യന്‍ വിദ്യാലയങ്ങള്‍ രൂപപ്പെട്ടതും ഏതാണ്ട് ഇതേ കാലയളവിലാണ്. മക്കള്‍ക്ക് പരദേശത്ത് നല്ല പഠന സാഹചര്യം ഒത്തുവന്നതോടെ എന്തു വില കൊടുത്തും പിടിച്ചുനില്‍ക്കണമെന്നായി. അതേ സമയം 'ഹൗസ് വൈഫ്' എന്ന ലേബലില്‍ തന്നെയായിരുന്നു സ്ത്രീകളില്‍ നല്ലൊരു പങ്കും. 
അധ്യാപനം, ആരോഗ്യ മേഖല, ഓഫീസ് ജോലികള്‍ എന്നിങ്ങനെ ലഭ്യമായ തൊഴിലവസരങ്ങള്‍ വിനിയോഗിക്കണമെന്ന ആഗ്രഹം ശക്തിപ്പെടുന്നത് പിന്നീടാണ്. ഒരാളുടെ മാത്രം ജോലി കൊണ്ട് കുടുംബവുമായി ഗള്‍ഫില്‍ ജീവിക്കുക എളുപ്പമല്ലെന്ന തിരിച്ചറിവിലാണ് ചെറിയ ജോലികള്‍ കണ്ടെത്താനുള്ള ശ്രമം ശക്തമായത്. ആശ്രിതവിസയില്‍ കഴിയുന്ന കുടുംബിനികളെ ജോലിക്കു വെക്കുന്നത് സാമ്പത്തിക ചെലവുകള്‍ കുറക്കുമെന്നു കണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റും ചിന്ത സ്ത്രീ അവസരങ്ങള്‍ വര്‍ധിപ്പിച്ചു. ചില സ്ത്രീകള്‍ തങ്ങളുടെ ജോലികളില്‍ നന്നായി തിളങ്ങി. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉയര്‍ന്നു. സ്വന്തമായി ഡ്രൈവിംഗ് പഠിക്കാന്‍ അവസരം കിട്ടിയ സ്ത്രീകള്‍ ജോലിയില്‍ മാത്രമല്ല, സാമൂഹിക പ്രവര്‍ത്തനമേഖലകളിലും സജീവമായി. ഇതൊന്നുമില്ലാതെ മക്കളുടെ പരിചരണത്തില്‍ മാത്രം ശ്രദ്ധ ചെലുത്തുന്ന വലിയൊരു വിഭാഗം കുടുംബിനികളുമുണ്ട് ഗള്‍ഫില്‍. ചെലവുകളും ബാധ്യതകളും പെരുകിയിട്ടും കുടുംബത്തെ നാട്ടിലേക്ക് തിരിച്ചയക്കാതെ കടം വാങ്ങിയും ഗള്‍ഫില്‍ തന്നെ ജീവിതം മുന്നോട്ടു കൊണ്ടു പോവുകയാണ് മറ്റൊരു കൂട്ടര്‍. 
ഗള്‍ഫില്‍ താരതമ്യേന ജീവിത ചെലവ് കുറഞ്ഞ രാജ്യം എന്ന നിലക്ക് സുഊദി അറേബ്യയിലേക്കായിരുന്നു പ്രവാസി കുടുംബങ്ങളുടെ സജീവ പ്രയാണം. 
അധികവും മലബാര്‍ മേഖലയില്‍നിന്നുള്ളവര്‍. കെട്ടിട വാടകയും ജീവിത ചെലവുകളും കുറഞ്ഞതു കാരണം ഉള്ള വരുമാനം കൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പലര്‍ക്കും കഴിഞ്ഞു. ജോലിക്കു പുറമെ ചെറിയ തോതിലുള്ള നിക്ഷേപം ഉപയോഗപ്പെടുത്തി കൂട്ടുകച്ചവടങ്ങളിലും മറ്റും ഏര്‍പ്പെട്ട് അധികവരുമാനം ഉറപ്പാക്കാനും അതിലുടെ അല്ലലില്ലാതെ ജീവിതം നയിക്കാനും അവര്‍ക്കായി. എന്നാല്‍ ഇക്കൂട്ടരുടെ എണ്ണം തുലോം കുറവാണ്. 
സാമ്പത്തിക സാക്ഷരത ഇല്ലായ്മ വലിയ ശാപമായി തുടര്‍ന്നു. അമിതവ്യയവും ആര്‍ഭാടവും മൂലം കടംവന്നു കയറിയ കുടുംബങ്ങളും ധാരാളം. അതു മാറ്റിനിര്‍ത്താം. ജീവിക്കുന്ന പരദേശവുമായി ബന്ധപ്പെട്ട രാഷ്ട്രീയ, സാമ്പത്തിക പിരിമുറുക്കവും തിരിച്ചടികളും തന്നെയാണ് സമീപകാലത്ത് പ്രവാസി കുടുംബങ്ങള്‍ക്ക് മുഖ്യമായും തിരിച്ചടിയായി മാറിയത്.

സ്വദേശിവത്കരണവും സാമ്പത്തിക തിരിച്ചടികളും
ഗള്‍ഫ് സാമ്പത്തിക രംഗം നേരിട്ട തകര്‍ച്ചയാവെട്ട, ഇനിയും മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. 2016 മുതല്‍ ഇതു പ്രകടം. 2018-ല്‍ എണ്ണവിലയില്‍ ഉണര്‍വ് രൂപപ്പെട്ടു. വിപണിയില്‍ അതിന്റെ പ്രതികരണം കാര്യമായി ഉണ്ടാവേണ്ടതായിരുന്നു. എന്നാല്‍ ലോക സമ്പദ് ഘടനയിലെ മുരടിപ്പും എണ്ണവിപണിയിലെ അസ്ഥിരതയും നിലനില്‍ക്കെ തന്നെയാണ് 2019-ന്റെ പുതുവര്‍ഷ പിറവിയിലേക്ക് ഗള്‍ഫ് മേഖല നടന്നു നീങ്ങുന്നത്. 
ചെലവ് ചുരുക്കിയും ബദല്‍ വരുമാന സ്രോതസ്സുകള്‍ കണ്ടെത്തിയും പ്രതിസന്ധി മറികടക്കണമെന്ന ഐം.എം.എഫ് നിര്‍ദേശം അപ്പടി സ്വീകരിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. സര്‍ക്കാര്‍ വക ചെലവുകള്‍ വെട്ടിക്കുറച്ചു. സ്വകാര്യ കമ്പനികളും ജാഗ്രതാപൂര്‍ണമായ ഇടപെടല്‍ തന്നെയാണ് തുടരുന്നത്. പുതിയ റിക്രൂട്ട്‌മെന്റുകള്‍ പല സ്ഥാപനങ്ങളും നിര്‍ത്തിവെച്ചിരിക്കുന്നു. 
2018 മുതല്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കിയിരിക്കുകയാണ് സുഊദിയും യു.എ.ഇയും. ബഹ്‌റൈന്‍ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളും ആ വഴിയില്‍ തന്നെ. നികുതിഘടനയിലേക്കുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ആദ്യചുവടുവെപ്പിലൂടെ നല്ല നേട്ടം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തുടര്‍ നികുതി നിര്‍ദേശങ്ങളും പരിഗണനയിലാണ്. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന തുകക്ക് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കുവൈത്ത് പാര്‍ലമെന്റ് രംഗത്തു വന്നതാണ്. മറ്റു ചില ഗള്‍ഫ് രാജ്യങ്ങളും ഈ ആവശ്യത്തിനൊപ്പമാണ്. ഇതിനു പുറമെ പ്രവാസികളുടെ വരുമാനത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നുകഴിഞ്ഞു. 
എണ്ണ സബ്‌സിഡി പിന്‍വലിച്ചും ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയും സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചും പ്രതിസന്ധി മറികടക്കുന്ന ഗള്‍ഫ് നാടുകളുടെ മുഖ്യപരിഗണന സ്വദേശികളുടെ തൊഴില്‍സുരക്ഷയും വ്യാപനവും തന്നെയാണ്. എല്ലാ ഗള്‍ഫ് രാജ്യങ്ങളും ആ ദിശയില്‍ തന്നെ. സ്വദേശി ഉദ്യോഗാര്‍ഥികളുടെ അനുപാതം വളരെ കുറഞ്ഞ യു.എ.ഇയിലും മറ്റും വെല്ലുവിളി കുറവാണ്. സുഊദി അറേബ്യയാണ് വൈകിയാണെങ്കിലും സ്വദേശിവത്കരണ പ്രക്രിയയില്‍ ഏറെ മുന്നിലുള്ളത്. 
സുഊദിയിലും മറ്റും സ്വദേശിവത്കരണ നടപടികള്‍ ത്വരിതഗതിയിലായത് പ്രവാസി കുടുംബങ്ങളെയാണ് ഉലച്ചത്. ആശ്രിത ലെവിയാണ് വലിയ തിരിച്ചടിയായത്. 2017 ജൂ
ൈലയിലാണ് ഇരുട്ടടി പോലെ ലെവി നടപ്പിലാക്കി തുടങ്ങിയത്. 
ആശ്രിത വിസയിലുള്ളവര്‍ക്ക് നൂറ് റിയാല്‍ വീതമാണ് പ്രതിമാസം അടക്കേണ്ടത്. സ്വദേശി ജീവനക്കാരേക്കാള്‍ കുടുതല്‍ വിദേശതൊഴിലാളികളുള്ള സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ഒരാള്‍ക്ക് 400 റിയാല്‍ വീതം ലെവി അടക്കണമെന്ന നിയമവും വന്നു. 
രണ്ട് മക്കളും ഭാര്യയും അടങ്ങുന്ന ഒരു കുടുംബത്തിന് പ്രതിമാസം മൂന്നൂറ് റിയാല്‍ ലെവി അടക്കേണ്ടിവരും എന്ന സ്ഥിതി. ഇതോടെ ഇടത്തരം കുടുംബങ്ങള്‍ക്ക് വലിയ ബാധ്യതയായി. ഓരോ വര്‍ഷവും ലെവിയില്‍ വര്‍ധന ഉണ്ടാകും എന്നതാണ് മറ്റൊരു ആധി. പ്രതിവര്‍ഷം ഇരട്ടി വര്‍ധനയാകും ഉണ്ടാവുക. 
2020-ഓടെ ലെവി നാനൂറ് റിയാലായി മാറും. എന്നാല്‍ ലെവി പിന്‍വലിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. വിപണിയുടെ ഉണര്‍വിന് ലെവി തടസ്സം നില്‍ക്കുന്നതായ തിരിച്ചറിവിലാണ് സുഊദിയിലെ വിവിധ ചേംബറുകള്‍.

വിലയൊടുക്കേണ്ടിവന്നത്  പ്രവാസി കുടുംബങ്ങള്‍ക്ക്
തൊഴില്‍ അരക്ഷിതത്വവും ലെവിയും പ്രവാസലോകത്തെ മറ്റു ചെലവുകളുടെ വര്‍ധനവും ചേര്‍ന്ന് സാധാരണ വരുമാനക്കാരായ വിദേശികള്‍ക്ക് കുടുംബത്തെ ഒപ്പം താമസിപ്പിക്കാന്‍ കഴിയാത്ത സാഹചര്യവും രൂപപ്പെട്ടു. ഭീഷണി മുന്നില്‍ കണ്ട് പലരും കുടുംബങ്ങളെ നാട്ടിലേക്ക് അയക്കാന്‍ നിര്‍ബന്ധിതമായി. കുറഞ്ഞ വരുമാനക്കാര്‍ കുടുംബത്തെ കൂടെ നിര്‍ത്താന്‍ ആഗ്രഹിച്ച പഴയ സ്വപ്‌നകാലം കഴിഞ്ഞിരിക്കുന്നു. ഒറ്റക്കു നില്‍ക്കാതെ കുടുംബം ഒന്നാകെ നാട്ടിലേക്കു മടങ്ങിയ സംഭവങ്ങളും നിരവധി. 
മിക്ക തൊഴിലിടങ്ങളിലും സ്വദേശികളെ നിയമിക്കാനുള്ള കര്‍മപദ്ധതിയുമായി സുഊദി മുന്നേറുകയാണ്. മൊബൈല്‍ ഷോപ്പുകളില്‍ തുടങ്ങി മറ്റു നിരവധി ഇടത്തരം വാണിഭ മേഖലകളിലേക്കു വരെ അത് നീളുകയായിരുന്നു. 
അധികരിച്ച ചെലവു കാരണം പരദേശത്ത് ചേക്കേറിയ ലക്ഷക്കണക്കിന് പ്രവാസികളുടെ ജീവിത ബജറ്റും താളം തെറ്റി. തൊഴില്‍ നഷ്ടവും അസ്ഥിരതയും ചേര്‍ന്ന് പ്രവാസത്തെ കൂടുതല്‍ ചെലവേറിയതാക്കിയെന്നും പറയാം. 
സുഊദിയില്‍ തൊഴില്‍ പ്രതിസന്ധി തീവ്രമായപ്പോള്‍ ഏറ്റവുമേറെ ബാധിച്ചതും ഇന്ത്യക്കാരെ തന്നെ. വിവിധ നിര്‍മാണ കമ്പനികളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള തൊഴിലാളികളുടെ മടക്കം സൃഷ്ടിച്ച ആശങ്ക അവസാനിച്ചിട്ടില്ല. അനധികൃതമായി തങ്ങുന്നവരുടെ തിരിച്ചുപോക്കിനായി സുഊദി ഉള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ആയിരങ്ങള്‍ക്ക് തുണയായി. തൊഴില്‍വിപണിയുടെ ക്രമീകരണം ലക്ഷ്യമിട്ടായിരുന്നു പൊതുമാപ്പ്. അഞ്ചു മാസം നീണ്ട യു.എ.ഇ പൊതുമാപ്പ് ഡിസംബര്‍ 31 വരെ നീണ്ടു. 
നഷ്ടസ്വപ്‌നങ്ങള്‍ക്കിടയിലും പ്രതീക്ഷയുടെ തുരുത്തുകള്‍ ഗള്‍ഫ് രാജ്യങ്ങള്‍ കൈവിടുന്നില്ല. 'വിഷന്‍ 2030' എന്ന പേരില്‍ സുഊദി വികസന രേഖ ഭാവിപ്രതീക്ഷയിലേക്കുള്ള വിളംബരമാണ്. യു.എ.ഇയുടെ 'വിഷന്‍ 2020' നല്‍കുന്ന ചിത്രവും മറ്റൊന്നല്ല. വികസന പദ്ധതികളും ലോകകപ്പും എക്‌സ്‌പോ 2020 മേളയും പുതിയ തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന പ്രതീക്ഷയും ശക്തം. 2022-ല്‍ ഫുട്‌ബോള്‍ ലോകകപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ ഖത്തറിലും ഊര്‍ജിതം. അതേസമയം ഖത്തറുമായുള്ള ബന്ധം വിഛേദിച്ച സുഊദി ഉള്‍പ്പെടെ ചതുര്‍ രാജ്യങ്ങളുടെ നടപടി ഇരുട്ടടിയായി. പ്രതിസന്ധിപരിഹാര സമവായ ചര്‍ച്ചകള്‍ എങ്ങും എത്തിയില്ല. അകല്‍ച്ചയിലൂടെ രൂപപ്പെട്ട സാമ്പത്തിക, തൊഴില്‍ തിരിച്ചടിയുടെ ആഘാതം വളരെ വലുതാണ്.

തിരിച്ചൊഴുക്കിന്റെ ആഘാതങ്ങള്‍
ഗള്‍ഫ് കുടിയേറ്റ ചരിത്രത്തിലെ ഏറ്റവും തീക്ഷ്ണമായ നാളുകള്‍ തന്നെയാണിത്. ഒരു ഭാഗത്ത് സ്വദേശിവത്കരണം കൂടുതല്‍ ശക്തിപ്പെടുന്നു. മറുഭാഗത്ത് ലഭിച്ചുവന്ന ആനുകൂല്യങ്ങള്‍ പോലും പരദേശ തൊഴിലാളികള്‍ക്ക് നഷ്ടപ്പെടുന്നു. ഒപ്പം തൊഴില്‍ അരക്ഷിതാവസ്ഥയും. 
പിന്നിട്ട പതിറ്റാണ്ടുകളില്‍ ഗള്‍ഫ് ഏറ്റവും മികച്ച സ്വപ്‌നഭൂമി തന്നെയായിരുന്നു മലയാളികള്‍ക്ക്. പ്രളയം സൃഷ്ടിച്ച കെടുതികള്‍, ആഭ്യന്തര വിപണിയുടെ തിരിച്ചടികള്‍ എന്നിവ കേരളത്തിന്റെ സമ്പദ് ഘടനക്ക് ഭീഷണിയായ അതേ ഘട്ടത്തിലാണ് തിരിച്ചൊഴുക്കിന്റെ ആഘാതവും. പുറവാസം ഒരു സ്ഥായിയായ പരിഹാരമല്ല. കേരളത്തിന്റെ ഭാവി സാധ്യതകള്‍ പ്രയോജനപ്പെടുത്തി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം തന്നെയാണ് നടക്കേണ്ടത്. അത്രമാത്രം അനുകൂല ഘടകങ്ങളാണ് കേരളത്തിലുള്ളത്. ലക്ഷക്കണക്കിന് മറുനാടന്‍ തൊഴിലാളികളുടെ വാഗ്ദത്ത ഭൂമിയായി കേരളം മാറുേമ്പാഴാണ് മലയാളി കുറഞ്ഞ വേതനത്തിന് ഗള്‍ഫിനെ ആശ്രയിക്കുന്നത്!
ഈ വൈരുധ്യമാണ് ചര്‍ച്ചചെയ്യേണ്ടത്. ഒപ്പം തിരിച്ചെത്തിയ പ്രവാസികളുടെ അധ്വാനശേഷിയും പ്രാപ്തിയും പ്രയോജനപ്പെടുത്താനുള്ള രാഷ്ട്രീയ ഭാവനയും നമുക്കുണ്ടാവണം. വിദഗ്ധ തൊഴില്‍ പരിചയം സിദ്ധിച്ചവരാണ് മടങ്ങിവരുന്ന പ്രവാസികള്‍. സത്രീകള്‍ പോലും പ്രഫഷനല്‍ തൊഴില്‍ അനുഭവം സിദ്ധിച്ചവരാണ്. 
എന്നാല്‍ നിതാഖാത് ഘട്ടത്തിലും മറ്റും കേരളത്തില്‍ തിരിച്ചെത്തിയവരുടെ ജീവിതം അത്ര മെച്ചമല്ലെന്നാണ് തിരുവനന്തപുരം കേന്ദ്രമായ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് പഠനത്തില്‍ തെളിഞ്ഞത്. സ്വയം തൊഴില്‍ പദ്ധതിയുമായി കഴിയുന്നവരാണ് അവരില്‍ 38 ശതമാനവും. 26 ശതമാനം പേര്‍ വിവിധ മേഖലകളില്‍ സാധാരണ തൊഴിലാളികളായും ജീവിതം തള്ളിനീക്കുന്നവരും. കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ രൂപപ്പെട്ട ഉണര്‍വിനെ വിദേശ വിപണിയുമായി ബന്ധിപ്പിക്കാന്‍ ഇനിയും നമുക്കായില്ല. കൃഷി, ഡയറി, പൗള്‍ട്രി ഫാമിംഗ് തുടങ്ങിയ മേഖലകളില്‍ ചെറുകിട സംരംഭങ്ങള്‍ ആവിഷ്‌കരിച്ച് ഉല്‍പന്നങ്ങള്‍ വിദേശ വിപണിയില്‍ എത്തിക്കാനുള്ള പ്ലാനിംഗ് ഇനിയെങ്കിലും നടക്കണം. 

സുഊദി പ്രവാസവും പുതിയ പ്രതിസന്ധികളും
ദമ്മാം, റിയാദ്, ജിദ്ദ, അബഹ പട്ടണങ്ങളില്‍ പോയ വര്‍ഷം നടന്ന ഒരു പഠന റിപ്പോര്‍ട്ടുണ്ട്. ആശ്രിത ലെവി മാത്രമല്ല കുട്ടികളുടെ വിദ്യാഭ്യാസമുള്‍പ്പെടെ ചെലവുകള്‍ ഗണ്യമായി കൂടിയ സാഹചര്യം തിരിച്ചൊഴുക്കിന് ആക്കം കൂട്ടിയെന്നാണ് അതിലെ കണ്ടെത്തല്‍. ഉത്തരേന്ത്യന്‍ ഇടത്തരം പ്രവാസികളില്‍നിന്ന് ഭിന്നമായി കൂടുംബത്തെ കൂടെ നിര്‍ത്താനുള്ള പ്രവണത ശക്തമായിരുന്നു മലയാളികള്‍ക്കിടയില്‍. എന്നാല്‍ അതില്‍ മാറ്റം വരികയാണ്. 
നാട്ടിലേക്ക് അയക്കുന്ന പണത്തിലും ആനുപാതിക കുറവുണ്ട്. എന്നാല്‍ തിരിച്ചൊഴുക്കിനിടയിലും പുതിയ വിസകളില്‍ മടങ്ങി വരുന്നവരുടെ എണ്ണം വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മടങ്ങിയെത്തുന്ന പ്രവാസി കുടുംബങ്ങള്‍ അധികമൊന്നും ഉണ്ടാവുന്നില്ല എന്നതും വസ്തുതയാണ്. 
സുഊദിയിലെയും മറ്റും വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഒഴിച്ചുപോക്കിന്റെ മികച്ച തെളിവ്. ദമ്മാം ഇന്ത്യന്‍ സ്‌കൂളിലും മറ്റും പഠനം നിര്‍ത്തി മടങ്ങിയ വിദ്യാര്‍ഥികളുടെ എണ്ണം ചൂണ്ടുപലകയാണ്. പുതുതായി പ്രവേശനം തേടുന്ന വിദ്യാര്‍ഥികളുടെ അനുപാതത്തില്‍ വന്ന കുറവ് കൂടി ചേര്‍ത്തു നോക്കുമ്പാള്‍ ഇരുട്ടടിയുടെ വ്യാപ്തി ബോധ്യപ്പെടും. കിഴക്കന്‍ സുഊദി നഗരങ്ങളിലാണ് മറ്റിടങ്ങളെ അപേക്ഷിച്ച് മടക്ക പ്രവണത കൂടുതല്‍. 
കുടുംബങ്ങളുടെ ഒഴിഞ്ഞു പോക്ക#് പ്രവണതക്കിടയില്‍ ഗുണപരമായ ചില മാറ്റങ്ങളും ഉണ്ട്. 
താമസ കേന്ദ്രങ്ങളുടെ വാടകയില്‍ ഉണ്ടായ കുറവ് ഉദാഹരണം. വാടകയില്‍ ചില പ്രദേശങ്ങളില്‍ പത്തു മുതല്‍ ഇരുപതു ശതമാനം വരെയാണ് ഇടിവ്. ബില്‍ഡിംഗ് മെറ്റീരിയല്‍സ്, ഇലക്ട്രിക്കല്‍ -ഇലക്‌ട്രോണിക്സ്, ഓട്ടോ പാര്‍ട്സ്, ഗൃഹോപകരണങ്ങള്‍, കണ്ണട, വാച്ച്, ഫാര്‍മസി തുടങ്ങി നിരവധി വ്യാപാര മേഖലകളിലേക്ക് സ്വദേശിവല്‍ക്കരണം പിടിമുറുക്കുമ്പോള്‍ ഒഴിഞ്ഞുപോകേണ്ടി വന്ന ചെറുകിട, ഇടത്തരം വ്യാപാരികളും ജീവനക്കാരും നിരവധി. ഇവരില്‍ കുറേയധികം പേര്‍ കുടുംബവുമായി പ്രവാസജീവിതം നയിക്കുന്നവര്‍ ആയിരുന്നു. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചതോടെ തൊഴില്‍ നഷ്ടപ്പെടുന്ന ഡ്രൈവര്‍മാരുടെ ആഘാതം ഇനി അറിയാനിരിക്കുന്നേയുള്ളൂ. 
സുഊദി മാത്രമല്ല, മറ്റു പല ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും കുടുംബങ്ങള്‍ നാടു പിടിക്കുന്നുണ്ട്. കുവൈത്ത് റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് നല്ലൊരു ശതമാനം ഫഌറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ചികിത്സാ ഫീസ്, വൈദ്യുതി നിരക്ക് ഉള്‍പ്പെടെ എല്ലാ സേവനങ്ങളുടെയും നിരക്കില്‍ വര്‍ധനവുണ്ടായത് കുറഞ്ഞ ശമ്പളക്കാരെയും മധ്യവര്‍ഗത്തെയും പ്രതികൂലമായി ബാധിച്ചു.

വേര്‍പിരിയലിന്റെ സംഘര്‍ഷവഴികള്‍
എവിടെയും ആണ്‍പ്രവാസം മാത്രമാണ് പരിഗണിക്കപ്പെടുന്നത്. പെണ്‍പ്രവാസാനുഭവങ്ങള്‍ തീവ്രമാണ്. തൊഴിലിടത്തില്‍ എന്നപോലെ കുടുംബത്തിലും ദൗത്യനിര്‍വഹണം നടത്തുകയാണവര്‍. അതിജീവനം ലക്ഷ്യമിട്ട് പ്രവാസലോകത്ത് എത്തിച്ചേര്‍ന്ന നിരവധി സ്ത്രീകളുണ്ട്. സാമൂഹിക സുരക്ഷിതത്വം തന്നെയാണ് ഗള്‍ഫില്‍ പ്രതികൂലതകളോട് ഏറ്റുമുട്ടി നിലനില്‍ക്കാന്‍ അവരെ പ്രാപ്തമാക്കുന്നത്. ഗള്‍ഫ് സുരക്ഷയില്‍ ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നവരും സ്ത്രീകളാണ്. ഭര്‍ത്താവും മക്കളും നാട്ടില്‍. ഉപജീവനത്തിനായി വര്‍ഷങ്ങളായി പ്രവാസ ലോകത്ത്. അങ്ങനെയും കുറേ ജന്മങ്ങളുണ്ട്. ആണ്‍പ്രവാസ നോവുകളുടെ ധാരാളിത്തത്തിനിടയില്‍ ഇവരുടെ അസാമാന്യമായ അതിജീവന മുദ്രകള്‍ എവിടെയും വേണ്ടവിധം ഇനിയും പതിഞ്ഞിട്ടില്ല. 
പ്രതികൂല സാഹചര്യം കാരണം വേര്‍പെട്ടു ജീവിക്കേണ്ടി വരുന്ന പ്രവാസി സ്ത്രീകളുടെയും പുരുഷന്മാരുടെയും മാനസിക പ്രയാസങ്ങള്‍ സങ്കീര്‍ണമാണ്. ഒറ്റപ്പെടലിന്റെ നിസ്സഹായത ഇരുഭാഗത്തും ഉറപ്പാണ്. പ്രത്യേകിച്ച് ദീര്‍ഘകാലം കുടുംബമായി പരദേശത്തു കഴിഞ്ഞിരുന്നവരാണ് ഇപ്പോള്‍ വിഭജിക്കപ്പെട്ടിരിക്കുന്നത്. കുടുംബം ഒന്നാകെ നാട്ടിലേക്ക് പറിച്ചു മാറ്റുമ്പോള്‍ ആഘാതം അത്ര തീവ്രമല്ല. 
യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍ വിലയിരുത്തി ജീവിതത്തെ ആഹ്ലാദകരമാക്കി നിലനിര്‍ത്തുക. അതാണ് വേണ്ടതെന്ന് മനശ്ശാസ്ത്ര വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. തൊഴില്‍പരവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ മറികടന്ന് മെച്ചപ്പെട്ട ഒരു ഗള്‍ഫ് രൂപപ്പെടാതിരിക്കില്ല. ഒപ്പം നാടിന്റെ തൊഴില്‍സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്താനുള്ള മാനസികാവസ്ഥ ഉണ്ടാവണം. പതിറ്റാണ്ടുകളുടെ പ്രവാസം പരദേശികളെ അതിന് പ്രാപ്തരാക്കാതിരിക്കില്ല. 
ലഭ്യമായ വരുമാനത്തിനൊപ്പിച്ച ജീവിതം പാകപ്പെടുത്തുക. ഇതു തന്നെയാണ് പ്രധാനം. അങ്ങനെയുള്ളവര്‍ക്കു മാത്രമാണ് വിജയം. നാട്ടില്‍ മാത്രമല്ല, പ്രവാസലോകത്തും. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top