വിശ്വാസമുള്ളവര്‍ക്ക്‌ വേണ്ടി പൂക്കുന്ന ജീവിതം

സീനത്ത്‌ ചെറുകോട്‌ No image

നുഅ്‌മാനുബ്‌നു ബശീറി (റ) ല്‍ നിന്ന്‌ നിവേദനം: നബി (സ) പറഞ്ഞു: ``പരസ്‌പരം സ്‌നേഹത്തിലും കരുണയിലും ദയാവാത്സല്യത്തിലും സത്യവിശ്വാസികള്‍ ഒരു ശരീരം പോലെയാണ്‌. അതിലെ ഏതെങ്കിലും ഒരവയവത്തിന്‌ വേദന വന്നാല്‍ ശരീരത്തിലെ ഇതര ഭാഗങ്ങളെല്ലാം ഉറക്കമൊഴിച്ചും പനിച്ചും അതില്‍ പങ്കുചേരുന്നു.''(ബുഖാരി മുസ്‌ലിം)
വിശ്വാസിസമൂഹത്തില്‍ പരസ്‌പര ബന്ധങ്ങളുടെ ദൃഢത വളരെ വലുതാണ്‌. ജനങ്ങളില്‍ നിന്നകന്ന്‌ ആരാധനകളുടെ സ്വകാര്യതകളിലേക്ക്‌ കടന്നു പോകുന്നവനല്ല, മനുഷ്യരുടെ ഇടയില്‍ ജീവിച്ച,്‌ അവരെ സ്‌നേഹിച്ച്‌ ദൈവാരാധന നിര്‍വ്വഹിക്കുന്നവനാണ്‌ യഥാര്‍ത്ഥ വിശ്വാസി.
ഇസ്‌ലാം മനുഷ്യന്റെ മേല്‍ രണ്ട്‌ ബാധ്യതകളാണ്‌ ചുമത്തുന്നത്‌. ഒന്ന്‌, സ്രഷ്ടാവിനോടുള്ളത്‌; മറ്റേത്‌ അവന്റെ സൃഷ്ടികളോടുള്ളത്‌. സ്രഷ്ടാവിനോടുള്ള ബാധ്യതയുടെ പൂര്‍ണത സൃഷ്ടികളോടുള്ള ബാധ്യതാ നിര്‍വഹണത്തിലാണ്‌. സ്വയം പൂത്ത്‌ മറ്റുള്ളവര്‍ക്ക്‌ സുഗന്ധവും സ്വയം പടര്‍ന്ന്‌ അപരന്‌ തണലുമാകാന്‍ വിശ്വാസിക്കാവണം. ``ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ കണ്ണാടി''യെന്നാണ്‌ പ്രവാചക മൊഴി. അവിടെ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതിബിംബങ്ങള്‍ ഉണ്ടാവണം.
മറ്റുള്ളവരെ അറിയാനും സ്‌നേഹിക്കാനും ഒരാള്‍ക്കാവണമെങ്കില്‍ താനാരാണെന്നവനറിയണം. സ്വന്തത്തെ അറിയാത്തവന്‌ അപരനെ അറിയാനാവില്ല. സ്വന്തത്തെ സ്‌നേഹിക്കാത്തവന്‌ മറ്റുള്ളവരെ സ്‌നേഹിക്കാനും കഴിയില്ല. ``സ്വയം അറിഞ്ഞവന്‍ തന്റെ നാടിനെ അറിഞ്ഞവന്‍'' എന്നു തിരുവചനം. അവന്‍ ജീവിതത്തിന്റെ ആഴം അറിയുന്നു. വാങ്ങലല്ല കൊടുക്കലാണ്‌ ജീവിതത്തിന്റെ ധര്‍മമെന്ന്‌ അങ്ങനെയുള്ളവര്‍ക്കേ അറിയൂ. ജീവിതത്തെ കൊടുക്കലാക്കി മാറ്റിയവര്‍ക്കേ നാളെ സ്വര്‍ഗം വാങ്ങാന്‍ അര്‍ഹതയുള്ളൂ എന്ന തിരിച്ചറിവു കൂടിയാണിത്‌.
കുടുംബത്തില്‍ തുടങ്ങുക
മനുഷ്യന്‌ ആദ്യമായും അവസാനമായും കയറിച്ചെല്ലാനുള്ള ഒരേയൊരിടമാണ്‌ കുടുംബം. പറഞ്ഞാല്‍ തീരാത്ത ഒരു മനോഹാരിത കുടുംബത്തിനുണ്ട്‌. സ്‌നേഹമാണിതിന്റെ അടിസ്ഥാനം. പരസ്‌പര വിശ്വാസവും ബഹുമാനവുമാണതിനെ നിലനിര്‍ത്തുന്നത്‌. പരസ്‌പരമുള്ള ഹൃദ്യമായ പെരുമാറ്റം കുടുംബജീവിതത്തിന്റെ ഭദ്രതക്കും ഈമാനിന്റെ പൂര്‍ണതക്കും അനിവാര്യമാണ്‌. ``വിശ്വാസത്തില്‍ പൂര്‍ണത വരിച്ചവന്‍ ഏറ്റവും നല്ല സ്വഭാവമുള്ളവന്‍'' എന്ന പ്രവാചക വചനം ചിന്തനീയം തന്നെ. ഇണ തൃപ്‌തിപ്പെട്ട ആള്‍ക്കാണ്‌ സ്വര്‍ഗത്തിലേക്ക്‌ എളുപ്പവഴി എന്ന്‌ പ്രവാചക പാഠങ്ങളില്‍ നിന്ന്‌ വായിച്ചെടുക്കാന്‍ കഴിയും. സമൂഹത്തില്‍ ഉന്നതസ്ഥാനവും നിരന്തര കര്‍മ മാതൃകയുമുള്ള ഒരാള്‍ കുടുംബത്തില്‍ പരുക്കനും വേദനയും വിഷമവും പകരുന്ന വ്യക്തിയുമാണെങ്കില്‍ സ്വര്‍ഗ വഴിയിലെവിടെയോ വലിയ തടസ്സമുണ്ടെന്നയാള്‍ തിരിച്ചറിയണം. അത്തരം പെരുമാറ്റം വിശ്വാസത്തിനെതിരാണ്‌.
മറ്റുള്ളവരെ കാണിക്കുക എന്ന അപകടകരമായ പ്രവണത അറിവുള്ളവരെപ്പോലും ബാധിക്കുന്ന മഹാ രോഗമായി മാറുമ്പോള്‍ സമൂഹത്തിലെ നല്ല മനുഷ്യന്‍ വീട്ടിലെ പ്രശ്‌നക്കാരനായി മാറുന്ന വലിയ ദുരന്തമുണ്ടാകുന്നു. ഉള്ളും പുറവും അറിയുന്ന റബ്ബിന്റെ മുമ്പില്‍ ചോദിക്കപ്പെടും എന്ന ബോധമാണ്‌ അതിനുള്ള പരിഹാരം. നിഷ്‌കളങ്കമായി ദൈവത്തെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നവരുടെ മനസ്സും കര്‍മവും നിഷ്‌കളങ്കമായിരിക്കണം. മരണത്തിന്റെ വേര്‍പ്പെടലിലും സ്‌നേഹത്തിന്റെ പുഞ്ചിരിക്കുന്ന ഓര്‍മകള്‍ ബാക്കിവെച്ചു പോകാന്‍ വിശ്വാസികള്‍ക്കാവണം.
നല്ല അയല്‍ക്കാരന്‍
ഞാന്‍ നല്ലവനെന്ന്‌ എങ്ങനെ അറിയും എന്ന ശിഷ്യന്റെ ചോദ്യത്തിന്‌ പ്രവാചക ഗുരുവിന്റെ ഉത്തരമുണ്ട്‌. ``നിന്റെ അയല്‍ക്കാരന്‍ നല്ലവനെന്നു പറഞ്ഞാല്‍ നീ നല്ലവനാണ്‌'' നന്മ തിന്മകളുടെ അളവുകോലായി പ്രവാചകന്‍ കണക്കാക്കുന്നത്‌ അയല്‍വാസി നമ്മെ നന്നായി അനുഭവിക്കുക എന്നതാണ്‌. നമ്മുടെ നാവില്‍ നിന്നും കയ്യില്‍ നിന്നും നമ്മുടെ വാക്കും പ്രവൃത്തിയും അയല്‍വാസിക്ക്‌ അനുഭവപ്പെടുമ്പോഴാണ്‌ നമ്മുടെ വിശ്വാസം ജ്വലിക്കുന്നത്‌ എന്നാണതിന്റെ പൊരുള്‍. പട്ടിണിക്കാരനായ അയല്‍വാസിയുടെ മുമ്പില്‍ ഭക്ഷണം കഴിക്കുന്ന വിശ്വാസി ഇല്ല. വിശ്വാസവും മനുഷ്യത്വവും രണ്ടല്ല ഒന്നു തന്നെ എന്ന സുന്ദരമായ പാഠമാണിത്‌ നല്‍കുന്നത്‌. തന്റെ അടുക്കളയില്‍ വെന്ത വിശേഷ ഭക്ഷണം അയല്‍പക്കത്ത്‌ പങ്കുവെക്കാന്‍ തികയാതെ വരുമ്പോള്‍ വെള്ളം ചേര്‍ത്ത്‌ അവര്‍ക്കു കൂടി വിളമ്പുന്ന ഉദാരതയുടെ മഹാരുചിയും, ഒരു വയറിനുള്ളത്‌ രണ്ട്‌ മൂന്ന്‌ വയറുകള്‍ക്ക്‌ പകുത്ത്‌ നല്‍കുമ്പോഴുണ്ടാകുന്ന ആത്മസുഖത്തിന്റെ കുളിര്‍മയുമൊക്കെ വിശ്വാസി സമൂഹം പകര്‍ന്നെടുത്തത്‌ ലോകഗുരുവായ പ്രവാചകനില്‍ നിന്നാണ്‌. അയല്‍ക്കാരന്‌ നല്‍കുന്ന ഭക്ഷണത്തിന്റെ പങ്ക്‌ ഔദാര്യമല്ല, അവര്‍ക്ക്‌ നമ്മുടെ വിഭവത്തിലുള്ള അവകാശമാണ്‌ എന്നു തന്നെയാണ്‌ പ്രവാചക പാഠം. അയല്‍ക്കാരന്റെ ഭക്ഷണ പാത്രത്തില്‍ ഭക്ഷണമുണ്ടെന്നുറപ്പുവരുത്തി മാത്രം ആഹാരം കഴിച്ചിരുന്ന പൂര്‍വ കാല സൂക്ഷ്‌മാലുക്കള്‍ തങ്ങളില്‍ അവിശ്വാസത്തിന്റെ മുള പൊട്ടുന്നുണ്ടോ എന്ന്‌ പേടിച്ചവരായിരുന്നു. അയല്‍ക്കാരോടുള്ള ബാധ്യതകള്‍ പറഞ്ഞ്‌ പറഞ്ഞ്‌ അനന്തര സ്വത്തില്‍ അവകാശം നല്‍കാന്‍ പോലും ജിബ്‌രീല്‍ (അ) പറയുമോ എന്ന്‌ ആശങ്കപ്പെടുന്ന പ്രവാചകന്‍ അയല്‍പക്ക ബന്ധത്തിന്റെ ആഴം നമ്മെ പഠിപ്പിക്കുകയാണ്‌.
അയല്‍പക്കത്തെ ദുഃഖവും പട്ടിണിയും സന്തോഷവും സംഭവങ്ങളുമൊന്നും നമ്മുടെ ജീവിതത്തില്‍ എവിടെയും ഒരു ചലനവും വരുത്തുന്നില്ലെങ്കില്‍ റബ്ബിന്റെ കോടതിയെ ഭയപ്പെട്ടേ മതിയാകൂ.
സമൂഹത്തിലേക്ക്‌
ആഴത്തിലുള്ള പരസ്‌പര ബന്ധം നിലനിര്‍ത്താന്‍ വിശ്വാസികള്‍ക്കാവണം. അവര്‍ അന്യോന്യം ശക്തിയേകുന്ന കെട്ടിടം പോലെയെന്നാണ്‌ പ്രവാചകന്‍ പഠിപ്പിച്ചത്‌. പരസ്‌പര ബന്ധങ്ങള്‍ക്ക്‌ ആഴം നല്‍കാനുള്ള ഏറ്റവും നല്ല വഴി പരസ്‌പരമുള്ള പ്രാര്‍ത്ഥനയാണ്‌. ആരും പറയാതെ, ഇങ്ങോട്ട്‌ ആവശ്യപ്പെടാതെ തന്റെ സഹോദരന്‌ വേണ്ടിയുള്ള പ്രാര്‍ത്ഥനക്ക്‌ മലക്കുകള്‍ ആമീന്‍ പറയുമെന്നാണ്‌ പ്രവാചക മൊഴി. ഇങ്ങോട്ടാവശ്യപ്പെടാതെ ഒരാള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അയാളോട്‌ അത്രയും മനസ്സടുപ്പം സൂക്ഷിക്കുന്നവര്‍ക്കേ കഴിയൂ. മാലാഖമാരുടെ ആശീര്‍വാദമാണ്‌ അത്തരം പ്രാര്‍ത്ഥനക്കുള്ള സമ്മാനം. അവിടെ വിശ്വാസികള്‍ തമ്മിലുള്ള അകലങ്ങള്‍ അലിഞ്ഞില്ലാതാവുന്നു; തന്റെ സഹോദരന്റെ നന്മക്കുവേണ്ടിയുള്ള തേട്ടങ്ങള്‍ക്കും അല്ലാഹുവിനും ഇടയിലുള്ള അകലവും. ലോകത്തിലെ മുഴുവന്‍ മനുഷ്യരും സഹോദരങ്ങളാണെന്നതിന്‌ ഞാന്‍ സാക്ഷി എന്നായിരുന്നു പാതിരാവില്‍ ഉറക്കമില്ലാത്ത പ്രവാചകന്റെ മന്ത്രം.
എനിക്കൊരാളെ ഇഷ്ടമാണെന്നു പറഞ്ഞ ശിഷ്യനോട്‌ ആ ഇഷ്ടം മനസ്സില്‍ സൂക്ഷിക്കാതെ തുറന്ന്‌ പറയാനാവശ്യപ്പെടുന്ന പ്രവാചക ഗുരുവിനെ നാം കാണുന്നുണ്ട്‌. ഓരോ ഇഷ്ടവും പ്രഖ്യാപിക്കുമ്പോള്‍ ഹൃദയങ്ങളുടെ അടുപ്പം കൂട്ടാനുള്ള വഴി തുറക്കുകയായിരുന്നു അദ്ദേഹം.
വര്‍ത്തമാനകാലത്തെ ഓട്ടങ്ങള്‍ സമ്മാനിക്കുന്നത്‌ കടുത്ത മാനസിക പിരിമുറുക്കങ്ങളാണ്‌. പങ്കുവെക്കാന്‍ ക്ഷമയും സ്‌നേഹവുമുള്ള കേള്‍വിക്കാരില്ല. ആത്മഹത്യ ചെയ്യാനുറച്ച വ്യക്തിയെ, ക്ഷമയോടെ കേള്‍ക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ ആ ദുരന്തം എന്നെന്നേക്കുമായി ഇല്ലാതാവാനുള്ള സാധ്യത വിദഗ്‌ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. വിശ്വാസിയേക്കാള്‍ നല്ല കേള്‍വിക്കാരനും കൗണ്‍സിലറും മറ്റാരാണുള്ളത്‌? വിലപ്പെട്ട ജീവിതങ്ങള്‍ വെറുതെ നശിപ്പിക്കപ്പെടുന്നതിന്‌ മുമ്പ്‌ അവരെയൊന്ന്‌ താങ്ങി നിര്‍ത്താന്‍ കളങ്കമറ്റ സ്‌നേഹത്തിനുടമയായവര്‍ക്കല്ലാതെ ആര്‍ക്കാണു കഴിയുക?
ജീവിച്ചുപോകുന്ന ഓരോ നിമിഷവും ഓരോരുത്തരോടുമുള്ള ബാധ്യതാ നിര്‍വഹണമാണ്‌. പാപ്പരായ ആള്‍ ആരാണെന്ന്‌ അറിയാമോ എന്ന പ്രവാചകന്റെ ചോദ്യത്തിന്‌ ``ദിര്‍ഹവും ദീനാറുമില്ലാത്തവനെന്ന ശിഷ്യരുടെ ഉത്തരം തിരുത്തപ്പെടുകയാണ്‌. സല്‍ക്കര്‍മങ്ങളുടെ ഭാരങ്ങളുമായി ആത്മവിശ്വാസത്തോടെ റബ്ബിന്റെ മുമ്പിലെത്തുന്ന പെരുമാറ്റ ദൂഷ്യക്കാരെയാണ്‌ പാപ്പരായവരായി പ്രവാചകന്‍ ശിഷ്യര്‍ക്ക്‌ പരിചയപ്പെടുത്തുന്നത്‌. ദുനിയാവിലെ ഇരകളായിരുന്നു അവര്‍. കൈകരുത്തിന്റെയും നാവിന്റെയും ഇരകള്‍ക്ക്‌ വീതിക്കപ്പെട്ട്‌ `ആത്മവിശ്വാസി'യുടെ സല്‍കര്‍മങ്ങള്‍ തീരുമ്പോഴും ഇരകളുടെ പ്രവാഹം തുടര്‍ന്ന്‌ കൊണ്ടേയിരിക്കും. നീതിമാനായ റബ്ബിന്റെ വിധിയും നീതി പൂര്‍വം തന്നെ. ഇരകളുടെ ദുഷ്‌കര്‍മങ്ങള്‍ ആത്മവിശ്വാസത്തോടെ സല്‍കര്‍മങ്ങളുമായി വന്ന പെരുമാറ്റ ദൂഷ്യക്കാരന്റെ തലയിലേക്ക.്‌ ഉള്‍ക്കിടിലത്തോടെയല്ലാതെ പാപ്പരായവരെ വായിക്കാന്‍ നമുക്കാവില്ല.
ദുനിയാവ്‌ സാക്ഷിയാണ്‌ നമ്മുടെ ഓരോ കാലടിക്കും നമ്മുടെ ഓരോ സല്‍കര്‍മത്തിനും. അഹങ്കാരത്തോടെ മനുഷ്യരുടെ ഇടയിലൂടെ നടന്നവന്‌ സ്വര്‍ഗം നിഷിദ്ധമാണ്‌. ഗര്‍വോടെ സഹജീവിയില്‍ നിന്ന്‌ മുഖം തിരിച്ചവന്‌ ദൈവത്തിന്റെ കരുണയുടെ മുഖം അന്യമാണ്‌. ജീവിതത്തിന്റെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ അറിയാതെ ഒരാള്‍ ആരുടെ സാന്നിധ്യം കൊതിക്കുന്നുവോ അവനാണ്‌ വിശ്വാസി. സ്വയം ഉരുകി മറ്റുള്ളവര്‍ക്ക്‌ വെളിച്ചമാകാന്‍ അവനേ കഴിയൂ. മറ്റുള്ളവരുടെ വേദനകള്‍ സ്വന്തം നെഞ്ചില്‍ ഏറ്റുവാങ്ങുന്നവനാണവന്‍. അബൂബക്കര്‍ സിദ്ദീഖ്‌ (റ) ഹിജ്‌റ പോകുമ്പോള്‍ നിറകണ്ണുകളോടെ, താങ്കള്‍ പോകരുതെന്ന്‌ പറഞ്ഞത്‌ അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്നു. ഇതിനു കാരണം അദ്ദേഹത്തിന്റെ സ്വഭാവ ഔന്നിത്യമായിരുന്നു. പ്രവാചകനെയും ശിഷ്യനെയും അദ്ദേഹത്തിന്റെ ഉന്നതമായ വ്യക്തിത്വത്തിന്റെ കാര്യത്തില്‍ ശത്രുക്കള്‍ പോലും അംഗീകരിച്ചിരുന്നു. അവരോടായിരുന്നില്ല, അവര്‍ കൊണ്ടുവന്ന ആശയത്തോടായിരുന്നു ശത്രുക്കളുടെ വിയോജിപ്പ്‌. ഏത്‌ ആശയം പുലര്‍ത്തുന്നവരുടെ ഇടയിലായാല്‍ പോലും പൂര്‍ണ വ്യക്തിത്വം എന്ന നിലയില്‍ വിശ്വാസിക്ക്‌ നിവര്‍ന്നു നില്‍ക്കാന്‍ കഴിയണം.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top