തോറ്റുപോകുന്ന കാമറക്കണ്ണുകള്‍

അജീബ്‌ കൊമാച്ചി/ ബിശാറ മുജീബ്‌ No image

മരണത്തെ ആര്‌ കോമാളിയെന്ന്‌ വിളിച്ചാലും അത്‌ പടിവാതില്‍ക്കലെത്തി മാടി വിളിക്കുമ്പോള്‍ കൂടെ ഇറങ്ങി നടക്കും. പിന്നില്‍ വിധവ, അനാഥര്‍ തുടങ്ങിയ പുതിയ പേരുകള്‍ ചാര്‍ത്തപ്പെടുന്നവര്‍ തേങ്ങുന്നുണ്ടാകും. സ്വാഭാവിക മരണമാണെങ്കില്‍ പരേതന്റെ ഫോട്ടോയും റിപ്പോര്‍ട്ടും പത്രമാഫീസിലേക്ക്‌ ആരെങ്കിലും എത്തിച്ചേക്കും. എന്നാല്‍ അപകട മരണമോ കൊലപാതകമോ ആണെങ്കില്‍ പരേതന്റെയും കുടുംബത്തിന്റെയും ലൈവ്‌ ഫോട്ടോക്ക്‌ വേണ്ടി ഫോട്ടോഗ്രാഫര്‍മാര്‍ എവിടെ വേണമെങ്കിലും ഓടിയെത്തും. മറ്റു പത്രങ്ങളിലെല്ലാം വന്നതിനെക്കാള്‍ വൈകാരികവും വ്യക്തവുമായത്‌ എന്റെ കാമറക്കണ്ണ്‌ ദര്‍ശിച്ചതായിരിക്കണമെന്ന്‌ അവര്‍ ആശിക്കുന്നു. ഒരു ഫോട്ടോഗ്രാഫറുടെ വീക്ഷണകോണിലൂടെ ഒറ്റപ്പെടലിന്റെ അനുഭവചിത്രങ്ങള്‍ വരച്ചിടുമ്പോള്‍ അതിങ്ങനെയൊക്കെയായിരിക്കും.
ഒട്ടേറെ ഫോട്ടോപ്രദര്‍ശനങ്ങള്‍ നടത്തുകയും അവാര്‍ഡുകള്‍ ഏറ്റുവാങ്ങുകയും ചെയ്‌ത പ്രശസ്‌ത ഫോട്ടോഗ്രാഫര്‍ അജീബ്‌ കൊമാച്ചി ജോലി വെറുത്തുപോയ വേളപോലും ഉണ്ടായിട്ടുണ്ടെന്ന്‌ പറഞ്ഞപ്പോള്‍ അത്ഭുതം തോന്നി. പത്രങ്ങളിലേക്ക്‌ കൊലപാതക, അപകട മരണങ്ങള്‍ സംഭവിക്കുമ്പോള്‍ പടങ്ങളെടുക്കേണ്ടി വരും. എവിടെയാണെങ്കിലും കഷ്ടപ്പെട്ട്‌ അത്‌ പകര്‍ത്തും. ഒരിക്കല്‍ രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ പട്ടാളക്കാരന്റെ ഫോട്ടോ എടുക്കാന്‍ പോയി. എയര്‍പോര്‍ട്ടിലെത്തി അയാളുടെ മൃതശരീരം വിമാനത്തില്‍ നിന്ന്‌ ഇറക്കുന്ന ചിത്രമെടുത്തു. നാളേക്ക്‌ അതുമതിയോ എന്നു ചോദിക്കു മ്പോള്‍ പോരാ എന്ന്‌ മറുപടി. ഉടനെ, ശരീരം ബന്ധുക്കള്‍ ഏറ്റുവാങ്ങുന്നത്‌ മതിയാകു മെന്ന്‌ കരുതി അത്‌ പകര്‍ത്താ നുള്ള ശ്രമമായി. ഇത്‌ മതിയ ല്ലോ എന്ന്‌ ചോദിക്കേണ്ട താമസം അതും പോ രാ എന്നായി. പിന്നെ ബോഡി വീട്ടിലെത്തി ഭാര്യ അടുത്തേക്കു വരുന്ന ചിത്രമാകും നല്ലതെന്ന്‌ കരുതി അതെടുത്ത്‌ വിളിച്ച്‌ ചോദിക്കുമ്പോള്‍ അതുമല്ല മരിച്ചയാളും ഭാര്യയും ഒന്നിച്ച്‌ ഒരു ഫ്രെയിമില്‍ വരുന്നതാണ്‌ വേണ്ടത്‌. അതായിരിക്കും മറ്റു പത്രങ്ങളില്‍ വരുന്നത്‌ എന്ന കാരണത്താലാണിത്‌. അവരുടെ ജീവിതത്തിലെ ഏറ്റവും അവസാനത്തെ സ്വകാര്യ നിമിഷം പോലും പകര്‍ത്താന്‍ നിര്‍ബന്ധിക്കപ്പെടുമ്പോഴാണ്‌ ഓരു ഫോട്ടോഗ്രാഫര്‍ ദുരിതമനുഭവിക്കുന്നത്‌.
അടുത്ത ആളുകള്‍ ആരെങ്കിലും മരിച്ചാല്‍ ഇത്തരത്തിലൊരു ഫോട്ടോ എടുക്കാന്‍ ആരും മുതിരില്ല. യഥാര്‍ത്ഥത്തില്‍ കാമറ, ഫോട്ടോ, മ്യൂസിക്‌ തുടങ്ങിയവയെല്ലാം ആഡംബരത്തിന്റെ ചിഹ്നമായാണ്‌ ഗണിക്കുന്നത്‌. സമൂഹത്തില്‍ സ്വഭാവികമയി ഉണ്ടാകുന്നതിനു പുറമേ വിധവകളെയും അനാഥരെയും ചിലരെല്ലാം സൃഷ്ടിക്കുന്നുമുണ്ട്‌. രാഷ്‌ട്രീയ കൊലപാതകങ്ങളും, വര്‍ഗീയ കലാപങ്ങളും, ബസ്‌ഡ്രൈവര്‍മാരുടെ അശ്രദ്ധയുമെല്ലാം ഇതില്‍പെടുന്നു.
മധുവിധു അവസാനിക്കുന്നതിനു മുമ്പ്‌ വിധവയായ കണ്ണൂര്‍ സ്വദേശി അബ്രഹാമിന്റെ ഭാര്യയുടെ മുമ്പില്‍ കാമറക്കാരനായി എത്തിച്ചേര്‍ന്നപ്പോള്‍ അവരുടെ ഓര്‍മകള്‍ തികട്ടി വരികയാണ്‌. എങ്കിലും അവര്‍ പറഞ്ഞത്‌ ഇത്രമാത്രം: ``നഴ്‌സായി ജോലി നോക്കുന്നത്‌ തന്നെ വേദനിക്കുന്ന ഓര്‍മകള്‍ മറച്ചുവെക്കാന്‍ വേണ്ടിയാണ്‌.''
ഫ്രെയിമുകള്‍ ഒരുപാട്‌ രക്തസാക്ഷി സ്‌മാരകങ്ങളും, ബസ്‌്‌ സ്റ്റോപ്പുകളും മണ്‌ഡപങ്ങളും പലപ്പോഴായി ഒപ്പിയെടുത്തിട്ടുണ്ട്‌. അതിലേറെയും പാര്‍ട്ടിക്കാരും നാട്ടുകാരും പണികഴിപ്പിച്ചതാണ്‌. അവരുടെ പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടതിന്റെ അനശ്വര സ്‌മരണക്കായി പടുത്തുയര്‍ത്തിയതാവാമവ. എന്നാല്‍ അവക്കു പിന്നില്‍ ഈ നഷ്ടങ്ങളെല്ലാം നെഞ്ചേറ്റിയ ഭാര്യയും മക്കളും കുടുംബാംഗങ്ങളും ഉണ്ടെന്നത്‌ വാര്‍ഷികം കൊണ്ടാടുമ്പോഴോ അനുസ്‌മരണ പരിപാടികള്‍ സംഘടിപ്പിക്കുമ്പോഴോ ആരും ഓര്‍ക്കാനിഷ്ടപ്പെടാറില്ല. അവര്‍ക്ക്‌ റേഷന്‍ പാസാക്കിയതുകൊണ്ടോ കുടുംബ ചെലവ്‌ പാര്‍ട്ടി ഏറ്റെടുത്തതുകൊണ്ടോ വൈധവ്യത്തിന്റെ നോവുകളെ മായ്‌ക്കാനാവില്ല.
അയല്‍ക്കാരാല്‍ കൊല ചെയ്യപ്പെട്ട മാറാട്ടെ വിധവകള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുക, തന്റെ പ്രിയപ്പെട്ടവന്റെ ചോരക്കുള്ള വിലയല്ലേ എന്നോര്‍ത്ത്‌ കലക്‌ട്രേറ്റ്‌ പടിക്കല്‍ നിന്ന്‌ വിതുമ്പിയ സ്‌ത്രീകളുടെ ചിത്രം കാമറയില്‍ ഒതുങ്ങുമായിരുന്നില്ല. പണം കൊണ്ട്‌ മറച്ചുവെക്കാന്‍ കഴിയുന്നതല്ല വൈധവ്യം എന്നവര്‍ കണ്ണീരൊഴുക്കി പറയുകയായിരുന്നു. ഇവരുടെ മക്കള്‍ നാളെ സമൂഹത്തെയും അയല്‍പക്കത്തെയും കാണുന്നത്‌ പകയും പേടിയും ഉള്ളില്‍ വെച്ചായിരിക്കില്ലേ? അവര്‍ മാനസിക രോഗികളും പ്രതികാര ദാഹികളും ആയിത്തീരാന്‍ മറ്റെന്ത്‌ കാരണമാണ്‌ വേണ്ടത്‌?
വണ്ടിയുടെ ഇന്‍ഷൂറന്‍സ്‌ തുക വാങ്ങി കഞ്ഞിവെക്കേണ്ടി വന്ന വിധവകളെ കാമറക്കണ്ണെടുക്കുമ്പോള്‍ കാമറക്കു പിന്നിലുള്ള കണ്ണുകള്‍ ഈറനണിഞ്ഞിട്ടുണ്ട്‌. ഡ്രൈവര്‍ പയ്യന്മാര്‍ അവരുടെ യൗവത്തള്ളിച്ച കാണിക്കുമ്പോള്‍ ജീവനുകള്‍ പൊലിയുകയാണ്‌. ഒരു വീട്ടിലെ രണ്ടോ മൂന്നോ ആളുകള്‍ ഒന്നിച്ച്‌ മരിക്കുമ്പോള്‍ ദയനീയാവസ്ഥ ഒപ്പിയെടുക്കാന്‍ അവിടെയെത്തുന്ന പടമെടുപ്പുകാരന്‍ വില്ലനാകും. മരണങ്ങള്‍ മുതലെടുക്കാന്‍ വന്നവനെന്ന്‌ മുഖത്തുനോക്കി പറയും. നികത്താനാവാത്ത നഷ്ടങ്ങള്‍ അവര്‍ക്ക്‌ മുതുകിലേറുമ്പോള്‍ കാമറ മുതുകിലേറ്റിയവന്‌ തെറിയായിരിക്കും.
അപകടത്തിന്റെ ഭീകരത കാണിക്കാന്‍ ശവശരീരം തന്നെ വേണമെന്നതാണ്‌ ഇപ്പോഴത്തെ പ്രമാണം. മൂന്നു നാലു ദിവസത്തോളം വെള്ളത്തില്‍ കിടന്ന്‌ ചീര്‍ത്ത്‌ ജീര്‍ണിച്ച ശവങ്ങള്‍ വേണ്ടി വന്നു നമുക്ക്‌ സുനാമിയുടെ ഭീകരത അറിയാന്‍. എന്നാല്‍ സുനാമി ഏറ്റവും ഭീകരത വിതച്ച നാടുകളില്‍ മനം പിളരുന്ന കാഴ്‌ചകള്‍ ഉള്ളിലെ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ പേജില്‍ മാത്രമാണ്‌ വന്നത്‌.
ഇതും ഒരു വിധവയാണ്‌. പേര്‌ സഫ്രീന. മാറാട്‌ കലാപ വേളയില്‍ അക്രമികളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ കോഴിക്കൂട്ടിലൊളിച്ചെങ്കിലും അവളുടെ ഭര്‍ത്താവിനെ അക്രമികള്‍ വെട്ടി വീഴ്‌ത്തി. പക്ഷേ ഇന്നും അവളുടെ കൊച്ചുമകള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു, ബാപ്പയെവിടെ എന്ന്‌. ഇന്ന്‌ വരും നാളെ വരും എന്ന മറുപടി എത്രകാലം ഉതിരാനാവുമെന്ന ആശങ്കയിലാണ്‌ സഫ്രീന. ആ കണ്ണിലേക്ക്‌ നോക്കുമ്പോള്‍ കാമറക്കണ്ണുകള്‍ തോറ്റുപോകുകയാണ്‌.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top